Slider

മഞ്ഞക്കിളി

0

മഞ്ഞക്കിളി
* * * * * * * * 
ആയുർവ്വേദം പറയുന്നത് പുലർച്ചെ ബ്രാഹ്മമുഹൂർത്തത്തിൽ ഉണരണമെന്നാണ്. അതായത് ഏതാണ്ട് നാലു മണി നേരത്ത്. ആ സമയത്തുണരുകയെന്നത് കാലങ്ങളായുള്ള എന്റെ ശീലമാണ്. ഉണർന്നയുടനെത്തന്നെ മൂത്രമൊഴിക്കും.പിന്നെ ഒരു സെക്കന്റ് പോലും സമയം കളയാതെ കട്ടിലിൽ കിടന്ന് കൂർക്കം വലിച്ചു തുടങ്ങും.പിന്നെ എണീക്കുന്നത് മിക്കവാറും ഭാര്യയുടെ ഉച്ചത്തിലുള്ള അനൗൺസ്മെന്റ് കേട്ടിട്ടാകും..
ഇന്നും ഉണർന്നത് അങ്ങിനെത്തന്നെയാണ്. നേരം എട്ടു മണിയായിട്ടുമുണ്ട്. നേരെ അടുക്കളയിലേക്ക് വെച്ചു പിടിച്ചു.അവിടെയെത്തിയപ്പോൾ ഫ്രൈ പാനിൽ ചപ്പാത്തി മസിലും പെരുപ്പിച്ച് പൊന്തി വരുന്നതാണ് കണ്ടത്.
" ഓ.... ചപ്പാത്തിയാണൊ.... "
ഒരു ഒക്കായ്മയുള്ള എന്റെ ചോദ്യം കേട്ടപ്പോൾ തന്നെ അതിനുള്ള അവളുടെ മറുപടിയും വന്നു.
"ഇവിടെ ആകെയുള്ളത് ഈ ഗോതമ്പ് പൊടിയാ... അതു കൊണ്ടിനി ചപ്പാത്തിയല്ലാതെ ചിക്കൻ ബിരിയാണിയൊന്നുമുണ്ടാക്കാൻ കഴിയില്ലല്ലോ."
കിട്ടാനുള്ളത് സമയത്തിന് കിട്ടിയപ്പോൾ പിന്നെ നേരം കളയാതെ നേരെ ബാത്ത് റൂമിൽക്കയറി വാതിലടച്ചു.ഓരോ ചിന്തകൾ മനസിൽ കയറിയിറങ്ങാൻ തുടങ്ങി. എന്താണെന്നറിയില്ല, അവിടെക്കയറിയിരുന്നു കഴിഞ്ഞാൽ പിന്നെ വന്ന കാര്യം പോലും മറന്ന് , മറന്നുപോയ പലകാര്യങ്ങളും ചിന്തയിലെത്തും.പിന്നെ അതിലാവും ശ്രദ്ധ മുഴുവൻ..
"താമസമെന്തേ വരുവാൻ....."
പുറത്ത് നിന്നും പഴയ ആ പാട്ടൊഴുകി വരുന്നു. മോനാണ്. അടുക്കളയിൽ നിന്നും വീണ്ടും അനൗൺസ്മെന്റ് ഉയർന്നു.
" അവന് സ്കൂളിൽ പോകേണ്ടതാ... ഒന്ന് പെട്ടെന്നിറങ്ങിക്കൊട് മനുഷ്യാ.ഫേസ് ബുക്കിലേക്ക് കഥയുണ്ടാക്കൽ പുറത്തെത്തിയിട്ടുമാവാം... വേറെ പണിയൊന്നുമില്ലല്ലോ..."
പോയ കാര്യം നടത്തി പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കിക്കൊടുത്തു. അടുക്കളയിൽ ചെന്ന് ഒരു കട്ടൻ ചായയുമെടുത്ത് ടി വി യുടെ മുന്നിലേക്ക് നടക്കുമ്പോൾ ഭാര്യയുടെ അടുത്ത അനൗൺസ്മെന്റ് വന്നു.
" വാർത്ത കേൾക്കാനാണെങ്കിൽ കുട്ടികൾ സ്കൂളിൽ പോയിട്ട് ടിവി വെച്ചാൽ മതി. ഇരുപത്തിനാല് മണിക്കൂറും കൊട്ടിയൂര്, വയനാട്.... പള്ളിമേട, യതീംഖാന...നാണമില്ലേ ഇവർക്കൊന്നും.. "
അപ്പൊ അതാണ് സങ്ങതി.. പോയിപ്പോയി ടി വി വാർത്ത പോലും അഡൽട്ട്സ് ഒൺലിയായി മാറിയിരിക്കുന്നു. ഒന്ന് വാർത്ത കാണമെങ്കിൽ പണ്ട് എം.ടി വി യും ഫാഷൻ ടി വി യും കണ്ടിരുന്നതുപോലെ ഒളിഞ്ഞും മറഞ്ഞും വേണം കാണാൻ.
കൈയിലിരിക്കുന്ന കട്ടൻ ചായ എന്തോ ആലോചിച്ച് ഒറ്റ വലിക്കകത്താക്കി തൊള്ള പൊള്ളിനിൽക്കുമ്പോഴാണ് കോളിംഗ് ബെൽ ചിൽ... ചിൽ... എന്ന് ചിലക്കുന്നത് കേട്ടത്.
വാതിൽ തുറന്ന് നോക്കിയപ്പോൾ കണ്ണിന് കുളിർമ്മ പകരുന്ന ഒരു കാഴ്ചയാണെനിക്ക് കാണാൻ കഴിഞ്ഞത്. മഞ്ഞച്ചൂരിദാറിട്ട ഒരു മൊഞ്ചത്തി മഞ്ഞക്കിളി.. അവൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
"നമസ്കാരം ചേട്ടാ....."
അവളുടെ നമസ്കാരം പറച്ചിൽ കേട്ടപ്പോഴാണ് പടച്ചോനെ ഇന്ന് സുബ്ഹി നിസ്ക്കരിച്ചിട്ടില്ലല്ലോ എന്നോർത്തത്.ഞാനവൾക്ക് തിരിച്ചും ഒരു നമസ്കാരം കൊടുത്തു. അതെടുത്ത് പോക്കറ്റിലിട്ട ശേഷം അവൾ കൈയിലുള്ള ബാഗുകൾ രണ്ടും തുറന്നു. നിലത്ത് വെച്ച ബാഗിലുള്ള സാധനങ്ങൾ കാണാനായി ഞാൻ കുനിഞ്ഞു നോക്കി. സാധനങ്ങൾ എന്നെ കാണിക്കാനായി അവളും കുനിഞ്ഞു നിൽക്കുന്നു. അതിനിടയിൽ തലകൾ തമ്മിൽ മുട്ടിയോ എന്നൊരു സംശയം.
ഇതെല്ലാം കണ്ട് വാതിൽപടിയിൽ കൈയിൽ ഒരു ചട്ടുകവുമായി ഭാര്യ എവിടെയും മുട്ടാതെ നിവർന്ന് നിൽക്കുന്നത് ഞാനറിഞ്ഞിരുന്നില്ല. പിന്നിൽ നിന്നും അമർത്തിയുള്ള ഒരു കാറൽ കേട്ടപ്പോഴാണ് എനിക്ക് റേഞ്ച് കിട്ടിത്തുടങ്ങിയത്..
"ഇവിടെയിപ്പൊ സാധനങ്ങളൊന്നും വേണ്ട.. "
ഒരയഞ്ഞ ശബ്ദത്തിൽ ഞാൻ പറഞ്ഞു.
" എന്തേ വേണ്ടാന്ന് വെച്ചത്...? വാങ്ങിക്കോളിൻ.. ചായപ്പൊടീം സോപ്പ്പൊടീം കൂട്ടത്തില് അവളുടെ ഫോൺ നമ്പറും ആയ്ക്കോട്ടെ... എന്തേ വേണ്ടേ...?"
"അതെന്താ ഇത്ത അങ്ങനെയൊക്കെ പറയുന്നത്...?"
"പിന്നെ ഞാനെങ്ങനെ പറയണമെടീ...?"
കൃഷ്ണമണി പുറത്ത് ചാടിച്ചുള്ള ഭാര്യയുടെആ ചോദ്യത്തിന് ട്രൈനിംഗിനും എനിക്കും ഒരു ഉത്തരവുമുണ്ടായിരുന്നില്ല..തേയിലയും ദാഹശമനിയും സോപ്പ് പൊടിയുമൊക്കെ കൈയിലെടുത്ത് അവൾ ആടിത്തിമിർക്കുകയായിരുന്നു. അത് കാണാനും കേൾക്കാനുമൊക്കെ എന്ത് ചന്തമായിരുന്നു എന്നാലോചിച്ച് നിൽക്കുമ്പോഴാണ് പെണ്ണുമ്പിള്ള ചന്തിക്കിട്ട് ചട്ടുകം കൊണ്ട് ഒരു കുത്ത് കുത്തിയത്. 
"ഹെന്റുമ്മച്ചീ... "
ശബ്ദം പുറത്ത് വിട്ടില്ല..നല്ല ചൂടുള്ള ചട്ടുകം.അണ്ടർവേൾഡില്ലാത്ത ലോകത്തേക്ക് അത് ആഴ്ന്നിറങ്ങിയപ്പോഴത്തെ ആ അവസ്ഥയുണ്ടല്ലോ... അത് പറഞ്ഞറിയിക്കാനാവില്ല... ദിലീപിന്റെ സിനിമകളിൽ കാണുന്ന പോലെ ചുണ്ടുകൾ കടിച്ചമർത്തി ഞാൻ മഞ്ഞക്കിളിയുടെ മുന്നിൽ പുഞ്ചിരിച്ചു തന്നെ നിന്നു.
ട്രൈനിംഗിന്റെ ഭാഗമായി അവൾ സാധനങ്ങളെല്ലാം ബാഗിലേക്ക് തന്നെ തിരിച്ചു വെച്ചു.പതിയെ തിരിച്ചു നടന്നു. മഞ്ഞക്കിളി പറന്നകലുന്നതും നോക്കി നിൽക്കുകയായിരുന്ന എന്റെ ചന്തിയിൽ വീണ്ടും ചട്ടുകം വിരുന്നിനെത്തി.ഇത്തവണ ചൂട് കുറവായിരുന്നു. പക്ഷേ പെണ്ണുമ്പിള്ളക്ക് നല്ല ചൂടായിരുന്നു.
"രാവിലെ ചായക്ക് പഞ്ചസാര തികയില്ലാന്ന് ഇന്നലെ നൂറ് വട്ടം പറഞ്ഞതാ.. കൈയും വീശി വന്നിട്ട് രാവിലെ അവളുടെയടുത്ത്ന്ന് ചായപ്പൊടി വാങ്ങാൻ നിക്കുന്നു....നാണമില്ലേ മനുഷ്യാ നിങ്ങക്ക്.. അതെങ്ങനാ എവിടെയെങ്കിലും ഒരു ചൂരിദാറോ സാരിയോ ഇളകുന്നത് കണ്ടാൽ പിന്നെ തുടങ്ങുമല്ലോ അസുഖം..."
ചവിട്ടിക്കുലുക്കി ചട്ടുകവുമായി അവൾ അടുക്കളയിലേക്ക് നടക്കവെ ഞാൻ ഒന്നുകൂടി ബാത്ത് റൂമിലേക്കോടിക്കയറി.എഞ്ചിന് ഒരു ത്വരിതപരിശോധന അത്യാവശ്യമായിരുന്നു.
__________________________
എം.പി.സക്കീർ ഹുസൈൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo