#JUMPGATE_01
അമ്മാ...എന്നെയൊന്നു നോക്കൂ,
വൈഢൂര്യക്കല്ലുകൾ പോലെ എന്റെ കണ്ണുകൾ തിളങ്ങുന്നത് കാണുന്നുണ്ടോ?
അതിലൂടെ ഞാൻ കാണുന്നതിനെ നീയറിയുന്നുണ്ടാ?
കഴിയില്ല...എന്തെന്നാൽ
ഞാൻ സ്നേഹത്താൽ ചുറ്റിവരിയപ്പെട്ടവളാണ്...
എന്റെ കാഴ്ചകളിലേക്ക് നിന്റെ നിറങ്ങൾ ചേർക്കപ്പെട്ടവളാണ്...
ജോസലീൻ വുഡ്സ്
ഒക്ടോബർ 13 – 2017
ഒക്ടോബർ 13 – 2020
അൽടൂന - പെൻസിൽവാനിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്
കാതറീൻ വുഡ്സ് തന്റെ ഇൻബോക്സിൽ തെളിഞ്ഞ ആ അക്ഷരങ്ങൾ പലയാവർത്തി വായിച്ചു നോക്കി. 3 വർഷങ്ങൾ…
താഴെ ഒരു യൂറ്റ്യൂബ് ലിങ്ക് കൂടെയുണ്ട്. പക്ഷേ…
അയച്ചതാരാണെന്ന് വ്യക്തമല്ല.’ ഫേസ്ബുക്ക് യൂസർ’ എന്നു മാത്രമേ കാണുന്നുള്ളൂ. ഐഡി ഒന്നും കാണാനില്ല.
കാതറീന്റെ ചൂണ്ടുവിരൽ ആ ലിങ്കിനു മുകളിലൂടെ ഒഴുകിനടന്നു. അതിലൊന്നമർത്താനാകാതെ അവൾ വല്ലാതെ വിവശയായി. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം ഇതേ സമയത്ത് വന്ന ഒരു മെസേജായിരുന്നു അവരുടെ മനസ്സ് നിറയെ.
ജോ അവസാനമായി അയച്ച ആ മെസേജ്.
ഇന്നും കാതറീന്റെ ഇൻബോക്സിൽ അത് കിടപ്പുണ്ട്. അതിലുമുണ്ട് ഒരു വീഡിയോ ലിങ്ക്. യൂറ്റ്യൂബല്ല, ഒരു ഫേസ്ബുക്ക് ലൈവ് വീഡിയോ ലിങ്ക്.
"അമ്മാ… ജോ പോകുന്നു. ഇതാ കണ്ടോളൂ…” എന്നൊരു മെസേജുണ്ടായിരുന്നു ലിങ്കിനു മുകളിൽ.
സ്വന്തം മകൾ… മൊബെയിൽ ക്യാമറയെ നോക്കി മനോഹരമായി പുഞ്ചിരിച്ചുകൊണ്ട്… കൈവീശി യാത്ര പറഞ്ഞു കൊണ്ട്… പുറകോട്ട് പതിയെ ചുവടുകൾ വെക്കുന്ന സ്വന്തം മകൾ!
പുറകിൽ അത്യഗാധമായ kampel ledge കൊക്ക!
നിമിഷങ്ങൾക്കുള്ളിലാണ് ആ വീഡിയോക്ക് താഴെ ആയിരക്കണക്കിന് കണ്ണുകൾ പ്രത്യക്ഷപ്പെട്ടത്.
അരുതേ! ചെയ്യരുതേ!! എന്ന യാചനകൾ! ഇമോജികൾ!
പിന്നീട് നടന്നതൊന്നും കാതറീൻ കണ്ടില്ല. ജോയുടെ നഗ്നമായ പാദങ്ങളിലൊന്ന് കൊക്കയുടെ വക്കിൽ നിന്നും താഴേക്ക് വഴുതിയതും അവർ ബോധരഹിതയായി താഴെ വീണിരുന്നു.
മഞ്ഞ നിറമുള്ളൊരു കൊച്ചു ഡാഫോഡിൽ പൂ കൊഴിഞ്ഞു വീഴും പോലെയായിരുന്നു അത്. പുഞ്ചിരി ഒരൽപ്പം പോലും വാടാതെ, വിടർന്ന കണ്ണുകളിലെ ആ കൗമാരത്തിളക്കം ഒരു തരി പോലും മങ്ങാതെ, സാവധാനം പുറകോട്ട് മലർന്ന ജോസലീൻ വൂഡ്സ് എന്ന, എല്ലാവരുടേയും പ്രിയപ്പെട്ട ജോ, ആ ലൈവ് വീഡിയോ തുടർന്നുകോണ്ടേയിരുന്നു. ഇടക്കെപ്പൊഴോ മൂടൽ മഞ്ഞിന്റെ ഒരു കനത്ത പാളി കാഴ്ച്ച മറയ്ക്കും വരെ. എന്നിട്ടും ഏതാനും നിമിഷങ്ങൾ അവൾ ധരിച്ചിരുന്ന കൂർത്ത ബർത്ത്ഡേ തൊപ്പിയുടെ അഗ്രത്തുണ്ടായിരുന്ന ചുവന്ന ലൈറ്റിന്റെ തിളക്കം സ്ക്രീനിൽ തുടർന്നു.ഒരു കൊച്ചു ബീക്കൺലൈറ്റ് പോലെ. അവളുടെ 14ആം ജന്മദിനമായിരുന്നു അന്ന്!
മൂന്നു വർഷങ്ങൾക്കു ശേഷം ഇന്നിതാ പുതിയൊരു മെസേജ്. പുതിയൊരു വീഡിയോ ലിങ്ക് !
"മിസ്സിസ് വുഡ്സ്!” ഡിറ്റക്ടീവ് ഓവന്റെ ശബ്ദം കാതറീനെ ചിന്തയിൽ നിന്നുണർത്തി.
"താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ ഞാൻ ആ വീഡിയോ പ്ലേ ചെയ്തു നോക്കാം. “
“ഓവൻ… “ കാതറീൻകണ്ണുകൾ തുടച്ചു. "ആരായിരിക്കും ഈ മെസേജ് അയച്ചിരിക്കുക ? “
" മാഡം. ഈ വീഡിയൊ ലിങ്ക് അയച്ചയുടനെ അയാൾ ഐഡി ഡിലീറ്റ് ചെയ്തിരിക്കണം. അതാണ് ഫേസ്ബുക്ക് യൂസർ എന്ന് കാണിക്കാൻ കാരണം. പക്ഷേ ദയവു ചെയ്ത് സമയം വേസ്റ്റാക്കരുത്. മെസേജ് വന്നിട്ട് ഇപ്പോൾ ഒരു മണിക്കൂറിനു മേലെയായി. ഇതുവരെ നിങ്ങൾ അത് തുറന്നിട്ടില്ല. “
“ ഇതിൽ എന്തു തന്നെ ആയിരുന്നാലും അത് തുറക്കുമ്പോൾ താങ്കളും എന്റെ കൂടെ വേണമെന്നെനിക്കു തോന്നി.അതുകൊണ്ടാണ് മെസേജ് വന്നയുടൻ ഞാനിങ്ങോട്ട് പുറപ്പെട്ടത്. “
"അതിലെനിക്ക് സന്തോഷമേയുള്ളൂ.പക്ഷേ സമയം വേസ്റ്റാക്കാനാകില്ല മാഡം “ ഡിറ്റക്ടീവ് ക്ഷമയോടെ, സാവധാനം ആ ഫോൺ തന്റെ കൈയ്ക്കലാക്കി ആ ലിങ്കിൽ തൊട്ടു. യൂറ്റ്യൂബ് ഓപ്പണായി.
ഇളം നീല പശ്ച്ചാത്തലത്തിൽ, അതീവ സാവധാനമൊഴുകിക്കൊണ്ടിരുന്ന തൂവെള്ള നിറമുള്ള ഒരു പറ്റം മേഘത്തുണ്ടുകളാണ് സ്ക്രീനിൽ തെളിഞ്ഞത്. അകമ്പടിയായി സ്വർഗ്ഗീയമെന്ന് വിശേഷിപ്പിക്കാവുന്ന തരം ഒരു സംഗീതവും. കിന്നരം (Harp) എന്നൊരുപകരണമാണ്. അതു കേട്ടുകൊണ്ട് കണ്ണടച്ചാൽ, സാവധാനം ഉയർന്ന് ആ മേഘപ്പാളികൾക്കിടയിലേക്ക് ലയിച്ചു ചേരുന്നതു പോലെ തോന്നും നമുക്ക്.
കാതറീൻ കണ്ണുകൾ ഇറുക്കിയടച്ചു പിടിച്ചിരിക്കുകയാണ്. ഓവൻ പതിയെ ആ സംഗീതം അവർക്കു നേരേ അടുപ്പിച്ചു പിടിച്ചു കൊണ്ട് തോളിൽ മൃദുവായി തട്ടി.
നോക്കി നിൽക്കേ സ്ക്രീനിൽ രണ്ട് കണ്ണുകൾ പ്രത്യക്ഷപ്പെട്ടു. വളരെ സാവധാനം, മേഘശകലങ്ങൾക്കിടയിൽ തിളങ്ങുന്ന രണ്ട് നീല വൈരക്കല്ലുകൾ പോലെ ആ സുന്ദര മിഴികൾ തെളിഞ്ഞു വന്നു.
“ജോ??” കാതറീന്റെ ശബ്ദം വെളിയിൽ വന്നില്ല. ശ്വാസം നിലച്ചു പോയ മട്ടിൽ, അവരാ സ്ക്രീനിലേക്ക് തുറിച്ചു നോക്കിക്കൊണ്ടിരുന്നു.
അടുത്ത നിമിഷം സ്ക്രീനിൽ ആ പുഞ്ചിരി തെളിഞ്ഞു. ഡിറ്റക്ടീവ് ഓവൻ അമ്പരപ്പോടെ കാതറീനെ നോക്കി. ഒരമ്മക്ക് സ്വന്തം മകളെ തിരിച്ചറിയാൻ കണ്ണുകൾതന്നെഅധികം. സ്ക്രീനിൽ തെളിഞ്ഞത് ജോസലിന്റെ മുഖം തന്നെയായിരുന്നു. മൂന്നു വർഷം മുന്നത്തെ അതേ രൂപം. അതേ ഭാവം. അതേ വേഷവിധാനങ്ങൾ. തലയിലെ ആ തൊപ്പി പോലും അതേപടി തന്നെയുണ്ട്.
വിവരണാതീതമായിരുന്നു കാതറീന്റെ മുഖഭാവം. അവർ പൂർണ്ണമായും ശ്വസിക്കാൻ മറന്നിരിക്കുന്നു എന്നു തോന്നിച്ചു. യാതൊരനക്കവുമില്ലാതെ ഒരു പ്രതിമ പോലെ നിന്ന് അവരാ കാഴ്ച്ച കാണുകയാണ്.
സ്ക്രീനിൽ, ജോ തന്റെ നീലക്കണ്ണുകൾ ഒന്നടച്ചു തുറന്നു. ഇളം റോസ് നിറമുള്ള ആ അധരങ്ങൾ ചലിച്ചു.
“അമ്മാ… എന്നെ ഒന്ന് വന്ന് പിക്ക് ചെയ്യുമൊ ? ഇപ്പൊത്തന്നെ ?”
കാതറീൻ ഞെട്ടി മുഖമുയർത്തി. ഓവനും ആകെ അമ്പരന്നു തന്നെയാണ് നിൽപ്പ്.
പെട്ടെന്ന് സംഗീതം നിലച്ചു. സ്ക്രീനിൽ ഒരു മെസേജ് തെളിഞ്ഞു.
“video is no longer available because the uploader has closed their Youtube account"
"ഓവൻ! “ കാതറീന്റെ ഭാവം മാറിയത് പെട്ടെന്നായിരുന്നു. “വാട്ട് ഹാപ്പെൻഡ്? വീഡിയോ പ്ലേ ചെയ്യൂ പ്ലീസ്. എന്റെ കുഞ്ഞാണത്!”. ഒരു ഭ്രാന്തിയെപ്പോലെ പുലമ്പാനാരംഭിച്ചിരുന്നു അവർ.
" മാഡം. പ്ലീസ് കാം ഡൗൺ! ഞാനൊന്നു നോക്കട്ടെ.ഇപ്പൊവരാം. “ ഓവൻ തന്റെ സഹായിയായ ഒരുദ്യോഗസ്ഥയെ കണ്ണുകൊണ്ട് ആംഗ്യം കാട്ടി കാതറീന്റെ അടുത്തേക്ക് പറഞ്ഞു വിട്ടുകൊണ്ട് തന്റെ ഓഫീസിലേക്ക് കയറിപ്പോയി.
“ജോ ആണ് അത്! അവളായിരുന്നു ആ വീഡിയോയിൽ!” കാതറീൻ ആ പൊലീസുദ്യോഗസ്ഥയോട് വിവരിക്കുകയാണ്. "മൂന്നു വർഷമായി… ഇതുവരെ അവളുടെ ബോഡി കണ്ടുപിടിക്കാനായിട്ടില്ല. “
"കാം ഡൗൺ മാഡം…” പുഞ്ചിരിയോടെ ആ ഉദ്യോഗസ്ഥ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
"എനിക്ക് അവൾ മാത്രമേയുള്ളൂ. അവൾക്ക് ഞാനും . എന്നോടെന്തോ പറയാൻ ശ്രമിക്കുകയാണ് എന്റെ കുഞ്ഞ്. “
ഏതാനും മിനിട്ടുകളേ എടുത്തുള്ളൂ. പുറത്തേക്കിറങ്ങി വന്ന ഓവൻ ആകെ ആശയകുഴപ്പത്തിലാണെന്നു തോന്നിച്ചു.
"അവളെവിടെയാണ് ഓവെൻ. പ്ലീസ് ടെൽ മീ യൂ ഫൗണ്ട് ഹർ. “
"അം… മിസ്സിസ് വുഡ്സ്…” ഡിറ്റക്ടീവ് ആലോചനയോടെ തന്റെ കീഴ്ച്ചുണ്ടുകൾ കടിച്ചു പിടിച്ചുകൊണ്ടാണ് തുടർന്നത്. "അങ്ങനെ ഒരു വീഡിയോ ഇപ്പോ കാണുന്നില്ല. അപ്ലോഡ് ചെയ്തയാൾ അത് ഡിലീറ്റ് ചെയ്ത ലക്ഷണമാണ്. “
"ആരാണ് അപ്ലോഡ് ചെയ്തതെന്ന്-”
"അതാണ് ഏറ്റവും വിചിത്രം…”വീണ്ടും ഓവെന്റെ വാക്കുകൾ പുറത്തുവരാൻ മടിച്ചു. "അപ്ലോഡ് ചെയ്തിരിക്കുന്നത് ‘jo.babe4lyf@gmail.com’ എന്ന ഐഡിയിൽ നിന്നാണ്. ഒരു മണിക്കൂർ 12 മിനിട്ടുകൾക്ക് മുൻപ്.പക്ഷേ...“
"ദാറ്റ്സ് മൈ ഗേൾ!! എന്റെ മോളുടെ ഐഡിയാണത്. ജോ. ബേബ് ഫോർ ലൈഫ്. “ കാതറീൻ സമനില തെറ്റിയ ഒരുവളെപ്പോലെയാണിപ്പോൾ. ചിരിക്കുകയാണോ കരയുകയാണോ എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥ.
" മാഡം. എന്തെങ്കിലുമൊക്കെ ചിന്തിച്ചു കൂട്ടുന്നതിനുമുൻപ് നമുക്കോരോ കോഫി കുടിക്കാം.” ഓവെൻ അവരെ ചേർത്തു പിടിച്ചുകൊണ്ട് പാന്റ്രിയിലേക്ക് നടന്നു.
"എനിക്കൊന്നും മനസിലാകുന്നില്ല…” കാതറീൻ പിറുപിറുക്കുന്നുണ്ടായിരുന്നു.
"എല്ലാത്തിനും സെൻസിബിളായിട്ടുള്ള ഒരു വിശദീകരണമുണ്ടാകും മിസ്സിസ് വുഡ്സ്. നമുക്കന്ന്വേഷിക്കാം. എന്തായാലും സംഭവം വളരെ വിചിത്രമായിരിക്കുന്നുവെന്ന് പറയാതെ വയ്യ. “
തന്റെ മുന്നിലിരിക്കുന്ന ആവി പറക്കുന്ന കോഫിയിലേക്ക് ഒന്ന് നോക്കുകകൂടി ചെയ്യാതെ ചിന്താനിമഗ്നയായിരിക്കുന്ന ആ സ്ത്രീയെ ഡിറ്റക്ടീവ് ഓവെൻ വില്ലിസ് സാകൂതം നോക്കിയിരുന്നു. തന്റെ മനസ്സിൽ ഒരു സംശയമുണ്ട്. പക്ഷേ അത് ചോദിച്ചാൽ ചിലപ്പോൾ കാതറീൻ വയലന്റായേക്കുമെന്നൊരു തോന്നൽ. പക്ഷേ ചോദിക്കാതിരിക്കാനാകില്ല. പ്രത്യേകിച്ച് ജോസലിന്റെ തിരോധാനം നടന്നിട്ട് 3 വർഷം തികയുകയാണിന്ന്. ഇതുവരെ യാതൊരു തുമ്പും കിട്ടാതെ, കേസ് ഉപേക്ഷിക്കാൻ വരെ തയ്യാറായിരികുന്ന സാഹചര്യമാണ്. അയാൾ കാതറീനെ ചോദ്യം ചെയ്യാൻ തന്നെ തീരുമാനിച്ചു. എന്നാൽ ഒരു ചോദ്യംചെയ്യലാണെന്ന് അവർക്ക് തോന്നുകയുമരുത്.
“ജോയുടെ ആ ഈ മെയിൽ ഐഡിയുടെ പാസ്വേർഡ് അറിയുമോ താങ്കൾക്ക് ?”
"ഉവ്വ്. അറിയാമല്ലോ. അവൾക്കന്ന് 14 വയസ്സല്ലേ ആയിരുന്നുള്ളൂ.. അതുകൊണ്ടു തന്നെ അവളുടെ എല്ലാ ഈ മെയിൽ, സോഷ്യൽ മീഡിയാ പാസ്സ്വേർഡുകൾ എനിക്ക് തരണമെന്ന് ഞാൻ കർശ്ശനമായി ആവശ്യപ്പെട്ടിരുന്നു. “
"വേറേ ആർക്കൊക്കെ ആ പാസ്സ്വേർഡ് അറിയാം ?”
"ആർക്കുമറിയാൻ സാധ്യതയില്ല.” അവർ ആലോചനയോടെയാണത് പറഞ്ഞത്. "പാസ്സ്വേർഡ് പങ്കു വെക്കാനും മാത്രം ക്ലോസായ സുഹൃത്തുക്കളില്ലായിരുന്നു അവൾക്കെന്നാണെന്റെ വിശ്വാസം. “
"ഉം. താങ്കൾക്ക് ലാപ് ടോപ്പ് ഉണ്ടോ ?”
കാതറീൻ ഞെട്ടി മുഖമുയർത്തി. "എന്താ ഓവെന്റെ സംശയം ? തുറന്നു ചോദിക്കൂ. “
"എനിക്ക് താങ്കളുടെ കമ്പ്യൂട്ടർ ഒന്ന് പരിശോധിക്കണം. പ്ലീസ്. “
വേദനയോടെയുള്ള ഒരു പുഞ്ചിരിയായിരുന്നു മറുപടി. "ഈ വീഡിയോ ഞാനാണ് അയച്ചതെന്നാണ് ഓവെൻ കരുതുന്നത്. അല്ലേ ?”
"മിസ്സിസ് വുഡ്സ്. യുക്തിപരമായി ചിന്തിക്കാൻ ശ്രമിക്കുകയാണ് ഞാൻ.” ഓവൻ പുഞ്ചിരിച്ചു. "അല്ലാതെ മൂന്നു വർഷം മുൻപ് ആത്മഹത്യ ചെയ്ത ഒരു പെൺകുട്ടി വീണ്ടും സോഷ്യൽ മീഡിയായിൽ പ്രത്യക്ഷപ്പെടുമ്പോൾ, ഉടനെ തന്നെ അതൊരു സൂപ്പർ നാച്ചുറൽ പ്രതിഭാസമായി കരുതാൻ എനിക്കാകില്ല മാഡം. “
"എന്റെ ലാപ് ടോപ്പ് കാറിലുണ്ട്. വരൂ. “ അവർ എഴുന്നേറ്റു.
“ഡിറ്റക്ടീവ്! താങ്കൾക്കൊരു കോളുണ്ട്. “ റിസപ്ഷനിലെ പെൺകുട്ടി മേശപ്പുറത്തിരുന്ന ഫോണിലേക്ക് വിരൽ ചൂണ്ടി.
"എക്സ്ക്യൂസ് മീ മാഡം. ഒരു മിനിട്ട്. “ ഓവെൻ റിസീവറെടുത്ത് കാതോട് ചേർത്തു.
"ഡിറ്റക്ടീവ് ഓവെൻ വില്ലിസ് ?” അപ്പുറത്തൊരു സ്ത്രീസ്വരമായിരുന്നു.
"യെസ്. പറയൂ. “
"സർ. ഞാൻ റിബേക്ക. സാൻ ആൻഡ്രിയാസ് ക്ലിനിക്കിൽ നിന്നാണ്. “
"പറയു റിബേക്കാ. “
"ഇവിടെ ഇന്നു പുലർച്ചെ ഒരു പെൺകുട്ടിയെ അഡ്മിറ്റ് ചെയ്തിരുന്നു. റിഡ്ജ് സ്ക്വയർ പാർക്കിൽ ബോധരഹിതയായ നിലയിൽ കണ്ടെത്തിയതാണത്രേ. പാരാമെഡിക്ക്സ് ആണ് ഹോസ്പിറ്റലിലെത്തിച്ചത്. “
"ഓക്കെ. ഞാൻ ‘മിസ്സിംഗ് പേഴ്സൺ’ ഡിവിഷൻ ആണ്. എന്നെ വിളിക്കാൻ പ്രത്യേകിച്ചെന്തെങ്കിലും കാരണം ?”
"ആ കുട്ടിയുടെ കയ്യിൽ യാതൊരു വിധ ഐഡികളുമുണ്ടായിരുന്നില്ല. ബോധം തെളിഞ്ഞിട്ട് പോലീസിലറിയിക്കാമെന്നു കരുതി കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. അൽപ്പം മുൻപാണ് അവൾ കണ്ണു തുറന്നത്.
അവൾക്ക് ഒന്നും ഓർമ്മയില്ല സർ. അവൾ ആരാണെന്നു പോലും അവൾക്കറിയില്ല. സ്വന്തം പേരോർമ്മയില്ല. ഒരു വല്ലാത്ത അവസ്ഥയിലാണാ കുട്ടി
ഞങ്ങൾ ടെസ്റ്റുകൾ, സ്കാനുകൾ ഒക്കെ നടത്തി. പറയത്തക്ക യാതൊരു പരുക്കുകളുമില്ല അവൾക്ക്. എം ആർ ഐ ഒക്കെ ക്ലിയറായിരുന്നു. “
"ഓക്കെ. ഞാൻ എന്റെ രണ്ട് ഓഫീസേഴ്സിനെ അയക്കാം. ഒരു സ്റ്റേറ്റ്മെന്റ് തയ്യാറാക്കി വെച്ചോളൂ. “
"മുഴുവൻ പറയട്ടെ സർ. ഞങ്ങളുടെ ഒരു നേഴ്സ് ആ കുട്ടിയെ തിരിച്ചറിഞ്ഞു. അതാണ് താങ്കളെത്തന്നെ ഞാൻ വിളിക്കാനുണ്ടായ സാഹചര്യം.
മൂന്നു വർഷങ്ങൾക്ക് മുൻപ് Kampel Ledge ൽ നിന്നും ചാടി ആത്മഹത്യ ചെയ്ത ജോസലിൻ വുഡ്സ് എന്ന പെൺകുട്ടിയാണിത് എന്നാണ് ആ നേഴ്സ് പറയുന്നത്. അതിനു ശേഷം പലരും ഇപ്പോൾ അവളെ തിരിച്ചറിയുന്നുണ്ട്. ഫേസ്ബുക്കിൽ ലൈവ് വീഡിയോ ഇട്ടാണ് ആ കുട്ടി-”
"വാട്ട്!!” അയാൾ ചാടിയെഴുന്നേറ്റു പോയി. “ഞാനിതാ എത്തിക്കഴിഞ്ഞു!”.
“എന്തു പറ്റി ഓവെൻ ?” കാതറീൻ അയാളുടെ മുഖഭാവം കണ്ട് അമ്പരന്നു പോയി.
To be continued.....
Written by Alex John
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക