സർക്കാറിന്റെ സൗജന്യറേഷനരിയും,കിറ്റും വാങ്ങി ലോക്ക്ഡൗൺ ആചരിച്ച് വീട്ടിലിരിക്കുന്നുവെങ്കിലും പ്രവാസികൾ ഉള്ള വീടുകളിലെ ഓരോ മനവും നീറുന്നുണ്ടാവും.
പ്രവാസികളെ അത് നിങ്ങളെക്കുറിച്ചാണ്.
പ്രവാസികളെ നാട്ടിലെത്തിക്കാൻ സർക്കാറിന്റെ പ്രവർത്തനഫലമായി രജിസ്ട്രേഷൻ തുടങ്ങിയപ്പോൾ ആദ്യ യാത്രയിൽ തങ്ങളുടെ ഉറ്റവർക്ക് സ്ഥാനം ലഭിക്കണേ എന്ന് ഉള്ളുരുകി പ്രാർത്ഥിക്കുന്ന ഒട്ടനവധി ഹൃദയങ്ങൾ....
ലോകത്തെമ്പാടും കൊറോണ എന്ന മാരകവ്യാധി വ്യാപിച്ചിട്ടുണ്ടെങ്കിലും ഞങ്ങളുടെ ആശങ്ക മുഴുവനും നിങ്ങളെക്കുറിച്ചാണ്, ഞങ്ങൾക്കിവിടെ സ്വസ്ഥമായുറങ്ങാൻ സ്വന്തമായൊരു വീടുണ്ട്, അതിലുപരി ഞങ്ങളെ സംരക്ഷിക്കുന്ന ഒരു ഭരണകൂടവും.
അവിടെ ഒരു റുമിൽ പല ദേശക്കാർ, അതിൽ ജോലിക്ക് പോകുന്നവരുo, കർഫ്യു
ആചരിക്കുന്നവരും ഉണ്ടാവാം,എന്ത് സമാധാനത്തോടെയാണ് നിങ്ങൾ ആ മുറിയിൽ ഒന്നിച്ച് കിടന്നുറങ്ങുക? കൂടെ കഴിയുന്നവന് പോസ്റ്റിവ് സ്ഥിരീകരിച്ച് അതേ മുറിയിൽ കഴിയാൻ ആവശ്യപെടുന്ന ആരോഗ്യ മന്ത്രാലയത്തിന്റെ ആജ്ഞ അനുസരിച്ച് അയാൾക്ക് വേണ്ടുന്ന ഭക്ഷണം ഉണ്ടാക്കി കൊടുത്ത് ,മുറിയിലിരുന്ന് അമ്മയെ വിളിച്ച് ഇവിടെ സുഖമാണമ്മേ, ഇന്ന് ലീവാണ്. എന്ന് കള്ളം പറയുന്ന മകന്റെ മനസ്സിൽ അപ്പോൾ എന്തായിരിക്കും ?
കിട്ടിയ ശമ്പളം മുഴുവൻ ഭാര്യയുടെ അക്കൗണ്ടിലേക്ക് അയക്കുമ്പോൾ, ഏട്ടനും അവിടെ ചെലവല്ലേ? എന്തിനാ മുഴുവനും അയക്കുന്നത് എന്ന് ചോദിക്കുന്ന ഭാര്യയോട് ,അവിടെ കിടന്നോട്ടെ ഇവിടെ സെയ്ഫ് അല്ല എന്ന് പറയുന്ന ഭർത്താവിന്റെ മനസ്സിൽ അപ്പോ എന്തായിരിക്കും?
പോസറ്റീവ് സ്ഥീരികരിച്ച് ഹോട്ടൽ മുറിയിൽ ഒറ്റയ്ക്ക് കഴിയുന്ന അച്ഛൻ ,
വാവ ചോറുണ്ടോ?
എന്ന് മകളോട് വിളിച്ച് ചോദിക്കുമ്പോൾ അയാളുടെ മനസ്സിൽ എന്തായിരിക്കും?
ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന മറ്റേ രാജ്യക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു എന്ന് കേൾക്കുമ്പോൾ നിങ്ങൾക്കുണ്ടാവുന്ന അവസ്ഥയും ഞങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളു.
നാട്ടിൽ പോയാലും തിരിച്ചു വന്നാൽ ജോലി കിട്ടുമോ എന്ന ആശങ്ക പെടുന്ന മനസ്സുകളും നിങ്ങളിലുണ്ടാവാം.
ഗൾഫിൽ നിന്ന് വരുമ്പോൾ നിങ്ങൾ കൊണ്ടുവരുന്ന വില കൂടിയ ഫെർഫ്യൂമിന്റെ കുപ്പി മാത്രമല്ല ഞങ്ങൾക്ക് വേണ്ടത് നിങ്ങളുടെ ജീവനാണ് .ആയുസ്സാണ്.
ഞങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കയാണ് നിങ്ങളുടെ വരവിനായി,....
അതിൽ അമ്മയുണ്ട്. അച്ഛനുണ്ട്, സഹോദരങ്ങളുണ്ട്, ഭാര്യമാരുണ്ട്, മക്കളുണ്ട്. ധൈര്യമായി തിരിച്ചു വന്നാലും ഞങ്ങളുണ്ട് കൂടെ😍😍
-പത്മിനി നാരായണൻ-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക