Slider

പൂക്കാരി (കഥ)

0

പൂക്കാരി.

പൂക്കാരി ജാനമ്മയായിരുന്നു. 
ജമാലു വധക്കേസ്സിലെ ഒന്നാം സാക്ഷി.
പ്രതികൾ നാലുപേരും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. 
അതൊരു രാഷ്ട്രീയ കൊലപാതകമായിരുന്നു.
അന്നും പതിവുപോലെ സന്ധ്യാ സമയം ആലുംമൂടും പരിസരവും തിരക്കായി തുടങ്ങി.
അമ്പലത്തിന് മുന്നിലെ ആലിൻ്റെ ചുവട്ടിൽ ജാനമ്മ തൻ്റെ പൂക്കൂടയുമായെത്തി.
മുൻവശത്തെ റോഡിലെ ഹമ്പിൽ ഒരു ബൈക്ക് കയറുന്നതും ഒരാൾ താഴെ വീഴുന്നതും ജാനമ്മ കണ്ടു. നാലഞ്ചു പേർ ചുറ്റിനും ഓടിക്കൂടി. 
അവരുടെ കൈയ്യിൽ ഉണ്ടായിരുന്ന ആയുധങ്ങൾ ഉയർന്നു താഴ്ന്നു.
ഒരു നിലവിളി ആദ്യത്തെ വെട്ടിൽ തന്നെ പകുതിയിൽ വച്ച് മുറിഞ്ഞു.
വെള്ളം നിറഞ്ഞ വാഴപ്പോളയിൽ വെട്ടു കത്തി കൊള്ളുന്ന ഒച്ചയായിരുന്നു. 
പിന്നെ കേട്ടുകൊണ്ടിരുന്നത്.
ജാനമ്മയുടെ പൂക്കൂടയുടെ  മുല്ലപ്പൂക്കളിൽ ചുവന്ന തെച്ചിപ്പൂ വിതറിയ പോലെ ചോരത്തുള്ളികൾ തെറിച്ചു വീണു.
ബൈക്കുകളിൽ കയറി അവർ ആർത്തു വിളിച്ചു.
രക്തം പുരണ്ട നീളമേറിയ വാളുകൾ ചുറ്റിനും നീട്ടിപ്പിടിച്ചു കണ്ടു നിന്നവർക്ക് താക്കീതു നൽകി.
ജാനമ്മയുടെ നേർക്കും നീണ്ടു വന്നപ്പോൾ അവർ കണ്ടു. ചോരത്തുള്ളികൾ അതിൽ നിന്നും അപ്പൊഴും ഇറ്റുവീഴുന്നുണ്ടായിരുന്നു.
അറ്റം വളഞ്ഞിരിക്കുന്ന വാളിൻ്റെ മുനയിൽ കോർത്തിരിക്കുന്നൊരു കണ്ണ്.
ആർപ്പുവിളികളുമായി അവർ നാലു പേരും ബൈക്കിൽ കയറി.
നാലു പേരിൽ കൂടെ വന്ന ഒരാൾ മാത്രം ബൈക്കിന് പുറകിലിരുന്ന് ദയനീയമായി റോഡിലെ ശരീരത്തിലേക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
റോഡിൽ ചിതറിയ മാംസക്കഷണങ്ങൾക്ക് ചുറ്റിനും കാക്കകൾ പറന്ന് വന്നു കൊണ്ടിരുന്നു.

"ഈ നിൽക്കുന്നവരെ തന്നെയാണോ നിങ്ങൾ അന്ന് കണ്ടത്?"
കോടതി മുറിയ്ക്കുള്ളിലെ ചോദ്യത്തിന് മറുപടി പറയാൻ ജാനമ്മ ആദ്യമൊന്നു മടിച്ചു നിന്നു. 
അവർ കോടതി മുറിയ്ക്കുള്ളിലൂടെ ഒന്നു കണ്ണോടിച്ചു. നാല് ചെറുപ്പക്കാരുടെ ഭാവി എൻ്റെ നാവിൻതുമ്പിലെ വിധി കാത്തു നിൽക്കുന്നു.
കോടതി വരാന്തയിലെ ബെഞ്ചിൽ കറുത്ത പർദ്ദ അണിഞ്ഞൊരു സ്ത്രീ കരഞ്ഞു തളർന്നിരിക്കുന്നുണ്ട്. അവൾ നിറ ഗർഭിണിയായിരുന്നു. ബുദ്ധിമാന്ദ്യം സംഭവിച്ചൊരു അഞ്ചു വയസ്സുകാരൻ ആൺക്കുട്ടിയും അവൾക്കരികിലായുണ്ടായിരുന്നു. 
അവൻ ഉമിനീരിറയ്ക്കുന്ന തുറന്ന വായുമായി തല ഇരുവശങ്ങളിലേക്കും മാറി മാറി വെട്ടിച്ചു കളിക്കുകയാണ്. കൈയ്യിൽ മുറുകെ പിടിച്ചിരിക്കുന്നൊരു കളിപ്പാട്ടത്തിനോടവൻ ഇടയ്ക്ക് സംസാരിക്കുന്നുമുണ്ടായിരുന്നു.
ജമാലുവിൻ്റെ ഭാര്യയും മകനും.
ജമാലുവിൻ്റെ അമ്മയും മാനസിക വിഭ്രാന്തിയിൽ പെട്ടൊരു സ്ത്രീയായിരുന്നു.
ഭ്രാന്തിയായ ഒരു അമ്മയും, ബുദ്ധിമാന്ദ്യം സംഭവിച്ചൊരു ആൺകുട്ടിയും, നിറഗർഭിണിയായൊരു സ്ത്രീയും അനാഥരായി.
ജാനമ്മ നോട്ടം നാലു ചെറുപ്പക്കാരിലേക്കു മാറ്റി.
നാലു പേരിൽ ഒരാൾ മാത്രം അന്നേരം തലകുനിച്ചു നിന്നു.
"അതെ ഇവർ തന്നെയാണ്. ഞാൻ കണ്ടതാണ്." കോടതിയിലെ നിശബ്ദതയിൽ ജാനമ്മയുടെ ശബ്ദം വീണു ചിലമ്പി.

അഞ്ചു വർഷങ്ങൾ കഴിഞ്ഞു.
ഒരു സന്ധ്യാനേരത്ത് മരണക്കിളി ആലിൻ കൊമ്പിലിരുന്ന് പതിവില്ലാതെ ഒച്ചയുണ്ടാക്കി.
ഇന്നിവിടെ വീണ്ടുമൊരു കൊലപാതകം നടക്കും,
പൂക്കാരി ജാനമ്മയുടെ ഉള്ളിൽ അങ്ങനെയൊരു തോന്നലുണ്ടായി. ജാനമ്മ രണ്ടു ദിവസമായി കാണുന്നുണ്ടായിരുന്നു.
അവർ മൂന്നു പേർ ഉണ്ട്. ചെറുപ്പക്കാരാണ്.
വൈകുന്നേരം  അഞ്ചു മണിയാകുമ്പോൾ വരുന്നു. ഏഴു മണി വരെ ആരെയോ കാത്തു നിൽക്കും, പിന്നെ മടങ്ങും.
ആലിൻ്റെ പുറകിലായി ഇന്നും ആ മൂന്ന് ചെറുപ്പക്കാർ പതുങ്ങി നിൽക്കുന്നുണ്ടായിരുന്നു.
മൂന്നു പേരുടേയും കൈകളിൽ ചില ആയുധങ്ങളും ഉണ്ട്. മൂന്നടിയോളം നീളമുള്ള അറ്റം വളഞ്ഞു കൂർത്ത വാളുകൾ. ഒരാൾ നീളമുള്ളൊരു മഴു ആയിരുന്നു.
മുറുകെ പിടിച്ചിരുന്നത്.
ജാനമ്മ ഇരിക്കുന്നതിന് തൊട്ടു മുന്നിലെ റോഡിൽ വാഹനങ്ങൾ വേഗത കുറയ്ക്കുന്നൊരു ഹമ്പ് ഉണ്ടായിരുന്നു.
അന്ന് ജമാലുവിനെ തള്ളിയിട്ട അതെ ഹമ്പ്.
"അവൻ ഹമ്പ് കയറുന്നതും ബൈക്കിൻ്റെ വേഗത കുറയും, നീ ആദ്യം അവൻ്റെ തലയ്ക്ക് പുറകിൽ മഴു കൊണ്ട് വെട്ടണം, ബൈക്കിൽ നിന്ന് വീഴുന്ന അവനെ അപ്പോൾ തന്നെ നമ്മൾ തുരുതുരാ വെട്ടിക്കോളാം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വെട്ടെല്ലാം അവൻ്റെ മുഖത്ത് തന്നെയായിരിക്കണം.
മൂക്കിന് താഴെയായി വെട്ടി മുഖം വികൃതമാക്കണം, കാണാനായി മുഖം ബാക്കി വയ്ക്കരുത്."
മൂന്നു പേരുടെയും പദ്ധതികൾ  എതിർപ്പുകളില്ലാതെ തീരുമാനമാകുന്നത് ജാനമ്മയ്ക്ക് മനസ്സിലായി.
ചോരയുടെ മനം മടുപ്പിക്കുന്ന ഗന്ധം വീണ്ടും മൂക്കിലേക്കിരച്ചു കയറുന്നതവർ അറിഞ്ഞു.

വൈകുന്നേരം കരിങ്കൽ ക്വാറിയിലെ ജോലി കഴിഞ്ഞ് സുബാൻ എത്തുമ്പോൾ കുഞ്ഞാമിന ഉമ്മറത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു.
സുബാൻ കുളിച്ചു ക്ഷീണം മാറ്റി ബൈക്കും എടുത്തിറങ്ങുമ്പോൾ
അഞ്ചു വയസ്സുകാരി കുഞ്ഞാമിനയും ഓടി ബൈക്കിനരികിലേക്ക് വന്നു. 
കറുത്ത നിറത്തിൽ കുഞ്ഞു പർദ്ദയായിരുന്നു.
അവളുടെ വേഷം

"ഓളെ കൂടെ കൊണ്ടൊയ്ക്കോ എനക്ക് ഉമ്മാനേം, മോനേം ഒന്ന് കുളിപ്പിക്കണം."
പതിഞ്ഞ ഒച്ചയിൽ വാതിലിന് പുറകിൽ മറഞ്ഞു നിന്നവളുടെ ശബ്ദം സുബാൻ കേട്ടു.
കുഞ്ഞാമിനെയും ബൈക്കിന് മുന്നിൽ ഇരുത്തി സുബാൻ ആലിൻമൂട് കവലയിലേക്ക് തിരിച്ചു. കവല എത്തുന്നതുവരെ കുഞ്ഞാമിന വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.
"ബാപ്പോയ് എനക്ക് നമ്മ പൂക്കാരിയമ്മേടേന്ന് മുല്ലപ്പൂ വാങ്ങിത്തരോ തലയിൽ വയ്ക്കാൻ."
എന്നവൾ കൊഞ്ചി കൊണ്ട് ചോദിച്ചു.
"അതിനെന്താ വാങ്ങി തരാലോ"സുബാൻ പറഞ്ഞു. ബൈക്ക് ആലിൻമൂട് കവല എത്താറായിരുന്നു.

ദൂരെ നിന്ന് സുബാൻ വരുന്നത് ആൽമരത്തിൻ്റെ മറവിൽ നിന്ന് അവർ മൂന്നു പേരും കണ്ടു. സുബാൻ്റെ ബൈക്കിന് മുൻപിൽ പർദ്ദയിട്ട  അഞ്ചു വയസ്സുകാരി പെൺകുട്ടി.
"അതാരാണ്?" മഴു കൈയ്യിൽ പിടിച്ചിരുന്നവൻ അസ്വസ്ഥതയോടെ പിറുപിറുത്തു.
സുബാൻ ജാനമ്മയുടെ മുന്നിലെത്തി ബൈക്കു നിർത്തി. കുഞ്ഞാമിനയെ ഇറക്കി ജാനമ്മയുടെ അടുത്ത് നിർത്തി.
സുബാൻ അടുത്തുള്ള മിൽമ്മയുടെ പാൽ ബൂത്തിലേക്ക് നടന്നു.
ജാനമ്മ ഒരു കെട്ട് മുല്ലപ്പൂ കുഞ്ഞാമിനയുടെ തലമുടിയിൽ ചൂടി. അവളുടെ മുഖം തിരിച്ചു ആ കവിളിലൊരു ഉമ്മ വച്ചു.
മരണക്കിളി അസ്വസ്ഥയോടെ അരോചകമായ ശബ്ദത്തിൽ ചിലച്ചു കൊണ്ടിരുന്നു.
ആലിൻ്റെ പുറകിൽ മറഞ്ഞ് നിന്നവരിൽ മഴുവുമായി നിന്നവൻ ജാനമ്മയുടെ അടുത്തേയ്ക്ക് വന്നു.
"ആരാണിത്?ഏതായീ കുട്ടി?"
അവൻ ശബ്ദം താഴ്ത്തി അവരോട് ചോദിച്ചു.

"മക്കളെ ഇത് ജമാലുവിൻ്റെ മകളാണ്.
നിങ്ങൾ ജമലുവിന് വേണ്ടി പ്രതികാരം ചെയ്യാൻ വന്നതല്ലേ?
ഇവൻ അന്ന് നിരപരാധിയായിരുന്നു.
ഞാനെല്ലാം കണ്ടതാണ്.
എന്നിട്ടും തെറ്റ് ചെയ്തവരോടൊപ്പം അറിയാതെ കൂടിപ്പോയതിൻ്റെ ശിക്ഷ അനുഭവിക്കുകയും,
ശിഷ്ടജീവിതം കൊണ്ട് ഒരു കാവൽക്കാരനെ പോലെ പരിഹാരം കാണാൻ ശ്രമിക്കുകയുമാണ് ഇന്നവൻ. കൊലയ്ക്ക് കൊല, മരണത്തിന് മരണം. നഷ്ടങ്ങളല്ലാതെ ലാഭമൊന്നുമിവിടെ കൊയ്യുകയില്ല."
സുബാൻ മിൽമ ബൂത്തിൽ നിന്ന് രണ്ടു കവർ പാലുമായി നടന്നു വരുന്നുണ്ടായിരുന്നു. ജാനമ്മയുടെ അടുത്തെത്തി അവൻ കുഞ്ഞാമിനയെ എടുത്തു.
ആൽ മരത്തിൻ പുറകിലൊളിച്ചവർ ആയുധങ്ങളിൽ പിടി മുറുക്കി.
സുബാൻ കുഞ്ഞാമിനയെ ബൈക്കിൽ കയറ്റിയിരുത്തി അത് സ്റ്റാർട്ടു ചെയ്തു.
ഇടയ്ക്കവൻ ആലിൻ്റെ പുറകിലേക്ക് സംശയത്തോടൊന്നു നോക്കി.
മൂന്നുപേരവിടെ നിന്ന് പരുങ്ങുന്നതവൻ കണ്ടു.
അവൻ കുഞ്ഞാമിനയെ തൻ്റെ ശരീരത്തോട് ചേർത്തിരുത്തി ബൈക്ക് മുന്നോട്ടെടുത്തു.
ഹമ്പ് കയറിയിറങ്ങി ദൂരെ ഇരുളിലേക്കവർ മറഞ്ഞു.
മഴുവുമായി നിന്നവൻ്റെ ഇരുചെവികൾക്ക് മുകളിലും കുഞ്ഞാമിന തിരുകി വച്ചു കൊടുത്ത മുല്ലപ്പൂക്കളിൽ നിന്നും സുഗന്ധം പരക്കുന്നുണ്ടായിരുന്നു.
#ജെ...
(ഒരിക്കൽ എഴുതി ഉപേക്ഷിച്ചതായിരുന്നു.
ഇന്നൊരു വാർത്തയുടെ മറ്റൊരു ദൃശ്യത്തിനായി ഇതിവിടെയിരിക്കട്ടെ.)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo