Slider

തോമസ് സാറും ബക്കറ്റും

0
തോമസ് സാറും ബക്കറ്റും
"മിസ്റ്റർ തോമസ് യു ആർ ടൂ സ്ലോ'.
തോമസ് സായിപ്പിനെ കണ്ണ് മിഴിച്ച് നോക്കി.
അയാൾ പറഞ്ഞത് തോമസിന് പിടികിട്ടിയില്ലെന്ന് മുത്തുവിന് ഉറപ്പാണ്. എങ്കിലും അയാൾ ഒന്നുമറിയാത്തതുപോലെ നിന്നു.
അനുഭവിക്കട്ടെ ഇവനൊക്കെ.. നാട്ടിലെ വലിയ സാറല്ലേ? എന്തൊരു ജാഡയായിരുന്നു? കിട്ടിയ പണിയോ ബക്കറ്റിന്‌ കുഴയിടീൽ!!!.
താൻ പത്തെണ്ണം ചെയ്യുമ്പോഴാണ് അയാൾ ഒരെണ്ണത്തിന് കുഴയിട്ട് കഴിയുന്നത്.
നാട്ടിലെ പ്രൈവറ്റ് കോളേജിലെ അധ്യാപകനായിരുന്നു തോമസ്. ഇംഗ്ലീഷ് ആയിരുന്നു അയാളുടെ ഇഷ്ട വിഷയം. കുട്ടികൾക്ക് ഏറ്റവും വിഷമമായ ഇംഗ്ലീഷ് ഗ്രാമർ തോമസ് സാറിന് നിസ്സാരമായിരുന്നു.
ഗ്രാമർ പഠിപ്പിക്കുമ്പോൾ മനസ്സിലാക്കുവാൻ പാടുപെടുന്ന കുട്ടികളെ കളിയാക്കുകയും ശിക്ഷിക്കുകയും ചെയ്തിരുന്ന തോമസ് സാർ അമേരിക്കയിൽ ഇപ്പോൾ വെള്ളംകുടിക്കുകയാണ്.
അമേരിക്കൻ നേഴ്‌സിനെ കല്യാണം കഴിക്കുമ്പോൾ തോമസ് സാറിന് വലിയ പ്രതീക്ഷയായിരുന്നു.
"ഇംഗ്ലീഷ് നന്നായറിയാവുന്ന സാറിന് അവിടെ ജോലി കിട്ടുവാൻ ഒരു പ്രയാസവുമില്ല"
തോമസിനെ അറിയാവുന്ന എല്ലാവരും പറഞ്ഞു. എന്നാൽ അയാൾ പ്രതീക്ഷിച്ചതുപോലെ അത്ര എളുപ്പമല്ലായിരുന്നു കാര്യങ്ങൾ.
അയാൾ സ്നേഹിച്ചിരുന്ന ഭാഷതന്നെ അയാൾക്ക്‌ വിനയായി. സായിപ്പിൻറെ ഉച്ഛാരണം മനസ്സിലാക്കുവാൻ പാടുപെട്ട അയാൾക്ക്‌ തിരിച്ചു പറയണമെന്ന് ആഗ്രഹമുണ്ടെങ്കിലും സായിപ്പിനെ കാണുമ്പോൾ ഒന്നും പുറത്തേക്ക് വരുന്നില്ല.
അധ്യാപകൻ, മാനേജർ, സൂപ്പർവൈസർ എന്നീ ജോലികൾക്കാണ് ആദ്യകാലത്ത് അപേക്ഷകൾ അയച്ചുകൊണ്ടിരുന്നത്. രണ്ടു വർഷത്തോളം കാത്തിരുന്നിട്ടും തോമസിന് ജോലിയൊന്നും ലഭിച്ചില്ല. ഇതിനിടയിൽ അവർക്ക് ഒരു പെൺകുട്ടിയും ജനിച്ചു.
അവസാനം ഒരു ഇലക്ട്രിക്ക് കമ്പനിയിൽ തോമസിനെ ഇന്റർവ്യൂന് വിളിച്ചു. അവിടെ ചെന്നപ്പോൾ മലയാളിയായ ജോസും എത്തിയിട്ടുണ്ട്. ഇന്റെർവ്യൂ കഴിഞ്ഞിറങ്ങിയ ജോസിനോട് സായിപ്പ് ചോദിച്ചതെന്തൊക്കെയാണെന്നു തോമസ് ചോദിച്ചു.
.
"മോട്ടോർ വൈൻഡിങ് അറിയാമോ എന്ന് ചോദിച്ചു. അറിയാമെന്ന് ഞാൻ പറഞ്ഞു".
"വൈൻഡിങ് ജോസിനറിയാം അല്ലെ?" തോമസ് ചോദിച്ചു. ജോസ് ചിരിച്ചു. മിടുക്കുള്ളവന്റെ ചിരി!!.
" അറിയുവാൻ പാടില്ലെന്ന് പറഞ്ഞാൽ ജോലി കിട്ടില്ല. വലിയ കമ്പനി ആണ്. ജോലിയിൽ കയറി കഴിഞ്ഞ് പഠിക്കാം"
തോമസിന് അത് ശരിയാണെന്ന് തോന്നി. ജോലികിട്ടുവാൻ സ്വല്പം നുണ പറയുന്നതിൽ കുഴപ്പവുമില്ല.
ഇന്റർവ്യൂ കഴിഞ്ഞ് കാത്തിരുന്ന അവരുടെയടുക്കൽ സായിപ്പ് എത്തി.
"ബോത്ത് ആർ സെലെക്ടഡ്"
തോമസിന് സന്തോഷമായി. ജോസ് വിജയഭാവത്തിൽ അയാളെ നോക്കി.
പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ മറ്റൊരു സായിപ്പ് ഒരു മോട്ടോർ, ചെമ്പുകമ്പി എന്നിവ ഒരു ട്രോളിയിൽ കൊണ്ടുവന്ന് അവരുടെ മുൻപിൽ വെച്ചു. ഇന്റർവ്യൂ ചെയ്ത ആൾ മോട്ടോർ ചൂണ്ടി അവരോട് പറഞ്ഞു.
"ക്യാൻ യു പ്ളീസ് വൈൻഡ് ദാറ്റ് മോട്ടോർ. ഇറ്റ് ഈസ് വെരി അർജെന്റ്”
തോമസും ജോസും മുഖത്തോടു മുഖം നോക്കി അടക്കി ചിരിച്ചു. സായിപ്പ് അകത്തേക്ക്‌കയറിയ സമയം അവർ അവിടെ നിന്നും ഓടി രക്ഷപെട്ടു.
മറ്റൊരു കമ്പനിയിൽ ഇന്റർവ്യൂന് ചെന്നപ്പോൾ സായിപ്പ് ഒരു ഏഴടി പൊക്കമുള്ള ആജാനുബാഹുവായ മറ്റൊരു സായിപ്പിനെ ചൂണ്ടി കാണിച്ചു.
"ഹി ഈസ് നോട്ട് കമിങ് ഫ്രം ടുമോറോ. യു ആർ ഫില്ലിങ്ങ് ഹിസ് പ്ലേസ് "
തോമസ് സൂക്ഷിച്ചു നോക്കി. ഒരു വലിയ ആക്സിൽ ചുമന്നുകൊണ്ട് പോകുന്ന സായിപ്പിനു പകരമാണ് തന്നെ പോസ്റ്റ് ചെയ്തിരിക്കുന്നത്. നാളെവരാം എന്നുപറഞ്ഞ് അവിടെനിന്നും തടിയൂരി.
.
"ഇവിടെ പിടിച്ചു നിൽക്കണമെങ്കിൽ ഏതു ജോലിയും ചെയ്യുവാൻ ത യ്യാറാവണം ആ മുത്തുവിനെ കണ്ടു പടിക്ക്". ആനി പരിഭവിച്ചു.
"പ്രീഡിഗ്രി മാത്രമുള്ള മുത്തുവിനെപ്പോലെയാണോ ഗ്രാജുവേറ്റ ആയ ഞാൻ?" തോമസ് ദേഷ്യപ്പെട്ടു.
ആനി അയാളെ രൂക്ഷമായി നോക്കികൊണ്ട്‌ പറഞ്ഞു.
"നിങ്ങളുടെ യോഗ്യത ഇവിടെ ആർക്കും ആവശ്യമില്ല. അപ്പോൾ പിന്നെ നിങ്ങളും മുത്തുവുമായിട്ട് എന്താണ് വ്യത്യാസം? അല്ലെങ്കിൽ നിങ്ങളിവിടെ പഠിക്കണം."
"ഇനി ഞാൻ പഠിക്കുവാനോ?" തോമസിന് കരച്ചിൽ വന്നു.
"എനിക്ക് നല്ല ജോലി കിട്ടുമെന്നാണെല്ലോ വിവാഹത്തിനു മുൻപ് നീ പറഞ്ഞത് "
"അമേരിക്കയിൽ എല്ലാ ജോലിയും നല്ല ജോലിയാണ്. ഞാൻ മുത്തുവിനോട് പറയാം."
മുത്തു സായിപ്പിനോട് തോമസ് നാട്ടിലെ വലിയ സാറാണെന്ന് പറഞ്ഞു.
സായിപ്പ് കമ്പ്യൂട്ടറിൽ കുറെ ലെറ്ററുകൾ ടൈപ്പ് ചെയ്യുവാൻ തോമസിനെ ഏല്പിച്ചു. ഒരു ദിവസം ഉച്ചവരെ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്ത ലെറ്ററുകൾ പ്രിന്റ് എടുത്ത് സായിപ്പ് പരിശോധിച്ചു. ലെറ്റർ വായിക്കുന്നതിനിടെ പലപ്രാവശ്യം തോമസിനെ നോക്കിയ സായിപ്പ് അവസാനം അയാളെ വിളിച്ചു.
"ഇഫ് യു ഡോണ്ട് നോ...പ്ളീസ് ടയർ ടു സെ നോ."
തോമസ് ദയനീയമായി സായിപ്പിനെ നോക്കി. അലിവുതോന്നിയ സായിപ്പ് ചോദിച്ചു.
"ക്യാൻ യു സെ എനി സ്‌കിൽസ് യു ഹാവ്?'.
തനിക്ക് പഠിപ്പിക്കുവാനല്ലാതെ മറ്റൊരു പണിയും അറിയില്ല എന്ന് തോമസ് ഞെട്ടലോടെ മനസ്സിലാക്കി. എന്തായാലും സായിപ്പ് അയാൾക്ക്‌ കൊടുത്ത പണിയാണ് ബക്കറ്റിന്‌ കുഴയിടീൽ!! അതിലാണെങ്കിൽ അയാൾ വളരെ സ്ലോയും.!!
രണ്ടു ദിവസം കഴിഞ്ഞപ്പോൾ തോമസിന്റെ ലീവിലായിരുന്ന സൂപ്പർവൈസർ ജോലിക്കെത്തി. സൂപ്പർവൈസറെ കണ്ട തോമസ് ഞെട്ടിപ്പോയി
, തന്റെ നാട്ടുകാരനായ സോമൻ!!!
സ്കൂളിൽ പഠിക്കുന്ന സമയം മണ്ടൻ സോമൻ എന്നായിരുന്നു അവനെ എല്ലാവരും വിളിച്ചിരുന്നത്. പഠിക്കുവാൻ വളരെ മോശമായിരുന്ന അവൻ കളിമണ്ണുകൊണ്ടു പ്രതിമകൾ ഉണ്ടാക്കുമായിരുന്നു. അവന്റെ തലയിലും കളിമണ്ണുതന്നെയാണെന്നു തോമസും കൂട്ടുകാരും പലപ്പോഴും പറഞ്ഞിട്ടുണ്ട്.
സോമൻ അടുത്തേക്ക് വന്നപ്പോൾ തോമസ് ബക്കറ്റ് കൊണ്ട് തന്റെ മുഖം മറച്ചു പിടിച്ചു. എന്നാൽ സോമൻ അയാളെ കണ്ടു കഴിഞ്ഞിരുന്നു.
"സാറെ എന്തുണ്ട് വിശേഷം?" സോമൻ ചോദിച്ചു.
അയാൾ കൂടെയുള്ള മാനേജരോട് തോമസ് തന്റെ നാട്ടുകാരനാണെന്ന് പറഞ്ഞു. സോമന്റെ ഇംഗ്ലീഷ് കേട്ടപ്പോൾ തോമസിന് സ്വയം പുച്ഛം തോന്നി. മാനേജർ പറഞ്ഞു
"ഐ ഹോപ്പ് ഹി ഈസ് ആൾസോ സ്മാർട്ട് ലൈക് യു".
ങ്ഹേ!! ....ഇവനെപ്പോഴാണ് സ്മാർട്ട് ആയത്!!?
തോമസ് ചിന്തിച്ചു. ഇനി ഏതായാലും ഇവിടെ ജോലിചെയ്യുന്നതിൽ കാര്യമില്ല. തന്റെ പണി ബക്കറ്റിന്‌ കുഴയിടീലാണെന്ന് ഇവൻ നാട്ടിൽ മുഴുവനും പരസ്യമാക്കും
.
ആനി പറഞ്ഞു
"സാരമില്ല.. തോമസ് ജോലിക്കുപോയില്ലെങ്കിലും നമുക്ക് ജീവിക്കാം. കുട്ടിയെ നോക്കുകയും വീട്ടിലെ പണികളിൽ എന്നെ സഹായിക്കുകയും ചെയ്താൽ വലിയ ഉപകാരമായിരിക്കും. ചൈൽഡ് കെയറിന് ഒരുപാട് പണം ചിലവാകുന്നുണ്ട്"
"ഒരു ഗ്രാജുവേറ്റ് ആയ ഞാൻ പെണ്ണുങ്ങളുടെ പണിചെയ്യണമെന്നാണോ നീ പറയുന്നത്?"
തോമസിന് ദേഷ്യം വന്നു.
"ഞാനും ഒരു ഗ്രാജുവേറ്റ് ആണ് തോമസ്. നേഴ്സിങ് ഗ്രാജുവേറ്റ് . സ്വന്തം കുട്ടിയെ നോക്കുന്നതും വീട്ടിലെ അത്യാവശ്യം ജോലികളും എങ്ങിനെ പെണ്ണുങ്ങളുടെ മാത്രം പണിയാകും?"
തോമസ് തർക്കിക്കുവാൻ പോയില്ല.
'ഹോസ്പിറ്റലിൽ പോയി സുഖിക്കുന്ന അവളോട്‌ പറഞ്ഞിട്ട് ഒരു കാര്യവുമില്ല’. അയാൾ മനസ്സിലോർത്തു.
അയാൾ മനസ്സില്ലാമനസ്സോടെ പിറ്റേദിവസം ജോലിക്കുപോയി. തന്റെ ഗതികേട് ഓർത്ത് അയാൾക്ക്‌ വിഷമമായി. നാട്ടിൽ എല്ലാവരും 'സർ' എന്ന് ബഹുമാനപൂർവ്വം വിളിച്ചിരുന്ന തന്നെ ഇന്നലെ സോമൻ സർ എന്നുവിളിച്ച് പരിഹസിച്ചിരുന്നു.
ബക്കറ്റിൽ കുഴയിട്ടുകൊണ്ടിരുന്നപ്പോൾ സോമൻ തോമസിന്റെ അടുക്കൽ ചെന്നു.
"സർ വളരെ സ്ലോ ആണെന്ന് പരാതിയുണ്ട്" സോമൻ പറഞ്ഞു. തോമസ് അയാളെ രൂക്ഷമായി നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. തോമസിന്റെ വിഷമം മനസ്സിലാക്കിയ സോമൻ പറഞ്ഞു.
"സർ വിഷമിക്കേണ്ട. ആദ്യം എന്റെ പണി ഇതായിരുന്നു. എനിക്ക് കണക്കും ഇംഗ്ലീഷും ബാലികേറാമലയാണെങ്കിലും ഇത്തരം പണികളിൽ താല്പര്യം ഉണ്ടയിരുന്നു എന്ന് സാറിനറിയാമെല്ലോ. പിന്നെ നിങ്ങളെല്ലാം എന്നെ മണ്ടനെന് വിളിച്ചപ്പോൾ എന്റെ താല്പര്യം മനസ്സിലാക്കി സായിപ്പ് എന്നെ ഒരു കോഴ്സിന് വിട്ടു. അത് ഇംഗ്ലീഷും കണക്കും അല്ല. എങ്ങിനെ പ്ലാസ്റ്റിക്കുകൊണ്ട് ബക്കറ്റ് നിർമ്മിക്കും എന്നാണ് പഠിപ്പിച്ചത്"
അയാൾ പറയുന്നത് തോമസ് കൗതുകപൂർവ്വം കേട്ടു. സോമൻ തുടർന്നു "സാറിനും അവസരങ്ങളുണ്ട്. പഠിക്കുവാൻ സമർത്ഥനായ സാറിന് മാനേജ്‌മെന്റ്‌ പഠിക്കാം. പക്ഷെ ആദ്യം വൃത്തിയായിട്ട്, വേഗത്തിൽ ഈ കുഴയിട്ട് കാണിക്കണം. എല്ലാം ഒരു പ്രാക്ടീസ് ആണ് സർ. പിന്നെ നമ്മുടെ ജോലിയോടുള്ള മനോഭാവവും"
തോമസ് അത്ഭുതത്തോടുകൂടി സോമനെ നോക്കി. സോമൻ വളർന്നു ആകാശം മുട്ടി നിൽക്കുന്നതായി അയാൾക്ക്‌ തോന്നി. ഇവൻ സ്മാർട്ട് ആയിരിക്കുന്നു. സായിപ്പിന്റെ നിഗമനം ശരിയാണ്.
'സത്യത്തിൽ ബുദ്ധിയുടെ അളവുകോൽ എന്താണ്?' തോമസ് ചിന്തിച്ചു.
അടുത്ത ദിവസം ജോലിക്കിടയിൽ തോമസിന് ഒരു ചെറിയ നെഞ്ചുവേദന വന്നു. സോമൻ പെട്ടെന്നുതന്നെ ഒരു ആംബുലൻസ് വിളിച്ച് അടുത്ത ആശുപത്രിയിലാക്കി.
എമെർജൻസിയിൽ അഡ്മിറ്റായ അയാൾ അവിടെ ഹോസ്പിറ്റൽ സ്റ്റാഫ് ഓടിനടുക്കന്നത് കണ്ട് അമ്പരന്നുപോയി. നഴ്സുമാർ പാഞ്ഞു നടക്കുന്നു. ഒന്നിനുപുറകെ ഒന്നായി വരുന്ന രോഗികൾ. എല്ലാവരും അത്യാവശ്യക്കാർ. മലയാളിയായ മേഴ്‌സിയാണ് തോമസിന്റെ കാര്യങ്ങൾ നോക്കിയത്. ജോലിയുടെ അതീവ സമ്മർദ്ദമുണ്ടെങ്കിലും മുഖത്തു പുഞ്ചിരിയുമായി തന്നെ സമീപിച്ച മെഴ്‌സിയെ കണ്ടപ്പോൾ അയാൾ ആനിയെ ഓർത്തു.
"മേഴ്‌സി ലഞ്ച് കഴിച്ചോ?" അയാൾ ലോഹ്യം ചോദിച്ചു. അവൾ ചിരിച്ചു.
"അതിനൊക്കെ എവിടെയാ ചേട്ടാ സമയം. നിയമപരമായി ബ്രേക്ക് ഉണ്ടെങ്കിലും എവിടെ വന്നാൽ ഒന്നും കഴിക്കുവാൻ തോന്നില്ല" പെട്ടെന്ന് ഒരു സൈറൺ മുഴങ്ങി. അവൾ ഓടിപ്പോയി. മൂന്നുമണിയായപ്പോൾ ആനി ഡ്യൂട്ടി കഴിഞ്ഞ് എത്തി. തോമസിന് കുഴപ്പമൊന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞു. ഡിസ്ചാർജ് ചെയ്യുന്ന സമയം മുറിയിലേക്കുവന്ന മെഴ്‌സിയുടെ മൂക്കിൽ ഒരു പ്ലാസ്റ്റർ ഒട്ടിച്ചിരിക്കുന്നു.
"എന്തുപറ്റി മേഴ്‌സി? തോമസും ആനിയും ഒരേ ശബ്ദത്തിൽ ചോദിച്ചു.
അവൾ ചിരിച്ചു "പുതിയതായി വന്ന പേഷ്യന്റ് തന്ന സമ്മാനമാണ്. വീട്ടിൽ പൊയ്ക്കോളാൻ സൂപ്പർവൈസർ പറഞ്ഞതാണ്. പക്ഷെ ഇപ്പോൾ ചെന്നാൽ ഡോളർ നഷ്ടമാകുമെന്ന് പറഞ്ഞ് എന്റെ കെട്ടിയവൻ ചീത്ത പറയും. സായിപ്പിനോട് സാരമില്ലെന്ന് നുണ പറഞ്ഞു" അവളുടെ ചിരിയിൽ വേദനയുടെ നനവ് കാണുവാൻ സാധിച്ച തോമസ് ആനിയുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അവൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഹോസ്പിറ്റലിൽ നിന്നും തോമസ് വീട്ടിലെത്തി. പിറ്റേദിവസം പതിവുപോലെ ആനി കുട്ടിയെ എടുത്ത് ജോലിക്കുപോകുവാൻ തയ്യാറായി.
"അവളെ അവിടെ നിർത്തിയെക്കൂ. ഞാൻ നോക്കിക്കൊള്ളാം" തോമസ് പറഞ്ഞു. ആനി അത്ഭുതത്തിൽ അയാളെ നോക്കി.
"ഞാൻ രണ്ടു ദിവസം ഇവിടെയുണ്ട്. ഞാൻ ജോലിക്ക് പോകുമ്പോൾ മാത്രം ചൈൽഡ് കെയറിൽ വിട്ടാൽ മതി".
"തോമസ് ഇനി ബക്കറ്റിന്‌ കുഴയിടുവാൻ പോകണ്ട. ഇഷ്ടമില്ലാത്ത ജോലി ചെയ്തതുകൊണ്ടാണ് നെഞ്ചു വേദന ഉണ്ടായത്. നമുക്ക് വേറെ നല്ല ജോലി കിട്ടുമോ എന്ന് നോക്കാം"
തോമസ് കുട്ടിയെ എടുത്ത് തോളത്തുവെച്ചു . പിന്നെ ചിരിച്ചുകൊണ്ട് പറഞ്ഞു "സാരമില്ല ബക്കറ്റിനു കുഴയിട്ടാൽ മൂക്കിൽ ഇടിയൊന്നും കിട്ടുകയില്ല. മാത്രമല്ല ഞാൻ പഠിക്കുവാൻ തീരുമാനിച്ചു. പഠിച്ചാൽ വീണ്ടും സാർ ആകാം എന്നാണ് സോമൻ പറഞ്ഞത്"
"എനിക്ക് സന്തോഷമായി അമേരിക്കയിൽ വന്നിട്ട് ആദ്യമായിട്ടാണ് തോമസ് സന്തോഷത്തോടെ ചിരിക്കുന്നത് ഞാൻ കാണുന്നത്.
തോമസ് ആനിയെ ആശ്ലേഷിച്ചുകൊണ്ടു പറഞ്ഞു
"നിന്റെ സന്തോഷമല്ലേ എന്റെയും സന്തോഷം"
ആനി അടുക്കളയിലേക്കു കയറി ഒരു ബക്കറ്റ് എടുത്തുകൊണ്ടു വന്നു. അതിന്റെ കുഴ വീട്ടിരുന്നു..
"എങ്കിൽ ഇതിന്റെ കുഴ ആദ്യം ശരിയാക്ക്. ഒരു വർഷമായി ഇതിങ്ങനെ ഇവിടെയിരിക്കുന്നു". അവൾ പറഞ്ഞു. തോമസ് ആനിയുടെ മുഖത്തേക്കും ബക്കറ്റിലേക്കും മാറിമാറി നോക്കി. ഒന്നും പറയാതെ അയാൾ കുട്ടിയേയും കൊണ്ട് ഒരു ചെറു പുഞ്ചരിയോടെ വീടിനകത്തേക്ക് കയറിപ്പോയി.
അനിൽ കോനാട്ട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo