Slider

'വിക്കച്ചനും' കപ്യാരും : (നർമ്മ കഥ )© ഭാഗം -1

0

'വിക്കച്ചനും' കപ്യാരും : (നർമ്മ കഥ )©
ഭാഗം -1
------------------------------------------------------------------------
കാനത്തൂർ എന്ന മലയോരഗ്രാമത്തിലെ ആകെയുള്ള ഒരു ഇടവകപ്പള്ളിയിലെ ആകെയുള്ള വികാരിയച്ചായിരുന്നു 'വിക്കച്ചൻ ' എന്നറിയപ്പെടുന്ന ഫാദർ സെബാസ്റ്റ്യൻ .അതേ പള്ളിയിലെ കപ്യാർ ആയിരുന്നു പാപ്പച്ചായൻ എന്ന പാപ്പച്ചൻ.പേരിൽ സൂചിപ്പിക്കുന്നതുപോലെ അച്ചന് നല്ല രീതിയിലുള്ള വിക്കുണ്ടുണ്ടായിരുന്നു .അങ്ങനെയാണ് സെബാസ്റ്യാനച്ചൻ 'വിക്കച്ചൻ' ആയത് .കപ്യാർ പാപ്പച്ചൻ കറുത്തിരുണ്ട ഒരു ആജാനുബാഹു .അറുപതിന് മേൽ പ്രായം വരും .ലിസിയാണ് ഭാര്യ .കുട്ടികളില്ല .പാപ്പച്ചൻ അല്പസ്വല്പം " മരുന്നടിക്കുന്ന" കൂട്ടത്തിലാണ് .അതിന് സമയവും സാഹചര്യവും ഒന്നും നോക്കാറുമില്ല .
വിക്കച്ചന്റെ വിക്ക് കാരണം പള്ളിയിലും വെളിയിലും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് .പോരാത്തതിന് ക്ഷിപ്രകോപിയും .
പറഞ്ഞു ഫലിപ്പിക്കാനുള്ള ബുദ്ധിമുട്ട് കാരണം വിക്കച്ചന് പെട്ടെന്ന് ദേഷ്യം വരും .കൂടെ നടക്കുന്ന കപ്യാർക്ക് ഇതുമൂലം "പലവിധ അനർത്ഥങ്ങൾ"
ഉണ്ടായിട്ടുമുണ്ട് .തനിക്ക് "വിക്ക് " ഉണ്ടെന്നുള്ള കാര്യം അച്ചൻ ഒരിക്കലും സമ്മതിക്കാറില്ല .ഇടക്കിടക്ക് പാപ്പച്ചനോട് പറയും , " പാ ..പാ ..പാപ്പച്ചാ ..എ ..എനിക്ക് വി ..വിക്ക് ..ഉണ്ടെന്നാ ഇടവകേലെ ഓ ..ഓരോരോ സാത്താന്റെ സന്തതികൾ പറയുന്നത് ...പാ ..പാപ്പച്ചന്റെ അഭിപ്രായം എന്താ ..." "ഹേയ് ..അച്ചന് അങ്ങനെ വിക്കൊന്നുമില്ല...സംസാരിക്കുമ്പോൾ മാത്രമല്ലേ ഉള്ളൂ ..." കപ്യാരുടെ മറുപടി.
"ങ്ങാ ..അ ..അതാ ഞാ..ഞാനും പറഞ്ഞത് ..." അച്ചന് സമാധാനമാകും .
അങ്ങനെയിരിക്കെ ഇടവകയിലെ ഒരു കുഞ്ഞാടിന്റെ കല്യാണം വന്നു .പയ്യൻ വെറും പയ്യൻ .പുതുപ്പണക്കാരന്റെ മകൻ ...25 വയസ്സ് .
കല്യാണം നടത്താൻ ബിഷപ്പിനെ വിളിച്ചെങ്കിലും ഡേറ്റ് കിട്ടാത്തത് കൊണ്ട് വിക്കച്ചൻ തന്നെ കല്യാണം നടത്തിയാൽ മതിയെന്ന് തീരുമാനമായി .
കല്യാണദിവസം വന്നെത്തി .പള്ളിയും പരിസരവും ആളുകളെക്കൊണ്ട് നിറഞ്ഞു .പത്തുമണിക്ക് തന്നെ ചെറുക്കനും പെണ്ണും പള്ളിയിലെത്തി .കെട്ടുതുടങ്ങി .ഒരുമാതിരി കുഴപ്പമില്ലാതെ വിക്കച്ചൻ കല്യാണക്കുർബാന നടത്തുകയായിരുന്നു .ചെറുക്കൻ പെണ്ണിന്റെ കഴുത്തിൽ മിന്ന് കെട്ടുന്ന നേരമായി .വിക്കച്ചൻ മിന്നുകെട്ട് സമയത്ത് കൈകൾ രണ്ടും ദമ്പതികളുടെ മേൽ,അനുഗ്രഹിക്കാനായി ഉയർത്തിപ്പിടിച്ചുകൊണ്ട് നിൽക്കുകയാണ് .പക്ഷെ ചെറുക്കന് എത്ര ശ്രമിച്ചിട്ടും മിന്ന് കെട്ടാൻ കഴിയുന്നില്ല .കെട്ടുന്നതെല്ലാം തെറ്റായിട്ടാണ് ..അതായത് "പെൺ കെട്ട് "ആണ് കെട്ടുന്നത് ..ചെറുക്കൻ പലവട്ടം ശ്രമിച്ചിട്ടും കെട്ടുന്നത് എല്ലാം "പെൺകെട്ട് " ആണ് .ഗായകസംഘം അനക്കമറ്റ് നിൽക്കുകയാണ് ,കപ്യാരും ജനങ്ങളും .അച്ചൻ അത്രസമയവും കൈകൾ ഉയർത്തിപ്പിടിച്ചുതന്നെ നിൽക്കുകയാണ്.ചെക്കൻ ശരിയായി കെട്ടിയിട്ടുവേണം അച്ചന് കൈകൾ താഴ്ത്താൻ .പക്ഷെ ഒരു രക്ഷയുമില്ല .ചെക്കനാണേൽ വിയർത്തുകുളിച്ചു .അച്ചൻ കപ്യാരുടെ മുഖത്തേക്ക് പാളിനോക്കി .കപ്യാർ ആ നോട്ടം കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു " കെ ..കെ ..കെട്ട് മോനേ ..." കൈ കഴച്ചു വശംകെട്ട അച്ചൻ കല്യാണചെക്കനോട് പറഞ്ഞു .വീണ്ടും ചെക്കൻ കെട്ടാൻ ശ്രമിച്ചെങ്കിലും തഥൈവ .അച്ചന്റെ മുഖം ചെമ്പരത്തിപ്പൂപോലെ ചുവന്നു ."കെ ..കെ ..കെട്ടാൻ പഠിക്കാതെയാണോടാ നാ ..നായിന്റെ മോ ..മോനേ മിന്ന് കെട്ടാൻ വ ..വന്നേക്കുന്നെ ..." അച്ചൻ പരിസരം മറന്ന് ക്ഷോഭിച്ചുകൊണ്ട് ,ഉയർത്തിപ്പിടിച്ചിരുന്ന കൈകൾ താഴ്ത്തി മുന്നോട്ടാഞ്ഞ് ,ചെക്കന്റെ കയ്യിൽനിന്നും താലിച്ചരട് പിടിച്ചുവാങ്ങി പെണ്ണിന്റ കഴുത്തേൽ അങ്ങ് കെട്ടി.ചെക്കനും പെണ്ണും കപ്യാരും സകലജനവും സ്തബ്ധരായി നിന്നു .അച്ചൻ കൂളായിട്ട് വിവാഹക്കുർബ്ബാന പൂർത്തിയാക്കി .
പിന്നൊരിക്കൽ മറ്റൊരു കല്യാണം .ഇടവകയിലെ ഒരു പെൺകുട്ടിയെ മറ്റൊരു ക്രിസ്ത്യൻ വിഭാഗത്തിലെ കുടുംബത്തിലേക്ക് കെട്ടിച്ചുവിടുകയാണ് .അങ്ങനെയുള്ള വിവാഹങ്ങളിൽ മാതൃസഭയിലെ അച്ചന്മാർ വിവാഹച്ചടങ്ങുകളിൽ ആ വിവാഹകർമ്മത്തിൽ പങ്കെടുക്കാറില്ല .തലേന്ന് രാത്രി കല്യാണപ്പെണ്ണിന്റെ വീട്ടിൽ നടക്കുന്ന ടീപാർട്ടിയിൽ മാത്രമേ പോകാറുള്ളൂ .അങ്ങനെ അച്ചനും കപ്യാരും കൂടി പോകാൻ തീരുമാനമായി .പറഞ്ഞുറപ്പിച്ചത് പോലെ അച്ചന്റെ കൂടെ പോകാനായി വൈകുന്നേരം കപ്യാർ പള്ളിമേടയിലെത്തി .അച്ചൻ ആ സമയത്ത് വയറുവേദനകരണം ടോയ്‌ലെറ്റിൽ ആയിരുന്നു .കിട്ടിയ തക്കം നോക്കി കപ്യാർ ,വീഞ്ഞ് വച്ചിരിക്കുന്ന മുറിയിലേക്ക് പാഞ്ഞുകയറി.കല്യാണപ്പാർട്ടിക്ക് പോകുമ്പോൾ ഒരു മൂഡിന് വേണ്ടി കയ്യിൽ കരുതിയിരുന്ന റമ്മിന്റെ (Rum) പയിന്റ് ,പെട്ടെന്ന് വെളിയിലെടുത്ത് പകുതികാലിയായിരുന്ന വീഞ്ഞുകുപ്പിയിൽ മിക്സ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ,ടോയ്ലറ്റിന്റെ വാതിൽ തുറന്ന് അച്ചൻ ഇറങ്ങിവരുന്ന ശബ്ദം കേട്ടു .മിക്സ് ചെയ്ത മദ്യം എന്തുചെയ്യണമെന്നറിയാതെ കപ്യാർ മറ്റ് വീഞ്ഞുകുപ്പികളുടെ ഇടയിലേക്ക് ,വീഞ്ഞുകുപ്പിയെന്ന് തോന്നിപ്പിക്കും വിധം വച്ചിട്ട് കപ്യാർ ഹാളിലേക്ക് പെട്ടെന്നിറങ്ങി.
"പാ ..പാപ്പച്ചൻ വന്നോ ..താ ..താനിരിക്കൂ ...വ ..വയറ്റിനൊരു കുഴപ്പം ...അജീർണ്ണതയാ ..അൽപ്പം വീഞ്ഞ് സേവിച്ചാൽ ചി ..ചിലപ്പോ ശരിയാകും .." എന്ന് പറഞ്ഞിട്ട് അച്ചൻ നേരെ വീഞ്ഞ്‍മുറിയിലേക്ക് നടന്നു .കപ്യാരുടെ ഞെഞ്ചിൽ വെള്ളിടി വെട്ടി .
എന്തോ സംഭവിക്കാൻ പോകുന്നു ,കപ്യാർ വിചാരിച്ചു .പതുക്കെ അച്ചനെ പിന്തുടർന്ന് വീഞ്ഞ് റൂമിന് വെളിയിൽ നിന്നിട്ട് അകത്തേക്ക് നോക്കി .ഞെട്ടിപ്പോയി .പേടിച്ചത് തന്നെ നടന്നിരിക്കുന്നു .വീഞ്ഞുകുപ്പിയിൽ മിക്സ് ചെയ്തുവച്ചിരുന്ന കള്ള് വീഞ്ഞാണെന്ന് കരുതി അച്ചൻ മടമടാന്ന് മോന്തുന്നു .എന്തുംവരട്ടെയെന്ന് കരുതി കപ്യാര് ഹാളിൽ തന്നെ പോയിരുന്നു .
കുറച്ച് കഴിഞ്ഞപ്പോൾ തിരിച്ചിറങ്ങി വന്നു ,കയ്ക്കുന്ന മുഖഭാവത്തോടെ ." എ ..എന്ത് ചെയ്യാനാ ..പാപ്പച്ചാ ..വീഞ്ഞിലും മായമാണെന്ന് തോന്നുന്നു ..ഭ ..ഭയങ്കര കയ്പ്പ് .." അച്ചൻ പറഞ്ഞു .കപ്യാർ ഒന്നും മിണ്ടാതെ അച്ചനെത്തന്നെ നോക്കിയിരുന്നു .കുറച്ചുകഴിഞ്ഞപ്പോൾ അച്ചന്റെ ഭാവം കുറേച്ചേ മാറാൻ തുടങ്ങി .." പാ ..പാപ്പച്ചാ ..നി ..നീ ..മാഴ്‌ഗം കഴി (മാർഗം കളി ) കണ്ടിട്ടുണ്ടോ .."അച്ചൻ ചോദിച്ചു ..
"ഇല്ലച്ചോ ..പക്ഷെ കാണണ്ട .."
" അതെന്താ മാഴ്‌ഗം കഴി ക ..കണ്ടാൽ നീ ..ച ..ചത്ത് പോകുവോ ...ദാ ..നീ കണ്ടേച്ചും പോയാൽ മതി .." അച്ചൻ ളോഹ മുകളിലേക്ക് മടക്കിക്കുത്തി .
" പുണ്യവാനിസഹാക്കിനുണ്ടായി രണ്ടുമക്കൾ ..
ഒന്നാമൻ ഏസാവും ..---------- -----" അച്ചൻ മാർഗം കളിയങ്ങ് കൊഴുപ്പിച്ചു തുടങ്ങി ..ഇനി നിന്നാൽ കുഴപ്പമാകുമെന്ന് വിചാരിച്ച് പാപ്പച്ചൻ മേടയിൽ നിന്നിറങ്ങിയോടി .
അങ്ങനെയിരിക്കെ ഒന്നുരണ്ട് ദിവസം കപ്യാർക്ക് പള്ളിയിൽ വരാൻ കഴിഞ്ഞില്ല .കാരണമറിയാതെ അച്ചൻ കപ്യാരെ തിരക്കി പുറപ്പെട്ടു ,കപ്യാരുടെ വീട്ടിലേക്ക് .നല്ല മഴ .ഒരു കാലൻ കുടയുമായിട്ടാണ് പോക്ക് .കപ്യാരുടെ വീട്ടിലേക്ക് പോകുന്ന വഴിയെല്ലാം മഴകാരണം ചെളിനിറഞ്ഞു കിടക്കുമായായിരുന്നു .അച്ചൻ ളോഹ മുട്ടൊപ്പം പൊക്കിപ്പിടിച്ചാണ് നടന്നത് .
കപ്യാരുടെ വീട്ടിലെത്തിയപ്പോൾ കപ്യാർ സ്ഥലത്തുണ്ടായിരുന്നില്ല .കപ്യാരുടെ ഭാര്യ അച്ചനെ കണ്ട്‌ കതക് തുറന്ന് ഭയഭക്തിബഹുമാനങ്ങളോടെ ഒതുങ്ങിനിന്നു .അപ്പോളും അച്ചൻ ളോഹ പൊക്കിപ്പിടിച്ചിട്ടുണ്ടായിരുന്നു ." പാ ..പാ ..പാ .."(പാപ്പച്ചൻ എവിടെപ്പോയി എന്നാണ് ചോദിയ്ക്കാൻ ഉദ്ദേശിച്ചത് ) കപ്യാരുടെ ഭാര്യയോട് ചോദിക്കാൻ തുടങ്ങി .മഴയിൽ നനഞ്ഞുനിൽക്കുന്ന അച്ചൻ "പായ് " ആണ് ചോദിച്ചതെന്നുകരുതി ,കേട്ടപാതി കേൾക്കാത്തപാതി ഭാര്യ അകത്തേക്കോടി ഒരു തഴപ്പായയുമായി ധൃതിയിൽ വെളിയിലേക്ക് വന്നപ്പോളാണ് പാപ്പച്ചൻ വെളിയിൽ നിന്നും അകത്തേക്ക് വന്നത് .കണ്ടതോ ,ളോഹ മുട്ടിന് മുകളിൽ പൊക്കിപ്പിടിച്ചു നിൽക്കുന്ന വിക്കച്ചനെയും പായയുമായി നിൽക്കുന്ന സ്വന്തം ഭാര്യയെയും .കപ്യാർ സംശയം നിഴലിക്കുന്ന കണ്ണോട് കൂടി രണ്ടുപേരെയും മാറിമാറി നോക്കി .
" അച്ചോ ..അച്ചൻ ഇത്തരക്കാരനാണെന്ന് ഞാൻ വിചാരിച്ചില്ല ..കേട്ടോ .." കപ്യാർ പറഞ്ഞു ."എ ..എ എത്തരക്കാരൻ ...? ഞ ..ഞാൻ ..പാ ..പാ .പാ .."
അച്ചൻ വിശദീകരിക്കാൻ ഒരു പാഴ്ശ്രമം നടത്തി ." ഞാനും അതുതന്നെയാ പറഞ്ഞത് ..പായ് ..ഇവിടിപ്പോൾ പായയുടെ ആവശ്യമെന്താ ..രണ്ടുപേരും കൂടി എന്നെ പൊട്ടനാക്കുവാ .." കപ്യാർ കൂടുതൽ ക്രുദ്ധനായി .
രംഗം പന്തിയല്ലെന്ന് കണ്ട അച്ചൻ ളോഹ ഒന്നുകൂടി പൊക്കിക്കുത്തികൊണ്ട് മഴയത്തേക്ക് ഇറങ്ങി നടന്നു .
" നീ ..നീ ..എ ..എന്ത് നോക്കി നി ..നിക്കുവാടി അസ്സത്തെ ...കേ ..കേറി പോടീ അകത്ത് .." കപ്യാർ ഭാര്യയോട് ഗർജ്ജിച്ചു .
" ങേ ..വിക്കച്ചന്റെ കൂടെ നടന്ന് നിങ്ങൾക്കും വിക്കായോ മനുഷ്യാ .."
പറഞ്ഞിട്ട് കപ്യാരുടെ ഭാര്യ പായയും കൊണ്ട് അകത്തേക്കോടി ...
(തുടരും)
------------------------------------------------------------------------
ബിനു കല്ലറക്കൽ ©
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo