ഥപ്പട്.
ഒരു നൂറായിരം കഥ ശൊല്ലട്ടുമാ..?
ഒരു ഭാര്യയും, ഭർത്താവും അവരുടെ കുഞ്ഞുങ്ങളും.
അല്ലെങ്കിൽ കുഞ്ഞുങ്ങൾ അവിടെ നിൽക്കട്ടെ പിന്നീട് ആവശ്യം വരും.
ഒരു ഭാര്യയും ഭർത്താവും രാവിലെ ഉറക്കച്ചടവോടെ ഉണരുന്നു.
ജോലിക്കിറങ്ങുന്ന ഭർത്താവിനോട് ഭാര്യ ചോദിക്കുന്നു.
"അതേയ് ഇന്നു രാത്രി വരുമ്പോൾ ബിരിയാണി വാങ്ങി കൊണ്ടു വരുമോ?"
"നീ ബിരിയാണിയേ തിന്നുകയുള്ളോ?
ഇവിടുള്ള കഞ്ഞി എന്തെങ്കിലും കുടിച്ചാൽ മതി കേട്ടോടി.. "
പിന്നൊരു തെറിയും, കവിളിൽ ഒരടിയും അത് സംഭാഷണത്തിൻ്റെ രീതി പോലെ ചേർക്കാം.
നാശം പിടിച്ചവൾ പൈസ തീർക്കാൻ മാത്രം വാ തുറക്കുന്നു.
എന്ന് പറഞ്ഞ് അയാൾ പുറത്തേക്ക് പോകുന്നു.
ഒന്നുകിൽ അവഗണനയുടെ അങ്ങേയറ്റം അവതരിപ്പിക്കണം. അല്ലെങ്കിൽ ആവശ്യമില്ലാതെ തല്ലുകൊള്ളാനുള്ള സാഹചര്യം നിർമ്മിക്കണം.
അവൾ കണ്ണീരുണങ്ങിയ കവിളുകളും തുടച്ച് വീട്ടുജോലിയെല്ലാം തീർത്ത് അവനെ കാത്തിരിക്കുന്നു.
അവന് ഏറ്റവും ഇഷ്ടമുള്ള പാൽപ്പായസവും ഉണ്ടാക്കി വച്ചിട്ടാണ് അവൾ നോക്കിയിരിക്കുന്നത്. വൈകുന്നേരം വാതിലിൽ അവൻ മുട്ടുമ്പോൾ അവൾ പ്രാർത്ഥിച്ചു.
"ദൈവമെ ഇന്നെങ്കിലും കുടിക്കാതെ വരണേ"
അവൾ വാതിൽ തുറന്നു. പുറത്ത് അവൻ ഉണ്ട്
മദ്യപിച്ചിട്ടില്ല. അവൻ ചിരിച്ചു.
കൈയ്യിലെ ബിരിയാണി പൊതി അവൾക്ക് നൽകുന്നു.
അവൾ പാൽപ്പായസവും അവനു വിളമ്പി.
നിറഞ്ഞൊഴുകിയ അവളുടെ കവിളുകളിൽ അവൻ തലോടി. ചുണ്ടുകൾ ചേർത്തുമ്മ വച്ചു. കവിളിൽ നിന്ന് ചുണ്ടുകൾ ചുണ്ടോട് ചേർന്നു.
അവൻ അവളെ ഇരു കൈകളിലും കോരിയെടുത്തു.
മുറിയ്ക്കുള്ളിലെ ഇരുട്ടിൽ ജാലകപ്പഴുതിലൂടെ അകത്ത് കടന്ന പൂർണ്ണചന്ദ്രൻ്റെ വെളിച്ചം മാത്രം.
ഫാനിൻ്റെ കാറ്റിന് അനുസൃതമായി മുറിയിലെ കട്ടിലിൻ്റെ ക ര കര ശബ്ദം അലിഞ്ഞു ചേർന്നു.
"നിർത്ത് നിർത്ത്.
കുറെ നേരമായല്ലോ?
ഇതെന്ത് കഥ.
ഇതാണോ കഥ."
അതെ, ഇതൊരു കഥയല്ല. ഇതാണ് കഥകൾ
ഇനി ഇതിൽ ബിരിയാണിക്ക് പകരം സാരിയാകാം, വൈരമാലയാകാം, പാദസരമാകാം, മൂക്കൂത്തിയാകാം, സിനിമയ്ക്ക് പോക്കാകാം, വീട്ടിൽ അമ്മയെ കാണാൻ പോകുന്നതാകാം.
ആദ്യം മാറ്റി നിർത്തിയ കുഞ്ഞുങ്ങളുണ്ടല്ലോ?
അതും ഇങ്ങോട്ടെടുക്കാം. കുട്ടികളില്ലാത്ത ദമ്പതികൾക്കിടയിലേക്ക് അവൻ ദത്തെടുത്ത് കൊണ്ടുവരുന്ന കുഞ്ഞാകാം.
പിറന്നാൾ വിവാഹ വാർഷിക സമ്മാനങ്ങളാകാം.
എന്തായാലും, അങ്ങേയറ്റം അവഗണന or ഒരു തല്ലുമേടിക്കൽ ആദ്യം വാങ്ങിക്കൂട്ടണം.
അവൾ അവന് ഇഷ്ട്ടപ്പെട്ട ഷർട്ട് ,ഷൂസ്, വാച്ച്, ബുള്ളറ്റ്, കാർ അങ്ങനെ എന്തെങ്കിലുമായി കാത്തിരിക്കട്ടെ.
പിന്നെ ഇവരുടെ പശ്ച്ചാത്തലങ്ങൾ മാറണം.
ഇവർ കൃഷിക്കാരായ ദമ്പതികളാകാം, ഫ്ലാറ്റിൽ താമസിക്കുന്ന ഐ ടി പ്രാഫഷണൽസ് ആകാം,
ഗവൺമെൻ്റ് ഉദ്യോഗസ്ഥർ പോലീസ്, ഡോക്ടർ, കളക്ടർ അങ്ങനെയങ്ങനെ ഏതുമാകാം.
പിന്നെ ഇവരെ പേരുകൾ മാറുന്നതിനനുസരിച്ച് മതം മാറ്റി ക്രിസ്ത്യാനിയും, മുസ്ലീമും, ഹിന്ദുവുമാക്കാം.
കഥ നടക്കുന്നത് കാട്ടിലും നാട്ടിലും അമേരിക്കയിലുമൊക്കെ ആകാം.
പശ്ച്ചാത്തലങ്ങൾ കഴിവ് പോലെ മാറ്റി മാറ്റി ഒരുക്കാം.
പക്ഷെ ഒന്നുണ്ട്. അവഗണന or തല്ല് ഇതിൽ തുടങ്ങി കഥ തീരുമ്പോൾ
കെട്ടിപ്പിടി, കോരിയെടുക്കൽ, ചുണ്ടുകൾ ചേരൽ, കട്ടിലിൻ്റെ കര കര ശബ്ദം ഇത് must ആണ്.
നൂറായിരം കഥകൾ റെഡി.
ഇനിയിതിന് മറ്റു വർണ്ണങ്ങൾ കൂടെ ചാർത്തി നോക്കിയാലോ?
ഈ രണ്ടു പേർക്കിടയിൽ ഒരാൾ കൂടെ കടന്നു വന്നാൽ, പിന്നെ അതൊരു പ്രണയമോ അവിഹിതമോ ആകുന്നു.
പ്രണയമാണേൽ പിന്നെ അതൊരു നഷ്ടപ്രണയവും വിട്ടു കൊടുക്കലുമൊക്കെ ആയി അവസാനിപ്പിക്കാം.
അവിഹിതമാണേൽ പിന്നെ അതൊരു ആത്മഹത്യയോ കൊലപാതകത്തിലോ ഒക്കെ അവസാനിപ്പിച്ച്, ഒരു കുറ്റാന്വേഷണത്തിലേക്ക് കടക്കാം. ഇനി ഇതിൽ ഒരാൾ കൂടെ ചേർന്ന് നാലു പേരായാലോ?
നാലായാൽ സമാന്തര നാല് രേഖകളിൽ ഒന്നും മൂന്നും, രണ്ടും നാലും ഒരേ പാതയിൽ ഒരുമിച്ച് കടത്തിവിട്ട് പ്രണയസാഫല്യങ്ങളുമാക്കാം.
ഇനി അതെല്ലാം പോട്ടെ, മറ്റൊരു വർണ്ണം പൂശി നോക്കാം.
എഴുത്തിൽ ആദ്യം പറഞ്ഞ കവിളിൽ കൊടുക്കുന്ന തല്ല്.
അതും കഴിഞ്ഞ് പുറത്ത് പോകുന്ന ഭർത്താവ്.
അയാൾ തിരികെയെത്തുമ്പോൾ അവൾ പെട്ടിയും പ്രമാണവും ചുരുട്ടി കെട്ടി അവളുടെ വീട്ടിലേക്ക് പോയിട്ടുണ്ടാകും.
അവൾ ഇല്ലാതെ ജീവിക്കാൻ ശ്രമിച്ച അയാൾ ഒടുവിൽ പരാജിതനായി അവളുടെ മുന്നിൽ ചെല്ലുന്നു. അപ്പോൾ അവൾ പകുതിയിൽ നിർത്തിയ പഠിപ്പ് തുടർന്നു.
പാസ്സായിജോലിക്കാരിയായിട്ടുണ്ടാകും
അല്ലെങ്കിൽ തയ്യൽ മെഷീനുമായി സ്വയം തൊഴിൽ കണ്ടെത്തി ജീവിച്ചു തുടങ്ങിയിട്ടുണ്ടാകും.
അതും അല്ലെങ്കിൽ ട്യൂഷൻ ക്ലാസ്സ് തുടങ്ങിയിട്ടുണ്ടാകും.
ട്യൂഷൻ ആണെങ്കിൽ ഡാൻസ് ആണ് ട്രൻ്റ്.
അനേകം ശിഷ്യഗണങ്ങളുടെ നൃത്താധ്യാപികയായി ലക്ഷങ്ങൾ മാസവരുമാനവും ലോകം അറിയുന്നൊരു നർത്തകിവരെയാക്കി മാറ്റാം അവളെ.
അത് പശ്ചാത്തലങ്ങൾക്കനുസൃതമായിക്കോട്ടെ.
അങ്ങനെ ഇരിക്കുമ്പോഴാണ് കുളിക്കാതെയും നനയ്ക്കാതെയും അവശനായുള്ള നായകൻ്റെ വരവ്.
(ഇത് കഥയാണ്, ഇവിടെ അവൻ സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്തവനും, അവളില്ലാതെ ജീവിക്കാൻ മാർഗ്ഗമില്ലാത്തവനുമാകണം.
മറ്റു ചോദ്യങ്ങളില്ല.)
അവിടെയും അവൻ അവളോട് പറയുന്നത്
"കഴിഞ്ഞതൊക്കെ പോട്ടെ എല്ലാം ഞാൻ മറക്കാം നീ വാ നമുക്ക് വീട്ടിലേക് പോകാം " എന്നായിരിക്കും.
"എന്ത് പോട്ടെ..? എന്തു മറക്കാമെന്ന്."
ഇപ്പോൾ അവൾ സ്വന്തമായി വരുമാനം സമ്പാദിച്ചു. സ്വന്തം കാലിൽ നിൽക്കുന്നു.
തല്ലുകൊള്ളാനും വിഴുപ്പലക്കാനുമുള്ള ഒരു യന്ത്രം മാത്രമായി ഞാൻ ഇനി വരുന്നില്ല.
നിഷ്ക്കരുണം അവൾ അവൻ്റെ ആഞ്ജയെ തിരസ്ക്കരിക്കുന്നു.
മൂഞ്ചിത്തെറ്റി അവൻ തിരിച്ചു നടക്കുന്നു.
പുറകിലൊരു ദു:ഖ സംഗീതം കൂടെ കൊടുക്കുമ്പോൾ അതവിടെ പൂർത്തിയാകും.
(ഇത് കഥയാണ്. ഇവിടെ അവന് ഇനി മറ്റൊരു നല്ല പങ്കാളിയെ കിട്ടില്ലേ? ഒറ്റയ്ക്ക് ആയാൽ അവനെന്താ ജീവിക്കില്ലേ? എന്നുള്ള ചോദ്യങ്ങളൊന്നുമില്ല.)
ഈ ഭാഗം പറയുമ്പോഴാണ് എഴുത്തിൽ കൊടുത്തിരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട കഥ വരുന്നത്.
'ഥപ്പട് ' എന്ന ഹിന്ദി സിനിമയിലെ ചിത്രമാണത്.
പ്രണയാർദ്രമായി എന്നു തന്നെ പറയാം, ഏതൊരു അസ്വാരസ്യങ്ങളുമില്ലാതെ സുഖമായി ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന രണ്ട് യുവദമ്പതികൾ.
ഒരു പാർട്ടിയ്ക്കിടയിൽ വച്ച് ജോലി സംബന്ധമായ വിഷയത്തിൽ മാനസിക സമ്മർദ്ദത്തിലും, മദ്യലഹരിയിലും ആയ ഭർത്താവിനെ ഒരു വഴക്കിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന ഭാര്യയെ പെട്ടെന്നുള്ള ദേഷ്യത്തിൽ അവൻ തല്ലിപ്പോകുകയാണ്.
കണ്ടു നിന്നവരെല്ലാം ശ്രദ്ധിക്കുന്നു. അവൾ എല്ലാപേരുടെയും മുന്നിൽ അപഹാസ്യയായി നിൽക്കേണ്ടി വരുന്നു.
ചിത്രം കണ്ടിരിക്കുന്ന നമ്മുടെ മനസ്സും പെട്ടെന്നൊന്ന് തല്ല് കൊണ്ടതു പോലെയായി പോകുന്നു.
അടുത്ത ദിവസം രാവിലെ ഉറക്കം ഉണർന്ന അവൻ അവളുടെ അരികിലേക്ക് ചെല്ലുന്നതാണ് സീൻ.
ഒരു രാത്രി കൊണ്ട് പെട്ടെന്ന് നിശബ്ദയും, നിസ്സംഗയുമായിപ്പോയ അവളുടെ അരികിൽ അവൻ എത്തുന്നു.
ഒരു കൈ കൊണ്ട് അവളെ ചേർത്തു പിടിച്ചു.
അവളുടെ തോളിലേക്ക് അവൻ ചാരി നിൽക്കുന്നു.
അവളും അവനെ ചേർത്തു പിടിക്കുന്നുണ്ട്.
കണ്ടിരിക്കുന്ന നമ്മളിൽ അവൻ അവളോട് ഇപ്പൊ പറയും എന്ന് പ്രതീക്ഷിക്കുന്നൊരു വാക്കും, സംഭാഷണവുമുണ്ട്.
"ക്ഷമിക്കണം അമ്മൂ ഇന്നലെ പെട്ടെന്നുള്ള ദേഷ്യത്തിൽ എനിക്ക് അറിയാതെ സംഭവിച്ചു പോയതാണ്. നീ എന്നോട് ക്ഷമിക്കണം. ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാകില്ല."
പക്ഷേ ചിത്രത്തിലെ കഥയിൽ അവൻ അങ്ങനെ പറയാനായി എഴുതി വച്ചിട്ടുണ്ടായിരുന്നില്ല.
അവളും അതായിരിക്കും പ്രതീക്ഷിച്ചിരുന്നതും.
ഫലം, കഥയുടെ ഗതി മാറുന്നു.
ജീവിതത്തിൻ്റെയും.
ഒറ്റ വാക്കിൻ്റെ അവളുടെ പ്രതീക്ഷയിലും, അതു മറന്നു പോയ അവൻ്റെ മറുപടിയില്ലായ്മയിലും പെണ്ണിൻ്റെ മനസ്സിൻ്റെ ദൃഢനിശ്ചയത്തിന് മുന്നിൽ അവന് വേർപിരിഞ്ഞ് പോകേണ്ടി വരുന്നു.
പറഞ്ഞ് വന്നത് ഒരു കഥ പശ്ച്ചാത്തലങ്ങൾ
മാറി മാറി നൂറായിരം ആയി വന്നാലും,
എപ്പൊഴും തല്ലാൻ അവനും തല്ലുകൊള്ളാൻ അവളും മാത്രമാണെങ്കിലും,
അതിൽ പരാജിതനും തല്ലുന്ന നീ തന്നെ ആയിരിക്കും.
അതുകൊണ്ട് തൽക്കാലം തല്ല് വേണ്ട. ബിരിയാണിയും മേടിച്ച് തിന്ന്
കര കര ശബ്ദവുമായി കഴിയാൻ നോക്കിക്കോ
കാലം മാറിപ്പോയി.
കരുത്ത് കൊണ്ട് നേടുന്നത് കാടിൻ്റെ നിയമം എന്നല്ലേ?
ഇവിടെ നമുക്ക് സ്നേഹം കൊണ്ട്
നേടാം
ജെ...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക