Slider

മോളെ എണീക്കുട്ടോ

0
Image may contain: 2 people, people smiling

മോളെ എണീക്കുട്ടോ ...ബസ് ഇപ്പം വരും .പാതി തുറന്ന കണ്ണുകൾ ഒന്നൂടി കൂട്ടിയടച്ചു അവൾ ഉറക്കം നടിച്ചു ..ചിണുങ്ങി നിൽക്കാനൊന്നും നേരമില്ലാത്തത് കൊണ്ട് ഞാനവളേം എടുത്തു വാഷ് ബേസ് നരികിലെത്തി നല്ല തണുത്ത വെള്ളം കൊണ്ട്അവളുടെ മുഖം കഴുകി ..അതവൾക്കു പിടിച്ചില്ല .തുടങ്ങിയില്ലേ കരച്ചിൽ ...പിന്നെ ഒരു വിധത്തിൽ പല്ല് തേപ്പും കുളിയുമൊക്കെ കഴിച്ച് കസേരയിൽ കൊണ്ടിരുത്തി .
ഒരു ദോശയും ചമ്മന്തിയും പ്ലേറ്റിലാക്കി മുന്നിൽ വെച്ച് കൊടുത്തപ്പോൾ അവൾക്കു സാമ്പാർ മതി ന്നായി ..ഇല്ലാത്ത സാമ്പാർ എവിടെന്നെടുത്തു കൊടുക്കാനാ ...കുറച്ചു നേരമൊക്കെ അവൾ മുഖവും വീർപ്പിച്ചു ഇരുന്നപ്പോൾ ഞാൻ കണ്ടില്ല എന്ന മട്ടിൽ അടുക്കളയിലേക്കുപോയി .കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ ആള് ഉഷാറായി ദോശയും കഴിച്ച് എണീറ്റുപോയിരിക്കുന്നു ...അതിനിടയില് എപ്പോഴോ കുഞ്ഞു കാന്താരി എണീറ്റു ..അവൾ അച്ചമ്മേടെ പിന്നാലെ നടന്ന് പല്ലുതേപ്പും കുളിയുമൊക്കെ കഴിച്ചു .അവളുടെ ഒരുക്കങ്ങൾക്ക് മുന്നെ പഴയ ഒരു ടാഗും കഴുത്തിലിട്ടു ചെരുപ്പും ചന്ദനകുറിയുമൊക്കെ ഇട്ട് കുഞ്ഞി കാന്താരി ചേച്ചിയെ യാത്രയാക്കാൻ ഉമ്മറത്തു ചെന്നു നിൽക്കുന്നുണ്ട് .
പറഞ്ഞുറപ്പിച്ച സമയത്തു ഗേറ്റിനു മുന്നിൽ ഹോണുമായി വന്നു നിന്ന ബസ്സിലേക്ക് മോളെ കേറ്റിവിട്ടപ്പോൾ അന്നത്തെ ദിവസത്തെ പകുതി ജോലിയും കഴിഞ്ഞപോലെ ...പാവം കുട്ടി ..പഠിക്കാൻ വിട്ടതുമുതൽ തുടങ്ങി കർശനമായ ദിനചര്യകൾ .പലപ്പോഴും തോന്നിയിട്ടിണ്ട് എന്തിന് വേണ്ടിയാ ഇങ്ങനെയൊക്കെ വളർത്തുന്നത് എന്ന് .എങ്കിലും ചുറ്റുപാടുകൾ അനിഷ്ഠിച്ചു പോവുന്ന ഒരു യന്ത്രികതയ്ക്കു പിന്നിൽ നിന്നു കിതയ്ക്കുവാൻ എന്നോ ഞാനും ശീലിച്ചിരിക്കുന്നു .
എന്റെ ബാല്യം എത്ര മനോഹരമായിരുന്നു .തോട്ടിൻ കരയിലെ തൊട്ടാവാടികളിൽ തൊട്ടു ചിരിച്ചും കളിച്ചും സ്കൂളിൽ പോയ ആ നാളുകൾ ...ഇന്നെന്റെ മോൾക്ക്‌ തൊട്ടാവാടി എന്തെന്നുപോലും അറിയില്ല .എത്രയെത്ര ആൾക്കാരെ കണ്ടും കുശലമന്വേഷിച്ചും സ്കൂളിൽ എത്തുമ്പോൾ ബെല്ലടിച്ചിട്ടുണ്ടാവും .മാഷിന്റെ നീളൻ സ്കെയില് എന്നും പേടി സ്വപ്നമായിരുന്നു .നീളൻ വരാന്തയിലെ ഉച്ചക്കഞ്ഞിയും കഥപറച്ചിലും എല്ലാം കുട്ടിത്തത്തിന്റെ ആനന്ദം തന്നെയായിരുന്നു .പഠിക്കുക ,എന്ന ഒരു ഉദ്ദേശം മാത്രമായിരുന്നില്ല സ്കൂളിൽ ..അവിടെ നിന്നും സ്നേഹത്തിന്റെയും സഹനത്തിന്റെയും ദാനത്തിന്റെയും ബാലപാഠങ്ങൾ പഠിച്ചും പങ്കുവെച്ചും നമ്മൾ പോലുമറിയാതെ വളർച്ചയുടെ ഓരോ ഘട്ടവും അവിടെ കഴിഞ്ഞുപോവുമ്പോൾ നമ്മളറിഞ്ഞില്ല ഈ മധുര നിമിഷങ്ങളൊന്നും തന്നെ ഇനി തിരിച്ചു കിട്ടില്ലെന്ന്‌
പഠനം കഴിഞ്ഞു വേദനയോടെ ഇറങ്ങേണ്ടി വന്നപ്പോൾ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞവർ ഇന്ന് പല നാടുകളിൽ പലവേഷങ്ങളിൽ ജീവിക്കുന്നു .ചില നിമിഷങ്ങളിലെങ്കിലും ആലോചിക്കാറുണ്ട് ഓരോരുത്തരെ ക്കുറിച്ചും .ഒരു കൂടിക്കാഴ്ച യെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിക്കാറുണ്ട് .നഷ്ട സൗഹൃദങ്ങളെ തിരിച്ചു പിടിക്കാൻ ഇടനെഞ്ചു തുടിക്കാറുണ്ട് .ജീവിതത്തിന്റെ തിരക്കുകളിൽ പെട്ട് ഭ്രാന്തൻ ചിന്തകൾ ഒഴുകി യൊലിച്ചു പോവുമ്പോൾ ആരെയും കൂട്ടി മുട്ടിക്കുവാൻ പറ്റാത്ത അവസ്ഥയായി .
നമുക്ക് വലുതാവുമ്പോൾ ആരാവണം എന്ന ചോദ്യം കുട്ടിക്കാലത്തു ആവർത്തിക്കുമ്പോൾ ഉത്തരം പറയാനാവാതെ തലകുനിച്ചു നിന്നപ്പോൾ ടീച്ചർ ചോദ്യം ആവർത്തിച്ചു കൊണ്ടേയിരുന്നു .എന്തെങ്കിലും പറയേണ്ടേ എന്നാലോജിചിച്ചു നിൽക്കുമ്പോൾ അടുത്തിരിക്കുന്ന കുട്ടി ഉറക്കെ പറഞ്ഞു ഐ പി എസ് കാരനാവണം .അതുകേട്ട ഞാനും തള്ളി വിട്ടു ഐ എ എസ് ആവണം എന്ന് ..
പറഞ്ഞതെന്തെന്നോ അതെന്തു സംഭവമാണെന്നോ ഒന്നും അറിഞ്ഞിരുന്നില്ല .ആഗ്രഹമല്ലേ അതിപ്പോ ആവണം എന്ന് നിര്ബന്ധമൊന്നുമില്ലലോ ...ടീച്ചറുടെ നോട്ടം കണ്ടപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു .
എന്തായാലും ആ പറഞ്ഞ സാധനമൊന്നും എന്റെ തലേല് കേറില്ല എന്ന യാഥാർഥ്യം മനസിലായപ്പോൾ നൈസ് ആയിട്ട് ആ ആഗ്രഹം കാറ്റിൽ പറത്തി വിട്ടതായിരുന്നു .എന്നാൽ മോള് ജനിച്ചപ്പോൾ ഞാൻ ആ സ്വപ്നം മോൾടെ തലേല് വെച്ച് കൊടുത്തു .
അവളോട്‌ ഊണിലും ഉറക്കത്തിലും പറയും ,അമ്മേടെ ഐ എ എസ് കുട്ടി അമ്മേടെ ആഗ്രഹം സാധിച്ചു തരണം എന്ന് .അതു കേട്ടാൽ അവൾക്കു സന്തോഷമാ .അഞ്ചു വയസുകാരിക്ക് അത് എന്ത് എന്ന് പിടികിട്ടാത്തതു കൊണ്ടാവും അങ്ങനെ ..
അങ്ങനെ രണ്ടാമതും ഒരു മോളുണ്ടായപ്പോൾ മൂത്തയാൾ അടുത്ത് വന്നു ചോദിച്ചു ....ഇവളെ അമ്മ ആരാക്കും ?ഒന്നും ആലോചിക്കാതെ ഞാൻ പറഞ്ഞു ..ഇത് അമ്മേടെ രാജകുമാരിയാ ....
അതുകേട്ടപ്പോൾ അവൾ എതിർത്തൊന്നും പറഞ്ഞില്ല .
ഒരുദിവസം മോൾക്ക്‌ എഴുതാൻ ഭയങ്കര മടി .ഒരു രക്ഷയുമില്ല .അമ്മ എഴുതി തരണം എന്ന് പറഞ്ഞ ഞാനവളോട് പറഞ്ഞു ഐ എ എസ് കാരിയാവണ്ടേ .....ഇങ്ങനെ എഴുതിയാലും പഠിച്ചാലും മാത്രെ അതൊക്കെ ആവാൻ പറ്റുള്ളൂ ...
അതുകേട്ടതും അവൾ പറഞ്ഞത് കേട്ടപ്പോൾ എന്റെ ബാല്യം പകച്ചുപോയി .
അമ്മേ .... എനിക്ക് ഐ എ എസ്കാരി ആ വേണ്ടാ .....എനിക്കും അമ്മേടെ രാജകുമാരി ആയ മതി ...... ഞാൻ അവളെ എടുത്തു മടിയിലിരുത്തി ഉമ്മ കൊടുത്തു പറഞ്ഞു ..അമ്മേടെ കുട്ടി എന്നും അമ്മേടെ രാജകുമാരി ആയ മതീന്ന് .....അതു കേട്ടതും അവൾ പാൽപ്പല്ലുകൾ കാട്ടി നിഷ്കളങ്കമായി ചിരിച്ചു .ആ കുഞ്ഞു മനസിലെ ഭാരവും ഇറക്കി വെച്ച് അവൾ കളിക്കാനായി ഓടിപോയപ്പോൾ ഞാൻ എന്റെ പൊട്ട തലയ്ക്കു ഒരു മേട്ടം വെച്ച് കൊടുത്തു ..പാവം എന്റെ കുട്ടി ...
Nb.കുട്ടികൾ ആരാവണം എന്ന് അവർ നിശ്ചയിക്കട്ടെ ..ഓരോ കുട്ടിയും കളിച്ചു പഠിച്ചു വളരണം .മാതാ പിതാക്കൾ അവരുടെ വളർച്ചയിലേക്കുള്ള വഴികാട്ടികളാവുക ..കുഞ്ഞു മനസിന്‌ ഭാരവും മുറിവും ഏൽപ്പിക്കാതെ നട്ടു നനച്ചു വളർത്തുക .
പ്രീതി രാജേഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo