നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാലൻസ് ഷീറ്റ് (കഥ)

ബാലൻസ് ഷീറ്റ്
****************

സിങ്കിൽ കുമിഞ്ഞു കൂടി കിടക്കുന്ന പാത്രങ്ങളാണ് എന്നും രാവിലെ കണി.

വീടിൻ്റെ ഒരു ഭാഗത്ത്, അടുക്കളയുണ്ടന്നും അവിടെ പാചകം നടക്കുന്നുണ്ടെന്നും മാത്രമേ, വിവാഹത്തിനു മുൻപ് അടുക്കളയെ കുറിച്ചു ധാരണയുണ്ടായിരുന്നുള്ളു.

ഒരു ചായ പോലും ഇടാനറിയാതിരുന്ന ഞാനിപ്പൊ,തേയിലയും പഞ്ചസാരയും 
വരെ ഉണ്ടാക്കും.

ഒരോന്നാലോചിച്ചു പാത്രം കഴുകവെ പത്രക്കാരൻ്റെ ബെൽ കേട്ടു.
സത്യത്തിൽ ഒളിമ്പിക്സിൽ 'ഡിസ്കസ് ത്രോ' മത്സരത്തിൽ വീടുകളിൽ  പത്രമിടുന്നവരെ പങ്കെടുപ്പിക്കണം,
ഇന്ത്യയ്ക്ക് സ്വർണ്ണ മെഡൽ ഉറപ്പ്.

ചായ ഇറക്കി കപ്പിലേയ്ക്ക് പകർത്തുമ്പോഴാണ് ബാലു വിളിച്ചത്.
ഹും..! ഒരു ദിവസം ഈ പത്രങ്ങളും,
ചായയും നിർത്തലാക്കിയാൽ ഇതിയാൻ എങ്ങനെ അപ്പീടുമോ എന്തോ.. ?

ചായകൊടുത്തു തിരികെ നടക്കവെ,
"എന്താടീ... ഇത്?"
എന്ന അലർച്ച കേട്ട് തിരിഞ്ഞു നോക്കുമ്പോഴുണ്ട് ചായക്കപ്പും നീട്ടി പിടിച്ചു ബാലു നിൽക്കുന്നു.

ഓ.! ഇന്നും ചായയ്ക്ക് കുറ്റം തന്നെ.

"കണ്ടിട്ട് നിങ്ങൾക്ക് മനസ്സിലായില്ലേ... അതെന്താണന്ന്... ?"

"കണ്ടാലുടനെ എന്താണെന്ന് മനസ്സിലാവുമായിരുന്നെങ്കിൽ നീ എൻ്റെ തലേലാവില്ലായിരുന്നല്ലോ....?

ഓ! ഇനി എൻ്റെ തലേലോട്ടാണ് കയറ്റം.

''എന്നെ തലേലോട്ട് എടുക്കാൻ,
വിളിച്ചാരുന്നോ ഞാൻ നിങ്ങളെ ...?"

"ഇല്ലടീ ഇല്ല.
എല്ലാം എൻ്റച്ഛൻ വരുത്തി വച്ചതാ,
അച്ഛനാണല്ലോ നിന്നെ തിരഞ്ഞെടുത്തത്."

നേരം വെളുത്തപ്പോഴെ, ഇങ്ങേര് ചൊറിച്ചില് തുടങ്ങിയല്ലോ തമ്പുരാനേ..!

"അത്ര ബുദ്ധിമുട്ടി നിങ്ങളെന്നെ സഹിക്കണോന്നില്ല. ഞാനെൻ്റെ വീട്ടിലോട്ട് പൊയ്ക്കോളാം.."

''ദേ....രാവിലെ, വെറുതേ മനുഷ്യനെ മോഹിപ്പിക്കല്ലേ..."

"എൻ്റെ വീട്ടീന്ന് തന്നതൊക്കെ ഇങ്ങ് തന്നേര്, ഞാനിപ്പൊ ഇറങ്ങിക്കോളാം."

"ഓ അങ്ങനെ..!"

"ആ അങ്ങനെ തന്നെ."

''എൻ്റെ കൈയ്യീന്ന് ഇവള് മേടിച്ചോണ്ടേ പോവൂ..!"

"എന്താ പറഞ്ഞെ...?''

''അതിനു മാത്രം നിൻ്റെ വീട്ടീന്ന് എന്തോന്നാ തന്നതെന്ന്...? "

"അത് ശരി...!
നിങ്ങൾക്കത് ഓർമ്മയില്ലല്ലേ...?സാരമില്ല, തന്നവരുടെ കൈയ്യിൽ കൃത്യമായി കണക്കുണ്ട്..!

"അയ്യ...! എടുത്തോണ്ട് വാ നീ...
കണക്കു ബുക്ക്.

എടി നീ...,എത്ര വർഷമായി,
ഈ വീട്ടിൽ താമസിക്കുന്നു.?
ഇതുപോലൊരു വീട്ടിൽ താമസിക്കുന്നമെങ്കിൽ എത്ര രൂപ വാടക കൊടുക്കണമെടീ...? ങേ...?

പിന്നെ ആഹാരം.
അരി ഗോതമ്പ് മീൻ, ഇറച്ചി, പച്ചക്കറി, പാൽ ഇതിനൊക്കെ എന്നാ വിലയാന്നു നിനക്കറിയ്യോ...അറിയ്യോടീ...? 

കറൻറ്, ഇൻ്റർനെറ്റ്,വാട്ടർ,പെട്രോൾ, ഗ്യാസ്, ഇതിൻ്റെയൊക്കെ ചാർജ് നിനക്കറിയ്യോ...?

പിന്നെ,ആ ഫങ്ഷൻ ഈ ഫങ്ഷൻ മറ്റേ ഫങ്ഷൻ മറിച്ച ഫങ്ഷൻ,എന്നു പറഞ്ഞു നീ എടുത്തു കൂട്ടുന്ന ഡ്രസ്സ്, 

കണ്ണീക്കണ്ട പുസ്തകങ്ങൾ,മാഗസിൻസ്,
സിനിമ,ബീച്ച്,പാർക്ക്, ഹോട്ടൽ,
ടോട്ടൽ എത്ര രൂപയാകുമെന്ന് നിനക്കു വല്ല ധാരണയുമുണ്ടോ,...ഉണ്ടോടീ..?

പതിനാറു വർഷത്തെ കണക്കെടുത്തു നോക്കിയാൽ നിൻ്റെ വീട്ടീന്ന് തന്നതിൻ്റെ ഇരട്ടി നിനക്കു വേണ്ടി ഞാൻ ചിലവാക്കിയിട്ടുണ്ട്. ഞാനൊരു മാന്യനായി പോയതോണ്ട് ആ ചിലവ് ഇങ്ങോട്ട് ചോദിക്കുന്നില്ല."

നിർത്തി നിർത്തി പറഞ്ഞിരുന്നേൽ ഭാവം വന്നേനെ...!

പച്ച നിറമുള്ള ഗോദ്റജ് അലമാരിക്കുള്ളിൽ, കറുത്ത ഫയലിലിട്ടു വച്ചിരിക്കുന്ന എൻ്റെ പിജി സേർട്ടിഫിക്കറ്റ്, ക്രാഷ് കോഴ്സുകളുടെ സേർട്ടിഫിക്കറ്റ്സ് ഒക്കെ മനസ്സിൽ നിരനിരയായി വന്നു നിന്നു. 

അവയ്ക്കു പുറകിൽ നവ വധുവരന്മാരായിരുന്ന ഞാനും ബാലുവും.

"എടോ.....എനിക്കത്യാവശ്യം നല്ല ഇൻകം ഉണ്ട്.
രണ്ടു പേരും എംപ്ലോയീസ് ആയാൽ ഫാമിലി ലൈഫ് സ്മൂത് ആവാൻ ബുദ്ധിമുട്ടാ.
സൊ, താൻ ജോലിക്ക് പോവണ്ട. ജോലിയില്ലാത്തതിൻ്റെ പേരിൽ തൻ്റെ ഒരാവശ്യങ്ങളും നടക്കാതിരിക്കില്ല. ഷ്വർ."
ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡനിലിരുന്നു എൻ്റെ കൈ പിടിച്ചു കൊണ്ട് ബാലു പറയ്യാണ്.

പി ജി കഴിയും വരെ, പാതിരാത്രിയും വെളുപ്പിനെയും പഠിക്കാനിരിക്കുമ്പോഴെല്ലാം,
കാപ്പിയും ഇട്ടു തന്നു അച്ഛനുമമ്മയും കൂട്ടിരിക്കുകയും,
പല തവണ പറഞ്ഞു തരികയും ചെയ്തു, സ്വന്തം കാലിൽ നിൽക്കണമെന്ന്.

കല്യാണത്തിനു മുന്നേ ആപ്ളിക്കേഷൻ അയച്ച ബാങ്ക് ടെസ്റ്റ്, കല്യാണം കഴിഞ്ഞു എഴുതാനേ ശ്രമിച്ചില്ല. ബാലു സമ്മതിച്ചില്ല.
ആ ബാലുവാണിപ്പോൾ ഈ കണക്കു പറയുന്നത്...

അല്ല എന്നെ പറഞ്ഞാൽ മതി. എനിക്കെന്തിൻ്റെ കേടായിരുന്നു...,
അന്ന് ഇങ്ങേരുടെ വാക്കും കേട്ട് 
ചൊറീം കുത്തീരിക്കാൻ...!
അതും സ്വയം തൊഴിൽ ചെയ്യാൻ ധാരാളം സാമൂഹ്യക്ഷേമപദ്ധതികളുമുള്ളപ്പോൾ...!

ബാലുവിൻ്റെ ദിവസേനയുള്ള ഈ ചൊറിച്ചിൽ നിർത്തിയേ പറ്റു.

"ബാലു ഒന്നു നിന്നേ..."

"ങും? എന്തേ...?"

"അതേ ബാലു ഇപ്പോൾ ചവിട്ടി നിൽക്കുന്ന ഈ തറയില്ലേ,അതു തൂത്തു തുടച്ചിട്ടത് ഞാനാ.
ഈ തറ മാത്രല്ല, ബാത്റൂം അടക്കം ഈ വീട്ടിലെ തറ മുഴുവൻ കഴുകുന്നതും തുടക്കുന്നതും ഞാനാ."

''അതിന്..?"

"പിടയ്ക്കാതെ..,മുഴുവനും പറയട്ടെ.."

"ബാലു ഇട്ടിരിക്കുന്ന ഈ നീല ഷേർട്ടും, നീലക്കരയുള്ള വെള്ളമുണ്ടും, അതിനടിയിലുള്ളതുമടക്കം, ഈ വീട്ടിലെ എല്ലാ തുണികളും അലക്കി തേച്ചു മടക്കി വയ്ക്കുന്നതും ഞാനാ.

പിന്നെ ചിക്കൻ പൊരിച്ചതു വേണം,
ഫിഷ് താഴെ വേണ്ട മോളി മതിയെന്നും പറയുമ്പോഴും നിങ്ങള് തരുന്ന മെനു അനുസരിച്ച് ഇഡലീം, ഇടിയപ്പോം,
ചായ, കാപ്പി, ജ്യൂസ്, ചോറ്, ചപ്പാത്തി, ഇവയെല്ലാം ഉണ്ടാക്കി തരുന്നതും
അതെല്ലാം വെട്ടി വിഴുങ്ങീട്ട്, അവിടവിടെ  
ഇട്ടിട്ടു പോവുന്ന പാത്രങ്ങളെടുത്ത് കഴുകി വയ്ക്കുന്നതും  ഈ ഞാനാ. ആരാ... ?
ഈ....ഞാൻ...!

പിന്നെ ഗ്യാസ് ബുക്ക് ചെയ്യുന്നതടക്കം,
ബാലു കുറച്ചു മുന്നേ പറഞ്ഞ ചാർജ്ജുകളെല്ലാം ഓൺലൈൻ വഴിയും അല്ലാതെയും കൃത്യസമയത്ത് അടയ്ക്കുന്നതും ഈ ഞാനാ... !

ബാലുവിൻ്റേം കൂടിയായ മോനെ വീട്ടിലിരുത്തി പഠിപ്പിയ്ക്കുന്നതും,അവൻ്റെ സ്കൂളിലെ കാര്യങ്ങൾ അന്വേഷിക്കാൻ പോകുന്നതും ഈ ഞാനാ. ആരാ....?

"ഈ....ഞാൻ....!"

"ങേ.....?"

'' അല്ല.... ഈ...നീ..!"

"നിങ്ങൾ ഓഫീസിലേയ്ക്കു ഇറങ്ങും മുന്നേ കുളിക്കാനുള്ള തോർത്തടക്കം,
ഷേർട്ട്, പാൻ്റ്സ്,ഷൂ,സോക്സ്, ചാവി ഇത്യാദികളൊക്കെ എടുത്ത് കൈയ്യിൽ പിടിപ്പിച്ച്, ഗേറ്റു തുറന്നു തരുന്നതും ഈ ഞാനാ..

പിന്നെ,ഞാൻ വാടകയില്ലാതെ താമസിക്കുന്നുവെന്ന് ബാലു പറഞ്ഞ 
ഈ വീട് വയ്ക്കാൻ എൻ്റെ വീട്ടിൽ നിന്ന്, കല്യാണത്തിനു തന്നതു കൂടാതെ വീണ്ടും  നല്ലൊരു എമൗൺട് തന്നിരുന്നു..
ബാലൂന് ഓർമ്മയില്ലായിരിക്കും ല്ലേ...? സാരമില്ല, അഹങ്കാരത്തിൻ്റയാ..!

ഈ വീട്ടിലെ ലൈറ്റ് ഇടണമെങ്കിൽ പോലും എൻ്റെ കൈ ചെല്ലണം.
ഈ വീട്ടിലെ പോയിട്ട് നമ്മുടെ മുറിയിലെ ലൈറ്റിൻ്റെയും ഫാനിൻ്റെയും സ്വിച്ച് ഏതൊക്കെയാണെന്നെങ്കിലും ബാലൂന് അറിയ്യോ..? 

പതിനാറ് കൊല്ലായിട്ട് ഞാൻ ചെയ്യുന്ന ഈ ജോലികളൊക്കെ പുറത്തു ചെയ്തിരുന്നെങ്കിലേ ഞാനിപ്പൊ കോടീശ്വരിയായേനെ...!

അതായത് ബാലു എനിക്ക് വേണ്ടി ചിലവാക്കുന്നതിൻ്റെ ഇരട്ടീടെ ഇരട്ടിയിലധികം തുകയ്ക്കാ ഞാനിവിടെ ജോലി ചെയ്യുന്നത്.
അപ്പൊ എൻ്റെ വീട്ടീന്ന് തന്നത് മാത്രല്ല തരേണ്ടത്..

ഞാനിവിടെ ചെയ്യുന്ന ജോലിയുടെ,
കൂലിയിൽ നിന്നും, ബാലു എനിക്കു വേണ്ടി മുടക്കിയത് ലസ് ചെയ്തു കഴിഞ്ഞാലും വലിയൊരു തുക എനിക്കിങ്ങോട്ടാണ് തരേണ്ടത്...

പക്ഷേ ഞാനൊരു മാന്യയായതോണ്ട് അത് ചോദിക്കുന്നില്ല.എൻ്റെ വീട്ടീന്ന് തന്നതു മാത്രം മതി എനിക്ക്. കേട്ടോ മാന്യാ..?''

''ങാഹാ...! അപ്പൊ നിൻ്റെ മനസ്സിൽ ഇതൊക്കെയായിരുന്നില്ലേ ടീ..?"

"അതെന്താ നിങ്ങൾക്കു മാത്രേ കണക്കു കൂട്ടാനറിയൂന്ന് കരുതിയോ..? "

"അങ്ങനെ കണക്കു കാട്ടിയൊന്നും നീ എന്നെ പേടിപ്പിക്കണ്ട,എൻ്റെ കിഡ്നിയോ,കരളോ വിറ്റിട്ടാണേലും നിൻ്റെ വീട്ടിന്നു തന്നതിനേക്കാൾ ഒരു രൂപ കൂടുതൽ ഞാൻ തരും..."

"ആ...തരണം. അന്നേരം ഞാൻ പോവാം."

"അപ്പൊ നീ പോവില്ലന്നു സാരം.."

"വല്ലതും പറഞ്ഞോ....?"

"അല്ല നീ...പോവണ്ടന്നു പറഞ്ഞതാ..,
നീ ഇല്ലാതെ, എനിക്കെന്തു ആഘോഷം.....!"

Written by,
Anjali Rajan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot