Slider

ആത്മഹത്യ(കഥ)

0


ആത്മഹത്യക്കുറിപ്പിലെ അവസാന അക്ഷരവും പൂർത്തിയായിരിക്കുന്നു.
ഇനിയീ തൂലിക ചലിക്കില്ല.
ഉച്ഛനിശ്വാസങ്ങൾക്ക് മട്ടുപ്പാവിലെ കാറ്റിനേക്കാൾ വേഗത, ഹൃദയമിടിപ്പിന് മരണത്തെ പുൽകാനുള്ള വ്യഗ്രത.
ജീവിക്കാൻ പഠിപ്പിച്ച തൂലിക തൻ്റെ മരണത്തിനും സാക്ഷിയാവട്ടെ.
എൻ്റെ പ്രിയപ്പെട്ട വായനക്കാർ അതിനുത്തരവാദികളാകട്ടെ.
ആത്മഹത്യാ കുറിപ്പിലെ അക്ഷരങ്ങൾ തനിക്കു നേരെ നോക്കി പല്ലിളിക്കുന്നു. നിൻ്റെ മരണം അനിവാര്യമാണെന്ന് ഓർമ്മിപ്പിക്കുന്നു. എന്നെ ജീവിക്കാൻ പഠിപ്പിച്ച ,എൻ്റെ ജീവരക്തമൊഴുകുന്ന തൂലികയെ നോട്ടുകെട്ടുകളുടെ മുന്നിൽ അടിയറവു വച്ചവനാണ് താൻ.
അക്ഷരങ്ങൾ കൊണ്ട് ഈശ്വരനെ സൃഷ്ടിച്ചു. സത്യത്തിലേക്ക് വഴിതെളിച്ചു. , വിയർപ്പിൻ്റെ അന്നത്തിൻ്റെ,മാനത്തിൻ്റെ അദ്ധ്വാനത്തിൻ്റെ വില അക്ഷരങ്ങളിൽ പകർത്തി.പക്ഷെ അദ്ധ്വാനത്തിൻ്റെ വിയർപ്പിൻ്റെ മണമുള്ള അക്ഷരങ്ങളെയായിരുന്നില്ല നിങ്ങൾക്കാവശ്യം.
ഇരുട്ടിൻ്റെ മറവിലെ മാംസനിബദ്ധമായ പ്രണയവും, ശീൽക്കാരങ്ങളും, അവിഹിതവും, കാമകേളികളുമായിരുന്നു നിങ്ങളെൻ്റെ അക്ഷരങ്ങൾക്കിടയിൽ തിരഞ്ഞത്.
എൻ്റെ എഴുത്തുകളെ
പുറം കാലുകൊണ്ട് തട്ടിക്കളഞ്ഞ നിങ്ങളെ അശ്ശീലാക്ഷരത്തിൻ്റെ മോഹവലയത്തിനുള്ളിലാക്കി നിങ്ങളെ എൻ്റെ വായനക്കാരാക്കി...,
അതെൻ്റെ പ്രതികാരമായിരുന്നു.
പ്രതികാരം പ്രശസ്തിക്ക് വഴിയൊരുക്കി,.പിന്നീടും പലർക്കു മുന്നിലും അക്ഷരങ്ങളെ കാഴ്ചവെച്ചു. കാമാക്ഷരങ്ങളെ ആർത്തിയോടെ വായിക്കുന്ന നിങ്ങളോട് എൻ്റെ തൂലികയ്ക്ക് സഹതാപം മാത്രം.
ഒരെഴുത്തുകാരൻ്റെ അന്ത്യം.! എന്ന് ചിലരെങ്കിലും പരിഹസിച്ചിട്ടുണ്ടാകും.
അറിവും ആശകളും സ്വപ്നങ്ങളും പകരേണ്ട അക്ഷരങ്ങളെ താൻ പിഴപ്പിച്ച് വേശ്യയാക്കി പലർക്കു മുന്നിലും കാഴ്ചവെച്ചു.
മനം മടുത്തിരിക്കുന്നു. മുഖംമൂടി
ധരിച്ചുള്ള എഴുത്ത് ആവസാനിക്കാറായിരിക്കുന്നു.
കളങ്കപ്പെട്ട ഈ തൂലികയിൽ നിന്ന് ഇനിയൊരക്ഷരവും പിറക്കരുത്. ഇനിയഥവാ പിറന്നാൽ തന്നെ അതൊക്കെയും ചാപിള്ളയാകും.
മട്ടുപ്പാവിനോട് ചേർന്ന തൻ്റെ എഴുത്തുപുരയിലെ ഉത്തരത്തിൽ കെട്ടിയ ചുവന്ന ഷാൾ , കഴുത്തിൽ മുറുകിയപ്പോൾ ഞാൻ പിടഞ്ഞില്ല, ഞരങ്ങിയില്ല, കണ്ണിൽ നിന്നൊരു തുള്ളി കണ്ണീർ പോലും തൂവിയില്ല.
അത് മോചനമായിരുന്നു.
അഴുക്കുചാലിൽ നിന്നുള്ള
അക്ഷരങ്ങുടെ മോചനം.
സ്വാതന്ത്യം ലഭിച്ച അക്ഷരങ്ങളുടെ ആർപ്പുവിളികൾ എൻ്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. ഇനിയെനിക്കുറങ്ങാം എന്നെന്നേക്കുമായ്..
സ്വതന്ത്രമായ ഈ അക്ഷരങ്ങൾ കളങ്കപ്പെട്ട എൻ്റെ തൂലികയ്ക്ക് മോക്ഷമേകട്ടെ..
ജിഷ രതീഷ്
13/12/17
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo