നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജലരേഖകൾ (ഭാഗം ആറ്)

ജലരേഖകൾ (ഭാഗം ആറ്)
" ഉണ്ണി നീ നിന്റെ കൂട്ടുകാരിയോട് ക്ഷമിക്കണം . "
എന്ന് മാത്രം ഒരു കുറിപ്പെഴുതി ബാഗിൽ വെച്ച് , ചാരു വീട്ടിലേക്കെന്ന് പറഞ്ഞ് റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു .
അവിടെ എത്തിയ അവൾ സ്റ്റേഷനിൽ നിന്നും കുറച്ച് അകലെ മാറി പാളത്തിൽ തല വെച്ച് ആത്മഹത്യ ചെയ്തു .
പുലർ മഞ്ഞ് പുതപ്പിട്ട ട്രാക്കിനരികിൽ ഒരു പഴയ ടാർപോളിൻ കൊണ്ട് മറക്കപ്പെട്ട് മരണത്തിലും , ജീവിതത്തിലേത് പോലെ തന്നെ ഒറ്റപ്പെട്ട് പോയ അവൾ മോർച്ചറിയിലേക്ക് മാറ്റപ്പെടും വരെ അനാഥ മൃതദേഹമായി ആ മെറ്റൽ കൂമ്പാരത്തിൽ കിടന്നു .
വർഷങ്ങൾ പലത് കഴിഞ്ഞു , ഉണ്ണിമായ ഇന്ന് വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്.
നിഷ ആ ബാങ്കിൽ തന്നെ ഇപ്പോഴും ജോലി ചെയ്യുന്നു .രമേശിനെ മറക്കാൻ സാധിക്കാത്തതുകൊണ്ട് അവൾ ഇന്നും അവിവാഹിതയായി തന്നെ തുടരുന്നു .
അക്കാലത്ത് നിഷക്ക് പുതുതായി ഒരു റൂം മേറ്റിനെ ലഭിച്ചു .ആ സിറ്റിയിലെ മാനസികാരോഗ്യകേന്ദ്രത്തിൽ പുതുതായി ചാർജ്ജ് എടുത്ത സൈക്യാട്രിസ്റ്റ്
" മേരി ജോൺ . "
ആശുപത്രി ക്വാർട്ടേഴ്സിന്റെ പുതുക്കി പണി നടക്കുന്നതിനാലാണ് അവർ ആ ഹോസ്റ്റലിൽ താമസിക്കാൻ എത്തിയതും നിഷയുടെ മുറിയിൽ അവളോടൊപ്പം കഴിയാൻ തുടങ്ങിയതും .
മനുഷ്യ മനസ്സിന്റെ അഗാധതകളെ സ്പർശിച്ച അസാമാന്യ കഴിവുള്ള അവർ ജീവിത ശൈലികളിൽ ലാളിത്യം പുലർത്തി വന്ന ഒരു പ്രതിഭാ ശാലിയും ,വാഗ്മിയും മികച്ച വ്യക്തിപ്രഭാവത്തിനുടമയുമായ ഒരു സ്ത്രീയായിരുന്നു .
ഡോക്ടറുടെ വരവോട് കൂടി നിഷയും അവളുടെ ഏകാന്തതയിൽ നിന്നും അല്പമൊക്കെ മോചിതയാകാൻ തുടങ്ങി.
തന്റെ മുൻപിൽ വരുന്ന വിവിധ ജീവിതങ്ങളുടെ നിസ്സഹായ അവസ്ഥകളെ ഡോക്ടർ നിഷയുമായി പങ്കുവെച്ചു.
സന്ദർഭവശാൽ നിഷ ഒരിക്കൽ ചാരുവിന്റെ കാര്യം ഡോക്ടറോട് പറയാൻ ഇട വന്നു.
ഇതിന് മറുപടിയായി ഡോക്ടർ സമാനമായ ഒരു കേസ് ഹിസ്റ്ററ്റി നിഷയോട് പറഞ്ഞു.
അമ്മയെ ചെറുപ്പത്തിലെ നഷ്ടപ്പെട്ട ഒരു പെൺകുട്ടി ആയിരുന്നു ഇന്ദു . ആ നഷ്ടം അവൾക്ക് ഒരിക്കലും താങ്ങാൻ ആവാത്തതായിരുന്നു. അവളുടെ ഉപബോധമനസ്സിൽ
താൻ സ്നേഹിക്കുന്നവരെല്ലാം, തന്നെ വിട്ടകലുമെന്ന തോന്നൽ വേരൂന്നുന്നതിന് അമ്മയുടെ വേർപാട് ഒരു കാരണമായി തീർന്നു .
അമ്മയുടെ അഭാവം പിന്നിടുള്ള വളർച്ചയിൽ അവളെ പരിഗണന ലഭിക്കാത്തവളും , അരക്ഷിതയും ആക്കി മാറ്റി .
മുതിർന്നപ്പോൾ അവൾ ഒരു യുവാവുമായി പ്രണയത്തിലായി . ചെറുപ്പത്തിൽ, ലഭിക്കാതെ പോയ സ്നേഹവും പരിഗണനയും എല്ലാം അവൾ അയാളിൽ നിന്നും കൊതിച്ചു.
അതിന് വേണ്ടി അവൾ അയാളെ ഭ്രാന്തമായി സ്നേഹിക്കാൻ തുടങ്ങി .
എങ്കിലും അയാൾ നഷ്ടപ്പെടു പോകുമോ എന്ന അവളുടെ ഉപബോധമനസ്സിന്റെ ചിന്ത നിരന്തരം അവളെ വേട്ടയാടി കൊണ്ടേ ഇരുന്നു .
ഈ ചിന്ത അയാളോട് സഹോദര തുല്യമായ അടുപ്പം കാട്ടിയിരുന്ന അയാളുടെ അമ്മാവന്റെ മകളുടെ കൊലപാതകത്തിൽ വരെ ഇന്ദുവിനെ എത്തിച്ചു .
ആ പേരിൽ ജയിലിലാക്കപ്പെട്ട അവളെ കാമുകനും കൈയ്യൊഴിഞ്ഞു . അതോടെ മുഴു ഭ്രാന്തി ആയി മാറിയ അവൾ ഡോക്ടറുടെ ചികിത്സ തേടിയ കഥയാണ് അവർ അവളോട് പറഞ്ഞത് .
ചാരുവിന്റെയും ഏകദേശം സമാന സാഹചര്യങ്ങളാവാം എന്ന് പറഞ്ഞ ഡോക്ടർ. ചാരു ഉണ്ണിയെ സംശയിക്കാനുണ്ടായ സാഹചര്യം ഇങ്ങനെ രൂപം കൊണ്ടതാവാം എന്ന് കൂടി പറഞ്ഞു .
" മനുഷ്യനെ ഈ അവസ്ഥാ വിശേഷത്തിലേക്ക് കൊണ്ടെത്തിക്കുന്നതിന് ജൈവിക കാരണമായി തീരുന്ന തലച്ചോറിലെ ചില ഹോർമോണുകളാണ് "
" തീവ്രമായി പ്രണയിതാവിനെ കുറിച്ച് ചിന്തിക്കുന്ന ഒരാളുടെ മാനസികാവസ്ഥ മനോരോഗമായ ഒബ്സസീവ് കമ്പൾസീവ് ഡിസോർഡർ അഥവാ ' ഒ.സി.ഡി ' ക്ക് തുല്ല്യമാണ് . "
" മനുഷ്യന്റെ പ്രണയ വിചാരങ്ങളെ നിയന്ത്രിക്കുന്നത് ' ന്യൂറോ ട്രാൻസ്മിറ്ററുകളായ ' ഡോപാമൈൻ, അഡ്രിനാലിൻ , ടെസ്റ്റോസ്റ്റിറോൺ , ഓക്സിടോസിൻ , വാസോ പ്രസിൻ തുടങ്ങിയ രാസകങ്ങൾ ആണ് . "
" ഒരാൾ പ്രണയത്തിലാവുമ്പോൾ അയാളുടെ തലച്ചോറിലെ ഈ ഹോർമോണുകളുടെ അളവ് സാധാരണ നിലയുടെ പതിന്മടങ്ങായിരിക്കും . "
" ഇത് അവരെ മാനസികമായി സന്തുഷ്ടരും ഉത്തേജിതരുമാക്കും . പെട്ടെന്ന് ജീവിതത്തിന് ഒരു പുതു വർണ്ണം ലഭിച്ചത് പോലെയൊക്കെ അവർക്ക് തോന്നും . "
" ഡോപോമൈന്റ വർദ്ധിച്ച അളവിൽ ശരിക്കും ലഹരിയായി മാറുന്ന ഇവരിൽ "ചിലർ " ശരിക്കും മയക്ക് മരുന്നിന്റെ ഉപയോക്താക്കളെ പോലെ തന്നെ ആയി തീരുന്നു . "
" ഇങ്ങനെ പ്രണയത്തിന് അടിമയായി മാറുന്ന ഇവർ പ്രണയം നഷ്ടപ്പെടാതിരിക്കാൻ ഏത് വളഞ്ഞ വഴിയും തിരഞ്ഞെടുക്കും ." യാഥാർത്ഥ്യ ബോധമില്ലാത്ത പല ബന്ധങ്ങളും ദുരന്തങ്ങളായി മാറുന്നത് ഈ കാരണം കൊണ്ടാണ് . "
" ചാരുവിന്റെ മനോനിലയിൽ വന്ന തകരാറും ഇത്തരത്തിൽ രൂപപ്പെട്ട് വന്നതായിരിക്കാം . "
" വിവേകത്തിനുപരി , വികാരപരമായി നാം കെട്ടിപ്പെടുക്കാൻ ശ്രമിക്കുന്ന ബന്ധങ്ങൾ എല്ലാം തന്നെ........ജലരേഖകൾ ............ ആയിരിക്കും . "
" ബന്ധങ്ങൾ ബന്ധനങ്ങളായെന്ന് നമ്മൾ തിരിച്ചറിയുമ്പോഴേക്കും ജീവിതം പലപ്പോഴും നമ്മുടെ കൈയ്യിൽ നിന്നും വഴുതി പോകുന്ന അവസ്ഥയിലേക്ക് എത്തിചേർന്നിരിക്കും . "
" അത് കൊണ്ടാണ് കാമുകന് വേണ്ടി സ്വന്തം മക്കളെ പോലും ബലികൊടുക്കാൻ മനസ്സുള്ള അമ്മമാർ സമകാലിക സംഭവങ്ങളിൽ ഇന്ന് ഇവിടെ ഉണ്ടായികൊണ്ടിരിക്കുന്നത് . "
" ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്ന - ചെറുതും , എന്നാൽ ഓർമ്മയിൽ തങ്ങി നിൽക്കുന്നതുമായ , സഹജീവികളോടുള്ള ദയയും , കാരുണ്യവുമാണ് ഒരു മനുഷ്യനെ ഏറ്റവും സന്തുഷ്ടനാക്കുന്നത് . "
" ഒരു പക്ഷെ ഇത് ജീവിതത്തിൽ വിരസത അനുഭവിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരു മാർഗ്ഗമാണ് . "
' വേർഡ്സ് വർത്തിന്റെ ' വാക്കുകളെ ഉദ്ധരിച്ച് ഇങ്ങനെ പറഞ്ഞ് നിർത്തിയ ഡോക്ടർ നിഷയോടൊപ്പം വെളിയിലെ വരാന്തയിലൂടെ മുറി ലക്ഷ്യമാക്കി നടന്നു .
ആ സമയത്ത് സായന്തനത്തിലെ ഒരിളം കാറ്റ് അവരെ തഴുകി അത് വഴി കടന്ന് പോയി .
ആ കാറ്റേറ്റ് ഇതൾ വിടർന്ന ടീപ്പോയിയിൽ കിടന്ന അന്നത്തെ പത്രത്താളിൽ,
ഭർത്താവിനെയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഇറങ്ങിപ്പോയ ഒരു യുവതി ലോഡ്ജിൽ ആത്മഹത്യ ചെയ്തു എന്ന ഒരു വാർത്തയും , അവളുടെ ചിത്രവും ഉണ്ടായിരുന്നു .
(അവസാനിച്ചു)
........ ജീവിതം .........
മൂന്ന് മാസങ്ങൾക്ക് മുൻപ് വായിച്ച ഒരു പത്ര വാർത്തയുടെ പിന്നാലെ നടത്തിയ ഒരു അന്വേഷണത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടതാണ് ഈ നോവൽ .
ലോകത്തെ ഏറ്റവും ഉദാത്ത ഭാവമാണ് മാതൃത്വം , എന്നിട്ട് പോലും കാമുകനുമായുള്ള രഹസ്യബന്ധം നിലനിർത്തുന്നതിന് വേണ്ടി , സ്വന്തം മകളെ കൊലക്ക് കൊടുക്കാനുണ്ടായ
ഒരമ്മയുടെ ചേതോവികാരം എന്തെന്നറിയാനുള്ള ഒരന്വേഷണം .
ഇതിലേക്കായി മനശ്ശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന പലരുടേയും ഉപദേശം തേടിയിട്ടുണ്ട് . ' ഡൊ. ഡൊണ്ടേലാ മറാസിറ്റിയുടെ ' ലേഖനത്തിൽ നിന്നുമുള്ള ഭാഗമാണ് തിവ്ര പ്രണയിതാവിന്റെ ബ്രെയിൻ ആക്ടിവിറ്റി ഒ.സി.സി ക്ക് തുല്യമെന്ന് പറയുന്ന ഭാഗങ്ങൾ .
' യാഥാർത്ഥ്യ ബോധം ഇല്ലാതെ ' സൃഷ്ടിക്കുന്ന ബന്ധങ്ങൾ മിക്കതും ദുരന്തങ്ങളായി തീരുകയും , അത്തരം ബന്ധങ്ങൾ അതിൽ പങ്കാളികളാവുന്നവരെ മാത്രമല്ല അവർക്ക് ചുറ്റുമുള്ള സമൂഹത്തെ കൂടി ബാധിക്കുകയും ചെയ്യും എന്ന ഓർമ്മപ്പെടുത്തലാണ് ഈ കഥ .
കുറെ ആളുകൾ ഇത് വായിച്ചിട്ടുണ്ട് . ഇതൊരു മുന്നറിയിപ്പായി കണ്ട് സമാന സാഹചര്യങ്ങളിൽ പെടുന്ന ആർക്കെങ്കിലും , ഒരു അവബോധം നൽകാൻ നിങ്ങൾക്ക് കഴിഞ്ഞാൽ , ഈ കഥയുടെ സൃഷ്ടാവ് എന്ന നിലയിൽ ഞാൻ കൃതാർത്ഥനാണ്.
അരുൺ വി -

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot