Slider

ചോറിലെ തലമുടിയും പെൺകുട്ടിയുടെ കരച്ചിലും

0
Image may contain: 1 person, closeup

മധുരയിൽ കാർഗോ കമ്പനിയിൽ മാനേജറായി ജോലിചെയ്യുന്ന കാലം. ഡെലിവറി സ്റ്റാഫായി ജോലി ചെയ്തിരുന്ന ദിനകരൻ ഒരിക്കൽ എന്നോടു പറഞ്ഞു അയാളുടെ നാട്ടിലെ കോവിൽ ഉത്സവത്തിനു പോകാമെന്ന്. മധുരൈക്കു സമീപം മാനാമധുരൈ എന്ന സ്ഥലത്തുനിന്നും പത്തു കിലോമീറ്റർ അകലെ മാടപ്പട്ടി എന്ന ഒരു കൊച്ചു ഗ്രാമം മുല്ലപൂവിനു പേരുകേട്ട സ്ഥലമായിരുന്നു അത്. നാട്ടുകാരുടെ പ്രധാന വരുമാനം വിവിധ പൂക്കളുടെ കൃഷിതന്നെ.
അങ്ങനെ ഞാനും അസിസ്റ്റൻ്റ് മാനേജർ ഇടുക്കികാരൻ ശരത്തും കൂടി യാത്രയായി. രാമേശ്വരം പോകുന്ന വഴിയാണ് മാനാമധുരൈ. ഞങ്ങൾ അവിടെ ഇറങ്ങി അവിടെനിന്ന് ടൗൺ ബസ്സിൽ മാടപ്പട്ടിയിലേക്ക് യാത്ര തുടർന്നു. പ്രകൃതി രമണീയമായ സ്ഥലങ്ങൾ കണ്ണിനു കുളിർമ്മയേകുന്നുണ്ടായിരുന്നു. മാടപ്പട്ടി ഇറങ്ങി വിലാസം ചോദിക്കാൻ ദിനകരനെ വിളിച്ചു. അന്ന് മൊബൈൽ നമ്പർ ഇല്ലാത്തതിനാൽ അടുത്ത വീട്ടിലെ റാണി അക്കയെയാണ് വിളിക്കുക. ദിനകരനോട് സംസാരിക്കാൻ പലപ്പോഴും വിളിച്ചിട്ടുള്ളതിനാൽ റാണിയക്കയുമായി ഫോണിലൂടെ നല്ല പരിചയം ഉണ്ടായിരുന്നു.
അവരുടെ നാട്ടിലെത്തിയെന്നു പറഞ്ഞപ്പോൾ അവരുടെ സന്തോഷം വാക്കുകളിൽ പ്രകടമായിരുന്നു. ദിനകരൻ പറഞ്ഞതനുസരിച്ച് ഒരു കാളവണ്ടിക്കാരൻ ഞങ്ങളെ കൂട്ടികൊണ്ടുപോയി. വഴിനീളെ തോരണങ്ങൾ കൊണ്ട് മനോഹരമായിരുന്നു. വിവിധ ദൈവങ്ങളുടെ കട്ടൗട്ടുകളോടൊപ്പം സിനിമാനടൻമാരുടെ ചിത്രങ്ങളും ഇടംപിടിച്ചു അലങ്കാരലൈറ്റുകളിൽ ഗ്രാമം വെട്ടിതിളങ്ങിനിന്നു.
ദിനകരൻ കാത്തുനിൽപ്പുണ്ടായിരുന്നു അടുത്തുള്ള വീട്ടുകാരൊക്കെ ബഹുമാനത്തോടെ ''വണക്കം സാർ '' എന്നു പറയുന്നുണ്ടായിരുന്നു. എല്ലാവരോടും നന്ദിയോടെ തലയാട്ടി ഞങ്ങൾ ദിനകരൻ്റെ വീടെത്തി. ചെറിയൊരു വീടായിരുന്നു അത്. ഭാര്യ ഞങ്ങൾക്ക് കുടിക്കാനുള്ള വെള്ളം തന്നു. അവരുടെ മുഖത്തെ വെപ്രാളം കണ്ട് എനിക്ക് ചിരി വന്നു. ഞാനവരെ ആശ്വസിപ്പിച്ചു..
അപ്പോഴാണ് ഓടികിതച്ച് ഒരാൾ വന്നത് മറ്റാരുമല്ല നമ്മുടെ റാണിയക്ക തന്നെ. എൻ്റെ ധാരണ വയസ്സായ ഒരു സ്ത്രീയാണ് ഇവരെന്നാണ് ഇതിപ്പോ സുന്ദരിയായൊരു യുവതി. സ്ഥിരമായി മഞ്ഞൾ തേക്കുന്നതുകൊണ്ടാവാം മുഖം മുഴുവൻ മഞ്ഞ നിറം എന്നാലും അവരെ കാണാൻ നല്ല ഭംഗി ഉണ്ടാർന്നു. വായ്തോരാതെ സംസാരിക്കുന്ന റാണിയക്ക ഒരത്ഭുതമായിരുന്നു അവരാണെങ്കിൽ എൻ്റെ മുഖത്തു നിന്നും കണ്ണെടുക്കുന്നുമില്ല. എനിക്കൊരു വല്ലായ്മ തോന്നി...
ഒരുപാടു വിഭവങ്ങൾ കഴിക്കാനായ് ഒരുക്കിയിരുന്നു ചിക്കൻ, മട്ടൻ വിഭവങ്ങളും ചോറ് തൈര് വട പായസം രസം പിന്നെയും എന്തൊക്കെയോ വിഭവങ്ങൾ. നിഷ്കളങ്കമായ ആ സ്നേഹത്തിന് മുമ്പിൽ മനസ്സ് നിറഞ്ഞിരുന്നു. കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അതെൻ്റെ ശ്രദ്ധയിൽ പെടുന്നത്. ചോറിലും ചിക്കൻ കറിയിലും വലിയ രണ്ടു തലമുടികൾ!!
ആഹാരത്തിൽ മുടി കണ്ടാൽ പിന്നെ ആ ഭക്ഷണം കഴിക്കില്ലെന്നു കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് തമിഴ്നാട്ടിൽ ഇത് ഭയങ്കര തെറ്റാണെന്ന് തോന്നുന്നു..
''നല്ലാ ശാപ്പിടുങ്കോ '' എന്നുപറഞ്ഞു സ്നേഹത്തോടെ വിളമ്പിത്തരുന്ന ആ പെൺകുട്ടിയോട് മുടിയുണ്ടെന്നു പറഞ്ഞാൽ എത്രമാത്രം വിഷമിക്കും. ദിനകരൻ അവളെ തല്ലികൊല്ലും. പാവം ഒരിക്കലും അവളെ വേദനിപ്പിക്കരുത് ആരുമറിയാതെ ആ തലമുടികൾ വാഴയിലയുടെ അടിയിലേക്കു മാറ്റി ഞാൻ ഒന്നുമറിയാത്തതുപോലെ ഭക്ഷണം കഴിച്ചു. അവളുടെ മുഖത്തേക്കു നോക്കിയപ്പോൾ അവളെന്തോ ശ്രദ്ധിച്ചപോലെ തോന്നി... ഞാൻ വേഗം എണീറ്റു കൈകഴുകി.
ഞങ്ങൾ കഴിച്ച ഇലയും ഗ്ളാസും എടുക്കുന്നതിനിടയിൽ അവൾ ആ മുടി കണ്ടെത്തി. അവളെന്നെ ദയനീയമായി നോക്കി. സാരമില്ല എന്നർത്ഥത്തിൽ ഞാൻ തലയാട്ടി അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് ഞാൻ കണ്ടു. ഇതൊന്നുമറിയാതെ ദിനകരൻ ഞങ്ങളോട് സംസാരിച്ചിരുന്നു. ഗ്രാമം മുഴുവൻ ചുറ്റികാണിച്ച് തിരിച്ചു വരാൻ നേരം അവൾ ദിനകരൻ കേൾക്കാതെ ഇങ്ങനെ പറഞ്ഞു
''മന്നിച്ചിടുങ്കോ സാർ തെരിയാമെ നടന്തതു മാമാക്കിട്ടെ സൊല്ലവേണ്ടാം '' അവൾ നിശ്ശബ്ദമായി കരഞ്ഞു
''എനക്ക് എന്ത പ്രച്ച്നൈയും ഇല്ലീങ്കോ അവർക്കിട്ടേ നാൻ എന്നക്കുമേ സൊല്ലമാട്ടേൻ ''
കൈകൾകൂപ്പി നിൽക്കുന്ന ആ മുഖം ഇന്നും മനസ്സിലുണ്ട്. സ്നേഹത്തോടെ അന്നം വിളമ്പിയ ആ നിഷ്കളങ്ക മുഖം.....!!!!
ഉണ്ണികൃഷ്ണൻ തച്ചമ്പാറ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo