
AjoyKumar
അച്ഛാ ഇന്ന് രാത്രി ഹോട്ടലി പോവാം" മാസത്തിൽ ഒരു പത്തു ദിവസമെങ്കിലും അച്ചുവും കിച്ചുവും ചോദിക്കാറുള്ള ചോദ്യം ആണ് ഇത് ,
മിക്കവാറും വാങ്ങാറുള്ള പാഴ്സലിനു പുറമേ ആണ് ഈ ഹോട്ടലിൽ പോക്ക്,അങ്ങനെ ഇത്തവണ പോകാൻ തീരുമാനിച്ചത് ഇത് വരെ പോകാത്ത ഒരു ഹോട്ടലിൽ ആണ്, പഴയ ഏതോ കൊട്ടാരം പൊടി തട്ടി എടുത്തു പെയിന്റ് ഒക്കെ അടിച്ചു ഉണ്ടാക്കിയതാണ് പോലും ഈ ഹോട്ടൽ, സംഗതി ക്ലാസ് ആണത്രേ,
ഞാൻ പറഞ്ഞു പോക്കറ്റ് കീറും മക്കളെ,
സാരമില്ല, എന്നാലും പോയെ പറ്റു എന്നായി അവന്മാർ, അപ്പോൾ ആണ് ഞാൻ ഓർത്തത് ,എന്റെ ഒരു സഹപ്രവർത്തക ഈയിടെ തന്റെ കെട്ടിയോൻ ആവാൻ പോകുന്ന ആളുമായി അവിടെ പോയിരുന്ന കാര്യം,ഞാൻ ഉടനെ ആളെ വിളിച്ചു,
ഹെലോ, രേഷ്‌മാ, നമ്മുടെ മറ്റേ ആ കൊട്ടാരം ഹോട്ടൽ എങ്ങനെ ഉണ്ട്?
ബെസ്റ്റല്ലേ സാർ , കലക്കൻ ആംബിയൻസ്
അതല്ല ,കാശ് ,കാശ്,
സോ ചീപ്പ് ,ഞങ്ങൾക്ക് രണ്ടു പേർക്കും കൂടി വെറും അഞ്ഞൂറ് രൂപ ,സാർ ഗോ ആൻഡ് കലക്ക്
ശെരി, എന്നാൽ ഓക്കേ, കമാണ്‍ ഗെറ്റ് റെഡി ഏവരിബാടി ഞാൻ അലറി ,
കൃത്യം അര മണിക്കൂറിനു ശേഷം ഒരുങ്ങിക്കെട്ടി ഞങ്ങൾ കൊട്ടാരത്തിൽ എത്തി, നേരത്തെ ബുക്ക് ചെയ്തിരുന്ന ടേബിളിൽ ഉപവിഷ്ട്ടരായി ,അത് കൊട്ടാരത്തിനകത്തല്ല , പുറത്തു തോട്ടത്തിൽ
ആരവിടെയിൻ ....അങ്ങനെ വിളിച്ചാലേ അവിടെ ബെയറർ വരൂ,
ഉണർത്തിച്ചാലും
ആരെ?
അതല്ല, ഭുജിക്കാൻ എന്ത് വേണം എന്ന് അരുളിച്ചെയ്താലും .
മെനു നോക്കീട്ടു ഉരുളിച്ചെയ്യാം ,ഞാൻ പറഞ്ഞു ,
ഒരു താലത്തിൽ വെച്ച് നീട്ടിയ മെനു എടുത്തു നോക്കീട്ടു ഒരു വസ്തു കണ്ടൂടാ, കണ്ണ് കാണാതായി എന്നുള്ള രഹസ്യം മറച്ചു വെച്ച് കാലങ്ങളായി ഞാൻ കണ്ണാടി വെക്കാതെ ആണല്ലോ നടപ്പ് , ഞാൻ കാലത്തേ പേപ്പർ ഒക്കെ വായിക്കുമ്പോൾ ശ്യാമ എല്ലാരോടും പറയും,ഹോ ഈ അജോയ് ഇത് വരെ കണ്ണാടി വെച്ചിട്ടില്ല, പേപ്പർ നിറയെ അക്ഷരങ്ങൾക്ക് പകരം ഉറുമ്പുകളെ ആണ് ഞാൻ കാണുന്നത് എന്ന് ശ്യാമക്ക് അറിയില്ലല്ലോ
അങ്ങനെ ഞാൻ മെനു അച്ചുവിനും കിച്ചുവിനും കൊടുത്തു,എന്തരു വേണോ പറയ്
ഗ്രേറ്റ് ഡാഡ് ,അവന്മാർ പറഞ്ഞു, ഇന്ന് വരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത സാധനങ്ങൾ ഒക്കെ അവന്മാർ ഓർഡർ ചെയ്തു
ആഹാരം വരാൻ ഉള്ള ഗ്യാപ്പിൽ ഞങ്ങൾ കൊട്ടാരം ചുറ്റി നടന്നു കണ്ടു, അവരുടെ ഗൈഡ് കൂടെ വരും, നമുക്ക് വേണമെങ്കിൽ രാജാവ് ഇരുന്നിരുന്ന സിംഹാസനത്തിൽ ഇരുന്നു കഴിക്കാം,ആടിയിരുന്ന ഊഞ്ഞാലിൽ ഇരുന്നു കഴിക്കാം,യുദ്ധം വരുമ്പോൾ രാജാവ് ഓടി നടന്നു കഴിക്കുംപോലെയും കഴിക്കാം,
അങ്ങനെ ഒക്കെ ഇരുന്ന് ഓരോരുത്തർ കഴിക്കുന്നുണ്ട്,ആഹാരം വയറ്റിൽ പിടിച്ചില്ലെങ്കിൽ രാജാവ് ഉപയോഗിച്ചിരുന്ന കക്കൂസ് ഉപയോഗിക്കാമോ? ഞാൻ ചോദിച്ചു, ആരും മറുപടി പറഞ്ഞില്ല
അങ്ങനെ വീണ്ടും ഞങ്ങൾ തിരികെ ഉദ്യാനത്തിൽ എത്തി ആസനസ്ഥരായി,അവിടെ ഒരാൾ ഇരുന്ന് ഓടക്കുഴൽ വായിക്കുന്നു, അയാളുടെ മുന്നിൽ ഇരുന്ന് ഓരോരുത്തർ ചിക്കൻ കടിച്ചു പറിക്കുന്നത് കണ്ടിട്ട് ഓടക്കുഴലിലൂടെ പാട്ടിനു പകരം തുപ്പൽ ആണ് വരുന്നത്,
ഞങ്ങൾ ഇരിക്കുന്നതിനു രണ്ടു വശവും വെള്ളം ആണ്,ഒരു സിംഹത്തിന്റെ വായിലൂടെ വെള്ളം അതിൽ വന്നു വീഴുന്നു,വെള്ളത്തിൽ താമരയും മീനും എല്ലാം ഉണ്ട്,
പള്ളി നീരാട്ടിനു പറ്റിയ സ്ഥലം ,ഞാൻ ശ്യാമയോടു പറഞ്ഞു,എന്നെങ്കിലും പുതിയ വീട് വെക്കുമ്പോൾ ഇങ്ങനെ ഒരു കുളം വേണം,
അങ്ങനെ ആഹാരം വന്നു,വെള്ളിത്തളികകളിൽ വിളമ്പിയ ആഹാരം എല്ലാരും വെട്ടി വിഴുങ്ങി,നല്ല ടെയിസ്റ്റ് ഉണ്ട്, ആഹാര ശേഷം ഞാൻ പല്ലിട കുത്തിക്കൊണ്ടിരുന്നപ്പോൾ ,ഭും എന്ന് പറഞ്ഞു പുറകിൽ ഒരു ശബ്ദം,ആരോ വന്നു തീ കത്തിക്കുന്നു,
ഞാൻ എണീറ്റ് ഓടാൻ പോയപ്പോൾ അച്ചു പറഞ്ഞു, പേടിക്കണ്ട അച്ഛാ,അത് ഒരു തരം ഡെസെർട്ട് ആണ്, ഞാൻ ഓർഡർ ചെയ്തത്,ആൽകഹോൾ ഒഴിച്ച് കത്തിച്ചാണ് തരുന്നത്,
ആ ആൽകഹോൾ കത്തിക്കാതെ ഇങ്ങു തന്നാൽ മതിയായിരുന്നു, ഞാൻ മനസ്സിൽ കരുതി, അതും കഴിച്ചു കഴിഞ്ഞപ്പോൾ ആണ് ബിൽ വന്നത് ,എടുത്തു കണ്ണിനടുത്ത് വെച്ച് നോക്കിയിട്ടും ഒന്നും കണ്ടു കൂടാ, ഞാൻ വെറുതെ പറഞ്ഞു, സോ ചീപ്പ് റേറ്റ്സ് ,
അപ്പോൾ ശ്യാമ ബിൽ വാങ്ങി നോക്കി,എന്റമ്മച്ചീ എന്നൊരു വിളിയും,ഞാൻ പറഞ്ഞു സോ ചീപ്പ് റേറ്റ്സ് അല്ലെ ശ്യാമേ, നമുക്ക് ഇനി ഇടയ്ക്കിടയ്ക്ക് വരാം ,അല്ലെ
സോ ചീപ്പോ? നിങ്ങടെ ഒരു മാസത്തെ ശമ്പളം ആണ് ബിൽ,
എന്റമ്മേ എന്നൊരു വിളിയോടെ ഞാൻ എന്റെ സിംഹാസനവുമായി മറിഞ്ഞു കുളത്തിൽ വീണു,ബ്ലുക്ക്,
അയ്യയ്യോ,ഓടി വരണേ.ശ്യാമയും അച്ചുവും കിച്ചുവും അലറി വിളിച്ചു,ആരും വന്നില്ല,കാരണം ആരവിടെയിൻ എന്ന് വിളിച്ചാലേ വരൂ
രണ്ടു കാലും പൊങ്ങി നിന്നത് കാരണം അച്ചുവും കിച്ചുവും കൂടി എന്നെ പൊക്കി എടുത്തു.കുറച്ചു കഴിഞ്ഞ് ഞാൻ സഹപ്രവർത്തകയെ വിളിച്ചു,
ഈ ഹോട്ടലിൽ റേറ്റ് സോ ചീപ്പ് എന്നല്ലേ പറഞ്ഞത്
അതെ
നിങ്ങൾ അന്ന് എന്താണ് കഴിച്ചത്
ഞങ്ങൾ അധികം ഒന്നും കഴിച്ചില്ല
എന്നാലും?
രണ്ടു നാരങ്ങ വെള്ളവും കഴിച്ച് കണ്ണിൽ കണ്ണിൽ നോക്കി ഇരുന്നു രണ്ടു മണിക്കൂർ
അപ്പൊ രണ്ടു നാരങ്ങ വെള്ളത്തിനായിരുന്നോ വെറും അഞ്ഞൂറ് രൂപ ?
ഉം.,സാർ ഇപ്പൊ എവിടെ ?
ഞാൻ ആ ഹോട്ടലിൽ തന്നെ, ശ്യാമയും പിള്ളേരും പോയി
ഒറ്റയ്ക്ക് എന്ത് ചെയ്യുന്നു
തബല കൊട്ടുന്നു,
ങേ ?
ഇവിടെ മാവ് ആട്ടുന്ന പരിപാടി ഇല്ലാന്ന് ,പകരം ഓടക്കുഴൽ വായിക്കുന്ന ആളിന്റെ അടുത്തിരുന്ന് തബല കൊട്ടാൻ പറഞ്ഞു
അതിനു സാറിനു തബല കൊട്ടാൻ അറിയാമോ?
ഇല്ല, പക്ഷെ ഇത്തരം ഒരു അവസരത്തിൽ ആരും കൊട്ടിപ്പോകും,ബാക്കി ഞാൻ നേരിൽ വന്നിട്ട് പറയാമെ ,അടുത്ത പാട്ട് തുടങ്ങാൻ സമയമായി , വെക്കട്ടെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക