Slider

താഴ്‌വര ഭാഗം - 3

0
താഴ്‌വര ഭാഗം - 3
----------------------------
ഒരു ദീർഘ നിശ്വാസത്തോടെയാണ് ബസ് നിന്നത്. ഒരു വലിയ കയറ്റം കയറിയതിനെ എല്ലാ ക്ഷീണവും ആ പഴഞ്ചൻ ബസിനുണ്ടായിരുന്നു. കിതച്ചും വിമ്മിഷ്ടപ്പെട്ടും ആ തണുപ്പിൽ ഇത്ര ദൂരം എത്തിയത് തന്നെ വലിയ കാര്യമാണെന്ന് എനിക്ക് തോന്നി.
നേരം വെളുക്കാറാവുന്നതേ ഉള്ളു. ബസിൽ നിന്നും ഇറങ്ങും മുൻപ് ഞാൻ ഒരു നിമിഷം ചിന്തിച്ചു. ഇനിയെന്താണ്? എന്തൊക്കെയോ ചില തോന്നലുകളുടെ പേരിൽ ഇറങ്ങി പുറപ്പെട്ടതാണ്. തനിക്ക് വസുവിനെ കണ്ടെത്താൻ കഴിയുമോ?
അടുത്ത നിമിഷം എവിടെ നിന്നോ കിട്ടിയ പ്രചോദനത്തിൽ ബസിൽ നിന്നും ഇറങ്ങി. അപ്പോഴേക്കും ആ ബസിൽ ഉണ്ടായിരുന്ന യാത്രക്കാരത്രയും പലവഴിക്ക് നീങ്ങി കഴിഞ്ഞിരുന്നു. എങ്ങോട്ട് തിരിയണം എന്നറിയാതെ ശങ്കിച്ച് നിൽക്കുന്ന എന്നെ കണ്ട് ആ ബസിലെ ജീവനക്കാർ തുറിച്ച് നോക്കി.
ആ നോട്ടത്തിൽ എനിക്കല്പം പകപ്പ് തോന്നിയെങ്കിലും അത് പുറത്ത് കാട്ടാതെ ഞാൻ അവരുടെ അടുത്തേക്ക് നീങ്ങി. ഞാൻ അടുത്ത് വരുന്നുണ്ടെന്ന് മനസ്സിലാക്കിയ അവർ എന്നെ ശ്രദ്ധിക്കാത്ത മട്ടിൽ മുഖം തിരിച്ച് സ്വന്തം ജോലികളിൽ മുഴുകി.
"ചേട്ടാ..."
ആ ബസ് കണ്ടക്ടർ അനാവശ്യ ഗൗരവത്തിൽ എന്നെ നോക്കി.
"ഈ മീനാക്ഷി മല..?"
എന്നെ ആകമാനം ഒന്നുഴിഞ്ഞ് നോക്കിയിട്ട് അയാൾ പറഞ്ഞു.
"ഇത് തന്നെയാ..."
ഞാൻ ചുറ്റും നോക്കി. ഒന്നും വ്യക്തമായി മനസ്സിലാകാതെ അയാളെ നോക്കി. ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ അയാൾ തുടർന്നു.
"ആ കയറ്റം കയറിയാൽ ഏറ്റവും മുകളിൽ എത്താം. മുനമ്പിൽ. കാഴ്ച കാണാൻ ഇറങ്ങിയതാണോ?"
"മ്മ്..."
ഞാൻ മെല്ലെ മൂളി. വിസ്മയ ഭാവത്തിൽ അയാൾ എന്നെ നോക്കി.
"ഒറ്റക്കോ..?"
അത് ചോദിക്കുമ്പോൾ അയാളുടെ മുഖഭാവം വ്യത്യസ്തമായിരുന്നു. അത്ഭുതവും പരിഹാസവും ഒക്കെ കൂടി കലർന്നത് പോലെ...
"അതെ."
"മ്മ്..."
അയാൾ ഒന്ന് കൂടി എന്നെ നോക്കിയിട്ട് തിരികെ ജോലിയിലേക്ക് തിരിഞ്ഞു. ഞാൻ അയാൾ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി. നല്ല ഇരുട്ടാണ്. ചീവീടുകളുടെ നിർത്താതെയുള്ള കച്ചേരി മാത്രം കേൾക്കാം. ഞാൻ മെല്ലെ അവിടേക്ക് നടക്കാൻ തുനിഞ്ഞതും പിന്നിൽ നിന്നും ഒരു അശരീരി പോലെ ആ ശബ്ദം വന്നു.
"കുറച്ച് വെളിച്ചം വച്ചിട്ട് പോയാ മതി ആ വഴിക്ക്. അവിടെ വേറെ വെളിച്ചമൊന്നും കാണില്ല."
ഞാൻ തിരിഞ്ഞ് അയാളെ നോക്കി. അയാൾ എന്നെ നോക്കാതെ ജോലികളിൽ മുഴുകിയെന്ന വ്യാജേന നിൽക്കുന്നു. ഞാൻ അവിടെ ഒരു മൂലയിലേക്ക് ഒതുങ്ങി നിന്നു.
ശ്വാസം മുട്ടി കിതച്ചുകൊണ്ട് കയറ്റം കയറി വന്ന ബസ് ഒരു മടിയും കൂടാതെ അവരെയുംകൊണ്ട് വീണ്ടും യാത്രയായി. ഞാൻ ആ ഇരുട്ടിൽ തനിച്ചായി. ഒരു തണുത്ത കാറ്റ് എനിക്ക് ചുറ്റും വലയം ചെയ്തു മുകളിലേക്ക് പറന്നു. ആ കാറ്റിന്റെ കൈയിൽ എന്റെ ആത്മാവും കൂടിയുണ്ടെന്ന് ഒരു നിമിഷം എനിക്ക് തോന്നി. ആ കാറ്റിനൊപ്പം പറന്നു മീനാക്ഷി മലക്ക് ചുറ്റും ഒരു വലം വക്കാൻ വെറുതെ കൊതിച്ചു പോയി.
അടുത്ത നിമിഷം തണുപ്പിന്റെ കൂർത്ത മുനകൾ എന്നെ തുളച്ചു. പല്ലുകൾ കൂട്ടിമുട്ടാതിരിക്കാൻ അവയെ കടിച്ചു പിടിച്ചു നിന്നു. ആ നിൽപ് അധികനേരം വേണ്ടി വന്നില്ല. കുറച്ചകലെ ഒരു നേരിയ പ്രകാശം ആടി വരുന്നുണ്ടായിരുന്നു. മെല്ലെ മെല്ലെ അത് എനിക്കടുത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു.
ആ വെളിച്ചം ഒരു ടോർച്ചിന്റേതായിരുന്നു. അത് കൈയിൽ പിടിച്ച് നടന്നു വരുന്ന ഒരാളുടെ നടത്തിനിടയിലുള്ള കൈവീശലിൽ ആ പ്രകാശം താളത്തിൽ ഇളകിക്കൊണ്ടിരുന്നു. എന്റെ അടുത്തെത്തിയപ്പോൾ അയാൾ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി. ഞാൻ തിരിച്ച് ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. അതിൽ വിജയിച്ചുവോ എന്നുറപ്പില്ല. തണുപ്പുകൊണ്ട് അത്രക്കും മരവിച്ചു തുടങ്ങിയിരുന്നു.
അയാൾ അല്പം കൂടി നടന്നു ഒരു കടത്തിണ്ണയിലേക്ക് കയറി. പിന്നെ മെല്ലെ വാതിൽ തുറന്ന് അകത്തേക്ക് നീങ്ങി. അതൊരു ചായക്കട ആയിരുന്നു. അത് മനസ്സിലായപ്പോൾ ഞാനും ആ കടത്തിണ്ണയിലേക്ക് കയറി. ഒരു അപരിചിതനെക്കണ്ട എല്ലാ ഭാവങ്ങളോടും അയാൾ എന്നെ നോക്കി. ഇത്തവണ അയാളോട് പുഞ്ചിരിക്കുന്നതിൽ ഞാൻ വിജയിച്ചു.
"നേരം വെളുക്കും വരെ ഇവിടെ ഇരുന്നോട്ടെ? ഭയങ്കര തണുപ്പ്..."
തെല്ലൊന്നാശ്വസിച്ച മട്ടിൽ അയാൾ നിശ്വസിച്ചു.
"ഇരുന്നോളു... സമോവർ ചൂടാവണം. എന്നിട്ടൊരു ചായ തരാം."
ഞാൻ സമ്മതമെന്ന മട്ടിൽ ഒരിക്കൽ കൂടി ചിരിച്ചു. അയാൾ തന്റേതായ എന്തൊക്കെയോ ജോലികളിൽ മുഴുകി. ഞാൻ അയാളെ ആകെയൊന്നു വീക്ഷിച്ചു.
വൃദ്ധനാണയാൾ. എങ്കിലും ആരോഗ്യവാൻ. ഈ പ്രായത്തിലും അയാൾ തനിയെ ജോലികൾ ചെയ്യുന്നു. ഇത്രയും പ്രായം ആകുമ്പോൾ ഞാൻ എങ്ങനെ ആയിരിക്കും? ഇത്രയും ആരോഗ്യം എനിക്കുണ്ടാകുമോ? എന്റെ വസു... അവൾ എങ്ങനെ ആയിരിക്കും. അത് ചിന്തിച്ചപ്പോൾ അറിയാതെ ഒരു പുഞ്ചിരി എന്റെ ചുണ്ടിന്റെ കോണിലെവിടെയോ വിരിഞ്ഞു. അടുത്ത നിമിഷം അത് മാഞ്ഞു പോകുകയും ചെയ്തു.
ഓർമ്മകൾക്കിപ്പോൾ തണുപ്പാണ്. ഐസിനെക്കാൾ തണുപ്പ്. മരവിച്ചു പോകുന്ന തണുപ്പ്. മനസ്സിലെവിടെയും ഇപ്പൊ വികാരങ്ങളില്ല. വസുവിനെ കാണാതെ ഒന്ന് ചിരിക്കുവാനോ കരയുവാനോ പോലും കഴിയില്ലെന്നും എനിക്ക് തോന്നി. വസുവിന്റെ ചിരിക്കുന്ന മുഖം കണ്മുന്നിൽ കാണും പോലെ തെളിഞ്ഞു വന്നു. അവൾ ഒപ്പമുണ്ടായിരുന്ന കഴിഞ്ഞു പോയ ഓരോ നിമിഷങ്ങളും ഒരു ചലച്ചിത്രം പോലെ മനസ്സിൽ തെളിഞ്ഞു വന്നു.
തോളിൽ ഒരു കൈ അമർന്നപ്പോഴാണ് ഞാൻ ഉണർന്നത്. അത്ര നേരം ഉറങ്ങുകയായിരുന്നുവോ? അറിയില്ല. വസുവിന്റെ ഓർമ്മകൾ പലപ്പോഴും എന്റെ സ്ഥലകാലബോധം നഷ്ടപ്പെടുത്തുന്നു. അയാൾ ചൂട് കട്ടൻ ചായ എനിക്ക് നേരെ നീട്ടി.
"പാൽ വരാൻ ഇനിയും സമയമെടുക്കും."
ആ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ഞാൻ ആ ചായ വാങ്ങി. മെല്ലെ മെല്ലെ ഊതി ഞാൻ ആ ചായ കുടിച്ചുകൊണ്ടിരുന്നു. ഒരുതുള്ളി ഇറക്കുമ്പോഴും സുഖകരമായ ഒരു അനുഭൂതിയുണ്ടായി. അത് അയാളുടെ കൈപുണ്യമാണോ എന്നെനിക്ക് നിശ്ചയമില്ല. ചിലപ്പോൾ ആ തണുപ്പിൽ ചൂടോടു കൂടി ചായ കുടിക്കുന്നതിന്റെ സുഖം ആയിരിക്കും. പക്ഷെ അതെന്റെ ശരീരത്തിനും മനസ്സിനും ഒരു വല്ലാത്ത ഉന്മേഷം നൽകി. ദീർഘമായ യാത്രയുടെ ആലസ്യം എന്നിൽ നിന്നും വിട്ടകന്നു പോയത് പോലെ തോന്നി.
"എന്താ ഇത്ര രാവിലെ ഇവിടെ?"
ചോദ്യം വ്യക്തമായി കേട്ടെങ്കിലും ഒരുത്തരം പറയാൻ ഇല്ലാത്തതുകൊണ്ട് ഞാൻ കേൾക്കാത്ത പോലെ അഭിനയിച്ചു. അയാൾ ചോദ്യം ആവർത്തിച്ചു.
"മീനാക്ഷി മല..."
ഒരു സംശയം പോലെ ഞാൻ പറഞ്ഞു നിർത്തി. വ്യക്തമായി മനസ്സിലാവാതെ അയാൾ എന്നെ സൂക്ഷിച്ചു നോക്കി. ഞാൻ നിന്ന് പരുങ്ങിയതല്ലാതെ ഒന്നും പറഞ്ഞില്ല.
"കാണാൻ വന്നതാണോ?"
"അതെ."
"ഒറ്റക്കോ..?"
ആ ചോദ്യത്തിൽ അല്പം ആശ്ചര്യം കലർന്നിരുന്നുവോ എന്ന് ഞാൻ സംശയിച്ചു.
"അതെ."
അയാൾ ഒന്ന് മൂളി.
"എന്തെ അങ്ങനെ ചോദിച്ചത്?"
"ഈ മല കാണാൻ തനിയെ വരുന്നവർ ചുരുക്കമാണ്. ചുരുക്കമാണെന്നല്ല ഞാൻ കണ്ടിട്ടില്ല അങ്ങനെ ആരെയും."
"അതെന്താ..?"
"അതങ്ങനെയാ... എന്താണെന്ന് ചോദിച്ചാൽ എനിക്കും കൃത്യമായി അറിയില്ല. അതീ മലയുടെ പ്രേത്യേകതയാ.."
എനിക്ക് അത്ഭുതവും ഒപ്പം നിരാശയും തോന്നി. ഇവിടേക്കുള്ള യാത്ര വസുവിനെത്തേടിയാണ്. അവൾ ഇവിടെ വന്നിട്ടുണ്ടെങ്കിൽ തനിച്ചായിരിക്കും വന്നിട്ടുണ്ടാകുക.അവൾ ഇവിടെ വന്നിട്ടുണ്ടാകില്ലേ? ചിന്തകൾ തലച്ചോറിനുള്ളിൽ കൂടുകൂട്ടി. പ്രതീക്ഷയുടെ നേരിയ നാളം മാത്രം അണയാതെ ബാക്കി നിന്നു.
ഇരുൾ പതിയെ വെളിച്ചത്തിലേക്ക് വഴി മാറാൻ തുടങ്ങിയിരുന്നു. എന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരേണ്ട സമയമായിരിക്കുന്നു. ഞാൻ മെല്ലെ എഴുന്നേറ്റു. ആ വൃദ്ധന് പണം നൽകി. അയാൾ അത് വലതു കൈ നീട്ടി വാങ്ങി. പിന്നെ കണ്ണിനോട് ചേർത്ത് പ്രാർത്ഥിക്കും പോലെ നിന്നു. ഞാൻ ചിരിച്ചുകൊണ്ട് ആ പടികൾ ഇറങ്ങി.
മീനാക്ഷി മലയുടെ മുകളിലേക്കുള്ള യാത്രയാണ്. വെളിച്ചവും എനിക്കൊപ്പം സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു. എനിക്ക് കൂട്ടായി ആ മലക്ക് മുകളിൽ ആദ്യത്തെ കിളി ഉണർന്നു പറന്നു.
(തുടരും)
-ശാമിനി ഗിരീഷ്-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo