ഊർജ്ജസ്വലതയുടെ വസന്തത്തിൽ
അസ്മിതത്തോടെ നടന്നീടവേ
നി സ്സ ഹ ത യു ടെ ചുഴിക്കുത്തിലേക്ക്
തനുവൊരു പ്രഹരമേറ്റ് പിടഞ്ഞു-
തളർന്ന് കട്ടിലിലേക്കാഴ്ത്തപ്പെടവേ
ചെറുചലന ബാക്കിയായ തനുവിനുള്ളിൽ
പിടഞ്ഞു നീറുന്ന മനസ്സിൻ്റെ
വാചാലതയിലേക്ക് യാത്ര പോയിട്ടുണ്ടോ...?
കണ്ണിണകളുടെ ചെറുചലനത്തിലൂടെ
ഉറവ പൊട്ടിയൊഴുകും നീർ തിളക്കത്തിലൂടെ
കട്ടിലിലേക്കാഴ്ത്തപ്പെട്ട ആത്മാവിൻ്റെ
വാചാലത നമ്മിലേക്കൊഴുകിയെത്തും
ചിലപ്പോഴൊക്കെ ഹൃദ്യമായ സ്മരണകളായ്
എന്തിനെന്നറിയാതെ ഉരുവം കൊണ്ട
വീറും വാശിയുമേറ്റിയ കുറ്റബോധ മായ്
സഹതാപകണ്ണെറിയുന്ന നമ്മളോട് -
ഒന്നു തീർത്തു തരുവീ ജീവിതമെന്ന മൂക -
വിലാപത്തിൻ കടലലകളായ്
സാന്ത്വന തലോടൽ നാമേൽപ്പിക്കേ
ജീവിത വസന്തങ്ങളിലേക്ക് കുതറിപ്പിടഞ്ഞ് -
അണയാൻ വെമ്പുന്ന ചെറു വിറയനക്കങ്ങളായ്
നമ്മെ നോവിൻ ചുഴിയിലേക്കാഴ്ത്തും
നിസ്സഹമാം മനസ്സിൻ മൗന വാചാലത ..
ജീവിത കൂത്തമ്പലത്തിൽ നടന-
വൈഭവതികവേറും മുഖം മൂടികൾ പേറി
അതിധ്രുതം ഗമിക്കുമെന്നിലെ
ജേതാവിൻ ആത്മഹർഷപുളകങ്ങളിൽ
ഓർമ്മപ്പെടുത്തലിൻ വീചികളായ്
നിറഞ്ഞു കവിയുന്നു.. കട്ടിലിലേ-
ക്കാഴ്ത്തപ്പെട്ട മൗനത്തിൻ വാചാലത ...!
by:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക