Slider

നാഗ ബന്ധനം

0

എന്നെ പ്രാപിക്കാൻ നിനക്കാവില്ല മൃത്യുഞ്ജയാ.. സഹസ്രനാഗ ബന്ധനത്തിലാണ് ഞാൻ!
വർഷങ്ങളായി നീ ആർജ്ജിച്ച ഒരു അറിവിനും ഒരു താളിയോല ഗ്രന്ഥത്തിനും ഇതിൽ നിന്നെന്നെ മോചിപ്പിക്കാനാകില്ല !
വടക്കുനിന്നൊഴുവരുന്നൊരു സർപ്പപ്പാട്ടിൽ വാസുകിയുടെ തല മെല്ലെ ഇളകുന്നുണ്ടായിരുന്നു. നാലുകെട്ടിന്റെ ഇരുളടഞ്ഞ അറയിൽ അൽപ്പം തുറന്ന കിളിവാതിലിലൂടെ മൃത്യുഞ്ജയൻ പുറത്തേക്കു നോക്കി! അൽപ്പമകലെ സർപ്പക്കാവിൽ കത്തിയെരിഞ്ഞു കൊണ്ടിരുന്ന അവസാന തിരിയും കെട്ടിരുന്നു. കയ്യിലെ പതിനൊന്നാം വിരൽ മെല്ലെയൊന്നു തുടിച്ചപ്പോൾ ഉള്ളം മന്ത്രിച്ചു '' മരണം "!
! ശ്ശ്... ശീൽക്കാരം കേട്ടപ്പോൾ നിലത്തേക്കിരുന്നു കയ്യിലിരുന്ന തുണി സഞ്ചിയഴിച്ച് ഒരു പാത്രം തുറന്ന് വാസുകിയുടെ മുന്നിലേക്കു വച്ചു! "എൻപത്തിയെട്ട് " അയാൾ പിറുപിറുത്തു.
വാസുകിയുടെ ദേഹം മുഴുവൻ ചുറ്റിയിരുന്ന ഉടയാടയ്ക്കിടയിലൂടെ ഒരു വാൽ നീണ്ടു വന്നു പാൽ പാത്രം വാസുകിയോടടുപ്പിച്ചു.വാസുകിയുടെ വാ തുറന്നു നാവു പുറത്തേക്കു വരുന്നതും ,അതു രണ്ടായി പിളർന്ന് പാത്രത്തിലെ പാലിലേക്കു ഊളിയിടുന്നതും കണ്ട് മൃത്യുഞ്ജയൻ അസ്വസ്ഥതയോടെ മുഖം തിരിച്ചു.
ഇതു നടക്കണം വാസുകി.. മരണം നൂറു കഴിഞ്ഞാൽ നമ്മുടെ ദേശം ഒരു പുൽക്കൊടി പോലും അവശേഷിക്കാതെ ഇല്ലാണ്ടാകും അതുണ്ടാകരുത്! വരുന്ന മൂന്നാമായില്യത്തിൽ സർപ്പക്കാവിൽ ഞാനുണ്ടാകും എന്റെ ബീജമേറ്റുവാങ്ങണം നീ... നിന്റെ കന്യകാത്വം ഇല്ലാതാകണം! അതു മാത്രമാണ് ഏക പോംവഴി!
എനിക്കു കഴിയില്ല മൃത്യുഞ്ജയാ... മരണത്തെയാണ്, നീ എന്നിലേക്കു പ്രവേശിക്കുന്നതിലൂടെ ഏറ്റുവാങ്ങാൻ പോകുന്നത്! എന്റെ വിഷപ്പല്ലുകളേറ്റ് നീലിച്ച നിന്റെ ശരീരം കണ്ട് ഏത് കല്ലില്ലാണ് ഞാൻ തലയറഞ്ഞ് ചാകേണ്ടത്?
വിരിഞ്ഞ മാറിടത്തിൽ ചുറ്റിവരിഞ്ഞിരിക്കുന്ന ചുവന്ന പട്ടിനു പുറത്തെ രുദ്രാക്ഷമാലയെ തടവി ധ്യാനത്തിലിരുന്ന മൃത്യുഞ്ഞ്ജയന്റെ ചെവിയിൽ
വാസുകിയുടെ ഓരോ ചോദ്യവും അലയടിച്ചു! "
" പ്രണയം നിനക്ക് എന്നോടുള്ള പ്രണയം "അതിലൂടെ എനിക്കതു സാധിക്കണം വാസുകീ..... മൃത്യുഞ്ജയന്റെ വാക്കുകൾ വാസുകിയെ തളർത്തി..
വെറും നാഴിക വിത്യാസത്തിൽ നാരിയായും നാഗമായും മാറിക്കൊണ്ടൊരിക്കുന്ന ഞാൻ എങ്ങനെ പ്രണയത്തോടെ , വികാരത്തോടെ നിന്നോടൊപ്പം ശയിക്കും? എനിക്കു കഴിയില്ല, നീ പോകണം ! ഈ ദേശം വിട്ടു പോകണം, മൃത്യുഞ്ജയാ,,,
പറ്റില്ല വാസുകീ നിന്റെ അണിവയറിൽ ഉരുണ്ടു കൂടിയ വിയർപ്പു തുള്ളിയിൽ പോലും എന്നോടുള്ള പ്രണയമുണ്ട് ! വികാരമുണ്ട് ! ഞാൻ പോകുന്നു, മൂന്നാമായില്യനാളിൽ സർപ്പക്കാവിൽ ഞാൻ കാത്തിരിക്കും ! സാർവ്വംഗ ദേശത്ത് ഇനി ഒരമ്മയുടെയും മുലപ്പാൽ ഭൂമിയിലേക്ക് ഒഴുക്കിക്കളയാൻ ഞാൻ അനുവദിക്കില്ല!
പറഞ്ഞു തീർന്ന് പോകാൻ ഇറങ്ങിയപ്പോൾ മൃത്യുഞ്ജയൻ വാസുകിയെ നോക്കി അവളിലിരുന്നിടത്ത് ഉടയാടമാത്രമവശേഷിച്ചു, കിളിവാതിലിലേക്കു നോക്കിയപ്പോൾ നൂണ്ടുനിവർന്നിറങ്ങിപ്പോകുന്ന ഉടലിലെ കറുത്ത പുള്ളികൾ നിലാവെളിച്ചമേറ്റു തിളങ്ങി ! ദൂരെ ഒരു കുടിലിൽ പേറ്റുനോവെടുത്തു കരയുന്ന യുവതിയെയും നിറവയറും മനസ്സിൽ ധ്യാനിച്ചെടുത്ത മൃത്യുഞ്ജയൻ മനസ്സിൽ മെല്ലെ ഉരുവിട്ട് മന വിട്ടിറങ്ങി "എൻപത്തിയൊൻപത് "
"മൂന്നാമായില്യനാൾ "
ഒരായിരം സർപ്പങ്ങൾ തന്നെ പിന്തുടരുന്നതറിഞ്ഞിട്ടും മൃത്യുഞ്ജയൻ തന്റെ നടത്തത്തിന്റെ വേഗത കുറച്ചില്ല! സർപ്പക്കാവിലേക്കുള്ള വഴിക്കിരുവശങ്ങളിലും പത്തിവിടർത്തിയാടുത്ത നാഗങ്ങളുടെ ശീൽക്കാര ശബ്ദങ്ങൾക്ക് ചെവികൊടുക്കാതെ കയ്യിലിരുന്ന ചൂട്ടും തെളിച്ച് ഉറച്ച കാൽവയ്പ്പോടെ അയാൾ മുന്നോട്ടു നീങ്ങി! കാലുകൾ മുന്നോട്ടു നീങ്ങിയപ്പോൾ മൃത്യുഞ്ജയന്റെ മനസ്സ് പിന്നോട്ടു പായുകയായിരുന്നു!
മൃത്യുഞ്ജയന്റെ അച്ഛൻ മാന്ത്രിക കർമ്മങ്ങളിൽ അഗ്രഗണ്യൻ! തലമുറകളായി കൈമാറി വന്ന താളിയോലകളിലും ഗ്രന്ഥങ്ങളിലും നിന്നും കിട്ടിയ അറിവുകളെല്ലാം പക്ഷേ ഉപയോഗിച്ചത് ദുരാചാരങ്ങൾക്ക്. വാസുകി മൃത്യുഞ്ജയന്റെ മുറപ്പെണ്ണ്, പ്രണയമായിരുന്നു മനസ്സുറച്ച കാലം മുതൽക്കേ !
ഗ്രന്ഥപഠനത്തിന്റെ പേരും പറഞ്ഞ് ദേശത്തു നിന്ന് പറഞ്ഞു വിട്ടപ്പോൾ മൃത്യുഞ്ജയനറിയില്ലായിരുന്നു വാസുകിയെ വച്ച് അച്ഛൻ നടത്താനിരുന്ന കൊടും മന്ത്രവാദത്തെപ്പറ്റി! ഒരു പൗർണ്ണമി നാളിൽ മനയിൽ തിരിച്ചെത്തിയ മൃത്യുഞ്ജയൻ കണ്ടത് ഹോമകുണ്ഡത്തിനു മുന്നിൽ ആയിരം നാഗങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന വാസുകിയെ ആയിരുന്നു.
തടുക്കാൻ മുന്നോട്ടാഞ്ഞ അവന്റെ മുഖത്തേക്ക് മന്ത്രച്ചോരണത്തോടെ ഒരു നുള്ളു ഭസ്മം വാരിയെറിഞ്ഞു അവന്റെ അച്ഛൻ .ബോധം മറഞ്ഞ് നിലംപതിക്കുന്നതിനു മുമ്പേ ദയനീയാവസ്ഥയിൽ തന്നെ നോക്കുന്ന രണ്ടു കണ്ണുകൾ അവൻ കണ്ടു!
മനയുടെ ഭാഗമായുള്ള സർപ്പക്കാവിനടിയിലുള്ള മാണിക്യങ്ങൾ അടങ്ങിയ പെട്ടി! അതായിരുന്നു ലക്ഷ്യം ! അതിനായി കന്യകയായ വാസുകിയുടെ ശരീരം ആയിരം നാഗങ്ങളായി ബന്ധിച്ച് സാർവ്വംഗ ദേശത്തു ജനിക്കുന്ന ഓരോ കുഞ്ഞിനേയും ഭൂമി തൊടുന്നതിനു മുമ്പേ ദംശിക്കാൻ വാസുകിയെ അയാൾ അർദ്ദ നാഗമാക്കി!
നൂറ്റിയൊന്നാമത്തെ കുഞ്ഞിനെയും ദംശിക്കുന്ന മാത്രയിൽ പൂർണ്ണ നാഗമായി മാറുന്ന വാസുകി മാണിക്യ മടങ്ങുന്ന പെട്ടി മനയിൽ എത്തുകയും തുടർന്ന് സർപ്പക്കാവിൽ ചെന്ന് തലയറഞ്ഞ് മരിക്കുകയും ചെയ്യും! തത്ഫലമായി നാഗത്തിൽ നിന്ന് ഉത്ഭവിക്കുന്ന വിഷ രശ്മികളേറ്റ് മനയൊഴികെയുള്ള ദേശം മുഴുവനും വെന്തു ചാമ്പലായി മാറും !
കരിനീലിച്ച ,നിർജ്ജീവമായ ദേഹവുമായി പുറത്തേക്കു വരുന്ന തന്റെ കുഞ്ഞുങ്ങളെ കണ്ട് അമ്മമാർ നിലവിളിച്ചു ! മാറിടം ചുരന്ന് പുറത്തേക്കു വീണ മുലപ്പാലിലാൽ ദേശത്തിലെ മണ്ണു നനഞ്ഞു!
ഇതിനൊരു പരിഹാരം കണ്ടെത്താനും തന്റെ വാസുകിയെ രക്ഷിക്കാനും മൃത്യുഞ്ജയൻ ഒരുപാടു ദേശങ്ങളിൽ അലഞ്ഞു അവസാനം ഒരു യോഗിയിൽ നിന്നും പരിഹാരം ലഭിച്ചു! "
''വാസുകിയുടെ കന്യകാത്വം കവരുക! പക്ഷേ അതോടു കൂടി അവളുടെ വിഷമേറ്റുവാങ്ങി മരണത്തെ പുൽകേണ്ടി വരുമെന്നു കൂടി അറിഞ്ഞുകൊൾക !
മൃത്യുഞ്ജയന് രണ്ടാമൊതൊന്നു ആലോചിക്കേണ്ടി വന്നില്ല ,, യോഗിയിൽ നിന്നും ലഭിച്ച താളിയോലകളുമായി തിരിച്ച് മനയിലെത്തിയ മൃത്യുഞ്ജയൻ തന്റെ മന്ത്ര സിദ്ധിയാൽ അച്ഛന്റെ നാവും ശരീരവും ബന്ധിച്ച് ഇരുട്ടറയിൽ അടച്ചു! പിന്നീട് അടച്ചിട്ട മുറിയിൽ താളിയോലയിലെ മന്ത്രങ്ങൾ മനപ്പാoമാക്കി മൃത്യുഞ്ജയൻ!
" സർപ്പക്കാവ് "
ആയിരത്തിയൊന്നാമത്തെ വിളക്കും തെളിച്ച് നിലത്തു വിരിച്ച പട്ടിൽ മന്ത്രമുരുവിട്ട് വാസുകിയെ കാത്തിരുന്നു മൃത്യുഞ്ജയൻ! മന്ത്രങ്ങൾ ഓരോന്നും ചൊല്ലിക്കഴിയുമ്പോഴും വിളക്കുകൾ ഓരോന്നായി അണഞ്ഞു കൊണ്ടിരുന്നു! നേർത്ത ശീൽക്കാരം കേട്ടപ്പോൾ പതിയെ മന്ത്രങ്ങൾ നിർത്താതെ മൃത്യുഞ്ജയൻ കണ്ണുതുറന്നു! മുന്നിൽ പൂർണ്ണ നഗ്നയായി വാസുകി ! അണയാൻ ബാക്കിയായ വിളക്കുകളുടെ വെളിച്ചത്തിൽ മുന്നോട്ടുകൂർത്ത് കണ്ണുകൾ ഇരുവശത്തോട്ടു നീങ്ങിയ വാസുകിയുടെ മുഖം അയാൾ ശ്രദ്ധിച്ചു!
പ്രണയമാണ് മൃത്യുഞ്ജയ എനിക്കു നിന്നോടു ! ഭ്രാന്തമായ പ്രണയം. എന്നെ നിന്നിലേക്കു ഉൾക്കൊള്ളുക. ദേശം രക്ഷപെടെട്ടെ !
ഭ്രാന്തമായി വാസുകി മൃത്യുഞ്ജനെ പുണർന്നു. രണ്ടായി പിളർന്ന നാക്ക് മൃത്യുഞ്ജയന്റെ മുഖത്തെ തലോടി ! വാലായി പരിണാമം സംഭവിച്ച കാലുകൾ മൃത്യുഞ്ജയന്റെ ഉടലിനെ ചുറ്റി വരിഞ്ഞു .ശ്വാസം കിട്ടാതെ വന്നപ്പോഴും മന്ത്രോച്ചാരണം നിർത്താതെ ഉടൽ മൂടിയിരുന്ന പട്ടുവസ്ത്രം വലിച്ചെറിഞ്ഞു മൃത്യുഞ്ജയൻ! അവസാന മന്ത്രവും ചൊല്ലി തന്നോടു ചേർന്നിരിന്ന വാസുകിയുടെ കന്യകാത്വം ഇല്ലാതാക്കിയ ആ നിമിഷം പൂർണ്ണമായും നാഗമായി മാറിയ വാസുകിയുടെ വിഷപ്പല്ലുകൾ മൃത്യുഞ്ജയനിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു!
പുലരുവാൻ നാഴിക ബാക്കിയുള്ളപ്പോൾ വാസുകി എഴുന്നേറ്റു! സർപ്പക്കാവിലെ കരിന്തിരി കത്തിയ വിളക്കുകൾ അവളേ നോക്കി .പൂർണ്ണമായും നാഗ ബന്ധനത്തിൽ നിന്നും വിമുക്തയായ വാസുകി കരിനീലിച്ചുപോയ മൃത്യുഞ്ജയന്റെ തല മടിയിൽ വച്ച് അലറിക്കരഞ്ഞു ! കുറച്ചു ദൂരം മാറി വർഷങ്ങൾക്കു ശേഷം സാർവ്വാംഗ ദേശത്ത് ഒരു ചോരക്കുഞ്ഞിന്റെ കരച്ചിൽ ഉയർന്നു കേട്ടു !

Sujith Surendran
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo