Slider

ഒരു രൂപ തുട്ടുകൾ ................

0

ഒരു രൂപ തുട്ടുകൾ ചിതറി കിടക്കുന്നത് കണ്ട അവൻ ഗീതുവിനെ ഉച്ചത്തിൽ വിളിച്ചു ...ഡീീ ഇതെന്താ ഈ കാട്ടിയിരിക്കുന്നത് ..ദേഷ്യം കൊണ്ടവന്റെ കണ്ണുകൾ ചുവന്നു ..എന്ത് പറ്റി അനുവേട്ടാ ..വീണ്ടും അവൻ നിലത്തു ചിതറിയ തുട്ടിലേക്ക് വിരലുചൂണ്ടി .ഒരു കൂസലുമില്ലാതെ അവൾ നോക്കിയിരിക്കുന്നത് കണ്ടപ്പോൾ കരണത്ത് ഒന്ന് കൊടുക്കാൻ തോന്നിപ്പോയി
മോൻ ആ കുടുക്ക വേണം ന്നു പറഞ്ഞപ്പോൾ എടുത്തു കൊടുത്തതാ ...അതിനെന്തിനാ ഇത്രേം ദേഷ്യം ?അവൾക്കതു നിസാരം .
കുട്ടിക്കാലത്തു അച്ചാച്ചൻ തരുന്ന തുട്ടുകൾക് താൻ എത്ര മാത്രം വില കല്പിച്ചിരുന്നുന്നു ഇവൾക്കറിയില്ലല്ലോ .എന്നാൽ അതൊന്നു പെറുക്കി കൂട്ടുവാൻ നിൽക്കാതെ അവൾ പുറംതിരിഞ്ഞു പോയപ്പോൾ ഉള്ളിലുള്ള രോഷം അടിയുടെ രൂപത്തിൽ അവളുടെ കവിളിൽ പതിയുക തന്നെ ചെയ്തു
രണ്ടുദിവസായിട്ട് അതിന്റെ മുഖം വീർപ്പിക്കൽ മുറപോലെ നടക്കുന്നുണ്ട് .ചെറിയ കാര്യം മതി അവൾക്കു മുഖം വീർപ്പിക്കാൻ .എന്നാലും ആ അടി വേണ്ടായിരുന്നു .പറ്റിപ്പോയി ഇനി പറഞ്ഞിട്ടു കാര്യമില്ല .
കുട്ടിക്കാലത്തു അച്ഛൻ ഉപേക്ഷിച്ചു പോയ അമ്മയും ഞാനും പെങ്ങളും അമ്മാവന് ഒരു സോയ്ര്യക്കേട് തന്നെയായിരുന്നു .അടുക്കള പുറത്തു ആരും തിരിഞ്ഞു നോക്കാത്ത എന്റെ അമ്മയുടെ നിശബ്ദ തേങ്ങൽ പലപ്പോഴും ആ പുക ചുവരുകളിൽ ദ്രവിച്ചോഴുകിയപ്പോഴും കുത്തു വാക്കുകൾ കൊണ്ട് അമ്മയെ മുടങ്ങാതെ ഊട്ടുന്ന അമ്മായിയുടെ അലർച്ച കേട്ടാണ് ഞാൻ ഉണരാറുള്ളത് .ഉണ്ടതിനും ഉടുത്തതിനും കണക്കെണ്ണി പറയുമ്പോൾ തൊണ്ടയിൽ നിന്നും ഇറങ്ങാതെ കണ്ണു നിറയിച്ചിരുന്ന എന്റെ അമ്മയുടെ ഹത ഭാഗ്യവാനായിരുന്ന മകനാവേണ്ടി വന്നതിൽ ഓരോ രാത്രിയും ഞാനും ആരും കാണാതെ കരഞ്ഞിരുന്നു .
ആരും കാണാതെ അച്ചാച്ചൻ നീട്ടിത്തരുന്ന നാണയ തുട്ടുകൾ ചേർത്തുവെച്ചു ഒരു ബാലരമ വാങ്ങിച്ചപ്പോൾ അപ്പുറത്ത് നിന്ന് അമ്മായി പറയുന്നത് കേട്ടു ചെക്കൻ മോഷണവും തുടങ്ങീന്ന് ..അതിന്റെ ശിക്ഷയായിട്ടാവും എന്നും രാവിലെ അച്ചാച്ചന്റെ മുതലാളിയുടെ വീട്ടിലെ തോട്ടം നനയ്ക്കേണ്ട പണി അമ്മാവൻ എന്നിലേക്കടിച്ചേൽപ്പിച്ചു .നേരം പുലരുന്നതിനു മുന്നെ ഉണർന്നു പോവുമ്പോൾ അമ്മയുടെ കണ്ണിലെ നിസ്സഹായതയൊന്നും ഞാൻ ശ്രെദ്ദിച്ചില്ല
തോട്ടം നനച്ചെത്തിയ എന്റെ മുന്നിലേക്ക് പഴഞ്ചോറ് വെച്ച് തരുമ്പോൾ അപ്പുറത്തിരുന്ന് അമ്മാവന്റെ മകൻ ഇഡ്ഡലിയും സാമ്പാറും കൂട്ടി കുഴച്ചു തിന്നുമ്പോൾ അറിയാതെ യാണേലും നാവിൽ വെള്ളമൂറാതിരിക്കില്ല .എങ്കിലും അമ്മയുടെ സങ്കടം കാണാൻ വയ്യാത്തോണ്ട് സന്തോഷത്തോടെ മുഴുവൻ കഴിച്ചെണീക്കും .അനിയത്തികുട്ടിയുടെ കയ്യും പിടിച്ചു സ്കൂളിൽ പോവുമ്പോൾ അമ്മയുടെ നോട്ടത്തിൽ ഞാനും ഒരു പ്രതീക്ഷ കണ്ടു .പഠിച്ചു ജയിച്ചു കാണിക്കണം എന്ന ഉറച്ച വിശ്വാസം അവിടെ മുളപൊട്ടി .പിന്നീട് രാത്രിയും പകലും പുസ്തകങ്ങൾ മാത്രമായി കൂട്ട് .
ഓണവും വിഷുവും മാറി മാറി വരുമ്പോൾ ഞങ്ങൾക്കുള്ളതും കൂടി തികയാതെ വരുമ്പോൾ അമ്മായിയുടെ പരിഭവങ്ങൾ പഴുത്തു തുടങ്ങുമ്പോൾ തോട്ടം മുതലാളിയുടെ ഇടിഞ്ഞു പൊളിയാറായ വീട്ടിലേക്ക് അച്ചാച്ചൻ ഞങ്ങളെ പറിച്ചു നട്ടു .ഒരു ബൾബ് മാത്രം കത്തുന്ന ആ വീട്ടിൽ എന്റെ സ്വാതന്ത്രത്തിന്റെ ചിറകുകൾ പുലരുവോളം വായിക്കുവാൻ എനിക്ക് കൂട്ടായി .നേരം വൈകി കത്തുന്ന ആ ഒറ്റ ബൾബ് കെടുത്തുവാൻ ആരും വന്നില്ല .
അച്ചാച്ചൻ വാങ്ങിച്ചു കൊണ്ട് വന്ന റേഷനരിക്കു പോലും എന്തെന്നില്ലാത്ത രുചി അറിഞ്ഞ നിമിശങ്ങൾ .അടുക്കളപ്പുറത് കരയാത്ത അമ്മയും മുറ്റത്തെ പിച്ചി മുല്ലയിൽ സ്വപ്നം കോർക്കുന്ന അനിയത്തിയുമൊക്കെ എനിക്ക് കൂടുതൽ പ്രതീക്ഷകൾ നൽകി ..
എല്ലാ പരീക്ഷയിലും ക്ലാസ്സിൽ ഫസ്റ്റാവുമ്പോൾ അമ്മയുടെ കണ്ണു നിറയും .അന്ന് ഞാൻ പറഞ്ഞു ഈ കണ്ണുകൾ ഇനി നിറയരുതെന്ന് .ഇംഗ്ലീഷ് വശമില്ലാതിരുന്ന എന്റെ മുന്നിലേക്ക് അച്ചാച്ചൻ നീട്ടി തന്നിരുന്ന ഓരോ തുട്ടുകളും ചേർത്ത് വെച്ച് ആഴ്ചയിൽ ഒരു ഇംഗ്ലീഷ് പത്രം വാങ്ങി ഒരൊറ്റ അക്ഷരം പോലും തുപ്പി കളയാതെ അരച്ച് കലക്കി അകത്താക്കിയപ്പോൾ എന്റെ ഉള്ളിലും ആത്മവിശ്വാസം എന്തെന്നറിഞ്ഞു
കോളേജിൽ ചേർന്നപ്പോൾ അക്കേശ്വ മരങ്ങൾക്കിടയിൽ ഇരുന്ന് കവിത എഴുതി കൊണ്ടിരുന്ന എന്റെ മുന്നിലേക്ക് ഒരുവൾ വന്ന് പ്രണയം തുറന്നു പറഞ്ഞപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല .പ്രണയത്തിന്റെ വികാരങ്ങൾക്കും അപ്പുറമുള്ള എന്റെ ജീവിതത്തിന്റെ കുറവുകൾ അറിയാവുന്നതു കൊണ്ടാവും ചിലപ്പോൾ അങ്ങനെ .കോളേജില്ലാത്ത ദിവസങ്ങളിൽ കൂലിപ്പണിക്കാരന്റെ വേഷവും എനിക്ക് നന്നായി ചേരുന്നുണ്ടായിരുന്നു .കോളേജിൽ നിന്നും ഇറങ്ങുമ്പോൾ പ്രണയത്തിന്റെ പേരിൽ വീട്ടിൽ തിരഞ്ഞെത്തിയ അവൾക്കു എന്റേതല്ലാത്ത ഇടിഞ്ഞുപൊളിയാറായ വീട് കണ്ടപ്പോൾ തന്നെ മനസിലായി എല്ലാം .പിന്നെ അവൾ വീണ്ടും ഒരിക്കൽ കൂടി അവിടേക്ക് വന്നു കയ്യിൽ കല്യാണാ ക്ഷണക്കത്തുമായി .എന്റെ പ്രയത്നം കൊണ്ട് ട്യൂഷൻ എടുത്തും മറ്റു അല്ലറ ചില്ലറ പണിയെടുത്തും അങ്ങനെ പി ജി കംപ്ലീറ്റ് ചെയ്തു .അതോടെ തരക്കേടില്ലാത്ത ഒരു കോളേജിൽ അമ്മാവന്റെ കാരുണ്യം കൊണ്ട് ഒരു ജോലിയും ഒത്തു .എന്നിട്ടും അച്ചാച്ചൻ പതിവ് തെറ്റാതെ നാണയ തുട്ടുകൾ തന്നിരുന്നു .എല്ലാം കൂടി കുടുക്ക നിറയുന്നതിനു മുന്നെ അച്ചാച്ചൻ പോയി .ആ കുടുക്കയാണ് മോന് ഗീതു കളിക്കാൻ കൊടുത്തത് .
ഗീതുവിന്റെ മുഖം വീർപ്പിക്കൽ അമ്മ ശ്രെദ്ദിക്കാത്തതു ഭാഗ്യം .ചെറിയ കാര്യം മതി അമ്മ ഇന്നും വേദനിക്കും .ജോലിയിൽ കേറി മെല്ലെ കരകയറി തുടങ്ങുമ്പോഴേക്കും ആയിരുന്നു പെങ്ങളുടെ കല്യാണം .അതും കഴിഞ്ഞു എനിക്കും സ്വന്തമായി ഒരു വീടും ആയപ്പോഴേക്കും വയസ് മുപ്പത്തിരണ്ട് .പിന്നെ പെണ്ണന്വേഷിച്ചു നടപ്പായി .ഏജ് ഓവറാ പറഞ്ഞ് ഓരോരുത്തരും തള്ളിക്കളഞ്ഞു .അവസാനം ഗീതുവിനെ കാണാൻ പോകുമ്പോഴും പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല .കണ്ടു ,സംസാരിച്ചു ....ഇഷ്ടമായോ ചോദിച്ചപ്പോൾ ഇഷ്ടപെട്ടുന്നും പറഞ്ഞു .ഒന്നും മറച്ചു വെക്കരുതെന്ന് നിർബന്ധമുള്ളതോണ്ട് വയസും പറഞ്ഞു .അവൾക്കു ഇരുപത്തി നാലു വയസ് .എന്റെ വയസു കേട്ടപ്പോൾ അവളുടെ മുഖം താഴുന്നത് കണ്ടപ്പോൾ ഞാൻ പിന്തിരിഞ്ഞു നടന്നു .
അതെ ....ഒന്നവിടെ നിന്നെ ..എന്നാലും എനിക്കിഷ്ടായിട്ടോ ..അല്ലെങ്കിലും കഞ്ഞീം കറീം വെച്ച് കളിക്കാനല്ലലോ കല്യാണം കഴിക്കുന്നത് ...അതു പറഞ്ഞിട്ട് അവൾ അകത്തേക്ക് പോയപ്പോൾ ഞാനും നിശ്ചയിച്ചു ഇവൾ തന്നെ മതിയെന്ന് .
ഇത്രേം തിരിച്ചറിവുള്ള ഒരു പെണ്ണിന് ആ നാണയ തുട്ടുകളെ അറിയില്ലലോ ..മോനേം കയ്യിലെടുത്തു ഗീതുവിന്റെ അടുത്തേക്ക് പോയി ഒരു ക്ഷമാപണം തന്നെ നടത്തി ...അവളുടെ മനസ്സിൽ ദേഷ്യമൊന്നുമില്ല .എങ്കിലും ഞാൻ അവളോട്‌ പറഞ്ഞു വന്ന വഴി നമ്മൾ മറക്കരുതെന്നും ഓരോ ചില്ലറ പൈസയും വലിയ സമ്പാദ്യത്തിന്റെ തുടക്കമാണെന്നൊക്കെ ....അവളുടെ ദേഷ്യം മാറി ...ഇത്രേയുള്ളൂ എന്റെ ഗീതു .ഇതൊക്കെ കേട്ടിട്ട് അമ്മയും ചിരിച്ചു .വീണ്ടും ദേ മോൻ ആ കുടുക്കയ്ക് വേണ്ടി കരയുന്നു .എന്നെ ഒരു നോട്ടവും നോക്കി അവൾ അതെടുത്തു അലമാരയ്ക്കുള്ളിൽ വെച്ചപ്പോൾ അവളിലും ഞാൻ കണ്ടു എന്റെ വിജയത്തിന്റെ പ്രകാശം .
പ്രീതി രാജേഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo