നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നൊമ്പരവീണ


നൊമ്പരവീണ
# # # # # # #
ജിഷ
…………
ഉണ്ണിയേട്ടനെ പുറത്തിരുത്തി ലാബ് റിസൽറ്റുമായി ഡോക്ടറുടെ മുൻപിൽ ഇരിക്കുകയാണ് ഞാൻ. എന്റെ ഹൃദയം അത്യുച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു.
ഡോക്ടറെന്നെ ഏതാനും നിമിഷം നോക്കിയിരുന്നു. എന്നിട്ട് പതിയെപ്പറഞ്ഞു.
""ഇനിയുള്ള നിമിഷമെങ്കിലും നീയാ മനുഷ്യന് അല്പം സ്വൈര്യം കൊടുക്കുക. "
ഇനിയതുമാത്രമേ നിനക്കിനീ ജന്മത്തിലയാൾക്ക് ചെയ്യാൻ ബാക്കിയുള്ളൂ.
ഇത് നോക്കിക്കേ......
അദ്ദേഹമാ എക്സറേ റിപ്പോർട്ട് ഉയർത്തിക്കാണിച്ചു.
എനിക്കൊന്നും വ്യക്തമായില്ലെങ്കിലും
എല്ലാമവസാനിക്കാറായിയെന്നെനിക്കു മനസ്സിലായി.
കണ്ടോ ഈ ഹൃദയം അരിപ്പപോലായിരിക്കുന്നു. നീയാണതിനു കാരണക്കാരി, നീ മാത്രം.
ഒരു നിമിഷം അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്നുമൊരഗ്നിസ്പുലിംഗമെന്നെ വന്നു ദഹിപ്പിക്കുന്നതായെനിക്കു തോന്നി.
ഞാനെഴുനേറ്റു, എന്നിട്ടാ പാദങ്ങളിലേക്കാർത്തലച്ചു വീഴവേ ഞാനലറിക്കരയുകയായിരുന്നു.
ഡോക്ടർ..... എനിക്കുവേണമെന്റുണ്യേട്ടനെ.
എനിക്കു സ്നേഹിച്ചു മതിയായില്ല...
പ്ലീസ്..... പ്ലീസ് ഡോക്ടർ, കഴിയില്ലെന്നുമാത്രം പറയല്ലേ...
ഡോക്ടറെന്നെ എഴുനേൽപ്പിച്ചു.
നോക്കു മായാ, മെഡിക്കൽ സയൻസിന് കഴിയുന്നതിനൊരു പരിധിയുണ്ട്. മാക്സിമം ഞാൻ ചെയ്തിരിക്കും. ഇതുവരെ ചെയ്തു കൂട്ടിയ പാപങ്ങൾക്ക് ഈശ്വരനോട് മാപ്പ് ചൊല്ലി നീയാദ്യം പ്രാർത്ഥിക്കാൻ നോക്ക്.
മായാ... തളരരുത്. ഇനി നീയായിരിക്കണം അവന്റെ ഹൃദയം. നിന്റെ ഹൃദയം തുടിക്കുന്നതു തന്നെ അവനു വേണ്ടി മാത്രമാവണം.
ഇനിയും ധാരാളം ചെക്കപ്പുകൾ നടത്താനുണ്ട്.
നമുക്കു നോക്കാം കുറച്ചു കൂടി അവന്റായുസ്സു നീട്ടാമോന്ന്. മറച്ചുവെച്ചിട്ടു കാര്യമില്ലാത്തതിനാലാണ് നിന്നോടിതൊക്കെ പറയേണ്ടി വന്നത്.
ഉം.. പൊയ്ക്കോളൂ.
ഇനി വരേണ്ട ഡെയ്റ്റ് ഞാനറിയിച്ചേക്കാം.
പുറത്തക്ഷമനായിരിക്കുന്ന ഭർത്താവിന്റെ കൈകളിൽ നിന്നും കാറിന്റെ കീ വാങ്ങി മുന്നോട്ടു നടക്കുമ്പോൾ അദ്ദേഹം അത്ഭുതത്തോടെ നോക്കുന്നത് കണ്ടില്ലെന്നു നടിച്ചു. കാറോടിക്കാനെത്ര നിർബന്ധിച്ചാലും
ഇത് നിങ്ങളുടെ കാർ, ഞാനെന്താ നിങ്ങളുടെ ഡ്രൈവറോ എന്നീ തരതാണ ന്യായവാദങ്ങൾ നിരത്താറുള്ള ഞാനാണിന്ന് ഈ വിധം പെരുമാറുന്നത്.
നിശബ്ദയായി കാറോടിക്കുമ്പോൾ ഉണ്യേട്ടനെന്നെ ഇടക്കിടെ നോക്കുന്നുണ്ടായിരുന്നു. കരച്ചിലടക്കാൻ പാടുപെട്ട് ഞാനിരിക്കെ പെട്ടന്നാള് ചോദിച്ചു.
മായാ..... എല്ലാമവസാനിക്കാറായല്ലേ....?
എനിക്കറിയാമായിരുന്നുവത്. രക്തം ശർദ്ദിക്കുന്നതൊക്കെ അവസാന സ്റ്റേജിലല്ലേ.
എന്നാലും നീ രക്ഷപ്പെട്ടില്ലേ....?
ഞാൻ നിന്നെ വിവാഹം കഴിച്ച അന്നുമുതൽ
ഇഷ്ടമില്ലാഞ്ഞിട്ടും നീ സഹിക്കുകയായിരുന്നില്ലേ.
ഞാൻ മരിച്ചാലും, നീ വേറെ വിവാഹം കഴിക്കണം, നിനക്കു വേണ്ടതെല്ലാം ഞാൻ സമ്പാദിച്ചിട്ടുണ്ട്. എല്ലാം നിന്റെ പേരിലാക്കിയിട്ടുമുണ്ട്.
പിന്നെയെനിക്ക് കാറോടിക്കാനായില്ല. തണൽ വിരിച്ചു നിൽക്കുന്ന വാകമരച്ചോട്ടിൽ ഞാൻ കാറൊതുക്കി നിർത്തി. സ്റ്റിയറിംഗിലേക്ക് മുഖമമർത്തി ഞാൻ പൊട്ടിക്കരഞ്ഞു.
""മാപ്പ്"
ചോദിക്കാനർഹയല്ലെങ്കിലും ഞാനാ കൈകൾ കോരിയെടുത്തെന്റെ നെഞ്ചോടു ചേർത്തു.
ക്ഷമിക്കണമെന്നു പറയാനെനിക്ക് ശബ്ദം കിട്ടിയില്ലെങ്കിലും മനസ്സിൽ ഞാൻ കേഴുകയായിരുന്നു.
എന്റെ നെറുകയിൽ തലോടിയാശ്വസിപ്പിക്കയായിരുന്നു ഉണ്യേട്ടൻ ചെയ്തത്.
ഇനിയുമീ വെയിലിൽ ഉണ്യേട്ടനെ നിർത്തുന്നത് പന്തിയല്ലെന്നെനിക്കു തോന്നി.
ഉണ്യേട്ടൻ കണ്ണടച്ചു മെല്ലെ മയങ്ങുന്നത്
ഇടക്കിടെ ഡ്രൈവിംഗിനിടയിലൂടെ ഞാൻ നോക്കിക്കൊണ്ടിരുന്നു.
അന്നേരമെന്റെ മനസ്സ് പിന്നോട്ടു പായുന്നുണ്ടായിരുന്നു. എന്തിനാണുണ്ണ്യേട്ടനെ ഞാനിത്രക്കും അവഗണിക്കാൻ കാരണമെന്നു നിങ്ങൾക്കറിയണ്ടേ. ഞാൻ പറയാം. ഇതുവരെ അതെന്തിനായിരുന്നെന്ന് ഉണ്യേട്ടനുപോലും മനസ്സിലായിക്കാണില്ല. ഇനിയെനിക്കതു മറച്ചു വെക്കാനാവില്ല.
ഞാൻ മായ,
പാലക്കാടാണെന്റെ നാട്. പക്ഷേ ഞാൻ പഠിച്ചതും വളർന്നതുമെല്ലാം
കുവൈറ്റിലായിരുന്നു. പപ്പക്കവിടെയായിരുന്നു ജോലി. അമ്മയും ടീച്ചറായി വർക്ക് ചെയ്യുന്നു. ഞങ്ങൾക്കു കൂട്ടായി പപ്പേടെ ഫ്രണ്ട് ജെയിംസങ്കിളും, ഭാര്യ നാൻസിയാന്റിയും, എന്നേക്കാൾ രണ്ടു വയസ്സിന് മൂത്ത അവരുടെ മകൻ നെൽവിനും. ഒരേ ഫ്ലാറ്റിൽ ഒരേ മനസ്സും, ഇരു ശരീരങ്ങളുമായിട്ടായിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്. ഓണമായാലും, വിഷുവായാലും ഒന്നിച്ചായിരുന്നു ഞങ്ങളാഘോഷിച്ചിരുന്നത്.
വർഷങ്ങൾ കടന്നുപോകവേ ഈ സ്നേഹബന്ധത്തിനുമപ്പുറത്തേക്ക് എന്റേയും നെൽവിന്റേയും മനസ്സുകൾ പാറിപ്പറന്നു പോവുന്നത് ഞങ്ങൾപോലുമറിഞ്ഞില്ല. ഒരു തരം ഭ്രാന്തമായ സ്നേഹം. പരസ്പരം കാണാതൊരു നിമിഷമിരിക്കാനാവില്ലെന്ന അവസ്ഥ. അന്നേരമവൻ എൻജിനീയറിംഗ് അവസാന വർഷം. ഞാനാണെങ്കിൽ
മെഡിക്കൽ എൻഡ്രൻസെന്ന കടമ്പ കയറാനുള്ള തീവ്രയജ്ഞത്തിലും.
പപ്പയ്കാണെങ്കിൽ ഇനി പഠിത്തമൊക്കെ മതിയാക്കി തന്നെ കെട്ടിച്ചയക്കുന്നതിലായിരുന്നു താൽപര്യം.
എത്രയും വേഗം പാലക്കാട്ടുള്ള വീടിന്റെ അറ്റകുറ്റപ്പഴികളെല്ലാം തീർത്ത് ഇനിയുള്ള ജീവിതം നാട്ടിൽ തന്നെയെന്ന നിലപാടിലായിരുന്നു പപ്പ.
ജെയിംസങ്കിളാണെങ്കിൽ ഇനിയൊരിക്കലും നാട്ടിലേക്കില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു.
ഇതിനിടയിൽപ്പെട്ട് ഞാനും, നെൽവിനും ഞെരിഞ്ഞമർന്നു. അവർക്കു ഞങ്ങളുടെ പ്രണയത്തെപ്പറ്റി ചെറു സൂചനപോലുമില്ലായിരുന്നു. ഒടുവിൽ ഞങ്ങളിരുവരും ഇക്കാര്യം വീട്ടിലറിയിക്കുക തന്നെ ചെയ്തു. പക്ഷേ പപ്പയോ, അമ്മയോ ഇതൊരിക്കലും സമ്മതിക്കില്ലെന്ന വാശിയിലുറച്ചു നിന്നു.
കരഞ്ഞു, കാലുപിടിച്ചു, നിരാഹാരമിരുന്നു.
പക്ഷേ സ്വന്തം ജാതീടെ കാര്യം വന്നപ്പോൾ പപ്പ സ്വന്തം കൂട്ടുകാരനെപ്പോലും മറന്നു. ജെയിംസങ്കിളിന് എതിർപ്പില്ലായിരുന്നു.
അങ്ങനെ അന്നാ നശിച്ച സന്ധ്യയ്ക് ജെയിംസങ്കിളും, ആന്റിയും, നെൽവിനും കൂടി പപ്പയോടു തന്നെ തങ്ങൾക്കു തരുമോയെന്ന് ചോദിക്കാൻ വീട്ടിലെത്തി. പക്ഷേ പപ്പ അവരെ അപമാനിച്ചയക്കുകയാണ് ചെയ്തത്.
ആ വാശിക്ക് നെൽവിൽ തന്റെ ബുള്ളറ്റുമെടുത്തൊരു പോക്കുപോയി.
പിന്നീടവന്റെ ചതഞ്ഞരഞ്ഞ ശരീരമാണ് ഞങ്ങൾ കണ്ടത്. അവന്റെ മരണത്തെത്തുടർന്ന് തകർന്നുപോയ ഞാനും, അവന്റെ പപ്പേം മമ്മീം ആകെ ജീവച്ഛവങ്ങളെപ്പോലെയാണ് പിന്നീട് കഴിഞ്ഞത്.
അങ്ങനെ ഞങ്ങൾ പാലക്കാട്ടേക്ക് മടങ്ങി. അവന്റെ മരണശേഷം ഞാനെന്റെ പപ്പയോടോ, അമ്മയോടോ ഒരിക്കൽപോലും സംസാരിക്കാൻ കൂട്ടാക്കിയില്ല. ഒരുതരം വെറുപ്പും, വാശിയുമായിരുന്നു എനിക്കെല്ലാവരോടും.
പക്ഷേ വർഷങ്ങൾക്കുശേഷം അവരുടെ നിർബന്ധത്തിന്, ഉണ്ണിയേട്ടനു മുമ്പിൽ കഴുത്തു നീട്ടേണ്ടി വന്നുവെനിക്ക്. അതുമൊരു വാശിയായിരുന്നു.
അന്നുതൊട്ട് ഞാനുണ്ണിയേട്ടനെ വെറുക്കാൻ തുടങ്ങി. പപ്പേടേം, മമ്മീടേം ബന്ധു എന്റെ ശത്രുവായിരുന്നു. പാവമായിരുന്നു ഉണ്ണിയേട്ടൻ എനിക്കുമതറിയാമായിരുന്നു.
എന്നിട്ടും ഓരോ നിമിഷവും ഇഞ്ചിഞ്ചായി ഞാനാ പാവത്തിനെ വേദനിപ്പിച്ചു. ഞാൻ വെറുക്കുന്തോറും ഉണ്ണിയേട്ടനെന്നെ കൂടുതൽ കൂടുതൽ സ്നേഹിച്ചുകൊണ്ടേയിരുന്നു.
കഴിഞ്ഞ ഏഴു വർഷങ്ങളുടെ നൊമ്പരങ്ങൾ പേറിപ്പേറിയാവണം ഉണ്ണിയേട്ടനീ അവസ്ഥയിലായതെന്നെനിക്കു തോന്നുന്നു.
കഴിഞ്ഞയാഴ്ച ഊണുകഴിഞ്ഞ് കിടപ്പറയിലെത്തിയ ഉണ്ണിയേട്ടൻ പെട്ടന്ന് ശർദ്ദിച്ചു. നല്ല കൊഴുത്ത ചോര. അപ്പോഴേക്കും ആൾ കുഴഞ്ഞുവീണു കഴിഞ്ഞിരുന്നു. . ഒരു നിമിഷമത് നിശ്ചലയായി നോക്കിനിന്നെങ്കിലും, അടുത്തനിമിഷം ഞാനാ അടുക്കലേക്കോടി.
ഞാനാകെ ഭയന്നിരുന്നു പോയിരുന്നു. എനിക്കെന്തു ചെയ്യണമെന്നറിയാതെയായി.
ഞാനുമുണ്ണിയേട്ടനും മാത്രമായിരുന്നു ഇവിടെ. വിറക്കുന്ന കൈകളോടെ
ഉണ്ണിയേട്ടന്റെ ഫ്രണ്ടായ ഡോക്ടർക്കു ഫോൺ ചെയ്യുമ്പോൾ
ഞാനുണ്ണിയേട്ടനെ സ്നേഹിക്കുന്നുണ്ടായിരുന്നുവെന് തിരിച്ചറിയുകയായിരുന്നു.
ഓർമ്മകളിൽ കുടുങ്ങി വീടെത്തെയതറിയുന്നുണ്ടായിരുന്നില്ല. മയങ്ങിക്കിടന്ന ഉണ്ണിയേട്ടനെ മെല്ലെത്തട്ടിയുണർത്തി ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഞാനുള്ളിലേക്കു നടത്തി.
അന്നു സന്ധ്യക്കാദ്യമായി ഞാനെന്റെ വീട്ടിൽ ദീപംകൊളുത്തി. അതുവരെ എന്നെയെത്ര നിർബന്ധിച്ചാലും ഞാൻ കൂട്ടാക്കാറില്ലായിരുന്നു. എനിക്കിഷ്ടമില്ലെന്നു മനസ്സിലാക്കിയ അന്നുമുതൽ മുടങ്ങാതെ ഉണ്ണിയേട്ടൻ കൊളുത്തുമായിരുന്നുവത്.
അന്നാ ദീപത്തിനു മുൻപിൽ നിന്ന് ഞാനൊന്നേയാവശ്യപ്പെട്ടുള്ളൂ.. എന്റെ ജീവൻ പകരമായെടുത്ത്, എന്റുണ്യേട്ടനെ വെറുതെ വിടണേന്ന്. ഉണ്ണിയേട്ടനില്ലെങ്കിലെന്റെ ഹൃദയം ഇനിയൊരിക്കലും മിടിക്കില്ലെന്നെനിക്കറിയാമായിരുന്നു.
അതെ അതൊരു തിരിച്ചറിവായിരുന്നു. ജീവിതം ജീവിച്ചുതോറ്റ ഒരുവളുടെ തിരിച്ചറിവ്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot