Slider

ചന്ദ്രിക-3

0
ചന്ദ്രിക-3.......
...............................................
രാത്രിയിൽ ഒട്ടും ഉറങ്ങാൻ പറ്റിയില്ല. വീട് മാറി കിടന്നതിൻ്റെതായിരിക്കും.ജനാലയിലൂടെ വെറുതെ പുറത്തേക്ക് നോക്കി..ഗ്രൗണ്ടിൽ കുറച്ചു ചെറുപ്പക്കാർ ഫുട്ബോൾ കളിക്കുന്നു...മുമ്പൊക്കെ ഈ ഗ്രൗണ്ടിൽ വൈകുന്നേരങ്ങളിൽ ഫുട്ബോൾ ടൂർണ്ണമെന്റ് നടക്കാറുണ്ട്.. ഇവിടെ കളിച്ചു നടന്ന പലരും ഇന്ത്യൻ ദേശീയ ഫുട്‌ബോൾ ടീമിൽ കളിച്ചിട്ടുണ്ട്..
"ഓ...നീ എണീറ്റോ...വേഗം കുളിച്ചു റെഡിയാകു..നമുക്ക് ഒരിടം വരെ പോണം"
"എടാ എനിക്ക് ഇന്ന് തന്നെ മടങ്ങണം..നിമ്മിയും പിള്ളേരും അവിടെ തനിച്ചാ...അല്ല നീയെവിടെ പോകേണ്ട കാര്യമാ ഈ പറയുന്നേ?"
"നിന്നെ ഞാൻ കൊല്ലാൻ കൊണ്ടു പോവ്വാ..എന്തെ...നീ നിമ്മിയോട് വിളിച്ചു പറ..നാളെയേ വരുന്നുള്ളൂന്ന്"
അവനോടു തർക്കിച്ച് നിന്നിട്ട് കാര്യമില്ല..നിമ്മിയോട് നാളെയേ വരുള്ളു എന്ന് വിളിച്ച് പറഞ്ഞപ്പോൾ അവൾ ഇത്തിരി കെറുവിച്ചു..എന്നാലും സാരമില്ല ഇരുപത് വർഷത്തിന് ശേഷം കാണുന്ന ചെങ്ങാതിയല്ലേ...ഇന്നലെ രാത്രിയിൽ നേരാംവണ്ണം സംസാരിക്കാൻ പറ്റിയില്ല...വേഗം കുളിച്ച് ചായയും കുടിച്ച് അവൻ്റെ ബൈക്കിൻ്റെ പുറകിൽ കയറി.
"നീ ഇപ്പോഴും പറഞ്ഞില്ല എങ്ങോട്ടേക്കാണ് പോകുന്നതെന്ന്..."
അവനൊന്നും മിണ്ടിയില്ല..
"നിൻ്റെ അച്ഛൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ? അതോ ചത്തോ?" അവൻ്റെ ചോദ്യത്തിൽ ഒരു പരിഹാസ ചുവ. അവൻ്റെ ആ ചോദ്യം എന്നിൽ ഞെട്ടലുളവാക്കി ഇവനതിതെന്ത് പറ്റി?
എന്നെക്കാളും എൻ്റെ അച്ഛനെയും അമ്മയെയും സ്നേഹിച്ചവനാണ്.
"മരിച്ചു.. നാലഞ്ചു വർഷമായി"
"ആഹാ...അതെതായാലും നന്നായി..എങ്ങനെയാ മരിച്ചത്"
"അറ്റാക്കായിരുന്നു" എനിക്കവനോട് അല്പം ഈർഷ്യ തോന്നാതിരുന്നില്ല...
"നിനക്ക് നിൻ്റെ അച്ഛനെ കുറിച്ച് എന്താണ് അഭിപ്രായം?"
"നിനക്കും അറിയാവുന്നതല്ലേ...പിന്നെന്താ ഒരു ചോദ്യം?..എൻ്റെ അച്ഛനെ പോലെ മക്കളെ സ്നേഹിക്കാനറിയുന്ന വേറൊരാളെ നിനക്ക് കാണിച്ചു തരാൻ പറ്റുമോ.ആ അച്ഛൻ്റെ മകനായി ജനിക്കാൻ പറ്റിയത് തന്നെ മഹാഭാഗ്യമായി കാണുന്നവനാണ് ഞാൻ"
"ഉം..നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ...പക്ഷെ നിൻ്റെ അച്ഛൻ നരകിച്ച് ചാവണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.. ചാവുന്നതിന് മുമ്പ് ഒന്ന് കാണണമെന്നുണ്ടായിരുന്നു..അതായാളുടെ ഭാഗ്യം.അല്ലെങ്കിൽ എൻ്റെ കൈ കൊണ്ട് അയാൾ ചത്തേനെ"
"എടാ വണ്ടി നിർത്ത് നീയെൻ്റെ അച്ഛനെ തെറി പറയാനാണോ കൂട്ടി കൊണ്ടു പോകുന്നത്"
"മാതൃകാധ്യപകനുള്ള അവാർഡ് രാഷ്ട്രപതിയുടെ കൈയിൽ നിന്ന് വാങ്ങിയ വല്ല്യ മഹാനല്ലേ രാഘവൻ മാഷ്..."അവൻ നിർത്താനുള്ള ഭാവമില്ല
"എടാ മതി..ഇത്രയും പറയാൻ എൻ്റെച്ഛൻ നിന്നോട് എന്ത് ദ്രോഹമാ കാട്ടിയത്.സ്വന്തം മോനെ പോലെയല്ലേടാ നിന്നെ എൻ്റെ അച്ഛനുമമ്മയും കണ്ടത്.മതി... ഇരുപത് വർഷങ്ങൾക്ക് ശേഷം ചെങ്ങാതിയെ കാണാൻ വന്ന എനിക്കിത് കിട്ടണം..നീ എന്നെ ഏതെങ്കിലും ബസ്സ്സ്റ്റോപ്പിൽ ആക്കിയേ..ഞാൻ പോയ്ക്കോളാം"
പെട്ടെന്ന് അവൻ്റെ ഭാവം മാറി.ഇതുവരെ കണ്ട ഫ്രാൻസിസ് ആയിരുന്നില്ല അവൻ.മുഖം ചുകന്നു...ആ ഭാവമാറ്റം എന്നെ അമ്പരിപ്പിച്ചു
"നീ പോവാനാ...നീയിവിട്ന്ന് എൻ്റെ അനുവാദമില്ലാതെ അനങ്ങില്ല ബാലു.നീ അവളെ കാണണം"
"ആരെ?"
"ചന്ദ്രികയെ"
ഞാനൊന്ന് ഞെട്ടി..ചന്ദ്രികയോ..അവൾ..അവളിവിടെ
"എനിക്കവളെ കാണണ്ട...ഒരു കാലം എൻ്റെ സ്വന്തമാണെന്ന് കരുതി ഞാൻ സ്നേഹിച്ച പെണ്ണ്...അവൾക്ക് വേണ്ടിയാണ് ഞാൻ അഞ്ച് വർഷം ദുബായിൽ പോയ് കഷ്ടപ്പെട്ടത്..എന്നിട്ട് ഏതോ അമേരിക്കക്കാരൻ്റെ നിറവും പണവും കണ്ടപ്പോൾ എന്നെ ഒഴിവാക്കി,ഒരു വാക്ക് പോലും പറയാതെ പോയവൾ..ഞാനെന്തിന് അവളെ ഇനി കാണണം... വേണ്ട എനിക്കവളെ കാണണ്ട"
ഫ്രാൻസിസ് അല്പം ശാന്തനായി.
"നീയവളെ കണ്ടേ മതിയാവു...ഇല്ലെങ്കിൽ നിനക്ക് ഈ ജന്മത്തിൽ സ്വസ്ഥതയുണ്ടാവില്ല ബാലു"
എനിക്കൊന്നും മനസ്സിലായില്ല...എന്തിനാണ് ഞാനവളെ കാണുന്നത്...ഒരുനാൾ എൻ്റെ എല്ലാമെല്ലാമായവൾ....അവൾക്കു വേണ്ടി എൻ്റെ പഠിപ്പ് പോലും പാതി വഴിയിൽ ഉപേക്ഷിച്ചു... എന്നിട്ടും അവളെന്നെ...
എന്നായിരുന്നു അവളെ ഞാൻ ആദ്യമായി കണ്ടത്...ഓർമ്മകൾ ഇരുപത് വർഷങ്ങൾക്ക് മുമ്പിലേക്ക് സഞ്ചരിച്ചു..
*********
അന്നൊരു ഞായാറാഴ്ചയായിരുന്നു..ഫ്രാൻസിസിനെ കാണാനുള്ള പതിവ് യാത്ര..പള്ളി മുറ്റത്തെത്തിയപ്പോൾ തന്നെ കുർബാന കഴിഞ്ഞ് ആൾക്കാർ ഇറങ്ങി വരുന്നുണ്ടായിരുന്നു..പലർക്കും പരിചയമുള്ളതിനാൽ എല്ലാവരും എന്നെ നോക്കി ചിരിച്ചു.. ഫ്രാൻസിസ് അവസാനമേ വരികയുള്ളു..അവനാണ് പള്ളി ക്വയറിൻ്റെ ക്യാപ്റ്റൻ..അവൻ നല്ലവണ്ണം പാടും,സ്റ്റേജിൽ കയറി പാടിയിട്ടില്ലെങ്കിലും ക്ലാസിലെ ആസ്ഥാന ഗായകനായിരുന്നു.. അവൻ ഇറങ്ങി വരുന്നു. അവൻ്റെ മുന്നിലായി രണ്ട് മൂന്ന് പെൺകുട്ടികൾ..പെട്ടെന്നാണ് ഞാനാ കാഴ്ച കാണുന്നത്... നീല ബ്ലൗസും വെള്ള പൂക്കളുള്ള മുട്ടുവരെ എത്തുന്ന പാവാടയും ധരിച്ച് ഒരു പെൺകുട്ടി ഒറ്റയ്ക്ക് നടന്നുവരുന്നു..തലയിൽ വെള്ള ഷാൾ ഇട്ടിട്ടുണ്ട്...തല കുനിച്ച് പള്ളി അങ്കണത്തിലെ ഓരോ കൽപടവുകളും എണ്ണിയിട്ടാണ് അവൾ വരുന്നതെന്ന് എനിക്ക് തോന്നി...അവളെ ഒന്ന് കളിപ്പിക്കണമെന്ന് തോന്നി...തൊട്ടു മുന്നിലെത്തിയപ്പോഴാണ് അവൾ തലയുയർത്തി നോക്കിയത്...ഇരുണ്ട നിറം നീളമുള്ള മുടി മെലിഞ്ഞ ശരീരം.അവളുടെ കണ്ണിലേക്ക് ഞാനൊന്ന് നോക്കി..എന്തോ തരംഗം എൻ്റെ ശരീരത്തിലൂടെ കയറി പോയത് പോലെ
"ഇങ്ങനെ താഴെ നോക്കി നടന്നാൽ വല്ല പരുന്തും റാഞ്ചി കൊണ്ടുപോകും കൊച്ചേ"
മറുപടി ഒരു നോട്ടം മാത്രം...ഒന്നും മിണ്ടാതെ അവൾ നടന്ന് പോകുമ്പോഴും അവളുടെ മനസ്സ് എന്നോട് എന്തോ മന്ത്രിച്ചത് പോലെ
"എടാ പ്രാഞ്ചി..ഏതാടാ അവൾ ഇതുവരെ കണ്ടിട്ടില്ലല്ലോ"
"ഓ...അത് ചന്ദ്രിക..നമ്മുടെ വകയിലെ ഒരു പാപ്പൻ്റെ മോളാ"
"ചന്ദ്രികയോ...രസികൻ പേര്..അല്ല ഈ നസ്രാണി പെണ്ണുങ്ങൾക്ക് ആരെങ്കിലും ചന്ദ്രിക എന്ന് പേരിടോ"
"പാപ്പൻ ഒരു അരകവിയാ...മൂപ്പര് ചങ്ങമ്പുഴയുടെ വലിയ ഫാനാ..രമണൻ വായിച്ചിട്ട് ഇട്ട പേരാണ്"
"പാപ്പന് ഈ ഒന്നേയുള്ളൂ?"
"അതേ"
"കഷ്ടമായി പോയി മകനുണ്ടായിരുന്നെങ്കിൽ രമണൻ എന്നിടാമായിരുന്നു"
"മൂപ്പര് കുറച്ച് കൃഷിയുമൊക്കെയായി ഉദയഗിരിയിൽ ആയിരുന്നു താമസം.കഴിഞ്ഞ മഴയ്ക്ക് ഉരുൾപൊട്ടി മുഴുവൻ കൃഷിയും നശിച്ചു..അതിനിടയിൽ ചന്ദ്രികയ്ക്ക് ഇവിടെയുള്ള കോളേജിൽ ഡിഗ്രിക്ക് അഡ്മിഷനും കിട്ടി അതാണ് ഇങ്ങോട്ടേക്ക് താമസം മാറ്റിയത്"
അവൻ പറയുന്നതൊന്നും ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല...അപ്പോഴെക്കും എൻ്റെ മനസ്സ് അവളുടെ പുറകെ ആയിരുന്നു... അവൾ പോയത് എൻ്റെ മനസ്സും റാഞ്ചി കൊണ്ടായിരുന്നു.(തുടരും)
ബിജു പെരുംചെല്ലൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo