Showing posts with label ശിവരാജൻകോവിലഴികം. Show all posts
Showing posts with label ശിവരാജൻകോവിലഴികം. Show all posts

"പെണ്ണവൾ"


"പെണ്ണവൾ"
=======
തരളമോഹത്തിന്റെ തടവറയ്ക്കുള്ളിലും
തെളിയുന്ന നെയ്ത്തിരിനാളമായ്പെണ്ണവൾ
കാലം കുടഞ്ഞിട്ട കനലും ചുമന്നങ്ങു
കൂടെച്ചരിക്കുന്നു ദുരിതപർവ്വത്തിലും.
വാക്കിന്റെവാൾമുനയേകുന്ന മുറിവുമായ്
സർവ്വം സഹിക്കുന്നിതാമോദമോടവൾ
അബല “ന സ്വാതന്ത്ര്യമർഹതി”യെന്നുള്ള
ചപലസന്ദേശം വിധിക്കുന്നു മാനവര്‍ .
കൊഴിയുന്ന മോഹങ്ങളേകുന്നു മറവിക്കു
കൊഴിയാത്ത കണ്ണുനീർ കനലായ്പ്പുകയുന്നു.
ഒന്നുരിയാടിയാ,ലൊന്നുചിരിക്കുകിൽ
പെണ്ണവൾ പാപിയെന്നാർക്കുന്നു ലോകവും !
പഴയ സദാചാരമരുളും കഥകൾക്ക്-
മിഴിനീരിനാലവൾക്കെന്നും തുലാഭാരം !
മിഴികൊണ്ടു, മൊഴികൊണ്ടു നഗ്നയാകുന്നവൾ-
ക്കഴലേകിടുന്നു ഭയാശങ്ക നിഴലായി.
ഭാവനാതീരത്തു പെണ്ണെഴുത്തെന്നോതി
ഭാഗംതിരിച്ചതു,മിന്നിന്റെ കാഴ്ചകൾ
പെണ്ണായ്പ്പിറന്നിട്ടുമെന്നുമാ പെണ്ണിനായ്
പെണ്ണൊരുക്കുംവ്യഥ തെല്ലല്ലപാരിതിൽ !
അരുതുകൾകൊണ്ടഗ്നിപീഠം ചമച്ചതി-
ലാരാധ്യബിംബമായ് ബന്ധിച്ചു പെണ്ണിനെ.
വേണ്ടവൾക്കിനിയുമാ സംവരണതന്ത്രങ്ങൾ,
‘സഹജീവിസ്നേഹമാ‘ണിനിവേണ്ടതോർക്കുകിൽ !
==========================
ശിവരാജന്‍ കോവിലഴികം
മയ്യനാട് .......

പിന്‍വിളികള്‍


തെളിയാതെ കത്തുന്ന നെയ്‌വിളക്കൊന്നെന്റെ
അച്ഛന്റെ അസ്ഥിത്തറയില്‍ വിതുമ്പുന്നു
നൊമ്പരപ്പൂക്കളാല്‍ ഞാന്‍ തീര്‍ത്ത പൂക്കളം
വാടി,ച്ചിരിക്കുന്നു നനവുമായ് സ്മൃതികളില്‍.
ഓര്‍മ്മകള്‍ കൂട്ടിപ്പെറുക്കിയെടുക്കുമ്പോ-
ഴുള്ളം പിടയ്ക്കുന്നു, ചിതയൊന്നെരിയുന്നു.
ഉത്രാടനാളിലന്നച്ഛന്‍ പകര്‍ന്നോരാ
ചുംബനത്തിന്‍ചൂടു നിറയുന്നു ഹൃത്തില്‍.
പിന്‍വിളിയോടെ ഞാന്‍ മണ്ടിക്കുതിച്ചെത്തി-
യച്ഛന്റെ സൈക്കിളിന്‍പിന്നാലെ പാഞ്ഞതും
അരുതരുതുണ്ണി ! പിന്‍വിളിയരുതെന്നു
അമ്മയോതുന്നതെന്‍ കാതോരമണയുന്നു.
മുത്തച്ഛനേകുവാന്‍ ഓണക്കോടിയും പിന്നെ
ഉണ്ണിക്കു തുന്നിയ കുപ്പായവും വാങ്ങി,
വേഗേനയെത്തിടാമെന്നു പറഞ്ഞിട്ടു
കോടിപുതച്ചെത്തിയച്ഛനെന്തേ മയക്കമായ് ?
മേലേപ്പറമ്പിലന്നൂഞ്ഞാലു കെട്ടിയ
മാവുകൊണ്ടച്ഛനെ മൂടിപ്പുതച്ചതും
മുത്തമന്നച്ഛനുനല്കി മുത്തച്ഛന്‍
പൊട്ടിക്കരഞ്ഞതും ഞാന്‍ നോക്കിനിന്നുപോയ് !
അച്ഛന്റെ കാലനായ് വന്നൂപിറന്നവ-
നെന്നെന്നെ നോക്കിപ്പറയുന്നയലുകാര്‍ !
സദ്യയൊരുക്കാതെ കഞ്ഞി വിളമ്പുന്നതെ-
ന്തിനെന്നറിയാതെ ഞാനും കുടിച്ചന്ന്.
ഓണമെന്നോര്‍മ്മയിലെന്നും നിറയ്ക്കുന്നു
തെക്കേപറമ്പിലെയണയാത്ത ചിതയൊന്ന്.
മിഴിനീരുണങ്ങാതെ ചിരിമാഞ്ഞുപോയൊരെ-
ന്നമ്മയാണിന്നെന്റെ ഓണസ്മൃതികളില്‍
മിഴിനീരുണങ്ങാതെ ചിരിമാഞ്ഞുപോയൊരെ-
ന്നമ്മയാണിന്നെന്റെ ഓണസ്മൃതികളില്‍...
=================================
ശിവരാജന്‍ കോവിലഴികം
മയ്യനാട് കൊല്ലം

അന്ന (കഥ )


അലസമായി ഇരുന്ന പകലിന്റെ പകുതിയിലാണ് വീട്ടിലെ ലാന്‍ഡ്‌ഫോണ്‍ബെല്‍ അടിച്ചത് .
ഫോണ്‍എടുത്തപ്പോള്‍ മറുതലയ്ക്കല്‍ സ്ത്രീസ്വരം .
"എന്നെ മനസ്സിലായോ"
വര്‍ഷങ്ങള്‍ക്കുശേഷം ആ ശബ്ദം കേട്ടിട്ടും സന്തോഷിനു ആളെ മനസ്സിലായി ,
അന്ന - ഹൃദയത്തില്‍ എന്നും കാത്തു സൂക്ഷിച്ച തന്‍റെ പ്രിയപ്പെട്ടവള്‍ ഒരുദിവസം ഒന്നും പറയാതെ പോയവള്‍. വിളിച്ചിരിക്കുന്നു...............
തനിക്കറിയമായിരുന്നല്ലോ അന്നക്കുട്ടിക്കു തന്നെ വിളിക്കാതിരിക്കാനാകില്ലെന്ന്. എത്രയോ കാലമായി താന്‍ കാത്തിരിക്കുന്നു ആ സ്വരമൊന്നു കേള്‍ക്കാന്‍ .
മറവികളിലേക്ക് ആഴ്ന്നു പോകാതെ ഇന്നും എന്നുമെപ്പോഴും മനസ്സില്‍ തെളിയുന്ന ഒരേയൊരു മുഖം .
ഹലോ..............
അയാള്‍ ഓര്‍മ്മകളില്‍നിന്നുണര്‍ന്നു........അന്നക്കുട്ടി നിന ക്കു സുഖം തന്നെയല്ലേ....എവിടെയാ നീ .......
പതിനഞ്ചു വര്‍ഷത്തിനുശേഷം അവള്‍ ആ വിളികേട്ടു. അന്നക്കുട്ടി....സന്തുവേട്ടന്‍ എപ്പോഴും അങ്ങനെ തന്നെയാണല്ലോ വിളിച്ചിരുന്നത്‌. അവള്‍ക്കു എന്തൊക്കെയോ പറയണമെന്നുണ്ട് പക്ഷേ, വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നു . സന്തുവേട്ടന്റെ സ്വരം ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. ഇല്ല തനിക്കു സംസാരിക്കാനാകുന്നില്ല. അവളറിയാതെതന്നെ കൈകള്‍ ഓഫ്ബട്ടനിലേക്ക് നീങ്ങി. ശരീരം വല്ലാതെ തളരുന്ന പോലെ ..അടുത്തുകിടന്ന കസേരയിലേക്ക് തളര്‍ന്നിരുന്നു.
അപ്പന്റെ മരണത്തോടെയാണ് അഞ്ചു വയസുള്ള താനും അമ്മയും കൃഷ്ണപുരത്ത് എത്തുന്നത്‌. അവിടെ വാടകവീട്ടിലേക്കു ചെല്ലുമ്പോള്‍ ആദ്യം പരിചയപ്പെടാനെ ത്തിയത് അടുത്തവീടായ മംഗലത്ത് വീട്ടിലെ ശ്രീദേവിടീച്ചറായായിരുന്നു ഒപ്പം തന്റെ സമപ്രായക്കാരി രേവതിയും..
കൃഷ്ണപുരം സ്കൂളിലെ മ്യുസിക് ടീച്ചര്‍ ആയിരുന്നു രേവതിയുടെ അമ്മ .ഒരു മകന്‍ സന്തോഷ്‌ .വളരെ പെട്ടെന്നാണ് രണ്ടു കുടുംബങ്ങളും തമ്മില്‍ അടുത്തത്.
വിധവകളായ രണ്ടു അമ്മമാര്‍ . അംഗനവാടിടീച്ചറായ അമ്മയുടെ തുച്ഛമായ വരുമാനം ഒന്നിനും തികഞ്ഞിരുന്നില്ല . അപ്പോഴെല്ലാം സഹായഹസ്തവുമായി അമ്മയെ ആശ്വസിപ്പിച്ചിരുന്നത് രേവതിയുടെ അമ്മയായിരുന്നു.
രക്തബന്ധങ്ങള്‍ വലിച്ചെറിഞ്ഞപ്പോള്‍ കാരുണ്യവാന്‍ നല്കിയ സ്നേഹബന്ധം.ക്രമേണ താനും മംഗലത്ത് വീട്ടിലെ ഒരു അംഗമായി മാറി .
വളരുംതോറും കൂടുതല്‍ ഇഴചേര്‍ന്ന ബന്ധങ്ങള്‍ . സന്തോഷ്‌ എന്ന രേവതിയുടെ സച്ചുവേട്ടന്‍ തനിക്ക് സന്തുവേട്ടനായിമാറി .
മംഗലത്തെ ചാമ്പമരത്തിന്റെ ചുവട് തങ്ങളുടെ കേളീരംഗമായി .തുടുത്ത ചാമ്പക്കയ്ക്ക പങ്കുവച്ചുതരുമ്പോള്‍ ഒന്നെങ്കിലും തനിക്കു കൂടുതല്‍ തരുവാന്‍ സന്തുവേട്ടന്‍ മറന്നിരുന്നില്ല . സന്തുവേട്ടന്‍റെ വരകളോടും കവിതകളോടുമുള്ള തന്റെ ആരാധന എപ്പോഴോ ഇഷ്ടമായി മാറി .
കൌമാരം കടന്നു യൌവനത്തിയപ്പോഴേക്കും ഇഷ്ടങ്ങള്‍ കൂടുകയായിരുന്നു .മനസ്സില്‍ ആരും അറിയാതെ ഒളിപ്പിച്ച ഇഷ്ടങ്ങള്‍ ,ആരും ഇല്ലാത്തപ്പോള്‍ ആരും കാണാതെയുള്ള കൊച്ചുകുസൃതികൾ . എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്ത പോലെ രേവതിയും ടീച്ചറമ്മയും .
അമ്മയുടെ ആരോഗ്യം തീര്‍ത്തും മോശമായി തുടങ്ങിയപ്പോള്‍ തന്‍റെ എം കോം പഠനം മുന്നോട്ടു കൊണ്ടു പോകാന്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു .സന്തുവേട്ടന്‍ പാരലല്‍ കോളജുകളില്‍ പഠിപ്പിച്ചുകിട്ടുന്നതില്‍നിന്നു തനിക്കും ഒരു സംഖ്യ ചെലവിലേക്ക്‌ നല്കിയത് ഏറെ സഹായകമായി . ജോലിക്കു വേണ്ടി പല ടെസ്റ്റുകള്‍ എഴുതിയെങ്കിലും എല്ലാം പ്രതീക്ഷകള്‍മാത്രമായി .
ആയിടയ്ക്കാണ് കൂടെക്കൂടെ കലശലായ വയറ്റുവേദന തന്നെ വല്ലാതെ അലട്ടിയത് . ആരേയും അറിയിക്കാതെ വേദന സഹിച്ചുനടന്നു . ബോംബെയിലുള്ള ഒരു സ്വകാര്യ കമ്പനിയിലേക്ക് ഉദ്യോഗത്തിനായി തിരഞ്ഞെടുത്തു കൊണ്ട് കാര്‍ഡ്‌ കിട്ടിയപ്പോള്‍ സന്തോഷത്തിനൊപ്പം , മനസ്സില്‍ സന്താപവും വളര്‍ന്നു .തന്റെ പ്രിയപ്പെട്ടവരെ വിട്ടുപോകാന്‍ മനസ്സ് വരുന്നില്ല .ആ ജോലിക്ക് പോകുന്നില്ല എന്ന് താന്‍ തീരുമാനിച്ചതായിരുന്നു . പക്ഷേ ,
എല്ലാം കീഴ്മേല്‍ മറിച്ചുകൊണ്ടാണ് അന്നതു സംഭവിച്ചത്
കലശലായ വയറ്റുവേദനയെത്തുടര്‍ന്നു ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ അറിഞ്ഞ വാര്‍ത്ത തനിക്കു ഒരിക്കലും അമ്മയാകാന്‍ കഴിയില്ലാ എന്നായിരുന്നു . എല്ലാ സ്വപ്നങ്ങളും അവിടെ തകര്‍ന്നുവീഴുന്നതുപോലെ തോന്നി .സന്തുവേട്ടനുമായി ഒരു ജീവിതം, കുഞ്ഞുങ്ങള്‍, താന്‍ കണ്ട സ്വപ്നങ്ങള്‍ തകരുന്നത് അന്ന് അറിഞ്ഞു .
ഇല്ല ഒരു കുഞ്ഞിനു ജന്മം നല്കാന്‍ കഴിയാത്ത ഞാന്‍ സന്തുവേട്ടനു ഒരുഭാരമായി ഇവിടെ ഉണ്ടാകരുത് എന്ന ചിന്തയാണ് അമ്മയെയും കൂട്ടി ബോംബേയ്ക്ക് പോകാന്‍ മനസ്സിനു ഉര്‍ജ്ജം നല്‍കിയത് . സന്തുവിനോട് യാത്രപറയാതെ ടീച്ചറമ്മയുടെ അനുഗ്രഹം വാങ്ങി പടിയിറങ്ങുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു
ഓര്‍മ്മകളില്‍വീണ്ടും മഴ പെയ്യുകയാണ് .. നനയുന്ന മിഴികള്‍ .ബോംബെയില്‍ നിന്നും ആദ്യമാസം തന്നെ ഡല്‍ഹിക്ക് ട്രാന്‍സ്ഫര്‍ ചോദിച്ചു വങ്ങുമ്പോള്‍ ,ഒരിക്കലും സന്തുവേട്ടന്റെ മുന്നില്‍ പെടാതിരിക്കാന്‍ ആണെന്ന് ആരും അറിഞ്ഞില്ല . ഒരാള്‍ക്കും അട്രെസ് കൊടുക്കരുതെന്ന് ഓഫീസില്‍ പറഞ്ഞിരുന്നതും അതുകൊണ്ട് മാത്രമായിരുന്നു . എന്നിട്ടും സന്തുവേട്ടന്‍ ബോംബയില്‍ തിരക്കി വന്നുഎന്നറിഞ്ഞു . ഓടിഒളിക്കുകയായിരുന്നല്ലോതാന്‍ .
അമ്മയും തന്നെ വിട്ടുപോയി .ഈ ഏകാന്തജീവിതം, മരുന്നുകളുടെ മണം മയക്കുന്ന നാളുകളിലൂടെ ഈ യാത്ര ആര്‍ക്കുവേണ്ടി . സന്തുവേട്ടന്റെ കുഞ്ഞുങ്ങളെയെങ്കിലും ഒന്നുകാണണം.ഒപ്പം ടീച്ചറമ്മയെയും രേവതിയേയും .താന്‍ കളിച്ചുവളര്‍ന്ന നാടും മുറ്റവും .
ഇപ്പോള്‍ ഈ വലിയ ഫ്ലാറ്റില്‍ ഒറ്റപ്പെട്ടുജീവിക്കുമ്പോള്‍ എന്നുമോര്‍ക്കാന്‍ മധുരമുള്ള ഓര്‍മ്മകള്‍ തന്നത് ആ നാടുതന്നെയാണ് .തന്റെ പ്രിയപ്പെട്ടവര്‍ ആണ് .അവളുടെ ചിന്തകള്‍ നാടിന്റെ കാഴ്ചകളെ പരതുകയാണ് . തനിക്കു പോകണം എല്ലാവരെയും ഒരിക്കല്‍ക്കൂടെ കാണണം . പിന്നെ ആരുമറിയാതെ അമ്മയുടെ അടുത്തേക്കു പോകണം
പിന്നീട് എല്ലാം പെട്ടെന്നുതന്നെ തയ്യാറാക്കി . കോഴിക്കോട്ഫ്ലൈറ്റ് ഇറങ്ങുമ്പോള്‍ മനസ്സിൽ ഒരു സന്ദേഹം . അവരൊക്കെ അവിടെത്തന്നെ ഉണ്ടാകുമോ? .തന്നെ സ്വീകരിക്കുമോ ? തന്നോടു പരിഭവമായിരിക്കുമോ ?
"മാഡം കൃഷ്ണപുരമെത്തി ,ഇനി എങ്ങോട്ടാണ് നമുക്ക് പോകേണ്ടുന്നത് ?" ഡ്രൈവറുടെ ചോദ്യം ചിന്തകളില്‍ നിന്നുണര്‍ത്തി .എയര്‍പോര്‍ട്ട് ടാക്സിയാണ് .
വെളിയിലെ കാഴ്ചകള്‍ കൌതുകമുണര്‍ത്തും പോലെ .
സ്കൂളിനു വലിയമാറ്റം ഒന്നും സംഭവിച്ചിട്ടില്ല . ചില വലിയ കെട്ടിടങ്ങള്‍ .ചെറിയ മാളുകള്‍ .വലത്തേക്കു തിരിയുന്ന വഴിയിലേക്കു വിരല്‍ചൂണ്ടി ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കി .
നേരം സന്ധ്യയാകുന്നു . അമ്പലത്തിലെ നാമകീര്‍ത്തനം ഒഴുകിയെത്തുന്നു . പഴയ ക്ഷേത്രം മാറി വലിപ്പമുള്ള, നിറയെ കൊത്തുപണികളോടെ വലിയ ക്ഷേത്രമായി മാറിയിരിക്കുന്നു . പരിചയമുള്ള ഒരുമുഖവും കാണുന്നില്ല .
അകലെയല്ലാതെ മംഗലത്തുവീടു കാണുന്നുണ്ട് .ചെറിയ മിനുക്കുപണികള്‍ നടത്തിയിട്ടുണ്ടോ? .,ചായംപൂശിയ ചുവരുകള്‍..നേരിയ ഒരു ഭയം അരിച്ചെത്തിയ പോലെ .അവര്‍ തന്നെ തിരിച്ചറിയുമോ? . ഇന്നു താന്‍ ഇവര്‍ക്കാരാണ് ?
കാര്‍ മുറ്റത്തേക്ക് കയറുമ്പോഴും മനസ്സ് പിടയ്ക്കുകയായിരുന്നു . ശബ്ദം കേട്ട് ഒരു പെണ്‍കുട്ടി വാതിലില്‍ വന്നുനോക്കി . പിന്നവൾ അകത്തേക്ക് ഓടിമറഞ്ഞു . പതുക്കെ കാറില്‍നിന്നിറങ്ങി നോക്കുമ്പോള്‍ വാതിലില്‍ ടീച്ചറമ്മ .വെള്ളിനൂല്‍ പാകിയ മുടിയിഴകള്‍ .തന്നെക്കണ്ട്ഒരു നിമിഷം ഒന്നമ്പരന്നുവോ.. ,പിന്നെ ഓടി അടുത്തേക്കുവന്നു .
"അന്നമോള് .........!!!! എന്‍റെ അന്ന മോള് വന്നല്ലോ " ടീച്ചറമ്മ ചേര്‍ത്തുപിടിക്കുമ്പോഴും ഉള്ളിലെ അമ്പരപ്പ് മാറിയിരുന്നില്ല .
"എവിടെയായിരുന്നു കുട്ട്യേ ഇത്രയും നാള്‍ ?" കൈപിടിച്ച് അകത്തേക്ക് നടക്കുമ്പോള്‍ ടീച്ചറമ്മ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു . അപ്പോഴുംമറയത്ത് മാറി നിന്ന് എത്തിനോക്കുന്ന ആ പെണ്‍കുട്ടിയുടെ നിഴല്‍ കണ്ടു .
"ഹലോ അന്നക്കുട്ടി ..............."
"എഴുന്നേല്‍ക്കുന്നില്ലേ സമയം ഏഴായി . വല്ലതും കഴിക്കണ്ടേ ?" വാതിലില്‍ രേവതിയുടെ ശബ്ദം , താന്‍ ഒരിക്കലും ഇത്രയും നേരം ഉറങ്ങിയിട്ടില്ല . അവള്‍ അടുത്തുവന്നു ചേര്‍ന്നിരുന്നു , എവിടെയായിരുന്നു ഇത്രയും കാലം . ശിരസ്സില്‍ തഴുകികൊണ്ട്‌ രേവതി ആരാഞ്ഞു
ആ കഥയൊക്കെ പിന്നെ പറയാം എഴുന്നേല്ക്കൂ . നമുക്കേ ആ കുളത്തില്‍ പോയി ഒന്ന് വിശാലമായി മുങ്ങിക്കുളിച്ചുവരാം .രേവതി പിടിച്ചെഴുന്നേല്‍പ്പിച്ചപ്പോള്‍ വെളിയിലേക്കിറങ്ങി .
ചുറ്റും പരതി .ഒരു മുഖം കാണുന്നില്ല . രേവു സന്തുവേട്ടന്‍.......... എല്ലാരുമുണ്ട് നീ വാ . ആദ്യം ഫ്രഷ്‌ ആകു ..കാപ്പി കുടിച്ചു പിന്നെ സംസാരിക്കാം .എനിക്ക് ബാങ്കില്‍ പോകണം ലീവ് എടുത്തിട്ടില്ല .
.പ്രാതല്‍ കഴിക്കാന്‍ ഇരിക്കുമ്പോഴും കണ്ണുകള്‍ തേടിയത് സന്തുവേട്ടന്‍റെ മുഖമായിരുന്നു . അപ്പോഴാണ്‌, മുന്നില്‍ ഒരു പുഞ്ചിരി സമ്മാനിച്ച് ഒരു കൊച്ചുപെണ്‍കുട്ടി . ഒരുപക്ഷേ സന്തുവേട്ടന്റെ മകളായിരിക്കാം ആ കുട്ടി . രേവതിയുടെയും അമ്മയുടെയും ചോദ്യങ്ങള്‍ക്ക് എന്തൊക്കയോ മറുപടി നല്കി.
"സന്തുവേട്ടന്റെ കുടുംബം .........?"
കൈകഴുകി തിരിയുമ്പോള്‍ അവള്‍ രേവതിയോട് ചോദിച്ചു . "അവിടെ മുറിയില്‍ ഉണ്ട്. നിനക്കു കാണണോ ?"
മനസ്സില്‍ ഒരു വല്ലാത്ത നീറ്റല്‍ .തന്റെ സ്വന്തമെന്നു കരുതിയത്‌ നഷ്ടപ്പെട്ടപോലെ . വരേണ്ടിയിരുന്നില്ലായെന്നു ഒരു തോന്നല്‍ .
വെളിയില്‍ ചാമ്പമരത്തിനുകീഴേ ദൂരേക്കു നോക്കിനില്ക്കുന്ന സന്തോഷ്‌.........മറ്റേതോ ലോകത്തെന്നപോലെ ........,ഇപ്പോഴും മുഖത്തിനു ആ പഴയ ശാന്തഭാവംതന്നെ .
"നിനക്ക് ചേട്ടന്റെ കുടുംബത്തെ കാണണ്ടേ .....വരൂ "
.............
രേവതിയുടെ പിന്നാലെ നടക്കുമ്പോള്‍ കാലുകള്‍ക്കു വല്ലാത്ത തളര്‍ച്ച തോന്നി . ആ മുറി തന്റെയും സന്തുവേട്ടന്റെയും സ്വകാര്യനിമിഷങ്ങളും കളിവാക്കുകളും ചിരിയും പരിഭവവും പങ്കിട്ട ആ മുറി ........
സന്തുവേട്ടന്റെ കരവലയത്തില്‍ ചേര്‍ന്ന് ആ ചുംബനചൂടേറ്റുവാങ്ങിയ നെടുവീര്‍പ്പുകള്‍ കേട്ട മുറി ,ഇന്ന് അത് തനിക്കന്യമാണ് .അവിടെ മറ്റൊരാള്‍ തന്റെ സ്ഥാനത്ത് .....
കണ്ണുകളില്‍ ഇരുട്ട് പടരുന്നപോലെ . സന്തുവിന്റെ മുറിയില്‍നിന്ന് ആ കൊച്ചുപെണ്‍കുട്ടി ഇറങ്ങിവരുന്നു
"ആന്റീ സൂക്ഷിച്ച്...തല മുട്ടരുതേ ......."ന്ന് പറഞ്ഞ് ഒരു ചിരി സമ്മാനിച്ച് അവരെ കടന്നുപോയി . അവള്‍ക്കറിയില്ലല്ലോ ഇവിടുത്തെ ശ്വാസങ്ങള്‍പോലും തനിക്കു കാണാപ്പാഠമാണെന്ന്.
മുറിയിലേക്ക് കടക്കുമ്പോള്‍ പാദങ്ങള്‍ വിറയ്ക്കുന്നപോലെ .. കണ്ണുകള്‍ ഇറുക്കെ പൂട്ടി ..അവ നിറയുന്നുവോ? .
"ആഹാ കുടുംബത്തിനെ കാണാന്‍ കണ്ണും പൂട്ടിയാ വരുന്നേ .കണ്ണു തുറന്നേ.. ഇല്ലെങ്കിൽ എവിടെയെങ്കിലും തട്ടിവീഴും ."
രേവതി അടുത്തുണ്ട് . കണ്ണുതുറന്നു .. തുളുമ്പാന്‍ വെമ്പിനില്ക്കുന്ന പോലെ ...ചുറ്റും പരതി ആരെയും കാണാനില്ല ......അവിടെ മേശയില്‍ ഒരു ചിത്രം . അതിലേക്ക് സൂക്ഷിച്ചുനോക്കി .
അത് ........അതു.... തന്റെതന്നെയല്ലേ ?. തിരിഞ്ഞു നോക്കുമ്പോള്‍ രേവതി മുറിയുടെ ഓരംനിന്നുചിരിക്കുന്നത് കണ്ടു .അപ്പോള്‍ ഇത്രയും കാലം താന്‍ കൂട്ടിയ കണക്കുകള്‍ ........ഈ കാലമത്രയും സന്തുവേട്ടന്‍ തനിക്കായി കാത്തിരിക്കുകയായിരുന്നോ? . സ്വയം തീര്‍ത്ത ഇരുട്ടില്‍ താൻത്തന്നെ തളച്ചിടുകയായിരുന്നോ?
" ഏട്ടന്റെ മനസ്സില്‍ ഇന്നും അന്നും നീ മാത്രമേ ഉണ്ടായിരുന്നുള്ളൂ ."
എന്താണീ കേള്‍ക്കുന്നത് .. കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നു .. .ഞാന്‍ വിചാരിച്ചൂ .......അപ്പോള്‍ .... ആ കുട്ടി അത് എന്റെ മകള്‍ ആണ് ,രേവതിപറഞ്ഞു.
മുറ്റത്തേക്ക് ഓടി . അവിടെ ചാമ്പമരത്തിന്റെ കീഴേ അപ്പോഴും സന്തു അകലേക്ക്‌ നോക്കിനില്ക്കുന്നു. .
"സന്തുവേട്ടാ ..............ഞാന്‍....."
അവന്‍ തിരിഞ്ഞു നോക്കി .......
"നിനക്കായി ഒഴിച്ചിട്ട സ്ഥലം മറ്റാര്‍ക്കും നല്കാന്‍ എനിക്കാകുമായിരുന്നില്ല"
"ഞാന്‍ ...........എനിക്ക് ......"
"എല്ലാം ഞങ്ങള്‍ക്ക് അറിയാം........."
"നിന്നെ അന്ന്‍ ചികിത്സിച്ച ഡോക്ടര്‍
അമ്മയുടെ അനുജത്തിയായിരുന്നു ......."
"പക്ഷേ ............."
"എല്ലാം എന്നോട് പറയുന്ന നീ അതുമാത്രം ഒളിപ്പിച്ചു, പോയപ്പോള്‍ .............."
അവനിലേക്കു കൂടുതല്‍ ചേര്‍ന്നുനിന്നു
"എനിക്കാകുമായിരുന്നില്ല ,അതുപറയാന്‍ ........"
"ഒരു കഞ്ഞിനെ തരാന്‍ കഴിയാത്ത ഞാന്‍ സന്തുവേട്ടന് ഒരു ഭാരം ആകരുത് എന്നുകരുതി ........"
"പക്ഷേ ................."
"എന്നെ തോല്പ്പിച്ചു കളഞ്ഞല്ലോ................"
അവന്റെ തോളിലേക്കു ചാരിനിന്നു ......
രേവതിയുടെ മകളും ,ടീച്ചറമ്മയും കത്തിച്ച നിലവിളക്കുമായി വെളിയിലേക്കു വന്നു ......
"സന്തൂ ............"
"അന്നമോളുടെ കൈപിടിച്ച് രണ്ടുപേരും വലതുകാല്‍വച്ച് അകത്തേക്കു വന്നേ............."
താലിയും കുരവയും മേളങ്ങളുമില്ലാതെ പുതിയ ജീവിതത്തിലേക്കു കടക്കുമ്പോള്‍ ചാമ്പമരം കാറ്റില്‍ ഒന്ന് ഇളകിയാടി ..... അനുഗ്രഹിക്കുന്നപോലെ .........നാണത്തോടെ സന്തുവിന്റെ പിന്നിലേക്ക്‌ ഒളിക്കുമ്പോള്‍ മിഴികള്‍ വീണ്ടും നിറഞ്ഞുകവിയുകയായിരുന്നു . വൈകിവന്ന സന്തോഷത്തില്‍ 

By: Sivarajan Kovilazhikam

ഇനി ഞാനുറങ്ങട്ടെ



ഇനി ഞാനുറങ്ങട്ടെ ഭയമേതുമില്ലാതി-
നിയെന്‍ വിലാപങ്ങളരുതായ് വരില്ല.
ഒളിയേണ്ടാ ഞാനിനിയിരുളിന്റെ മറയില്‍
കാലൊച്ച കേട്ടാല്‍ കാതോര്‍ക്കവേണ്ടാ.
അരിയജന്മങ്ങളായ് ജീവിച്ചോടുങ്ങുവാ-
നൊരുപിറവി വേണ്ടിനി പാരിലെന്നമ്മേ !
ഇനിവേണ്ടാ പെണ്ണായൊരുജന്മവും
വെറിപൂണ്ട മിഴികണ്ടു ഞാന്‍ മടുത്തു !
യാത്രയിലിനി വേണ്ട പിന്‍കാഴ്ചകള്‍,
വിജനമാം വീഥിയില്‍ ജപമന്ത്രവും.
എന്തിനായമ്മേ പിറക്കുന്നുനമ്മള്‍
പുറമ്പോക്കുകളെന്ന പിന്‍വിളിക്കോ?
നോവെന്റെ മേനിയിലഗ്നിയായ്പ്പടരുന്ന-
തിലേറെയുണ്ടെന്റെ ചിത്തത്തിലമ്മേ.
മുറിവില്‍നിന്നൊഴുകുന്ന ചുടുചോരാകണ്ടാ-
ലതുമൊരു ലഹരിയോ മര്‍ത്ത്യജന്മത്തിന് !
അരുതരുതെന്നുരചെയ്തുതളര്‍ന്നാലു-
മാരോദനങ്ങളും ലഹരീ നിറയ്ക്കുമോ?
അടിമയാണോ നമ്മളഭയങ്ങളില്ലാതെ-
യടരാന്‍ വിധിതീര്‍ത്ത ബലിമൃഗമോ?
ഭ്രാന്താണുപോല്‍,കാമബ്ഭ്രാന്താണുപോലും
പെണ്ണുടല്‍ചീന്തിരസിക്കുന്ന ഭ്രാന്ത് !
ഒരുകുഞ്ഞുതാരാട്ടുപാടുകയമ്മേയിനി-
ഞാനുറങ്ങട്ടെ ....ഉണരാതിരിക്കാന്‍ !!
ശിവരാജന്‍,കോവിലഴികം
മയ്യനാട്

ആസുര താളങ്ങള്‍



നിറം മങ്ങിയെത്തും കിനാക്കളേ നിങ്ങള്‍തൻ
ചാരത്ത് ഞാനൊന്നിരുന്നു കൊള്ളട്ടേ !
നിറമേതുമില്ലാതെ കാലം കഴിക്കുന്ന,
നിറമറ്റ ജന്മത്തിന്‍ ശേഷിപ്പു ഞാന്‍
വര്‍ണ്ണങ്ങളില്ലാതെ മൌനങ്ങള്‍ നല്കിയ,
ബാല്യ-കൌമാരങ്ങൾക്കെന്റെ നന്ദി
നോവിന്റെ കമ്പളം മൂടിപ്പുതപ്പിച്ച
നെറികെട്ട ലോകമേ നിനക്കു നന്ദി.
മരണം വിധിക്കാതെ തെരുവിന്നു നല്കിയ
മാതാപിതാക്കള്‍ക്കുമേറെ നന്ദി
തെരുവിന്റെ സന്തതി എന്നു വിളിച്ചെന്നെ
കരയാന്‍ പഠിപ്പിച്ച മര്‍ത്ത്യരേ നന്ദി.
ഒരുപിടി അന്നത്തിനന്നെന്റെയൊപ്പം
കടിപിടി കൂടിയ ശ്വാനരേ നന്ദി
ഒരു കളിപ്പമ്പരം കണ്ടു മോഹിച്ചോരെന്‍
മിഴികള്‍ നനയിച്ച ബാല്യമേ നന്ദി.
പുസ്തകക്കെട്ടുമായ് കുട്ടികള്‍ പോകവേ
അക്ഷരം മോഹിച്ച സ്വപ്നമേ നന്ദി
തെരുവിൽ പിറക്കാതെ, തെരുവില്‍ വളര്‍ന്നോരെന്‍
തെളിവേതുമില്ലാത്ത ജന്മമേ നന്ദി
അമ്മതന്‍ താരാട്ടിനേറെക്കൊതിച്ചോരെന്‍
നിദ്രാവിഹീനമാം രാത്രിക്ക് നന്ദി
കുലമഹിമതൻ പെരുമ ചൊല്ലിപ്പിരിയുന്ന
പൊക്കിൾക്കൊടിയേ നിനക്കു നന്ദി
ആത്മാവൊഴിഞ്ഞുപോയ് ശിലയായ് മാറിയ
അന്ധനാം ദൈവമേ നിനക്ക് നന്ദി
ആത്മരോക്ഷങ്ങളാല്‍ ആസുര ഭാവംപൂണ്ട്
താണ്ഡവമാടുമെന്‍ ചിത്തമേ നന്ദി
ഞാനില്ല എന്നിലെന്‍ സ്വപ്നമില്ലിന്നു
ഞാനായ് ചരിക്കുന്ന മാംസപിണ്ഡം
പിറവികള്‍ നല്കുന്ന മുള്‍ക്കിരീടം ചൂടി
പൊരുളുകള്‍ പ്രിഥ്വിയില്‍ തേടുന്ന ജന്മം.
___________________--------------------------
ശിവരാജന്‍,കോവിലഴികം
മയ്യനാട്
==================

പൂവിളികള്‍


ആവണിത്തെന്നലില്‍ ഊഞ്ഞാലിലേറി
ഓണം വിരുന്നെത്തും മാമലനാട്ടില്‍
കൊയ്ത്തുപാട്ടിന്‍ ശ്രുതി,ലയ,താളമോടെ
വസന്തംചിരിതൂകും ചിങ്ങപ്പുലരിയില്‍
മാവേലിമന്നനു വരവേല്പ്നല്കി,
മാമരങ്ങള്‍ പൂത്തുലഞ്ഞു നില്ക്കുന്നു
മരമടി,പുലികളി,വള്ളംകളിയോടെ,
മലയാളനാടിന്‍റെ മാമാങ്കമായോണം
പൂവിളികേട്ടുണരുന്നു ദിവാകരന്‍
പൂക്കളംതീര്‍ക്കുന്ന ബാല്യകൌമാരങ്ങള്‍
ഓണനിലാവൊളി പാലാഴിതീര്‍ക്കവേ
മങ്കമാരണയുന്നു കൈകൊട്ടിക്കളിയുമായ്‌
ഉത്രാടരാവിനെ,ശിവരാത്രിയാക്കി
സദ്യവട്ടങ്ങളൊരുക്കുന്നു നാരികള്‍
തൂശനിലയില്‍ വിഭവം പലവിധം.പുതു-
ആടകള്‍ചാര്‍ത്തി ആബാലവൃദ്ധം
സ്മൃതികളിലോണം മധുരമാണെങ്കിലും
ഇന്നിന്റെ, ഓണം നെടുവീര്‍പ്പുകള്‍മാത്രം
പൂവിളിയില്ലിന്നു,പൂക്കളമില്ലാ
ആവണിത്തെന്നലും ചുട്ടുപൊള്ളുന്നു
കാര്‍ഷികമമാങ്കമായൊ-രാപ്പൊന്നോണം,
വിതുമ്പിനില്‍ക്കുന്നു, വറുതിയില്‍ ശാപമായ്.
ഉണ്ണാനുടുക്കാനില്ലാത്ത മര്‍ത്ത്യരും
മിഴിനീരുണങ്ങാതെ ശരണാലയങ്ങളും
കള്ളം,ചതി,പൊളിവചനങ്ങളെല്ലാം
മന്ത്രമായ്മാറുന്ന കലിയുഗത്തില്‍,പ്രഭോ
മാവേലിമന്നാ നിനക്കു സുസ്വാഗതം
ആ മാവേലിനാടൊന്നു തിരികേത്തരൂ.....
ശിവരാജന്‍ കോവിലഴികം
മയ്യനാട് ...........

മമ ഭാരതമേ സ്വസ്തി


ഇന്നെന്റെ പഴയൊരാ പുസ്തകത്താളില്‍
പ്രൗഢമാം ഭാരതഭൂപടം കണ്ടുഞാന്‍
അതിരുകള്‍ വെട്ടിമുറിച്ചവരിന്നതില്‍
ചിതല്‍ തിന്ന ഭൂപടചിത്രം വരച്ചൂ.
ഉടല്‍മുറിച്ചിട്ടതില്‍ വൈരമാമുപ്പുകള്‍
തൂകിരസിക്കുന്നോരധികാരമോഹികള്‍
ആ മുറിവില്‍നിന്നുമുയരുന്നതൊക്കയു-
മശാന്തീ പടര്‍ത്തുന്ന ധൂമങ്ങള്‍ മാത്രം.
ചിറപൊട്ടിയൊഴുകുന്നൊരരുവിപോല്‍ കണ്ണുനീര്‍
തോരാതെ കേഴുന്നോരമ്മമാരുണ്ടതില്‍
കീഴാളനെക്കൊന്നു മേലാളനായ് വാഴു-
മന്ധബോധത്തിന്റെ സ്വാര്‍ത്ഥരൂപങ്ങളും .
തലയുടഞ്ഞെങ്ങോ മറഞ്ഞുപോയ്‌ ഗിരികളും
വയലും മറഞ്ഞുപോയ്‌ പുഴയും മരിച്ചു
അരവയര്‍പോലും നിറച്ചിടാനാകാതെ
പിടയുന്നു കര്‍ഷകര്‍ കയറിന്റെ തുമ്പില്‍.
ഇനിയും തുറക്കാത്ത മിഴികളുമായ്പ്പിറ-
ന്നായിരം ദൈവങ്ങള്‍, ജാതിഭൂതങ്ങള്‍
അറുതിയേയില്ലെന്നഹംഭാവമോടെ
അതിമോഹമാത്സര്യംപേറിവാഴുന്നവര്‍.
ലഹരികള്‍ പൂക്കുന്ന വീഥിയില്‍ കേള്‍ക്കുന്ന-
തൊക്കയും കുഞ്ഞുവിലാപഗീതങ്ങൾ
തെരുവില്‍പ്പിറക്കാതെ,തെരുവിലേക്കെത്തുന്നു
വിധിലിഖിതമറിയാതെ ബാല്യജന്മങ്ങള്‍.
ബിരുദം ചുമന്നുതളര്‍ന്ന യുവത്വങ്ങള്‍
മൌനവല്മീകത്തിലെങ്ങോ മറഞ്ഞു
മാറാലതുന്നിയ മാറാത്ത നിയമങ്ങള്‍
മടിയോടെയിന്നും മുടന്തിനീങ്ങുന്നു.
ചോരച്ചുവപ്പിന്റെ ചായത്തില്‍ കണ്ണുനീര്‍
ചാലിച്ചു ചരിതം രചിച്ച പോരാളികള്‍
പാരതന്ത്ര്യത്തിന്റെ ചിറകരിഞ്ഞന്നവര്‍
നെയ്ത സ്വപ്നത്തിന്‍വിലങ്ങഴിച്ചീടുക.
ഇനിയില്ല മാത്രകളേറെ നിനയ്ക്കുവാന്‍
ഇനിവേണ്ടാ കപടമാം രാജ്യസ്നേഹങ്ങളും
ഇനിവേണ്ടാ കൊടികള്‍, ജാതി, വര്‍ണ്ണങ്ങള്‍
ഇനിവേണ്ടതൊരുമന്ത്രം “മമ ഭാരതമേ സ്വസ്തി“!!
-------------------------------------
ശിവരാജന്‍,കോവിലഴികം
മയ്യനാട്,കൊല്ലം,

തീവണ്ടികള്‍


ഒരു യാത്രയില്‍ നമ്മളൊരുയാത്രയില്‍
കാതങ്ങള്‍ താണ്ടുന്ന മരുയാത്രയില്‍
പക്ഷങ്ങളില്ലാതെ പായുന്നു മോഹങ്ങള്‍
കൊഴിയുന്നു,തേങ്ങുന്നു തുടര്‍യാത്രയില്‍,
കാലം നയിക്കുന്ന പാളങ്ങളില്‍ നമ്മള്‍
നോവിന്‍പുകതിന്നു തുടരുന്ന യാത്രകള്‍.
മുഖമില്ല നമ്മള്‍ക്കു മുഖംമൂടിമാത്രം
കല്പാഗ്നിപേറുന്ന വ്യഥപൂണ്ടജന്മം,
നിഴലുപോൽ നീളുംസമാന്തരപ്പാതയില്‍
വന്നുപോയെത്രയോ സഹായാത്രികര്‍
സമയങ്ങള്‍ വീശുംകൊടിയില്‍ ചലിക്കുന്നു
വ്യര്‍ത്ഥമോഹത്തിന്റെ ചൂളംവിളികള്‍.
കനല്‍ചുട്ടെടുക്കുന്ന വര്‍ത്തമാനങ്ങളില്‍
മിഴിനീര്‍ കുടഞ്ഞിട്ടു നാളയെത്തേടുന്നു
അടയാളമാകും വിളക്കിൽത്തെളിയുന്നൊ-
രിത്തിരിവെട്ടം പ്രതീക്ഷകള്‍ മാത്രം !
കയറുന്നിറങ്ങുന്നു സ്വപനങ്ങളായിരം
മോഹം ചലിപ്പിച്ച തീവണ്ടിയാത്രയില്‍
പിന്നിലേക്കോടിമറയുന്ന കാഴ്ചകള്‍
മറവികൾക്കേകുന്നു തുടരുന്നു യാത്രകള്‍.
കനവുകള്‍പൂക്കാതെ കനലായ്ക്കൊഴിയുന്ന
മോഹഭംഗത്തിന്റെ ചുടുനെടുവീര്‍പ്പുകള്‍
കൂകിവിളിച്ചങ്ങു പായുന്നു പഴകിയ
കരിയില്‍കിതച്ചങ്ങു തീവണ്ടി നിത്യവും.
========================
ശിവരാജന്‍ കോവിലഴികം
മയ്യനാട്...........
.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo