Slider

ചിതലുകൾ

0


ഭൂമിയുടെ നനുത്ത ഗർഭപാത്രത്തിൽ നിന്ന് വിത്തുകൾ മുളച്ചുപൊങ്ങും പോലെ മുറ്റത്തെ മണ്ണിൽ നിന്നും ഈയലുകൾ ചിറകുവച്ച് പൊങ്ങുന്നതും നോക്കി പൊന്നി
ഇരുന്നു അച്ഛമ്മ പറഞ്ഞുതന്നിട്ടുണ്ട് ചിതലുകൾക്ക് ചിറകുമുളച്ചാണ് ഈയാംപാറ്റകൾ
ഉണ്ടാവുന്നതെന്ന്.
"മണ്ണിനടിയിലെ ഇരുട്ടിൽ മണ്ണിനുകൂട്ടായ്
ജീവിച്ചുമടുത്തവർ, മണ്ണിൽ നിന്നും വേർപെടാൻ പുതിയ താമസസ്ഥലം അന്വേഷിച്ചു നടന്നവർ, എവിടെ അഭയം തേടിയാലും തങ്ങളിൽ നിന്നുതന്നെ പിറവിയെടുക്കുന്ന മണ്ണ്.. മണ്ണ് മാത്രം. സ്വാതന്ത്രം കൊതിക്കുന്ന മനസ്സുമായി ചിറകുമുളക്കുന്നതുംകാത്ത്, അക്ഷമരായി തങ്ങളെ
പോറ്റുന്നവരെയെല്ലാം മണ്ണാക്കിമാറ്റിയവർ- ചിതലുകള്."
ഒടുവിൽ തങ്ങളെ തേടിവന്ന സൌഭാഗ്യത്തിന്റെ ചിറകിലേറി ചുററുമുള്ള ലോകത്തിലെ കപടമായ
വെളിച്ചത്തെ പ്രണയിച്ച് പ്രകാശത്തോടുളള അടങ്ങാത്ത അഭിനിവേശത്തോടെ തീയിലേക്ക് പറന്നടുത്തപ്പോൾ മൃതദേഹത്തിന്റെ കൂട്ടുകാർക്ക് മരണത്തിനു
കീഴടങ്ങേണ്ടിവന്നു. അതിമോഹത്തിനു കിട്ടിയ ശിക്ഷ - 'മരണം.'
മരണം , ആ വാക്ക് അവളില് തന്നെ കുടുങ്ങിക്കിടന്നു.
അവളോർത്തു-' ഇന്നു തന്റെ പിറന്നാളായിരുന്നു. പതിനാലു വർഷങ്ങൾക്കു മുന്പു ഇതേദിവസമാണ് ജന്മം തന്ന ജീവനെ മണ്ണിലേക്കു പറഞ്ഞുവിട്ടു താൻ
പിറവിയെടുത്തത്. ആഘോഷിക്കപ്പെടുക തന്റെ പിറന്നാളൊ? അമ്മയുടെ ശ്രാദ്ധമൊ?
എന്ന് സംശയം തോന്നിയതുകൊണ്ടാവണം ഇതുവരെ ആരും അതാഘോഷിച്ചിട്ടില്ല. ആ പേരിലിതുവരെ ഒരബലത്തിൽ പൊയതായി പോലും ഓർക്കുന്നില്ല.
'താനിപ്പോഴും അമ്മയുടെ ഉളളിലാണെന്നവൾക്ക് തോന്നി'
'എടി പൊന്ന്യേ...'- ഇളയമ്മയുടെ വിളി കാതുകളിൽ തുളച്ചു കയറിയപ്പോഴാണ് അവൾ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നുംപുറത്തുവന്നത്.
'നേരം സന്ധ്യയായി, വയസറിയിച്ച പെണ്ണാണ്, മുറ്റത്ത് പാറ്റേനേം നോക്കി ഇരിക്കുന്നു..ണീറ്റ് അച്ഛമ്മടെ അടുത്തേക്ക് ചെല്ലെടി, ഞാനിത്തിരി
വിറകൊടിച്ചു വക്കട്ടെ.' -ഇളയമ്മ മുരണ്ടു.
'വയസ്സറിയിച്ച പെണ്ണ്', പെണ്ണിനെ അനുസരിപ്പിക്കേണ്ടവർക്കും, വിലക്കുകൾ ഏർ
പ്പെടുത്തേണ്ടവർക്കും മാന്തിരസിക്കാനുളള ഒരിക്കലും ഉണങ്ങാത്ത മുറിവ്.
ഇന്നേക്ക് ഏഴു ദിവസം മുന്പാണു അത് സംഭവിച്ചത്. അവളും കൂട്ടുകാരും ജാനമ്മേടെ തെങ്ങുംതോട്ടത്തിൽ കബടി കളിച്ചുകൊണ്ടിരിക്കുബോൾ, എതിർ കളത്തിലേക്ക് കബടി, കബടി എന്നു പറഞ്ഞു ചെന്നതായിരുന്നു അവള്. പെട്ടന്നു അടിവയറ്റിനൊരു പിടുത്തം. കൈകൊണ്ടു വയറൊന്ന് അമർത്തി പിടിച്ച് കാലു നീക്കിയതും എതിരാളികൾ അവളെ പിടിച്ചു നിലത്തിട്ടു .
ഇറുക്കിപ്പിടിച്ചുകൊണ്ട് അവര് ചോദിച്ചു--'ചത്തോ?, ചത്തോ?,..ചത്തോ?..'
അവളറിഞ്ഞു- ഇത് അതുതന്നെ കഴിഞ്ഞമാസം ചിന്നുവിനു സംഭവിച്ചത്. അത് പടർന്ന് കണങ്കാല് വരെ എത്തിയത് അതിനിടയിൽ അവൾ കണ്ടു.
'തന്റെ സ്ത്രീത്ത്വത്തിൽ കാലം സിന്ധൂരം ചാർത്തിയിരിക്കുന്നു.'
അവൾ പറഞ്ഞു-'ചത്തു.'
'നീയിതു വരെ കേറിപോയില്ലേ..? നന്ദി ഇല്ലാത്ത വർഗ്ഗം.'- ഇളയമ്മ പ്രാകി.
'സ്വന്തം അച്ഛമ്മയാണ് ഇന്നോ നാളെയൊ ന്നും പറഞ്ഞു കിടക്കുന്നത്. എന്നിട്ടുണ്ടിങ്ങനെ...ഇക്കണക്കിന് ഞാനൊക്കെ ഒന്നു കിടന്നുപോയാൽ....?'-
ഇളയമ്മ മുഴുമിപ്പിച്ചില്ല.
അവൾ അകത്തേക്കു നടന്നു. ഓർമ വച്ച നാൾ മുതൽ അവൾക്കെല്ലാം അച്ഛമ്മയായിരുന്നു.
അച്ഛനും ,ഇളയമ്മയും അനിയനും അവരുടെ കൊച്ചു കുടുംബത്തിന്റെ സന്തോഷങ്ങൾ പങ്കുവക്കുബോൾ അതിലൊന്നും പെടാത്ത അവളെ മടിയില് കിടത്തി
കഥപറഞ്ഞു കൊടുത്തത് അച്ഛമ്മ ആയിരുന്നു. അച്ഛന്റെ തല്ലിൽ നിന്നും ഇളയമ്മയുടെ ശകാരത്തിൽ നിന്നും അവളെ രക്ഷിച്ചതും, പനിപിടിച്ചു വിറച്ച രാത്രികളിൽ കഞ്ഞികോരിക്കൊടുത്ത് പുതപ്പിനുളളിൽ അവളെ ചേർത്ത് പിടിച്ചുറങ്ങിയതും, വയസ്സറിയിച്ചപ്പോൾ കുളിപ്പിച്ചതും എല്ലാം അച്ഛമ്മ തന്നെ.
വലിയ പെണ്ണായതിന്റെ നാലാം ദിവസം അവളെ കുളിമുറിയിൽ കേറ്റിനിർത്തി ദേഹത്തെല്ലാം എണ്ണ തേച്ചുകൊടുത്ത് താഴെ പറബിൽ മഞ്ഞളെടുക്കാൻ
പോയതായിരുന്നു അച്ഛമ്മ. അവിടെ കാലിടറി വീണതാവും എന്ന് പറബിൽ കിളച്ചുകൊണ്ടിരുന്ന കുഞ്ഞുമോൻ പറഞ്ഞു. അയാൾ തന്നെയാണു എടുത്തുകൊണ്ടു
വന്ന് കട്ടിലില് കിടത്തിയതും. ഒരുതരത്തില് കുളിച്ചെന്നു വരുത്തി അവളോടിവന്നപ്പോൾ കണ്ടത് അവശയായി കട്ടലിൽ കിടക്കുന്ന അച്ഛമ്മയെയാണ്. ഒരുവശത്തെ
കാലും കൈയ്യും തളർന്നിരിക്കുന്നു.
ഉളളു നിറഞ്ഞ സങ്കടത്തോടെ അവൾ പറഞ്ഞു-'സാരല്ല്യ അച്ഛമ്മേ..,അച്ഛമ്മക്കു വേഗം സുഖാവും.'
അച്ഛമ്മ മറുപടി പറഞ്ഞില്ല.
സംസാരശേഷിയും ഇല്ലാതായിരിക്കുന്നു. അച്ഛമ്മയുടെ കണ്ണുകൾ പതിവിലും വെളുത്തതായ് അവൾക്ക് തോന്നി. അവൾ ഭയന്നു-"തന്റെ ലോകം നിശബ്ദമായിരിക്കുന്നു."
അച്ഛമ്മക്കിനി ഏറെ നാളില്ല എന്നാണ് എല്ലാരും പറയുന്നത്. അക്കരക്കുന്നിലെ ഗോമതിയമ്മ ഇതുപോലെ കിടന്നതിന്റെ പതിനൊന്നാം നാൾ മരണമടഞ്ഞതാണ് ഉദാഹരണം.
'ആശുപത്രിയിലൊന്നും കൊണ്ടുപോകേണ്ട കാര്യമില്ല, വയസ്സാകുബോൾ ഈ വീഴ്ച്ച ഒക്കെ പതിവാണ്. കാലന് കുറ്റമില്ലാതിരിക്കാനുള്ള ഓരോരോ കാരണങ്ങൾ.'
ഇതാണ് ഇളയമ്മയുടെ പ്രമാണം. അച്ഛനും അത് ശരിവച്ചു.
അടുക്കളയിൽ നിന്നും ഇടനാഴി വഴി അവൾ അച്ഛമ്മയുടെ മുറിയിലേക്ക് നടന്നു. അച്ഛമ്മ നല്ല ഉറക്കമാണ്. അവൾ വിളിക്കാൻ മടിച്ചു. സന്ധ്യക്കുറങ്ങരുതെന്ന് അച്ഛമ്മ പറയുമായിരുന്നു. അവൾ തോളിൽ തട്ടി വിളിച്ചു.
-'അച്ഛമ്മെ..,അച്ഛമ്മേ..'
അച്ഛമ്മ ഉണർന്നില്ല.
'എന്താടീ, നിന്റെ മുഖം കടന്നലുകുത്തിയപോലെ?'-
ഇളയമ്മ അങ്ങോട്ടു വന്നു.
അവൾ തിരികെ ഇടനാഴിയിലേക്കു നടക്കുബോൾ അച്ഛമ്മയുടെ മുറിയിൽ നിന്നും ഇളയമ്മയുടെ നിലവിളി കേട്ടു.
അവൾ കരഞ്ഞില്ല,-"ചിതലുകൾക്ക് കണ്ണുനീരില്ല, എരിഞ്ഞൊടുങ്ങും വരെ
കാത്തിരിപ്പു മാത്രം. ചിറകു മുളക്കുന്നതും കാത്ത് പോറ്റുന്നവരെയെല്ലാം
മണ്ണാക്കി മാറ്റിയവർ- ചിതലുകൾ"
ഉമ്മറത്ത് നിലവിളക്ക് പൊരിഞ്ഞു കത്തുന്നു. കൂടെ ഈയലുകൾ കരിയുന്ന മണം.
മനുഷ്യന്റെ ആവിപാറുന്ന വേവിന്റെ ഗന്ധം. ഭൂമിയുടെ രോമകൂപങ്ങളിൽ നിന്നും
അപ്പോഴും ഈയലുകൾ മുളച്ചു പൊങ്ങുന്നുണ്ടായിരുന്നു.

By: 
അമൃത അരുൺ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo