Slider

പണിമുടക്ക്.

0

പണിമുടക്ക്.
8 -3 - 2017 6.30 am
''നമസ്കാരം. വാർത്തകളിലേക്ക് സ്വാഗതം. ഞാൻ ഉമ. പ്രധാന വാർത്തകളിലേക്ക്.
ലോകവനിതാദിനമായ ഇന്ന് കേരളത്തിലെ വീട്ടമ്മമാർ പണിമുടക്കിലേക്ക്. പ്രമുഖ ആക്റ്റിവിസ്റ്റും സ്ത്രീശാക്തീകരണവേദി പ്രവർത്തകയുമായ അഡ്വ. അയന മുകുന്ദനാണ് ഇന്നത്തെ പണിമുടക്കിനായി കേരളത്തിലെ സ്ത്രീകളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും കഴിഞ്ഞ ഒരാഴ്ചയായി പ്രചരിക്കുന്ന സമരാഹ്വാനം ട്രോളർമാരും നന്നായി ആഘോഷിച്ചു.
വർദ്ധിച്ചു വരുന്ന ഗാർഹിക, ലൈഗിംക പീഡനങ്ങളുടെ പശ്ചാത്തലത്തിൽ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്ന നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വേണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. ഇന്ന് രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന പണിമുടക്കിൽ നിന്ന് ഗർഭിണികളേയും പതിനഞ്ചു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുടെ അമ്മമാരേയും, രോഗികളേയും വൃദ്ധരായ മാതാപിതാക്കളെയും ശുശ്രൂഷിക്കുന്ന സ്ത്രീകളേയും ഒഴിവാക്കിയിട്ടുണ്ട്.
സാധാരണ ഹർത്താൽ പണിമുടക്ക് എന്നിവ വീട്ടമ്മമാർക്ക് അധിക ജോലി വരുത്തി വയ്ക്കുമ്പോൾ അവരുടെ പണിമുടക്ക് എങ്ങനെയായിത്തീരുമെന്ന് കാത്തിരുന്നു കാണാം.
ഇനി മറ്റു വാർത്തകളിലേക്ക്."
8 -3 - 17 9.30 am
" ഇപ്പോൾ കിട്ടിയ വാർത്ത.
ലോക വനിതാ ദിനത്തോടനുബന്ധിച്ചു നടന്ന വീട്ടമ്മമാരുടെ പണിമുടക്ക് സമാപിച്ചെന്ന് അഡ്വ. അയന .മുകുന്ദൻ അറിയിച്ചു. ഏഴു മണിക്ക് ആരംഭിച്ച പണിമുടക്ക് രണ്ടു മണിക്കൂറിനു ശേഷമാണ് അവസാനിപ്പിച്ചതായി പ്രഖ്യാപനമുണ്ടായത്.
അഡ്വ.അയന നമ്മോടൊപ്പം ചേരുന്നു... "
" സ്വാഗതം അഡ്വക്കേറ്റ് "
" അയന. അതാണ് പറയാനും കേൾക്കാനും സുഖം. താങ്ക്സ്. "
" അയന, കേരളത്തിൽ കുറെ വർഷങ്ങമായി നടക്കുന്ന പണിമുടക്കുകളിൽ പങ്കെടുക്കുന്നവരുടെ പിൻവാങ്ങൽ കൊണ്ട് പരാജയപ്പെട്ട ഒരേ ഒരു സമരം നിങ്ങളുടേതാണെന്നു തോന്നുന്നു. എന്താണ് നിങ്ങൾക്ക് പറയാനുള്ളത്? "
"ഉമയുടെ ചോദ്യത്തിനു ഉത്തരം പറയുന്നതിന് മുമ്പ് ഈ സമരത്തിൽ പങ്കെടുക്കുകയും പിന്നീട് പിൻവാങ്ങുകയും ചെയ്തവരുടെ പ്രതികരണങ്ങളിലേക്ക് പോകുന്നതിൽ വിരോധമുണ്ടോ?"
" ഒരിക്കലുമില്ല. നമുക്ക് തലശ്ശേരിയിൽ നിന്നുള്ള നസീറയിൽ നിന്ന് തുടങ്ങാം."
" മ്മള് ബെളുപ്പിനെ തന്നെ പത്തിരിം കറിം പിന്നെ ഉച്ചക്കുള്ള ചോറുമൊക്കെ ഉണ്ടാക്കി. ഏഴ് മണി കഴിഞ്ഞാൽ ഒരു പണിം ചെയ്യണ്ടന്ന് ബച്ചു. ടി വി കണ്ടു. കുറച്ചു ഫോണൊക്കെ ചെയ്തു. എട്ടര ആയപ്പോളേ ബോറായിട്ടാ ഓന്റെ മുറിയിൽ ബുക്കു വല്ലോമുണ്ടോന്നറിയാൻ കടന്നത്. മ്മക്ക് അവിടേക്ക് കടക്കാൻ പാടില്ലെന്നാ ഓൻ പറയാറ്. ആ മുറീടെ കോലം കണ്ടപ്പോൾ അറിയാതെ ചൂലെടുത്തു പോയി. അബടെ തീർന്ന് മ്മടെ സമരം "
" അടുത്തത് പേരോ നാടോ തുറന്നു പറയാനാഗ്രഹിക്കാത്ത ഒരു വീട്ടമ്മയാണ്. രാഷട്രീയ സാമൂഹിക പ്രവർത്തകനായ ഭർത്താവിൽ നിന്ന് പൂർണ്ണ പിന്തുണ പ്രതീക്ഷിച്ചാണ് ഞാൻ പണിമുടക്കിനു തുനിഞ്ഞത്. പക്ഷെ അടുക്കള തറയിലേക്ക് എടുത്തെറിഞ്ഞ പാത്രങ്ങൾക്കൊപ്പം എന്റെ പ്രതീക്ഷകളും തകർന്നു. പുറമെ എത്ര മാന്യനായാലും വീടിനകത്തും മനസ്സിലും പുരുഷമേൽക്കോയ്മയെ മുറുകെ പിടിക്കുന്ന ഭാര്യയുടെ ആവശ്യങ്ങൾക്ക് പുല്ലുവില കല്പിക്കുന്ന ഭർത്താവിന് മുന്നിൽ കീഴടങ്ങി ഞാനീ സമരത്തിൽ നിന്ന് പിന്തിരിയുന്നു."
"രസകരമായ ഒരു പ്രതികരണം കൂടെ കേൾക്കാം."
" ഞാൻ ജയശ്രീ. കാലത്ത് അലാറം കേട്ടുണർന്ന് നോക്കുമ്പോൾ സമയം എട്ടു മണി. ഞാൻ നേരത്തേ ഉണരാതിരിക്കാൻ അദ്ദേഹം സമയം മാറ്റി വച്ചതാവാം. സമരത്തെ കുറിച്ചോർത്തില്ല. അദ്ദേഹത്തിനും മകൾക്കും പോകാൻ വൈകിയല്ലൊ എന്നോർത്ത് അടുക്കളയിലെത്തിയപ്പോൾ ദോശയും ഉച്ചക്ക് കൊണ്ടു പോകാനുള്ള ചോറുമൊക്കെ റെഡിയായിട്ടുണ്ട്.
സമര ദിനാശംസകൾ എന്നും പറഞ്ഞ് ഒരു പാത്രത്തിൽ ദോശയും ചട്നി യുമിട്ട് തന്ന ഏട്ടനെ കണ്ടപ്പോൾ കണ്ണു നിറഞ്ഞു. അപ്പോഴേക്കും രണ്ടു പേർക്കുമുള്ള ലഞ്ചും മോളു റെഡിയാക്കി കൊണ്ടുവന്നു. ഇത്രയും പിന്തുണ ഞാൻ പ്രതീക്ഷിച്ചില്ലയിരുന്നു. പിന്നെ വാട്സപ്പിൽ സമരം അവസാനിച്ചെന്നുള്ള അറിയിപ്പുകിട്ടിയപ്പോഴാണ് സമാധാനമായത്."
"അയന, ഇനി നിങ്ങളെന്ത് പറയുന്നു?"
" എന്തു പറയുന്നു ഉമ? ഈ സമരം ഒരു പരാജയമായിരുന്നോ? അല്ലന്നേ ഞാൻ പറയൂ. സമരത്തിന് ആഹ്വാനം ചെയ്തപ്പോൾ തുടങ്ങുന്ന സമയമേ കൊടുത്തിരുന്നുള്ളു. എത്ര മണി വരെ എന്ന് ചോദിച്ചവരോടെല്ലാം നിങ്ങൾക്ക് കഴിയുന്നത് വരെ എന്നാണ് ഞാൻ മറുപടി കൊടുത്തത്. ഏറ്റവും കൂടുതൽ ട്രോളുകൾ വന്നതും അതിനെ ചൊല്ലിയാണ്. രണ്ട് മണിക്കൂർ നീളുമെന്ന് ഞാൻ പോലും പ്രതീക്ഷിച്ചില്ല. അതു കൊണ്ട് തന്നെ ഇതൊരു പരാജയമായി കാണാൻ എനിക്കാവില്ല."
"ഒരു രാഷ്ട്രീയ പാർട്ടി യുടേയോ മതത്തിന്റേയോ യൂണിയനിന്റേയോ കൊടിയുടെ കീഴിലായിരുന്നില്ല ഈ പണിമുടക്ക്. കുടുംബശ്രീയും അയൽക്കൂട്ടങ്ങളുമല്ലാതെ ഒരു തരത്തിലും സംഘടിതരല്ലാത്ത വീട്ടമ്മമാർ സ്ത്രീകൾക്കെതിരെയുള്ള പീഡനങ്ങൾക്കെതിരെ സമരം ചെയ്യാൻ തയ്യാറായി എന്നതാണ് നമ്മൾ മനസ്സിലാക്കേണ്ടത്. അപ്പോൾ അവർ സംഘടിച്ചാലോ? പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല എന്നല്ലേ?
.
പീഡനക്കേസുകളിലെ പ്രതികളെ സംരക്ഷിച്ച് തീറ്റി പോറ്റാതെ, അവരെ വീണ്ടും സമൂഹത്തിലേക്ക് തയ്യൽ മെഷീനും കൊടുത്ത് തുറന്നു വിടാതെ മാതൃകാപരമായി ഇനിയും ശിക്ഷിച്ചില്ലെങ്കിൽ പെണ്ണൊരുമ്പെട്ടിറങ്ങുക തന്നെ ചെയ്യും. കാരണം ഇന്നത്തെ അവസ്ഥ തുടർന്നാൽ നാളെ
അളന്നു തൂക്കി ചന്തയിൽ വിൽക്കപ്പെടുന്ന ഒരു കച്ചവട വസ്തു മാത്രമായി മാറുമെന്നവർ ഭയക്കുന്നുണ്ട്"
''തങ്ങളുടെ കടമകളെ മുഴുവൻ മറന്നൊരു പണിമുടക്കിനിനിയുമവർ തയ്യാറാവില്ല. സമരമവസാനിപ്പിച്ചു എന്നു പറഞ്ഞപ്പോൾ ഞങ്ങൾ കേട്ടത് കേരളമാകെ ഉയർന്ന ആശ്വാസത്തിന്റെ നെടുവീർപ്പുകളായിരുന്നു. അതാണ് സ്ത്രീ. മാതൃത്വമാണ് അവളുടെ ഭാവം. അത് അമ്മയോ ഭാര്യയോ സഹോദരിയോ മകളോ ആയി കൊള്ളട്ടെ. തന്നെ ആശ്രയിക്കുന്നവർക്കെല്ലാം അവൾ അമ്മയാണ്. അവളാണ് ഏഴെന്നോ എഴുപതെന്നോ നോക്കാതെ ഇവിടെ പീഡിപ്പിക്കപ്പെടുന്നത്. "
" ഇന്നത്തെ പണിമുടക്കിൽ സഹകരിച്ച എല്ലാ വീട്ടമ്മമാർക്കും എന്റെ നന്ദി. അവർക്ക് പിന്തുണ പ്രഖ്യാപിച്ച എല്ലാ സുഹൃത്തുകൾക്കും ഭർത്താക്കന്മാർക്കും മക്കൾക്കും നന്ദി.
സ്ത്രീകൾ സംഘടിക്കട്ടെ. അവർക്കു വേണ്ടി. അവരുടെ പെൺമക്കൾക്കു വേണ്ടി. അവർക്കായി പുതിയ സമരമുറകൾ രൂപപ്പെടട്ടെ. നാളെകൾ ഇനിയുമവളെ അബല എന്നു വിളിക്കാതിരിക്കട്ടെ.
എല്ലാവർക്കും വനിതാ ദിനാശംസകൾ."
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo