Slider

നുറുങ്ങ്

0

മഴ പെയ്ത് തോര്‍ന്നപ്പോ...
മഴ തോര്‍ന്നു...മഴ ഓര്‍മിച്ചതും
ഓര്‍മിപ്പിച്ചതും...
ഇനി നനഞ്ഞ് കുതിര്‍ന്ന്
മനസിലെവിടെയോ ഇരുന്ന് മെല്ലെ ഉണങ്ങും...
അകത്തളങ്ങളീ നിന്നും വാരിച്ചുറ്റാനുള്ള കുപ്പായങ്ങളൊക്കെ
ഇനി പുറത്തേ അയകളിലേക്ക്...അലക്ക് കല്ല് കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഭാര്യേ നോക്കി ചിരിച്ചു..
പറമ്പായ പറമ്പൊക്കെ പച്ചപ്പിലാ..
പുല്‍ച്ചാടീം തേരട്ടെയും ..ന്ന് വേണ്ട സകലെണ്ണോം ക്ഷണിക്കാണ്ട് അകത്തേക്ക് പോലും സമയോം കാലോം നോക്കാണ്ട് കേറി വരുന്നുണ്ട് ...
അകത്തേ കോണിലെടുത്തവെച്ച ആ വല്ല്യ കമ്പനീന്‍റെ തുകല്‍ ചെരുപ്പിന്‍റെ പൂപ്പലൊക്കെ തുടക്കണം..
ഒണങ്ങാന്‍ പാടാന്ന് പറഞ്ഞു കെട്ട്യോള് അയിത്തം കല്‍പ്പിച്ച മ്മളെ ജീന്‍സ് ന്നെ നോക്കി നല്ലൊരു ചിരി ചിരിച്ചു..
മഴവെള്ളത്തീ അര്‍മാദിച്ചു നടന്ന കാലുകളീ ഷൂവും സോക്സും വന്ന് കേറുന്നതില് മോനും മോളും നീരസത്തിലാ...വീട്ടിന്നടുത്തെ ഇടവഴിയിലെ വെള്ളപ്പാച്ചിലും കുഞ്ഞു മീന്‍ കൂട്ടങ്ങളും മരണമണി കാത്തു കിടക്കുകയാ...
തറവാട്ടീ ചെന്നപ്പോ അമ്മ രാമായണം പൊടി തട്ടി എടുത്ത് വെക്കുകയാ..
മൂപ്പര് ഇനി വീട്ടില് അമ്മദ്ക്കാന്‍റെയടുത്തൂന്ന് മീന്‍ വാങ്ങി ത്തുടങ്ങും...
മുളകിട്ടതും..തേങ്ങയരച്ചതുമായ്
ആ കറികളുടെ കടുകിട്ട് വറക്കുന്ന ആ മണമിനി തിരിച്ചു വരും...
മുരിങ്ങാ ചപ്പും ചക്കക്കുരൂം ഇനി അടുത്ത കര്‍ക്കിടകത്തിലേക്ക്....
കോലായിലെ അച്ഛന്‍റെ ഫോട്ടോയിലെ മറവീ വല നെയ്ത വണ്ണാച്ചനും , ചുമരിലെ മൂലക്ക് മഴത്തിരക്കിനിടയീ മണ്ണോണ്ട് കൂടുണ്ടാക്കിയ വേട്ടാളനും നിഷ്കരുണം അടിച്ചോടിക്കപ്പെട്ടു.
ഓണപ്പരീക്ഷേന്‍റെ ടൈം ടേബിള് കാണിക്കാന്‍ മക്കള് രണ്ടാളും തിരക്ക് കൂട്ടി..
പഠിത്തമെങ്ങിനെ ?
ഉത്തരം പറയാന്‍ രണ്ടാളും തിരക്ക് കൂട്ടിയില്ല...പകരം ഒരു കര്‍ക്കിടക ച്ചിരി ചിരിച്ചു .കല്യാണ്‍ന്ന് പേരുള്ള ഒരു വല്യ പീടികേല് കര്‍ക്കിടക കിഴിവ് കച്ചോടംണ്ട്ന്ന് ഭാര്യ പറഞ്ഞു ...
അങ്ങിനെ ഓണത്തിന് വാരിച്ചുറ്റാനുള്ളത് കെട്ട്യോള്‍ക്കും കുട്ട്യോള്‍ക്കും ആയി..ഇനി എന്‍റമ്മയും ഓള്‍ടെ അമ്മയും കൂടി ഒത്തൊരുമിച്ചാ മക്കള്‍ക്ക് ഒന്നൂടെ കുശാലായ്.
അങ്ങിനെ ഞങ്ങള് നാലാളും..ചിങ്ങത്തെ വരവേല്‍ക്കുകയാട്ടോ..
തറവാട്ട് കാവില് ചെല്ലണം..
അന്തിത്തിരികത്തിക്കണം...
മുത്തപ്പന്‍റെ അടുത്ത് മുട്ടിപ്പായ് പ്രാര്‍ത്ഥിക്കണം.കര്‍ക്കിടകത്തില് മഴയോട് കഥ പറഞ്ഞു ഒത്തും ഒപ്പിച്ചും പോയത് പോലെ ഈ മലയാള പുതു വര്‍ക്ഷത്തിലും തട്ടീം മുട്ടീം പോകാനായ് പറ്റണേ മുത്തപ്പാ..
By: santhosh babu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo