....................കേരളാ ദിനേശ്ബീഡി....................
പുതിയ സ്ഥലംമേടിച്ചു വീടുവച്ചു താമസിക്കുന്ന സ്ഥലത്ത് ഞങ്ങൾക്ക് കിണറില്ലായിരുന്നു. അതുകൊണ്ടടുത്തുള്ള വീട്ടിൽ നിന്നുമായിരുന്നു വെള്ളം കോരിക്കൊണ്ടിരുന്നത്...
ഒരു വൈകുന്നേരം അമ്മയും, അച്ചാച്ചനുംകൂടി വെള്ളംകോരാൻ കുടവും, ബക്കറ്റുമായിപോയി...
ആ സമയത്ത് ഞാൻ മാത്രമേ വീട്ടിലുള്ളു. അഞ്ചാംക്ലാസ്സിൽ പഠിക്കുന്ന സമയം. ഞാൻ വെളിയിൽകൂടി വീടിന്റെ സൈഡിലുള്ള വേലിപ്പത്തലിന്റെ അടുത്തൂടെ ചുമ്മാ ഒരുവട്ടും(ഗോട്ടി) കൊണ്ടടടിച്ചു കളിക്കുന്ന സമയത്താണത് കണ്ടത്. ആരും തൊടാതെ, ആരും ശ്രദ്ധിക്കാതെ, സ്നേഹിക്കാനാരുമില്ലാതെ, അനാഥനെപ്പോലെ കിടക്കുന്ന ഒരു "കേരളദിനേശ്ബീഡി "...
കണ്ടമാത്രയിൽ തന്നെയറിയാതെ വായിൽ വെള്ളംവന്നതുപോലെ. ഏതൊ ഒരു ദുർബലശക്തിയുടെ പ്രേരണയാൽ "ഞാൻ തൊട്ടു.. തൊട്ടില്ല ".. എന്ന കൊച്ചുപ്രേമന്റെ ഡയലോഗുപോലെ മെല്ലെ വാത്സല്യത്തോടെ ആ ദിനേശ്ബീഡിയെയെന്റെ കൈവെള്ളയ്ക്കുള്ളിൽ എടുത്തുകൊണ്ടു അടുക്കള ലക്ഷ്യമാക്കി നടന്നു...
അടുക്കളയിൽ കെടാതെ കിടക്കുന്ന വിറകിൻകൊമ്പിൽ മെല്ലെ ദിനേശ്ബീഡിയുടെ അറ്റംവച്ചു തിരിച്ചുകൊണ്ട് പയ്യെ കത്തിച്ചെടുത്തു. മെല്ലേ ചുണ്ടോടടുപ്പിച്ചൊരു വലിയങ്ങുവലിച്ചു. നല്ല ഒന്നാംന്തരം പുകയോടുകൂടി ചുമച്ചുകൊണ്ടു ഞാനത് തിരികെ അടുപ്പിലേയ്ക്കു തന്നെയിട്ടു....
പണ്ടാരത്തിന് എന്തൊരു കയിപ്പാണ് എന്നൊക്കെയാണെനിക്കപ്പോൾ തോന്നിയത്. അന്നിരുത്തിയൊന്നും വലിക്കാനറിയില്ല. പുവർബോയ്. നിമിഷനേരംകൊണ്ട് അടുക്കളയിൽ ബീഡിയുടെ മണംനിറഞ്ഞു...
ഞാൻ പയ്യേ ഒന്നുമറിയാത്തതുപോലെ നേരെ സിറ്റൗട്ടിൽ പോയിരുന്നു. കാരണം ബീഡി വലിച്ചതിന്റെ ടെൻഷൻ ഒരുവശത്ത് പിന്നെ അടുക്കളയിൽ ബീഡിപ്പുകയുടെമണവും എല്ലാംകൂടി മനുഷ്യനെ ടെൻഷനടിപ്പിച്ചു പണ്ടാരമടക്കി...
കൂട്ടുകാരുമൊത്തു പൊങ്ങല്യചുള്ളി വലിച്ചപ്പോളൊന്നും ഒരു കുഴപ്പവുമില്ലായിരുന്നു. അതാണ് ഒറിജിനലും ഡ്യൂപ്പും തമ്മിലുള്ള വ്യത്യാസമെന്നന്ന് ഞാൻ മനസ്സിലാക്കി...
കുടവും എളിയിൽ താങ്ങി ക്ഷീണിച്ചുവന്ന അമ്മയെ കണ്ടപ്പോൾ ഞാൻ പതിയെ എണീറ്റു. അമ്മ കുടമപ്പോൾ അരപ്ലേസ്സിൽവച്ചിട്ട് സ്നേഹത്തോടെ അമ്മയുടെ വയറു കഴുകിയപുള്ളയായ എന്നെ പിടിച്ചൊരു മുത്തുഗവു അങ്ങുതന്നു...
ഒരു മുത്തുഗവു തന്ന അമ്മ പിന്നേയും പിന്നേയും മുത്തുഗവു തരുന്നതുപോലെ വന്നിട്ടെന്നെ മണത്തു നോക്കുന്നു. പണിപാലുംവെള്ളത്തിലല്ല മോരുംവെള്ളത്തിലാണ് കിട്ടുന്നതെന്ന് എനിക്ക് താമസിയായേ മനസ്സിലായി...
കാരണം അമ്മയുടെ ചോദ്യം പെട്ടെന്നായിരുന്നതു തന്നെ..
"മോൻ ബീഡി വലിച്ചോ"?..
ഞാൻ ഞെട്ടി വിക്കി പറഞ്ഞു..
"ഹേയ് ഞാനൊന്നും വലിച്ചില്ല"..
പക്ഷേ അമ്മയ്ക്കാ മറുപടിയിൽ അത്ര തൃപ്തിപോരാഞ്ഞ് പുറകെ ബക്കറ്റിൽ വെള്ളവുമായിവന്ന അച്ചാച്ചനോട് പറഞ്ഞു..
"മോൻ ബീഡി വലിച്ചോയെന്നൊരു സംശയം അച്ചായനൊന്നു മണത്തു നോക്കിക്കേ"...
എനിക്കെല്ലാംകൊണ്ടു തൃപ്തിയായി അപ്പോളാണ് ഞാൻ യൂദാസ്സിന്റെ അന്ത്യചുംബനം ഓർത്തത്. ഇതതുക്കുംമേലെ ആയിപ്പോയെന്ന് ഞാനുറപ്പിച്ചു...
അച്ചാച്ചൻ അടുത്തുവന്നു എന്റെ മുഖത്തിന്റെടുത്തേക്ക് മൂക്കടുപ്പിച്ചതും ബീപ്പ്.. ബീപ്പ്.. സൗണ്ട് അടിച്ചതുപോലെ മുഖമൊന്നു പ്രസന്നമായി അമ്മയോട് പറഞ്ഞു
"വലിച്ചിട്ടുണ്ട് നല്ല മണംവരുന്നുണ്ട് "...
ഞാൻ പേടിച്ചു നിക്കറിൽ മുള്ളുമോയെന്നു ടെൻഷനടിച്ചു നിൽക്കുമ്പോൾ അമ്മയുടെ അടുത്ത ചോദ്യം..
"മോൻ സത്യംപറ ബീഡി വലിച്ചോ"...
ആദ്യം പറഞ്ഞ നുണയെ അങ്ങനെയൊറ്റപ്പെടുത്താനെന്റെ കുഞ്ഞു മനസ്സാക്ഷിക്കു കഴിഞ്ഞില്ല, ഞാനതിന് കട്ടസപ്പോർട്ടു കൊടുത്തുകൊണ്ടുതന്നെ ഇപ്രാവശ്യം വിക്കാതേ മസ്സിലുപിടിച്ചുകൊണ്ടു വീണ്ടും പറഞ്ഞു..
"ഞാൻ ബീഡി കൈകൊണ്ടുപോലും തൊട്ടിട്ടില്ല"...
അപ്പോളെ അവർക്കു രണ്ടുപേർക്കും കാര്യം ഏകദേശം പിടികിട്ടി കഴിഞ്ഞിരുന്നു. എനിക്ക് കക്കാനുമറിയില്ല നിൽക്കാനുമറിയില്ല എന്നവർക്ക് ബോധ്യമായി...
പക്ഷേ എന്റെ അമ്മയുടെ "സൈക്കളോടിക്കൽ മൂവ്മെന്റാണ് " അടുത്തുനടന്നത് എന്നോടമ്മ ചോദിച്ചു..
"മോൻ ബീഡി കത്തിച്ചതേയുള്ളു? വലിച്ചില്ല അല്ലേ"..
അതുകേട്ടതും ഒരു ദീർഘനിശ്വാസം എന്നിൽ നിന്നും പറന്നുപോയി. ഞാൻ റിലാക്സായിട്ട് പറഞ്ഞു..
"അതേയമ്മേ കത്തിച്ചതേയുള്ളു വലിച്ചില്ല "..
അല്ലെങ്കിലും പിള്ളമനസ്സിൽ കളളമിരിക്കില്ല എന്ന സത്യം അമ്മയ്ക്കറിയാമല്ലോ. കടിച്ച പാമ്പിനെകൊണ്ടു തന്നെ വിഷം ഇറക്കിയമ്മച്ചി...
എവിടുന്നാണ് മോന് ബീഡി കിട്ടിയതെന്ന അമ്മയുടെ ചോദ്യത്തിനുമുന്നിൽ പിന്നെ ഞാൻ വല്യ ജാടയൊന്നും കാണിക്കാൻ നിന്നില്ല വള്ളിപ്പുള്ളിവിടാതേയെല്ലാം പറഞ്ഞു നമ്മളാഭാരം നൈസായിട്ടിറക്കിവച്ചു. അതിനു കാരണം അവരു രണ്ടുപേരും കണ്ണിൽക്കണ്ണിൽ നോക്കി ചിരിച്ചപ്പോൾ പെടകിട്ടത്തുമില്ല നിക്കറു നനയത്തുമില്ലെന്നുള്ള ധൈര്യമായിരുന്നു...
അച്ചാച്ചാന് അമ്മയുടെവക ഒരു ഉപദേശംകൂടി കിട്ടി..
"ഇനിമേലാൽ ബീഡി വലിച്ചതും, വലിക്കാത്തതുമൊന്നും പര്യൻപ്പുറത്തൊന്നും ഇട്ടേക്കരുത്"..
എന്നിട്ടെന്റെ മുഖത്തോട്ടൊരു ആക്കിയ നോട്ടവും, അതിൽനിന്നും ബാക്കി ഡയലോഗ് അച്ചാച്ചന് മനസ്സിലാകുകയും ചെയ്തു...
സത്യം പറഞ്ഞാൽ എപ്പോളാണ് അമ്മമാർക്ക് വാത്സല്യവും, സ്നേഹവും കൂടുന്നതെന്നു പറയാൻ കഴിയില്ല. അമ്മമാരിങ്ങനെയൊക്കെ സ്ഥാനത്തും അസ്ഥാനത്തുമൊക്കെവന്ന് ഉമ്മതന്നു സ്നേഹം പ്രകടിപ്പിച്ചാൽ എന്നെപ്പോലുള്ള നിഷ്കളങ്കരായ പൈതലുമാർക്ക് കള്ളത്തരം കാണിച്ചിട്ട് പിടിച്ചുനിൽക്കാൻ കഴിഞ്ഞെന്നുവരില്ല. ഇതെല്ലാ അമ്മമാർക്കുമുള്ള പാഠമാക്കട്ടെ.. അല്ല പിന്നെ...
ഇതെഴുതുമ്പോൾ അമ്മയെന്ന പുണ്യവും അച്ഛനെന്ന നന്മയും നഷ്ടപ്പെട്ടതിന്റെ വേദനയും, സങ്കടവും, നിരാശയുമെല്ലാംകൂടി കണ്ണുകളെ ഈറനണിയിക്കുന്നു...
മാതാപിതാക്കൾ നമ്മുടെ രണ്ടു കണ്ണുകൾക്കും തുല്യമാണ്. കണ്ണില്ലാതാകുമ്പോളാണ് കണ്ണിന്റെവിലയെന്തായിരുന്നെന്ന് മനസ്സിലാകുക...
........................
📝മനൂസ്
📝.............................

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക