നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഥ : ആ മഞ്ഞുകാലം

"മരണം അത്രമേൽ മനോഹരമായത് കൊണ്ടാകാം പോയവർ ആരും തിരികെ വരാത്തത്..."
എവിടെയോ വായിച്ചത് പെട്ടെന്ന് നന്ദൻ്റെ ഓർമ്മയിലേയ്ക്ക് വന്നു.
'അല്ലെങ്കിൽ തന്നെ കിട്ടുമെന്ന് ഉറപ്പുള്ളത് മരണം മാത്രമല്ലേയുള്ളു,
ചിലപ്പോൾ ഒളിച്ചും പതുങ്ങിയും പിന്നാലെനടക്കുന്ന,
നിഴലായി 
നിശബ്ദമായ് കൂട്ടിക്കൊണ്ട് മറയുന്ന കോമാളി.
പക്ഷെ അത് എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള  അവകാശം പോലും നിഷേധിക്കപ്പെട്ട മനുഷ്യരുമുണ്ട്.

'എന്താ.., 
എന്തെങ്കിലും 
ആലോചിക്കുകയാണോ ' ?

ദീപയുടെ ചോദ്യം കേട്ടാണ് നന്ദൻ ഓർമ്മയിൽ നിന്നുണർന്നത്.
നന്ദൻ അവളുടെ മുഖത്തേയ്ക്ക് നോക്കി.
ഇരുട്ടിൽ ദീപയുടെ മുഖം വ്യക്തമായിരുന്നില്ല.
എങ്കിലും അവളെ ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു.
നന്ദൻ്റെ ശരീരത്തിലേയ്ക്ക് പറ്റി ചേർന്നാണ് അവൾ ഇരുന്നിരുന്നത്.
ചിറകുകൾക്കിടയിൽ  ചേർന്നിരിക്കുന്ന പക്ഷിക്കുഞ്ഞിനെപ്പോലെ,
അവളുടെ നിശ്വാസങ്ങൾ 
ആ ഇരുട്ടിൽ ഹൃദയം കീറി മുറിക്കുന്നതായി നന്ദന് തോന്നി.
അവൾ ശിരസ് നന്ദൻ്റെ ചുമലിലേയ്ക്ക് ചാരി എന്തായിരിക്കും  ചിന്തിച്ചിരിക്കുക...?

'ഇല്ലാ ഒന്നുമില്ല'..

പറഞ്ഞത് കള്ളമാണെങ്കിലും അതവൾക്ക് മനസിലായിട്ടുണ്ടാവില്ല 
എന്ന് നന്ദന് തോന്നി.
അല്ലെങ്കിൽ മനസിലായാൽ തന്നെ ബോധപൂർവ്വം ഒളിപ്പിക്കുന്ന
ഒരു സ്വഭാവം അവളിൽ ഉണ്ടെന്ന് നന്ദനറിയാമായിരുന്നു.
നിഷ്കളങ്കമായ
ശൂന്യമായ
ഹൃദയമുള്ളവർക്കെ അങ്ങനെ സാധിക്കുകയുള്ളു.
മനസിലോർത്തു.

മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.
നന്ദൻ ഓട്ടോയുടെ സൈഡ് 
കർട്ടൻ അൽപ്പം മാറ്റി പുറത്തേയ്ക്ക് നോക്കി.
എപ്പോഴോ പോയ കറണ്ട്   
വന്നിട്ടില്ല.
റോഡിൽ അങ്ങിങ്ങായി നിറയെ മഴവെള്ളം വെള്ളം കെട്ടിക്കിടക്കുന്നു.
എതിരെ വരുന്ന വാഹനത്തിൻ്റെ പ്രകാശത്തിൽ അവ ചിതറിപ്പോകുന്നത് 
കാണാമായിരുന്നു.
കലിതുള്ളി പെയ്ത മഴ 
ഒരു പട്ടണത്തിൻ്റെ വിശുദ്ധി  
കവർന്നിരിക്കുന്നു.
അങ്കിൽ തന്നെ മനുഷ്യരുടെ,
അവരുടെ ജീവിതങ്ങളെ 
എല്ലാം പെട്ടെന്ന് മാറ്റി മറിക്കാനുള്ള ശേഷി  മഴയ്ക്കുണ്ടല്ലോ ?

കർട്ടനിടയിലൂടെ അകത്തേക്കു തെറിച്ച് വരുന്ന മഴതുള്ളികൾ  മുഖത്തേക്കും ചിതറി  വീഴുന്നുണ്ടായിരുന്നു.ചാറ്റൽ മഴയ്ക്കും,കാറ്റിനും വല്ലാത്ത തണുപ്പ്.
അയാൾ പിറുപിറുത്തു.

ശക്തമായ ഒരു കാറ്റിൽ കർട്ടൻ പിടിവിട്ട് പഴയ പടിയായി.

സാർ,
നിങ്ങൾ പറഞ്ഞ സ്ഥലം ഉടനെ എത്തും.
ഓട്ടോ ഡ്രൈവർ തിരിഞ്ഞ് നോക്കാതെ തന്നെ പറഞ്ഞു.
അൽപ്പദൂരം കൂടി 
ഓട്ടോ ഇടത് വശത്തേയ്ക്ക് തിരിയുന്നത് പോലെ തോന്നി.
കുറെ ദൂരം വീണ്ടും.
ഇപ്പാൾ കയറ്റം കയറുന്നത് പോലെ,

'സാധാരണ ഈ വഴി   റിക്ഷകളൊന്നും ഓട്ടം വരാറില്ല.
സാറ് നിർബന്ധിച്ചത് കൊണ്ടാണ് ഞാൻ വന്നത് തന്നെ.
അതുമല്ല ഇന്ന് പൊതുവെ ഓട്ടവും കുറവായിരുന്നു.
പിന്നെ എതിരെ വല്ല മരങ്ങളും പുഴകി വീണ് കിടന്നാൽ അവിടെ യാത്ര അവസാനിപ്പിക്കാം.
വേണമെങ്കിൽ നടന്ന് പോകാം,
അല്ലെങ്കിൽ തിരികെ വരാം.
മുന്നോട്ട് പോക്ക് എന്തായാലും അസാധ്യമാണ്.
ഓട്ടോ ഡ്രൈവർ ഞങ്ങളോടെന്ന പോലെ പറഞ്ഞു.

എതിരെ വാഹനങ്ങളൊന്നുമില്ല.
നിശബ്ദതയിൽ ഓട്ടോയുടെ ശബ്ദം മാത്രം കേൾക്കാം.
ഓട്ടോയുടെ ഹെഡ് ലൈറ്റിൻ്റെ മങ്ങിയ പ്രകാശത്തിൽ റോഡിന് ഇരുവശത്തുമുള്ള മരക്കൂട്ടങ്ങൾ അവ്യക്തമായി കാണാം.
പ്രക്യതിക്ക് പോലും ഇവിടെ വല്ലാത്ത നിശബ്ദതയും വിജനതയും അനുഭവപ്പെടുന്നത് പോലെ തോന്നി.
മഴ നനഞ്ഞ് തോർന്ന് നിൽക്കുന്ന
മരക്കൂട്ടങ്ങൾ പോലും ഭയപ്പെടുത്തുന്ന പോലെ.

തണുപ്പ് വല്ലാതെ കൂടുന്നുണ്ട്.
ഇട്ടിരിക്കുന്ന കമ്പിളിക്കുപ്പായത്തെയും 
തോൽപ്പിച്ച് ശരീരത്തിലേയ്ക്ക് തണുപ്പ് അരിച്ച് കയറുന്നുണ്ട്.
ഒന്നെത്തിയിരുന്നെങ്കിൽ !
മനസ് അസ്വസ്ഥമാകുന്ന പോലെ തോന്നി..,

ഉറങ്ങിയോ നീ ?
ഇരുട്ടിൽ അവളോടായി ചോദിച്ചു.
'ഇല്ല '
തൊട്ടടുത്താണെങ്കിലും 
പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു.
തണുന്നുണ്ടോ
സ്വെറ്റർ നേരെ പിടിച്ചിട്ട് കൊണ്ട് 
അയാൾ ചോദിച്ചു.

'ചെറുതായിട്ട് '
അവൾ ഒന്നുകൂടി ചേർന്നിരുന്നു.
പിന്നെ ഇരു കൈകൾ കൊണ്ടും 
അയാളുടെ തോളിൽ മുറുകെ പിടിച്ചു.

'സാർ എത്തി'
ഓട്ടോക്കാരൻ്റെ പതിഞ്ഞ ശബ്ദം കേട്ടാണ് ചിന്തയിൽ നിന്ന് ഉണർന്നത്.
മഴയില്‍ കുതിർന്ന വഴിയോരങ്ങൾ പിന്നിട്ടതും, ഏലക്കാടുകളും യൂക്കാലി തോട്ടങ്ങളും കടന്ന് ഇത്ര ദൂരം മല കയറി വന്നത് അറിഞ്ഞതേയില്ല.
ഞങ്ങളെ കാത്ത് ഗെയ്റ്റിനരികില്‍ ആരുമില്ലെങ്കിലും ഗയ്റ്റ് തുറന്നിട്ടിരിക്കുന്നുണ്ടായിരുന്നു.

അവർ ഓട്ടോയിൽ നിന്നിറങ്ങി.
നല്ല തണുപ്പുണ്ട്.
ഇടയ്ക്ക് ഇടയ്ക്ക് ചെറിയ കാറ്റിൽ 
മരം പെയ്യുന്നത് കേൾക്കാം.
മഴയിൽ കുളിച്ച്  
മുറ്റത്തെ പുൽത്തകിടികളിൽ വെള്ളം കെട്ടിക്കിടക്കുന്നു.
 
കുന്നിൻ മുകളിലെ മുപ്പത് ഏക്കറിലെ ബ്രിട്ടീഷ് സായിപ്പിൻ്റെ ബംഗ്ലാവ്. 
ഇപ്പോൾ ഒരു മലയാളിയുടെ ഉടമസ്ഥതയിലാണ്.
തൻ്റെ പ്രീയപ്പെട്ട സുഹൃത്ത് ചങ്ങനാശേരിക്കാരൻ 'കുര്യൻ  മാത്യു 'വിൻ്റെത്.
ഇപ്പോൾ ഇത് ഒഴിഞ്ഞ് കിടക്കുന്നു.
എങ്കിലും അയാൾ വൃത്തിയായി സംരക്ഷിക്കാറുണ്ട്.
ബംഗ്ലാവ് ഒരു ജോലിക്കാരനെ ഏൽപ്പിച്ചിട്ടുണ്ട്.
കുര്യൻ വിദേശത്ത് നിന്ന് നാട്ടിൽ വരുമ്പോൾ കുറെ ദിവസം  ഇവിടെ കാണും.കൂട്ടുകാരോടൊപ്പം,
അപ്പോഴൊരിക്കൽ ഞാനും വന്നിരുന്നു.
പല പ്രാവശ്യം നിർബന്ധിച്ചപ്പോഴാണ് അന്ന് വന്നിരുന്നത്.
ഇത്തരം കൂടിച്ചേരലുകളാട് അത്ര താൽപ്പര്യമില്ലാത്തത് കൊണ്ടാകും
പലപ്പോഴും ഒഴിവാക്കിയതൊക്കെ.,
ഇതിപ്പോ എൻ്റെ രണ്ടാമത്തെ യാത്രയാണ്.
പിന്നീടാണ് അറിഞ്ഞത്,
അല്ലെങ്കിൽ എനിക്ക് മാത്രം തോന്നിയതാകാം.
എത്ര പ്രാവശ്യം ഇവിടെ വരുമ്പോഴും വീണ്ടും വരണമെന്ന് യാത്ര പറയും മുമ്പ് ഒരദൃശ്യ കൈകൾ നമ്മെ തിരികെ വിളിക്കുന്നത് പോലെ തോന്നും.
വീണ്ടും വരണമെന്ന് അറിയാതെ തോന്നിപ്പോകും.

ദൂരെ മലഞ്ചെരുവുകളുടെ ആകാശത്ത് മിന്നലിൻ്റെ പ്രകാശം.
ആ പ്രകാശത്തിൽ മഴ നനഞ്ഞ് നിൽക്കുന്ന ബംഗ്ലാവ് രാത്രിയിൽ ഒരു ഇരുണ്ട കോട്ടയെപ്പോലെ  തോന്നിപ്പിക്കുന്നു.

ഓട്ടോറിക്ഷാ പറഞ്ഞ് വിട്ട് ആ കെട്ടിടത്തിൻ്റെ പൂമുഖത്തേയ്ക്ക് 
കയറിപ്പോഴേയ്ക്കും അരോ പുറത്ത് വന്നുവെന്ന് തോന്നിയത് കൊണ്ടാകാം
വലിയ വാതിൽ തുറക്കുന്ന ശബ്ദവും കേട്ടു.
വലിയ വാതിൽ തുറക്കുന്നത് തന്നെ അൽപ്പം പിടിപ്പത് പണിയാണെന്ന് തോന്നുന്നു.

വാക വാതിൽ തുറന്ന് പുറത്തേക്ക് വന്നത് ശിവരാമേട്ടനാണ്.
ശിവരാമേട്ടനാണ് ഇവിടുത്തെ ജോലിക്കാരനും  കാര്യസ്ഥനുമൊക്കെ.
ശിവരാമൻ്റെ കൈയ്യിൽ ഒരു ചെറിയ എമർജൻസി ലൈറ്റ്,
ഒരു ചെറിയ വടി...,
ങാ..,
താമസിച്ചപ്പോ...
ഇന്നിനി വരില്ലാന്ന് കരുതി.
നാശം...,കറണ്ടുമില്ല....!
ഇനി എപ്പൊ വരുമെന്ന് ആർക്കറിയാം.
മക്കളുമാര് കയറി വാ....

തലമുടികൾ നരച്ച ഒരു മധ്യവയസനാണ് ശിവരാമൻ.
പറയത്തക്ക ആരോഗ്യമോ ശരീരമോ അയാൾക്കില്ല.
ഒറ്റത്തടി.
പണ്ടെന്നോ വിവാഹം കഴിച്ചിട്ടുണ്ടെന്ന് പറയുന്നത് കേട്ടിട്ടുണ്ട്.
ഭാര്യ എവിടെ ?
മക്കളുണ്ടോ ?
ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം ഉണ്ടോ എന്നറിയില്ല.
എന്തായാലും എനിക്കറിയില്ല എന്ന് മാത്രമറിയാം.

വിശാലമായ ഒരു മുറിയിലേയ്ക്കാണ് ഞങ്ങളെ കൊണ്ട് പോയത്.
പഴയ കാല ബ്രീട്ടീഷ് പ്രൗഡി അതേപോലെ നിലനിൽക്കുന്ന മുറി.
ഒരു ഭാഗത്ത് വിറകുകൾ കൂട്ടിയിട്ട് കത്തിക്കാനുള്ള സൗകര്യം.
വിശാലമായ കിടക്ക,

സാറ് വരുമ്പോൾ ഉപയോഗിക്കുന്ന മുറിയാണ്.
നിങ്ങൾക്കിത് തന്നാൽ മതിയെന്ന് 
പ്രത്യേകം പറഞ്ഞിരുന്നു.
മുറിയിൽ നിന്ന് പുറത്തേയ്ക്കിറങ്ങാൻ നേരം ശിവരാമൻ പറഞ്ഞു.

ങാ..!
പിന്നെ, കറണ്ടില്ല.
എപ്പോ വരുമെന്നറിയില്ല.
വന്നാൽ വന്നു.
ഇല്ലെങ്കിൽ ഇല്ല.
ഈ കാടിനും,
മലയ്ക്കും മുകളിൽ 
കറണ്ടുണ്ടോന്ന് ആര് തിരക്കാൻ ?
പിന്നെ ആ കാണുന്നു ചെറിയ സോളാർ 
വെട്ടമെയുള്ളു.
അത് കെടുത്തണ്ടാ.
ചിലപ്പോൾ പിന്നെ കത്താൻ പാടാണ്.
എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി.
ഞാൻ അപ്പുറത്തെ മുറിയിൽ കാണും.
അയാൾ കതക് ചാരി പുറത്തേയ്ക്കിറങ്ങി.

'ശിവരാമേട്ടാ ഒന്ന് നിൽക്കൂ.
ഞാനും വരുന്നു' .
പെട്ടെന്നുള്ള എൻ്റെ വിളി കേട്ട് 
അയാൾ നിന്നു.

നീ,ഡ്രസ് മാറി കിടന്നോളു,
ഞാനപ്പോഴേയ്ക്ക് വരാം.

ഞാൻ ഒരു സിഗരറ്റ്....

ഒരു ചെറിയ ചിരിയോടെ നന്ദൻ അവളോട് പറഞ്ഞു.

ദീപ മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും ഉള്ള നീരസം ഒരു നോട്ടത്തിൽ മാത്രം ഒതുക്കി.

'കതക് ലോക്ക് ചെയ്യേണ്ടാ,
ഞാനപ്പോൾ തന്നെ വരും.'

കതക് ചാരി അയാൾ 
ശിവരാമേട്ടനോടൊപ്പം നടന്നു.

'അല്ലെങ്കിൽ തന്നെ ഈ തണുപ്പിൽ ഒരു സിഗരറ്റ് വലിക്കരുതെന്ന് ഏത് സ്ത്രീയാണ് പറയുക.
അല്ലേ ' ?

എൻ്റെ ചോദ്യത്തിന് ശിവരാമൻ്റെ വക ഒരു മൂളൽ മാത്രം.

'ഇവിടെ ഇരിക്കാം സാറെ',

ആദ്യം കയറി വന്നപ്പോൾ കണ്ട മുൻവശത്തെ ചരുകസേര കാണിച്ച് അയാൾ പറഞ്ഞു.

'സിഗരറ്റ് ' ?

നന്ദൻ സിഗരറ്റ് ഒരെണ്ണമെടുത്ത്  ചുണ്ടുകൾക്കിടയിൽ തിരുകുമ്പോൾ ശിവരാമനോടായി ചോദിച്ചു.

'വേണ്ട സാർ,
എനിക്ക് 'ബീഡി' മതി.
അത് എൻ്റെ കയ്യിൽ തന്നെയുണ്ട്'.

അയാൾ തൻ്റെ സെറ്റർ അൽപ്പം ഉയർത്തി മടിയിൽ തിരുകി വച്ചിരുന്ന ബീഡിയെടുത്ത് ചുണ്ടുകൾക്കിടയിലേയ്ക്ക് വച്ച് കത്തിച്ചു.
എന്നിട്ട് അതിൻ്റെ പുക 
പുറത്തേയ്ക്ക് ഊതി വിട്ടു.
കറ പിടിച്ച അയാളുടെ ചുണ്ടുകളും,പല്ലുകൾ ഇപ്പോൾ വ്യക്തമായി കാണാമായിരുന്നു.

'സാർ മുമ്പും ഇവിടെ വന്നിട്ടുണ്ട് അല്ലേ' ?
അയാൾ ശിവരാമൻ്റെ മുഖത്തേയ്ക്ക് നോക്കിക്കൊണ്ട് ചോദിച്ചു.

'ഒരിക്കൽ,
ഒരിക്കൽ മാത്രം..., '
ഒരു പുക അന്തരീക്ഷത്തിലേയ്ക്ക് ഊതി വിട്ടു കൊണ്ട് നന്ദൻ പറഞ്ഞു.
ഒന്ന് നിർത്തിയിട്ട് ശിവരാമനെ നോക്കി വീണ്ടും തുടർന്നു.

'അല്ല..,
ഈ ഏകാന്തതയിൽ, നിശബ്ദതയിൽ എങ്ങനെ ഒറ്റപ്പെട്ട്  കഴിയുന്നു ..' ?

ശിവരാമൻ തൻ്റെ കറപിടിച്ച
പല്ലുകൾ കാട്ടി ചിരിച്ചു.
എന്നിട്ട് കൈയ്യിലിരുന്ന ടോർച്ച് 
അര ഭിത്തിക്ക് മുകളിലേയ്ക്ക് വച്ചു എന്നിട്ട് ബീഡി ആഞ്ഞ് വലിച്ചു.

'ഈ ചോദ്യം ഞാനിവിടെ വന്ന കാലം മുതൽ കേൾക്കാൻ തുടങ്ങിയതാണ് സാറെ.
ഇപ്പോൾ പത്തിരുപത്തെയെട്ട് കൊല്ലങ്ങളാകുന്നു ഈ മലകയറിയിട്ട്.
അന്ന് വേറെ ഒന്ന് രണ്ട് സാറുമ്മാരായിയിരുന്നു ഇതിൻ്റെ ഉടമസ്ഥർ.
ആരൊക്കെ മാറി മറിഞ്ഞ് വന്നാലും ശരി അന്നും ഇന്നും ഈ കാണുന്നതെല്ലാം ഇതേ പോലെ തന്നെയായിരുന്നു.
ഇവിടേയ്ക്കുള്ള റോഡ് മാത്രം കാട് പിടിച്ച്,പിന്നെ,തകർന്നും  കിടക്കുകയായിരുന്നു.
എല്ലാം ഇപ്പോഴത്തെപ്പോലെ ആക്കിയതിന് പിന്നിൽ കുറെ 
അദ്ധ്വാനത്തിൻ്റെ കഥകൾ ഉണ്ട് സാറെ.

ശിവരാമൻ ഉറക്കെ ചുമച്ചു കൊണ്ട് വീണ്ടും തുടർന്നു.

'ഇവിടെ ആദ്യം വരുമ്പോൾ കുറെ ഭയമൊക്കെ ഉണ്ടായിരുന്നു.
എത്രയോ രാത്രികൾ ഉറങ്ങാതെ
കണ്ണുകൾ തുറന്ന് ഇരുട്ടിലേയ്ക്ക് നോക്കി കിടന്നിട്ടുണ്ടെന്നറിയാമോ ? ഇരുട്ടിലെ ഓരോ ചെറിയ ശബ്ദങ്ങൾ പോലും എനിക്കുള്ള അപകട സൂചനയോ,
മരണ മുന്നറിപ്പായോ തോന്നിയിട്ടുണ്ട്.
ഇറങ്ങി എങ്ങോട്ടെങ്കിലും ഓടിയാലോ എന്നു വരെ ചിന്തിച്ചിട്ടുണ്ട്.
പക്ഷെ അർദ്ധരാത്രിയിൽ  ഇരുട്ടിൽ എവിടേയ്ക്ക് ഓടാൻ...?
ആദ്യം എനിക്ക് ഭയം ഇവിടെ താമസിച്ചിരുന്ന സായിപ്പിനെയും, മദാമ്മയെയും ആയിരുന്നു.
ഇതിനപ്പുറത്തായി സായിപ്പിൻ്റെ കാലത്തെ ഒരു കുതിര ലായമുണ്ട്.
വർഷങ്ങളോളം ഞാനവിടേയ്ക്ക് പോകാറേയില്ലായിരുന്നു.
പല ദിവസങ്ങളും രാത്രി കുതിരയുടെ ശബ്ദം കേൾക്കുന്നത് പോലെ തോന്നും.
പിന്നീടത് അകന്നു പോകുന്നതായി തോന്നും.പിന്നെ മനസിലായി.
എല്ലാം തോന്നലാണെന്ന്.
എന്നും ഇങ്ങനെയൊക്കെ തന്നെയാണെന്ന് മനസിലായതോടെ ഭയമൊക്കെ ഒരു മരവിപ്പായി മാറി.
എന്നോ സായിപ്പും ചത്തു,
മദാമ്മയും ചത്തു.
അതിന് ശേഷം ഇവിടെ താമസിച്ചിരുന്ന എത്രയോ ആളുകൾ മരിച്ചിട്ടുണ്ടാകാം.
അല്ലെങ്കിൽ തന്നെ ഇവിടെ ഇനി ആര് വരാൻ ?
വല്ലപ്പോഴും കുര്യൻ സാറും കൂട്ടുകാരുമൊക്കെ വരും.
അല്ലെങ്കിൽ സാറിൻ്റെ കൂട്ടുകാർ ആരെങ്കിലുമൊക്കെ വരും.
അവർ കുറച്ച് ദിവസം ആഘോഷമായിട്ടൊക്കെ ഇവിടെ കാണും,
അത് കഴിഞ്ഞ് പോകും.
പിന്നെ ഞാനിവിടെ എന്നും ഒറ്റയ്ക്ക് തന്നെ,
വിളിച്ചാൽ ഒന്ന് വിളി കേൾക്കാൻ പോലും ആരുമില്ലാത്ത ഈ  യ്ക്കകത്ത്.

ഇവിടെ അടുത്തെങ്ങും മറ്റു വീടുകളൊന്നുമില്ലേ ?

നന്ദൻ ഇsയ്ക്ക് കയറി ആകാംഷയോടെ ചോദിച്ചു.

വിടുകൾ കവലയ്ക്ക് അടുത്തായി മാത്രമെ ഉള്ളു.
പിന്നെ നിങ്ങൾ ഇവിടേയ്ക്ക് തിരിഞ്ഞിടത്ത് നിന്ന് മറ്റൊരു വഴിയുണ്ട്,
അത് വഴി പോയാൽ ആദിവാസികളുടെ സ്ഥലമാണ്.
അത് ഇവിടെ നിന്ന് കുറച്ച് ദൂരമുണ്ട്.
അവരാരെങ്കിലുമൊക്കെ ഇത് വഴി അപൂർവ്വമായി കടന്നു പോകുന്നത് കാണാം.
ഇവിടെ തൊട്ടപ്പുറത്ത് ആ കുന്നിൻ 
ചെരിവുകളിൽ എപ്പോഴും അലഞ്ഞ് തിരിഞ്ഞ് പശുക്കൾ 
മാത്രം കാണും.
അവറ്റകൾ ഇടയ്ക്കൊക്കെ ഇവിടെയും വരും.
അതിനോടൊക്കെ എന്തെങ്കിലുമൊക്കെ പറയും.
പിന്നെ കുറെ ദൂരം അവറ്റകളോടൊപ്പം നടക്കും.
അപ്പോൾ സമയം തന്നെ പോകുന്നതറിയില്ല.മഞ്ഞും മഴയുമൊക്കെ ആയാൽ അവറ്റകളെയും കാണത്തില്ല.
എത്ര നേരം എന്ന് വെച്ചാ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത്....?
എങ്ങും പോകാനിടമില്ലാത്തവർ ചിലതൊക്കെ സഹിച്ചല്ലേ പറ്റു എന്നതാവാം ഈശ്വര നിശ്ചയം.

അയാൾ ഒരു നെടുവീർപ്പോടെ സംഭാഷണം നിർത്തി
കനിഞ്ഞിരുന്നു.

ഞാനും കുറെയൊക്കെ കേട്ടിട്ടുണ്ട്,
സായിപ്പിനെക്കുറിച്ചുള്ള ചില കഥകളൊക്കെ,
അതും മുമ്പ് ഇവിടെ വന്നപ്പോൾ,
പലതും അവിശ്വസിനീയമായത്
പോലെ...,
അതി സുന്ദരിയായിരുന്ന മദാമ്മ ഭർത്താവായ സായിപ്പിനെ
വെടിവെച്ച് കൊന്നുവെന്നോ ?
ഒടുവിൽ രണ്ട് ദിവസം കഴിഞ്ഞ് 
മദാമ്മ കൊക്കയിൽ ചാടി മരിച്ചു വെന്നോ ഒക്കെ...
പിന്നെ ആ സായിപ്പിൻ്റെയും, മദാമ്മയുടെയും പ്രേതങ്ങൾ ഇവിടെ എവിടെയൊക്കെയോ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ടെന്നുമൊക്കെ,
നന്ദൻ അൽപ്പം അതിശയോക്തി കലർത്തിയാണ് പറഞ്ഞത്.

ഹ..ഹ..ഹ..
ശിവരാമൻ ചിരിച്ചു.
സാറിനോട് ആരാണ് പറഞ്ഞത് ഇതൊക്ക..?
സാറ് പറഞ്ഞത് കുറെയൊക്കെ ശരിയും,കുറെയൊക്കെ തെറ്റുമാണ്.
ഞാൻ കേട്ടറിഞ്ഞ കഥയിൽ 
ആ സായിപ്പിനെ വെടിവെച്ച് കൊന്നത് ആ മദാമ്മയൊന്നുമല്ല.
മറ്റാരോ ആണ്.
പിന്നീട് സായിപ്പ് മരിച്ച വിഷമം താങ്ങാനാകാതെ അവർ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന്.
എല്ലാം കേട്ടറിഞ്ഞത് മാത്രം.
ആർക്കറിയാം ശരിയും തെറ്റുമൊക്കെ ?
പിന്നെ
അവരുടെയൊക്കെ ചിത്രങ്ങളും, പുസ്തകങ്ങളുമൊക്കെ അടുത്ത കാലത്താണ് കുറെ സർക്കാർ സാറുമ്മാര് വന്ന് എടുത്ത് കൊണ്ട് പോയത്.
എല്ലാം ഇവിടെ ഒരു മുറിയിൽ കൂട്ടിയിട്ട നിലയിലായിരുന്നു.
കുറെയൊക്കെ നശിച്ച നിലയിലും.
പിന്നെ...
ഇവിടെയെങ്ങും സാറ് പറഞ്ഞ പ്രേതവുമില്ല,ഭൂതവുമില്ല.
ഉണ്ടെങ്കിൽ ആദ്യം കൊല്ലേണ്ടത് 
എന്നെയല്ലേ ?
ശിവരാമൻ വീണ്ടും ചിരിച്ച് കൊണ്ട് ചോദിച്ചു.

അല്ല, അപ്പോൾ ആഹാരമൊക്കെ..?
സിഗരറ്റിൻ്റെ കുറ്റി പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു കൊണ്ടാണ് അയാൾ ചോദിച്ചത്.

സാറെ,ഞാനൊരാളല്ലേ ഇവിടെ ഉള്ളു.
കവലയിൽ പോയി കുറെ ദിവസത്തേയ്ക്കുള്ള സാധനങ്ങൾ വാങ്ങിക്കും.
പിന്നെ ഇവിടെ തന്നെ വയ്ക്കും.
ങാ.., അത് പറഞ്ഞപ്പോഴാ
ഓർത്തത്.
സാറും ഭാര്യയും എത്ര ദിവസം ഇവിടെ കാണും..?
ആഹാരത്തിന് കവലയിൽ ഏർപ്പാട് ചെയ്യണം.
അവർ ഇവിടെ എത്തിച്ചോളും.
അല്ലെങ്കിലെ നിങ്ങള് പട്ടിണിയായിപ്പോകും.
ശിവരാമൻ മുഖമുയർത്തി അവസാന പുകയും എടുത്തിട്ട് കുറ്റി പുറത്തേയ്ക്ക് എറിഞ്ഞ് കൊണ്ട് ചോദിച്ചു.

'ഒന്നും അങ്ങോട്ട് ഉറപ്പിച്ചിട്ടില്ല,
എന്തായാലും നാളെ ഇവിടെ കാണും.ഇപ്പോൾ അത്രയെ പറയാൻ സാധിക്കൂ'.

അയാൾ എഴുന്നേറ്റു.
ഒപ്പം ശിവരാമനും.

'മതി സാർ നാളെ പറഞ്ഞാൽ മതി.
നാളത്തേയ്ക്കുള്ളത് ഞാൻ ഏർപ്പാടാക്കാം.
ഇവിടെയിരുന്ന് അധികം തണുപ്പ് കൊള്ളേണ്ട.
സാർ പോയി കിടന്നോ'.

ശിവരാമൻ വലിയ കതക് വലിച്ചsച്ചിട്ട് അകത്തേയ്ക്ക് നടന്നു പോയി.

മുറിയുടെ മുന്നിലെത്തുമ്പോൾ അകത്ത് നിന്ന് മുറി ലോക്ക് ചെയ്തിട്ടുണ്ടായിരുന്നു.
'ഇനി അവൾ ഉറങ്ങിക്കാണുമോ ?
ഹേയ് അതിനുള്ള സമയമായില്ലല്ലോ ' ?
വാതിലിൽ മെല്ലെ മുട്ടി നോക്കി.
അകത്ത് നിന്ന് വാതിൽ തുറക്കുന്ന ശബ്ദം.
ഇവിടെ എത് മുറിയുടെ വാതിൽ തുറന്നാലും ഇങ്ങനെ അൽപ്പം ഉച്ചത്തിൽ ശബ്ദം കേൾക്കുമെന്ന് തോന്നുന്നു.
അകത്തേയ്ക്ക് കയറുമ്പോഴേയ്ക്കും ദീപ വാതിക്കൽ നിന്ന് ജനലിനരികിലേയ്ക്ക് നടന്നിട്ടുണ്ടായിരുന്നു.ജനലിന് ഇരുവശവും പഴയ കാല രീതിയിൽ ഒരുക്കിയ ചിത്രപ്പണികൾ മുറിയിലെ അരണ്ട വെളിച്ചത്തിൽ
ഏറെ മനോഹരമായിരുന്നു.
അവൾ അതൊക്കെ കാണുന്ന ഭാവത്തിൽ നിൽക്കുകയാണ്.
ഇവിടേയ്ക്ക് വരുമ്പോൾ ഉടുത്തിരുന്ന സാരിയും മുകളിൽ ആ സ്വറ്ററും മാത്രം ഇപ്പോഴും.

എന്തേ ഡ്രസ് മാറാഞ്ഞത് ?
ആ ചോദ്യത്തിന് ദീപ മറുപടിയൊന്നും പറഞ്ഞില്ല.
ഒരു പക്ഷെ കേൾക്കാഞ്ഞതാണോ ?
അതോ കേട്ടിട്ടും അവഗണിക്കുകയായായിരുന്നോ ?

'പേടിച്ചോ....?

ഡ്രസ് മാറുന്നതിനിടയ്ക്ക് 
അൽപ്പം ഉച്ചത്തിലാണ് അവളോട് ചോദിച്ചത്.

എന്തിന് ?
എന്തിന് ഭയക്കണം ?
അവൾ തിരിഞ്ഞ് നോക്കാതെ തന്നെ മറുപടി പറഞ്ഞു.

അല്ല ഞാൻ ചോദിച്ചു എന്നേയുള്ളു.
ഒരു ചമ്മലോടെയാണ് മറുപടി പറയേണ്ടി വന്നത്.

എങ്കിൽ നീ കിടന്നു കൊള്ളു.
യാത്രാ ക്ഷീണം കാണും.
അല്ലെങ്കിൽ തന്നെ പത്ത് മണി കഴിഞ്ഞിരിക്കുന്നു.

അവൾ മറുപടിയൊന്നും പറയാതെ വിശാലമായ കട്ടിലിന് 
എതിർ ഭാഗത്തായി ഇരുന്നു.

'ഗുഡ് നൈറ്റ്'
അവൾ ആരോടെന്നില്ലാതെ,
എന്നാൽ അയാളോടായി പറഞ്ഞു

ഡ്രസ് മാറി അയാളും കിടക്കയിലേയ്ക്ക് ഇരുന്നു.
കുറെ നാളുകൾക്ക് ശേഷമാണ് ഒരു യാത്ര..,
ഒരു മാറി നിൽക്കൽ..,
എന്തോ മനസിന് വല്ലാത്ത 
മരവിപ്പ് പോലെ....,

'ഒരാളുടെ ഹൃദയം ശൂന്യവും, നിരർത്ഥകവുമായി തീരുന്നത് എപ്പോഴാണെന്ന് ദീപയ്ക്ക് അറിയാമോ ' ?
കട്ടിലിലേയ്ക്ക് കിടക്കുമ്പോൾ അയാൾ ചോദിച്ചു.

ദിപ അതിന് മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും നന്ദൻ തൻ്റെ വാചകങ്ങൾ തുടർന്നു.

"നഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ.. "
എനിക്കറിയാം നിൻ്റെ ഹൃദയത്തിൽ ഒരിക്കലും ഉണങ്ങാത്ത മുറിവുകളുണ്ട്.

അൽപ്പം നിർത്തിയിട്ട് അയാൾ തുടർന്നു.

'എൻ്റെയും'

ആ വാക്ക് കേട്ടപ്പോൾ ദീപ തിരിഞ്ഞ് അയാളുടെ മുഖത്തേയ്ക്ക് നോക്കി.
അയാൾ അവളുടെ മുഖത്തേയ്ക്ക് നോക്കി.

ഞാൻ കാരണമാണോ നിൻ്റെ ജീവിതം ശൂന്യവും ഏകാന്തവുമായത് ? 
ഒരു പക്ഷെ 
എൻ്റെ തെറ്റാണെങ്കിൽ 
ആ തെറ്റിന് എന്ത് പ്രായശ്ചിത്തമാണ് ഞാൻ ചെയ്യേണ്ടത് ?

'നന്ദൻ ഇപ്പോൾ കിടക്കൂ'
നമുക്ക് നാളെ സംസാരിക്കാം.
സംസാരിക്കാനായിട്ടാണല്ലോ 
നന്ദനെ കൂട്ടി ഇവിടെയക്ക് വന്നത് തന്നെ,
ദിപ പറഞ്ഞ് നിർത്തി.

അയാൾ അരണ്ട വെളിച്ചത്തിൽ ദൂരേയ്ക്ക് നോക്കി കിടന്നു.

പാറകൾ അടുക്കി കെട്ടിയത് കൊണ്ടാകാം മുറിയിൽ നല്ല തണുപ്പുണ്ട്.
ഒരു സിഗരറ്റ് കൂടി വലിക്കണമെന്നുണ്ട്.
പക്ഷെ ഇനി വയ്യ,
ദീപ എന്ത് വിചാരിക്കും ?
വേണമെങ്കിൽ ഈ മുറിയുടെ ഒരു കോണിൽ കിടക്കുന്ന കസേരയിൽ  പോയിരുന്ന് വലിക്കാം.
മനസ് അസ്വസ്ഥമാകുമ്പോൾ സിഗരറ്റ് വലിക്കാനുള്ള തൃഷ്ണയും കൂടും..
ഒരു പക്ഷെ മനസിനെ ശാന്തമാക്കാനുള്ള വഴിയാകാം.
'വേണ്ട'
മനസിൽ  തീരുമാനമെടുത്തുറപ്പിച്ചു.

പുറത്ത് മഴ പെയ്യുന്നുവോ?
അയാൾ കണ്ണടച്ച്‌ മഴയുടെ ശബ്‌ദത്തിന്‌ ചെവിയോർത്തു.
അതെ നല്ല മഴ പെയ്യുന്നുണ്ട്.
എപ്പോഴോ തുടങ്ങിയതാണ്.
ശ്രദ്ധിച്ചിരുന്നില്ല.

'കഴിഞ്ഞ കുറേ ദിവസങ്ങളായി മനസ്സ്‌ മറ്റൊരു പ്രതലത്തിലാണ്‌. ചുറ്റും നടക്കുന്നതൊക്കെ അറിയുന്നണ്ടെങ്കിലും, അറിയാത്തപോലൊരു അവസ്‌ഥ.
അതു കൊണ്ട് തന്നെ ശീലമല്ലാതിരുന്ന സിഗരറ്റ് വലി തുടങ്ങി.അതും ഏറെ എണ്ണം.
മുൻപൊക്കെ മഴ കേട്ട്‌ കിടക്കാൻ വല്ലാത്ത ആശ്വാസമായിരുന്നു.
ഇപ്പോഴെന്തോ അതും നഷ്‌ടമായ പോലെ.മനസ്സ്‌ മുഴുവൻ ദീപയാണ്‌. അവളുടെ മുഖവും ആ കണ്ണിലെ മൗനവും,അവളുടെ നഷ്ടങ്ങളും മനസ്സിൽ വല്ലാതെ നിറഞ്ഞു നിൽക്കുന്നു.
അവൾ എങ്ങനെ ഇങ്ങനെ 
ഇത്രയേറെ നിശബ്ദയായി..?
എന്നെ ഏറെ വേദനിപ്പിച്ചതും,
അമ്പരപ്പിച്ചതും അതായിരുന്നു.

ഒരു ഗ്രീഷ്മ ജ്വാലയില്‍ ഉരുകുന്നതോ,ഒരു വേനല്‍ മഴയില്‍ അലിഞ്ഞു തീരുന്നതോ ആയിരുന്നില്ല അവൾ.
എന്നിടും ഇപ്പോൾ അവൾ,..
അവൾ വല്ലാതെ മാറിയിരിക്കുന്നു.
അല്ലെങ്കിൽ കാലം അവളെ
അങ്ങനെ മാറ്റിയെടുത്തിരിക്കുന്നു.
എന്തിനാണ് കാലത്തെ കുറ്റം പറയുന്നത് ?
അവളുടെ ജീവിതം ഇങ്ങനെ ആയിത്തീരാൻ കുറെയൊക്കെ
ഞാനും കാരണമായിട്ടുണ്ടാകാം ?

എവിടെയൊക്കെയോ തടഞ്ഞ് കിടക്കുന്നത് ഭൂതകാലത്തിൻ്റെ വേരുകളാണ്.അതിൽ നിന്ന് അവളുടെ മൗനത്തിൻ്റെ ആഴങ്ങൾ എത്ര വലുതാണെങ്കിലും ഒരോന്ന് ഓരോന്ന് എടുത്ത് ഇഴ കീറി എടുത്ത് ആ മുറിവുകളുണക്കണം.
അത് സാധിക്കാതെ ഇവിടെ നിന്ന് ഒരു മടക്കമുണ്ടാകില്ല'
അയാൾ എപ്പോഴോ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.


രണ്ട് ആഴ്ച്ചകൾക്ക് മുമ്പ് 
ഒരു പകൽ :

നന്ദൻ അന്ന് ഓഫീസ് മുറിയിൽ പോയിരുന്നില്ല.
എന്തോ,
അന്ന് മനസിന് വല്ലാത്ത ഭാരം.
അതുകൊണ്ട് തന്നെ ഓഫീസിലേക്ക് പോകാനും തോന്നിയില്ല. 
ആദ്യം പുറത്തേയ്ക്ക് ഒന്നിറങ്ങിയാലോ ഒന്നാലോചിച്ചതാണ്.നഗരത്തിലെ ഒഴിഞ്ഞ കോണുകളിലുടെ ഒരു നടത്തം.
പലപ്പോഴും അത്തരം നടത്തങ്ങൾ എനിക്ക് ആത്മശാന്തി തന്നിട്ടുണ്ട്.ഒരു തരം ശൂന്യതയിൽ നിന്നുള്ള മോചനം.
നഷ്ട ബോധങ്ങളിൽ നിന്നുള്ള 
പിൻയാത്ര.
പക്ഷെ ഒന്നിനും ഇന്ന് വയ്യ,
വല്ലാത്ത മരവിപ്പ് തോന്നുന്നു
മനസിനും ശരീരത്തിനും.
അതുകൊണ്ട് തന്നെ വീടിനു പുറത്തേക്ക് ഇറങ്ങാൻ തോന്നുന്നതുമില്ല.

ജനാലിനരികിൽ ഒരു സിഗരറ്റ് വലിച്ച് കൊണ്ടിരിക്കുമ്പോഴാണ് മൊബൈൽ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടത്
ഫോൺ എടുക്കുമ്പോൾ മറുതലയ്ക്കൽ അഭിഭാഷകൻ 
റാംദാസ് ആയിരുന്നു.

'നന്ദൻ ഓഫീസിലാണോ' ?
അല്ല,ഇന്ന് പോയില്ല.

എപ്പോഴാണ് ഒന്ന് കാണാൻ സാധിക്കുക ?
ഇന്ന് വൈകിട്ട് ഫ്രീയാണോ ?
എനിക്കല്ല മറ്റൊരാൾക്കാണ്..,
അതും വളരെ അത്യാവശ്യവുമാണ്.

റാമിൻ്റ ചോദ്യത്തിന് മുമ്പിൽ ആദ്യം 
എന്ത് മറുപടി പറയണം എന്ന് പകച്ചു.കാരണം ഇന്ന് എല്ലാ യാത്രകളും ഒഴിവാക്കിയതാണ്.

അത് റാം...?
ഫോണിൽ കൂടി പറഞ്ഞാൽ പോരെ,
ഇന്ന് യാത്രകൾ ഒഴിവാക്കാൻ തീരുമാനിച്ചത് കൊണ്ട്.....!!

ഓകെ...ഓകെ....
ഇന്നലെ ദീപ എന്നെ കാണാൻ വന്നിരുന്നു.
അവൾക്ക് നിൻ്റെ ഓഫിസിലേയ്ക്ക് ട്രാൻസ്ഫർ.
നിന്നെ ഒന്ന് നേരിട്ട് കണ്ട് സംസാരിച്ചാൽ കൊള്ളാമായിരുന്നു എന്ന് ദീപ  പറഞ്ഞു.
അതും ഇന്ന് തന്നെ,
ഞാൻ എന്ത് മറുപടി പറയണം ?

അപ്രതീക്ഷിതമായ റാമിൻ്റെ വാക്കുകൾ നന്ദൻ്റെ ഹൃദയത്തെ പിളർക്കുന്നതായിരുന്നു.
എന്ത് മറുപടി പറയണമെന്ന് പോലും നിശ്ചയമില്ലാത്ത അവസ്ഥ.കൈകാലുകൾ നിശ്ചലമായത് പോലെ..

ഹലോ...?
നന്ദൻ.., കേൾക്കാമോ ..?

ഓർമ്മകളിൽ നിന്ന് ഉണർന്ന് 
യാന്ത്രികമായി പറയുന്നത്  പോലെയാണ് നന്ദൻ മറുപടി പറഞ്ഞത്.

''എന്തിനാണ് " ?

അതറിയില്ല നന്ദൻ,
നിങ്ങളിനി ഒരുമിച്ച് ജോലി ചെയ്യേണ്ട വരും എന്നും കണേണ്ടവരുമൊക്കെയാണല്ലോ ?
ഇതിൽ ഞാനെന്ത് മറുപടി പറയാനാണ് ?

അത്....,
റാമിന് ഇഷ്ടമുള്ളത് പറഞ്ഞോളു.

ഓകെ,
എങ്കിൽ നിങ്ങൾ മുമ്പ് ഇടയ്ക്കിടെ പോകാറുള്ള ക്ലിഫിലെ 'ലീ പോർട്ട് '
കോഫി ഷോപ്പിൽ,
ഇന്ന് വൈകിട്ട്,
ഓകെ..,പിന്നെ,
ദീപ തന്നെയാണ് സ്ഥലം സെലക്ട് ചെയ്തത്.
ഞാൻ പറഞ്ഞുവെന്നേയുള്ളു.

'മ് '

നന്ദൻ്റെ മറുപടി കേട്ടിട്ടാവണം പിന്നീട് മറുപടിയൊന്നും പറയാതെ റാം ഫോൺ കട്ട് ചെയ്തത്.

വേണമോ വേണ്ടായോ എന്നൊന്നും ചിന്തിക്കാതെയുള്ള 
മറുപടി പറയേണ്ടി വരുമ്പോഴാണ് പിന്നീടുള്ള ശരി തെറ്റുകളെക്കുറിച്ച് ആലോചിക്കുന്നത്.
മറുപടി പറഞ്ഞ സ്ഥിതിക്ക് ഇനി
മറ്റൊരു ഉത്തരത്തിന് യാതൊരു സ്ഥാനവുമില്ല.

എങ്കിലും എന്തിനായിരിക്കും കാണണമെന്ന് പറഞ്ഞത് ?
കഴിഞ്ഞ് രണ്ട് വർഷങ്ങൾക്കിടയിൽ എത്രയോ പ്രാവശ്യം കോടതി വരാന്തയിൽ കണ്ടു മുട്ടിയിരിക്കുന്നു.
ഒരിക്കൽ പോലും മുഖം തന്നിട്ടില്ലാത്തവൾക്ക് ഇപ്പോൾ ഇനിയെന്ത് പറയാൻ ?
അല്ലെങ്കിൽ തന്നെ 
സ്ഥലം മാറി ഇവിടേയ്ക്ക് വരാൻ ഞാൻ പറഞ്ഞോ ?
എൻ്റെ ഭാഗത്ത് നിന്ന് ഒരു നോട്ടത്തിൽ പോലും ബുദ്ധിമുട്ട് ഉണ്ടാകില്ല എന്ന് ഉറപ്പ് കൊടുത്താൽ പോരെ ?
അത് റാം വഴി ആവശ്യപ്പെട്ടമായിരുന്നല്ലോ ?
വേണമെങ്കിൽ ഞാനിവിടെ നിന്ന് എങ്ങോട്ടെങ്കിലും മാറിപ്പോകണമെങ്കിൽ അതിനും തയാറായിരുന്നല്ലോ ?
അതിന് നേരിട്ട് കാണണമെന്ന് 
പറയുന്നതെന്തിന് ?
ഇതൊക്കെ മുഖത്ത് നോക്കി പറയുമ്പോഴുള്ള എൻ്റെ നിസ്സഹായകത ആസ്വദിക്കാനോ ?എങ്കിൽ അതൊരുതരം പ്രതികാര ബുദ്ധിയല്ലേ ?
ചീപ്പ് കോംപ്ലക്സല്ലേ ?
എങ്കിൽ പിന്നെ പോകേണ്ടതുണ്ടോ ?
റാമിനെ വിളിച്ച് മറുപടി പറഞ്ഞാൽ പോരെ ?

വീണ്ടും ഹൃദയത്തിൻ്റെ മുറിവുകൾക്ക് കൂടുതൽ ആഴം സംഭവിക്കുന്നത് പോലെ..,

വിവാഹം കഴിച്ചിട്ട് രണ്ട് വർഷത്തിനിടയ്ക്ക് അവൾ പിണങ്ങിയത് എത്രയോ പ്രാവശ്യം.
അവളുടെ ഒരോ പിണക്കങ്ങളും എൻ്റെ മുറിവിൻ്റെ ആഴം കൂട്ടുകായിരുന്നില്ലേ ?
പലരും പറയാറുണ്ട് പ്രണയ വിവാഹം പരസ്പരം മനസുകളുടെ ചേർച്ചയിൽ നിന്നുണ്ടാകുന്നതാണെന്ന്.
അതു കൊണ്ടു തന്നെ അതിലെ പിണക്കങ്ങളും താൽക്കാലികമായിരിക്കുമെന്ന്.
ഒന്നുമല്ല,
മനസുകൾക്ക് തമ്മിൽ അടുപ്പമില്ലെങ്കിൽ ഏത് വിവാഹങ്ങളും പരാജയപ്പെടാം.

അല്ലെങ്കിൽ ഒരു ദിവസം തിരികെയെത്തുമ്പോൾ ദൂരെ നിന്നുള്ള ഒരു ഫോൺ വിളിയിൽ എല്ലാം അവസാനിപ്പിക്കാൻ ദീപയ്ക്ക് തോന്നുമായിരുന്നോ ?
എല്ലാ തെറ്റുകളും എന്നിലേയ്ക്ക് എൽപ്പിച്ച്,

'ഒരിക്കലും നമുക്ക് യോജിച്ച് പോകാനാകില്ല നന്ദൻ.
അതുകൊണ്ട് തന്നെ നമുക്ക് പിരിയാം'

ഈ രണ്ട് വരിയിൽ എല്ലാം അവസാനിപ്പിച്ച് എന്നിൽ നിന്ന് ഒളിച്ചോടിപ്പോയവൾ,
കോടതി വരാന്തയിലെ മുഷിഞ്ഞ് നാറിയ ബഞ്ചിലിരുന്ന് ജീവിതത്തിൻ്റെ പുതിയൊരു ഘട്ടം തുടങ്ങാൻ പഠിപ്പിച്ചവൾ.
ഇനിയും എന്നെ തോൽപ്പിച്ച് മതിയായില്ലേ അവൾക്ക് ?
പോകണമോ പോകണ്ടായോ,
മനസ് വല്ലാതെ അസ്വസ്ഥമാകുന്നു.

കാരണം ഞാൻ ചെല്ലുമെന്ന് ഉറപ്പുള്ളത് കൊണ്ടാവണമല്ലോ 
സ്ഥലവും അവർ തീരുമാനിച്ചത് തന്നെ,അതു കൊണ്ട് എന്തായാലും പോകാം.
ഒരു പക്ഷെ ഈ പോക്കിൽ ഞാൻ എവിടെയും എത്തില്ലായിരിക്കാം.
എൻ്റെതായ തീരുമാനങ്ങളും ഇല്ലായിരിക്കാം.
പക്ഷെ,പോകാതിരിക്കാനാകില്ല.
പരാജയത്തിൽ നിന്നാണല്ലൊ നമ്മൾ പുതിയ ജീവിതങ്ങൾ  പഠിക്കേണ്ടത്.
അല്ലെങ്കിൽ
ഒരിക്കൽ ഞാൻ പറയാതെ വിട്ടുപോയ ആ യാത്രയെങ്കിലും  പറയാമല്ലോ ?

കുട്ടിയും കിഴിച്ചുമുള്ള ജീവിതത്തിൻ്റെ ബാക്കിയുമായി നന്ദൻ ചാരുകസേരയിലേയ്ക്ക് അമർന്നിരുന്നു'

സമയം ഏഴ് മണിയോടടുക്കുന്നു.
നഗരത്തിലെ തിരക്ക് കൊണ്ടാണ് അൽപ്പം താമസിച്ചത്.
അതറിയാവുന്നതുകൊണ്ടാണ് കാറെടുക്കാതിരുന്നതും.

ഓട്ടോയിൽ ക്ലിഫിലെത്തുമ്പോൾ അസ്തമയം കഴിഞ്ഞിരുന്നു. എല്ലാവരും 
മടക്കയാത്രയുടെ തിരക്കിലാണ്.
ക്ലിഫിൽ നിന്ന് ഒരൽപ്പം നടന്നാൽ 'ലീപോർട്ടിന് കോഫി ഷോപ്പിന് ' മുന്നിലെത്താം.
താമസിച്ചത് കൊണ്ട് അവൾ പോയിരിക്കുമോ ?
അതോ കാത്തിരിക്കുന്നുണ്ടാകുമോ ?
നന്ദൻ നടത്തയുടെ വേഗം കൂട്ടി.

'ലീപോർട്ടി'ലേയ്ക്ക് നടക്കുമ്പോൾ 
കുറെ വിദേശികൾ എതിരെ നടന്നു വരുന്നു.
എത്ര സന്തോഷമാണവരുടെ മുഖത്ത്.അവരുടെ ചിരികളിൽ....,
നമ്മളേക്കാൾ എത്രയോ വർഷം മുൻപേ ജീവിക്കുന്നവർ.
കണക്ക് കൂട്ടലുകളില്ലാതെ ജീവിക്കുന്ന മനുഷ്യർ,
നാളെയെക്കുറിച്ച് സ്വപ്നങ്ങളുള്ളവർ.
പക്ഷെ ഇന്നത്തെ 
അവരുടെ ലോകം ആസ്വദിച്ചേ അവർ കഴിഞ്ഞേ നാളയിലേയ്ക്ക് കടക്കുകയുള്ളു.
അതുകൊണ്ട് അവർക്ക് ദു:ഖങ്ങളില്ല,രോഗങ്ങളില്ല,
ആരോടും ശത്രുതയില്ല.
എപ്പോഴും ചിരിക്കുന്ന മുഖങ്ങൾ മാത്രം.
പക്ഷെ നമ്മളോ ?


'ലീപോർട്ടി'ലെത്തുമ്പോൾ തിരക്ക് നന്നേ കുറവായിരുന്നു.
ഏതോ ആഫ്രിക്കൻ ലൈറ്റ്  മ്യൂസിക് ഉച്ചത്തിലല്ലാതെ അകത്ത് നിന്ന് കേൾക്കുന്നുണ്ട്.
ഒരോ ടേബിളിന് മുകളിലും തൂക്കിയിട്ടിരിക്കുന്ന നിറങ്ങളുള്ള ചില്ലു വിളക്കിൻ്റെ അരണ്ട വെളിച്ചത്തിൽ കടലിലേയ്ക്ക്     നോക്കി ഇരിക്കുന്നവർ. എല്ലാവർക്കും അവരവരുടെ സ്വകാര്യതൾ മാത്രം.
പല വിദേശികളുടെയും ടേബിളുകളിൽ വിദേശ സിഗരറ്റ് പായ്ക്കറ്റുകളും ബിയർ കുപ്പികളും.
ചില ടേബിളുകൾ ആരോ ബുക്ക് ചെയ്തിട്ടിരിക്കുന്നു.

നന്ദൻ അകത്തേയ്ക്ക് കയറി ചെല്ലുമ്പോൾ ഒൻപതാം നമ്പർ ടേബിളിൽ ദീപ ഇരിക്കുന്നു.
കടൽക്കാറ്റിൽ ഇളകി പറക്കുന്ന 
മുടിയിഴകൾ അരണ്ട  വെളിച്ചത്തിൽ കാണാം.
എന്നെ ശ്രദ്ധിക്കാതെ ' ചുറ്റുമുള്ളവരെ ശ്രദ്ധിക്കാതെ 
ഒരു ഇംഗ്ലിഷ് പുസ്തകത്തിലേയ്ക്ക് നോക്കി ഇരിക്കുകയായിരുന്നു അവൾ.ഇടയ്ക്കിടെ കൈകൾ കൊണ്ട് മുഖത്തേയ്ക്ക് വീഴുന്ന മുടി ഒതുക്കി വയ്ക്കുന്നുണ്ട്.
എന്തോ,കുറെ നാളുകൾക്ക് ശേഷം കണ്ടത് കൊണ്ടാകാം 
അവൾ ഇന്ന് കൂടുതൽ സുന്ദരിയാണെന്ന് എനിക്ക് തോന്നിയത്.

മേശയുടെ എതിർ ഭാഗത്തെ ചൂരൽ കസേരയിൽ ഇരുന്ന ശേഷമാണ് ദിപ നന്ദനെ കണ്ടത് തന്നെ.

'ഗുഡ് ഈവനിംഗ് '
ആദ്യം പറഞ്ഞത്  ദീപയാണ്.

മറുപടി എന്ന നിലയിൽ നന്ദനും വിഷ് ചെയ്തിട്ട് തുടർന്നു.

ഞാൻ താമസിച്ചോ ?

എന്നാൽ ദീപ അതിന് മറുപടി പറയാതിരുന്നത് ഞാൻ ശ്രദ്ധിച്ചു.

നന്ദന് കോഫിടീ,ട്രിംഗ്സ്,
അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും..?
ദീപ ചോദിച്ചു.

ഹേയ്..,
ഒന്നും വേണ്ട.

അതെന്താ..?
എൻ്റെ അതിഥി ആയിട്ടാണല്ലോ നന്ദൻ ഇവിടെ വന്നത്...?

ഓകെ,
എങ്കിൽ ദീപയുടെ ഇഷ്ടം..

എങ്കിൽ കോഫിയാകാം അല്ലേ ?

ഓകെ അത് മതി.

എൻ്റെ മറുപടി കേട്ടതും ദീപ വെയിറ്ററെ വിളിച്ച് രണ്ട് കപ്പ് കോഫി ഓർഡർ ചെയ്തു.

നന്ദൻ്റെ ശ്രദ്ധ അപ്പോഴും ദീപയിലായിരുന്നു.
രണ്ട് വർഷം കൊണ്ട് ദീപ ഒരുപാട് മാറിയിരിക്കുന്നു.
എപ്പോഴും എന്തെങ്കിലുമൊക്കെ സംസാരിച്ച് കൊണ്ടിരിക്കുന്ന ദിപ എത്രയോ നിശബ്ദയാകാരിക്കുന്നു.

കോഫി കുടിച്ച് തീരുന്നത് വരെ ആരും പരസ്പരം ഒന്നും മിണ്ടിയില്ല.
അല്ലെങ്കിൽ തന്നെ ഞാനെന്ത് മിണ്ടാനാണ് ?
ദീപയല്ലേ എന്നെ ഇവിടേയ്ക്ക് വിളിച്ച് വരുത്തിയത്.
അവൾ ആദ്യം സംസാരിക്കട്ടെ,
അവൾക്ക് പറയാനുള്ളത് പറയട്ടെ,
ഇവിടെ ഞാൻ വെറുമൊരു കാഴ്ച്ചക്കാരൻ മാത്രമാണല്ലൊ ?
നന്ദൻ ഓർത്തു.

പോയിട്ട് തിരക്കുണ്ടോ നന്ദൻ ?
നിശബ്ദതയ്ക്ക് വിരാമമിട്ട് ദിപ ചോദ്യം.

'ഇല്ല.
പിന്നെ,എന്തൊ പറയാനുണ്ടെന്ന് പറഞ്ഞിട്ട് ..?

റാം പറഞ്ഞു കാണുമല്ലോ ?
നന്ദൻ്റെ ഓഫീസിലേയ്ക്കാണ് എനിക്കും ട്രാൻസ്ഫർ.
വേണമെങ്കിൽ ഈ ട്രാൻസ്ഫർ  ഒഴിവാക്കാമായിരുന്നു.
പക്ഷെ ഞാനതിന് ശ്രമിച്ചില്ല.
കാരണം....
ദീപയുടെ വാക്കുകൾ ഇടറി..,

ദിപ എന്തായിരിക്കും പറഞ്ഞ് വരുന്നതെന്ന് ഉറപ്പില്ലാത്തത് കൊണ്ടാകും നന്ദൻ മൗനമായി തന്നെ ഇരുന്നു.

ഒരൽപ്പനേരത്തെ നിശബ്ദതയ്ക്കക്ക് ശേഷം ദിപ തുടർന്നു.

'കഴിഞ്ഞ കുറെ ദിവസങ്ങൾ,
അല്ല കുറെ മാസങ്ങൾ..,
എൻ്റെ ജീവിതത്തിൽ നിന്ന് എന്തെല്ലാമോ നഷ്ടപ്പെട്ടത് പോലെ..,
ആദ്യം നീ,
പിന്നെ ഇപ്പോൾ അച്ഛൻ'
പിന്നെ ആരെല്ലാമോ ?
അച്ഛൻ്റെ മരണം,
അതെന്നെ വല്ലാത്ത വേദനിച്ചു.
ഞാൻ ഒറ്റയ്ക്കാണെന്ന അവസ്ഥയിലേയ്ക്ക് അന്നെ എത്തിച്ചു.
അല്ല, ഇപ്പോൾ ഞാൻ ഒറ്റയ്ക്ക് തന്നെയാണ്.
വല്ലാത്ത ഒരു മാനസികാവസ്ഥയിലാണ് ഞാൻ. മരിച്ചു പോകുമോ എന്ന് വരെ വല്ലാതെ ഭയന്നു തുടങ്ങിയിരിക്കുന്നു.
പലരും പറഞ്ഞു മറ്റൊരു വിവാഹത്തെക്കുറിച്ച്.
ഞാനതെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല.....
ദിപ മുഖം കുനിച്ച് നിശബ്ദതയായിരുന്നു...

നന്ദന് എന്ത് പറയണമെന്നറിയില്ല.
എന്ത് ചെയ്യണമെന്നും അറിയില്ല.
ആശ്വസിപ്പിക്കാൻ വേണ്ട അടുപ്പത്തിലേയ്ക്ക് എത്തിയോ എന്ന് പോലും നന്ദന് സംശയമായി.

അത്...!
ദീപാ...നീ ഇവിടെ തന്നെ ജോലി ചെയ്തോളു.
ഞാനാണ് പ്രശ്നമെങ്കിൽ.....?
ഞാൻ ട്രാൻസ്ഫർ വാങ്ങി മറ്റെവിടേയ്ക്കെങ്കിലും പൊയ്ക്കോളാം.
ദൂരെ എവിടെയെങ്കിലും.
എൻ്റെ നിഴൽ പോലും കാണാത്ത ദൂരത്തിൽ എവിടെയെങ്കിലും..

ദീപ മുഖമുയർത്തി നന്ദനെനെ നോക്കി.

നിസഹായകയായി നോക്കുന്ന ദീപയെ ഈ വാക്കുകളിലല്ലാതെ മറ്റെങ്ങനെ ആശ്വസിപ്പിക്കണമെന്നറിയില്ല.
ചെറിയ കാര്യങ്ങൾക്ക് പോലും വാശി പിടിക്കുന്ന ദീപ,
ആ വാശിയിൽ ദിവസങ്ങളോളം മിണ്ടാതിരിക്കുന്ന ദീപ,
ഇന്നൊരു കൊച്ചു കുട്ടിയെപ്പോലെ കണ്ണുകൾ നിറഞ്ഞ് എൻ്റെ മുന്നിലിരിക്കുന്നു.
ഒരിക്കൽ എൻ്റെ ഭാര്യയായി ഇരുന്നവൾ..,
ഒരു വാക്കുകൾ കൊണ്ട് പോലും ഞാൻ വേദനിപ്പിക്കാത്തവൾ.
എല്ലാ വാശികളിലും അവൾക്ക് മുമ്പിൽ മനപ്പൂർവ്വം തോറ്റു കൊടുത്തപ്പോഴും ജയിച്ചു എന്ന ഭാവത്തിൽ നിന്ന ദീപ,
ഒടുവിൽ ഒരു ഫോൺ കോളിലൂടെ യാത്ര പറഞ്ഞ് പോയപ്പോഴും 
അവൾ തോൽക്കരുതെന്ന് കരുതി മറുപടി പറയാതിരുന്ന എൻ്റെ മുന്നൽ,
ഇപ്പോൾ .....,

നന്ദൻ മനുഷ്യർ തോൽക്കുന്നത് എവിടെയാണെന്നറിയാമോ ?

ഇല്ല...,

ഹൃദങ്ങൾ തമ്മിലുള്ള അകലം കുടി വരുമ്പോഴല്ലേ ?

ആവോ ?

അതെ നന്ദൻ,
തിരിച്ചെത്താനാവാത്ത വിധം ചില ഹൃദയങ്ങൾ അകലാറുണ്ട്.
അത്,
അകന്ന്... അകന്ന്.....
അതിങ്ങനെ അപരിചിതമായ മറ്റേതൊക്കെയോ ഹൃദയങ്ങളിൽ ചേർന്ന് അലിഞ്ഞ് പോകാറുണ്ട്.
.
നമുക്കൊരു യാത്ര പോകാലോ നന്ദൻ ?

ഇപ്പോഴോ ..?

'അല്ല '
കുറച്ച് ദിവസങ്ങൾക്ക് ശേഷം മതി,
നന്ദൻ ഇടയ്ക്കൊക്കെ എന്നോട്  പറയാറുള്ള....,
ഒരു......സ്ഥലമുണ്ടല്ലോ ?
അങ്ങ് മലമുകളിൽ മഞ്ഞിൽ പുതഞ്ഞ് നിൽക്കുന്ന ഒരു പഴയ  കെട്ടിടത്തെക്കുറിച്ച് ....?

മ്... അറിയാം,

അവിടേയ്ക്ക് പോകാം.
നന്ദനോടൊന്നിച്ച് 
എല്ലാ ദു:ഖങ്ങളും അവസാനിപ്പിച്ച് അങ്ങ് താഴെ മഞ്ഞ് പുതച്ച് നിൽക്കുന്ന കൊട്ടാരത്തിലേയ്ക്ക് ജീവിതം പകുതി വഴിക്ക് ഉപേക്ഷിച്ച് സ്വയം യാത്രയായ 'കെയ്റ്റ് ' എന്ന മദാമ്മയുടെ കൊട്ടാരത്തിലേയ്ക്ക്.
അവരെ യാത്രയാക്കിയ മരങ്ങളും, മഞ്ഞും,ആ പ്രകൃതിയും ഇപ്പോഴും അവിടെ കാണും.
അതെല്ലാം എനിക്ക് കൂടി ഒന്ന് കാണണം.
അതും നിന്നോടൊപ്പം മാത്രം.

ഒന്ന് നിർത്തിയിട്ട് മീര തുടർന്നു.
നന്ദൻ ഇപ്പോൾ പൊയ്ക്കോളു.
ദിവസവും സമയവും ഞാൻ അറിയിക്കാം.

ദീപ, പോകുന്നില്ലേ ?

കുറച്ച് നേരം കൂടി ഒറ്റയ്ക്ക്
ഇരിക്കണം.
പിന്നെ പത്ത് മണിക്ക് ഇവിടെ നിന്ന് ട്രെയിനാണ്.
നാട്ടിലേയ്ക്ക്,
അച്ഛൻ്റെ കുഴിമാടത്തിൽ ഒരിക്കൽ കൂടി പോകണം.
പിന്നെ അവിടെ കാത്തിരിക്കാൻ ആരുമില്ലല്ലോ ?
അതു കഴിഞ്ഞ് ഈ ആഴ്ച്ച തന്നെ ഇവിടേയ്ക്ക് തിരികെ വരും.

നന്ദൻ പോകാനായി എഴുന്നേറ്റു.
യാത്രയായി ഒന്നും പറയാൻ വാക്കുകളില്ല.
രണ്ടും പേർക്കുമിടയിലെ ചെറിയ നിശബ്ദതയിൽ നന്ദൻ തിരികെ നടന്നു.
അപ്പോഴേയ്ക്കും കടൽ ഇരുളിൽ മറഞ്ഞിരുന്നു.
ദൂരെ നക്ഷത്രങ്ങൾ പോലെ മീൻ പിടുത്ത വള്ളങ്ങൾ വിളക്കുകളുമായി സഞ്ചരിക്കുന്നത് മാത്രം കാണാം.
കടൽത്തീരത്ത് നിന്ന് സഞ്ചാരികൾ ഒഴിഞ്ഞ് പോയിരിക്കുന്നു.
ശക്തമായ തിരകൾ രൗദ്ര ഭാവത്തിൽ  പാറക്കൂട്ടങ്ങളിൽ വന്നടിച്ച് ചിതറിപ്പോകുന്നു.
സഞ്ചാരികൾ  ഒഴിഞ്ഞു പോയ കടലിന് വന്യത കൂടുതലാണ്.
അപ്പോൾ കടൽ നമ്മളെ വല്ലാതെ ഭയപ്പെടുത്തിക്കൊണ്ടിരിക്കും.

റൂമിലെത്തി കട്ടിലിലേയ്ക്ക് വീഴുമ്പോഴും നന്ദൻ്റെ ചിന്ത അതായിരുന്നു.
എന്തിനാണ് ദീപ യാത്ര പോകണമെന്ന് പറഞ്ഞത് ?
അതും ആ സ്ഥലത്തേയ്ക്ക്..?
എന്താണ് ദീപയ്ക്ക് പറ്റിയത് ?
അതും എന്നെയും കൂട്ടി ?
അകന്നുപോയ ഹൃദങ്ങൾ തമ്മിൽ കൂടിച്ചേരാനാവാതെ പോകുമെന്ന് പറഞ്ഞതെന്തിനാണ് ?
ദു:സൂചനകൾ പോലെ ആണല്ലോ അവളുടെ പല വാക്കുകളും.
എൻ്റെ ആ പഴയ ദീപ എവീടെ ? അവൾക്കിതെന്ത് പറ്റി ??

ഉത്തരങ്ങളില്ലാത്ത ഒട്ടേറെ ചോദ്യങ്ങൾ,
എല്ലാം സ്വയം ചോദിച്ചു കൊണ്ട് എപ്പോഴോ നന്ദൻ ഉറക്കത്തിലേയ്ക്ക് വീണു.

-------------------------------------------
രണ്ട് ആഴ്ച്ചകൾക്ക് ശേഷം.
മലമുകളിലെ ബംഗ്ലാവ്.

കാലത്ത് എഴുന്നേൽക്കുമ്പോൾ 
മനസ് വല്ലാതെ അസ്വസ്ഥമായിയിരുന്നു. എന്തൊക്കെയോ ചിന്തിച്ചു കൂട്ടിയതിൻ്റെ വേദനയിൽ മനസ് വല്ലാതെ പിടയുന്നു.
ശാന്തമാകാത്ത മനസ് വന്യമായി ചിന്തിക്കും.
എൻ്റെ മനസും ഇപ്പോൾ അങ്ങനെയൊക്കെയായിരിക്കുന്നു.
പെട്ടെന്നാണ് ദീപ മുറിയിൽ ഇല്ലെന്ന് നന്ദന് മനസിലായത്.
പുറത്തേയ്ക്കുള്ള വാതിൽ ചാരിയിരിക്കുന്നു.
സമയം നോക്കി,
പത്ത് മണി കഴിഞ്ഞിരിക്കുന്നു.
എഴുന്നേൽക്കാൻ നന്നേ  താമസിച്ചിരിക്കുന്നു.
ദിപയൊട്ട് വിളിച്ചതുമില്ല.

കട്ടിലിൽ നിന്ന് എഴുന്നേറ്റ് മുറിയുടെ പുറത്തേയ്ക്ക് നടക്കുമ്പോൾ ദീപയെയാണ് നന്ദൻ്റെ കണ്ണുകൾ തിരഞ്ഞത്.
പെട്ടെന്ന് എതിരെ ശിവരാമൻ നടന്നു വരുന്നു.

'ങാ'
സാറെഴുന്നേറ്റോ ?
ഞാനങ്ങോട്ട് വിളിക്കാൻ വരികയായിരുന്നു.

ദിപ....?

മേഡം പുറത്ത് നിൽക്കുന്നത് കണ്ടു.
പുറത്ത് നല്ല മഞ്ഞുണ്ട്.
തണുപ്പും '
ഞാൻ മേഡത്തോട് പറഞ്ഞിരുന്നു.
പരിചയമല്ലെങ്കിൽ കൂടുതൽ നേരം പുറത്ത് നിൽക്കേണ്ട എന്ന്.
ആര് കേൾക്കാൻ ?
ശിവരാമൻ പറഞ്ഞ് തീരുമ്പോഴേയ്ക്ക് നന്ദൻ  മുൻവശത്തെത്തിയിരുന്നു.

മുറ്റത്ത് അൽപ്പം ദൂരെയായി ഒരു മരച്ചുവട്ടിൽ ദിപ,
ഇന്നലത്തെ ഡ്രസൊക്കെ മാറ്റിയിട്ടുണ്ട്.
വെള്ള സാരിയിൽ കടും നിറത്തിലെ പൂക്കളുള്ള മനോഹരമായ സാരി ഉടുത്തിരിക്കുന്നു.അതിന് മുകളിലായി ഒരു ചുവന്ന സ്വറ്ററും ധരിച്ച് അകലെ മഞ്ഞ് പുതച്ച പ്രകൃതിയിലേയ്ക്ക് നോക്കി നിൽക്കുന്നു.
ഇപ്പോൾ ഒരു ക്യാൻവാസും ഒരു ബ്രഷും ഉണ്ടായിരുന്നെങ്കിൽ തൻ്റെ ഏറ്റവും മനോഹരമായ ഒരു ചിത്രം പിറക്കുമായിരുന്നു എന്ന് നന്ദൻ അറിയാതെ ചിന്തിച്ചു പോയി.
കാരണം അത്ര മനോഹരമായിരുന്നു ആ പ്രകൃതിയും പൂന്തോട്ടവും ആ മരവും ദീപയുടെ നിൽപ്പും.

അൽപ്പനേരം കൂടി അവൾ അറിയാതെ നന്ദൻ നോക്കി നിന്നു പോയി.
പയ്യെ അവൾ നിൽക്കുന്നിടത്തേയ്ക്ക്
നടക്കാൻ ശ്രമിച്ച നന്ദൻ പെട്ടെന്ന് നിന്നു.
അങ്ങോട്ട് പോകണോ ?
അതവളുടെ സ്വകാര്യതയെ  ഇല്ലാതാക്കില്ലെ ?
അല്ലെങ്കിൽ തന്നെ ഞാൻ കിടക്കയിൽ നിന്ന് എഴുന്നേറ്റ് നേരെ വരുന്ന വഴിയാണ്,
അതു കെണ്ട് തന്നെ വേണ്ട.

നന്ദൻ തിരിഞ്ഞ് നടക്കാൻ തുടങ്ങി. തൊട്ടപ്പുറത്തായി ശിവരാമൻ മുറ്റത്ത് നിന്ന് ചെടികൾ വെട്ടിയൊതുക്കുന്നു.
ഇത്ര മനോഹരമായി ഒരു പൂന്തോട്ടത്തെ പരിപാലിക്കണമെങ്കിൽ അതിൻ്റെ പിന്നിൽ അത്രയേറെ അദ്ധ്വാനവും ഉണ്ടാകുമെന്ന് നന്ദൻ ചിന്തിച്ചു പോയി.
ശിവരാമന് പകരം ഞാനായിരുന്നു ഇവിടെയെങ്കിൽ ഇവിടമെല്ലാം എന്നേ ഒരു കാടായി മാറിയിരുന്നേനെ,

സാർ ആഹാരം എടുത്ത് വച്ചിട്ടുണ്ട്.
ഇനിയും താമസിച്ചാൽ..!
ശിവരാമൻ തൻ്റെ ജോലി തുടരവെ 
നന്ദനോടായി പറഞ്ഞു.

ഒരു പത്ത് മിനിട്ട്,
ഞാനപ്പോഴേയ്ക്കും ഫ്രഷായി വരാം.പിന്നെ 
ഇവിടെ എവിടെയോ ഒരു പള്ളിയുണ്ടല്ലോ ?
അതെവിടെയാണ് ?
നന്ദൻ ചോദിച്ചു.

അകലേയ്ക്ക് ചൂണ്ടി ശിവരാമൻ,
ദേ ആ വഴി അര ഫർലോങ്,
ആരും അവിടേയ്ക്കൊന്നും അധികം പോകാറില്ല.
ഞാനും തൊട്ടടുത്തായുള്ള ഏലത്തോട്ടം വരെ പോകും. തിരികെ പോരും.
പള്ളിക്കടുത്തേയക്ക് ഞാനും പോയിട്ടില്ല.
സായിപ്പുമാര് പോയതോടെ പള്ളിക്കും താഴ് വീണു.
ഇപ്പൊ കുറെയേറെ നശിച്ചിട്ടുണ്ടാകും.
ഈ മല കയറി വന്ന് അതൊക്കെ നന്നാക്കി ആരാധന നടത്താൻ അല്ലെങ്കിൽ തന്നെ ആർക്കാ ഇപ്പൊ താൽപ്പര്യം..?
അങ്ങോട്ടെങ്ങാണും പോകുന്നെങ്കിൽ സൂക്ഷിച്ചോണെ,
മൃഗങ്ങളുടെ ശല്യം കാണും.

ആന കാണുമോ ?
നന്ദൻ ചിരിച്ച് കൊണ്ട് ചോദിച്ചു.

ആനയും പുലിയുമൊന്നുമില്ല,
വല്ല കുറുനരിയോ,പന്നിയോ മറ്റോ കണ്ടേക്കാം.
പിന്നെ ആ പള്ളിയുടെ വടക്ക് ഭാഗത്തേയ്ക്കൊന്നും പോകണ്ടാ.
മദാമ്മയുടെ പ്രേതം അവിടെയൊക്കെ കറങ്ങി നടപ്പുണ്ടെന്ന് കാലി പയ്യൻൻമാർ പറയുന്നത് കേട്ടിട്ടുണ്ട്.

മദാമ്മ അവിടെ ഉണ്ടെങ്കിൽ,
സായിപ്പ് ഇവിടെയും കാണുമല്ലോ ?
നന്ദൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
ശിവരാമൻ ചമ്മിയ മുഖത്തോടൊപ്പം ആ ചിരിയിൽ പങ്കു ചേർന്നു.

സമയം ഉച്ചകഴിഞ്ഞിരിക്കുന്നു.

ചെറിയ ഒറ്റയടിപ്പാത.
ഒറ്റയടി പാതയുടെ ഒരു വശം 
മഞ്ഞുമൂടിയ താഴ് വര പോലെ...
ഇടത് വശം ഏലക്കാടാണ്.
ഏലം ആണെങ്കിലും ചെറിയ കാടെന്ന് വേണമെങ്കിൽ പറയാം.
അത്ര ദൂരേയ്ക്കുള്ള കാഴ്ച്ചകൾ 
ഇടയ്ക്കിടെ മാത്രം.
അതു കൊണ്ട് തന്നെ ദൂരെയൊക്കെയുള്ള  മൊട്ടക്കുന്നുകൾ
ഇടയ്ക്കിടയ്ക്ക് മഞ്ഞ് മാറുമ്പോൾ  മാത്രം കാണാം.പിന്നെ വീണ്ടും അവയൊക്കെ മഞ്ഞിൽ 
ലയിച്ചു നിൽക്കും.
ദൂരെ മഞ്ഞിൻ കൂട്ടിനുള്ളിലെ  മരത്തിലിരുന്നു കരയുന്ന കിളിയുട ശബ്ദം കേൾക്കുന്നു.
ഇടയ്ക്കിടെ വഴിക്ക് കുറുകെ വീണ് കിടക്കുന്ന ഉണക്കമരങ്ങൾ.
ഇനി ഏത് നിമിഷവും വീഴാനായി ഊഴം കാത്ത് നിൽക്കുന്ന മറ്റ് ഉണക്ക മരങ്ങൾ ഇടയ്ക്കിടെ കാണാം

മുന്നോട്ട് നടക്കും തോറും ചെറിയ രീതിയിൽ കാറ്റും തണുപ്പും കൂടുന്നുണ്ട്.എങ്കിലും അതൊരു ആർക്കും ബുദ്ധി മുട്ടായി തോന്നുന്നില്ല.
ആ തണുപ്പ് ശരീരത്തെ മാത്രമല്ല മനസിനെയും വല്ലാതെ മൃദുവാക്കുന്നുണ്ട്.
മുമ്പിൽ നടക്കുന്നത് ദീപയാണ്.
പിറകെ ഞാനും.
വളരെയധികം നിർബന്ധിച്ചത് കൊണ്ടാവാം വഴികാട്ടിയായി ശിവരാമനും ഏറ്റവും പിറകിലുണ്ട്.
ശിവരാമൻ ഇടയ്ക്കിടയ്ക്ക് ആ പ്രദേശത്തെക്കുറിച്ച് പറഞ്ഞ് തരുന്നുണ്ട്.

ഏകദേശം അര കിലോമീറ്റർ മാത്രമെ നടന്നിട്ടുണ്ടാകു.
ഏലക്കാടുകൾ പിന്നിട്ട് തുറസായ സ്ഥലത്തെത്തി.
ഇടയ്ക്കിടയ്ക്ക് വീശിയടിക്കുന്ന കാറ്റിൽ താഴ് വാരങ്ങൾ കാണാം.
കുറച്ചപ്പുറത്തായി കാണുന്ന ചെറിയ പള്ളി ചൂണ്ടിക്കാണിച്ച് 
ശിവരാമൻ,

നിങ്ങൾ തിരക്കിയ പള്ളി അതാണ്.

അപ്രതീക്ഷിതമായാണ് മുമ്പേ പോയ ദീപ തിരിഞ്ഞ് നിന്നിട്ട് 
പറഞ്ഞത്.

ശിവരാമേട്ടൻ ഇനി പൊയ്ക്കോളൂ.

ദിപ പറഞ്ഞത് കേട്ട് ശിവരാമന് സന്തോഷമായെന്ന് തോന്നുന്നു.
വേഗതയിൽ നടന്ന ശിവരാമൻ ബ്രേക്കിട്ട പോലെയാണ് നിന്നത്.

ഓ ശരി,
ങാ...,
പിന്നെ,സൂക്ഷിക്കണെ സാറെ,
പള്ളിക്കപ്പുറത്ത് താഴോട്ടൊന്നും ഇറങ്ങാൻ നോക്കണ്ട.
വീണാൽ ശരീരം പോലും കിട്ടുകേല...,ഇവിടെ അധികം പരിചയമില്ലാത്തത് കൊണ്ട് പറഞ്ഞതാണ്. 

ശിവരാമൻ പിന്നെയും  എന്തൊക്കെയോ മുന്നറിയിപ്പുകൾ തന്നിട്ട് പിൻ തിരിഞ്ഞു നടന്നു.
പോകുന്നതിനിടയിൽ ഇരുട്ടുന്നതിന് മുന്നേ എത്തണമെന്ന നിർദ്ദേശവും.

കുറെ പടികൾ കയറിക്കാണും.
പടികളെല്ലാം കാട് പിടിച്ചും പൊട്ടിയും തകർന്ന് തുടങ്ങിയിട്ടുണ്ട്. ഓരോ പടികളിലും വളർന്ന് നിൽക്കുന്ന  കുറ്റിച്ചെടികൾ കൈ കൊണ്ട് മാറ്റി 
കയറുമ്പോൾ 
പള്ളിയിലേയ്ക്കുള്ള അകലം കുറഞ്ഞ് കുറഞ്ഞ് വരുന്നുണ്ട്.
ഏകദേശം പള്ളിക്കടുത്തായി 
എത്തിയപ്പോഴെയ്ക്കും ദീപ 
നിന്നു.

ബുദ്ധിമുട്ടായോ നന്ദൻ ?

ഹേയ് എന്ത് ബുദ്ധിമുട്ട് ?'
നന്ദൻ ചിരിച്ച് കൊണ്ട് നടന്ന് അവൾക്കൊപ്പമെത്തി.

കുറച്ച് ദിവസം മുമ്പ് എന്തോ പറയാനുണ്ടെന്ന് പറഞ്ഞിരുന്നു.
അത് പറയാനാണോ ഈ മലകയറ്റിയത് ?
നന്ദൻ ചിരിച്ച് കൊണ്ടാണ് അത് ചോദിച്ചത്.

മറുപടി ഒന്നും പറയാതെ ദീപ നടന്ന് പള്ളിക്ക് അടുത്തെത്തി. ഒപ്പം നന്ദനും.

നന്ദൻ ചുറ്റും നോക്കി.
പള്ളിയും പള്ളിക്ക് തൊട്ട് അപ്പുറത്തായി ഒരു ചെറിയ സെമിത്തേരിയും.
അതിനുമപ്പുറം മഞ്ഞ് പുതച്ച് നിൽക്കുന്ന താഴ് വരയും.
നന്ദൻ പള്ളിയിലേയ്ക്ക് നോക്കി.
യുറോപ്യൻ മാത്യകയാണോ ഡച്ച്  മാത്യകയാണോ എന്നറിയില്ല.
ഓടുകൾ കൊണ്ട് മേഞ്ഞതും ചില ഭാഗങ്ങൾ കുമ്മായം കൊണ്ട്  പൂശിയെടുത്തതും അതലേറെ ഭാഗം കരിങ്കല്ല് കൊണ്ട് പണിതതുമാണ് പള്ളി. കൂടാതെ ഇരു വശത്തും മുറികൾ പോലെ ഇറക്കി പണിതിരിക്കുന്നു.
സാധാരണ ഇന്നത്തെ കാലത്തെ ദേവാലയത്തിൽ നിന്നും ഏറെ വെത്യസ്തമായ നിർമ്മാണ രീതി.
വിശുദ്ധൻമാരായ ആരുടെയൊക്കെ നിരവധി ചിത്രങ്ങൾ ഭിത്തിയിലെ കല്ലുകളിൽ കൊത്തിയിരിക്കുന്നു.
അതെല്ലാം വൈദേശികതയെ അടയാളപ്പെടുത്തി ഇന്നും മായാതെ തന്നെ നിൽക്കുന്നു.
ഒറ്റനോട്ടത്തിൽ ഇത് പള്ളിയോ എന്ന് പറയാനാകില്ലെങ്കിലും മുകളിൽ ജീർണിക്കാതെ നിൽക്കുന്ന തടിക്കുരിശ് ഇത് പള്ളി തന്നെ എന്ന് അടയാളപ്പെടുത്തുന്നു.
എങ്കിലും നൂറ്റാണ്ടുകളുടെ പഴക്കം ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാം.
ഒറ്റ നോട്ടത്തിൽ മലമുകളിലെ നിശബ്ദതയിൽ ലോകത്തെ നോക്കി സ്വയം പ്രാർത്ഥിച്ച്  നിൽക്കുന്ന ഒരു കൊച്ചു ദേവാലയം.അതും എത്രയോ നൂറ്റാണ്ടുകളായി ഇങ്ങനെ...!
നന്ദൻ പൊളിഞ്ഞ് കിടന്ന ജനലിൽ കൂടി അകത്തേയ്ക്ക് നോക്കി.
ഏറെ പൊടിയും മാറാലകളും വ്യാപിച്ച് കിടക്കുന്നു.
ദേവാലയത്തിന്റെ ഭിത്തിക്കുള്ളിൽ പഴമയുടെ ശൈലിയിൽ പിത്തളയിലും വെള്ളിയിലും  തീർത്ത സ്തൂപങ്ങളും, ശിൽപ്പങ്ങളും. ക്രിസ്തുവിൻ്റെ കുരിശ് വഴിയുടെ ചിത്രങ്ങൾ പലതും ഭിത്തിയിൽൽ വരച്ച് വച്ചിരിക്കുന്നത് ഇരുട്ടിൽ അവ്യക്തമായി കാണാം.

അവിടെയാണോ നന്ദൻ 
കെയ്റ്റ് എന്നേയ്ക്കുമായി  മറഞ്ഞത് ?

ദീപയുടെ ചോദ്യം കേട്ടാണ് നന്ദൻ തിരിഞ്ഞ് നോക്കിയത്.

അറിയില്ല.
ചിലപ്പോൾ ആകാം.
മഞ്ഞ് ഇല്ലായിരുന്നെങ്കിൽ ഇവിടെ നിന്നാൽ ചുറ്റും കാണാമായിരുന്നു എന്ന് തോന്നുന്നു.

ആകാം എന്നല്ല നന്ദൻ,
ആണ് നന്ദൻ.
ഇവിടെ എവിടെയൊ ആണ്.
ഒരു പക്ഷെ അവിടെത്തന്നെയാണ്.
കണ്ടില്ലെ ഇവിടുത്തെ നിശബ്ദത.
ഈ നിശബ്ദത ഇവിടെയല്ലാതെ മറ്റെവിടെ കിട്ടും.
ശ്രദ്ധിക്കൂ നന്ദൻ,
ഈ നിശബ്ദതതയിൽ അവളുടെ  ആത്മാവ് പ്രാർത്ഥിക്കുന്നത്  കേൾക്കാൻ കഴിയുന്നില്ലേ ?

ദീപയ്ക്ക് എന്ത് പറ്റി എന്ന് ചിന്തിച്ച് നിൽക്കുമ്പോഴാണ് ദിപ നന്ദനെ അടുത്തേയ്ക്ക് വിളിച്ചത്.

നോക്കൂ നന്ദൻ പള്ളിയോട് ചേർന്ന് 
ശവകുടീരം...!

ദീപ വിരൽ ചൂണ്ടിയിടത്തേയ്ക്ക് നന്ദൻ നോക്കി.
ശരിയാണ്,
പള്ളിയോട് ചേർന്ന് ആരെയൊക്കെയോ അടക്കിയിരിക്കുന്ന ശവകുടീരങ്ങൾ.
അവ ഭിത്തിയോട് ചേർന്ന് അൽപ്പം ഉയരത്തിലും,മേൽക്കൂര പണിതിരിക്കുന്നത് കൊണ്ടും ഇപ്പോഴും നശിക്കാതെ നിൽക്കുന്നു എന്ന് തോന്നി.

ദീപ മുന്നോട്ട് നടന്ന് ശവ കൂടീരത്തിൽ എഴുതിയിരുന്ന പേരുകളിലെ മാറാലകൾ മാറ്റി.
കൈയ്യിലിരുന്ന തൂവാല കൊണ്ട് അതിലെ പൊടികൾ തുടച്ച് മാറ്റി.
'കെയ്റ്റ് ഹെൻട്രി ബേക്കർ (ജൂനിയർ) '
Born : 1790 
Deth : 1825 
എന്നെഴുതിയിരിക്കുന്നു.

തൊട്ടപ്പുറത്തായി 
ജോൺ ഹെൻട്രി ബേക്കർ (ജൂനിയർ) 
Born : I781
Deth : 1825 എന്നും എഴുതിയിരിക്കുന്നു.

അതിനുമപ്പുറം 'ഡൗണി' എന്ന പേരിൽ ഒരു കുതിരയുടെ ചിത്രം ആലേഖനം ചെയ്ത് വെച്ചിരിക്കുന്നു.അതവരുടെ പ്രീയപ്പെട്ട പെൺകുതിരയെ അവരോപ്പം അടക്കിയിരിക്കുന്നതാണെന്ന്
ഒറ്റനോട്ടത്തിൽ മനസിലായി.

ദീപ അവിടെ നിന്ന് എഴുന്നേറ്റു.
നന്ദൻ അപ്പോഴും ദീപയെ നോക്കി നിൽക്കുകയായിരുന്നു.
 
നന്ദൻ,
ഒരു പക്ഷെ നമ്മൾ കേട്ടിടത്തോളവും, കണ്ടിടത്തോളവും ഇവിടെ ചില സത്യങ്ങളുണ്ട്.
ചില യാഥാർത്ഥ്യങ്ങളുണ്ട്.
നമുക്ക് ചുറ്റും 
എതെല്ലാമൊ സംഭവിച്ചുകൊണ്ടിരിക്കുന്നു.
പലതും ഇതേ പോലെ ഒന്നുമല്ലാതെ പോകുന്നു. ആരോരുമറിയാതെ പോകുന്നു.
'കെയ്റ്റ് ' ചെയ്തതും അതാണ്,
ഒറ്റയ്ക്ക് ജീവിക്കുന്നതിനേക്കാൾ നല്ലത് മരണമാണെന്ന് അവൾ  തിരിച്ചറിഞ്ഞു.
കെയറ്റിനെപ്പോലെ ഞാനും എത്രയോ പ്രാവശ്യം അങ്ങനെ ചിന്തിച്ചിട്ടുണ്ടെന്നറിയാമോ ?

അൽപ്പം മുന്നോട്ട് നടന്ന ദിപ നന്ദനെ തിരിഞ്ഞ് നോക്കി.

നന്ദൻ കേട്ടിട്ടുണ്ടാകും '
മരിക്കാൻ എളുപ്പമാണ്,
പക്ഷെ ജീവിക്കാനാണ് പാട്'.

ഒന്ന് നിർത്തിയിട്ട് ദീപ തുടർന്നു,

'നമുക്കൊന്നു നടന്നാലോ നന്ദൻ' ?

അവർ തിരികെ പടികൾ ഇറങ്ങി തുടങ്ങി.
അൽപ്പം മുന്നോട്ട് നടന്നപ്പോൾ ഇടത് വശത്തേയ്ക്ക് ഒരു ഒരു വഴി.
അത്ര കാട് പിടിക്കാത്ത പുൽത്തകിടികൾ പോലെ 
ഒരു പ്രദേശം.
അതിനപ്പുറത്തായി ആകാശവും ഭൂമിയുമൊക്കെ മഞ്ഞിനാൽ ഒന്നായത് പോലെ നിൽക്കുന്നു.
അവർ നിന്നു.

ഇതിനപ്പുറത്തേയ്ക്ക് 
വഴിയില്ല ദിപ.
വഴി ഇവിടെ അവസാനിക്കുകയാണെന്ന് തോന്നുന്നു.
നന്ദൻ ദീപയെ നോക്കി.

വഴിയുണ്ട് നന്ദൻ.
എവിടേയ്ക്കാണെന്ന് മാത്രം അറിയില്ല.
പോയവരാരും തിരികെ വന്നിട്ടുമില്ല.
പക്ഷെ,നമുക്കവിടേയ്ക്ക് പോകേണ്ടതുണ്ടോ ?
പക്ഷെ, ജീവിതം അങ്ങനെയാണോ ?
ഒരു വഴി അടയുമ്പോൾ ആയിരം വഴികൾ അവിടെ തുറന്ന് കിട്ടില്ലേ  ?
ഒന്ന് നിർത്തി ദീപ നന്ദൻ്റെ മുഖത്തേയ്ക്ക് നോക്കി.
ഇനി.., ഇനി
ഇനി നമുക്ക് ഒരുമിച്ച് ജീവിച്ചു കൂടെ നന്ദൻ......?

അപ്രതിക്ഷിതമായി അത് കേട്ട 
നന്ദൻ ഒന്ന് അന്ധാളിച്ചു പോയി.
എന്ത് മറുപടി പറയണമെന്ന്
നിശ്ചയമില്ലാത്ത അവസ്ഥ.
എന്തെങ്കിലും പറയാതിരിക്കാനുമാകാത്ത അവസ്ഥ.

മറുപടി എന്ത് പറയുമെന്ന് നന്ദൻ  മനസിൽ പറയവെ തന്നെ ദീപ വീണ്ടും പറഞ്ഞ് തുടങ്ങി

വിണ്ടും ഒരു ഒരു കൂടിച്ചേരൽ..,
മുറിഞ്ഞ് പോയ രണ്ട് ഹൃദയങ്ങളെ വീണ്ടും ചേർത്ത് വയ്ക്കൽ.നന്ദൻ എന്ത് മറുപടി പറയും എന്നെനിക്കറിയില്ല.
പ്രയാസമാണെന്ന് എനിക്കറിയാം.
എങ്കിലും എനിക്ക് നന്ദൻ്റെ മറുപടി വേണം.
അത് അനുകൂലമായാലും പ്രതികൂലമായാലും.
ഇവിടെ വച്ച്.
ഈ പ്രകൃതി നിൻ്റെ വാക്കുകൾക്ക്  സാക്ഷിയാകണം.

ഞാൻ എന്താണ് പറയുക ദീപ ?
നിനക്കൊരു ഭാരമാകാതെ, വേദനയാകാതെ എന്നും മാറി തന്നിട്ടേയുള്ളു ഞാൻ.
എൻ്റെ ശരികളെ നിനക്ക് വേണ്ടി 
എപ്പോഴും തോൽവികളാക്കിയിട്ടേയുള്ളു ഞാൻ.
ആ ഞാൻ എന്ത് ഉത്തരമാണ് ഇവിടെ പറയുക ?

എനിക്കറയിയാം.
നന്ദൻ്റെ വേദനകളുടെ ആഴം.
പക്ഷെ,ഒരു മുറിവുകളും വേദനിക്കാതെ ഉണങ്ങുകയില്ലല്ലോ നന്ദൻ ?
എന്നും എൻ്റെ വാശികൾക്ക് മുമ്പിൽ നന്ദൻ സ്വയം ഇല്ലാതാവുകയായിരുന്നുവെന്ന്.
പക്ഷെ,യഥാർത്ഥത്തിൽ നന്ദന് മുമ്പിൽ ഞാൻ ജയിക്കുകയല്ല തോൽക്കുകയായിരുന്നു ?
അത്ര പെട്ടെന്ന് നന്ദൻ്റെ മനസ് മാറില്ല എന്നെനിക്കറിയാം,
നിന്നെ കോടതി കയറ്റിതുൾപ്പടെ 
നിനക്ക് മറക്കാനാകില്ല എന്നും 
അറിയാം.
പക്ഷെ,എനിക്കിതല്ലാതെ മറ്റു പോം വഴികളില്ല.
കാരണം ഞാനിപ്പോൾ ഈ ലോകത്ത് ഒറ്റയ്ക്കാണ്.
അതു കൊണ്ട് തന്നെ എനിക്ക് വേണ്ടത് നിൻ്റെ മറുപടിയാണ്.

നമുക്ക് തിരികെ പോയാലോ ?
നന്ദൻ്റെ ചോദ്യം കേട്ട് ദിപ നന്ദനെ നോക്കി.

മറുപടിയില്ലാതെ തെന്നി മാറുന്ന,അല്ലെങ്കിൽ നിരാശപ്പെടുത്തുന്ന മറ്റൊരു ചോദ്യം നന്ദനിൽ നിന്നുണ്ടായത് ദീപ പ്രതീക്ഷിച്ചിരുന്നില്ല.
ഇവിടെ നിന്ന് പോകാമെന്ന് ?
എവിടേയ്ക്ക് ?
തിരികെ യാത്ര തുടങ്ങിയിടത്തേയ്ക്ക്..
അതാണോ നന്ദൻ ഉദ്യേശിച്ചത് ?
ഒരു വ്യക്തമായ ഉത്തരമല്ലല്ലോ നന്ദൻ പറഞ്ഞത്.
ഒരു പക്ഷെ ഞാൻ ചോദിച്ചത് തന്നെ നന്ദന് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല...,

എന്താ ദീപ ആലോചിക്കുന്നത് ?
പോകേണ്ടെ നമുക്ക് മറ്റൊരു പുതിയ ജീവിതത്തിലേയ്ക്ക്.
നന്ദൻ ചിരിച്ചു കൊണ്ടാണ് അങ്ങനെ പറഞ്ഞത്.

നന്ദൻ ...?

നന്ദൻ മുന്നോട്ട് ചെന്ന് ദീപയുടെ ഇരുകയ്കളും കൂട്ടിപ്പിടിച്ചു.

അത്രയ്ക്ക് നീറുന്ന ആത്മാവിനെ തണുപ്പിക്കാനുള്ള ദിവ്യ ഔഷധമൊന്നും എൻ്റെ കയ്യിലില്ല.നീ പഠിച്ച സാഹിത്യവും കവിതകളുമില്ല. പക്ഷെ നിൻ്റെ ഹൃദയത്തെ തൊട്ടറിയാൻ എനിക്ക് കഴിയും.
അത്രയെ എനിക്ക് ഉറപ്പ് തരാനാകൂ....,

അവളുടെ കണ്ണിൽ നിന്ന് പൊടിഞ്ഞ കണ്ണുനീർ നന്ദൻ വിരലുകൾ കൊണ്ട് തുടച്ചു.

വരൂ നമുക്കിനി പോകാം.
നന്ദൻ അവളുടെ തോളിൽ കൈയ്യിട്ടു കൊണ്ട് പറഞ്ഞു.

അവർ തിരികെ നടന്നു...,
പുതിയ ജീവിതത്തിലേയ്ക്ക്.
പുനർജനിയിലേയ്ക്ക്.....

നടക്കുന്നതിനിടയിൽ തവർ പരസ്പരം മന്ത്രിച്ചു,
ഇനിയും നമ്മൾ ഇവിടേയക്ക് വരും.
അപ്പോഴും അവർക്ക് പിറകിലായി ഒരു പ്രാർത്ഥന പോലെ നിന്ന പ്രകൃതിയും,പള്ളിയും മഞ്ഞ് മൂടി തുടങ്ങിയിരുന്നു.


എഴുത്ത് : സഞ്ജയ് നല്ലില

വിലാസം:
സഞ്ജയ് നല്ലില,
ഷീൻ വില്ല,
പുലിയില,
നല്ലില പി.ഒ,
കൊല്ലം 691515

Mob : 9446365363

(കൊല്ലം ജില്ലയിലെ നല്ലില എന്ന ഗ്രാമത്തിലാണ് ഞാൻ താമസിക്കുന്നത്.
പ്രൊഫഷണൽ ഫോട്ടോഗ്രാഫിയാണ് എൻ്റെ  തൊഴിൽ. യാത്രയും, ഫോട്ടോയും, എഴുത്തുമാണ് ഇഷ്ടപ്പെട്ട മേഖല.
നവമാധ്യമങ്ങളാണ് എൻ്റെ കൂടുതലും എഴുത്തിന്റെ മേഖല)


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot