Slider

ഒരു എൻട്രൻസ് കഥ ഭാഗം - 2

0
Image may contain: 1 person

"തുടർക്കഥകൾ  ,സുഖകരമായി വായിക്കാൻ Nallezhuth Android App - Google PlayStore -ൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത ശേഷം "പുതിയ തുടർരചനകൾ " എന്ന ഭാഗം സന്ദർശിക്കുക "


ഒന്ന് മൂളിയതല്ലാതെ അച്ഛൻ മറുപടി ഒന്നും പറഞ്ഞില്ല. പ്രതിഷേധത്തോടെ ആണെങ്കിലും വരാം എന്ന് സമ്മതിച്ചല്ലോ എന്ന ആശ്വാസത്തിലാണ് അവൾ കിടന്നുറങ്ങിയത്.
പിറ്റേന്ന് രാവിലെ നയനയും അച്ഛനും കൂടി വില്ലജ് ഓഫീസിലേക്ക് പോയി, അപേക്ഷ സമർപ്പിച്ചു. അവിടെ അധികം തടസ്സങ്ങൾ ഇല്ലാതെ കാര്യങ്ങൾ നടന്നു. ഉടൻ തന്നെ അത് അവൾ അപേക്ഷയോടൊപ്പം ചേർത്ത് അയക്കുകയും ചെയ്തു. അപേക്ഷ അയക്കേണ്ട അവസാന ദിവസങ്ങൾ ആയിരുന്നു അതൊക്കെ.
ബുക്ക് സ്റ്റാളിൽ പോയി. ഏറ്റവും വില കുറഞ്ഞ ഒരു ബുക്ക് തന്നെ അവൾ വാങ്ങി. നല്ല ബുക്കുകൾക്ക് വലിയ വിലയാകും. അത്രക്കും വിലയുള്ളത് വാങ്ങാൻ പണം ഇല്ല. അപേക്ഷ അയക്കാൻ തന്നെ കടം വാങ്ങിയിരിക്കുകയാണല്ലോ...
പിന്നീടുള്ള ഓരോ ദിവസങ്ങളും അവൾക്ക് പരിശ്രമത്തിന്റേതായിരുന്നു. ജോലി കഴിഞ്ഞ് വന്നാൽ കിട്ടുന്ന സമയം മുഴുവൻ അവൾ പഠിക്കാനായി ചിലവഴിച്ചു. ആ ചെറിയ പുസ്തകത്തിൽ നിന്നും കിട്ടാവുന്ന അത്ര അറിവും സമ്പാദിക്കാൻ അവൾ ആവുന്നത്ര ശ്രമിച്ചു. അതിൽ ഒരു തൊണ്ണൂറ് ശതമാനവും അവൾ വിജയിക്കുകയും ചെയ്തു.
******
ദിവസങ്ങൾ കടന്നു പോയി. പരീക്ഷക്ക് ഇനി രണ്ടു ദിവസ്സം മാത്രം ബാക്കി. ആലുവയിൽ ആണ് എക്സാം. എന്തോ ഭാഗ്യത്തിന് അമ്മ കൂടെ വരാം എന്ന് സമ്മതിച്ചിട്ടുണ്ട്. ആ ആശ്വാസത്തിൽ ആണ് അവൾ.
നയനയെ സർ വിളിക്കുന്നുണ്ട്.
ഒരു സഹപ്രവർത്തകയായ അരുണിമ വന്ന് പറഞ്ഞപ്പോൾ അവൾ സീറ്റിൽ നിന്നും എഴുന്നേറ്റു. എന്തിനായിരിക്കും സർ വിളിപ്പിക്കുന്നതെന്ന് അവൾക്ക് ഒരു രൂപവും കിട്ടിയില്ല. ചെയ്ത ജോലികളിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചിരിക്കുമോ എന്നവൾക്ക് സംശയം തോന്നി. ശ്രദ്ധ ഇപ്പോൾ കൂടുതലും പഠനത്തിൽ ആയിരുന്നുവല്ലോ...
എക്സ്ക്യൂസ്മി സർ, മേ ഐ കം ഇൻ...?
കം ഇൻ... നയന ഇരിക്ക്...
ഒരു പുഞ്ചിരിയോടെ അവൾ ഇരുന്നു.
നയന എഞ്ചിനീയറിംഗ് എൻട്രൻസ് എഴുതുന്നുണ്ടല്ലേ..?
ഉണ്ട് സർ.
എന്നാ എക്സാം?
സൺഡേ...
ഇന്ന് തേഴ്സ്ഡേ ആയില്ലേ...? എക്സാമിന് പഠിക്കാൻ ലീവൊന്നും ചോദിച്ച് കണ്ടില്ലല്ലോ...
അത്... സർ... ലീവ്... ഈ മാസത്തെ ലീവൊക്കെ തീർന്നു. ഞാൻ അപ്ലിക്കേഷൻ അയക്കാനുള്ള ഓരോ കാര്യങ്ങൾക്ക് ലീവുകൾ എടുത്തിരുന്നു.
അതുകൊണ്ട്....? സീ.. നയന. എക്സാം എഴുതുന്നെങ്കിൽ നന്നായി പ്രിപ്പയർ ചെയ്തിട്ട് എഴുത്. അല്ലെങ്കിൽ പിന്നെ എഴുതണ്ട എന്ന് വക്ക്. ഇനി രണ്ടു ദിവസമേ ഉള്ളു.
നയന ഒന്നും മിണ്ടിയില്ല.
ഞാൻ ഒരു ഫേവർ ചെയ്യാം. രണ്ടു ദിവസം നയന ലീവ് എടുത്തോളൂ. ഞാൻ സാലറി കട്ട് ചെയ്യുന്നില്ല. അതും എക്സാം നന്നായി എഴുതാനായതുകൊണ്ടാണ് ഞാൻ ഈ സഹായം ചെയ്യുന്നത്. എന്താ വേണോ?
സന്തോഷം കൊണ്ട് തുള്ളി ചാടാൻ ആണ് അവൾക്കപ്പോൾ തോന്നിയത്. തന്റെ മേലുദ്യോഗസ്ഥൻ വരെ തന്നെ എക്സാമിന് ലീവെടുക്കാൻ നിർബന്ധിക്കുന്നു. സപ്പോർട്ട് ചെയ്യുന്നു. അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ലീവ് സാങ്ഷൻ ആയ വിവരം അവൾ ജെയിംസ് ചേട്ടനോട് പറഞ്ഞു.
സന്തോഷമായില്ലേ നിനക്ക്..? ഉള്ള രണ്ടു ദിവസം നന്നായി പഠിക്കാമല്ലോ... എല്ലാം നന്നായി നടക്കും എന്ന് ഞാൻ അന്നേ പറഞ്ഞില്ലേ...
ഹും.... ചേട്ടന്റെ നാവ് പൊന്നായിരിക്കട്ടെ.. ആരും സപ്പോർട്ട് ചെയ്യാത്തോണ്ട് ഞാൻ ആകെ വറീഡ് ആയിരുന്നു. ഇപ്പൊ എനിക്ക് നല്ല സമാധാനം തോന്നുന്നുണ്ട് ചേട്ടാ....
എല്ലാം നന്നായി വരും. നീ ധൈര്യമായി ഇരിക്ക്..
ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു. അവൾക്ക് ആ വാക്കുകൾ നൽകുന്ന ഊർജ്ജം ചെറുതായിരുന്നില്ല. വീട്ടിൽ തിരിച്ചെത്തിയപ്പോൾ അവൾ സർ ലീവ് തന്ന കാര്യം അമ്മയോട് പറഞ്ഞു. അത് കേട്ടപ്പോൾ അമ്മക്ക് അല്പം മനം മാറ്റം വന്ന പോലെ തോന്നി നയനക്ക്. അമ്മ തന്റെ ആഗ്രഹത്തിന് കൂടെ ഉണ്ടാകും എന്ന ഒരു വിശ്വാസം അവളിൽ ഉടെലെടുത്തു.
******
അങ്ങനെ ആ ദിവസം വന്നെത്തി. ഇന്നാണ് ആ പരീക്ഷ. നയന ഇത്രയും ദിവസം കഷ്ടപ്പെട്ടതിന്റെ ഫലം കാണുന്നത് ഇന്നാണ്. പഠിച്ചതൊക്കെ അവൾ ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അമ്മയെയും കൂട്ടി രാവിലെ തന്നെ പുറപ്പെട്ടു കഴിഞ്ഞിരുന്നു.
സമയത്തിന് മുൻപ് തന്നെ അവർ പരീക്ഷ സ്ഥലത്ത് എത്തിച്ചേർന്നിരുന്നു. നയന ചുറ്റും നോക്കി. നിറയെ പേര്. അവരുടെ കൂടെ വന്നിട്ടുള്ള മാതാപിതാക്കൾ. എല്ലാവരും പഠനത്തിന്റെ തിരക്കിൽ. അവൾ അവരുടെ പുസ്തകങ്ങളിലേക്ക് കണ്ണ് വച്ചു
ആയിരക്കണക്കിന് പേജുകൾ ഉള്ള തടിച്ച പുസ്തകങ്ങൾ മൂന്നും നാലും എണ്ണം നിവർത്തി വച്ച് എല്ലാത്തിലും റെഫർ ചെയ്ത് വായിക്കുന്നു ഓരോരുത്തരും. അവൾ ബാഗ് തുർന്ന് തന്റെ പുസ്തകത്തിലേക്ക് നോക്കി. ഉള്ളിൽ ഒരു കുത്തി വിങ്ങൽ പോലെ തോന്നി അവൾക്ക്. എഴുപത്തിഅഞ്ചുരൂപയുടെ ഒരു ചെറിയ ഗൈഡ് മാത്രമാണ് തന്റെ കൈവശം ഉള്ളത്. അത് പുറത്തെടുക്കാൻ അവൾക്ക് ഭയവും നാണക്കേടും തോന്നി.
ഉള്ള നേരം നീ വല്ലതും വായിക്ക്...
അമ്മയുടെ ശബ്ദം അവളെ ചിന്തകളിൽ നിന്നും ഉണർത്തി. ഈശ്വര... പരീക്ഷിക്കുകയാണോ നീ വീണ്ടും...? ഈ ചെറിയ പുസ്തകം കൊണ്ട് എഞ്ചിനീയറിംഗ് എൻട്രൻസ് എന്ന വലിയ സ്വപ്നം ആണ് കണ്ടിരിക്കുന്നത്. തോല്പിക്കാതെ കൂടെ നിൽക്കാനേ ഭഗവാനെ... അവൾ മനമുരുകി വിളിച്ചു.
ഇല്ലമ്മേ... ഇനി അധികം സമയമില്ല ഞാൻ അല്പം നേരം റിലാക്സ് ആയി ഇരിക്കട്ടെ..
അമ്മ സമ്മതിക്കും മട്ടിൽ മൗനമായി ഇരുന്നു. നയന കണ്ണുകൾ അടച്ച് മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
പരീക്ഷാ ഹാളിലേക്ക് കയറുമ്പോളും അവൾക്ക് വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു. അത് പുറമെ കാണിക്കാതെ ഒരു പുഞ്ചിരി മുഖത്ത് വരുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. ക്വസ്റ്റ്യൻ പേപ്പർ കൈയിൽ കിട്ടിയപ്പോൾ അവൾ സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു. പിന്നെ ക്ഷമയോടെ ഓരോ ചോദ്യങ്ങളും വായിച്ച് ഉത്തരങ്ങൾ മാർക്ക് ചെയ്യാൻ തുടങ്ങി.
എക്സാം കഴിഞ്ഞിറങ്ങുമ്പോളെക്കും നയനയുടെ മനസ്സ് ശാന്തമായിരുന്നു. എല്ലാം കഴിഞ്ഞിരിക്കുന്നു. ഇത്രയും നാളത്തെ പരിശ്രമം കറുത്ത മഷി പേനയുടെ കോറിയിടലിൽ തീർന്നിരിക്കുന്നു. ഇനി ഫലം വരണം. അത് എന്ത് തന്നെ ആയാലും സ്വീകരിച്ചേ മതിയാകൂ...
എങ്ങനെ ഉണ്ടായിരുന്നു മോളെ എക്സാം?
എനിക്കാവുന്നതൊക്കെ ഞാൻ ചെയ്തിട്ടുണ്ടമ്മേ.. ഇനി ഈശ്വരൻ വിചാരിക്കട്ടെ എന്ത് വേണമെന്ന്?
അമ്മ അവൾ പരീക്ഷ എഴുതുന്ന നേരം കൊണ്ട് പരീക്ഷക്ക് വന്ന മറ്റു കുട്ടികളുടെ മാതാപിതാക്കളുമായി ചങ്ങാത്തത്തിൽ ആയിരുന്നു. അവരുടെ മക്കളുടെ വിശേഷങ്ങൾ ചോദിക്കുകയായിരുന്നു അവർ. നയനയോടും അവർ അതെ ചോദ്യങ്ങൾ ആവർത്തിച്ചു.
കുഴപ്പം ഉണ്ടായിരുന്നില്ല എന്ന പതിവ് പല്ലവി അവൾ അവർക്ക് നേരെ നീട്ടി. അവരുടെ മക്കൾ നല്ല എളുപ്പമായിരുന്നു എക്സാം എന്ന് നയനയോട് മറുപടി പറഞ്ഞപ്പോൾ അവൾക്ക് ഉള്ളിൽ ഒരു ചോദ്യ ചിഹ്നം ഉയർന്നു. തന്റെ കൈയിലെ ഈ ഗൈഡിൽ നിന്നും കിട്ടുന്ന അറിവിൽ ഇത്രയേ തനിക്കാവൂ... മാത്രവുമല്ല ഇരുപത് ദിവസംകൊണ്ട് ജോലിക്ക് പോകുന്ന സമയം കഴിച്ച് ബാക്കി നേരത്തെ പരിശ്രമം കൊണ്ട് ഇത്രക്കൊക്കെയേ തന്നെക്കൊണ്ട് സാധിക്കൂ എന്നവൾ സമാധാനിച്ചു.
തിരികെ പോരാൻ നേരം ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയപ്പോളും അവിടെയും നിറയെ എക്സാമിന് വന്ന കുട്ടികളും പേരന്റസും ആയിരുന്നു. ചർച്ച ഇത് തന്നെ. ചോദ്യ പേപ്പർ വിശകലനം വരെ അവിടെ നടക്കുന്നുണ്ടായിരുന്നു. അവൾ അതിലേക്കൊന്നും മനസ്സ് കൊടുക്കാതെ മൗനമായി ഇരുന്നു.
******
ആഴ്ചകൾ രണ്ട് കഴിഞ്ഞിരിക്കുന്നു. ഇന്ന് എൻട്രൻസ് റിസൾട്ട് വരുന്ന ദിവസമാണ്. തന്റെ ഇരുപത് ദിവസത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലം അറിയുന്ന ദിവസം. ദിവസങ്ങൾക്ക് മുൻപ് തന്നെ ആൻസർ കീ വന്നിരുന്നു. അത് വച്ച് നോക്കിയപ്പോൾ നയനക്ക് ടെൻഷൻ അധികരിക്കുകയാണുണ്ടായത്. പറയത്തക്ക സ്കോർ ഒന്നും പ്രതീക്ഷിക്കാൻ ഇല്ല എന്നുള്ളത് തന്നെ ആയിരുന്നു അതിന് കാരണം.
എക്സാം എളുപ്പം ആയിരുന്ന ഒരുപാട് പേരെ അന്ന് തന്നെ കാണാൻ കഴിഞ്ഞു. ഇനിയും കാണാത്ത എത്ര പേർ. പ്രതീക്ഷയുടെ ഒരു നാമ്പ് പോലും അവളിൽ മുളച്ചില്ല. ടെൻഷൻ കൂടിയപ്പോൾ പ്രാർത്ഥനയോടെ അവളിരുന്നു.
നയനക്ക് വേണ്ടി ജെയിംസ് ചേട്ടനാണ് റിസൾട്ട് നോക്കിയത്. അവൾ കണ്ണടച്ച് പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. കണ്ണ് തുറന്നപ്പോൾ തന്റെ നേർക്ക് നടന്നു വരുന്ന ജെയിംസ് ചേട്ടനെ അവൾ കണ്ടു.
ഈശ്വരാ... അവൾ മനമുരുകി വിളിച്ചു. ആ മുഖത്തെ ഭാവത്തിൽ നിന്നും റിസൾട്ട് എന്തായിരിക്കും എന്ന് വായിച്ചെടുക്കാൻ നയനക്ക് സാധിച്ചില്ല. മെല്ലെ അയാൾ നടന്നു അവൾക്കരികിൽ വന്നിരുന്നു.
അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അയാൾ പറഞ്ഞു തുടങ്ങി.
റാങ്ക് ലിസ്റ്റ് വന്നു. സീറ്റ് കിട്ടും എന്തായാലും. പക്ഷെ ഗവൺമെന്റിൽ കിട്ടുമോ എന്നൊന്നും പറയാൻ പറ്റില്ല. എന്തായാലും ഓപ്ഷൻസ് കൊടുക്ക്. അലോട്ട്മെന്റ് വരട്ടെ നമുക്ക് നോക്കാം.
നയനക്ക് വിഷമം തോന്നി. ദൂരെക്കൊന്നും പോയി പഠിക്കാൻ വീട്ടിൽ നിന്നും വിടില്ല. കഷ്ടപെട്ടതൊക്കെ വെറുതെ ആയി. അല്ലേലും താൻ ഒരു ഭാഗ്യം കേട്ട ജന്മം ആണ്. ഒന്നും നേടാൻ സാധിക്കില്ല. എല്ലാം മറന്നു കളയാം.
ആ നിമിഷം മുതൽ വല്ലാത്ത ഒരു നിരാശ അവളെ വലയം ചെയ്തിരുന്നു. ഒരിക്കലും ഈ സ്വപ്നം സഫലമാകാൻ പോകുന്നില്ല എന്ന് മനസ്സ് പറയും പോലെ തോന്നി അവൾക്ക്. ഒന്നും മിണ്ടാതെ അവൾ ഏറെ നേരം ഇരുന്നു.
നീ ഇങ്ങനെ വിഷമിക്കല്ലേ... നമുക്ക് നോക്കാം.
ജെയിംസ് നയനയെ ആവുംവിധം ആശ്വസിപ്പിക്കാൻ ശ്രമിച്ചു. മറ്റു സഹപ്രവർത്തകരും അടുത്തേക്ക് വന്നു. പലരും പലതും പറഞ്ഞു. ഇത്ര ദിവസംകൊണ്ട് പഠിച്ചതല്ലേ സാരമില്ല എന്നൊക്കെ പറഞ്ഞ് അവരവർ തന്നാൽ ആയ പോലെ സമാധാന വാക്കുകൾ മൊഴിഞ്ഞു. നയന ഒന്നും മിണ്ടാതെ എണീറ്റ് ബാത്റൂമിലേക്ക് നടന്നു.
ആരും കാണാതെ അവൾ കരഞ്ഞു. മനസ്സ് ശാന്തമാകും വരെ. ഒന്നും വേണ്ട. എല്ലാം ഇവിടെ ഉപേക്ഷിക്കാം എന്നുറപ്പിച്ച് അവൾ മുഖം കഴുകി പുറത്തേക്ക് വന്നു. അത് കണ്ട് അരുണിമ അടുത്തേക്ക് വന്നു.
അത്ര നല്ല സ്കോർ അല്ലലേ നയന...? ഏതെങ്കിലും മാനേജ്മെന്റിൽ ശ്രമിച്ചു നോക്ക് ചിലപ്പോ കിട്ടും. വല്ല ഇടുക്കിയിലോ കാസര്ഗോഡോ വയനാടോ മറ്റോ... അല്ലാതെ തിരുവന്തപുരവും എറണാകുളവും തൃശ്ശൂരും ഒന്നും കൊടുത്തിട്ട് കാര്യമില്ല.
നയന അരുണിമയെ നോക്കി. ജെയിംസ് എല്ലാം കേട്ട് തൊട്ടു പുറകിൽ നിൽക്കുന്നുണ്ടായിരുന്നു. സാരമില്ല എന്ന ഭാവത്തിൽ അദ്ദേഹം നയനയെ നോക്കി കണ്ണടച്ച് കാണിച്ചു. അവൾ ഒന്നും മിണ്ടാതെ തന്റെ കാബിനിൽ വന്നിരുന്നു.
അല്പനേരത്തിനു ശേഷം ജെയിംസ് പിന്നെയും നയനയെ തേടി വന്നു.
മോളിങ്ങനെ വിഷമിച്ചിരിക്കല്ലേ.. നമുക്ക് ട്രൈ ചെയ്ത് നോക്കാമല്ലോ?
ഇല്ല ചേട്ടാ... സ്കോർ കുറഞ്ഞു പോയതിൽ എനിക്ക് സങ്കടമില്ല. ഞാൻ നന്നായി പഠിച്ചിട്ടില്ല. അതെനിക്കറിയാം. അതിനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ല. പക്ഷെ ഞാൻ കുറച്ച് ആഗ്രഹിച്ച് പോയി. മാനേജ്മെന്റിൽ ഒക്കെ കിട്ടിയാലും പഠിപ്പിക്കാൻ എന്റെ വീട്ടിൽ നിന്നും വിടില്ല. അതിനുള്ള പണമില്ല എന്നത് തന്നെ കാര്യം. ഗവർമെന്റിൽ കിട്ടിയാൽ പോലും ചിലപ്പോ വിടില്ല.
ഹോസ്റ്റലിൽ ഒന്നും നിന്ന് പഠിക്കുന്ന കാര്യം ചിന്തിക്കുകയെ വേണ്ട.. അതൊന്നും ഒരിക്കലും സമ്മതിക്കാൻ പോകുന്നില്ല. എല്ലാം മറക്കാം. വെറുതെ കുറെ കഷ്ടപ്പെട്ടു. ചേട്ടന് കുറച്ച് കടവും ബാക്കി.
അങ്ങനൊന്നും പറയല്ലേ... എല്ലാം ശരിയാവും. ഇത്രേം എത്തിയിട്ട് പിന്നെ പാതിവഴിയിൽ ഉപേക്ഷിക്കുന്നത് മണ്ടത്തരമല്ലേ... നീ ഓപ്ഷൻസ് കൊടുക്ക്. ഗവണ്മെന്റ് കോളേജുകൾ മാത്രം കൊടുത്താൽ മതി. കിട്ടുമോ എന്ന് നമുക്ക് നോക്കാം.
വേണ്ട ചേട്ടാ... അരുണിമ പറഞ്ഞത് കേട്ടില്ലേ...? കാസർഗോഡ് ഒക്കെ കിട്ടിയാലും എന്നെ വിടില്ല. നമുക്കിത് വിട്ടുകളയാം. ഇനിയും കാത്തിരിക്കാനും ടെൻഷൻ അടിക്കാനും വയ്യ. പോരാത്തതിന് ഒരു മാര്യേജ് പ്രൊപ്പോസൽ വന്നിട്ടുണ്ട്. അത് മിക്കവാറും ശരിയാവും.
അവൾ നിരാശയോടെ മുഖം താഴ്ത്തി ഇരുന്നു. പക്ഷെ ജെയിംസ് അവളെ വിഷാദത്തിലേക്ക് തള്ളിയിടാൻ തയ്യാറായില്ല. അയാൾ നിർബന്ധിച്ച് അവളെക്കൊണ്ട് ഓപ്ഷൻസ് കൊടുപ്പിച്ചു. അടുത്ത ആഴ്ച അലോട്ട്മെന്റ് വരുമ്പോൾ നോക്കാം എന്ന് പറഞ്ഞു ആശ്വസിപ്പിച്ചു. പക്ഷെ ഒന്നും വേണ്ടായിരുന്നു എന്ന് അവളുടെ മനസ്സ് പറഞ്ഞുകൊണ്ട് ഇരുന്നു.
(തുടരും)
-ശാമിനി ഗിരീഷ്-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo