Slider

ശമ്പളമില്ലാത്ത പ്രവാസികൾ

0
Image may contain: 2 people, child and closeup

അതേയ്.
ഇതു ഞാനാ മേരി... നിങ്ങൾക്ക് അവിടെ സുഖം തന്നെ അല്ലേ എന്ന് ചോദിക്കുന്നില്ല... എനിക്കറിയാം.. സുഖമാണെന്ന് പറഞ്ഞാൽ തന്നെ അത് എത്രത്തോളം കള്ളമായിരിക്കുമെന്ന്....
നമ്മുടെ മുപ്പത്തി രണ്ടു വർഷത്തെ ജീവിത ത്തിനിടയിൽ ആദ്യമായിട്ടാ ഞാൻ നിങ്ങൾക്കൊരു കത്തെഴുതുന്നത്.
കാരണം ഇപ്പോളാണല്ലോ കുറച്ചു നാളത്തേക്കെങ്കിലും ഞാനും ഒരു പ്രവാസിയായി മാറിയത്..
നിങ്ങളെ ഇത് വരെയും ഞാൻ ഒന്നും വിളിക്കാത്ത കാരണം... കത്തിൽ എങ്ങനെയാണ് അഭിസംബോധന ചെയ്യേണ്ടതെന്നുപോലും എനിക്കറിയില്ല..
ഇപ്പോൾ ഇങ്ങനെ ഒരു കത്തെഴുതാമെന്നു വച്ചത് വേറൊന്നും കൊണ്ടല്ല. നാലഞ്ചു മാസമായി മനസ് തുറന്നൊന്നു ആരോടെങ്കിലും സംസാരിച്ചിട്ട്..
ഫോണിൽ നിങ്ങളോട് നന്നായിട്ടൊന്നു സംസാരിക്കാന്നു വച്ചാൽ കുഞ്ഞുട്ടനും ജെസ്സിയും ജോലികഴിഞ്ഞ് വരണ്ടേ... പോരാത്തതിന് അവിടെ പകലാവുമ്പോൾ ഇവിടെ പാതിരാത്രിയും... അതുകൊണ്ടാണ് മനസ് തുറന്നു എഴുതുന്നത്.. പിന്നെ നമ്മുടെ കുഞ്ഞുട്ടൻ ആകെ മാറിപ്പോയി.... അവനെന്താ കഴിഞ്ഞ തവണ വന്നപ്പോൾ നമ്മോട് പറഞ്ഞത് ? അപ്പനും അമ്മയും ഇനി കുറച്ചു നാൾ അവന്റെ കൂടെ അമേരിക്കയിൽ വന്ന് നിക്കാന്ന്.... രണ്ടു പേർക്കും വിസക്ക് അപേക്ഷിച്ചിട്ടുണ്ട് അമ്മച്ചിടെ വിസ സാംക്ഷനായിട്ടുണ്ട്.. അത് കൊണ്ടു അമ്മച്ചിനെ ഇപ്പോൾ കൊണ്ടുപോവാണ്. അപ്പന്റെ വിസക്ക് കാലതാമസം എടുക്കും എന്ന്..
എല്ലാം ജെസ്സി കൂടി അറിഞ്ഞോണ്ടുള്ള കളിയായിരുന്നു. നിങ്ങൾക്കറിയോ അവൻ നിങ്ങടെ വിസക്ക് അപേക്ഷിച്ചിട്ടില്ലായിരുന്നു.. അവനു വേണ്ടത് അവന്റെ കുഞ്ഞുങ്ങളെ നോക്കാൻ ശമ്പളമില്ലാത്ത ആയയെ ആയിരുന്നു..
പോട്ടെ നമ്മുടെ കുഞ്ഞൂട്ടന് വേണ്ടിയല്ലേ.. നമ്മുടെ ചെറുമക്കളല്ലേ.. ആ ഒരു കാര്യം ഓർത്തിട്ടാണ് ഞാൻ സമ്മതിച്ചത്.. അവനറിയില്ലലോ .... ഇത്രയും കാലത്തിനിടക്ക് അവന്റെ അപ്പനെ പിരിഞ്ഞു ഒരു നിമിഷം പോലും ഈ അമ്മച്ചി നിന്നിട്ടില്ല എന്ന്....
നിങ്ങടെ വിസയുടെ കാര്യം ഞാൻ ജെസ്സിയോട് സൂചിപ്പിചപ്പോളാണ് അവള് പറഞ്ഞത്.. നിങ്ങൾക്കു അവര് വിസക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന്.. അവള് പറയാ.. ഓ പിന്നെ ഈ വയസുകാലത്തു അപ്പനും അമ്മയും ഒരുമിച്ച് അമേരിക്കയിലോട്ട് കെട്ടിയെടുത്തു ഹണി മൂൺ ആഘോഷിക്കാനാണോ എന്ന്..
പിന്നെ ഇവിടത്തെ ഭക്ഷണമൊന്നും എനിക്ക് പിടിക്കണില്ല. സാൻവിച്ചോ ബർഗറോ മറ്റോ വായിൽകൊള്ളാവുന്ന ഒരു വകയില്ല. ഇന്നാളൊരു ദിവസം ഇച്ചിരി കഞ്ഞിയും പപ്പടം ചുട്ടതും കഴിക്കാൻ കൊതിയായിട്ട് ഞാനാ പപ്പടം സ്‌റ്റവേൽ വച്ച് ചുട്ടെടുത്തു. അന്നേരം ഇച്ചിരി പുകയൊക്കെ വന്നായിരുന്നു. കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ ഏതാണ്ട് അലാറമൊക്കെ അടിക്കുന്നു. ഞാൻ കുഞ്ഞുങ്ങളെയും എടുത്തോണ്ട് പുറത്തു ചാടി. എല്ലാരും ഓടിവന്നു... ആരൊക്കെയോ കുഞ്ഞൂട്ടനെയും ജെസ്സിനെയും വിളിച്ചു പറഞ്ഞു. ഫയർ ഫോഴ്സ് വന്നപ്പോളാ മനസിലായെ പപ്പടം ചുട്ടതിന്റെ പുക അടിച്ചു ഫ്ളാറ്റിലെ ഫയർ അലാറമടിച്ചെന്ന് ..
ജെസ്സിടെ കയ്യിൽനിന്നും കുറേ വഴക്ക് കേട്ടു..
പിന്നെ ഞാൻ മാത്രമല്ലട്ടോ ഒരു വിധം എല്ലാ വീട്ടിലുമുണ്ട് ഇത് പോലെ കൊച്ചുങ്ങളെ നോക്കാൻ വേണ്ടി മാത്രം പ്രവാസിയായ അമ്മമാർ..
നാട്ടിലൊക്കെ പറയുന്നുണ്ടായിരിക്കും അല്ലെ.. ഓ മേരി അമേരിക്കയിലൊക്കെ പോയി വല്യ ആളായെന്ന് ..
ഇവിടെ നടക്കുന്ന ഒരു പാർട്ടിക്ക് പോലും കുഞ്ഞുട്ടൻ കൊണ്ടോവാറില്ല... അവനു കുറച്ചിലാണത്രെ... അമ്മച്ചിക്ക് ടേബിൾ മാനേഴ്സ് ഇല്യാന്ന്...
സാരമില്ല മക്കളുടെ നല്ലതിന് വേണ്ടിയല്ലേ നമ്മളും ജീവിക്കുന്നത്.
ആ പിന്നെ വേറൊരു കാര്യം പറയട്ടെ... ഇവിടത്തെ കക്കൂസിലൊന്നും വെള്ളമില്ല.. ടിഷ്യു പേപ്പർ ആണ് ഉള്ളത്.. കുഞ്ഞൂട്ടനോട് ചോദിച്ചപ്പോൾ അവൻ പറയാ ഇവിടെ ഇങ്ങനെയാണ് എന്ന്..
എന്താ ചെയ്യാ ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണമെന്നല്ലേ ചൊല്ല്..
പിന്നെ മോനുട്ടന്റെ പെണ്ണ് നിങ്ങളെ നല്ലോണം നോക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ ആഴ്‌ച്ച ഫോൺ വിളിച്ചപ്പോൾ നിങ്ങൾ എന്താ പറഞ്ഞത് ?? പോത്തിറച്ചി വരട്ടിയത് അവള് നിങ്ങൾക്ക്‌ തന്നില്ലെന്നോ ?? അതോർത്തു വിഷമിക്കണ്ട. അവൾക്കു നിങ്ങളോടുള്ള സ്നേഹം കൊണ്ടാണ്.. ഈ വയസ്സ് കാലത്ത് നിങ്ങൾക്ക് കൊളസ്‌ട്രോൾ വരണ്ടാന്നു ഓർത്തിട്ട്.. ഇന്നാള് ഗ്രോസറി ഷോപ്പിൽനിന്ന് ഇച്ചിരി കപ്പ വാങ്ങാൻ പറഞ്ഞപ്പോൾ ജെസ്സിയും ഇങ്ങനാ പറഞ്ഞത്.. അമ്മച്ചിക്ക് ഷുഗറാ കപ്പ തിന്നണ്ട എന്ന്...
അല്ലാതെ അവരുടെ സ്റ്റാറ്റസിന് കേടു വരുന്നോർത്തിട്ടല്ല കേട്ടോ..
അടുത്ത മാസം വിസ തീരും പുതുക്കണമെങ്കിൽ ഞാൻ അവിടെ വരണം... തനിച്ചാണ് വരുന്നത് കുഞ്ഞുട്ടന് ലീവില്യാന്ന്...
അത് കഴിഞ്ഞു വീണ്ടും ഇങ്ങോട്ട് വരണം.... നിങ്ങൾക്കറിയാലോ വീട്ടീന്നിറങ്ങിയാൽ പള്ളി.. പള്ളിന്നി റങ്ങിയാൽ വീട്.... അങ്ങനെ കഴിഞ്ഞ ഞാനാ അമേരിക്കേന്ന് അങ്ങോട്ട്‌ ഒറ്റക്ക് വരണത്.. എന്താ ചെയ്യാ വന്നല്ലേ പറ്റു..വീൽ ചെയർ ഏർപ്പാടാക്കിയിട്ടുണ്ടെന്നാണ് കുഞ്ഞൂട്ടൻ പറഞ്ഞത്.
ഇപ്രാവശ്യം തിരിച്ചു പോരുന്നുണ്ടെങ്കിൽ വടക്കേലെ പറമ്പ് വിറ്റിട്ടായാലും നിങ്ങൾക്കൊരു വിസയെടുത്തു ഇവിടെ കൊണ്ടുവരും... എനിക്ക് വയ്യ ഈ വയസ്സ് കാലത്ത് നിങ്ങളെ തനിച്ചാക്കാൻ... നിറുത്തട്ടെ
എന്ന് നിങ്ങടെ സ്വന്തം മേരി.
(പ്രവാസിയും പ്രവാസവും എന്ന വാക്ക് ജീവിക്കാൻ വേണ്ടി നേട്ടോട്ടമോടുന്ന നിങ്ങൾക്ക് വേണ്ടി മാത്രമുള്ളതല്ല.. ഒരു കണക്കിന് ഇവരും പ്രവാസികളല്ലേ ?? നിങ്ങൾക്ക് വേണ്ടി ഈ വയസുകാലത്തും സ്വന്തം സുഖം മാറ്റിവെച്ചു പ്രവാസിയാകേണ്ടിവന്നവർ.... )
സജന
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo