ബാധ പോയ വഴി...
.
രാത്രി..!!
.
ബാധ ഒഴിപ്പിക്കാന്‍ കൊണ്ടുവന്ന പെണ്‍കുട്ടി കളത്തിനുമുന്നില്‍ തളര്‍ന്നിരുന്നു.
“ഹും... ഫട്... സ്വാഹ...!!!”
.
മന്ത്രവാദി ഉച്ചത്തില്‍ എന്തൊക്കെയോ പിന്നെയും അലറി വിളിച്ചു എന്നിട്ട് നിലവിളക്കില്‍ തെളിഞ്ഞു കത്തിക്കൊണ്ടിരുന്ന ഒരു തിരിയെടുത്ത് ആ പാവം പെണ്‍കുട്ടിയെ മൂന്ന് പ്രാവശ്യം ഒഴിഞ്ഞു. ശേഷം തിരി ശിഷ്യന് കൈമാറി
.
ഒരു കൈയില്‍ കിണ്ടിയും, മറുകൈയില്‍ ഒരു പിടി അരിയും പൂവും വാരിയെടുത്ത് ഉച്ചത്തില്‍ മന്ത്രം ജപിച്ചുകൊണ്ട് അയാള്‍ അയാള്‍ പാലച്ചോട്ടിലേക്ക് നടന്നു. കൂടെ പെണ്‍കുട്ടിയുടെ രക്ഷിതാക്കളും, ബാധ ഒഴിപ്പിക്കുന്നത് കാണാന്‍ വന്ന സംശയാലുക്കളായ നാട്ടിലെ ചെറുപ്പക്കാരും...
.
പാല..!!
യക്ഷിപ്പാല..!!
.
മന്ത്രവാദി പാലയ്ക്ക് ചുവട്ടിലെത്തി കിണ്ടിയില്‍ നിന്ന് വെള്ളമൊഴിച്ച് അരിയും പൂവും വിതറി....
കിണ്ടി ശിഷ്യനെ ഏല്‍പ്പിച്ച് തിരി വാങ്ങി... പാലയ്ക്ക് ചുവട്ടില്‍ വച്ചു...
“യക്ഷിയമ്മേ.....!!! ഇതിനെ ഏറ്റെടുക്കണേ...!!!” - മന്ത്രവാദി പാലയ്ക്ക് മുകളിലേക്ക് നോക്കി ഉച്ചത്തില്‍ വിളിച്ചു....
.
കണ്ടുനിന്നവരെയെല്ലാം അദ്ഭുതപരതന്ത്രരാക്കിക്കൊണ്ട്
കത്തുന്നതിരി ആ പാലയ്ക്ക് മുകളിലേക്ക് കയറിപ്പോയി. ഏകദേശം രണ്ടാള്‍ പൊക്കത്തിലെത്തിയപ്പോള്‍ തിരി കെടുകയും ചെയ്തു. കണ്മുന്നില്‍ നടന്ന അദ്ഭുതം വിശ്വസിക്കാനാവാതെ നിന്ന സംശയാലുക്കള്‍ക്ക് നേരെ അയാള്‍ അലറി...
.
“കണ്ടില്ലേ... ദൃഷ്ടാന്തം കണ്ടില്ലേ.....!! പരീക്ഷിക്കരുത്...!! ”
.
മന്ത്രവാദിക്ക് അന്നും ദക്ഷിണയായി നല്ലൊരു സംഖ്യ കിട്ടി.
കോടി മുണ്ടും, ഒരു കുപ്പി കള്ളും.
വൈകാതെ മന്ത്രവാദി പ്രശസ്തനായി.
അങ്ങനെ ഒരു ദിവസം പാലയ്ക്ക് മുകളിലേക്ക് തിരി കയറ്റി വിടുമ്പോള്‍ നാട്ടിലെ കുരുത്തംകെട്ട ഒരാള്‍ തിരിയിലേക്ക് ടോര്‍ച്ചടിച്ചു നോക്കി.
.
ഒരു പല്ലി..!
അതിന്റെ മേല്‍ റബര്‍ ബാന്റിട്ട നിലയില്‍ കത്തുന്ന ഒരു തിരി..!
പാലമരത്തിലേക്ക് കത്തുന്ന തിരി കയറിപ്പോകുന്നതിന്റെ ടെക്ക്നിക്ക് പിടികിട്ടിയ ജനം വൈകാതെ മന്ത്രവാദിയുടേയും, ശിഷ്യന്റേയും ബാധ ഒഴിപ്പിക്കുന്ന പരിപാടിയിലേക്ക് കടന്നു.
- ശുഭം -
Prasanth (fb.com/prasravi)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക