
ആണായി ജനിച്ചിരുന്നെങ്കിലെന്ന് ഒരു തവണയെങ്കിലും ആഗ്രഹിക്കാത്ത പെൺകുട്ടികൾ ഉണ്ടാകില്ല. പക്ഷേ ഒരു പെണ്ണായി ജനിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്ന പുരുഷന്മാർ അധികമുണ്ടാകാൻ സാധ്യതയില്ല. ഇത്രയും മതിയല്ലോ കാര്യം മനസ്സിലാക്കാൻ. എന്തിനു പറയുന്നു, മറ്റെല്ലാ സ്ത്രീകളെയുംപോലെ ഞാനും ആഗ്രഹിച്ചിട്ടുണ്ട് ഒരു ആണായി ജനിച്ചിരുന്നെങ്കിലെന്ന്. ഒന്നല്ല, ഒരായിരം തവണ. "അവൻ ആൺകുട്ടിയാ.. അവനു എന്തും ആവാം" എന്നും "നീ പെൺകുട്ടിയാ, അത് മറക്കണ്ട" എന്നും കേട്ടുതുടങ്ങിയ കാലം മുതൽ തുടങ്ങിയതാണ് ആണെന്ന വർഗ്ഗത്തിനോടുള്ള കുശുമ്പ്. "അവർക്ക് ഇരുട്ടിയാലും കളിക്കാം, പെൺകുട്ടികൾ ഇരുട്ടുംമുൻപ് വീട്ടിൽ കേറിക്കോളണം". "അവൻ ആൺകുട്ടിയല്ലേ, അവനു സിനിമയ്‌ക്കൊക്കെ പോകാം, നീ അങ്ങനെയാണോ?". "അവർക്ക് ട്രിപ്പ് പോകാം, നീയെങ്ങനെ പോകാനാ.. അതൊന്നും ശരിയാവില്ല". "അയ്യേ.. പെൺപിള്ളേർ ബൈക്കൊടിക്കോ.. അതൊക്കെ ആൺപിള്ളേർക്ക് ഉള്ളതല്ലേ.."
ഒടുവിൽ ഞാനും വിചാരിച്ചു, ശരിയാവും! അവർക്ക് എങ്ങനെ നടന്നാലും എന്താ കുഴപ്പം. നമ്മൾ അങ്ങനെയാണോ? പെൺകുട്ടികൾ അടങ്ങി ഒതുങ്ങി ജീവിക്കണം. "ആണായി ജനിച്ചവർ ഭാഗ്യവാന്മാർ, എന്തെന്നാൽ ഇന്ത്യാ മഹാരാജ്യം അവർക്കുള്ളതാണ്" എന്നുവരെ കരുതി പാവം ഞാൻ. അവരുടെ ശരികൾക്കും എന്റെ തെറ്റുകൾക്കുമിടയിൽ അന്തംവിട്ടു നിൽക്കാനേ എനിക്കായുള്ളു. അതല്ലെങ്കിലും ഒരാളുടെ ശരികളെന്നും മറ്റൊരാളുടെ തെറ്റുകളാകുമല്ലോ. എന്തൊക്കെ ആയാലും 18 തികയുമ്പോൾ പെൺകുട്ടിയാണെന്നും പറഞ്ഞ് വല്ലവനേം കെട്ടി കുടുംബം നോക്കാനുള്ള മഹാമനസ്കതയൊന്നും എനിക്കില്ലെന്നുള്ള കാര്യം അന്നേ ഞാൻ ഉറപ്പിച്ചതാ. അതുകൊണ്ടുതന്നെ പഠിച്ചു സ്വന്തം കാലിൽ നിൽക്കണമെന്നുള്ള വാശിയുണ്ടായിരുന്നു (എന്നുകരുതി കുത്തിയിരുന്ന് പഠിച്ചിട്ടില്ലെന്നുള്ളത് മറ്റൊരു സത്യം). ആ വാശിപ്പുറത്താണ് ഒരു അവസരം കിട്ടിയപ്പോൾ കാനഡയ്‌ക്ക് വണ്ടി കയറിയത്. ഇവിടെയെത്തി കുറച്ചുനാൾ കഴിഞ്ഞപ്പോൾ തോന്നി ഇതിലും നല്ലത് കെട്ടിപോണതാർന്നൂന്ന്. എന്നാലും അങ്ങനെ തോറ്റുകൊടുക്കാൻ പറ്റില്ലല്ലോ.
ഒരിക്കൽ ഒരു സുഹൃത്തിനോട് സംസാരിക്കുന്നതിനിടയിൽ അറിയാതെ പറഞ്ഞുപോയി, "അടുത്ത ജന്മമെങ്കിലും ആണായി ജനിച്ചമാതിയായിരുന്നു" എന്ന്.
അവൻ തിരിച്ചുചോദിച്ചു, "ആണായി ജനിച്ചാലെന്താ വിശേഷം?".
അവൻ തിരിച്ചുചോദിച്ചു, "ആണായി ജനിച്ചാലെന്താ വിശേഷം?".
"അല്ല, നിങ്ങൾക്ക് തോന്നുമ്പോ തോന്നണപോലെ ചെയ്യാലോ.. കറങ്ങാൻ പോവാം, സെക്കന്റ് ഷോ ക്ക് പോകാം.. എന്തൊക്കെ കാര്യങ്ങളാ..".
"അതെന്താ നിങ്ങടെ കൈയും കാലും കെട്ടിയിട്ടേക്കാണോ..?"
"അങ്ങനെയല്ല, പെൺകുട്ടികൾക്ക് അങ്ങനൊക്കെ പറ്റോ..!"
"അതെന്താ പറ്റാത്തെ? എന്റെ കൊച്ചേ, ആകെ ഒരു ലൈഫ് ഒള്ളൂ. പറ്റണപോലെ ഹാപ്പി ആയി ജീവിക്കാൻ നോക്ക്. ആണല്ല, പെണ്ണാണ്, അടുത്ത ജന്മം എന്നൊക്കെ പറഞ്ഞോണ്ടിരുന്നാ അവിടിരിക്കൊള്ളു!".
ആഹാ.. സംഭവം ശരിയാണല്ലോ. കാര്യം ബോധമില്ലാത്ത കുട്ടിയാണേലും ഇപ്പൊ പറഞ്ഞത് സത്യാണ്. ബ്രോ, ഈ ഉപദേശം കുറച്ചു മുൻപ് ആകാമായിരുന്നു. ആകെയുള്ള ജീവിതം നാട്ടുകാർക്കുവേണ്ടി ജീവിച്ചിട്ട് എന്തിനാ.. എന്തായാലും മരിക്കുമ്പോൾ നന്നായി അടങ്ങി ഒതുങ്ങി തന്നെയാ പെട്ടിയിൽ പോകാ. അതുവരെ പറക്കാമെന്നേ. ആരും ആരേയും കെട്ടിയിട്ടിട്ടില്ല. സമൂഹം കൽപ്പിക്കുന്ന കുറേ 'അരുത്'കളുണ്ട്. അതിൽനിന്ന് നമ്മുടെ ശരികളെ തിരഞ്ഞെടുക്കുക. ഉള്ള നാളത്രയും സന്തോഷമായിരിക്കുക. അപ്പോൾ പറഞ്ഞുവന്നത്.. ഡിയർ ലേഡീസ്, ഇനിയുള്ള ജീവിതമെങ്കിലും ജീവിക്കാൻ നോക്കെന്നേ..
"Die with memories, not with dreams" എന്നാണല്ലോ അതിന്റെ ഒരിത്!
"Die with memories, not with dreams" എന്നാണല്ലോ അതിന്റെ ഒരിത്!
NB: ചെറിയൊരു ഫെമിനിസ്റ്റ് ഉള്ളിലെവിടെയോ ഇല്ലാതില്ല.
by: Minu Varghese
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക