താഴ്‌വര ഭാഗം - 4 (അവസാന ഭാഗം)
-----------------------------------------------------
വളരെ ഉന്മേഷത്തോടെയാണ് ഞാൻ ആ യാത്ര ആരംഭിച്ചത്. പുലർകാലത്തിന്റെ എല്ലാ പ്രസന്നതയും എന്നിൽ ഉണ്ടായിരുന്നു. കാഴ്ചയിൽ ആ കയറ്റം ചെറുതായി തോന്നിയെങ്കിലും നടന്നു തുടങ്ങിയപ്പോഴാണ് അതിന്റെ ഭീകരത അനുഭവപ്പെടാൻ തുടങ്ങിയത്. ഉരുളൻ കല്ലുകൾ നിറഞ്ഞ ആ വഴിയിൽ നടന്നു കയറാൻ നന്നേ പാടുപെട്ടു.
-----------------------------------------------------
വളരെ ഉന്മേഷത്തോടെയാണ് ഞാൻ ആ യാത്ര ആരംഭിച്ചത്. പുലർകാലത്തിന്റെ എല്ലാ പ്രസന്നതയും എന്നിൽ ഉണ്ടായിരുന്നു. കാഴ്ചയിൽ ആ കയറ്റം ചെറുതായി തോന്നിയെങ്കിലും നടന്നു തുടങ്ങിയപ്പോഴാണ് അതിന്റെ ഭീകരത അനുഭവപ്പെടാൻ തുടങ്ങിയത്. ഉരുളൻ കല്ലുകൾ നിറഞ്ഞ ആ വഴിയിൽ നടന്നു കയറാൻ നന്നേ പാടുപെട്ടു.
വസു ഇവിടെ വന്നിട്ടുണ്ടെങ്കിൽ എങ്ങനെ ആയിരിക്കും ഇത് കയറിപ്പറ്റിയിരിക്കുക? അല്ലെങ്കിലും അവൾ ഇത്തരം യാത്രകൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അത് തന്നെയാണ് അവളെത്തേടി ഇവിടേക്ക് വരാനുണ്ടായ കാരണവും. എപ്പോഴോ ഒരിക്കൽ അവൾ പറഞ്ഞു കേട്ടതാണ് ഈ പേര്. ആരോടും പറയാതെ അവൾ പോകുന്ന ഇത്തരം യാത്രകൾക്ക് മൗനമായി കുടപിടിച്ച് കൊടുത്തതാണ് തെറ്റായിപ്പോയത്. ഇപ്പോൾ അതൊരു വേദനയായി തോന്നുന്നു.
പ്രയാസപ്പെട്ടെങ്കിലും ഞാൻ മീനാക്ഷി മലക്ക് മുകളിൽ എത്തി. അത്ര നേരത്തെ കഷ്ടപ്പാടിന് ഫലം കണ്ടത് ആ നിമിഷത്തിലായിരുന്നു. അത്രക്ക് മനോഹരമായിരുന്നു ആ കാഴ്ച.
ആകാശവും ഭൂമിയും വേർതിരിക്കാൻ പോലും പ്രയാസം തോന്നി. പുരികക്കൊടിക്കിടയിൽ ഒരു പൊട്ട് പോലെ ചുവന്ന വരകൾക്കിടയിൽ സൂര്യൻ തിളങ്ങി. ആ അരുണിമ നേർത്ത് നേർത്ത് എന്റെ തലക്ക് മുകളിൽ എത്തുമ്പോഴേക്കും നീലാകാശമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിൽ വെളുത്ത പഞ്ഞികെട്ടുകൾ പോലെ മേഘത്തുണ്ടുകൾ. അവയുടെ മിനുമിനുപ്പ് ഞാൻ മനസ്സാൽ തൊട്ട് രസിച്ചു.
അങ്ങകലെ ശാന്തമായി ഒഴുകുന്ന ഒരു പുഴ കാണാം. ആരോടും പരിഭവമില്ലാതെ എങ്ങോട്ടെന്നില്ലാതെ ഒഴുകുന്ന പുഴ. അതിനിപ്പുറം പച്ചപ്പല്ലാതെ മറ്റൊന്നുമില്ല. ഇടതൂർന്ന മരങ്ങൾക്കിടയിൽ ഭൂമി കാണാനാവുന്നില്ല. വാക്കുകൾ കൊണ്ട് ആ കാഴ്ചയെ വർണ്ണിക്കുക പ്രയാസമേറിയ കാര്യമാണെന്ന് തോന്നി എനിക്ക്. ഈ നിറങ്ങൾക്ക് മനസ്സിനെ പിടിച്ച് നിർത്താൻ ഒരു പ്രേത്യേക കഴിവുണ്ട്. അല്പനേരത്തേക്കു ഞാൻ എന്റെ ആഗമനോദ്ദേശ്യം പോലും മറന്നു. ഒരു ഛായാചിത്രം നോക്കി നിൽക്കും പോലെ ഞാൻ ആ കാഴ്ചയിൽ മതി മറന്നങ്ങിനെ നിന്ന് പോയി.
നല്ല തണുത്ത കാറ്റ് വീശിക്കൊണ്ടിരുന്നു. അതെന്നെ ആകമാനം കുളിർപ്പിച്ചു.
കാഴ്ചയിലും ശരീരത്തിലും അനുഭവപ്പെട്ട കുളിരിന്റെ സുഖകരമായ ആലസ്യത്തിൽ ഞാൻ മെല്ലെ മുന്നോട്ട് നടന്നു. കാഴ്ചയിൽ മതി മറന്നുള്ള ആ നടത്തം അപകടകരമാം വിധം മുന്നോട്ട് പോയിരിക്കുന്നു എന്ന് കുറച്ച് നിമിഷങ്ങൾ കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്.
കാഴ്ചയിലും ശരീരത്തിലും അനുഭവപ്പെട്ട കുളിരിന്റെ സുഖകരമായ ആലസ്യത്തിൽ ഞാൻ മെല്ലെ മുന്നോട്ട് നടന്നു. കാഴ്ചയിൽ മതി മറന്നുള്ള ആ നടത്തം അപകടകരമാം വിധം മുന്നോട്ട് പോയിരിക്കുന്നു എന്ന് കുറച്ച് നിമിഷങ്ങൾ കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്.
ഒരു മുനമ്പിലാണ് എന്റെ നിൽപ്പ്. ഒരടി കൂടി മുന്നോട്ട് വച്ചിരുന്നുവെങ്കിൽ.... ഞാൻ താഴേക്ക് നോക്കി. പായലിൽ പച്ചയണിഞ്ഞ് നിൽക്കുന്ന കൂർത്ത പാറകൾ എന്നെ നോക്കി വികൃതചിരി ചിരിക്കുന്നു. അത് കണ്ടപ്പോൾ ഭയം എന്നെ അടിമുടി വിഴുങ്ങി. ഒന്ന് അനങ്ങുവാൻ പോലും എനിക്ക് ഭയം തോന്നി. കാൽപാദത്തിന്റെ പകുതി വായുവിലെന്ന പോലെയുള്ള ആ നിൽപ്പ് എത്രമേൽ അപകടകരമാണെന്ന് ഞാൻ ചിന്തിച്ചു.
അടുത്ത നിമിഷം ശക്തമായ കാറ്റിൽ ഞാൻ ഒന്നുലഞ്ഞു. എന്ത് തന്നെ സംഭവിച്ചാലും അത് കാണാതിരിക്കാൻ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. ഒരു ഉലച്ചിൽ എന്നിൽ ആകമാനം ഉണ്ടായി. തലച്ചോറിലെ രക്തക്കുഴലുകളിൽ ചോര വാർന്ന പോലെ ഞാൻ തളർന്നു. എന്ത് സംഭവിച്ചു എന്ന് നിശ്ചയമില്ലാത്ത ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു തന്നെയിരുന്നു.
ആരോ വിളിച്ചുണർത്തും പോലെ തോന്നിയാണ് ഞാൻ കണ്ണ് തുറന്നത്. നന്നേ പ്രകാശപൂരിതമായിരുന്നു അന്തരീക്ഷം. ഞാൻ എവിടെയാണെന്ന് മനസ്സിലാകാതെ ചുറ്റും നോക്കി. ആ മുനമ്പിൽ തന്നെയാണ് ഇപ്പോഴും. പക്ഷെ താഴേക്ക് കാലുകൾ നീട്ടി വച്ച് ഇരിക്കുകയാണെന്ന് മാത്രം.
ഒരിക്കൽ കൂടി എന്നെ ആരോ വിളിച്ചു. ഞാൻ മെല്ലെ തിരിഞ്ഞ് നോക്കി. രണ്ടുപേർ എന്നെ തന്നെ നോക്കി നിൽക്കുന്നു. മധ്യവയസ്കരായ രണ്ടു പേർ. ദമ്പതികൾ ആണെന്ന് കണ്ടാൽ തന്നെ അറിയാം. അവരുടെ മുഖത്ത് നിറഞ്ഞ് നിന്ന സന്തോഷം മധുവിധു ആഘോഷിക്കുന്ന പുതുമോടികളെപ്പോലെ ആയിരുന്നു. ഒരു നിമിഷം ഞാൻ ആ ചായക്കടയിലെ വൃദ്ധന്റെ വാക്കുകൾ ഓർത്തു. ഇണകളായല്ലാതെ ആരും ഈ വഴിക്ക് വരാറില്ലെന്നത്. ഞാനും എന്റെ ഇണയെ തേടിയാണ് വന്നിരിക്കുന്നത്.
എന്റെ മനസ്സിലെ ചിന്തകൾ വായിച്ചിട്ടെന്ന പോലെ അയാൾ ചോദിച്ചു.
"തനിച്ചേ ഉള്ളു?"
പ്രതീക്ഷിച്ച ചോദ്യം തന്നെ. ഇവിടെ വന്നത് മുതൽ കേൾക്കുന്ന ചോദ്യം. അത്ഭുതമൊന്നും തോന്നിയില്ല.
"അതെ."
വല്ലാത്തൊരു ആശ്ചര്യം അവരുടെ മുഖത്ത് കണ്ടു. അതിന്റെ അർത്ഥം മനസ്സിലായില്ലെങ്കിലും ഞാൻ ഒന്ന് ചിരിച്ചു.
"ഞാൻ ഇവിടെ ഒരാളെ അന്വേഷിച്ച് വന്നതാ..."
"ആരെ?"
പോക്കറ്റിൽ നിന്നും വസുവിന്റെ ഫോട്ടോ എടുത്ത് അവർക്ക് നേരെ നീട്ടി. അതിലേക്ക് നോക്കിയ അവരുടെ മുഖത്ത് ഒരു പുഞ്ചിരിയാണ് വിരിഞ്ഞത്. അത് കണ്ടപ്പോൾ നേരിയ ഒരാശ്വാസം എനിക്ക് അനുഭവപ്പെട്ടു.
"കണ്ടിട്ടുണ്ടോ?"
"ഉവ്വ്. ഈ കുട്ടിയും തനിച്ചാണിവിടെ..."
ദീർഘമായ ഒരു നിശ്വാസമാണ് എന്നിൽ നിന്നും ഉണ്ടായത്. ഇത്ര നാളത്തെ മാനസിക പിരിമുറുക്കം മുഴുവൻ പുറത്തേക്ക് പോയ ശ്വാസത്തിൽ ഉണ്ടായിരുന്നുവെന്ന് തോന്നി എനിക്ക്. അത് എന്റെ മുഖത്ത് പ്രതിഫലിച്ചിട്ടുമുണ്ടാകണം. അത് കണ്ടിട്ടെന്നപോലെ അവർ എന്നെ നോക്കി പുഞ്ചിരിച്ചു. ഞാനും.
"എവിടെ? എവിടെയാണവൾ..? എന്റെ വസു?"
എന്റെ ചോദ്യത്തിൽ അവളെ കാണുവാനുള്ള എല്ലാ ധൃതിയും ഉണ്ടായിരുന്നു. ചിരിച്ചുകൊണ്ട് അവർ മറുപടി തന്നു.
"ഇതിലെ ചെന്നാൽ കാണാം."
ഞാൻ അവർ ചൂണ്ടിയിടത്തേക്ക് നോക്കി. ഒരു നീണ്ട പാത കാണാം. അത്രനേരം അവിടെ നിന്നപ്പോഴും അങ്ങനെ ഒരു വഴി കണ്ടതായി എനിക്ക് ഓർത്തെടുക്കാനായില്ല. എന്റെ മാനസികാവസ്ഥ അത്തരം ആയിരുന്നു. കാണുന്നതും ചിന്തിക്കുന്നതും സത്യവും എല്ലാം വ്യത്യസ്തമായിരുന്നു. ഞാൻ നന്ദിയോടെ അവരെ നോക്കി. ആശംസിക്കും വിധം ഒന്ന് പുഞ്ചിരിച്ചിട്ട് അവരും അവരുടെ വഴിക്ക് യാത്രയായി.
ഞാൻ ആ പാതയിലൂടെ നടന്നു. മനസ്സ് മുഴുവൻ അവളായിരുന്നു. ഒരു നീണ്ട കാത്തിരിപ്പിന് ശേഷമുള്ള കണ്ടുമുട്ടലിന്റെ എല്ലാ ആവേശവും എനിക്കുണ്ടായിരുന്നു. നടക്കുകയായിരുന്നില്ല, ഓടുകയായിരുന്നു ഞാൻ. അവളെ കാണാനുള്ള എന്റെ ആശ മൂലം പാതക്ക് നീളം വർദ്ധിക്കുന്നതായി തോന്നി. എങ്കിലും ഞാൻ എന്റെ യാത്ര തുടർന്നു.
വഴിയരികിൽ എന്തെല്ലാം കാഴ്ചകൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല. എന്റെ മുൻപിൽ നീണ്ടു നിവർന്നു കിടക്കുന്ന ആ പാത മാത്രമേ ഉണ്ടായിരുന്നുള്ളു. മനസ്സിൽ അവളുടെ മുഖം മാത്രം. ഏറെ നടന്നും ഓടിയും തളർന്നു തുടങ്ങിയിരുന്നു ഞാൻ. എങ്കിലും നിർത്താതെയുള്ള പരിശ്രമത്തിന് ഒടുവിൽ ലക്ഷ്യം കണ്ടു.
അങ്ങകലെ എന്നെ പ്രതീക്ഷിച്ചിട്ടെന്നപോലെ അവൾ നിൽക്കുന്നു. തന്റെ വസു. ആ രൂപം എത്ര തിരക്കിനിടയിലാണെങ്കിലും ഞാൻ തിരിച്ചറിയും. അത്രക്കും അവളെന്റെ ഹൃദയത്തിൽ പതിഞ്ഞിരുന്നു. എന്റെ ഓട്ടത്തിന് വേഗത കൂടി. നിമിഷങ്ങൾകൊണ്ട് തന്നെ ഞാൻ അവളുടെ അടുത്തേക്ക് എത്തി.
നിറകണ്ണുകളോടെ എന്നെ നോക്കുന്ന എന്റെ പെണ്ണിന്റെ മുഖം ഞാൻ എന്റെ കൈവെള്ളയിൽ കോരിയെടുത്തു. ഒന്നും മിണ്ടാനാകാതെ അവളെ മാറോടണച്ചു. ഏറെ നേരം അങ്ങനെ തന്നെ നിന്നു. രണ്ടുപേരുടെയും കണ്ണുകൾ ആവോളം പെയ്തു തോർന്നപ്പോൾ അവളെ നെഞ്ചിൽ നിന്നും അടർത്തിമാറ്റി ഞാൻ ചോദിച്ചു.
"എവിടെയായിരുന്നു പെണ്ണെ നീ... എത്ര അന്വേഷിച്ചു നിന്നെ. എത്ര തീ തിന്നു എന്നറിയോ നിനക്ക്...?"
എന്റെ നിർത്താതെയുള്ള ചോദ്യങ്ങൾക്കും ആവലാതികൾക്കും അവൾ ഉത്തരം നൽകിയില്ല. ഒന്നും മിണ്ടാതെ നനഞ്ഞ കണ്ണുകളോടെ എന്നെ നോക്കി നിന്നു. ഞാൻ മെല്ലെ കണ്ണുകൾ തുടച്ചു. പിന്നെ പുഞ്ചിരിയോടെ ആ മുഖത്തേക്ക് നോക്കി.
"എന്തെങ്കിലും ഒന്ന് പറയ് പെണ്ണെ..."
"എനിക്കറിയാമായിരുന്നു എന്റെ കിച്ചുവേട്ടൻ എന്നെ തേടി വരും എന്ന്."
"എങ്ങനെ?"
"ഇവിടെ എല്ലാരും പറഞ്ഞു."
ഞാൻ സംശയത്തിൽ അവളെ നോക്കി. അത് ശ്രദ്ധിക്കാത്ത മട്ടിൽ അവൾ തുടർന്നു.
"കിച്ചുവേട്ടൻ ഈ സ്ഥലം കണ്ടില്ലേ... എന്ത് ഭംഗിയാ... ഇത് കണ്ടില്ലെങ്കിൽ നഷ്ടമായി പോയേനെ..."
ഞാൻ അവളെ തന്നെ നോക്കി നിന്നു.
"എന്തൊക്കെയാ പെണ്ണെ ഈ പറയുന്നത്. വാ... നമുക്ക് പോകാം തിരിച്ച്. അമ്മാവനും അമ്മായിയും ഒക്കെ നിന്നെ കാത്തിരിക്കുകയാ... നിന്നെയും കൊണ്ട് ചെല്ലാം എന്ന് ഞാൻ വാക്ക് കൊടുത്തിട്ടാ പോന്നത്."
"കിച്ചുവേട്ടന് ഇനിയും മനസ്സിലായില്ലേ...?"
"എന്ത്..?"
"കിച്ചുവേട്ടൻ അങ്ങോട്ട് നോക്ക്.."
അവൾ വിരൽ ചൂണ്ടിയിടത്തേക്ക് ഞാൻ നോക്കി. അങ്ങകലെ ഏറ്റവും ഉയരത്തിൽ ഞാൻ നിന്നിരുന്ന മുനമ്പ് കണ്ടു. ഒരു ഞെട്ടലാണ് എനിക്കുണ്ടായത്. അത്ര ഉയരത്തിൽ നിന്നും ഞാൻ എങ്ങനെ താഴെ എത്തി എന്ന് ഞാൻ അത്ഭുതപ്പെട്ടു. ഒന്നും വ്യക്തമാക്കാതെ ഞാൻ അവളെ നോക്കി.
"ഞാനും അവിടെ നിന്നാ കാഴ്ചകൾ കണ്ടത്. നല്ല ഭംഗിയുണ്ടായിരുന്നു അവിടെ നിന്നു നോക്കാൻ. പക്ഷെ..."
"പക്ഷെ..?"
"ദാ... ഇത് കണ്ടോ...?"
ഞാൻ നോക്കി. അടുത്ത നിമിഷം ഞെട്ടലോടെ ഞാൻ മുഖം തിരിച്ചു. ആ കാഴ്ച അത്രക്കും ഭീകരമായിരുന്നു. പുഴുവരിച്ച തുടങ്ങിയ ഒരു ശരീരം മാത്രമേ ഞാൻ ആ നോട്ടത്തിൽ കണ്ടുള്ളു. രണ്ടാമതൊന്നു നോക്കാൻ എനിക്ക് കഴിഞ്ഞില്ല. വസുവിന്റെ മുഖത്ത് ഒരു ഭാവഭേദവും ഉണ്ടായില്ല. അവൾ ചിരിച്ചുകൊണ്ട് മറ്റൊരിടത്തേക്ക് ചൂണ്ടി.
ആ കാഴ്ച എന്നെ കൂടുതൽ ഞെട്ടിച്ചു. തലച്ചോറിനകത്തുകൂടി ഒരു മിന്നൽപിണർ പാഞ്ഞു പോയത് പോലെ ഞാൻ പിടഞ്ഞു. പറഞ്ഞറിയിക്കാൻ കഴിയാത്ത തരം വേദന എന്റെ ഉള്ളിൽ അനുഭവപ്പെട്ടു. ഞാൻ ഒരിക്കൽ കൂടി നോക്കി. തകർന്നു കിടക്കുന്ന എന്റെ ശരീരം എനിക്ക് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കി തന്നു.
"കിച്ചുവേട്ടാ.."
എന്റെ തോളിൽ തൊട്ട് കൊണ്ട് അവൾ വിളിച്ചു. ഒന്നും മിണ്ടാനാകാതെ ഞാൻ അവളെ നോക്കി. പുഞ്ചിരിയോടെ അവൾ എന്നോട് പറഞ്ഞു.
"ഈ മീനാക്ഷി മലയുടെ താഴ്‌വരക്ക് ഒരു പ്രേത്യേകതയുണ്ട്. ഇവിടെ ആരും തനിച്ചല്ല. ഈ ഭൂമിയിൽ നിശ്ചയിക്കപ്പെട്ട ഇണയോടൊപ്പമായിരിക്കും. ഞാൻ ഇവിടെ തനിച്ചാണ് വന്നത്. പക്ഷെ കണ്ടോ... ഇപ്പൊ കിച്ചുവേട്ടനും ഇവിടെ തന്നെ എത്തി."
അവൾ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കിയ ഞാൻ മെല്ലെ തലകുലുക്കി. പിന്നെ പുഞ്ചിരിച്ചു. അടുത്ത നിമിഷം ഒരു മേഘത്തുണ്ടു പോലെ ഞങ്ങൾ രണ്ടുപേരും ആകാശത്തിലേക്ക് പറന്നുയർന്നു. അവിടെ ഞങ്ങളെപ്പോലെ ഒരുപാട് പേർ ഉണ്ടായിരുന്നു. ഇണകളുടെ താഴ്‌വരയിൽ ഞങ്ങളും പറന്നു നടന്നു.
(അവസാനിച്ചു)
-ശാമിനി ഗിരീഷ്-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക