Part 13
സാന്ദ്ര പറയുന്നു...
*************************
*************************
“ഞാൻ സാന്ദ്ര... ”
തുടർന്നൊരു നിശബ്ദതയായിരുന്നു കുറേ നേരം. അവൾ തന്റെ കഥ എങ്ങനെ തുടങ്ങണമെന്നാലോചിക്കുകയാണെന്നു തോന്നി.
“----- രുന്നു എന്റെ വീട്. ” അവൾ സ്ഥലപ്പേരു പറഞ്ഞു. “നാട്ടിൻപുറത്തെ ഒരു സാധാരണ പെൺകുട്ടി. തനി നാടൻ പെണ്ണ്.
എന്റെ അനിയനായിരുന്നു ശങ്കു… ശങ്കരൻ നമ്പൂതിരി എന്നൊക്കെ വല്യ പേരുണ്ട് കക്ഷിക്ക്. പക്ഷേ എല്ലാർക്കും അവൻ ശങ്കുവായിരുന്നു. ” അവളുടെ മുഖത്തൊരു പുഞ്ചിരി വന്നു മാഞ്ഞു
“ എന്റെ പാവം ശങ്കു. ആരോടും അധികം ചങ്ങാത്തമില്ല. എന്നോടു മാത്രം വല്ലാത്ത ഇഷ്ടമായിരുന്നു. ചണ്ടൂന്നാ വിളിക്കുക. എനിക്കും അവൻ കഴിഞ്ഞിട്ടേ മറ്റെന്തും ഉണ്ടായിരുന്നുള്ളൂ... സന്തോഷമായിരുന്നു ജീവിതം. ഞാനും അവനും അച്ഛനും അമ്മയും കൂടെ ഒരു സന്തുഷ്ട കുടുംബം.
അങ്ങനെ എനിക്ക് 23 വയസ്സായപ്പോളാണ് എല്ലാം പതിയെ തകിടം മറിഞ്ഞു തുടങ്ങിയത്. എന്റെ ജാതകത്തിൽ പറഞ്ഞിരുന്നത്രേ 23 വയസ്സു മുതൽ കുടുംബത്തിൽ പല വിധ ദോഷങ്ങളായിരിക്കുമെന്ന്. അച്ഛൻ അതു ഭയന്നിരിക്കുകയായിരുന്നു.
എല്ലാം മുന്കൂട്ടി കണ്ട് പരിഹാര ക്രിയകളൊക്കെ തുടങ്ങിയെങ്കിലും ഫലമുണ്ടായില്ല.
വൈകിട്ട് മുറ്റമടിക്കാനിറങ്ങിയയതായിരുന്നു എന്റമ്മ. കാലിലെന്തോ കടിച്ചെന്നു തോന്നി. ശ്രദ്ധിച്ചില്ല പാവം. ഞങ്ങളും കാര്യമായെടുത്തില്ല. വീട്ടിലെ പണിയെല്ലാം കഴിഞ്ഞ് കിടക്കാനൊരുങ്ങുമ്പോഴാണ് അമ്മ തലകറങ്ങി വീണത്. പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. കരിമൂർഖനായിരുന്നു. ഞങ്ങടെ സ്വന്തം സർപ്പക്കാവിലെ ... എന്നും സന്ധ്യക്ക് ഞാൻ വിളക്കു കൊളുത്തി പ്രാർത്ഥിച്ചിരുന്ന നാഗത്താൻ... അവൻ എന്റെ അമ്മയെ കൊണ്ടു പോയി.
അതിലെനിക്കിപ്പൊ സങ്കടമില്ലാട്ടോ. ഇപ്പൊ എപ്പ വേണെങ്കിലും ഓടി വരും എന്റമ്മ. നിങ്ങൾക്കതു മനസ്സിലാവില്ല. സമയമാവട്ടെ.“ അവൾ വീണ്ടും ചിരിച്ചു.
”അമ്മയുടെ മരണ ശേഷം അച്ഛനാകെ മാറി. യാതൊന്നിലും താല്പ്പര്യമില്ലാതായി. എന്നെയോ അനിയനെയോ തീരെ ശ്രദ്ധിക്കാതായി. എന്നോടെന്തോ ദേഷ്യം പോലെയായിരുന്നു. എല്ലാം എന്റെ കുറ്റമാണല്ലോ. എനിക്കല്ലേ ജാതക ദോഷം.
അങ്ങനെയിരിക്കെ ശങ്കുവിലും ചില മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചു. പുതിയ ചില കൂട്ടുകെട്ടുകൾ... പുതിയ ശീലങ്ങൾ. പഠിത്തമൊക്കെ നിർത്തി അവൻ. എന്നിട്ട് ആരുടെയോ ഓട്ടോ ഓട്ടിക്കലാണിപ്പൊ പണി. എന്നോടൊക്കെ സംസാരം നന്നേ കുറഞ്ഞു.
അച്ഛൻ ശ്രദ്ധിക്കാതായതോടു കൂടി തറവാടാകെ ക്ഷയിക്കാൻ തുടങ്ങി. കൃഷിയായിരുന്നു ഞങ്ങടെ പ്രധാന വരുമാനം. അതേതാണ്ട് നിലച്ച മട്ടായി. പല തരം ലോണുകളുണ്ടായിരുന്നു. കൃഷി ആവശ്യത്തിനും, എന്റെ പഠനത്തിനും ഒക്കെയായിട്ടെടുത്തത്... അതൊക്കെയങ്ങനെ കിടന്നു പെരുകി. എന്നും രാവിലെ കടക്കാരെ കണികണ്ടാണുണരുന്നത്.
തീരെ നിവൃത്തിയില്ലാതെ വന്നപ്പോൾ അച്ഛൻ തറവാട്ടു സ്വത്തെല്ലാം വില്ക്കാൻ തീരുമാനിച്ചു. ഒത്തിരി ഭൂമിയുണ്ടായിരുന്നു ഞങ്ങൾക്ക്. പക്ഷേ എല്ലാം കാടു പിടിച്ചു കിടക്കുകയാണെന്നു മാത്രം. പാടം വരെ നശിച്ചു പോയി. പക്ഷേ വാങ്ങാനാരും വന്നില്ല.
വീട്ടിലെ കാര്യങ്ങൾക്ക് ആകെ എനിക്കു കിട്ടുന്ന തുച്ഛ വരുമാനം മാത്രമായി. നേഴ്സുമാർക്കൊക്കെ എന്തു കിട്ടുമെന്നറിയാമല്ലൊ. ടൗണിലേക്കുള്ള യാത്രയും മറ്റു ചിലവുകളുമൊക്കെ കഴിഞ്ഞാൽ, കഷ്ടി ഞങ്ങൾ മൂന്നു പേർക്കും മൂന്നു നേരം ഭക്ഷണം കഴിക്കാം. അത്ര മാത്രം. ശങ്കു ഒന്നിനും സഹായിച്ചില്ല. അവനു കാശുകൊണ്ട് മറ്റു ചില ആവശ്യങ്ങളായിരുന്നു. ചോദിക്കാൻ ചെന്നാൽ വയലന്റാകും. ചിലപ്പോ ചേച്ചിയാണെന്നു നോക്കില്ല. ഉപദ്രവിക്കും. വല്ലാത്ത കഷ്ടപ്പാടിന്റെ നാളുകളായിരുന്നു.
ഒരിക്കൽ ഞാൻ അവന്റെ മുറി വൃത്തിയാക്കാൻ കേറിയപ്പോഴാണ് പ്രശ്നം എത്രത്തോളം ഗുരുതരമാണെന്നു മനസ്സിലായത്. മുറിക്കുള്ളിൽ നിറയെ ചന്ദനത്തിരിയുടെ രൂക്ഷ ഗന്ധം. ഞാനാകെ തകർന്നു പോയി . കാരണം മറ്റെന്തെങ്കിലും മണം മറയ്ക്കാനല്ലാതെ അവൻ ഒരിക്കലും ചന്ദനത്തിരി കത്തിക്കില്ലെന്നെനിക്കുറപ്പായിരുന്നു. മദ്യമാണെന്നാണാദ്യം കരുതിയത്. പക്ഷേ...“ അവൾ ദീർഘ ശ്വാസത്തോടെ ആ സോഫയിലേക്കു ചാരി.
“ പക്ഷേ അവനോടതൊക്കെ ചോദിക്കാൻ പേടിയായിരുന്നു എനിക്ക്. അതുകൊണ്ടാണ് ഞാനാ മണ്ടത്തരം കാണിച്ചത്. ഞാൻ അച്ഛനോട് വിവരം പറഞ്ഞു.
അന്നു രാത്രി അതു ചോദിക്കാൻ ചെന്നതാണച്ഛൻ...“ അവൾ മുഖം പൊത്തി വിങ്ങിപ്പൊട്ടി ”ഒരിക്കലും നടക്കാൻ പാടില്ലാത്തതാണന്നു നടന്നത്. ശങ്കു പൊടുന്നനെ അക്രമാസക്തനായി മാറി. പിശാചു ബാധിച്ചതു പോലെ അവൻ അച്ഛനെ അടിച്ചു വീഴ്ത്തി. പിന്നെ കയ്യിൽ കിട്ടിയതെല്ലാമെടുത്തവൻ അദ്ദേഹത്തെ തല്ലിച്ചതച്ചു.തടയാൻ ചെന്ന എന്നെയും അവൻ വെറുതേ വിട്ടില്ല... എന്നല്ല, എന്റെ നേരേയുള്ള അവന്റെ നോട്ടം തന്നെ മാറിയിരുന്നത് ഞാൻ ശ്രദ്ധിച്ചു. ഒരു പെങ്ങളെ നോക്കുന്ന പോലെയായിരുന്നില്ല അത്. ഞാൻ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.
രാത്രി തന്നെ ആളുകളോടിക്കൂടി. പത്തു പന്ത്രണ്ടു പേരു കൂടി പിടിച്ചിട്ടാണവൻ നിന്നത്. കഞ്ചാവിന്റെ ലഹരിയൊന്നുമല്ല, അവൻ തികച്ചും ഒരു മനോരോഗി ആയിത്തീർന്നിരിക്കുന്നു എന്നു ഞങ്ങൾക്ക് മനസ്സിലായതപ്പോഴാണ്.
കയ്യും കാലുമെല്ലാം വരിഞ്ഞു കെട്ടി അവനെ കൊണ്ടു പോയ ആ കാഴ്ച്ച... ഹൃദയം തകർന്നു പോയി എന്റെ.എല്ലാത്തിനും കാരണം എന്റെ ജാതക ദോഷം! ഒന്നു കരയാൻ പോലുമാകാതെ ഞാനാകെ മരവിച്ചു പോയി.
23 വയസ്സു തികഞ്ഞാൽ ഇവൾ ഈ കുടുംബം നശിപ്പിക്കും എന്നാണല്ലോ നക്ഷത്രങ്ങളുടെ തീരുമാനം. ഞാൻ ജനിക്കും മുൻപേ അവരാ തീരുമാനമെടുത്തിരുന്നിരിക്കണം.
അതിനു ശേഷം ഒരിക്കലും എന്റെ അച്ഛൻ എഴുന്നേറ്റു നടന്നു കണ്ടിട്ടില്ല. സദാ സമയവും കിടക്കയിലായിരുന്നു. ഒത്തിരി ചികിൽസ ചെയ്തു . എല്ലാ വൈദ്യന്മാരും പറഞ്ഞു അച്ഛനു പ്രശ്നമൊന്നുമില്ലെന്ന്. എഴുന്നേറ്റു നടക്കാനാവുമെന്ന്. പക്ഷേ അച്ഛൻ എഴുന്നേറ്റില്ല. എപ്പോഴും എനിക്കു പുറം തിരിഞ്ഞ് അച്ഛൻ ആ കട്ടിലിൽ തന്നെ കഴിച്ചു കൂട്ടി.
കുടുംബം തകരാനിനി ഒന്നും ബാക്കിയില്ല. നക്ഷ്ത്രങ്ങൾക്കിപ്പൊ സമാധാനമായിക്കാണണം. എന്റെ കണ്ണീർ തോർന്ന ഒരു നിമിഷം പോലുമുണ്ടായിരുന്നില്ല.
ശങ്കുവിനെ ചികിൽസിച്ച ഡോക്ടർ പറഞ്ഞു അവന്റെ തലച്ചോറിന്റെ പല ഭാഗങ്ങളും ദ്രവിച്ചു പോയത്രേ. മയക്കു മരുന്നിന്റെ അമിതോപയോഗമാണു കാരണം. ആ കൊച്ചു പ്രായത്തിൽ അവൻ ഉപയോഗിച്ചു നോക്കാത്ത മരുന്നുകളില്ലായിരുന്നു. പക്ഷേ, എന്തിന് ? എനിക്കിന്നും ഉത്തരമില്ലാത്തൊരു ചോദ്യമാണത്.
കോടതിയുടെ നിർദ്ദേശ പ്രകാരം അവനെ ഒരു മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഏതാണ്ട് ഒരു വർഷത്തോളം!
അതോടെ എന്റെ ശാപ നക്ഷത്രങ്ങൾ അടങ്ങി. അവർക്കു മതിയായിക്കാണും.
തിരിച്ചു വന്ന ശങ്കു ഒരു പുതിയ മനുഷ്യനായിരുന്നു. ചികിൽസ കൊണ്ട് സാരമായ ചില മാനസീക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സംസാരം ഏതാണ്ട് നിലച്ച പോലെയായി. ഒന്നോ രണ്ടോ വാക്കുകൾ മാത്രം. സദാ സമയവും ചിന്ത. ഇടക്കിരുന്നു കരയും. അച്ഛന്റെ കിടക്കക്കരികിൽ നിന്നു മാറില്ല ചിലപ്പോൾ. കുറ്റബോധം കൊണ്ട് നീറുകയായിരുന്നു അവൻ. കഞ്ചാവു പോയിട്ട് ഒരു ബീഡിപ്പുക പോലും അവനു കിട്ടരുത്. ഇനി ഇങ്ങനെ വന്നാൽ ഒരു ചികിൽസക്കും അവനെ രക്ഷിക്കാനാവില്ല എന്നും പറഞ്ഞാണ് ഡോക്ടർ അവനെ എന്നെ ഏല്പ്പിച്ചത്.
പതിയെ പതിയെ എല്ലാം മാറി വന്നു. അച്ഛൻ എഴുന്നേറ്റു നടന്നു തുടങ്ങി. അവൻ സദാ സമയവും അച്ഛനെ ശുശ്രൂഷിച്ച് കൂടെത്തന്നെ നടന്നു. പക്ഷേ എന്റെ മുഖത്തേക്കു നോക്കാൻ പോലും മടിയായിരുന്നു അപ്പോഴും. പക്ഷേ, ഞാനെല്ലാം മറന്നിരുന്നു. എല്ലാം ക്ഷമിച്ചിരുന്നു. തകർന്നടിഞ്ഞു എന്നു കരുതിയ എന്റെ കുടുംബം വീണ്ടും ഉയർത്തെഴുന്നേല്ക്കുകയല്ലേ . ഞാൻ വല്ലാതെ സന്തോഷിച്ചു.
അങ്ങനെയിരിക്കെയാണ് ആ മനുഷ്യൻ എന്റെ ജീവിതത്തിലേക്കു കടന്നു വരുന്നത്.” അവൾ സംസാരം നിർത്തി. മുഖം മാറിവരുന്നത് മാത്യൂസ് ശ്രദ്ധിച്ചു. വല്ലാത്തൊരു ഭാവം.
“ഞാൻ ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിലെ ഒരു പേഷ്യന്റായിരുന്നു അയാൾ. എന്തോ ആക്സിഡന്റിൽ പരിക്കു പറ്റി വന്നതാണ്. ഏതാണ്ട് രണ്ടാഴ്ച്ച അയാൾ അവിടെ അഡ്മിറ്റായി കിടന്നു. കൂടെ നില്ക്കാൻ ആരുമില്ലായിരുന്നു. അതുകൊണ്ടായിരിക്കണം എനിക്കെന്തോ അയാളോടൊരു പ്രത്യേക താല്പ്പര്യം തോന്നി . എപ്പോഴും ഒരു സങ്കടമാണാ മുഖത്ത്. പതിയെ പതിയെ ഞങ്ങൾ തമ്മിൽ അടുത്തു. അയാളുടെ സങ്കടം മാറിക്കോട്ടെ എന്നു കരുതിയാണ് ഞാൻ എന്റെ ജീവിതകഥ മുഴുവൻ അയാളോടു പങ്കു വെച്ചത്. അതിനേക്കാൾ വല്യ ട്രാജഡിയൊന്നും എന്തായാലും അയാൾക്കുണ്ടാകില്ലല്ലോ. പക്ഷേ എന്റെ പ്രതീക്ഷയൊക്കെ തെറ്റി. അയാളുടെ കഥയും മറ്റൊന്നായിരുന്നില്ല. ചെറു പ്രായത്തിലേ അപ്പനുമമ്മയുമൊക്കെ നഷ്ടപ്പെട്ടതാണ് . ഇപ്പൊ ആകെയുള്ളതൊരു അനിയനാണ്. അയാളാണെങ്കിൽ അപ്പോൾ എവിടെയാണെന്നു പോലുമറിയില്ല ... എന്റേതു പോലെ തന്നെയൊരു ദുരന്ത ജീവിതം.
രണ്ടാഴ്ച്ച കഴിഞ്ഞ് അയാൾ ഡിസ്ചാർജ്ജായപ്പോഴേക്കും ഞങ്ങൾ വല്ലാതെ അടുത്തിരുന്നു. പക്ഷേ അപ്പോഴും എനിക്കു പേടി, ഇനി എന്റെ ജാതക ദോഷം കൊണ്ട് അയാൾക്കെന്തെങ്കിലും സംഭവിക്കുമോ എന്നായിരുന്നു. എന്നാൽ അയാൾ അതൊക്കെ ചിരിച്ചു തള്ളി. ജാതകമൊക്കെ കീറി അടുപ്പിലിട്ടു കത്തിക്കാൻ പറഞ്ഞു.
അങ്ങനെ ജീവിതത്തിലാദ്യമായി ഞാൻ ആ സുഖമറിഞ്ഞു. പ്രണയത്തിന്റെ സുഖം. പിന്നീടങ്ങോട്ട് ഞാൻ സ്വപ്ന ലോകത്തായിരുന്നു. ഞാനും അയാളും മാത്രമുള്ളൊരു സുന്ദര ലോകത്ത്.
വീട്ടിൽ അറിഞ്ഞാൽ ഒരിക്കലും സമ്മതിക്കില്ലെന്നെനിക്കുറപ്പായിരുന്നു. ക്ഷയിച്ച തറവാടാണെങ്കിലും അഭിമാനിയാണച്ഛൻ. പക്ഷേ പിരിയാനൊക്കുമോ. അസ്ഥിയിൽ പിടിച്ച പ്രേമമല്ലേ! “ അവളുടെ മുഖത്ത് ഒരു പുച്ഛ ഭാവം വന്നു ”എന്റെ ജീവിതവും പ്രശ്നങ്ങളുമൊക്കെ ഇതു പോലെ മനസ്സിലാക്കുന്ന വേറൊരാൾ ഇനി വരാനില്ലെന്നു ഞാൻ ഉറപ്പിച്ചു. അതുകൊണ്ടു തന്നെ ഞാൻ അയാളെ വല്ലാതെ വിശ്വസിച്ചു. ഒടുവിൽ ഒരു ദിവസം രണ്ടും കല്പ്പിച്ച് എന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി.
ഞങ്ങൾ തമ്മിലുള്ള ബന്ധമൊന്നും പറഞ്ഞില്ല ആരോടും. കൂടെ ജോലി ചെയ്യുന്ന ഒരാളാണെന്നു പറഞ്ഞു. ആ മനുഷ്യന് വല്ലാത്തൊരു ആകർഷണീയതയുണ്ടായിരുന്നു. കാഴ്ച്ചയിൽ മാത്രമല്ല, പെരുമാറ്റത്തിലും. ശങ്കുവുമായിട്ടൊക്കെ പെട്ടെന്ന് തന്നെ അടുത്തു അയാൾ. അച്ഛനും വല്യ കാര്യമായി. ചുരുങ്ങിയ കാലം കൊണ്ടു വീട്ടിലെ ഒരംഗത്തെപ്പോലെയായി അയാൾ.
കട ബാദ്ധ്യത തീർക്കാൻ കുറേ സ്ഥലം വില്ക്കാൻ തീരുമാനിച്ചിരുന്നു എന്നു പറഞ്ഞല്ലോ ആ ജോലിയൊക്കെ അയാൾ ഏറ്റെടുത്തു. അത്ഭുതം പോലെ കച്ചവടമെല്ലാം വളരെ പെട്ടെന്നു നടന്നു. ഏതോ ആയുർവേദ റിസോർട്ടുകാർ ഞങ്ങളുടെ സ്ഥലം മുക്കാലും വാങ്ങി. ഒക്കെ ആ മനുഷ്യന്റെ കഴിവായിട്ടു കരുതി എല്ലാവരും.
പക്ഷേ... ഇതെല്ലാം വളരെ ബുദ്ധിപൂർവ്വം പ്ലാൻ ചെയ്തു നടത്തിയ ഒരു വൻ ചതിയായിരുന്നെന്നു ഞാൻ മനസ്സിലാക്കിയപ്പോഴേക്കും വല്ലാതെ വൈകിപ്പോയിരുന്നു.
അയാളുടെ വാക്കു വിശ്വസിച്ച് അയാൾ പറഞ്ഞിടത്തെല്ലാം ഞാൻ കൂടെ പോയി. പറഞ്ഞതെല്ലാം ചെയ്തു. കാരണം അയാൾക്കെന്നെ അറിയാം... എന്റെ പ്രശ്നങ്ങൾ അയാളും അനുഭവിച്ചതാണ്. ഇതെല്ലാം അറിഞ്ഞിരുന്നിട്ട് വീണ്ടും എന്നെ വേദനിപ്പിക്കാൻ മനുഷ്യനായി പിറന്ന ആർക്കും മനസ്സു വരില്ലല്ലൊ എന്നൊക്കെ ഞാൻ കരുതി. പക്ഷേ…
ഞാൻ നേരത്തേ പറഞ്ഞില്ലേ? എന്റെ ഭാഗ്യ ജാതകം! ആ ജാതക ദോഷങ്ങൾ അവസാനിച്ചിട്ടില്ലായിരുന്നു. എന്റെ കുടുംബം വേരോടെ നശിക്കണം. എങ്കിലേ ആ കണക്കുകളൊക്കെ ശരിയാകൂ. അതിനായിട്ട് വിധി എനിക്കു കരുതി വെച്ചിരുന്നത് ഞാനൊരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു.
ഞാൻ ഗർഭിണിയായി!
അതോടെ തീർന്നു എല്ലാം!
വിവരമറിഞ്ഞതും ആ മനുഷ്യന്റെ ഭാവം മാറി. അന്നു വരെ കാണാത്ത പുതിയൊരു മുഖം. എനിക്കാദ്യം മനസ്സിലായില്ല. കാരണം, തലേന്നു വരെ ഞങ്ങൾ കല്യാണക്കാര്യം ചർച്ച ചെയ്തതാണ്. തല്ക്കാലം റെജിസ്റ്റർ മാരിയേജ് നടത്താമെന്നൊക്കെ സമ്മതിച്ച ആ മനുഷ്യൻ ...
കല്യാണം എന്നൊരു ചിന്ത പോലും അയാൾക്കുണ്ടായിരുന്നില്ലത്രെ! നീയെന്തൊരു പൊട്ടിപ്പെണ്ണാണെന്നു പറഞ്ഞ് അയാൾ എന്നെ പരിഹസിച്ചു. ഇങ്ങനെ കെട്ടാനാണെങ്കിൽ ഞാൻ എത്ര പേരെ കെട്ടിയാലാണെന്നൊരു ചോദ്യം!
നടുങ്ങിപ്പോയി ഞാൻ. ഒരിക്കലും പ്രതീക്ഷിക്കാത്തൊരു ആഘാതം.
ഉടനെ തന്നെ അബോർഷനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കാൻ പറഞ്ഞു അയാൾ. ഇങ്ങനൊരു കുഞ്ഞിനെ അയാൾക്ക് ചിന്തിക്കാൻ പോലും പറ്റില്ലത്രെ. അവിടെ നിന്നു തന്നെ എന്നെ നിർബന്ധിച്ച് കാറിൽ കയറ്റി കൊണ്ടു പോകാനായിരുന്നു പ്ലാൻ. പക്ഷേ... ഞാൻ സമ്മതിച്ചില്ല. ആദ്യത്തെ ആ നടുക്കം മാറിയപ്പോൾ എവിടെ നിന്നെന്നറിയില്ല എനിക്ക് വല്ലാത്തൊരു ധൈര്യം കിട്ടി. അതുവരെ അനുഭവിച്ച കഷ്ടപ്പാടുകളും യാതനകളുമൊക്കെ എന്നെ ഉള്ളിൽ ശക്തിപ്പെടുത്തിയിട്ടുണ്ടായിരുന്നിരിക്കണം. ഞാൻ സകല ശക്തിയോടും കൂടി അയാളുടെ മുഖം നോക്കി ആഞ്ഞൊരടി കൊടുത്തു. കൊല്ലാനുള്ള കലിയായിരുന്നു എനിക്ക്.
അന്നവിടെ നിന്നിറങ്ങി ഞാൻ വീട്ടിലേക്കു ചെന്നു. മനസ്സാകെ മരവിച്ചിരുന്നു. അതുകൊണ്ടു തന്നെ എനിക്കാ വിവരം അച്ഛനോടും ശങ്കുവിനോടും പറയാൻ യാതൊരു മടിയുമുണ്ടായില്ല. ഇതിൽ കൂടുതൽ ഇനിയെന്തു വരാൻ ?
അച്ഛൻ ഒന്നും മിണ്ടിയില്ല. മുറിയിൽ കയറി വാതിലടച്ചു. ശങ്കു പക്ഷേ ആകെ തകർന്നു പോയി. ഒരു വിധത്തിൽ തിരിച്ചു പിടിച്ചു എന്നു കരുതിയ ജീവിതം വീണ്ടും കൈ വിട്ടു പോകാൻ തുടങ്ങുകയല്ലേ. അവൻ പക്ഷേ ഞാൻ ഭയന്നതു പോലെ അക്രമാസക്തനായില്ല. പകരം എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. എനിക്കു പക്ഷേ കരച്ചിലൊന്നും വന്നില്ല. വാശിയായിരുന്നു. ആ കുഞ്ഞിനെ ഞാൻ പ്രസവിച്ചു വളർത്തും എന്ന വാശി.
പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ ആ മനുഷ്യൻ പല പ്രാവശ്യം എന്റെയടുത്തു വന്നു കെഞ്ചി. അയാളുടെ ജീവിതം നശിപ്പിക്കരുതെന്നു പറഞ്ഞു കരഞ്ഞു. അബദ്ധം പറ്റിയതാണത്രേ. അപ്പോ എനിക്കോ ? എനിക്കു പറ്റിയതെന്താ ? ഏറ്റവും വലിയ അബദ്ധം പറ്റിയത് എനിക്കാണെന്നു പറഞ്ഞു ഞാൻ. അയാളെപ്പോലൊരു മൃഗത്തെ സ്നേഹിച്ചു പോയതാണെന്റെ തെറ്റ്. അതിനു വേണ്ടി പക്ഷേ എന്റെ കുഞ്ഞിനെ കുരുതി കൊടുക്കാൻ ഞാൻ തയ്യാറായില്ല.
അതോടെ ഭീക്ഷണിയായി. എന്നെ കൊന്നു കളയുമെന്നായി. എന്നെ മാത്രമല്ല, എന്റെ കുടുംബം മുഴുവനും തകർത്തു കളയുമെന്നയാൾ വെല്ലു വിളിച്ചു.
അങ്ങനെ, എന്റെ അച്ഛനെയും ശങ്കുവിനെയും ഓർത്ത് ഞാൻ നാടു വിടാൻ തീരുമാനിച്ചു. ------ നടുത്ത് ഒരു ഓൾഡ് ഏജ് ഹോമിൽ ആരുമറിയാതെ ഞാൻ ജോലിക്കപേക്ഷിച്ചു. താമസം അങ്ങോട്ടു മാറ്റി. എന്റെ കഥകളെല്ലാം കേട്ടിട്ടും അവരെന്നെ സ്വീകരിച്ചു. കാരണം ഞാൻ മുൻപ് ജോലി ചെയ്തിരുന്ന ഹോസ്പിറ്റലില്വെച്ച് അവർക്കെന്നെ പരിചയമുണ്ടായിരുന്നു.
അയാൾ ഞാനുമായി അടുത്തതിന്റെ യതാർഥ കാരണം മനസ്സിലായത് അവിടെ നിന്നിരുന്ന സമയത്താണ്. അച്ഛൻ വില്ക്കാനായിട്ടിരുന്ന തറവാട്ടു വക സ്വത്തു മാത്രമായിരുന്നു അയാളുടെ ലക്ഷ്യം. നാടു വിട്ടു പോയെന്നു പറഞ്ഞ അയാളുടെ അനിയൻ സത്യത്തിൽ അയാളോടൊപ്പമുണ്ടായിരുന്നു. ഞങ്ങളുടെ ആ പറമ്പും പുരയിടവുമെല്ലാം, നിസ്സാര വിലക്ക് വാങ്ങിയെടുത്തത് അനിയന്റെ പേരിലായിരുന്നു. ആ റിസോർട്ടും ഷോപ്പിങ്ങ് സെന്ററുമെല്ലാം പണിയുന്നത് അയാൾക്കു വേണ്ടി തന്നെയായിരുന്നു. അയാളുടെ ബിനാമികൾ. പക്ഷേ ഞാനിതൊന്നും അപ്പൊ കണ്ടില്ല. അറിഞ്ഞില്ല...ഒക്കെ പ്രേമത്തിൽ മുങ്ങിപ്പോയി.
അങ്ങനെ പിന്നീടുള്ള ഒരു 6 മാസത്തോളം അജ്ഞാതവാസമായിരുന്നു. കുഞ്ഞ് വളർന്നു വലുതായിക്കൊണ്ടിരുന്നു. ഞാൻ എല്ലാ സങ്കടങ്ങളും മറന്ന്, എന്റെ കുഞ്ഞിന്റെ വരവും പ്രതീക്ഷിച്ച് കാത്തിരിക്കുകയായിരുന്നു...പക്ഷേ...“ അവൾ മുഖം പൊത്തി ശബ്ദമില്ലാതെ കരയാനാരംഭിച്ചു.
“വിധി!
ഒടുവിൽ...ഞാൻ ഭയന്നിരുന്നതു തന്നെ സംഭവിച്ചു. ആ ചെകുത്താൻ എങ്ങനെയോ എന്നെ കണ്ടു പിടിച്ചു. ഒരു ദിവസം ഞാൻ രാവിലെ എഴുന്നേറ്റ് റിസപ്ഷനിലെത്തിയപ്പോൾ അയാളവിടെ ഇരിക്കുന്നുണ്ടായിരുന്നു. നടുങ്ങിപ്പോയി ഞാൻ. ഒരിക്കലും സമാധാനം കിട്ടില്ലേ എനിക്ക് ? ഞാൻ ആരോട് എന്തു ദ്രോഹം ചെയ്തിട്ടാ ?
പക്ഷേ, അയാൾ ആകെ മാറിയിരുന്നു. കരഞ്ഞു കൊണ്ടാണ് സംസാരിച്ചു തുടങ്ങിയത്. എല്ലാത്തിനും മാപ്പു ചോദിച്ചു. എന്നെ കൈവിട്ടു പോയതാണ് അയാൾക്കു സംഭവിച്ച ഏറ്റവും വലിയ നഷ്ടമെന്നു പറഞ്ഞു. ഞാൻ വിശ്വസിച്ചില്ല... അപ്പോൾ അയാൾ പോക്കറ്റിൽ നിന്നും ഒരു താലിയെടുത്തു കാണിച്ചു. ഇന്ന്. ഈ നിമിഷം എന്നെ കെട്ടാനൊരുക്കമാണെന്നു പറഞ്ഞു.
വരാനിരിക്കുന്നതൊന്നും തടയാൻ നമുക്കാവില്ല എന്നതിന്റെ തെളിവായിരുന്നു അത്. അല്ലെങ്കിൽ ഒരു വാക്കു കൊണ്ട് ഒഴിവാക്കി വിടാമായിരുന്ന ആ മനുഷ്യന്റെ വാക്കു വിശ്വസിച്ച് ഞാൻ വീണ്ടും ഇറങ്ങിപ്പുറപ്പെടില്ലല്ലോ.
അന്നു രാത്രി...
അന്നു രാത്രിയാണെല്ലാം അവസാനിച്ചത്. അയാൾ പ്ലാൻ ചെയ്തിരുന്ന പോലെ, എന്റെ കുടുംബം...കുഞ്ഞ്... എല്ലാം അന്നവസാനിച്ചു.
ഞാൻ മടങ്ങി വീട്ടിലെത്തിയപ്പോഴേ എന്തോ പന്തികേടു തോന്നി. ഉമ്മറത്തു തന്നെ ശങ്കു ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടിട്ട് രൂക്ഷമായി ഒന്നു നോക്കിയതല്ലാതെ അവൻ എണീറ്റില്ല. അവന്റെ കണ്ണുകളൊക്കെ ചുവന്ന് രക്ത നിറമായിരുന്നു. അടുത്തേക്കു ചെന്നപ്പോഴേ ബീഡിപ്പുകയുടെ ഗന്ധം. ഞാൻ നടുങ്ങി. ഇവൻ വീണ്ടും ?
അച്ഛൻ വീണ്ടും മുറിക്കുള്ളിലേക്കു മാറിയിരിക്കുന്നു.
എനിക്കെന്തോ വല്ലാത്തൊരു ഭയം തോന്നിത്തുടങ്ങി.
അവരെ ഉപേക്ഷിച്ച് പോയ നിമിഷമോർത്ത് ഞാൻ എന്നെത്തന്നെ ശപിച്ചു. ശങ്കു വീണ്ടും തെറ്റിപ്പോയിരിക്കുന്നു. ഏതു നിമിഷവും അക്രമാസക്തനാകാവുന്ന നിലയിലായിരുന്നു അവൻ. ചെന്നപ്പോൾ മുതൽ അവൻ എന്നെ പിന്തുടരുകയാണ്. ഒരു വന്യ മൃഗത്തേപ്പോലെ. എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ഞാൻ പേടിച്ച് മുറിക്കകത്തു കയറി വാതിലടച്ചു.
അന്നു രാത്രി ഞാൻ ചങ്കു പിളർന്നു പോകും വരെ കരഞ്ഞു. പല പ്രാവശ്യം ചാകാൻ വേണ്ടി എണീറ്റതാണ്... പക്ഷേ എന്റെ കുഞ്ഞിനെ ഓർത്തു മാത്രം കടിച്ചു പിടിച്ചു നിന്നു.
ഏതാണ്ട് 12 മണിയായിക്കാണും. ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു. പിടഞ്ഞെണീറ്റ ഞാൻ ഓടിച്ചെന്നപ്പോൾ പുറത്തു നിന്നും അയാളുടെ ശബ്ദം കേട്ടു. വാതിൽ തുറക്കാൻ പറയുകയാണയാൾ.
സമാധാനമായെനിക്ക്. എല്ലാ പ്രശ്നങ്ങളും തീർന്ന പോലെ. അയാളുടെ ശബ്ദത്തിനെന്തോ പ്രത്യേകതയുണ്ടായിരുന്നു.
വാതിൽ തുറന്നതും അയാൾ അകത്തേക്കു കയറി. പുറത്തു നല്ല മഴ പെയ്യുന്നത് ഞാനപ്പോഴാണു ശ്രദ്ധിച്ചത്. അയാളാകെ നനഞ്ഞു കുതിർന്നിരുന്നു. ആ വഴി മുഴുവൻ നടന്നു വരികയായിരുന്നു അയാൾ.
അച്ഛൻ എഴുന്നേറ്റു വന്നു.
അയാളെ കണ്ടതും ഭാവം മാറി. ‘ഇതൊന്നും ഇവിടെ പറ്റില്ല! രണ്ടെണ്ണോം ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്ന്’ എന്നും പറഞ്ഞ് പ്രശ്നമുണ്ടാക്കി.
ആ മനുഷ്യൻ നിർവ്വികാരനായി അതൊക്കെ കേട്ടു നിന്നു. ഒടുവിൽ എന്റെ നിറവയറിലേക്കു നോക്കി എന്നോടൊരു ചോദ്യം.
“നിനക്ക് പ്രസവിക്കണം. അല്ലേ ?”
(തുടരും...)
Biju and Alex
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക