Slider

എന്റെ പത്തു വർഷക്കാലം.... ഫസീലയുടെയും. (കഥ -അവസാന ഭാഗം)

0

ഫസീല ഓർക്കുകയായിരുന്നു. എത്ര എത്ര കണക്കുകൂട്ടലുകളോടെയാണ് ഞാനാമുറിയിലേക്ക് കടന്നത്. എന്തൊക്കെ പറയണം എങ്ങിനെ തുടങ്ങണം എന്നൊക്കെ ഒരു ധാരണയുണ്ടായിരുന്നു.പത്ത് വർഷമായി താൻ ഹൃദയത്തിൽ എഴുതി വച്ച വാക്കുകൾ. ഒരവസരം കിട്ടിയാൽ എല്ലാം തുറന്നു പറയാൻ നാവിൻ തുമ്പിൽ മന്ത്രിച്ചു നടന്ന വാചകങ്ങൾ.. പക്ഷെ..... പക്ഷെ... ഒക്കെ ഇക്കാക്കയെ നേരിട്ട് കണ്ടപ്പോൾ മറന്നു പോയി.. താനാകെ തളരുകയായിരുന്നല്ലൊ..പരവശയായി മോഹാലസ്യപ്പെട്ടു വീണു.ഇനി എങ്ങനെ ഇക്കാക്കയെ യഥാർത്ഥ്യം പറഞ്ഞു മനസിലാക്കും.. ഇനി സമയം കിട്ടുമോ..? ഒരാഴ്ച കൂടിയല്ലെ ഉണ്ടാവുകയുള്ളു.
ഇക്കാക്കക്ക് എത്ര പ്രിയപ്പെട്ടവളായിരുന്നു താൻ. തന്റെ കൈ പിടിച്ച് എവിടെയൊക്കെ കൊണ്ടു പോകുമായിരുന്നു. ഊഞ്ഞാലാട്ടിത്തരുമായിരുന്നു. ചോറ് വാരിത്തരുമായിരുന്നു..
പാച്ചി എന്ന് വിളിച്ചു കൊണ്ട് ഓടി വരുമായിരുന്നു വത്രെ വീട്ടിലേക്ക്...
താൻ തൊട്ടിയിൽ ഉറങ്ങുകയാണെങ്കിലും കുട്ടിപ്പാട്ട് പാടി ആട്ടിത്തരുമായിരുന്നത്രെ... വീട്ടുകാർ പാട്ട് കേട്ട് പൊട്ടിച്ചിരിക്കുമ്പോൾ കൈയ്യിൽ കിട്ടിയതെന്തെങ്കിലും എടുത്ത് എറിയുമായിരുന്നുവത്രെ.. അന്നേ മുൻ ശുണ്ഡിക്കാരനും വാശിക്കാരനുമായിരുന്നു.
എനിക്കെല്ലാമായിരുന്നുവല്ലൊ.. അന്നേ തന്റെ മനസിൽ വീട്ടുകാർ എഴുതി വച്ചതാണല്ലൊ പുതിയാപ്പിള എന്ന് - താനെന്തെങ്കിലും കാര്യത്തിന് വീട്ടുകാരുമായി വാശി പിടിച്ചാൽ ഇക്കാക്കാന്റെ പേര് പറഞ്ഞാണ് കളിയാക്കിയിരുന്നത്.
പക്ഷെ ഇന്നതെല്ലാം ഓർമ്മകൾ മാത്രമായി..
ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല ഇക്കാക്കാനെ വേദനിപ്പിക്കാൻ .അറിഞ്ഞു കൊണ്ട് ഇതുവരെ വേദനിപ്പിച്ചിട്ടുമില്ല.
അന്ന് വീട്ടിൽ കടുത്ത ദാരിദ്ര്യം കാരണം ഉണ്ടായിരുന്ന സ്വർണമെല്ലാം എടുത്തു വിറ്റിരുന്നു.എന്റെ മോതിരം മാത്രമെ ബാക്കിയുണ്ടായിരുന്നുള്ളു. അതാണെങ്കിൽ വിരലിലിടാറുമുണ്ടായിരുന്നില്ല. മോതിരം വിൽക്കുകയാണ് എന്നറിഞ്ഞപ്പോൾ ഒരു ദിവസമെങ്കിലും അണിയണം ,എന്നിട്ട് ഇക്കാക്കാക്ക് കാണിച്ചു കൊടുക്കണം .അതിനായിരുന്നു കൈയിൽ എടുത്തത്. പക്ഷെ ഇക്കാക്ക അവിടെ ഉണ്ടായിരുന്നില്ല. മരപ്പൊത്തിൽ വച്ച മോതിരം കാണാതാവുകയായിരുന്നു.പക്ഷെ അതിന്റെ പേരിൽ എന്തിനാണ് ഇക്കാക്കാനെ അടിച്ചത്.. ആരാണ് ഇക്കാക്കാനെ പറ്റി പറഞ്ഞു കൊടുത്തത്? എന്റെ വീട്ടുകാരാരും ആ കാര്യത്തെ പറ്റി ചർച്ച പോലും ചെയ്തിട്ടുണ്ടായിരുന്നില്ല. അതിന്റെ പേരിലാണല്ലൊപത്ത് വർഷക്കാലം രണ്ടു പേരും തീ തിന്നേണ്ടി വന്നത് .......
....................................................................
രാവിലെത്തന്നെ കുളിച്ചൊരുങ്ങി റഷീദിന്റെ കൂടെ പോയി. നാളെയാണ് അവന്റെ ഭാര്യ വീട്ടിലെ സൽക്കാരം. ഒരു നൂറ് പേരെങ്കിലും വേണം എന്ന് അവന്റെ ഭാര്യാപിതാവ് ആവശ്യപ്പെട്ടിട്ടുണ്ട് - കുടുംബാംഗങ്ങളിൽ ഏറെപ്പേർക്കും ഫോൺ വിളിച്ചു വിവരമറിയിച്ചു. പല സുഹൃത്തുക്കളെയും നേരിൽ കണ്ട് ക്ഷണിച്ചു. ഫോൺ വിളിച്ചിട്ട് കിട്ടാത്ത ബന്ധുക്കളെ പോയി നേരിട്ട് കണ്ട് ക്ഷണിക്കേണ്ടി വരും. അതിനാണ് രാവിലെ തന്നെ ഒരുങ്ങി പുറപ്പെടുന്നത് - ക്ഷണിക്കലെല്ലാം കഴിഞ്ഞ് തിരിച്ചപ്പോൾ വൈകുന്നേരമായിരുന്നു.ഇതിനിടയിൽ ഒരു നൂറ് പ്രാവശ്യമെങ്കിലും അവന്റെ ഭാര്യ അവന് വിളിച്ചിട്ടുണ്ടാകും.
തലേന്നെത്തെ പുഴവക്കത്തെത്തിയപ്പോൾ അവൻ വണ്ടി നിർത്തി മാറ്റിയിട്ടു.അൽപ സമയം വിശ്രമിക്കാം എന്നു കരുതി ഞാനും വണ്ടിയിൽ നിന്നിറങ്ങി മണൽപരപ്പിലേക്ക് നടന്നു. വൃത്തിയുള്ള സ്ഥലം നോക്കി അവിടെ മലർന്ന് കിടന്നു. അവനും കൂടെ വന്ന് കിടന്നു. മാനത്തെ കാഴ്ചകൾ കണ്ട് കിടക്കുമ്പോഴാണ് ഫസീലയുടെ ദയനീയമായ മുഖം മനസിൽ തെളിഞ്ഞത്. താൻ തന്റെ ശത്രുവായിക്കണ്ട ആൾ പാടെ പരാജയlമാണല്ലൊ.
" പാവം"..... ഏതോ ഒരോർമ്മയിൽ റഷീദ് പറഞ്ഞു.
"എന്ത്... ആര്"?..... ഞാൻ ചോദിച്ചു.
"ഞാൻ ഫസിലാന്റെ കാര്യം ആലോചിക്കുകയായിരുന്നു"..റഷീദ് പറഞ്ഞു.
അപ്പോൾ അവനും അത് തന്നെയായിരുന്നോ ആലോചിച്ചിരുന്നത്.
"ഞാനൊരു കാര്യം പറഞ്ഞാൽ നീ മുഴുവൻ കേൾക്കാൻ തയ്യാറാകുമോ?...
"പിണങ്ങരുത്... ഞാൻ നിന്നോടും ഫസീലയോടും ഗുരുതരമായ തെറ്റ് ചെയ്തവനാ ... വലിയ തെറ്റ്...
ആശ്ചര്യത്തോട് കൂടി എണീറ്റ് ഇരുന്ന എന്റെ കൈ പിടിച്ച് അവൻ പറഞ്ഞു.
"നീ എന്നെ വിട്ട് പോവുകയില്ലാ എന്ന് ഉറപ്പുതരികയാണെങ്കിൽ ഞാൻ പറയാം".
ഇവനെന്തൊക്കെയാണ് പറയുന്നത്..?
"നീ എന്താ ഈ പറയുന്നത് എനിക്കൊന്നും മനസിലാകുന്നില്ല"
"നീ എന്നെ പിരിയുമോ"
"നീ എന്താ പിച്ചും പേയും പറയുന്നത് കാര്യം പറ".
റഷീദ് പറഞ്ഞു തുടങ്ങി.
എനിക്ക് അന്ന് ഫസീലയെ വളരെ ഇഷ്ടമായിരുന്നു. എനിക്ക് ആഗ്രഹങ്ങൾ ഒക്കെ മുളപൊട്ടുന്ന കാലമായിരുന്നതിനാൽ അവളെ ഒരു ഫ്രണ്ടാക്കുവാൻ വളരെ താൽപര്യമായിരുന്നു.പക്ഷെ എന്നെ കാണുന്നത് പോലും അവൾക്ക് വെറുപ്പായിരുന്നു - അവൾക്ക് ഇഷ്ടം നിന്നോടായിരുന്നു. നിങ്ങൾ തമ്മിൽ തെറ്റിക്കാനും അവളെ വരുതിയിലാക്കാനും ഞാൻ ചെയ്ത ചതിയായിരുന്നു മോതിര മോഷണം അവളുടെ മോതിരം അടിച്ചുമാറ്റിയത് ഞാനായിരുന്നു. ഞാൻ തന്നെയായിരുന്നു നിന്നെ പറ്റി നിന്റെ ബാപ്പാ നോട് പറഞ്ഞത്. "
" ഇല്ല ഞാൻ വിശ്വസിക്കില്ല. എന്റെ മനസ് മാറ്റാൻ വേണ്ടി നീ കള്ളം പറയുന്നതാ...
" ഞാൻ സത്യമാണ് പറയുന്നത്. എന്റെ ഉമ്മാക്കും ഇതറിയാം. ആകെ പ്രശ്നമാകുമെന്ന് കരുതിയാണ് ഇത്രയും കാലം മിണ്ടാതിരുന്നത്"
" നീ പറയുന്നതൊക്കെ സത്യമാണോ..? എന്നിട്ട് മോതിരം എന്ത് ചെയ്തു.?
മോതിരം എന്റെ കൈയിലുണ്ട്. കുറ്റബോധം എന്നെ വല്ലാതെ വേട്ടയാടിയിരുന്നു.അതു കൊണ്ടാ നിനക്ക് നല്ല ജോലിയും ഒക്കെ ശരിയാക്കിത്തന്നത്.ഇതറിഞ്ഞപ്പൊ ഉമ്മ കുറെ ചീത്ത പറഞ്ഞു. പക്ഷെനിന്റെ കൈ മുറിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.ചെറിയ ഒരു അകൽച്ച ഉണ്ടാക്കലായിരുന്നു ലക്ഷ്യം. ഇത്ര ഗുരുതരമാവുമെന്ന് ഒരിക്കലും കരുതിയില്ല. അതോട് കൂടി അവളോടുള്ള എന്റെ മോഹവും അവസാനിച്ചു."
"അവൾ പാവമാണടാ.... പച്ച പാവം... അവൾ ഒരു തെറ്റും ചെയ്തിട്ടില്ല.
" അവൾ ഇപ്പോഴും നിന്നെ സ്നേഹിക്കുന്നു... നിനക്ക് വേണ്ടി കാത്തിരിക്കുന്നു".....
അവൻ പറഞ്ഞ് തീരുന്നതിന് മുമ്പേ ഞാൻ മണലിലേക്ക് വീണ് കഴിഞ്ഞിരുന്നു. ആകെ തളരുകയാണ് ശരിരം. ഹൃദയത്തിന്റെ വേദന ഘനമില്ലാത്ത പഞ്ഞിക്കെട്ടുകൾ പോല ശരീരത്തെ ഒന്നുമല്ലാതാക്കിയിരിക്കുന്നു പുഴയിലെ ചെറിയ ഓളങ്ങൾ പോലും വലിയ വലിയ തിരമാലകളായി തന്നെ മൂടുകയാണ്. പുഴയുടെ ആഴങ്ങളിൽ ഒന്നുമല്ലാത്ത ഒരു മണൽ തരിപോലെ ആവുകയാണ് താൻ.
കുറ്റബോധമാണ് മനസ് നിറയെ... എന്ത് ചെയ്യണം എന്ത് പറയണം....? അവളെ മനസിലാക്കാൻ കഴിഞ്ഞില്ലല്ലോ തനിക്ക് -
" നോക്ക് "...... റഷീദിന്റെ വിളി..
അവന്റെ സംസാരം കേൾക്കാൻ താൽപര്യമുണ്ടായിരുന്നില്ല. നീരസം തോന്നുന്നു... വെറുപ്പ് തോന്നുകയാണ് അവനോട് .
" ഞാൻ പറഞ്ഞിരുന്നില്ലെ നിന്നോട്‌... എന്നെ വെറുക്കരുതെന്ന് -
"വാ പോകാം" ഞാൻ എണീറ്റു കൊണ്ട് അവനെ വിളിച്ചു.
"ദാ നോക്ക് ' റഷീദ് എന്തോ സാധനം കൈയിലെടുത്തു കൊണ്ട് കാണിച്ചു.
"മോതിരം... അവളുടെ ആ മോതിരം...സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു ഇത്രേം കാലം'
"എനിക്കവളെ കാണണം.. അവളോട് മാപ്പ് ചോദിക്കണം.. അവളുടെ മുമ്പിൽ നിന്നൊന്ന് പൊട്ടിക്കരയണം......
"നീ സമാധാനിക്ക്. എല്ലാത്തിനും വഴിയുണ്ടാക്കിത്തരാം നീ ക്ഷമിക്ക്. ഇനി നീ സമാധാനമായി ഉറങ്ങിക്കോ.....
റഷീദിന്റെ സാന്ത്വന വാക്കുകളൊന്നും എന്റെ ഹൃദയമിടിപ്പിനെ സാധാരണ നിലയിലാക്കാൻ കഴിയുമായിരുന്നില്ല.
.........................................................
വിരുന്നുകാരൊക്കെ എത്തിത്തുടങ്ങി. ഇനി രണ്ട് മൂന്ന് കുടുംബങ്ങൾകൂടി എത്താനുണ്ട് - പന്ത്രണ്ട് മണി കഴിഞ്ഞിരിക്കുന്നു.. ഒരു മണിക്ക് മുമ്പ് വാഹനജാഥ പുറപ്പെടും.ഓരോരുത്തരോടായി വാഹനങ്ങളിൽ കയറി ഇരിക്കാൻ ആവശ്യപ്പെട്ടു. എന്റെ വണ്ടിയിൽ തന്നെയാണ് റഷീദും അവന്റെ ഭാര്യയും വരുന്നത്. പിന്നെ എന്റെ പെങ്ങളും അവന്റെ പെങ്ങളും ഉണ്ട്.
എല്ലാവരും എത്തിക്കഴിഞ്ഞിരിക്കുന്നു. അവരെല്ലാവരും വാഹനങ്ങളിൽ കയറി എന്ന് ഉറപ്പു വരുത്തിയതിന് ശേഷം ഞാനും റഷീദും വണ്ടിയിൽ കയറി. അവൻ ഡ്രൈവ് ചെയ്യാമെന്ന് പറഞ്ഞപ്പോൾ പിന്നെ ഞാൻ നിർബന്ധിച്ചില്ല. മുന്നിലെ ഇടത്തെ സീറ്റിൽ ഞാൻ ചാരിയങ്ങിനെ ഇരുന്നു.
വാഹനങ്ങൾ പുറപ്പെട്ട് തുടങ്ങി. ഫാൻസി വാഹനങ്ങളുടെ ഒരു നിര തന്നെ രൂപപ്പെട്ടു.ആ നിര റഷീദിന്റെ ഭാര്യയുടെ വീട് ലക്ഷ്യം വച്ച് പ്രയാണം ആരംഭിച്ചു.
വളകിലുക്കങ്ങളും കുശുകുശുക്കലും കേട്ടപ്പോഴാണ് എന്ന് തോന്നു റഷീദ് വണ്ടിക്കുള്ളിൽ പാട്ട് ഓൺ ചെയ്തു.വീണ്ടും വളകിലുക്കവും കുശുകുശുക്കലും കേട്ടപ്പോഴാണ് ഞാൻ പിൻസീറ്റിലേക്ക് തിരിഞ്ഞ് നോക്കിയത്.
പിന്നിലെ കാഴ്ച കണ്ട് ഹൃദയത്തിലൂടെ ഒരു കാള ൽ..... പിൻസീറ്റിലെ വലത് ഭാഗത്ത് എനിക്ക് കാണുവാൻ കോലത്തിൽ അവളിരിക്കുന്നു. ഫസീല...
വാടിയ മുഖം തട്ടം കൊണ്ട് പാതി മറച്ച് അവൾ പുറത്തേക്ക് നോക്കിയിരിക്കുന്നു. സന്തോഷവും.. വേദനയും ഒരു പോലെ ഹൃദയത്തിൽ നിറഞ്ഞാടുകയാണ്. അവളിൽ നിന്ന് കണ്ണുകൾ എടുക്കാൻ തോന്നുന്നേയില്ല.. യാദൃശ്ചികമായാണ് അവൾ തിരിഞ്ഞത്. നോക്കിയതും അവളുടെ കണ്ണുകളും എന്റെ കണ്ണുകളും തമ്മിൽ ഉടക്കി.അവളുടെ കണ്ണുകളിൽ അമ്പരപ്പ് - ഞാൻ ചെറുതായി ഒന്ന് പുഞ്ചിരിച്ചു.. അവൾ അപ്പോഴും ആശ്ചര്യത്തോട് കൂടി എന്നെത്തന്നെ നോക്കുകയാണ്. പിന്നെ അവൾ മുഖം തിരിച്ചു തട്ടം കൊണ്ട് കണ്ണൂകൾ തുടച്ചു.അപ്പോഴും ഞാൻ അവളെത്തന്നെ നോക്കിയിരിക്കുകയാണ്. അവൾ ഒന്ന് കൂടി മിഴികൾ എന്നിലേക്ക് പായിച്ചു.അപ്പോൾ അവളുടെ കണ്ണുകളിൽ സന്തോഷത്തിന്റെ ഒരു തെളിച്ചം.. ഞാൻ ഒന്നുകൂടി അവളെ നോക്കി പുഞ്ചിരിച്ചു.തിളങ്ങുന്ന കണ്ണുകളോടെ അവൾ തിരിച്ചും.
പെട്ടെന്നാണ് വണ്ടിക്കുള്ളിൽ നിന്ന് ഒരു പൊട്ടിച്ചിരിയുയർന്നത്. അത് പിന്നെ കൂട്ടച്ചിരിയായ് മാറി.
ഇവറ്റകൾ ഇത് എല്ലാം കണ്ടിരിക്കുകയായിരുന്നോ?.
ഞാൻ മനസിൽ പിറുപിറുത്തു.
" ഇത് ഞമ്മളറിഞ്ഞീല ട്ടാ.......... ഫ സ്യേ..... ഇതിപ്പെന്നാ തൊടങ്ങീത്....?
"ഞങ്ങളായി പ്പൊ കള്ളത്തികള്.. ങ്ങളാണ്ട് ഒന്നായി "
റഷീദിന്റെ പെങ്ങളുടെ ഡയലോഗ്..
ഫസിക്ക് നാണം വന്ന് തുടങ്ങിയിരുന്നു. അവളാകെ തരിച്ചിരിക്കുന്നു.. ഈ സംഭവിക്കുന്നത് അവൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല -
" ഞങ്ങളൊന്നും പറഞ്ഞില്ലെ....... നിങ്ങളായി നിങ്ങളുടെ പാടായി"
കൂട്ടച്ചിരിയുടെ അകമ്പടിയോടെയാണ് റഷീദിന്റെ പെങ്ങൾ അത് പറഞ്ഞത്.
പ്രണയത്തിന്റെ ആദ്യാനുഭവങ്ങളെ ഹൃദയം സ്വീകരിച്ചു കൊണ്ടിരിക്കുകയായിരുന്നു.പുറത്ത് റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾ ഒന്നും ശ്രദ്ധയിൽ പെടുന്നുണ്ടായിരുന്നില്ല. ആദ്യാനുരാഗത്തിന്റെ ആദ്യാനുഭവങ്ങൾ ഹൃദയത്തെ മഥിക്കുകയാണ്. ഹൃദയത്തിൽ കാറമുള്ള് കൊണ്ട് കോറിയ പോലെ സുഖമുള്ള നൊമ്പരം .കാറിനുള്ളിൽ നിന്ന് മുഴങ്ങിക്കൊണ്ടിരിക്കുന്ന പാട്ടിന്റെ ഈരടിക്കൊപ്പം ഇശലുകൾ പ്രണയ മഴയായ് പെയ്തിറങ്ങുകയാണ്........................
ആർക്കു വേണ്ടി നീ ആർക്കു വേണ്ടി
കാത്തിരിക്കുന്നതിന്നാർക്കുവേണ്ടി
ഈ പകലിൻ വെയിലിൽ
ചൂടേൽക്കാതെ നീ
ഓടിയൊളിക്കുന്നതാർക്കുവേണ്ടി.
ആ മരത്തിൻ കൊമ്പിലന്ന്
ഊഞ്ഞാലാടി നീ
മാനത്ത് കോറിയിട്ടതാർക്കുവേണ്ടി
പുക്കാലം പോയല്ലൊ
പത്തുമ്പിപ്രായവും
നിൻ മനം പൂത്തു നിന്നതാർക്കുവേണ്ടി
കാലങ്ങൾ എത്രയോ
കൊഴിഞ്ഞു പോയിന്നു നീ
വളർന്നൊരു മാസ്മര ലോകമായി
ആലോകമെന്നുമെ
നീന്തിത്തുടിക്കുവാൻ
കാത്തു കാത്തിരുന്നതിന്നാർക്കുവേണ്ടി
നിൻ മനം തേടി ഞാൻ
നിന്നെ സമീപിച്ചാൽ
എന്തിനീ എന്തിനീ നൊമ്പരങ്ങൾ
പൊയ്പോയ രാവുകൾ
തിരിച്ചു വന്നീടുമോ
ഇനിയും നീ കാത്തിടുന്നതാർക്കുവേണ്ടി
എന്റെയീ പാട്ടുകൾ
വീണമീട്ടീടുവാൻ
രാഗമായ് എന്നും നീ വന്നീടുമോ
തേനിശൽ പെയ്യുമീ
മധുരമനോഹര
ഗാനങ്ങൾ ചേർത്തുവച്ചതാർക്കുവേണ്ടി .
മോഹത്തിൻ പൂമരം പൂക്കൾ വിരിച്ചില്ലെ
പഷ്പിണിയായിടുന്നതാർക്കുവേണ്ടി
എങ്കിലും എന്റെയീ പാട്ടുകൾ എന്നുമെൻ
മധുരമായൊഴുകുന്നതാർക്കുവേണ്ടി.
........................................................
സൽക്കാര വീട്ടിലെത്തിയ ഫസീലാക്ക് സ്ഥലകാലബോധം ഉണ്ടായിരുന്നില്ല. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് അവൾ ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. കാറിൽ നിന്ന് തന്നെ പ്രണയാർദ്രമായി പുഞ്ചിരിച്ചതും മറ്റുള്ളവർ കളിയാക്കിയതും ഒക്കെ ഒരു സ്വപ്നത്തിലെന്ന പോലെ തോന്നുകയാണ്. ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല .ഇനിയും ഇക്കാക്കയുമായുള്ള നിമിഷങ്ങൾ, സന്ദർഭങ്ങൾ ഉണ്ടാവണമെന്ന് അവൾ അതിയായ ആഗ്രഹിച്ചു.
തീൻമേശക്കു മുമ്പിലിരിക്കുമ്പോഴും അവൾ തിന്നുകയായിരുന്നില്ല. പത്തു വർഷം നീണ്ട തന്റെ പ്രാർത്ഥനയുടെ ഫലത്തിൽ ആനന്ദം കൊള്ളുകയായിരുന്നു'. നീണ്ട വിരഹത്തിന് ശേഷമുള്ള പുന:സമാഗമം ഉന്മാദത്തിന്റെ അവസ്ഥയിൽ ആളുകളെ എത്തിക്കും. ഫസിലയുടെ കാര്യത്തിലും അതു തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു. മനസിന് പുതിയൊരവസ്ഥയെ സ്വീകരിക്കാൻ തയ്യാറാവേണ്ടതുണ്ട്- പുതിയ മനസിനെ സ്വീകരിക്കാൻ ശരീരത്തിനും തയ്യാറാവേണ്ടതുണ്ട്. വിളമ്പി വെച്ച ഭക്ഷണത്തിൽ നിന്ന് കഴിക്കാതെ ആലോചിച്ചിരിക്കുമ്പോഴാണ് റഷീദിന്റെ പെങ്ങൾ വന്ന് പറഞ്ഞത്.... " ഇനി വിഷമിക്കണ്ട.. ഒക്കെ ശരിയായിലെ.. ബാക്കി കാര്യങ്ങളൊക്കെ ഞങ്ങൾ ഏറ്റു".. അവളുടെ കവിളിൽ നുള്ളി റഷീദിന്റെ പെങ്ങൾ അത് പറഞ്ഞപ്പോൾ രണ്ട് തുള്ളി കണ്ണുനീർ ഉറ്റി വീണിരുന്നു. സന്തോഷത്തിന്റെ കണ്ണുനീർ..................
സൽക്കാരമെല്ലാം കഴിഞ്ഞ് എല്ലാവരും പോയപ്പോഴും ഞങ്ങൾ പോയിട്ടുണ്ടായിരുന്നില്ല. ഞങ്ങളുടെ വണ്ടിയിലുണ്ടായിരുന്നവർ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.ഇതിനിടയിൽ ഫസീലയുടെ സാമീപ്യം കിട്ടാൻ വേണ്ടി ശ്രമം നടത്തിയെങ്കിലും അവൾ നാണം കൊണ്ട് ഒഴിഞ്ഞു മാറുകയായിരുന്നു -
വണ്ടിയിൽ കയറിയ എല്ലാവരോടുമായി റഷീദ് പറഞ്ഞു. "നമ്മൾ കടപ്പുറത്തേക്കാണ് പോകുന്നത്. ഫസിയുടെ ഉമ്മാനോട് പോണ വിവരം പറഞ്ഞിട്ടുണ്ട്".. കടപ്പുറത്തേക്കാണ് പോകുന്നത് എന്നു കേട്ടപ്പോൾ എല്ലാവർക്കും സതോഷമായി. ഇടക്കിടക്ക് ഞാൻ ഫസീലയെ തിരിഞ്ഞു നോക്കിയെങ്കിലും അവൾ തട്ടം കൊണ്ട് മുഖം മറച്ചിരുന്നതിനാൽ ശരിക്ക് കാണാൻ കഴിയുമായിരുന്നില്ല.
"മുണ്ടാ പൂച്ച കലം ഒടക്കും എന്ന് പറഞ്ഞത് എത്ര ശരിയാ"
റഷീദിന്റെ പെങ്ങൾ ആദ്യവെടി പൊട്ടിച്ചതോടെ എന്റെ ആ ആഗ്രഹവും അവിടെ നിർത്തലാക്കേണ്ടി വന്നു.
കടപ്പുറത്തെത്തി സ്ത്രീകളെ എല്ലാം വണ്ടിയിൽ നിന്ന് ഇറക്കി ഞങ്ങൾ പാർക്കിങ് ഏരിയയിലേക്ക് പോയി. വണ്ടി നിർത്തിയ ശേഷം എല്ലാവർക്കുമുള്ള ഐസ് ക്രീം വാങ്ങിച്ചിരുന്നു. ഐസ് ക്രീം വിതരണം ചെയ്ത ശേഷം റഷീദ് അവന്റെ ഭാര്യയുമായി നടന്നു നീങ്ങി.ഒരു വലിയ ഉത്തരവാദിത്വം ഭംഗിയായി നിർവ്വഹിച്ച നിർവൃതിയിലായിരുന്നു അവൻ. കടപ്പുറത്തേക്ക് ധാരാളം ആളുകൾ വന്നുകൊണ്ടിരിക്കുകയാണ്. തിരമാലകളും നോക്കി ഞാനങ്ങിനെ ഇരുന്നു. ഫസീല മറ്റുള്ളവരുടെ മറവിൽ നിൽക്കുകയാണ്.പെട്ടെന്നാണ് റഷീദിന്റെ പെങ്ങൾ ഫസീലയുടെ കൈ പിടിച്ചു വലിച്ചും കൊണ്ട് വന്നത്.
"നിങ്ങൾ വെവ്വേറെ ഇരിക്കണ്ടോരല്ല.. ഇങ്ങള് രണ്ടാളും ഒന്നാണ്. "ഫസിലാന്റെ ഇടതു കൈ എന്റെ കൈയിൽ തന്നു റഷീദിന്റെ പെങ്ങൾ .
ഞാൻ അവളുടെ കൈയ്യും പിടിച്ച് കടൽതീരത്തെ മണലിലൂടെ നടന്നു.അവൾ എന്റെ കയ്യിൽ നിന്ന് പിടി വിടുവിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ പിടിമുറുക്കുകയാരുന്നു.എന്റെ കൈക്കുള്ളിൽ അവളുടെ വിരലുകൾ ഞെരിഞ്ഞമർന്നു. ഒരു സുഖമുള്ള വേദന അവൾ അനുഭവിക്കുകയായിരുന്നു. സന്തോഷത്തിന്റെ കണ്ണുനീർ അവളുടെ കണ്ണുകളിൽ നിറഞ്ഞിരിക്കുന്നു. ആ ഹൃദയമിടിപ്പ് എന്നിക്കിപ്പോൾ കേൾക്കാം.
ഞാൻ മെല്ലെ വിളിച്ചു.
" പാച്ചി"...................
"ഉം "........
അവളെ തന്നിലേക്ക് ചേർത്തു പിടിക്കുമ്പോൾ തന്റെ ഹൃദയത്തിൽ അലയടിച്ചുയരുന്ന ഗദ്ഗദം അവൾക്ക് കേൾക്കാമായിരുന്നു..................
നിൻ മനസിന്റെ മാന്ത്രിക കൊട്ടാര മുറ്റത്ത്........ ഞാനെത്തീടുന്നിരുകൈ നീട്ടി....
മുഹബ്ബത്തിൻ തേനാറിൽ മുങ്ങിക്കുളിച്ച നിൻ
നയന നിലാവിന്റെ കുളിരേൽക്കാൻ.....
മഴയായ് പെയ്താലും വെയിലായ് പൊടിഞ്ഞാലും
മനസിന്റെ തേനാറിൽ ഒഴുകും നീ .......
മധുമതി എൻ മൗന സഞ്ചാരപഥത്തിൽ
തീക്കനലായ് എരിയും നീ......
മധുമതി ഞാൻ കണ്ടു മറന്നുള്ള നിൻ മനം
മധുരത്തേനാറായ് ഒഴുകീടും.......
ഓർമ്മകൾ നീന്തിക്കടക്കുവാനെത്ര.
കണ്ണീർ പുഴകൾ ഒഴുക്കീ നീ......
സ്നേഹത്തിൽ ചാലിച്ച അന്നത്തെ നിൻ ചിരി
ഓർമ്മകളായി തലോടുന്നു.....
നീ നീട്ടിയ കൈകളിൽ സ്നേഹത്തിൻ മുന്തിരി
ച്ചാറിൻ ചഷകം കാൺമൂ ഞാൻ
അവസാനിച്ചു..... ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo