Slider

ഒബിറ്റ്യുറി ഭാഗം - 2

0
ഒബിറ്റ്യുറി ഭാഗം - 2
------------------------------
രാവിലെ തന്നെ എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞ് പ്രിൻസി ബാങ്കിലേക്ക് പോകാൻ ഇറങ്ങി. അതിന് മുമ്പ് അവൾ അല്പം നേരം ഇച്ചായന്റെ ഫോട്ടോക്ക് മുൻപിൽ ചെന്ന് നിന്നു. കണ്ണുനീർ അവളുടെ കൺപീലികളെ നനച്ചു.
'ഞാൻ നിന്റെ കൂടെ തന്നെ ഉണ്ട് ' എന്ന് ഇച്ചായൻ പറയും പോലെ തോന്നി. ആ തോന്നൽ പ്രിൻസിക്ക് ഒരു മനശക്തി നൽകി. ആ ഊർജ്ജത്തിൽ അവൾ ജോലിക്ക് പോകാൻ ഇറങ്ങി.
ബാങ്കിൽ എത്തിയപാടെ അവൾ മാനേജരെ ചെന്ന് കണ്ടു. തിരികെ ജോയിൻ ചെയ്യുകയാണെന്ന് അറിയിച്ചപ്പോൾ അദ്ദേഹം സന്തോഷത്തോടെ പ്രതികരിച്ചു. പ്രിൻസിക്കും അതൊരു ആശ്വാസമായിരുന്നു.
പക്ഷെ മറ്റു സഹപ്രവർത്തകരിൽ പലരും പ്രിൻസിയെ സഹതാപത്തോടെ ആണ് നോക്കിക്കണ്ടത്. അതവളിൽ ചെറിയ അലോസരം ഉണ്ടാക്കി. ജോലികൾ വ്യാപൃതയായി അവൾ മനസ്സിനെ നിയന്ത്രിച്ച് നിർത്താൻ ശ്രമിച്ചു.
ഏറെക്കുറെ അവളതിൽ വിജയിച്ചു. പക്ഷെ പലപ്പോഴും അവൾക്ക് വല്ലാതെ പാട് പെടേണ്ടി വന്നു. ഇച്ഛായൻ തന്റെ കൂടെ ഇല്ല എന്ന ചിന്ത അവളെ ഇടയ്ക്കിടെ തോല്പിച്ച്കൊണ്ടിരുന്നു. എരിതീയിൽ എണ്ണ എന്ന പോലെ പലരും അതോർമിപ്പിക്കുകയും ചെയ്തു. ആ സഹതാപവർഷത്തിൽ അവൾക്ക് വേദന തോന്നി.
തിരികെ വീട്ടിൽ എത്തുമ്പോഴേക്കും അവൾ ആകെ തളർന്നിരുന്നു. ശരീരത്തേക്കാൾ മനസ്സാണ് തളർത്തിയത് എന്ന് അറിയാമായിരുന്നു. പിടിച്ച് നിൽക്കാൻ പിന്നെയും ശ്രമിച്ചുകൊണ്ടിരുന്നു.
അവളുടെ മുന്നിലേക്ക് ആനി ചേച്ചി ചായയുമായി വന്നു. അത് കുടിച്ചപ്പോൾ അവൾക്ക് അല്പം ആശ്വാസം തോന്നി. ഒന്ന് ഫ്രഷ് ആയ ശേഷം രണ്ടു പേരും പ്രാർത്ഥനക്കിരുന്നു. അത് മാത്രമേ അവൾക്കാശ്വാസമായുണ്ടായുള്ളൂ.
പിന്നീടുള്ള ദിവസങ്ങളിലും ഇതേ അവസ്ഥ തുടർന്നു. പക്ഷെ തോറ്റ് പിന്മാറാൻ പ്രിൻസി തയ്യാറായില്ല. കുറെ കഴിഞ്ഞപ്പോൾ അവൾ അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. അത് മനസ്സിലാക്കിയവർ പഴയപ്പോലെ അവളോട് ഇടപഴകാൻ തുടങ്ങി. അതവൾക്ക് ആശ്വാസവും നൽകി.
ദിവസങ്ങൾ കൊഴിഞ്ഞു. പ്രിൻസി പതിയെ ജീവിതം പഴയ സ്ഥിതിയിലേക്ക് തിരികെ കൊണ്ട് വന്നു. പക്ഷെ റോയി ഇല്ലാത്തതിന്റെ ശൂന്യത മാത്രം അതേപടി നിലനിന്നു.
ഒരു ഞായറാഴ്ച പതിവ് പോലെ പള്ളിയിൽ പോയി ആനിയും പ്രിൻസിയും. പ്രിൻസിയുടെ നിഴല് പോലെ ആനി ഇപ്പോഴും കൂടെ കാണും. അവർക്ക് പ്രിൻസിയല്ലാതെ മറ്റൊരു ബന്ധുവില്ല. ഉണ്ടെങ്കിൽ പോലും അവരെ ആരെയും ബന്ധുവായി അവർ കരുതിയിട്ടുമില്ല.
പതിവ് പോലെ റോയിയുടെ കല്ലറക്ക് മുൻപിൽ നിൽക്കുമ്പോൾ പ്രിൻസിക്ക് ഒരുപാട് കാര്യങ്ങൾ തന്റെ ഇച്ചായനോട് പറയാൻ ഉണ്ടായിരുന്നു. എല്ലാ വിശേഷങ്ങളും അവൾ റോയിയോട് പറയുക മുൻപും പതിവായിരുന്നു. അതെല്ലാം ക്ഷമയോടെ അയാൾ കേട്ടിരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും അവൾ മനസ്സ്കൊണ്ട് വാചാലയാവുകയാണ്.
ഒരായിരം കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ മനസ്സ് യാഥാർഥ്യത്തിലേക്ക് തിരിച്ച് വന്നു. തന്റെ മുൻപിൽ വാക്കുകൾക്ക് കാതോർക്കാൻ ഇച്ചായൻ ഇല്ലെന്നും അദ്ദേഹം ഈ മണ്ണിൽ അലിഞ്ഞു ചേർന്നിട്ടുണ്ടെന്നും ഉള്ള ഓർമ്മകൾ അവളുടെ കണ്ണുനനയിച്ചു. ഏറെ നേരം അവൾ അവിടെത്തന്നെ നിന്നു.
തിരികെ വീട്ടിൽ വന്നിട്ടും അവൾക്ക് ഒരുന്മേഷവും തോന്നിയില്ല. ഉച്ച ഭക്ഷണം കഴിഞ്ഞ് അവൾ മുറിയിലേക്ക് പോയി. ഏകാന്തതയാണ് ഇപ്പോൾ പ്രിൻസിയുടെ കൂട്ടുകാരി.അവൾ ആ മുറിയിൽ തനിച്ചാണെന്ന് മറ്റുള്ളവർക്ക് തോന്നും. പക്ഷെ, അവൾക്ക് കൂട്ടിന് ഇച്ചായന്റെ ആത്മാവുണ്ടായിരുന്നു. അങ്ങനെയാണ് അവൾ വിശ്വസിച്ചത്.
ഓരോന്നോർത്തു കിടന്ന പ്രിൻസി അറിയാതെ മയക്കത്തിലേക്ക് വീണുപോയി. നിദ്രാ ദേവി അവളെ കടാക്ഷിക്കുന്നത് വല്ലപ്പോഴും ആയതിനാൽ പെട്ടെന്ന് തന്നെ അവൾ ഗാഢനിദ്രയിലാണ്ടു. ആ മയക്കത്തിൽ അവൾ ഒരു സ്വപ്നം കണ്ടു.
ഒരു പെൺകുട്ടി. അവൾ സുന്ദരമായി പുഞ്ചിരിച്ചുകൊണ്ട് വയലിൻ വായിക്കുന്നു. ആ മധുര സംഗീതം ആസ്വദിച്ചുകൊണ്ട് കുറെ പേർ നിൽക്കുന്നു. ആ കൂട്ടത്തിൽ റോയിയും ഉണ്ട്.
പെട്ടെന്ന് ആ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണരുകയായിരുന്നു അവൾ. ആകെ വിയർത്തിരുന്നു. ഒരു സുന്ദരമായ സ്വപ്നം പെട്ടെന്നെങ്ങനെ ദുസ്വപ്നമായി മാറി? പ്രിൻസിക്ക് ആകെ വല്ലായ്മ തോന്നി. ഒരു ഭീതി അവളെ പൊതിയുന്നത് അവളറിഞ്ഞു. പെട്ടെന്ന് തന്നെ അവൾ സ്ഥലകാലബോധം വീണ്ടെടുത്തു. കണ്ടത് വെറും സ്വപ്നമാണ്. അതിനെ ഭയക്കേണ്ടതില്ലെന്ന് അവൾ സ്വയം വിശ്വസിപ്പിച്ചു.
പക്ഷെ അവൾ സ്വപ്നത്തിൽ കണ്ട പെൺകുട്ടി. അതാരാണ്..? എവിടെയോ കണ്ടിട്ടുണ്ട്. പക്ഷെ എവിടെ എന്ന് ഓർത്തെടുക്കാൻ ആവുന്നില്ല. പെട്ടെന്ന് അവൾക്ക് ഓർമ്മ വന്നു. അവൾ ചെന്ന് പത്രക്കെട്ടുകൾക്കിടയിൽ നിന്നും റോയിയുടെ നാല്പത്തൊന്നാം ദിനത്തിലെ പത്രം തിരഞ്ഞെടുത്തു.
അവൾ അതിൽ നോക്കി. അതെ... ഇത് തന്നെ.. ഇസബെല്ല തോമസ്. അതെ താൻ സ്വപ്നത്തിൽ കണ്ടത് ഈ പെൺകുട്ടിയെ തന്നെ ആണ്. ഇവൾ വയലിൻ വായിക്കുന്നു. അത് കേൾക്കുന്നവരുടെ കൂട്ടത്തിൽ തന്റെ ഇച്ചായനും ഉണ്ട്. മാതാവേ... എന്താണിങ്ങനെ? എന്താണിതിന്റെ അർത്ഥം... ? ഇച്ചായൻ അവിടെ സന്തോഷിക്കുകയാണെന്ന് തനിക്ക് കാണിച്ചു തന്നതാണോ..? പക്ഷെ, ആ പെൺകുട്ടി?
അവൾ കരയുന്നതാണ് പിന്നീട് കണ്ടത്. പിന്നെ കണ്ടത് തൂങ്ങിയാടുന്ന രണ്ടു കാലുകൾ.. കർത്താവേ... അത് അവളുടേതാണോ? എന്താണവൾക്ക് സംഭവിച്ചത്...? പ്രിൻസിക്ക് ചിന്താകുഴപ്പമായി. അവൾ വീണ്ടും പത്രത്തിലേക്ക് നോക്കി. ആ മുഖം... അത് അവളുടെ ബോധമണ്ഡലത്തിൽ പറന്നു നടന്നു.
അറിയാവുന്ന മുഖങ്ങളിൽ ഒക്കെ അവൾ ഈ മുഖം തിരഞ്ഞു. പക്ഷെ കണ്ടെത്താൻ ആയില്ല. പതിനെട്ട് വയസ്സിൽ ജീവൻ വെടിഞ്ഞിരിക്കുന്നു. ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ പത്തൊൻപത് വയസ്സ് കാണും. പാവം. അവൾക്ക് തന്നോടെന്തോ പറയാനുണ്ടെന്ന് പ്രിൻസിക്ക് തോന്നി. പക്ഷെ, ഒരു പരിചയവുമില്ലാത്ത തന്നെ, ഈ മുഖം തിരഞ്ഞു വരുന്നതെന്തിനെന്ന് എത്ര ചിന്തിച്ചിട്ടും അവൾക്ക് കണ്ടു പിടിക്കാൻ കഴിഞ്ഞില്ല.
ഇതിനിടയിൽ തന്റെ ഇച്ചായനെയും കണ്ടു. പക്ഷെ അത്ര വ്യക്തമായി ഓർക്കാൻ കഴിയുന്നില്ല. തന്റെ മനസ്സിൽ ആ പെൺകുട്ടിയുടെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇസബെല്ല. ആ പേര് അവൾ മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു.
******
ബാങ്കിൽ തിരക്കിട്ട ജോലികളിൽ വ്യാപൃതയായിരുന്നു പ്രിൻസി. ഈയിടെയായി അവൾ അങ്ങിനെയാണ്. എത്ര ബുദ്ധിമുട്ടുള്ള ജോലിയും അവൾ ധൈര്യപൂർവ്വം ഏറ്റെടുത്തു. മനസ്സ് മുഴുവൻ അതിലേക്ക് സമർപ്പിച്ച് ഓരോ ജോലികളും അവൾ ചെയ്തുകൊണ്ടിരുന്നു. അത്രയും സമയം വേറൊന്നും ചിന്തിക്കാതിരിക്കാനും മനസ്സിനെ പിടിച്ച് നിർത്താനും അവൾ കണ്ടെത്തിയ മാർഗമായിരുന്നു അത്.
"കഴിക്കുന്നില്ലേ പ്രിൻസി..?"
പ്രിൻസി തലയുയർത്തി പുഞ്ചിരിച്ചു. നിഷ ചേച്ചിയാണ്. ഊണ് കഴിഞ്ഞ് കൈകഴുകി വരികയായിരുന്നു അവർ. കഴിക്കാൻ പോകുമ്പോൾ തന്നെയും വിളിച്ചതാണവർ. ജോലി തീരട്ടെ എന്ന് കരുതി പോയില്ല. വിശപ്പും തോന്നിയില്ല. പ്രിൻസി വാച്ചിലേക്ക് നോക്കി. ലഞ്ച് ടൈം തീരാറായിത്തുടങ്ങി. ഇനിയും ഇരുന്നാൽ ശരിയാവില്ല. അവൾ മെല്ലെ ബാഗുമെടുത്ത് പാൻട്രിയിലേക്ക് നടന്നു.
ഊണുകഴിക്കാൻ ഇരുന്നപ്പോളും അവൾക്ക് തീരെ വിശപ്പ് തോന്നിയില്ല. ആനിചേച്ചി ഇഷ്ടപെട്ടതൊക്കെ തയ്യാറാക്കിത്തരാൻ ശ്രമിക്കുന്നുണ്ട്. പാവം... ഒരുപാട് കഷ്ടപ്പെടുന്നുണ്ട് തനിക്ക് വേണ്ടി. പക്ഷെ ഇഷ്ടങ്ങളൊക്കെ മറന്നു പോയിരിക്കുന്നുവെന്ന് അവൾ വേദനയോടെ ഓർത്തു.
കൈകഴുകി മടങ്ങി വരുമ്പോൾ ചെയ്ത് തീർക്കേണ്ട ജോലിയെക്കുറിച്ചായിരുന്നു പ്രിൻസിയുടെ ചിന്ത. ലഞ്ച് ടൈം തീർന്നിരിക്കുന്നു. ബാങ്ക് വീണ്ടും പ്രവർത്തനക്ഷമമായി. തനിക്ക് നേരെ നടന്നടുക്കുന്ന സ്ത്രീയുടെ മുഖത്ത് അവളുടെ കണ്ണുകളുടക്കി. പിന്നെയും രണ്ടടി കൂടി അവൾ നടന്നു.
പെട്ടെന്നാണ് അവൾക്ക് സ്ഥലകാല ബോധം ഉണ്ടായത്. അവൾ തിരിഞ്ഞു നോക്കി. ആ സ്ത്രീ എൻട്രൻസ് കടന്ന് പോയിരിക്കുന്നു. ആ മുഖം... അത് ഇസബെല്ലയുടേതാണ്... ആ തിരിച്ചറിവ് അവളിൽ ഞെട്ടൽ ഉണ്ടാക്കി.
പലതും അവൾ ചിന്തിച്ച് കൂട്ടി. ഒരു വർഷം മുൻപ് മരിച്ചു പോയ പെൺകുട്ടി... ഇതാ കണ്മുന്നിൽ കൂടി കടന്ന് പോയിരിക്കുന്നു. തനിക്ക് തോന്നിയതാണോ..? ആ സംശയവും അവൾക്കുണ്ടായി. അത് തീർക്കാൻ അവൾ പുറത്തേക്കോടി.
(തുടരും)
-ശാമിനി ഗിരീഷ്-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo