Slider

എന്റെ ഷാനിയും ഒരു ഉമ്മയായി...

0
''അല്ല നബീസൂ.. അന്റെ മോൻ കല്യാണം കയിഞ്ഞിട്ട് ഇതിപ്പോ അഞ്ചാമത്തെ വരവല്ലേ..? അന്റെ മര്വോൾക്ക് ഇതുവരേം വിശേഷം ഒന്നും ആയില്ലേ..?
ഓളെ ഇങ്ങക്ക് ഒരു ആസ്പത്രിയിൽ കൊണ്ടുപോയി കാട്ടിക്കൂടെ...? ഓൾക്ക് വല്ല കൊയപ്പോം ണ്ടാവും..''
ഒരു ബന്ധുവീട്ടിൽ കല്യാണത്തിന് ഞാനും ഷാനിയും ഉമ്മയും കൂടി പോയപ്പോൾ ഉമ്മാടെ അകന്ന ബന്ധത്തിൽ പെട്ട ഒരു താത്താന്റെ ഡയലോഗാണ് ഇത്...
ഉമ്മാന്റെ വക അതിനുള്ള മറുപടി ഡയലോഗ്
'' ഓനിപ്പോ അടുത്ത് വന്നല്ലേയുള്ളൂ.. ആകെ കുറച്ചീസത്തെ ലീവേ ണ്ടാവൂ ഓൻക്ക്... അതൊക്കെ അയിന്റെ സമയാവുമ്പോ ണ്ടായിക്കോളും... ഓളെ കൾപ്പിച്ച് ഓരോന്ന് പറഞ്ഞാ ഓൾക്ക് വേഷമാവൂല്ലേ.. അതോണ്ട് ങ്ങള് ങ്ങളെ പണിനോക്കിം.''
ഉമ്മാന്റെ ആ മാസ്സ് ഡയലോഗ് കേട്ടപ്പോൾ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാനാ അപ്പൊ തോന്നിയത്...
അല്ല പിന്നെ...!!
ഷാനിയേം കൊണ്ട് പുറത്തേക്കിറങ്ങിക്കഴിഞ്ഞാൽ തലമൂത്തവരുടെ ഒരു ഒടുക്കത്തെ ചോദ്യാ ഇത്...
അവളാണേൽ ഇത് കേൾക്കുമ്പോഴേക്കും മോങ്ങാൻ തുടങ്ങും..
ഒരു കരളുറപ്പൂല്ലാത്തൊരു പൊട്ടിപ്പെണ്ണ്..
ഞങ്ങൾക്കില്ലാത്ത ബേജാറെന്തിനാ നാട്ടുകാർക്ക്.. അവർക്കവരുടെ പണിനോക്കിയാൽ പോരെ..
ഉമ്മാടെ ബന്ധു ആയിപ്പോയി... ഇല്ലേൽ അവരുടെ അസുഖം ഞാൻ മാറ്റിക്കൊടുത്തേനേ...
ഉള്ളിൽ അവരോടുള്ള ദേശ്യം കടിച്ചു പിടിച്ചു ഞാൻ അവിടുന്ന് കുറച്ചു മാറിനിന്നു ഷാനിയെ ഒന്നു നോക്കി.
പാവം കണ്ണിൽ ഒരു കുടം വെള്ളം നിറച്ചിരിക്കുന്നു..
വല്ലാത്തൊരു ലോകം തന്നെ...
അന്നു രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോ ഉമ്മ വന്നു പറയാണ്
''മോനേ.. കല്യാണം കയിഞ്ഞിട്ട് നാലു കൊല്ലം ആയില്ലേടാ... നല്ലൊരു ഡോക്ടറെ കാണിച്ച് ഒരു ചെക്കപ്പ് നടത്തിക്കൂടെ.. ''
''ഉമ്മാക്ക് ഇതെന്തിന്റെ കേടാണ്.. രാവിലെ വല്യ ഡയലോഗ് അടിച്ചത് ഇങ്ങള് തന്നെയല്ലേ.. അതൊക്കെ അതിന്റെ സമയം ആവുമ്പോ ഉണ്ടായിക്കോളൂന്ന് പറഞ്ഞ്...''
''അതൊക്കെ അവരുടെ വായ അടപ്പിക്കാൻ പറയുന്നതല്ലേ...
ഉമ്മാന്റ കുട്ടി നാളെത്തന്നെ ഷാനിയേം കൂട്ടി ഒന്നു പോയി നോക്ക്...''
''ഇല്ലുമ്മാ... ഇതിനു വേണ്ടി ഞങ്ങള് ഹോസ്പിറ്റലിൽ പോവില്ല.. കാരണം ചെക്കപ്പൊക്കെ നടത്തി അവൾക്കോ എനിക്കോ വല്ല കുഴപ്പവും ഉണ്ടെങ്കിൽ അതു ഞങ്ങളുടെ ജീവിതത്തെ ബാധിക്കും.. അതോണ്ട് പടച്ചോൻ ഒരു കുഞ്ഞിനെ തരാനുദ്ദേശിച്ചിട്ടുണ്ടെങ്കിൽ
അതിന് ഒരു ചെക്കപ്പും നടത്തേണ്ട ആവശ്യം ഇല്ല'' എന്നും പറഞ്ഞ് കെെകഴുകി ഞാൻ റൂമിലേക്ക് പോയി.
അവളുടെ പണിയൊക്കെ കഴിഞ്ഞ് കുളിച്ച് അവളും റൂമിൽ വന്നു..
അവളുടെ മുഖം രാവിലെ മുതൽ വാടിയിരിക്കുന്നു..
നെഞ്ചിലേക്ക് ചേർത്തിക്കിടത്തി ഞാനവളോട് പറഞ്ഞു...
''ഷാനീ.... നീ ഇങ്ങനെ തൊട്ടാവാടി ആവരുത്... കുറച്ചൊക്കെ ധെെര്യം കാണിക്കണം. ആരേലും എന്തേലും പറയുമ്പോഴേക്കും ഇങ്ങനെ കരയാൻ നിക്കരുത്.. കുറച്ച് സ്ട്രോങ്ങ് ആയി നിന്നു കഴിഞ്ഞാൽ ആരും ഒന്നും പറയില്ലെടി.. ആരെന്തു പറഞ്ഞാലും അപ്പൊത്തന്നെ മറുപടി കൊടുക്കണം,
പിന്നെത്തേക്ക് വെച്ചേക്കരുത്.. ഒന്നുല്ലേലും M.A വരെ പഠിച്ചതല്ലേ നീ..''
''ഇക്കാ.. നമ്മുടൊപ്പം കല്യാണം കഴിഞ്ഞവർക്കൊക്കെ കുട്ടികളായി..
നമുക്ക് മാത്രം...''
''ദേ... പിന്നേം കരഞ്ഞു... ന്റെ മുത്തേ... നമ്മുടെ കല്യാണം കയിഞ്ഞിട്ട് നാലു കൊല്ലം മാത്രമേ ആയിട്ടുള്ളൂ..
മുപ്പതും നാൽപ്പതും കൊല്ലം ഒന്നും ആയിട്ടില്ല ഇങ്ങനെ ഏതു സമയത്തും കിനാവും കണ്ണീരും കൊണ്ട് കാലം കഴിക്കാൻ.. നമുക്കിനിയും സമയം കിടക്കാണ് പെണ്ണേ...''
എന്നും പറഞ്ഞ് നെറ്റിയിൽ സ്നേഹത്തോടെ ഒരു മുത്തം കൊടുത്തപ്പോൾ അപ്പോഴത്തെ അവളുടെ സങ്കടം മാറി..
അമ്പതു ദിവത്തെ ലീവിന് വന്നാൽ അതു തീരും വരേ ഞാനും അവളും അടിച്ചു പൊളിക്കും.. പകൽ സമയത്ത്
കുടുംബത്തോടൊപ്പം വീട്ടിലും ഈവനിങ്ങിൽ അവളേയും കൊണ്ടൊരു ബെെക്ക് യാത്രയും.. എന്റെ ഇഷ്ടവാഹനമായ ചുവന്ന പൾസറിൽ..
വെെകുന്നേരങ്ങളിൽ കടൽ തീരത്ത് അവളേം ചേർത്ത് പിടിച്ച് അസ്തമയസൂര്യനേയും നോക്കിയിരിക്കുമ്പോൾ ഇൗ ലോകം മുഴുവൻ ഞങ്ങളെ അനുഗ്രഹിക്കുന്നുണ്ടെന്ന് തോന്നിപ്പോവും..
അതും കഴിഞ്ഞ് ഇഷ്ട്ടപ്പെട്ട ഭക്ഷണവും കഴിച്ചു വീണ്ടും യാത്ര തുടരും..
രാത്രിയുടെ സൗന്ദര്യത്തെ ആസ്വദിച്ചു കൊണ്ട് തിരക്കില്ലാത്ത വഴികളിലൂടെ ഒരു നീണ്ട യാത്ര..
പിന്നെ നേരെ വീട്ടിലേക്ക്... പുറത്തു നിന്നു എത്ര ഭക്ഷണം കഴിച്ചാലും വീട്ടിൽ വന്ന് ഒരു പിടിയെങ്കിലും കഴിക്കും..
അതു പതിവാണ്.
പിന്നെ നേരെ കിടത്തം.. അന്നും പതിവു പോലെ കിടന്നു... വെളുപ്പിനേ എണീക്കാൻ അവൾ അലാറം വെച്ചിരുന്നു...
രാവിലെ എട്ടുമണി ആയപ്പോൾ ഉമ്മ വന്നു വാതിലിൽ മുട്ടിയപ്പോഴാണ് എഴുന്നേൽക്കുന്നത്.. അലാറം അടിച്ചതു പോലും അറിഞ്ഞില്ല... അവളെ വിളിച്ചുണർത്തിയപ്പോൾ അവൾക്കെന്തോ ഒരു വയ്യായ്മ..
എഴുന്നേൽക്കാൻ മടി കണ്ടപ്പോൾ ഞാൻ കരുതിയത് ഇന്നലത്തെ യാത്രാക്ഷീണം കൊണ്ടാവും എന്നു കരുതി..
അവൾ മെല്ലെ എഴുന്നേറ്റ് അടുക്കളേൽക്ക് പോയി.. കുറച്ചു കഴിഞ്ഞപ്പോഴുണ്ട് ഉമ്മ വന്നു പറയുന്നു അവൾക്കെന്തോ നല്ല ക്ഷീണവും ഛർദ്ദിയും ഒക്കെയുണ്ട്.. നമ്മുടെ ബഷീറിന്റെ ലാബിൽ പോയി ഓളുടെ മൂത്രം ഒന്നു പരിശോധിച്ചു നോക്കാൻ..
സാധാരണ പീരിയഡ് ടെെം കറക്റ്റ് അല്ല.. അതു കൊണ്ട് ആ സംശയത്തിന്റെ പേരിൽ യൂറിൻ ടെസ്റ്റ് ചെയ്താൽ നിരാശപ്പെടേണ്ടിവരും.
എന്നാലും ഉമ്മാടെ നിർബന്ധത്തിന്
വഴങ്ങി ടെസ്റ്റ് ചെയ്യാൻ പോയി..
കഷ്ടകാലത്തിനു അന്നു ഞായറാഴ്ചയും..
ബഷീറിക്കാനെ വീട്ടിൽ പോയി ബെെക്കിൽ കൂട്ടിവന്ന് ടെസ്റ്റ് ചെയ്തപ്പോൾ റിസൾട്ട് പോസറ്റീവ്...
ടെസ്റ്റ് ചെയ്ത പെെസപോലും കൊടുക്കാതെ ബെെക്കെടുത്ത് നേരെ വീട്ടിലേക്ക്...
ഷാനി അടുക്കളേൽ കറിക്കെരിയായിരുന്നു..
അവളെ വാരിയെടുത്ത് സ്നേഹത്തോടെ ഒരു മുത്തം കൊടുത്ത് അവളോട് കാര്യം പറഞ്ഞു..
അതും കണ്ടുകൊണ്ട് ഉമ്മ കയറിവന്നു..
''എന്താടാ...ഇയ്യ് ഈ കാണിക്കുന്നേ... അന്റെ അനിയൻമാരുണ്ടിവിടെ എന്നു മറക്കണ്ട.. കോപ്രായങ്ങളൊക്കെ റൂമിൽ ചെന്ന് മതി..''
ഉമ്മാടെ ആ,ഡയലോഗിൽ ഒന്നു ചമ്മിയെങ്കിലും ആ സന്തോഷ വാർത്ത ഉമ്മാനോട് കൂടി പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് ഉമ്മാടെ കണ്ണുനിറഞ്ഞു...
ഇത്തവണത്തെ ലീവ് തീർന്നത് പെട്ടെന്നായിരുന്നു..
അങ്ങനെ ഒരുപാടു സന്തോഷവും അതിലുപരി ഷാനിയെ ഈ അവസ്ഥയിൽ തനിച്ചാക്കിപ്പോവുന്നതിലുള്ള സങ്കടവും
കൊണ്ട് വീണ്ടും ഗൾഫിലേക്ക്..
അവിടെ എത്തിയ ഉടനെത്തന്നെ ഖഫീലിനോട് കാര്യങ്ങളൊക്കെ പറഞ്ഞ്
ഷാനിയുടെ ഡെലിവെറി ഡേറ്റ് ആവുന്ന ടെെമിലേക്ക് തിരിച്ചുപോവാനുള്ള ലീവ് തരാനും പറഞ്ഞു...
പിന്നീടുള്ള നാളുകൾ വാട്സപ്പിലും വീഡിയോ കോളിലും ഒക്കെ ആയി തീർത്തു..
വീണ്ടും നാട്ടിലേക്ക്..
അവളുടെ ഡെലിവെറി ഡേറ്റിന്റെ നാലുദിവസം മുന്നെ...
പിന്നീടങ്ങോട്ട് പ്രതീക്ഷയുടെ നാളുകൾ..
ഡോക്ടർ പറഞ്ഞ ഡേറ്റിൽ തന്നെ അവളെ അഡ്മിറ്റ് ചെയ്തു.. അവൾക്ക് കുഴപ്പമൊന്നും ഇല്ല..
പിറ്റേ ദിവസവും വേദനയില്ലാത്തതു കൊണ്ട് ഡോക്ടർ പറഞ്ഞു കുട്ടി മഷി കുടിച്ചിരിക്കുന്നു... പെട്ടെന്ന് സിസേറിയൻ നടത്തണമെന്ന്...
പെട്ടെന്ന് കേട്ടപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു പോയി.
തലചുറ്റുന്നതുപോലെ അനുഭവപ്പെട്ടപ്പോൾ ഒരു കസേരയിൽ ഇരുന്നു..
അവളെ ഓപറേഷൻ തിയേറ്ററിലേക്ക് കയറ്റുമ്പോൾ പാവം കണ്ണുകൾ ഇറുക്കി അടച്ചിരിക്കുകയായിരുന്നു.. എന്നെ ഒന്നു നോക്കുക പോലും ചെയ്തില്ല...
പടച്ചവനോട് ന്റെ ഷാനിക്കും കുഞ്ഞിനും ഒന്നും വരുത്തല്ലേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചുകൊണ്ട് ഓപറേഷൻ തിയേറ്ററിന്റെ മുന്നിൽ തന്നെ നിന്നു..
കുറച്ചു കഴിഞ്ഞപ്പോൾ വെള്ളത്തുണിയിൽ പൊതിഞ്ഞ് കുഞ്ഞിനേയും കൊണ്ട് സിസ്റ്റർ വന്നു പറഞ്ഞു ''ഷാനി പ്രസവിച്ചു.. ആൺ കുഞ്ഞാണ്..''
സന്തോഷം കൊണ്ട് കരയണോ ചിരിക്കണോ എന്നറിയാത്തൊരു വല്ലാത്ത അവസ്ഥയിലായി...
ഉമ്മ വേഗം കുഞ്ഞിനെ വാങ്ങി എന്റെ കയ്യിൽ തന്നു..
ഞാൻ സിസ്റ്ററോട് ഷാനിക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്ന് ചോദിച്ചു..
ഇല്ലെന്നു പറഞ്ഞപ്പോഴാണ് ശ്വാസം നേരെ വിണത്..
''ഒന്നു കാണാൻ പറ്റ്വോ അവളെ....?''
''ഡോക്ടറോട് ചോതിച്ചോളൂ''
ഡോക്ടറുടെ അനുവാദത്തോടെ അവളെ കാണാൻ ഞാൻ പോയി.
തളർന്ന് മരവിച്ചുകിടക്കുന്ന അവളെ കണ്ടപ്പോൾ എന്റെ ചങ്ക് പിടഞ്ഞു പോയി..
അടുത്തേക്ക് ചെന്ന് അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തപ്പോൾ
വാടിത്തളർന്ന മുഖം പ്രകശിച്ചു.. വിടർന്ന കണ്ണുകളിൽ അവളുടെ സ്നേഹത്തെ ഞാൻ കണ്ടു.
പരിഹസിച്ചവർക്കും കളിയാക്കിയവർക്കും മറുപടി കൊടുത്തുകൊണ്ട് എന്റെ ഷാനിയും ഒരു ഉമ്മയായി...
എന്നും നെഞ്ചോട് ചേർത്ത് സേനേഹിക്കുന്ന എന്റെ പെണ്ണിന്റെ മുഖത്ത് സന്തോഷം നിറഞ്ഞു നിന്നു...
സ്നേഹവും സംരക്ഷണവും കൊണ്ട്
അവൾക്ക് തണലായി ഈ ജന്മത്തിൽ നേടിയ പുണ്യമായി അവൾക്കായ് ഞാൻ ജീവിക്കുന്നു..!!
ശുഭം
ജാസ്മിൻ സജീർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo