അയാൾ നടന്നു.. കണ്ണീരും കിനാവും പെയ്തു തോരാത്ത വഴിത്താരകളിലൂടെ ..നിറംകെട്ട കാഴ്ചകളുടെ ഗൂഡ സ്മിതങ്ങൾ അയാളുടെ രാവുകളെ ചുട്ടുപൊള്ളിച്ചു. ചുണ്ടിലൂറുന്ന വെറ്റിലച്ചാറിനും ബുൾഗാനുമിയിലൊളിപ്പിച്ച തിളങ്ങുന്ന ചിരിയിലൂടെ ചില കാഴ്ചകൾ;അവയിലെ പൊള്ളത്തരങ്ങൾ അയാളെയൊരു വി.കെ .എൻ ആക്കി. അവയിലൂടെ പിറന്ന കാർട്ടൂൺ ചിത്രങ്ങൾ ചില സന്നിഗ്ദ ഘട്ടങ്ങളിൽ അയാളുടെ പശിയാറ്റി.
ജീവിതത്തിനും മരണത്തിനുമിടയിൽ ഞെരുങ്ങിക്കിടന്ന കാലത്തിൻ്റെ ആത്മരോധനങ്ങൾ ... സ്പന്ദനങ്ങൾ അയാളുടെ വിറയാർന്ന വിരലുകളിലൂടെ ചിത്രങ്ങളായ് പിറവി കൊണ്ടു. പോയ കാലത്തിൻ്റെ വസന്തങ്ങൾ ചെയ്തു തോർന്ന നിശ്ചേതനമായ മരത്തടികളിലും ഇരുമ്പിലും തുരുമ്പിലും ഉയിർ കൊണ്ട ശില്പങ്ങൾ.... അവയിലൂടെ സാർത്ഥകമാക്കപ്പെട്ട ജീവിത സത്യങ്ങൾ.
ധൂമവും കാമവും മദ്യവും തീർത്ത പ്രലോഭനങ്ങളിൽ ആത്മ ദു:ഖങ്ങളെ തളച്ചിടാൻ നോക്കി ... പിന്നെ ഒട്ടൊരു നിസ്സഹായതയോടെ ആത്മവേദനയുടെ ബലിത്തറയിൽ അയാൾ പിന്നെയും കുഴഞ്ഞു വീണു. അപ്പോഴും ജീവിത ഭദ്രതയുടെ താക്കോൽ ഇടുപ്പിലൊളിപ്പിച്ച് സംസ്കാരിക നായകർ നാൽക്കവലകളിൽ എന്നോ ജീർണ്ണിച്ച വാക്കുകൾ കൊണ്ട് സംസ്കാരിക വ്യാപാരം നടത്തുന്നുണ്ടായിരുന്നു.
ഭാവ രൂപങ്ങൾ മാറി മറിഞ്ഞ് കാലം പിന്നെയും കൊഴിഞ്ഞു വീണു. ഒരിക്കൽ ശിൽപ്പിയും ശിൽപ്പവും ഒന്നായ്ത്തീരുന്ന ഒരു സമ്മോഹന നിമിഷത്തിൽ ഇനിയെന്തു ചെയ്യേണ്ടു എന്ന സന്നിഗ്ദാവസ്ഥയിൽ സ്വന്തം പണിപ്പുരയിൽ അയാൾ കുഴഞ്ഞു വീണു. താൻ ഉയിരും ആത്മാവും ഏകിയ സന്താനങ്ങളെ ഒരു കോച്ചി വിറയലോടെ നോക്കി മറ്റൊരു ശിൽപ്പം പോലെ അവയ്ക്കിടയിൽ അയാൾ ശാശ്വത നിദ്ര കൊണ്ടു -
അകാലത്തിൽ പൊലിഞ്ഞ നക്ഷത്രമെന്ന് ചിലർ. അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അറിയുമ്പോഴും ജീവിക്കാൻ മറന്നവനെന്ന് ചിലർ അങ്ങനെയങ്ങനെ ഒരു പാട് ആത്മസാക്ഷ്യങ്ങളുടേയും ആരുടെയൊക്കയോ ഉള്ളിലൂറുന്ന തീരാനൊമ്പരത്തിൻ്റെ യും നിശബ്ദം കേഴുന്ന സ്വന്തം സൃഷ്ടികളെയും തനിച്ചാക്കി ആ ദേഹം അഗ്നിയിൽ വിലയം പ്രാപിച്ചു .
നാഥനില്ലാതായ അയാളുടെ ഒരു പാട് സർഗ്ഗാത്ഭുതങ്ങളെ ബന്ധുമിത്രാദി സമൂഹം വീതം വെച്ചെടുത്ത് അവയുടെ മൂല്യം എന്തെന്ന് തിരിച്ചറിയാൻ കഴിയാതെ കാലത്തിൻ്റെ ചവറ്റുകുട്ടയിലേക്കു തള്ളി;പ്രായോഗിക ജീവിതത്തിൻ്റെ ഊഷ്മളതയിലേക്ക് ഊളിയിട്ടു. അപ്പോഴും ആത്മാർത്ഥ സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നവർക്ക് അയാളൊരു തീരാനൊമ്പരമായിരുന്നു.
കാലത്തിൻ്റെ കുത്തൊഴുക്കിൽ പിടഞ്ഞു വീണ നീണ്ട ഇരുപത് വർഷങ്ങൾക്കു ശേഷം ചിലർ, അയാളുടെ പേരിലൊരു അനുസ്മരണ കമ്മറ്റിയുണ്ടാക്കി., ഈ വ്യക്തിയുടെ പേര് ഏതു രൂപത്തിലും കൊള്ളിക്കാൻ പറ്റും എന്ന കൗശലതയോടെ .അപ്പോഴേക്കും അയാൾ തീർത്ത സർഗ്ഗാത്ഭുതങ്ങൾ നാഥനില്ലായ്മയിൽ ഖേദിച്ച് ഖേദിച്ച് ആജീവാനന്ത വൈകല്യ രൂപങ്ങൾ പ്രാപിക്കുകയോ മൃതിയടയുകയോ ചെയ്തിരുന്നു. ആ അനുസ്മരണ സായാഹ്നങ്ങൾക്ക് ചുടലപ്പറമ്പിൽ നിന്നും ഭോജ്യമന്വേഷിക്കുന്നവരുടെ ഗന്ധമായിരുന്നു.
By: Saboo Aroor
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക