Slider

കല്ല്യാണവീടുകളിലെ കാണാക്കാഴ്ചകള്‍

1
കല്ല്യാണവീടുകളിലെ കാണാക്കാഴ്ചകള്‍
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് പാലക്കാട് ഒരു സുഹൃത്തിന്‍റെ കല്ല്യാണത്തിന് ഞാന്‍ തലേദിവസം പോയിരുന്നു. പാവപ്പെട്ട വീട്ടിലെ പയ്യനായതുകൊണ്ട് വീട്ടില്‍ വച്ചുതന്നെയായിരുന്നു കല്ല്യാണം. രാത്രി എല്ലാവര്‍ക്കും ഭക്ഷണം കൊടുത്തു തുടങ്ങി. ചോറും കോഴിക്കറിയുമാണ് കൂടെ ഉപ്പേരി പപ്പടം അച്ചാര്‍. ഈ പ്രദേശങ്ങളിലെ സാധാരണക്കാരുടെ വീട്ടിലെ കല്ല്യാണങ്ങള്‍ക്ക് തലേദിവസം ഇതാണ് ഉണ്ടാവുക ഇതില്‍തന്നെ കോഴിക്കറിയില്‍ കുമ്പളങ്ങയോ ഉരുളകിഴങ്ങോ ചേര്‍ക്കാറുണ്ട്
അങ്ങനെ ഞങ്ങളൊക്കെ ഭക്ഷണം കഴിച്ചു കഴിഞ്ഞാണ് അവന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ MD യും മാനേജരും ഒന്നു രണ്ടു സ്റ്റാഫുകളും ഒരു ആഢംബര കാറില്‍ വന്നത്. അവന്‍റെ അച്ഛനും അമ്മയും അവരെ ആദരപൂര്‍വ്വം സ്വീകരിച്ചു. ശേഷം അവരെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. MD വളരെ ആസ്വദിച്ചാണ് കഴിച്ചത് പക്ഷേ മാനേജരും സ്റ്റാഫുകളും ഒന്നോ രണ്ടോ വായ കഴിച്ച ശേഷം ഇല മടക്കി എണീറ്റുപോയി അവരുടെ ശരീരഭാക്ഷ പറയുന്നുണ്ടായിരുന്നു അവര്‍ക്കത് ഇഷ്ടമായില്ലെന്ന്.
അവര്‍ പോയതിനു ശേഷം അവന്‍റെ വീട്ടുകാര്‍ വല്ലാതെ വിഷമിച്ചു. എന്നെകൊണ്ട് പറ്റുന്ന രീതിയില്‍ അവനെ ആശ്വസിപ്പിച്ചു. പിന്നീട് കല്ല്യാണം കഴിഞ്ഞ് കുറച്ചു ദിവസത്തെ ലീവിനു ശേഷം അവന്‍ ജോലിക്കു പോയിതുടങ്ങി.. അപ്പോഴേക്കും മാനേജര്‍ ഓഫീസില്‍ പറഞ്ഞു പരത്തിയിരുന്നു നല്ലൊരു ഭക്ഷണം കൊടുക്കാതെ അപമാനിച്ചെന്ന്. ദുഃഖം സഹിക്കവയ്യാതെ അവന്‍ ആ ജോലി രാജിവെച്ചു... പിന്നീട് ഗള്‍ഫില്‍ പോയി നല്ല രീതിയില്‍ ജീവിക്കുന്നു..
വിവാഹങ്ങള്‍ക്കു പോകുന്ന എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് വീട്ടുകാര്‍ തങ്ങളെ ശ്രദ്ധിക്കണമെന്ന്. പക്ഷേ തിരക്കിനിടയില്‍ പലപ്പോഴും അതിഥികളെ വേണ്ടവിധത്തില്‍ സ്വീകരിക്കാന്‍ കഴിയാറില്ല. എത്രയെത്ര പൈസ കടം വാങ്ങിയും ആധാരം പണയപ്പെടുത്തിയുമാണ് ഒരു കല്ല്യാണം നടത്തുന്നത്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ വാങ്ങുന്നതിനിടയില്‍ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടാവും. നെഞ്ചിനുള്ളില്‍ തീപിടിച്ചപോലെ നടക്കുമ്പോള്‍ ആ അച്ഛന്‍മാരുടെ ആങ്ങളമാരുടെ മുഖം ഒന്നു ശ്രദ്ധിച്ചുനോക്കിയിട്ടുണ്ടോ..?
സാമ്പാറില്‍ ഉപ്പില്ല ചോറു വെന്തിട്ടില്ല പായസം നന്നായില്ല എന്നെ അവന്‍ തീരെ മൈന്‍ഡ് ചെയ്തില്ല എന്നൊക്കെ കുറ്റം പറയുമ്പോള്‍ ഓര്‍ക്കണം അവരുടെ മനസ്സിലെ വിങ്ങല്‍...
പെണ്ണിന് ആഭരണം കുറവാണല്ലോ എന്നൊക്കെ കുറ്റം പറയുന്ന സ്ത്രീകളെ കണ്ടിട്ടുണ്ട്. ചില കല്ല്യാണത്തിന് ഭക്ഷണം തികയാതെ വരും അപ്പോള്‍ ആ വീട്ടുകാരുടെ പരിഭ്രമത്തെ കണ്ടിട്ടുണ്ടോ.. വല്ലാത്തൊരവസ്ഥയാണത് ആ സമയത്ത് അവരുടെ കൂടെ നില്‍ക്കണം ആശ്വസിപ്പിക്കണം...
തമിഴ്നാട്ടില്‍ ചില ഹോട്ടലുകളില്‍ എഴുതിവച്ചിട്ടുണ്ട്
'' കുറൈവുകള്‍ ഇങ്കേ സൊല്ലവും
നിറൈവുകള്‍ വെളിയേ സൊല്ലവും''
കല്ല്യാണങ്ങള്‍ക്കു പോകുമ്പോള്‍ അവരുടെ അവസ്ഥയില്‍ നിന്നും ഒരു നിമിഷം ചിന്തിക്കാം നമുക്ക്. ചെറിയ കുറ്റങ്ങളെ കണ്ടില്ലെന്നു നടിക്കാം. മനസ്സുകൊണ്ടെങ്കിലും ചേര്‍ത്തു നിര്‍ത്താം....!!!
വിവാഹക്ഷണപത്രികയിലെ വാചകങ്ങള്‍ പറയുന്നത് '' ആശീര്‍വദിക്കാനും അനുഗ്രഹിക്കാനുമാണ്'' നമ്മളെ ക്ഷണിക്കുന്നത് അല്ലാതെ.....
ഉണ്ണികൃഷ്ണന്‍ തച്ചമ്പാറ ©
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo