Slider

തറവാട്ടോർമകൾ.. (ഓർമ്മക്കുറിപ്പ്)

0

അത്രമേൽ പ്രിയപെട്ടതെന്തോ കളഞ്ഞു പോയത് തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു 
നാം എല്ലാവരും തറവാട്ടിൽ ഒത്തുകൂടുമ്പോൾ.. 

ആ ഒത്തുകൂടലിനു കാലപ്പഴക്കം 
നന്നേ ഉള്ളത് കൊണ്ടാകാം സ്നേഹബന്ധങ്ങൾക്കെന്നും 
ഇരട്ടി മധുരമാണ്.. 

എന്നും കുട്ടികാലത്തെ ഓർമ്മകൾ 
തളം കെട്ടി കിടന്ന ഓർമകളുടെ പറുദീസ ആയിരുന്നു മുതിയങ്ങയിലെ അമ്മവീട്.. 
പെൺപട ആണെന്ന് അടക്കം പറഞ്ഞിരുന്ന ഞങ്ങളുടെ ഇടയിൽ രണ്ട് അനിയന്മാരും.. 
ആകെ മൊത്തം കുശാൽ.. 

ഞമ്മൾ ഒത്തുചേരുന്നത് എപ്പോഴാണെന്ന് പറഞ്ഞില്ല.. 
പരീക്ഷാചൂടൊക്കെ കഴിഞ്ഞിട്ട് 
എന്നാൽ വേനൽചൂട് മാറാത്ത സമയത്ത്.. 
നാട്ടിലെ തെയ്യത്തിന്റെ ഉത്സവത്തിൽ.. 
തലേന്ന് പോയി തമ്പടിക്കും.. 
തലേന്ന് വൈകുന്നേരം അമ്മമ്മയുടെ ചൂടൻ ഉണ്ണിയപ്പവും ചായയുമൊക്കെ 
കുടിക്കണമെന്ന് ആഗ്രഹമുണ്ടാകും.. 
എന്നാൽ നമ്മൾ പെൺപട കുളിക്കാനും ഒരുങ്ങാനും ഉള്ള തിരക്കിലായിരിക്കും.. 
കാര്യം ഇതൊക്കെ കഴിഞ്ഞിട്ടാണ് 
ബാക്കിയുള്ളവരുടെ നീരാട്ട് തുടങ്ങുക.. 
കാവിലെ ഉത്സവത്തിന്റെ കൊടിയേറ്റം 
നമ്മുടെ വീട്ടിൽ അപ്പോൾ നടന്നു കാണും.. 
അപ്പോഴേക്കും ഓരോരുത്തരായി ക്ഷണിച്ചവരൊക്കെ എത്തികാണും.. 
തെയ്യവും ഉത്സവവുമൊക്കെയായാലും 
നമ്മളുടെ തറവാട്ടിൽ അന്ന് 
ചിക്കൻ കറി  ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നായിരുന്നു.. 
വെള്ളാട്ടം കാണണമെന്നൊക്കെ നമ്മൾ 
പറഞ്ഞുറപ്പിച്ച കരാറായിരുന്നു.. 
എന്നാൽ വീട്ടിലെ ബഹളത്തിലിടക്ക് എന്ത്‌ 
വെള്ളാട്ടം, എന്താ കരാർ? 
അങ്ങനെ കാവിലേക്കുള്ള കുഞ്ഞിപ്പറമ്പത്തെ ഘോഷയാത്ര പുറപ്പെടും.. 
കാവിലെത്തിയാൽ വെള്ളാട്ടവും കഴിഞ്ഞ് 
നേർച്ചയ്ക്കിരിക്കുന്ന തെയ്യങ്ങളെ കാണാം.. 
പിന്നെ നമ്മുടെ ഏക ലക്ഷ്യം ഐസാണ്.. 
അതിനു മുൻപ് അതിനുള്ള സ്പോൺസറേ പിടിക്കലാണ്.. 
സ്പോൺസർ എന്ന് പറഞ്ഞതിൽ തെറ്റില്ല.. 
കാരണം ഏകദേശ കണക്ക് പറഞ്ഞാൽ 
പത്തു പന്ത്രണ്ട് പേരടങ്ങുന്ന ഐസ് തീറ്റക്കാർ ഉള്ള സാമാന്യം ഭേദപെട്ട ഫാമിലി ആണ് നമ്മളുടെ.. 
പിന്നെ ഉള്ള പരിപാടി കലശം കാണാൻ ഉള്ള 
ഹിൽ പോയിന്റ് കണ്ടു പിടിക്കലാണ്.. 
അതിൽകൂടി വിജയിച്ചാൽ പിന്നെ ഉള്ളത് 
വീട്ടിൽ പോയി നല്ല ഫുഡ്‌ അടിക്കലാണ്.. 
ശേഷം ലൊക്കേഷൻ കാവിൽ തന്നെ.. 
3 മണിക്ക് ഗുളികൻ തിറക്ക് നന്നായി 
തൂക്കാനുള്ള ജോലി അമ്മ ഏറ്റെടുത്തിരുന്നു.. 
കസേര മൂപ്പർക്ക് മസ്റ്റ് ആണ്.. 
കൊറച്ചു കസേരയും ഒപ്പിച്ചു മുൻ നിരയിൽ ഇരിക്കലാണ് അടുത്ത യജ്ഞം.. 
തെയ്യവും അതിന്റെ കൂടെ ഉറക്കവും കഴിഞ്ഞ് നമ്മൾ വീട്ടിലേക്ക് പുറപ്പെടും.. 
പിന്നെ എവിടെയാണോ എങ്ങനെയാണോ എന്നൊന്നുമില്ലാതെ ഒരു വീഴ്ചയായിരിക്കും.. 
ആ വീഴ്ചയിൽ പിറ്റേന്ന് 10 മണി വരെ മാത്രം നീണ്ടു നിൽക്കുന്ന അഗാധ ഉറക്കമുണ്ട്.. 
പിറ്റേന്ന് 10 ആയാൽ പിന്നേം തുടങ്ങും ഒന്നേ മുതൽ.. കുളി തേവാരം എല്ലാം കഴിഞ്ഞ് 
ചോറിന്റെ സമയത്ത് കാവിൽ.. 
അപ്പോഴേക്കും രണ്ട് തിറ കഴിഞ്ഞു കാണും.. 
എന്നാലും സാരമില്ല എന്ന മട്ടിൽ എല്ലാരും നേർച്ച കൊടുക്കാൻ ക്യു നിക്കും.. 
ശേഷം ഫുഡിനുള്ള ക്യു.. 
അത് കഴിഞ്ഞാണ് നമ്മുടെ താരത്തിന്റെ 
എഴുന്നള്ളത്ത്.. 
കുട്ടിക്കാലത്തു ഏറ്റവും പേടിച്ച ചാമുണ്ഡി തെയ്യം.. 
മുഖത്തെഴുത് എഴുതി, കുരുത്തോല പുതച്ചു നാവും നീട്ടി വരുന്ന ആ വരവ് കണ്ടാൽ 
നമ്മൾ പിള്ളേറിൽ ഓടാത്തവരുണ്ടാകില്ല.. 
കുട്ടികളുടെ പിന്നാലെ പാഞ്ഞും.. 
നാവ് നീട്ടിയും കണ്ണുരുട്ടും പേടിപ്പിക്കുന്നത് എന്തിനാണെന്ന് സത്യം പറഞ്ഞാൽ എനിക്കിന്നും മനസ്സിലാകാറില്ല.. 
അതിനു ശേഷം കൈത പൊരിക്കാൻ പോകും.. 
അത് വരെ നമ്മക് റസ്റ്റ്‌.. 
അതിനു ശേഷമാണ് കോഴിയുടെ ചോര കുടിക്കുന്ന ചടങ്ങ്.. 
പത്തോളം കോഴിയുടെ ഒക്കെ ചോര 
ഒരു മനുഷ്യന് എങ്ങനെ കുടിക്കാൻ പറ്റും 
എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.. 
എല്ലാം കഴിഞ്ഞാൽ ചാമുണ്ഡി ബോധം കെട്ട് വീഴും അതോടെ കാവിലെ ഉത്സവവും തീരും.. 
നമ്മുടെ ആഘോഷവും തീരും.. 

അടുത്ത വർഷത്തേക്കുള്ള ആ ഒത്തുകൂടലിന്റെ പ്രയാണം അവിടെ വെച്ച് തുടങ്ങുകയാണ്.. ചെറു പുഞ്ചിരിയോടെ തൽക്കാലത്തേക്ക് വിടപറഞ്ഞ്...

ജിംന കെ✍️

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo