Slider

അമ്മ

0

അമ്മിക്കല്ലിൽ ഞാൻ തേങ്ങയരക്കുന്നതും നോക്കി നിൽക്കുകയാണ് അമ്മ..
''മതിയോ അമ്മേ ? ''
''പോര മോനേ കുറച്ചു കൂടി അരയാനുണ്ട്...''
ഈ അമ്മ എപ്പോഴും ഇങ്ങനെയാ എത്ര അരച്ചാലും അമ്മക്ക് തൃപ്തിയാവില്ല...ഞാൻ പരിഭവിച്ചു...എന്നാലും ഞാൻ അരച്ചു കൊടുക്കും പാവം അമ്മ... അമ്മക്ക് വയ്യാത്തോണ്ടല്ലേ..
ക്യാൻസർ വന്നതിനു ശേഷം അമ്മക്ക് കഠിനമായ ജോലികളൊന്നും ചെയ്യാൻ കഴിയില്ല. ഞാനെല്ലാം ചെയ്തുകൊടുക്കും. വിശാലമായ മുറ്റം അടിച്ചു വൃത്തിയാക്കുമ്പോൾ നിറകണ്ണുകളോടെ അമ്മ അത് നോക്കി നിൽപ്പുണ്ടാവും.
കിണറ്റിൻ കരയിൽ പാത്രം കഴുകുമ്പോഴാണ് ഞങ്ങൾ രണ്ടാളും കുട്ടികളെ പോലെ പിണങ്ങുക...എത്ര ബക്കറ്റ് വെള്ളം കോരി ഒഴിച്ചാലും അമ്മക്ക് മതിയാവില്ല...
ഒരോ പാത്രവും പലവുരു കഴുകണം...
അടുത്ത വീട്ടിലെ ചേച്ചിയോട് അമ്മ പറയും
'' പോവേണ്ട സമയമൊക്കെ എന്നേ കഴിഞ്ഞു. ഇനി എത്ര നാളെന്നറിയില്ല..''
അപ്പോൾ ഞാൻ അമ്മ കാണാതെ കരയും
ഞാൻ കരയുന്നത് കണ്ടാൽ അമ്മക്ക് വിഷമം വരും. അന്നു പത്തു വയസ്സേ ഉള്ളൂവെങ്കിലും എനിക്ക് കാര്യങ്ങൾ മനസ്സിലായി തുടങ്ങി..അമ്മ ഇനി അധികനാൾ ജീവിച്ചിരിക്കില്ല...അത് അമ്മക്കും അറിയാം ....അതിൻ്റെ നിസ്സഹായവസ്ഥ ആ പാവത്തിൻ്റെ മുഖത്തുണ്ട്...ഏതു നിമിഷവും മരണം അമ്മയെ പുൽകാം...ഡോക്ടർമാർ പറഞ്ഞ കാലാവധി കഴിഞ്ഞിരിക്കുന്നു ...
''മോനേ ഉണ്ണീ...''
''എന്താമ്മേ ? ''
''ഞാൻ പോയാൽ നീ നിൻ്റെ അനിയനെ നോക്കണംട്ടോ...''
ഞാൻ അമ്മയുടെ മടിയിൽ തലവച്ചു കിടക്കുകയാണ്...
''ഏട്ടൻമാരെല്ലാം ഒാരോ വഴിക്കു പോകും നീ വേണം അവനെ നോക്കാൻ ''
''അമ്മേ എപ്പോഴും ഇങ്ങനെ പറയല്ലേ അമ്മ എങ്ങും പോകുന്നില്ല....''
അമ്മയുടെ കണ്ണുനീർ എൻ്റെ കവിളിൽ പതിക്കുന്നുണ്ടായിരുന്നു.....മരണത്തെ കാത്തു കഴിയുന്ന ഒരാളുടെ വേദന അത് എത്ര ഹൃദയഭേദകമായിരിക്കും..
''മോനേ ഉണ്ണിക്കുട്ടാ ഞാനും കുറച്ചു നേരം നിൻ്റെ മടിയിൽ തലവച്ച് കിടക്കട്ടേടാ...''
''എന്താ അമ്മേ ഇത് അമ്മ കിടന്നോ എത്ര വേണേലും.... ഒരു കൊച്ചു കുട്ടിയെപോലെ അമ്മ എൻ്റെ മടിയിൽ തലവച്ചു കിടന്നു
അമ്മയുടെ മുടിയിഴകളെ ഞാൻ പതുക്കെ തലോടിക്കൊണ്ടിരുന്നു...ആറു വർഷത്തെ ചികിത്സ ബാക്കിവെച്ച ആ കുറച്ചു മുടിയിഴകളെ.....!!
ഉണ്ണികൃഷ്ണൻ തച്ചമ്പാറ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo