Slider

എരിവ്.

0


\"അമ്മമ്മേ.. അമ്മോടൊന്നു പറയോ കറിക്കിച്ചിരി എരിവ് കൊറയ്ക്കാൻ... ഇത്രേം നേരായിട്ടും നാവൊക്കെ പൊള്ളാണ്... \"

\"ന്റെ കുട്ടൻ കരയണ്ടാട്ടോ.. അമ്മ ജോലി കഴിഞ്ഞു വരുമ്പം അമ്മമ്മ നല്ല അടിവെച്ചു കൊടുക്കാം ... \"

അവനെ മടിയിലേക്കു ഒന്നുകൂടി കയറ്റിക്കിടത്തി, പുറത്തു താളത്തോടെ തട്ടിക്കൊണ്ടു അവർ കണ്ണുകളടച്ചു. ആ തലോടലിന്റെ ഈണത്തിൽ അവനും മെല്ലെ കണ്ണുകളടച്ചു. അതങ്ങനെയാണല്ലോ.. അമ്മൂമ്മയുടെ തലോടലിനു, എപ്പോഴും ഒരമ്മയുടെ വാത്സല്യത്തിനും മുകളിലായി ഒരു മയിൽപ്പീലിയുടെ മൃദുലത കാണും..

ഇതിപ്പോൾ പലപ്പോഴായി കുഞ്ഞു പറയുന്നുണ്ട് കറിക്കെല്ലാം എരിവ് കൂടുതലാണെന്നു. ഒരു പത്തുവയസുകാരന് ഇത്രയും എരിവ് കൊടുക്കരുതെന്ന് പലതവണ അവളെ ശാസിച്ചിട്ടുണ്ട്.. അവൾക്കും അതറിയാമായിരിക്കണം... പക്ഷെ അവൾ കൂട്ടുന്നത് എരിവ് കൂടിയ കറികൾ മാത്രമാണല്ലോ.അങ്ങനെയാണല്ലോ അവൾ പഠിച്ചതും.
ആ മകളെ കുറ്റം പറയാൻ ഈ അമ്മക്കാവില്ലലോ.. ഒരിക്കലും..

ഓർമകളിൽ കടലിരമ്പുന്നുണ്ട്. അതിൽ കാറ്റുംകോളും മാത്രം.

വിധവയായ മുപ്പതുകാരിക്കൊപ്പം ജീവിതത്തെ പകച്ചുനോക്കിയ മൂന്നുമക്കളും, ആ ജീവനുകളെ വെല്ലുവിളിച്ചു എതിരെ നിന്ന പട്ടിണിയും.
ചാണകം മെഴുകിയ തറയിലേക്ക്, മേൽക്കൂര ചോർന്നു കുത്തിയൊലിച്ച മഴത്തുള്ളികൾ....
കീറിയ പായയിൽ ഒരൊറ്റ പുതപ്പിനാൽ ഉറങ്ങിയ മക്കൾക്കുമുന്നിൽ ഉറക്കമില്ലാതെ കാവലിരുന്ന നാളുകൾ...

അന്നത്തെ രാത്രികളും പകലുകളും ഓരോ ചിത്രങ്ങളായിരുന്നു... ഒരിക്കലും നിറം മങ്ങാത്തവ.എന്നാൽ ഭംഗിയില്ലാത്ത നിറങ്ങളാൽ വരച്ചത് .
കേട്യോൻ ഇല്ലാതെ പോയവളുടെ കൂരയുടെ വാതിലിൽ രാത്രി തട്ടലുകൾ കൂടിയപ്പോൾ ഒരു വാക്കത്തിയും, തന്റേടവും മാത്രമായിരുന്നു തുണ.

പകൽ മുഴുവൻ ഇഷ്ടികകച്ചൂളയിൽ പണിയെടുത്തിട്ടും കിട്ടിയിരുന്നതെല്ലാം കുറേ കടങ്ങൾ തീർക്കാനല്ലാതെ മറ്റൊന്നിനും തികഞ്ഞിരുന്നില്ല.
പട്ടിണിയേക്കാൾ വലുതാണ്‌ മാനമെന്നു, \"കാശിനു പകരം നീ വന്നാലും മതി \" യെന്ന് പറഞ്ഞു, പലിശക്കാരൻ ഓർമ്മിപ്പിച്ചു കൊണ്ടിരുന്ന നാളുകൾ.
അന്നത്തെ ഓരോനിമിഷവും ഒരു തരിപോലും വിടാതെ ഓർക്കുന്നുണ്ട്...അതങ്ങനെ മായില്ലല്ലോ മനസ്സിൽനിന്നും.

പണികഴിഞ്ഞുവരുന്ന അമ്മയെ നോക്കി, ഇല്ലിക്കമ്പുകൊണ്ടു കെട്ടിയ വേലിയിൽ പിടിച്ചു നിൽക്കുന്ന പെറ്റിക്കോട്ടിലും വള്ളിനിക്കറിലും ശോഷിച്ചു പോയ മൂന്നു ബാല്യങ്ങൾ..

\"അമ്മേ.. വിശക്കണൂ.. \"

\"മക്കളെ ചോറടുപ്പത്തിരിക്കുവല്ലേ... ഇപ്പം തരാട്ടോ.. \"

മൂന്നാളും തറയിൽ നിരന്നിരിപ്പാണ്. ഇന്നിത്തിരി താമസിക്കുകയും ചെയ്തു.. പണികഴിഞ്ഞു വന്നപ്പോൾ രാത്രിയായിരുന്നു.

\" എന്താപ്പോ ചെയ്ക ഭഗവതിയെ.. \"

മക്കൾക്കു മൂന്നാൾക്കും കൂടി ചോറു തികയില്ലാലോ. കഞ്ഞിയായാലും അതിലും അരിപാകത്തിനു വേണ്ടേ... പറ്റുകാശ് തീർക്കാതെ ഇനി അരി തരില്ലെന്ന പലചരക്കുകടക്കാരന്റെ മുഷിഞ്ഞ മുഖത്തെക്കുറിച്ചു ഈ കുഞ്ഞുങ്ങളോട് പറഞ്ഞിട്ടു എന്തുകാര്യം.
ഞാനെന്തായാലും കഴിക്കുന്നില്ല, പക്ഷേങ്കിലെന്റെ മക്കളെ പട്ടിണിക്കിടാനാവില്ലല്ലോ.

കറിയെന്നു പറയാൻ, മുറ്റത്തു നിന്നിരുന്ന ചേമ്പിന്റെ ഇല കറിയാക്കിയത് മാത്രം. അതുമതിയാകും കറിക്കു... പക്ഷെ....

\"ചോറു താ അമ്മേ... \"

\" ദാ.. ഇപ്പം തരാം മക്കളെ.... \"

ഏന്താ ചെയ്ക ഈശ്വരാ... ഒരു വഴിയെ ഇനിയുള്ളൂ... ഈ അമ്മയോട് പൊറുക്കണേ മക്കളെ... കറിയിലേക്കു കുറേക്കൂടി മുളകുപൊടി വാരിയിടുമ്പോൾ കണ്ണുനിറഞ്ഞൊഴുകുകയായിരുന്നു. അടുപ്പിലെ പുകയെ കാരണമില്ലാതെ ശപിച്ചു, സാരിത്തലപ്പുകൊണ്ട് കണ്ണുതുടക്കുമ്പോൾ എന്നത്തേയും പോലെ മക്കൾ കാണാതെ പുറംതിരിഞ്ഞു നിന്നിരുന്നു.
മക്കൾക്കു മുന്നിലേക്ക്‌ ചോറും കറിയും എടുത്തുവെക്കുമ്പോൾ എന്തോ, കൈകൾ വിറച്ചിരുന്നു.

ഇന്നൊരുപാട് താമസിച്ചു എന്റെ കുട്യോൾ കഴിക്കാൻ. ചൂട് പോലും നോക്കാതെയാണല്ലോ മക്കൾ കഴിക്കുന്നതെന്റെ ഭഗവതിയെ. എന്നോടിത് വേണമായിരുന്നോ.....

\"അമ്മേ..എരിയണൂ.. വെള്ളം താ.. \"

കലത്തിൽ നിന്നു വെള്ളമെടുത്തുകൊടുക്കുമ്പോൾ അവർ ശ്രദ്ധിച്ചു കാണില്ല, പതിവില്ലാതെ കൂടുതൽ വെള്ളമവർക്കു കൊടുത്തത്.

'കുടിക്കട്ടെ. എരിവുകാരണം ഇനിയും കുടിച്ചു വയറു നിറയ്ക്കട്ടെ .അങ്ങനെയെങ്കിലും എന്റെ കുട്യോൾടെ വയറു നിറയട്ടെ...
വേറെ വഴിയില്ലാത്തോണ്ടാ മക്കളെ, ശപിക്കരുതേ ഈ അമ്മയോട്.

\" ഇച്ചിരീംകൂടി വെള്ളം താമ്മേ... എരിയണൂ.. \"

\"കഴിച്ചു കഴിഞ്ഞല്ലോ... ഓടിപ്പോയി കൈ കഴുകിയേച്ചും വാ.. എന്നിട്ട് തരാം.. \"

അവർ കൈകഴുകാൻ പോയനേരം, പാത്രത്തിൽ ബാക്കിവന്ന കറിയെടുത്തു വലിച്ചുകുടിച്ചു. എരിവ് കണ്ടമാനം കൂടി.. എന്തു ക്രൂരതയാണെന്റെ മക്കളോട് ഞാൻ ചെയ്തേ..

\" ദൈവമേ, അടിയത്തുങ്ങളോട് മാപ്പാക്കണേ... വേറൊരു വഴിയും കണ്ടില്ല ഞാൻ \"

\" അമ്മേ, വാ കഴുകീട്ടും എരി പോണില്ല.. ഇച്ചിരി പഞ്ചാര തര്വോ... \"

\"ന്റെ പൊന്നു മക്കളെ... \"

മുട്ടുകുത്തി മൂന്നുമക്കളെയും നെഞ്ചോട് ചേർക്കുമ്പോൾ പിടിവിട്ടു വിതുമ്പിപ്പോയി. ന്റെ മക്കൾക്കു നാവിൽ വെച്ചുതരാൻ പോലും ഒരു മധുരം പോലുമില്ലല്ലോ.. പഞ്ചസാരയും തീർന്നിരിക്കുവാ.

പുറത്തെ തണുപ്പ്, തുറന്ന വാതിലിലൂടെ കുത്തിതുളച്ചു കയറുന്നുണ്ട്. എങ്കിലും ഒരമ്മയുടെ നെഞ്ചിലെ ചൂടിനെ തണുപ്പിക്കാൻ അതിനാവില്ലല്ലോ.

\"എരിയണൂ അമ്മേ.... \"

\"കരയല്ലേ മക്കളെ.... മക്കളോട് അമ്മയൊരു കാര്യം പറഞ്ഞാൽ ചെയ്യോ.. \"

\"ഊം... \"

\"മക്കളിപ്പോ മുറ്റത്തുപോയി നിക്കണം . എന്നിട്ട് വാ തുറന്നു നാവു നീട്ടിപ്പിടിച്ചു നിക്കണം.. നല്ല തണുപ്പാ ഇപ്പം. അപ്പൊ മ്മ്‌ടെ ഭഗോതി ഒരു കാറ്റായി വന്നു ന്റെ കുട്യോൾടെ നാവിനെ തഴുകി എരിയെല്ലാം മാറ്റിതരൂലോ... ഭഗോതിക്ക്‌ കുട്യോളെ വല്യ ഇഷ്ടാ.. ഓടിചെല്ലു.. \"

ഒന്നുപൊട്ടിക്കരയാൻ കൂടി ആവുന്നില്ലാലോ ഭഗവതിയെ. ന്റെ കുട്യോളെ ഇങ്ങനെ വിഷമിപ്പിക്കല്ലേ നീ..

കണ്ണടച്ചു മനമുരുകി പ്രാർത്ഥിക്കവേ, മുറ്റത്തു നിന്ന മൂന്നു ജീവനുകൾക്കു മുന്നിൽ ഒരു തണുത്ത കാറ്റായി ഭഗവതി വന്നു. പതിയെ, വാ തുറന്നു നീട്ടി വെച്ച ആ നാവുകളിലൂടെ ഒരു മധുരം നൽകി, അങ്ങനെയങ്ങു ഒഴുകിപ്പോയി.

\"അമ്മമ്മക്കും എരിയണ്ടോ. കണ്ണു നിറഞ്ഞതെന്തിനാ.. .\"

ഓർമകളിൽ നിന്നും തിരികെ വിളിച്ചത് അവന്റെ ചോദ്യമായിരുന്നു.

\"ഒന്നൂല്യ കുട്ട്യേ... ഒന്നൂല്യ.. \"

അവനറിയില്ലാലോ ഈ അമ്മമ്മക്ക് എരിയില്ലാന്നു.. നീറിയ ജീവിതത്തിന്റെ ഓർമകളിൽ, വരണ്ടുപോയ കണ്ണുകളും, മെലിഞ്ഞ കൈകളുമായി മൂന്നുമക്കളെ നെഞ്ചോടു ചേർത്തുപിടിച്ചുറക്കിയ ഒരമ്മയ്ക്ക് എങ്ങനെ എരിയും...

By: Alvin skaria
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo