Showing posts with label അമൃതഅരുൺ. Show all posts
Showing posts with label അമൃതഅരുൺ. Show all posts

ഒരോർമ്മക്കുറിപ്പ്


ഞാൻ നാലിൽ പഠിക്കുന്ന കാലം. ഇടവപ്പാതിയിൽ എന്നും നിറഞ്ഞു കവിയുന്നൊരു പുഴയുണ്ടായിരുന്നു സ്കൂളിലേക്കു പോകുംവഴി. സാധാരണ നല്ല മഴയുള്ള ദിവസങ്ങളിൽ മുതിർന്ന ഒരാൾ ഞങ്ങൾ കുട്ടിപ്പട്ടാളങ്ങൾക്ക് എസ്കോർട്ട് വരുമായിരുന്നു. ഒരു ദിവസം, സ്കൂളിലേക്ക് പോകാൻ ഞാൻമാത്രേ ഉള്ളൂ... സാധാരണ കൂടെയുണ്ടാവാറുള്ള ഏട്ടനന്ന് പനിയാണ്. ഏട്ടൻ കൂടെയുണ്ടെങ്കിൻ പുഴയിലേക്കൊന്നു നോക്കാൻ പോലും സമ്മതിക്കാറില്ല. അന്നു രാവിലെ കാര്യമായ മഴയില്ലാത്തതു കൊണ്ട് എസ്കോർട്ടിന് ആരും കൂടെയില്ല. കിട്ടിയ അവസരം മുതലാക്കാൻ ഞാൻ നേരെത്തെ ഇറങ്ങി. സാധാരണ നടക്കുന്ന വയൽവരമ്പിൽ നിന്നും മാറി പുഴക്കരയിലൂടെ ഞാൻ നടന്നു. തലേന്നുരാത്രി പെയ്ത മഴ കാരണം പുഴയിലപ്പോഴും ഒഴുക്കു കുറഞ്ഞിട്ടില്ല.. പുഴക്കുകുറുകേ...മണൽചാക്ക് അടുക്കിവച്ച് നിർമ്മിച്ച തടയണക്കു മുകളിലൂടെ നിറഞ്ഞുകവിഞ്ഞ് പാൽ നുരചിന്തി കുത്തിയൊഴുകുന്ന പുഴവെള്ളം. രണ്ടുമിനിറ്റതിലേക്കു നോക്കി നിന്നപ്പോൾ ആ പാൽ നുരയിൽ കാലുനനക്കാനൊരു പൂതി. ഞാൻ മെല്ലെ ആ തടയണക്കു മുകളിലൂടെ നടന്നു ഒരുകാൽ തടയിണയിൽ ഊന്നി മറ്റേക്കാൽ പതഞ്ഞു ചാടുന്ന വെള്ളത്തിലേക്ക് നീട്ടി... പെട്ടന്നതു സംഭവിച്ചു -ചാക്കിനു മുകളിലെ മറ്റേക്കാലിനു ഒഴുക്കിൻ്റെ ശക്തിയിൽ പിടിച്ചുനിക്കിനായില്ല.. താഴേക്കുള്ള കുത്തൊഴുക്കിൽ ഞാനും പാൽനുരനീരിലൂടെ ഒഴുകി..
കഴുത്തൊളം വെള്ളത്തിൽ മുങ്ങാൻ തുടങ്ങിയപ്പോൾ പെട്ടന്നൊരാളാ വെള്ളത്തിലെക്ക് ചാടീ... എന്നെ പിടിച്ചു വലിച്ച് കരക്കു കേറ്റിയപ്പോളാണ്.... ഞാനയാളെ ശരിക്കും കണ്ടത്.. സ്കൂളിൽ ചേർന്ന നാളുമുതൽ കാണുന്നതാണ് അയാളെ....മൺനിറമുള്ള ഒരു തുണ്ട് തോർത്ത് മാത്രം അരയിൽ ചുറ്റി ദേഹത്തെ സകല എല്ലുകളും ഉന്തിയ കറുത്ത ആ രൂപം....കണ്ടത്തിലെ ചേറിൽ മുങ്ങി ഒരു കൈക്കോട്ടും കുത്തിപ്പിടിച്ച് ഒരുകണ്ടത്തിൽ നിന്നു മറുകണ്ടത്തിലേക്കു മാറുന്നതിനിടയിൽ വരമ്പത്തു കൂടെ ഞങ്ങളാരേലും വരുന്നതു കണ്ടാൽ മാറി നിന്ന് ഭവ്യത കാണിക്കുന്ന ഒരാദിവാസി. അന്നൊക്കെ വലിയ വമ്പോടുകൂടി അയാളെ നോക്കി കടന്നു പോകുമായിരുന്നു ഞാൻ.
കരയിൽ കൊണ്ടു നിർത്തിയതും അയാൾ തൊടാതെ മാറി നിന്നു.
'നായരുട്ടി തിരിച്ച് പോ...നനഞ്ഞിക്കിണ്...'
അയാൾ പറഞ്ഞത് കേൾക്കാതെ ഞാൻ സ്കൂളിലേക്ക് നടന്നു..വീട്ടിലേക്ക് തിരിച്ചു പോകാൻ പേടിയായിരുന്നു.. ചീത്തപറയും..ഉറപ്പ്.. നനവല്ലെയുള്ളു അത് ഉണങ്ങിക്കോളും.
പിറ്റെന്നും ഞങ്ങൾ സ്കൂളിലേക്ക് പോകുമ്പോൾ വരമ്പത്ത് അയാളുണ്ടായിരുന്നു... പതിവുപോലെ തൊട്ടു തീണ്ടാതിരിക്കാൻ അയാൾ മറ്റൊരു വരമ്പിലേക്ക് മാറി നിന്നു.. ഞാൻ അയാളെ നോക്കിച്ചിരിച്ചു... അയാളെന്നെ നോക്കി....പക്ഷെ ചിരിച്ചില്ല..... അയാൾക്കു ചിരിക്കാനറിയില്ലെന്നു തോന്നുന്നു.....തെല്ലു വിഷമത്തോടെ മുന്നോട്ടു നടക്കുമ്പോൾ ഞാൻ ചിന്തിച്ചു..... അതിന് അയാളോടിതുവരെ ആരെങ്കിലും ചിരിച്ചിട്ടുണ്ടൊ?

By: 
അമൃത അരുൺ സാകേതം

ചിതലുകൾ



ഭൂമിയുടെ നനുത്ത ഗർഭപാത്രത്തിൽ നിന്ന് വിത്തുകൾ മുളച്ചുപൊങ്ങും പോലെ മുറ്റത്തെ മണ്ണിൽ നിന്നും ഈയലുകൾ ചിറകുവച്ച് പൊങ്ങുന്നതും നോക്കി പൊന്നി
ഇരുന്നു അച്ഛമ്മ പറഞ്ഞുതന്നിട്ടുണ്ട് ചിതലുകൾക്ക് ചിറകുമുളച്ചാണ് ഈയാംപാറ്റകൾ
ഉണ്ടാവുന്നതെന്ന്.
"മണ്ണിനടിയിലെ ഇരുട്ടിൽ മണ്ണിനുകൂട്ടായ്
ജീവിച്ചുമടുത്തവർ, മണ്ണിൽ നിന്നും വേർപെടാൻ പുതിയ താമസസ്ഥലം അന്വേഷിച്ചു നടന്നവർ, എവിടെ അഭയം തേടിയാലും തങ്ങളിൽ നിന്നുതന്നെ പിറവിയെടുക്കുന്ന മണ്ണ്.. മണ്ണ് മാത്രം. സ്വാതന്ത്രം കൊതിക്കുന്ന മനസ്സുമായി ചിറകുമുളക്കുന്നതുംകാത്ത്, അക്ഷമരായി തങ്ങളെ
പോറ്റുന്നവരെയെല്ലാം മണ്ണാക്കിമാറ്റിയവർ- ചിതലുകള്."
ഒടുവിൽ തങ്ങളെ തേടിവന്ന സൌഭാഗ്യത്തിന്റെ ചിറകിലേറി ചുററുമുള്ള ലോകത്തിലെ കപടമായ
വെളിച്ചത്തെ പ്രണയിച്ച് പ്രകാശത്തോടുളള അടങ്ങാത്ത അഭിനിവേശത്തോടെ തീയിലേക്ക് പറന്നടുത്തപ്പോൾ മൃതദേഹത്തിന്റെ കൂട്ടുകാർക്ക് മരണത്തിനു
കീഴടങ്ങേണ്ടിവന്നു. അതിമോഹത്തിനു കിട്ടിയ ശിക്ഷ - 'മരണം.'
മരണം , ആ വാക്ക് അവളില് തന്നെ കുടുങ്ങിക്കിടന്നു.
അവളോർത്തു-' ഇന്നു തന്റെ പിറന്നാളായിരുന്നു. പതിനാലു വർഷങ്ങൾക്കു മുന്പു ഇതേദിവസമാണ് ജന്മം തന്ന ജീവനെ മണ്ണിലേക്കു പറഞ്ഞുവിട്ടു താൻ
പിറവിയെടുത്തത്. ആഘോഷിക്കപ്പെടുക തന്റെ പിറന്നാളൊ? അമ്മയുടെ ശ്രാദ്ധമൊ?
എന്ന് സംശയം തോന്നിയതുകൊണ്ടാവണം ഇതുവരെ ആരും അതാഘോഷിച്ചിട്ടില്ല. ആ പേരിലിതുവരെ ഒരബലത്തിൽ പൊയതായി പോലും ഓർക്കുന്നില്ല.
'താനിപ്പോഴും അമ്മയുടെ ഉളളിലാണെന്നവൾക്ക് തോന്നി'
'എടി പൊന്ന്യേ...'- ഇളയമ്മയുടെ വിളി കാതുകളിൽ തുളച്ചു കയറിയപ്പോഴാണ് അവൾ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നുംപുറത്തുവന്നത്.
'നേരം സന്ധ്യയായി, വയസറിയിച്ച പെണ്ണാണ്, മുറ്റത്ത് പാറ്റേനേം നോക്കി ഇരിക്കുന്നു..ണീറ്റ് അച്ഛമ്മടെ അടുത്തേക്ക് ചെല്ലെടി, ഞാനിത്തിരി
വിറകൊടിച്ചു വക്കട്ടെ.' -ഇളയമ്മ മുരണ്ടു.
'വയസ്സറിയിച്ച പെണ്ണ്', പെണ്ണിനെ അനുസരിപ്പിക്കേണ്ടവർക്കും, വിലക്കുകൾ ഏർ
പ്പെടുത്തേണ്ടവർക്കും മാന്തിരസിക്കാനുളള ഒരിക്കലും ഉണങ്ങാത്ത മുറിവ്.
ഇന്നേക്ക് ഏഴു ദിവസം മുന്പാണു അത് സംഭവിച്ചത്. അവളും കൂട്ടുകാരും ജാനമ്മേടെ തെങ്ങുംതോട്ടത്തിൽ കബടി കളിച്ചുകൊണ്ടിരിക്കുബോൾ, എതിർ കളത്തിലേക്ക് കബടി, കബടി എന്നു പറഞ്ഞു ചെന്നതായിരുന്നു അവള്. പെട്ടന്നു അടിവയറ്റിനൊരു പിടുത്തം. കൈകൊണ്ടു വയറൊന്ന് അമർത്തി പിടിച്ച് കാലു നീക്കിയതും എതിരാളികൾ അവളെ പിടിച്ചു നിലത്തിട്ടു .
ഇറുക്കിപ്പിടിച്ചുകൊണ്ട് അവര് ചോദിച്ചു--'ചത്തോ?, ചത്തോ?,..ചത്തോ?..'
അവളറിഞ്ഞു- ഇത് അതുതന്നെ കഴിഞ്ഞമാസം ചിന്നുവിനു സംഭവിച്ചത്. അത് പടർന്ന് കണങ്കാല് വരെ എത്തിയത് അതിനിടയിൽ അവൾ കണ്ടു.
'തന്റെ സ്ത്രീത്ത്വത്തിൽ കാലം സിന്ധൂരം ചാർത്തിയിരിക്കുന്നു.'
അവൾ പറഞ്ഞു-'ചത്തു.'
'നീയിതു വരെ കേറിപോയില്ലേ..? നന്ദി ഇല്ലാത്ത വർഗ്ഗം.'- ഇളയമ്മ പ്രാകി.
'സ്വന്തം അച്ഛമ്മയാണ് ഇന്നോ നാളെയൊ ന്നും പറഞ്ഞു കിടക്കുന്നത്. എന്നിട്ടുണ്ടിങ്ങനെ...ഇക്കണക്കിന് ഞാനൊക്കെ ഒന്നു കിടന്നുപോയാൽ....?'-
ഇളയമ്മ മുഴുമിപ്പിച്ചില്ല.
അവൾ അകത്തേക്കു നടന്നു. ഓർമ വച്ച നാൾ മുതൽ അവൾക്കെല്ലാം അച്ഛമ്മയായിരുന്നു.
അച്ഛനും ,ഇളയമ്മയും അനിയനും അവരുടെ കൊച്ചു കുടുംബത്തിന്റെ സന്തോഷങ്ങൾ പങ്കുവക്കുബോൾ അതിലൊന്നും പെടാത്ത അവളെ മടിയില് കിടത്തി
കഥപറഞ്ഞു കൊടുത്തത് അച്ഛമ്മ ആയിരുന്നു. അച്ഛന്റെ തല്ലിൽ നിന്നും ഇളയമ്മയുടെ ശകാരത്തിൽ നിന്നും അവളെ രക്ഷിച്ചതും, പനിപിടിച്ചു വിറച്ച രാത്രികളിൽ കഞ്ഞികോരിക്കൊടുത്ത് പുതപ്പിനുളളിൽ അവളെ ചേർത്ത് പിടിച്ചുറങ്ങിയതും, വയസ്സറിയിച്ചപ്പോൾ കുളിപ്പിച്ചതും എല്ലാം അച്ഛമ്മ തന്നെ.
വലിയ പെണ്ണായതിന്റെ നാലാം ദിവസം അവളെ കുളിമുറിയിൽ കേറ്റിനിർത്തി ദേഹത്തെല്ലാം എണ്ണ തേച്ചുകൊടുത്ത് താഴെ പറബിൽ മഞ്ഞളെടുക്കാൻ
പോയതായിരുന്നു അച്ഛമ്മ. അവിടെ കാലിടറി വീണതാവും എന്ന് പറബിൽ കിളച്ചുകൊണ്ടിരുന്ന കുഞ്ഞുമോൻ പറഞ്ഞു. അയാൾ തന്നെയാണു എടുത്തുകൊണ്ടു
വന്ന് കട്ടിലില് കിടത്തിയതും. ഒരുതരത്തില് കുളിച്ചെന്നു വരുത്തി അവളോടിവന്നപ്പോൾ കണ്ടത് അവശയായി കട്ടലിൽ കിടക്കുന്ന അച്ഛമ്മയെയാണ്. ഒരുവശത്തെ
കാലും കൈയ്യും തളർന്നിരിക്കുന്നു.
ഉളളു നിറഞ്ഞ സങ്കടത്തോടെ അവൾ പറഞ്ഞു-'സാരല്ല്യ അച്ഛമ്മേ..,അച്ഛമ്മക്കു വേഗം സുഖാവും.'
അച്ഛമ്മ മറുപടി പറഞ്ഞില്ല.
സംസാരശേഷിയും ഇല്ലാതായിരിക്കുന്നു. അച്ഛമ്മയുടെ കണ്ണുകൾ പതിവിലും വെളുത്തതായ് അവൾക്ക് തോന്നി. അവൾ ഭയന്നു-"തന്റെ ലോകം നിശബ്ദമായിരിക്കുന്നു."
അച്ഛമ്മക്കിനി ഏറെ നാളില്ല എന്നാണ് എല്ലാരും പറയുന്നത്. അക്കരക്കുന്നിലെ ഗോമതിയമ്മ ഇതുപോലെ കിടന്നതിന്റെ പതിനൊന്നാം നാൾ മരണമടഞ്ഞതാണ് ഉദാഹരണം.
'ആശുപത്രിയിലൊന്നും കൊണ്ടുപോകേണ്ട കാര്യമില്ല, വയസ്സാകുബോൾ ഈ വീഴ്ച്ച ഒക്കെ പതിവാണ്. കാലന് കുറ്റമില്ലാതിരിക്കാനുള്ള ഓരോരോ കാരണങ്ങൾ.'
ഇതാണ് ഇളയമ്മയുടെ പ്രമാണം. അച്ഛനും അത് ശരിവച്ചു.
അടുക്കളയിൽ നിന്നും ഇടനാഴി വഴി അവൾ അച്ഛമ്മയുടെ മുറിയിലേക്ക് നടന്നു. അച്ഛമ്മ നല്ല ഉറക്കമാണ്. അവൾ വിളിക്കാൻ മടിച്ചു. സന്ധ്യക്കുറങ്ങരുതെന്ന് അച്ഛമ്മ പറയുമായിരുന്നു. അവൾ തോളിൽ തട്ടി വിളിച്ചു.
-'അച്ഛമ്മെ..,അച്ഛമ്മേ..'
അച്ഛമ്മ ഉണർന്നില്ല.
'എന്താടീ, നിന്റെ മുഖം കടന്നലുകുത്തിയപോലെ?'-
ഇളയമ്മ അങ്ങോട്ടു വന്നു.
അവൾ തിരികെ ഇടനാഴിയിലേക്കു നടക്കുബോൾ അച്ഛമ്മയുടെ മുറിയിൽ നിന്നും ഇളയമ്മയുടെ നിലവിളി കേട്ടു.
അവൾ കരഞ്ഞില്ല,-"ചിതലുകൾക്ക് കണ്ണുനീരില്ല, എരിഞ്ഞൊടുങ്ങും വരെ
കാത്തിരിപ്പു മാത്രം. ചിറകു മുളക്കുന്നതും കാത്ത് പോറ്റുന്നവരെയെല്ലാം
മണ്ണാക്കി മാറ്റിയവർ- ചിതലുകൾ"
ഉമ്മറത്ത് നിലവിളക്ക് പൊരിഞ്ഞു കത്തുന്നു. കൂടെ ഈയലുകൾ കരിയുന്ന മണം.
മനുഷ്യന്റെ ആവിപാറുന്ന വേവിന്റെ ഗന്ധം. ഭൂമിയുടെ രോമകൂപങ്ങളിൽ നിന്നും
അപ്പോഴും ഈയലുകൾ മുളച്ചു പൊങ്ങുന്നുണ്ടായിരുന്നു.

By: 
അമൃത അരുൺ

വഴികാട്ടികൾ


ഭക്ഷണത്തിനു വേണ്ടി മാത്രമേ അവർ കടിപിടി കൂടാറുണ്ടായിരുന്നുള്ളു... വിശപ്പ് അത് സഹിക്കാൻ വയ്യാഞ്ഞിട്ടാണ്. വിശപ്പടങ്ങിക്കഴിഞ്ഞാൻ പങ്കുപറ്റാൻ വരുന്നവരോടു പോലും അവർ അനുകമ്പ കാട്ടിയിരുന്നു.... ചാവാലി നായ്ക്കൾ.
പണ്ടാരപറമ്പിലെ മാലിന്യ കൂമ്പാരത്തിനു മുന്നിൽ അന്ന് കിട്ടിയ എച്ചിൽ കൂടിനുവേണ്ടിയുള്ള തർക്ക സംഭാഷണങ്ങൾ നടന്നു കൊണ്ടിരിക്കെ മതിലിനരികെ രണ്ടു മനുഷ്യർ പരസ്പരം അസഭ്യവാക്കുകൾ വാരി എറിയുന്നതവരുടെ ശ്രദ്ധയിൽ പെട്ടു.
അവർ-'ടൈഗറും ടോമിയും'. ഓമനെപ്പേരിട്ടു വിളിക്കാൻ ഉടമസ്ഥരില്ലാത്തതുകോണ്ടാവാം കേട്ടു പരിചയമുള്ള ചില ശ്വാനനാമങ്ങൾ അവർ കടമെടുത്തു പരസ്പരം വിളിച്ചു പോന്നു. രണ്ടും രണ്ട് വ്യത്യസ്ഥ രാഷ്ട്രീയകക്ഷികളുടെ ലോക്കൽ അണികളാണെന്ന് ടൈഗർ ടോമിയോടു പറഞ്ഞു. തിരഞ്ഞെടുപ്പു സമയത്ത് പോസ്റ്റർ ഒട്ടിക്കാനും ജാഥക്കും ഒക്കെ പോകുന്നതവൻ കണ്ടിട്ടുണ്ടത്രേ..... കുറേകാലമായി മനുഷ്യരോടടുത്തു ജീവിക്കുന്നതുകൊണ്ട് അവരുടെ സംസാരത്തിൻ്റെ അർത്ഥം ടൈഗറിനും ടോമിക്കും മനസിലായി.
'ഛെ..., കേട്ടാലറക്കുന്ന വാക്കുകൾ'-അവർ പരസ്പരം പറഞ്ഞു.
'ഇവിടുന്ന് നോക്കുമ്പോ കാണുന്ന ആ വളവില്ലെ...? അവിടുന്നുള്ളിലേക്ക് മൂന്നാമത്തെ വീടാണ് അതിലൊരാളുടെ, അവിടുന്നിത്തിരി കൂടി നടന്നാലടുത്തവൻ്റെ വീടും...'
-ജൂലിയുടെ പുറകെയുള്ള നടത്തം തുടങ്ങിയതിൽ പിന്നെ ടൈഗറിനാനാട്ടിലെ വഴികളെല്ലാം മന:പാഠമാണ്. കുറേ നാൾ പുറകെ നടക്കേണ്ടിവന്നു അവളുടെ മനസ്സലിയാൻ. കമ്പിയും പാരയും ഗർഭാശയം വരെ പിളർക്കുന്ന വൈകൃത്യങ്ങൾക്കൊന്നും അതുവരേക്കും അവരാരും സാക്ഷിയായിരുന്നില്ല. അതു നന്നായി....അവരുടെ വഴികാട്ടികൾ മനുഷ്യരാണല്ലോ?
ഇപ്പോൾ ദിവസവും രാത്രി ആരുംകാണാതെ ടൈഗർ ആ വളവു തിരിഞ്ഞു പോകാറുണ്ട്. ആദ്യത്തെ മൂന്നു വീടു കഴിഞ്ഞാലുള്ള കുറ്റിക്കാട്ടിൽ ഒരു ചെറിയ ചവറു കൂനയുണ്ട്. അതിനു പിന്നിൽ അവൾ കാത്തിരിപ്പുണ്ടാവും-ജൂലി.
അന്നു രാത്രിയും അവനാ വളവു തിരിഞ്ഞു. മൂന്നു വീടുകളും പിന്നിട്ട് കുറ്റികാട്ടിലേക്കു കേറുന്ന വഴിയിൽ കുറച്ച് മനുഷ്യർ... അവർ ആരോടൊ കയർത്തു സംസാരിക്കുന്നു.
ആരാണവരെന്നു മനസ്സിലാവാൻ അവൻ മണം പിടിച്ച് നോക്കി.... കരളുവാട്ടുന്ന ഭ്രാന്തൻ ദ്രവത്തിൻ്റെ ചീഞ്ഞ മണം.
പകലുകണ്ട ആ രണ്ടു മുഖങ്ങളും ആ കൂട്ടത്തിലുണ്ടെന്ന് എല്ലാരുടേയും കാലിനു പിന്നിലൂടെ ചുറ്റിത്തിരിഞ്ഞപ്പോളവനു മനസ്സിലായി.പണ്ടാര പറമ്പിൽ നടന്ന കശപിശയുടെ ബാക്കി... അതിലൊരുവൻ കൂട്ടുകാരേം കൂട്ടിവന്നതാണ് ചോദിക്കാൻ.
പെട്ടന്നതു സംഭവിച്ചു സംസാരിച്ചു നിന്നവരിലൊരാൾ മറ്റേ ആളുടെ നെഞ്ചിലേക്കോരു കഠാര കുത്തിയിറക്കി. രണ്ടുപേർ ചേർന്ന് അയാളുടെ വായ പോത്തിപ്പിടിച്ചു. കുത്തുകൊണ്ടയാൾ നിലത്തു വീണു പിടച്ചു. കൂടെയുള്ള മറ്റൊരാളാ നെഞ്ചിലെ കഠാര വലിച്ചൂരി....
'കുത്തടാ അവനെ...'- ഒരുത്തൻ രോക്ഷംകൊണ്ടു.
ഊരിയെടുത്തവൻ വീണ്ടും വീണ്ടും കഠാര ആഞ്ഞു കുത്തി. പലകുറി കുത്തേറ്റതിനിടയിൽ ചില മാംസ ഭാഗങ്ങളും ചോരയും അവിടെ ചിന്നി ചിതറി.
'മതി. പോവാം..അവനിനി എണീക്കില്ല'- മറ്റൊരുത്തൻ്റെ പതിഞ്ഞ ശബ്ദം.
എല്ലാരും അവിടം വിട്ടു പോയപ്പോൾ ടൈഗർ അടുത്തു ചെന്നു മണം പിടിച്ചു നോക്കി. അതേ... അയാൾ തന്നെ.
വളവുതിരിഞ്ഞു വരുമ്പോൾ മൂന്നാമത് കാണുന്ന വീട്ടിലെ രാഷ്ട്രീയ പ്രവർത്തകൻ.
അവൻ കുരച്ചു ഉറക്കെ... കാത്തിരുന്നു മടുത്ത ജൂലി അവിടേക്കോടിയെത്തി.
'ചുടു ചോരയുടെ മണം..'- അവൾ ടൈഗറിനെ നോക്കി. നിലത്തു കിടക്കുന്നയാളപ്പോഴും മൂളുന്നുണ്ടായിരുന്നു. അവരു നോക്കിനിൽക്കെ അയാൾ മൃത്യുവരിച്ചു.
കല്ലെറിഞ്ഞ ചിലരെ ഓടിച്ചിട്ട് ഒാരോ ചെറിയ കടി കൊടുത്തു വിടുന്നതിനിടയിൽ മനുഷ്യ രക്തം അവരുടെ വായിൽ പറ്റാറുണ്ടെങ്കിലും ഏറെ രുചിയുള്ള അതിനുവേണ്ടി അതുവരെ അവർക്ക് കൊതിയൊന്നും തോന്നിയിരുന്നില്ല. ജൂലി പതിയെ ആ ചോര മണപ്പിച്ചു. അതവളെ മത്തു പിടുപ്പിച്ചു. ചിതറി കിടക്കുന്ന ഒരു മാംസ കഷ്ണം അവളുടെ കണ്ണിൽ പെട്ടു.
'ജൂലി വേണ്ടാ...'- ടൈഗർ വിലക്കി.
'സകല ജീവികളേയും മനുഷ്യർ കൊന്നു തിന്നാറുണ്ട്.. അവരുടെ എച്ചിൽ മാത്രം കഴിച്ച് നമ്മളെത്ര നാളിങ്ങനെ... ?നിനക്കറിയില്ലേ... ടൈഗർ മനുഷ്യർ അവരാണു നമ്മുടെ വഴികാട്ടികൾ...!'
ജൂലി ആ മാംസം രുചിയോടെ കഴിച്ചു. ചിതറിക്കിടന്ന മറ്റൊരു കഷ്ണം ടൈഗറും.
രുചിയുണ്ടെങ്കിലും ഇന്നത്തേക്കിതു മതി അവർ തിരിച്ചു നടന്നു..
കുറ്റികാടിറങ്ങി മുന്നോട്ടു നീങ്ങിയപ്പോൾ ടൈഗർ ആ വീട്ടിലേക്കു നോക്കി.മൂന്നാമത്തെ വീട്ടിലെ വെളിച്ചമപ്പോഴും അണഞ്ഞിരുന്നില്ല.
പിറ്റേന്ന് ടൈഗറും ജൂലിയും തലേന്നത്തെ രുചിതേടി അതേസ്ഥലത്തേക്കു വച്ചു പിടിച്ചു. മൂന്നാമത്തെ വീട്ടിൽ ആൾകൂട്ടമുണ്ടായിരുന്നു. കുറ്റികാടിനിടയിലെ മാംസ പിണ്ഠം ആരോ മാറ്റിയിരിക്കുന്നു. നിരാശയോടെ തിരിച്ചു വരും വഴി അവർ ടോമിയെ കണ്ടു. തലേ ദിവസത്തെ രുചിവിശേഷം അവനോടവർ പങ്കുവച്ചു. മൂന്നുപേരും വായിൽ വെള്ളവും നിറച്ചു റോഡിലൂടെ നടന്നു. ദൂരേ നിന്നു വടിയും കുത്തിപ്പിടിച്ചോരു വൃദ്ധ അവർക്കെതിരെ നടന്നു വരുന്നുണ്ടായിരുന്നു. മൂന്നു തെരുവു നായ്ക്കളെ കണ്ട് പേടിച്ചാവാം അടുത്തെത്തിയപ്പോൾ വൃദ്ധ അവർക്കു നേരെ കൈയ്യിലിരുന്ന ഊന്നുവടി വീശി. അത് ടൈഗറിൻ്റെ കാലിൽ തട്ടി..ടൈഗർ കുരച്ചുകൊണ്ട് മുന്നോട്ട് ചാടി.
'വേണ്ടാ...പോയ്കോട്ടെ'- ടോമി മുരണ്ടു.
'വേദനിപ്പിക്കുന്നവരെ കൊല്ലാം ടോമി..
മനുഷ്യർ കാണിച്ചു തന്ന വഴിയാണ്...അറിയില്ലേ...അവരാണ് നമ്മുടെ വഴികാട്ടികൾ! ഇന്നലെ....എന്തു രുചിയായിരുന്നെന്നോ..?'- ജൂലി ടോമിയെ ഓർമ്മിപ്പിച്ചു.
"ശത്രുക്കളെയെല്ലാം മനുഷ്യർ കൊല്ലുന്നുണ്ട്... അല്ലെങ്കിൽ തന്നെ വിധേയത്ത്വം കാണിക്കാൻ മനുഷ്യർ വളർത്തുന്ന മുന്തിയതരം ഇനമൊന്നുമല്ലായിരുന്നു അവർ. ഇക്കാലമത്രയും കണ്ടുപഠിച്ചതവരെയാണെന്നു മാത്രം...."
നാവിലും മനസ്സിലും മനുഷ്യമാംസത്തിൻ്റെ രുചി ഇരച്ചുകേറിയ ആ നിമിഷം അവരാ വൃദ്ധക്കു മേൽ ചാടി വീണു.

അമൃത അരുൺ

ഒളിച്ചോട്ടം


കോഴിക്കോട് കൊല്ലം സൂപ്പർ ഫാസ്റ്റ് റോഡിനിരുവശത്തെ മരങ്ങളേയും കെട്ടിടങ്ങളേയും പിന്നോട്ടു തള്ളിമാറ്റിക്കൊണ്ട് സ്റ്റേറ്റ് ബസ്സിൻ്റെ സ്വതസിദ്ധമായ ഇരമ്പലോടുകൂടി ഇരുട്ടിനെ കീറിമുറിച്ചു ലക്ഷ്യത്തിലേക്ക് പായുകയാണ്... ഫൂട്ട്ബോർഡിനടുത്തുള്ള സീറ്റിൽ പ്രണവിൻ്റെ തോളിൽ തലവെച്ച് മീര കണ്ണടച്ചു കിടന്നു....അതൊരു ഒളിച്ചോട്ടമായിരുന്നു.
'മീര നിനക്കു വിഷമമില്ലേ....?'
-ശാന്തമായികിടക്കുന്ന മീരയെ കണ്ട് പ്രണവിന് അതിശയം തോന്നി.
'ഈ യാത്രക്കെന്നെ സംബന്ധിച്ചിടത്തോളം പുതുമയില്ല പ്രണവ്....'
മീര, അവൾ ഒരു കടലായിരിക്കുന്നു...; പുറമെ കോലാഹലങ്ങൾ തീർത്ത് ആർത്തലക്കുമ്പോഴും ആഴങ്ങളിൽ ഒരു സമാധിയുടെ ശാന്തതയുള്ള കടൽ.. സദാ ഇരമ്പുന്ന പെണ്ണകത്തെ അത്രയും ശാന്തമാക്കാൻ പ്രണയത്തിനല്ലാതെ മറ്റെന്തിനു കഴിയും? നൊമ്പരങ്ങളോന്നിനേയും നെഞ്ചകത്തേക്കു കടത്തിവിടാതെ പ്രണയമവിടെ കാവൽനിൽപ്പുണ്ട്.... അതേ നിനക്കു ഞാനുണ്ട് എന്ന ഉറപ്പിൻമേലുള്ള ശാന്തത.
ഇതവളുടെ ജീവിതത്തിലെ ആദ്യത്തെ ഒളിച്ചോട്ടമായിരുന്നില്ല;
ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി മുന്നോട്ടൊരു വഴിവെട്ടാൻ നഗരത്തിലെ ചില കോളേജുകളിൽ നിന്നും ഡിഗ്രിക്ക് ആപ്ലിക്കേഷനും വാങ്ങി പൂരിപ്പിച്ചിരിക്കുന്ന കാലം. മീര അടുത്തുള്ള ഒരു കോളേജിലേക്ക് കൂട്ടുകാരോടൊപ്പം ആപ്ലിക്കേഷൻ വാങ്ങാൻ പോവാൻ അകത്ത് ഒരുക്കത്തിലാണ്.
അവൾ കണ്ണെഴുതാൻ കൺമഷി കൈയ്യിലെടുത്തു.
'കരഞ്ഞപോലുണ്ടല്ലൊ കണ്ണ്....എന്തുപറ്റി? കണ്ണെഴുതീലെങ്കിൽ പലരും ചോദിക്കും.
ആ ചോദ്യമൊഴിവാക്കാനാണ് അവൾ കണ്ണെഴുതി തുടങ്ങിയത്.
'ദേവഗിരീലെ ആപ്ലിക്കേഷനിങ്ങുതാ ഞാനതുവഴി പോണുണ്ട്.'-ഉമ്മറത്തുന്ന് അച്ഛന്റെ ശബ്ദം.
മീരയുടെ അച്ഛൻ രാമകൃഷ്ണൻ ഓഫീസിലേക്കു പോകാനിറങ്ങുന്നനേരമാണ്.....ദേഷ്യക്കാരനായ അച്ഛനെ മക്കൾക്കെല്ലാം ഭയങ്കര പേടിയാണ്. മീര കൺമഷി അവിടെ വച്ച് ആപ്ലിക്കേഷനും എടുത്ത് ഉമ്മറത്തേക്കോടി. ആപ്ലിക്കേഷൻ തുറന്നു നോക്കിയ രാമകൃഷ്ണനു കോഴ്സ് ഓപ്ഷൻസ് പൂരിപ്പിക്കാൻ ബാക്കിവച്ചത് കണ്ട് ദേഷ്യം വന്നു.
'അത് എങ്ങനെവേണം എന്നാരോടേലും ചോദിച്ചു ചെയ്യാമെന്ന് ഓർത്താണ്. നാളെ....'
-മീര പറഞ്ഞു തീരും മുൻപേ...അച്ഛൻ്റെ കൈ പ്രവർത്തിച്ചു... അവളുടെ വലതു ചെവി ഒന്നു മൂളിപ്പിടഞ്ഞു. ആപ്ലിക്കേഷൻ ചുരുണ്ടുകൂടി നിലത്തു കിടന്നു.... ഉലഞ്ഞുപോയ അവളുടെ തല ജനലിനിടിച്ച് തരിച്ചുപോയി... പലപ്പോഴായി നടക്കുന്നതായതുകൊണ്ട് വീട്ടിലെ മറ്റംഗങ്ങളുടെ കാര്യമായ ഇടപെടലുകളീകാര്യത്തിൽ ഉണ്ടാവാറില്ല.
മരിക്കണമെന്നു പോലും തോന്നിയ ആ ദിവസം അതിൽനിന്നും രക്ഷപ്പെടാൻ അവൾ കരഞ്ഞുകലങ്ങിയ കണ്ണുമായി കൂട്ടുകാരുടെ കൂടെ ആപ്ലിക്കേഷൻ വാങ്ങാനിറങ്ങി....
'കണ്ണെഴുതാത്തോണ്ട് കരഞ്ഞതുപോലെ തോന്നണതാവും' എന്ന് പലരോടും പറയേണ്ടി വന്നപ്പോൾ മീര ഉള്ളിൽ കരയുക തന്നെയായിരുന്നു. തിരിച്ചു വന്നപ്പോൾ മുതൽ എങ്ങനെ അച്ഛൻ്റെ സ്നേഹം നേടാമെന്നായിരുന്നു അവളുടെ ചിന്ത.
കൊയമ്പത്തൂരുള്ള ഒരു കോളേജിലേക്കയച്ച ആപ്ലിക്കേഷൻ്റെ കാൾ ലെറ്ററുമായാണ് അന്ന് അച്ഛൻ ഓഫീസിൽ നിന്നും വന്നത്. മാറി നിന്നിടക്കിടക്ക് വന്നു പോകുമ്പോൾ സ്നേഹം കൂടുതൽ കിട്ടുമെന്ന് മീരക്ക് ഒരു തോന്നൽ....ശരിയാണെന്ന് കൂട്ടുകാരും പറഞ്ഞു. അങ്ങനെ കൂട്ടിവച്ചുകിട്ടുന്ന സ്നേഹവും സ്വപ്നംകണ്ട് അവൾ വീട്ടിൽ നിന്നു യാത്രയായി... അദ്യത്തെ ഒളിച്ചോട്ടം അതായിരുന്നു....ജീവിതത്തിൽ നിന്നും സ്വപനത്തിലേക്ക്! പക്ഷെ അതിനെ ആരും എതിർത്തില്ല.
നീണ്ട ഹോസ്റ്റൽ ജീവിതത്തിനിടയിൽ വീടൊരു നഷ്ടമായി അവൾക്കു തോന്നിയതേ ഇല്ല. ഹോസ്റ്റൽ വിട്ടിറങ്ങുമ്പോൾ അവൾകരഞ്ഞു. വീട്ടിലെത്തി ഇനിയെന്തെന്നു ചിന്തിച്ചപ്പോഴൊക്കെ മറ്റൊരിടമെന്നു മനസ്സു പറഞ്ഞുകൊണ്ടിരുന്നു. അധികം താമസിയാതെ ക്യാമ്പസ് സെലക്ഷൻ വഴികിട്ടിയ ജോലിയുടെ പേരിൽ അവൾ വീണ്ടും മറ്റോരു നഗരത്തിലേക്കിറങ്ങിത്തിരിച്ചു.... രണ്ടാമത്തെ ഒളിച്ചോട്ടം........മനസ്സു പറഞ്ഞവഴിയേ.... നേടിയതെന്തോ നിലനിർത്താൻ.......!
ഈ പലായനങ്ങൾക്കിടയിൽ പിറവികൊണ്ട പ്രണയ ലോകത്തെവിടെയോ തികച്ചും ശാന്തമായ ഒരിടത്തു വച്ച്.... കരിമഷിയെഴുതിയ തൻ്റെ കണ്ണ് അവൾക്ക് തിരികെ കിട്ടി.. പിന്നീടങ്ങോട്ടുള്ള ഓരോ വഴിയിലും തിരികേ അവിടേക്കെത്താൻ അവൾ കൊതിച്ചു....അങ്ങനെ അവസാനത്തെ ഒളിച്ചോട്ടത്തിന് അവൾ തയ്യാറായി...സ്വപ്നത്തിൽ നിന്നും ജീവിതത്തിലേക്ക്! പക്ഷെ ലക്ഷ്യം ജീവിതമായിരുന്നിട്ടും ഇത്തവണ എല്ലാവരും എതിർത്തു.
തൻ്റെ തോളിലൊരു നനവു തോന്നിയപ്പോൾ പ്രണവ് മീരയെ ചേർത്തു പിടിച്ചു....
'എല്ലാം ഒളിച്ചോട്ടങ്ങളായിരുന്നു.... എവിടെ നിന്ന് എവിടേക്കെന്നു ചോദിച്ചാൽ.... എനിക്കുത്തരമില്ല പ്രണവ്....പക്ഷെ എൻ്റെ ഓർമ്മകളിൽ എവിടെയൊ ഒരു 7 വയസ്സുള്ള പെൺകുട്ടിയുണ്ട്....വളരെ ബഹളമുള്ള ഒരു കല്യാണവീട്ടിൽ കൂട്ടുകാർക്കൊപ്പം ഓടി കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ... ഇടനാഴിയുടെ മൂലക്കുള്ള പഴയ ഒരു മുറിയിൽ അടച്ചിടപ്പെട്ട് വിങ്ങി വിങ്ങി കരയുന്ന ഒരു പെൺകുട്ടി..... ആ പെൺകുട്ടി ഒരുപാടു തവണ പിന്നെയും ശബ്ദമില്ലാതെ വിങ്ങി കരഞ്ഞിട്ടുണ്ട്... അവളെ അന്നു ആ മുറിയിൽ പൂട്ടിയില്ലായിരുന്നെങ്കിൽ ഇടക്കെങ്കിലും ചേർത്തൊന്നു പിടിച്ചിരുന്നെങ്കിൽ ഒരു പക്ഷെ മറ്റൊരു ലോകമവൾ തേടില്ലായിരുന്നു...പ്രണവ്... എന്നിട്ടും മനസ്സ് തിരികെ പായുകയാണ്...'- മീരയുടെ കണ്ണുനിറഞ്ഞു....
'അറിയാം മീരാ....പക്ഷെ എന്നെവിട്ട് മറ്റെവിടെയെങ്കിലും നിനക്കു നീയായിട്ടിരിക്കാൻ....കഴിയുമെങ്കിൽ നിനക്കെന്നിൽ നിന്നും തിരിച്ചു നടക്കാം...'
മീര മറുപടി പറഞ്ഞില്ല....അവൻ്റെ കൈയ്യിൽ അവൾ മുറുകേ പിടിച്ചു.
പ്രണവ് വീണ്ടും പറഞ്ഞു-'മീരാ...നിൻ്റെ കണ്ണുകൾ നിറയുമ്പോഴും...ആത്മാവ് ശാന്തമാണ്.... നിന്നിൽ കൊരുത്ത് മുറിവേറ്റിട്ടും എൻ്റെ ആത്മാവും ആനന്ദമനുഭവിക്കുന്നു.....മീരാ.... നീയൊരു കടലാണ് ...നിന്നിൽ നിന്നും വേർപെട്ട് ഏതുവഴി ഞാൻ ഒഴുകിയാലും....ഒടുവിൽ ഞാൻ നിന്നിലേക്കെത്തപ്പെടും.....'
'അതേ..പ്രണവ്....ഞാനും കാണുന്നു പരസ്പരം കൊരുത്ത രണ്ടാത്മാക്കളെ.... നിനക്കറിയാമോ...പ്രണവ്...ആത്മാക്കൾക്ക് ഒളിച്ചോട്ടം വശമില്ലത്രേ...'
by: 
അമൃത അരുൺ സാകേതം

ഭോഗമാണെങ്ങുമീയൂഴിയിൽ



ഭോഗമാണെങ്ങുമീയൂഴിയിൽ നോക്കു നീ
മണ്ണും മനുജനും മാത്രമാവും.
അങ്ങിങ്ങു വറ്റിയ ആറുണ്ട് നീർച്ചാലുപോൽ-
സ്വാർത്ഥമാം ഭോഗത്തിൻ ബാക്കിപത്രം.
സൂര്യൻ്റെ ചുടു രശ്മി തേടിവരുന്നുണ്ട്..
വാതായനങ്ങളും അടച്ചുകൊൾക...
ആയുസ്സുകാക്കുവാൻ, അധിപരായീടുവാൻ ,
കുടിനീരിനായ് ഇനിയൊരു യുദ്ധമുണ്ടാം..
ചൊല്ലി കേട്ടൊരു വചനമാണെങ്കിലും
പുഛിച്ചുതള്ളാതെയോർത്തുകൊൾക....
ഏറിയാലിനിയൊരു അഞ്ചഞ്ച് കൊല്ലമീ
സുന്ദര ഭൂമിയിൽ സുഖിച്ചുവാഴാം
പിന്നെയും ഈരഞ്ചു വർഷം കഴിച്ചിടാം
നീറുമീ ധാത്രിയിൽ വെന്തുരുകീ....
പിന്നെയും താണ്ടിയാൽ ജഡമായിടും വരെ
കൺമിഴിയാതീമണ്ണിൽ തളർന്നുറങ്ങാം

By: 
അമൃത അരുൺ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo