നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജോത്സ്യന്‍ തന്ന പണി

ജോത്സ്യന്‍ തന്ന പണി
----------------------------------
ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് ചെന്നു കയറിപ്പോഴേ എന്തോ അപകടം മണത്തു.. വീടും പരിസരവും ആകെ അലങ്കോലമായി കിടക്കുന്നു.. രാവിലെത്തെ വൃത്തിയാക്കല്‍ പരിപാടിയൊന്നും നടന്നിട്ടില്ല..
ശ്രീമതി കലിപ്പിലാണെന്ന് തോന്നുന്നു..
നേരെ ചെന്നു അടുക്കളയിലേക്ക് എത്തി നോക്കി..
'ഉണ്ട് .. അവിടെയുണ്ട്.. പാത്രങ്ങള്‍ കൂട്ടി മുട്ടുന്നത് നല്ല ശബ്ദത്തില്‍.. എന്‍റെ കാര്യം കട്ടപ്പൊകയാണെന്നു തോന്നുന്നല്ലോ.. എന്‍റെ ആറ്റുകാലമ്മച്ചിയേ..'
''എടിയേ.. എനിക്കൊരു ചായ എടുത്തോ..''
മുറിയിലേക്ക് നടക്കുന്നതിനിടയില്‍ വിളിച്ചു പറഞ്ഞു..
''ചായയല്ല.. കടുക്കാവെള്ളമാ നല്ലത്..''
അശരീരിപോലെ അവളുടെ ശബ്ദം പുറത്തേക്ക് വന്നു..
'കടുക്കാവെള്ളമോ.. ഇവള്‍ക്ക് ഇതെന്തു പറ്റി?..
മുറിയില്‍ ചെന്നു വേഷം മാറി ഉമ്മറത്ത് വന്നിരുന്നപ്പോഴേക്കും ചായയുമായി അവളെത്തി..
തണ്ണിമത്തന്‍ പോലെ വീര്‍ത്തിട്ടുണ്ട് മുഖം.. ദഹിപ്പിക്കുന്ന കണ്ണുകള്‍..
എന്തോ കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ട്..
ഇനിയിപ്പോ ചായ തന്നെയാണോ? അതോ കടുക്കാവെള്ളമാണോ?
ഗ്ളാസ് വാങ്ങി ഒന്നു സൂക്ഷിച്ചു നോക്കി..
ചായ തന്നെ..
ചായയും തന്ന് അവള്‍ ചവിട്ടി കുലുക്കി അകത്തേക്ക് പോയി..
കാര്യം എന്താണെന്ന് അറിയാനുള്ള ആകാംക്ഷ മനസ്സില്‍ പെരുകിവരുന്നു.. പക്ഷേ അവളോട് ചോദിക്കാനുള്ള ധെെര്യം കിട്ടുന്നില്ല..
പോലീസുകാരനൊക്കെത്തന്നെയാ.. പക്ഷേ അവളുടെ മുന്നിലെത്തിയാല്‍ ലോക്കപ്പിനുള്ളിലെ പ്രതിയുടെ അവസ്ഥയാണ്.. മുട്ടുകാലു വിറയ്ക്കും..
ഇനിയിപ്പോ എന്താണൊരു വഴി.. അവളാണെങ്കില്‍ ചായയും തന്നിട്ടു പോയ പോക്കാ.. കമാന്നൊരക്ഷരം മിണ്ടുന്നുമില്ല..
അപ്പോഴാണ് കണ്ടത് .. അയപല്‍ക്കം നിരങ്ങിയിട്ടാണോ അമ്പലത്തില്‍ നിന്നാണോന്നറിയില്ല.. അമ്മ വരുന്നുണ്ട്..
ചോദിച്ചു നോക്കാം.. അമ്മയറിയാതെ ഇവിടൊരു ഭൂകമ്പം ഉണ്ടാവില്ല..
''നീ എത്തിയോ .. ഞാനാ മാധവിയുടെ വീടു വരെ ഒന്നു പോയതാ..''
അമ്മ വന്ന് അടുത്തിരുന്നു..
അമ്മയുടെ മുഖത്ത് ശോകഭാവമാണ്.. മകനോട് ഒരു തരം സഹതാപം പോലെ..
അപ്പോ സംഗതി സീരിയസ്സാണ്.. അമ്മായിയമ്മയും മരുമോളും തമ്മിലുടക്കിയോ? അങ്ങനെ പതിവില്ലാത്തതാണ്..
''അവള് നിന്നോട് വല്ലതും പറഞ്ഞോ..?''
അമ്മയുടെ ചോദ്യം ചിന്തയില്‍ നിന്നുമുണര്‍ത്തി..
''ഇല്ല.. ഒന്നും പറഞ്ഞില്ല.. മുഖം വീര്‍പ്പിച്ചിരിക്കുകയാണ്.. ഇന്നലേക്കിന്ന് ഇവിടെ എന്താ ഉണ്ടായത്..?''
''പുതിയ വീടിനു കുറ്റിയടിക്കാനുള്ള ദിവസം നോക്കാന്‍ ഞാനും അവളും ഇന്നലെ,ജോത്സ്യന്‍റെ അടുത്ത് പോയിരുന്നു.. അപ്പോള്‍ നിന്‍റെ ജാതകം കൂടി ഒന്നു നോക്കി..''
മനസ്സിലൊരു വെള്ളിടി വെട്ടി..ഏതോ സിനിമയില്‍ കണ്ട നാഡീജോത്സ്യന്‍റെ കാര്യം ഓര്‍മ്മ വന്നു.. കഴിഞ്ഞ ജന്‍മത്തിലെ കഥ പറഞ്ഞ് കുടുംബം കുട്ടിച്ചോറാക്കിയത്..
''ഏതു ജോത്സ്യന്‍റെ അടുത്താണ് പോയത്?''
അല്‍പ്പം പേടിയോടെയാണ് ചോദിച്ചത്..
''ആ തയ്യല്‍ കടയുടെ മുകളിലുള്ള ആളില്ലേ.. അയാളുടെ അടുത്ത്..''
'എന്‍റെമ്മേ..'
അറിയാതെ തലയില്‍ കെെ വെച്ചു പോയി.. കഴിഞ്ഞയാഴ്ച്ച വെള്ളമടിച്ച് വണ്ടിയോടിച്ചതിന് ഞങ്ങള്‍ പൊക്കിയ ആള്‍.. അന്നേ അയാള്‍ ഒരു നോട്ടം നോക്കിയതാ.. 'നിന്നെ പിന്നെ എടുത്തോളാമെന്ന മട്ടില്‍..'
''എന്നിട്ട് ..''
''ബാക്കി ഞാന്‍ പറയാം..
അകത്തു നിന്ന് ഭദ്രകാളിയെ പോലെ ഭാര്യ ഇറങ്ങി വന്നു.. ഒരു വ്യത്യാസം മാത്രം കെെയ്യില്‍ വാളിനു പകരം തവി..
അവളുടെ മുഖത്തെ രൗദ്രഭാവം കണ്ടിട്ടാണെന്ന് തോന്നുന്നു അമ്മ എന്നെ ദയനീയമായി ഒന്നു നോക്കിയിട്ട് പതിയെ അകത്തേക്ക് വലിഞ്ഞു..
ഞാന്‍ പേടി കൊണ്ട് കസേരയില്‍ മുറുകെ പിടിച്ചിരുന്നു..
''നിങ്ങള്‍ക്ക് ആറു പെണ്ണുങ്ങളുമായി ബന്ധമുണ്ടെന്നാ അയാള്‍ പറഞ്ഞത് .. എനിക്കിപ്പോ അറിയണം ആരാ അവരൊക്കെ?''
അവള്‍ നിന്നു വിറച്ചു..
'ഈശ്വരാ.. ആറു പെണ്ണുങ്ങളുമായി ബന്ധമോ എനിക്കോ.. അതെപ്പോ..?'
''നിങ്ങളുടെ വായിലെന്താ.. മര്യാദക്ക് പറഞ്ഞോ.. പഴയ പോലീസുകാരെ പറ്റിയൊക്കെ ഇങ്ങനത്തെ കഥകള്‍ കേട്ടിട്ടുണ്ട്.. ഇന്നത്തെ കാലത്ത് ആരെങ്കിലും ഇങ്ങനെയുണ്ടാവുമോ.. നാണമില്ലാത്ത മനുഷ്യന്‍..''
''എടീ.. ആറു പെണ്ണുങ്ങള്‍ പോയിട്ട് ഒരു പെണ്ണുമായിട്ട് പോലും എനിക്കൊരു ബന്ധവുമില്ല.. ഡ്യൂട്ടിക്കിടയില്‍ എനിക്ക് അതിനൊക്കെ എവിടാ നേരം..''
''നേരമുണ്ടായിരുന്നെങ്കില്‍ നിങ്ങളു നോക്കിയേനെ അല്ലേ.. ശരിയാക്കിത്തരാം ഞാന്‍ .. ഒന്നുമില്ലാതെ അയാള്‍ അങ്ങനെ പറയുമോ.. സത്യം പറയുന്നതാണ് നല്ലത്..''
''സത്യം .. നീയാണെ സത്യം ..''
ഞാന്‍ ചെന്ന് അവളുടെ തലയില്‍ തൊടാന്‍ ശ്രമിച്ചു..
''കള്ള സത്യമിട്ട് എന്‍റെ തല പൊട്ടിത്തെറിപ്പിക്കണ്ട.. ഞാന്‍ വിശ്വസിക്കില്ല..''
അവള്‍ പുറകോട്ട് മാറി..
അവള്‍ അമ്പിനും വില്ലിനും അടുക്കുന്ന മട്ടില്ല.. ഇനി സെന്‍റിമെന്‍റ്സില്‍ പിടിച്ചാലേ രക്ഷയുള്ളു..
''ഇത്രയും സുന്ദരിയായ ഭാര്യയുള്ളപ്പോള്‍ ഞാനെന്തിനാ മറ്റു പെണ്ണുങ്ങളുടെ പുറകേ പോകുന്നത്.. വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ട് ആരെങ്കിലും നാട്ടില്‍ തെണ്ടി നടക്കുമോ..''?
കൃത്യ സമയത്ത് ഡയലോഗ് ഓര്‍മ്മിപ്പിച്ചതിന് ലാലേട്ടന് മനസ്സില്‍ നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ മുഖത്ത് പരമാവധി സങ്കടഭാവം വരുത്തി..
അത് ഏറ്റ മട്ടുണ്ട്.. അവള്‍ ചെറുതായൊന്ന് അയഞ്ഞു...
''പിന്നെന്തിനാ അയാള്‍ അങ്ങനെ പറഞ്ഞത്.. നിങ്ങളുടെ ജോലിയും മറ്റുമൊക്കെ ചോദിച്ചറിഞ്ഞതിനു ശേഷമാണ് പറഞ്ഞത്..''
''എടീ.. അതയാള്‍ക്ക് എന്നോട് പൂര്‍വ്വ വെെരാഗ്യമുണ്ട്.. അതുകൊണ്ടാണ്..''
''പൂര്‍വ്വ വെെരാഗ്യമോ..?'' അതെങ്ങനെ?''
ജോത്സ്യന്‍ വെള്ളമടിച്ച് വാഹനമോടിച്ചപ്പോള്‍ പിടിച്ചതും ഫെെനിട്ടതുമൊക്കെ പൊടിപ്പും തൊങ്ങലും വെച്ചു വിവരിച്ചു കൊടുത്തു..
''അയ്യേ.. അയാള്‍ ഇത്തരക്കാരനായിരുന്നോ.. വെറുതെ പെെസ കളഞ്ഞു..''
''എന്നാലും അതു നിങ്ങളുടെ ജാതകമാണെന്ന് അയാള്‍ക്ക് എങ്ങനെയറിയാം..''
''അത് ജാതകം കണ്ടിട്ടൊന്നുമല്ല മോളേ.. നിന്നെ കണ്ടിട്ടാ.. നീ എന്‍റെ ഭാര്യയാണെന്ന് അയാള്‍ക്കറിയാം.. പലതവണ നമ്മളെ ഒരുമിച്ച് കണ്ടിട്ടുണ്ട്..''
''അതു ശരി.. അങ്ങനെയാണല്ലേ..''
''അതൊക്കെ പോട്ടെ.. തരം കിട്ടിയാല്‍ നിങ്ങള് വേലി ചാടുമെന്ന് എനിക്കറിയാം.. ഞാനൊരു കാര്യം പറഞ്ഞേക്കാം.. അധികം ചുറ്റിക്കറങ്ങലൊന്നും വേണ്ട.. ഡ്യൂട്ടി കഴിഞ്ഞാല്‍ നേരെ ഇങ്ങെത്തിക്കോണം.. ഫേസ്ബുക്കും വാട്ട്സാപ്പുമൊക്കെ എന്‍റെ കണ്‍വെട്ടത്തിരുന്ന് മാത്രം ഉപയോഗിച്ചാല്‍ മതി.. കേട്ടല്ലോ..''
ഞാനൊരു പാവത്തിനെ പോലെ തലയാട്ടി..
'എങ്കിലുമെന്‍റെ ജോത്സ്യാ... ഈ പണിക്ക് ഞാന്‍ മറുപണി തന്നിരിക്കും.. പോലീസ് പരമ്പര ദെെവങ്ങളാണേ സത്യം ..'
അജിന സന്തോഷ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot