നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുളികഴിഞ്ഞു

കുളികഴിഞ്ഞു.. വരാന്തയിലെ കണ്ണാടിയിൽ നോക്കി തലമുടിയിൽ കിളിക്കൂട് തീർക്കുകയാണ് വർക്കിച്ചൻ. ചുണ്ടിൽ ഒരു പ്രേമഗാനം ചൂളമടിയായി ഉയരുന്നു.
ഒതുക്കുകല്ലുകൾ കയറി വന്ന സാറ പറമ്പിൽ നിന്നും ശേഖരിച്ച കൊതുമ്പും ചൂട്ടും മുറ്റത്തേക്ക് ഇട്ടു..
"അല്ല.. നിങ്ങളിതെങ്ങോട്ടാ മനുഷ്യാ.. തുരപ്പൻ കപ്പ മാന്താൻ പോകുമ്പോലെ ധൃതി പിടിച്ച് ??
ഇന്ന് വെട്ടുകാരൻ വരത്തില്ല..
ഷീറ്റടിക്കാൻ ഉണ്ട്.. ഞാൻ ഒറ്റയ്ക്ക് ചെയ്യുകേല..
അല്ല.. എന്നും ഉച്ചയാവുമ്പോൾ അച്ചായനിതെങ്ങോട്ടാ.. ?കുറച്ചായല്ലോ ?!"
"ഹ.. എന്റെ സാറക്കൊച്ചേ.. നീ ആ തങ്കമണിയെ കൂട്ടി ആ ഷീറ്റടി.. രണ്ടാഴ്ച കഴിയുമ്പോൾ, പള്ളിയിൽ പെരുന്നാളല്യോ.. കൈക്കാരന്മാർക്ക് പള്ളിയിൽ പിടിപ്പത് പണിയുണ്ടെടീ..
ഞാൻ വൈകുന്നേരം വരാമെടീ.. "
"എന്നും ഇങ്ങനെ പറയും.. എന്നിട്ട് പാതിരാത്രിയിൽ ആണ് തിരിച്ചു വരുന്നത്..
ആ മറിയ തൂങ്ങി ചത്ത പ്ലാവിന്റെ ചുവട്ടിലൂടെയാ എന്നും വരവ്.. ഒരുപാടു പേര് അവളെ കണ്ടു പേടിച്ചു എന്ന് പറയുന്നു.. ഒരു ദിവസം ഇങ്ങോട്ടു വിളിച്ചോണ്ട് വാ കേട്ടോ "
"അവള് ബഹുസുന്ദരി അല്ലാരുന്നോടീ.. പോരുന്നേൽ പോരട്ടെ "
സാറാമ്മയുടെ കവിളിൽ ചെറുതായി നുള്ളി ഒതുക്കുകല്ലുകളിറങ്ങി വർക്കിച്ചൻ റബ്ബർതോട്ടത്തിലൂടെ നടന്നകന്നു..
സാറമ്മ.. അടുക്കളയിലെ ധൃതി പിടിച്ച പണിക്കിടയിൽ ഒരു കരച്ചിൽ ശബ്ദം കേട്ടു.
"കർത്താവെ ആ അമ്മിണിയാട് കയ്യാലയിൽ നിന്നും താഴോട്ട് ചാടി കഴുത്തിൽ.. കയറു കുരുങ്ങിയെന്നാ തോന്നുന്നേ "
അവൾ അടുക്കളയിൽ നിന്നും പാഞ്ഞോടി മുറ്റത്തു വന്നു താഴോട്ട് നോക്കുമ്പോൾ ഏക മകൻ ഏഴാം ക്‌ളാസ്സുകാരൻ ജോണിക്കുട്ടി ഉറക്കെ കരഞ്ഞു കൊണ്ട് വരുന്നു..
"നീയാരുന്നോടാ.. ചെറുക്കാ.. പേടിപ്പിച്ചു കളഞ്ഞല്ലോ.. ഞാൻ വിചാരിച്ചു. ആ കോലേൽ കേറി ആട് വീണ്ടും കയ്യാലയിൽ നിന്നും താഴോട്ട് ചാടിയെന്ന് ..!"
ജോണിക്കുട്ടി കരച്ചിലോടെ ഒതുക്കുകല്ലുകൾ കയറി വന്നു. കൈയിലിരുന്ന സ്കൂൾ ബാഗ് വരാന്തയിലേക്കിട്ടു. അരമതിലിൽ ഇരുന്ന്, വീണ്ടും കരയാൻ തുടങ്ങി..
"കർത്താവെ.. എട്ടുകൊല്ലം മക്കളുണ്ടാവാതെ, കരഞ്ഞു, പ്രാർത്ഥിച്ചു, നേർന്നുണ്ടായ മകനാണ് ഇങ്ങനെ കരയുന്നത്.. "
മുഖമാകെ ചുവന്നു തുടുത്തിരിക്കുന്നു. കാര്യമായ മനപ്രയാസം.. !!
അമ്മച്ചിയുടെ മനസ്സ് വിങ്ങി..
"എന്നാത്തിനാ അമ്മച്ചിയുടെ പൊന്നുമോൻ കരയുന്നെ ?? ടീച്ചർ അടിച്ചോ ?കൂട്ടുകാർ വഴക്കിട്ടോ. ?"
"ഞാനിനി പഠിക്കാൻ പോണില്ല.. !"
"ങ് ഹേ.. അതെന്നാ തീരുമാനമാണെടാ ഉവ്വേ.. കാര്യം പറ.. അമ്മച്ചി പരിഹാരം ഉണ്ടാക്കാം.. "
"അപ്പച്ചൻ കൂട്ടുകാരുടെ മുന്നിൽ എന്നെ നാണം കെടുത്തി.."
ജോണിക്കുട്ടി അമ്മച്ചിയുടെ കച്ചമുണ്ടിന്റെ അറ്റം പിടിച്ചു മൂക്ക് തുടച്ചു.
അവൻ ഏങ്ങലടിച്ചു കൊണ്ട് പറയാൻ തുടങ്ങി..
"അമ്മച്ചി ഞാനും, കൂട്ടുകാരും കൂടി ഇന്ന് പള്ളിക്കവലയിൽ കൂടിയാ വന്നെ.. സ്കൂൾ വിട്ട്..
ജോജോയുടെ വീട്ടിൽ നിന്നും പനിനീർ ചാമ്പങ്ങ പറിക്കാനായിട്ട്..
കവലയിലെ ആ കെട്ടിടത്തിന്റെ വരാന്തയിൽ അപ്പൻ.. ചെവിയിൽ മച്ചിങ്ങ കമ്മലുമിട്ട്.. തലയിൽ പ്ലാവില തൊപ്പിയും വച്ച് കളിക്കാരുടെ ഇടയിൽ ജോക്കറായി ഇരിക്കുന്നു. "
പോരാത്തതിന് അവിടെ ഉള്ള പൈപ്പിൽ നിന്നും വെള്ളമെടുക്കാൻ വരുന്ന പെണ്ണുങ്ങൾ വെള്ളം നിറച്ച കലങ്ങൾ നിലത്തു നിന്നും പൊന്തിക്കുമ്പോൾ അപ്പനും കൂട്ടുകാരും കൂടി ഒരു ഒച്ചയുണ്ടാക്കും.. അതോടെ പെണ്ണുങ്ങൾ നാണിച്ചിട്ട് കലം താഴെ വച്ചിട്ട് പോകുവാ.. "
"അതെന്നാ ഒച്ചയാടാ മോനെ.. "
ജോണിക്കുട്ടി കക്ഷത്തിൽ തന്റെ കൈപ്പത്തി വച്ച് അമുക്കി ഒരു ശബ്ദം ഉണ്ടാക്കി..
"ദേ ഈ ശബ്ദം.. "
"ശ്ശേ.. എന്റെ കർത്താവെ.. ഈ മനുഷ്യൻ പള്ളിയിലേക്കാണെന്ന് പറഞ്ഞു പോകുന്നത് ഇതിനാണോ .?! "
ജോണിക്കുട്ടിയുടെ ശബ്ദവും ബഹളവും കേട്ടു അങ്ങോട്ട്‌ വന്ന തങ്കമണി പറഞ്ഞു..
"ശരിയാ സാറാച്ചേടത്തി.. അച്ചായൻ സ്ഥിരം ചീട്ടുകളി സ്ഥലത്താ.. ചീട്ടുകളി സംഘത്തെ പേടിച്ചു പെണ്ണുങ്ങൾ ഇപ്പോൾ വേറെ സ്ഥലത്താ വെള്ളമെടുക്കാൻ പോകുന്നത്..
ചേടത്തി.. ഇതുവരെ ഇതറിഞ്ഞില്ലേ.?!. "
തങ്കമണി കെട്ടിയോനെ കുറ്റം പറഞ്ഞത് ഇഷ്ടമായില്ല എങ്കിലും.. ഒന്നും മിണ്ടാതെ.. അവളെയും കൂട്ടി കൊണ്ട് പോയി ഷീറ്റടിക്കാൻ തുടങ്ങി..
ഷീറ്റടിച്ചു കൊണ്ടിരിക്കുമ്പോൾ.. തങ്കമണി വാതോരാതെ, ചീട്ടുകളി സംഘത്തെ പറ്റി പറഞ്ഞു കൊണ്ടിരുന്നു ..
എല്ലാം കേട്ടു കോപം പൂണ്ട സാറ,
കട്ടിയുള്ള റബ്ബർ ഷീറ്റുകൾ മുറുക്കമുള്ള അച്ചിൽ പുഷ്പം പോലെ അടിച്ചെടുത്തു.. .
"ചേടത്തി.. കട്ടിയുള്ള ഷീറ്റ് ഇങ്ങനെ ഒറ്റയടിക്ക് വല്യ അച്ചിൽ, കറക്കരുത്.. നടുവുളുക്കും.. "തങ്കമണി മുന്നറിയിപ്പ് നൽകി..
രാത്രി പത്തുകഴിഞ്ഞപ്പോൾ.. ദൂരെ നിന്നും വർക്കിച്ചന്റെ പാട്ട് കേട്ടു.. ഒറ്റയ്ക്ക് രാത്രിയിൽ വരുമ്പോൾ, പേടി ഉണ്ടാവാതെ ഇരിക്കാനുള്ള സൂത്രം !.
നടക്കല്ലുകൾ കയറി വരുമ്പോൾ വർക്കിച്ചൻ കണ്ടു.. എളിയിൽ കൈ കുത്തി മുടിയഴിച്ചിട്ടു നിൽക്കുന്ന പെമ്പിളയെ..
"ഹോ പള്ളിയിൽ എന്നാ തിരക്കായിരുന്നു.. എന്നറിയാവോടീ.. ?"
ചോദ്യത്തിന് മുമ്പേ വർക്കിച്ചൻ സാറയോട് പറഞ്ഞു..
"നിങ്ങൾ ഇന്നും ആ പുളിങ്കള്ള് കുടിച്ചോ.. അച്ചനോട് ഞാൻ ചോദിക്കട്ടെ.. ?പള്ളിയിൽ കള്ള് കച്ചവടം ഉണ്ടോന്ന്..?"
"എടീ.. അതു പിന്നെ വേനലല്ലേ.. ദേഹം തണുപ്പിക്കാൻ"
"നാളെ മുതൽ ഇങ്ങനെ താമസിച്ചു വന്നാൽ വീട്ടിൽ കയറ്റത്തില്ല.. പറഞ്ഞേക്കാം "
പിറ്റേന്ന്.. 11മണിയായപ്പോൾ തന്നെ വർക്കിച്ചൻ ധൃതി പിടിച്ചു കുളിച്ചൊരുങ്ങി.. പോകാനിറങ്ങി..
"ഊണ് കഴിക്കുന്നില്ലേ.. "
"സമയം ഇല്ലെടീ.. നേരത്തേ ചെല്ലാൻ അച്ചൻ പറഞ്ഞിട്ടുണ്ട്.. "
"മനുഷ്യാ.. പള്ളിയിലേക്കാണെന്നു പറഞ്ഞു നിങ്ങൾ പോകുന്നത്.. ചീ ട്ടുകളിച്ചു, തോറ്റു കഴുതയായി ഇരിക്കാനാണെന്നു ഞാൻ അറിഞ്ഞല്ലോ.. നാണമില്ലേ നിങ്ങൾക്ക്.. ??"
"എന്റെ സാറക്കൊച്ചേ.. ആരുപറഞ്ഞേടീ.. ഈ നട്ടാൽ കുരുക്കാത്ത നുണ.. പളളിയിലെ ജോലിയൊക്കെ തീർത്തു.. ഞങ്ങൾ കൂട്ടുകാർ ചുമ്മാ സമയം കളയാൻ.. അല്ലാതെ എന്താ.. ശ്ശേ.. ശ്ശേ.. കഷ്ടം.. നീ കണ്ടോ.. എന്നെ.. ങ്‌ഹേ.. "
കൂടുതൽ വാഗ്വാദത്തിനു നിൽക്കാതെ വർക്കിച്ചൻ.. വേഗം സ്ഥലം കാലിയാക്കി.
കുറച്ചു കഴിഞ്ഞ് തങ്കമണി വന്നു..
"ചേടത്തി..അച്ചായൻ ചീട്ടുകളി സ്ഥലത്തിരുപ്പുണ്ട്.. "
പള്ളിക്കവലയിൽ സാധനം വാങ്ങി മടങ്ങി വന്ന തങ്കമണി, അടുക്കളയിൽ ജോലിയിലായിരുന്ന സാറാമ്മയോട് പറഞ്ഞു..
സാറാമ്മ.. താടിക്ക് കൈവച്ചു സങ്കടപ്പെട്ട് ഇരുന്നു..
"ആ മനുഷ്യന്.. വീട്.. പറമ്പ്.. കൃഷി.. പള്ളി.. എന്നല്ലാതെ മറ്റൊരു ചിന്ത ഉണ്ടായിരുന്നില്ല.. മനുഷ്യൻ ഇങ്ങനെ കേടാകുമോ "
"തങ്കെ.. അതിയാൻ ഉച്ചയ്ക്ക് ഊണുകഴിക്കാതെയാ പോയത്‌.. "
"ചേടത്തി.. ചീട്ടുകളിക്കാർക്ക് വേണ്ടി നമ്മുടെ ചെല്ലമ്മ പരിപ്പുവടയും കട്ടൻചായയും ഒക്കെ ഉണ്ടാക്കി നല്ല പൈസ ഉണ്ടാക്കുന്നുണ്ട്.. "
സാറാമ്മ.. കുറച്ചു നേരം.. ആലോചിച്ചു.. അപമാനം കൊണ്ട് വീർപ്പുമുട്ടി പറഞ്ഞു..
"അതാണ്.. അതു തന്നെ കാര്യം.. ആ ലീലാമ്മയും പെണ്ണുങ്ങളും കുറച്ചായി.. പള്ളിയിൽ വച്ചു കാണുമ്പൊൾ എന്റെ നേരെ ആക്കിയുള്ള ഒരു കളിയാക്കലും, കുശുകുശുപ്പും !!.. "
അവളുടെ തൊണ്ടയിടറി..
മുറ്റത്ത്‌ നിന്നും.. ഒരു വിളി കേട്ടു.
"ചേച്ചിയേ.. "
"ഓ.. ഗ്രേസി.. ".
കോട്ടയത്തെ സെൻറ് തെരേസ കോളജിൽ ഡിഗ്രിയ്ക്ക് പഠിക്കുന്ന
വർക്കിച്ചന്റെ പുന്നാര പെങ്ങൾ.. അവധിക്കു വന്നിരിക്കുന്നു
"എന്നതാ ചേച്ചി.. കണ്ണുനിറഞ്ഞു ഇരിക്കുന്നെ.. ചേച്ചി കരഞ്ഞോ.. എന്നാ പറ്റി.. "
ചോദ്യം കേട്ടുകൊണ്ട് അങ്ങോട്ട്‌ വന്ന തങ്കമണി അച്ചായന്റെ കാര്യങ്ങൾ ഗ്രേസിയോട് പറഞ്ഞു..
മുറ്റത്തേക്ക് ചാഞ്ഞു നിൽക്കുന്ന പേരയിൽ നിന്നും. ഒരു പേരയ്ക്ക പറിച്ചെടുത്തു കടിച്ചു കൊണ്ട് ഗ്രേസി പറഞ്ഞു .
"ഇതിനാണോ ചേച്ചി കരയുന്നെ ?
ഇച്ചായനെ നമുക്ക് ശരിയാക്കാം..ഇന്ന് തന്നെ.. ഞാൻ ഒരാഴ്ച കഴിഞ്ഞേ പോകുന്നുള്ളൂ.. സ്റ്റഡിലീവാ.. "
ജോണിക്കുട്ടി ഓടിവന്നു ആന്റിയെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ കൊടുത്തു.
അവനും നിറകണ്ണുകളോടെ അപ്പച്ചൻ മൂലം കൂട്ടുകാരുടെ മുന്നിൽ നാണം കെട്ടു പോയ കഥ പറഞ്ഞു..
എല്ലാം കേട്ട ശേഷം ഗ്രേസി കാര്യമായി ആലോചിച്ചു..
പതിവുപോലെ..വർക്കിച്ചൻ.. ചെത്തുകാരൻ നാണുവിന്റെ കൈയിൽ നിന്നും വയറു നിറയെ കള്ള് വാങ്ങിക്കുടിച്ചു.. ചീട്ടുകളി കഴിഞ്ഞ് വീട്ടിലേക്കു നടന്നു..
ചന്ദ്രികാ ചർച്ചിതമായ രാത്രി..
നിലാവിന്റെ തൂവെളിച്ചം.. വഴിയിലെങ്ങും നിഴലും വെളിച്ചവും പെയ്യിക്കുന്നു..
സുഖദമായ കാറ്റിൽ കുറ്റിപ്പാലപ്പൂക്കളുടെ ഗന്ധം..
ദൂരെ എവിടെ നിന്നോ പട്ടികൾ ഓരിയിടുന്ന ശബ്ദം. !
അകാരണമായ ഒരു ഭയം.. വർക്കിച്ചന്റെ ഉള്ളിൽ പതിവില്ലാതെ നാമ്പെടുത്തു.
മറിയ..തൂങ്ങി ചത്ത പ്ലാവ് ദൂരെ നിലാവിൽ കുളിച്ചു നിൽക്കുന്നു..
പ്ലാവിന്റെ മുന്നിലെ ഉരുളൻ പാറയിൽ ആരോ ഇരിക്കുന്നതായി വർക്കിച്ചന് തോന്നി..
പ്ലാവിന്റെ അടുത്ത് എത്തുമ്പോൾ.. ഉരുളൻ പാറയുടെ മുകളിൽ പുറം തിരിഞ്ഞിരുന്നു തേങ്ങി കരയുന്ന ഒരു സ്ത്രീരൂപം..
ചുരുളൻ മുടി അഴിഞ്ഞുലഞ്ഞു കിടക്കുന്നു..
കുടിച്ച കള്ള്.. ആവിയായി പൊങ്ങുന്നത് അയാളറിഞ്ഞു.
ആ രൂപത്തിലേക്ക് നോക്കാതെ.. വേഗം മുന്നോട്ട് നടന്നു..
തിരിഞ്ഞു നോക്കിയപ്പോൾ.. ആ സ്ത്രീ രൂപത്തെ കാണുന്നില്ല..
അന്തരീക്ഷത്തിൽ ആകെ മൂടൽമഞ്ഞു വ്യാപിച്ചു..
വർക്കിച്ചൻ വേഗത്തിൽ മുന്നോട്ട് നടന്നു..
പെട്ടെന്ന് പൊട്ടിവീണത് പോലെ അയാളുടെ മുന്നിൽ.. ചട്ടയും മുണ്ടുമണിഞ്ഞു.. മുടി അഴിച്ചിട്ടു നിൽക്കുന്നു.. ഒരു പെണ്ണ്..
"ഇച്ചായോ.. ചുണ്ണാമ്പുണ്ടോ.. "അവൾ പൊട്ടിച്ചിരിച്ചു.
കർത്താവെ മറിയ..!!
വർക്കിച്ചന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങി.
"കർത്താവീശോമിശിഹായെ.. അടിയനെ..കാത്തുകൊള്ളണമേ."
എന്ന അമർത്തിയ നിലവിളിയോടെ
പിന്തിരിഞ്ഞു ഓടാൻ ഭാവിച്ചപ്പോൾ കുറ്റിക്കാട്ടിൽ നിന്നും അവൾ ഇറങ്ങി വരുന്നു..
ആകെ വികൃതമായ ആ സ്ത്രീ രൂപത്തിന്റെ മുഖത്ത് നിന്നും നാവ് നീണ്ടു കിടന്നത് നിലാവെളിച്ചത്തിൽ അയാൾ കണ്ടു...
അവൾ വർക്കിച്ചന്റെ നേരെ കൈനീട്ടി.
അയാളുടെ മുട്ടുകൾ കൂട്ടിയിടിച്ചു.. തല പെരുത്തു.. വലിയൊരു നിലവിളിയോടെ വർക്കിച്ചൻ ബോധരഹിതനായി നിലത്തു വീണു.
"അമ്മച്ചി. അപ്പച്ചൻ വീണു.. "
ജോണിക്കുട്ടി കൈയിലിരുന്ന പുകച്ചട്ടി ദൂരേയ്ക്ക് എറിഞ്ഞിട്ട് അപ്പന്റെ അടുത്തേക്ക് ഓടിയെത്തി.
സാറാമ്മയും, തങ്കമണിയും, ഗ്രേസിയും.. കൂടി ബോധരഹിതനായ വറീച്ചനെ താങ്ങിപ്പിടിച്ചു വീട്ടിലേക്കു നടന്നു.
അപ്പന്റെ ഉരിഞ്ഞു പോയ മുണ്ടും ചെരിപ്പും..യക്ഷിയുടെ, മുഖമൂടികളുമായി ജോണിക്കുട്ടി മുന്നിൽ നടന്നു..
ഒരാഴ്ച വർക്കിച്ചൻ പനിച്ചുകിടന്നു..
പിന്നീട്
രാത്രിയിൽ മുറ്റത്തിറങ്ങാൻ പോലും സാറാമ്മ കൂടെ വേണമെന്നായി.
ഭർത്താവിന്റെ മാറ്റം സാറാമ്മയിൽ സന്തോഷം ജനിപ്പിച്ചു..
ഒരാഴ്ച കഴിഞ്ഞു ഹോസ്റ്റലിലേക്ക്‌ മടങ്ങുന്ന പുന്നാര നാത്തൂനെ കെട്ടിപ്പിടിച്ചു കവിളിൽ പഞ്ചാരമുത്തവും.കൊടുത്തു. വട്ടയപ്പം, അച്ചപ്പം, അച്ചാറുകൾ, അവലോസുണ്ട, ചക്ക വറുത്തത് തുടങ്ങിയ കാഴ്ച ദ്രവ്യങ്ങളും.. പോക്കറ്റ് മണിയും, നൽകി സാറാമ്മ യാത്രയാക്കി..
തങ്കമണിക്ക് ഒരു പുതിയ സാരി വാങ്ങി നൽകി..
കെട്ടിയോൻ നന്നാവാനായി.. പുണ്യാളന്മാർക്ക് നേർന്ന മെഴുകുതിരി കത്തിക്കാൻ ആയി ദൂരെയുള്ള പാറേൽ പള്ളിയിൽ പോയി മടങ്ങി വന്ന സാറാമ്മ കാണുന്നത്.!!
പറമ്പിന്റെ അതിർത്തിയിൽ ഉള്ള തോട്ടിറമ്പിലെ, ആഞ്ഞിലിച്ചുവട്ടിൽ.. ചീട്ടുകളി നടക്കുന്നതാണ്.. സംഘത്തിന്റെ അരികിൽ.. പാതിയൊഴിഞ്ഞ കള്ളിന്റെ കുടം..
സാറാമ്മയുടെ മുഖം ചുവന്നു.
"ചേടത്തിയെ.. ഞങ്ങൾ അച്ചായനെ തേടി വന്നതാ.. അപ്പോൾ അച്ചായന് ഒരാശ.. ചീട്ടുകളിക്കണമെന്ന്.. അതാ "
ചീട്ടുകളി സംഘത്തിലെ ഒരുത്തൻ.. സാറാമ്മയുടെ കോപം കൊണ്ടു ചുവന്ന മുഖത്തേക്ക് നോക്കി ഇളിഭ്യതയോടെ പറഞ്ഞു..
സാറാമ്മ വർക്കിച്ചനെ നോക്കി.. മച്ചിങ്ങാ കമ്മലും.. പ്ലാവിലത്തൊപ്പിയും അണിഞ്ഞ വർക്കിച്ചൻ സാറാമ്മയുടെ നോട്ടത്തിൽ നാണിച്ചു മുഖം കുനിച്ചു.
Deepa.K
****************************************

1 comment:

  1. നന്നായി ആസ്വദിച്ചു, കട്ടിയുള്ള ഷീറ്റ് വലിയ അച്ചിൽ വെച്ച് ഇങ്ങനെ കറക്കരുത്, നടുവുളുക്കും.. അപ്പൻ പറഞ്ഞിട്ടുണ്ട് ഇതേ വാക്കുകൾ.ഒരുപാട് നന്ദി.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot