Slider

ജാലകക്കാഴ്ചകളിലൂടെ

0


..........................

ഹൃദ്യമായ പാത്ര സൃഷ്ടികളിലൂടെ... അക്ഷരങ്ങൾ കൊണ്ട് ചിന്തിപ്പിക്കുകയും, വായനക്കാരെ ആ വഴി നടത്തുകയും ചെയ്യുക എന്നത് ഒരു കഥാകാരന്റെ വിജയമാണ്... അത്തരത്തിലുള്ള വ്യത്യസ്തങ്ങളായ പതിനെട്ട് ജീവിതക്കാഴ്ചകളെ അമാനുഷികതയുടെ വേലിയിറക്കങ്ങളോ ,കഠിനമായ ഭാഷാപ്രയോഗങ്ങളോ ഇല്ലാതെ തന്നെ ഒരു ജാലകപ്പഴുതിലൂടെ വായനക്കാരിലേക്ക് എത്തിച്ചിരിക്കുകയാണ് പ്രിയ സുഹൃത്ത് അരുൺ വി.സജീവ് തന്റെ കഥാസമാഹാരമായ #ജാലകക്കാഴ്ച്ചകളിലൂടെ#.

നാം ജീവിക്കുന്ന ചുറ്റുപാടുകളുടെ പരിമിതികളിൽ നിന്നും സ്വയം പുറത്തേക്കു വരാൻ എഴുത്തുകാരൻ തയ്യാറാകണം. തനിക്കു ചുറ്റും നടക്കുന്ന പ്രവൃത്തികളെ കുറിച്ച് അവൻ ബോധവാനാകണം എന്നാൽ മാത്രമേ ജീവിതത്തിന്റെ നിറവും ഗന്ധവും പേറുന്ന 'സൃഷ്ടികൾ ക്ക് ജൻമം നൽകാനാകൂ... കേട്ടുകേൾവികളിൽ നിന്നും കഥകൾ രചിക്കുക എന്നത് ആയാസകരമാണ്..

ഇവിടെ നമുക്ക്
ജാലകക്കാഴ്ചകളിലെ 18 പഴുതിലൂടെ 18 വ്യത്യസ്ത കാഴ്ചകളുടെ ഗന്ധം അനുഭവിച്ചറിയാനാകും...

ഇനി നമുക്കാ ജാലകക്കാഴ്ചകളിലേക്ക് പോകാം;

വർക്കിച്ചൻ എന്ന പിതാവിന്റെയും, സെബാൻ എന്ന മകന്റേയും കഥ പറയുന്ന സ്നേഹത്താഴ്വാരത്തിലൂടെയാണ് ജാലകക്കാഴ്ചകൾ തുടങ്ങുന്നത്.. താഴ്വാരത്തിന്റെ ഇളം തണുപ്പിലേക്കും 'ജൻമം നൽകിയില്ലെങ്കിലും ഒരാൾക്ക് സനേഹനിധിയായ പിതാവാകാൻ കഴിയും എന്ന സത്യത്തിലേക്കും ഒരു പാട് വൈകാരിക മുഹൂർത്തങ്ങളിലൂടെ അടിവരയിടുകയാണ് കഥാകാരൻ.
പേര് പോലെ തന്നെ സ്നേഹം മാത്രം നിറഞ്ഞ താഴ്വാരം..

താഴ്വാരത്തിന്റെ ഹിമകണങ്ങളുടെ തണുപ്പിൽ നിന്നും , ഏകാന്തതയുടെ അതിതീവ്രതയിലേക്ക് കൂപ്പ് കുത്തപ്പെട്ട അച്ചുവേട്ടന്റെയും, വളർത്തുനായയുടേയും ജീവിതത്തിലേക്കാണ് തിളക്കം എന്ന കഥയിലൂടെ എഴുത്തുകാരൻ വായനക്കാരെ എത്തിക്കുന്നത്...

നാഗരിക ജീവിതത്തിന്റെ പൊങ്ങച്ചത്തിൽ നിന്ന് നാട്ടിൻ പുറത്തിന്റെ നന്മയിലേക്ക് ചേക്കേറാനാഗ്രഹിക്കുന്ന നന്ദൻ എന്ന മൾട്ടിനാഷണൽ കമ്പനി എക്സിക്യൂട്ടീവിന്റെ ജീവിത കാഴ്ചകളിലേക്കാണ് തനിയാവർത്തനത്തിലൂടെ നമ്മൾ പോകുന്നത്..

ലോട്ടറി വിൽപനക്കാരിയായ അമ്മയുടേയും, ബുദ്ധിമാന്ദ്യമുള്ള മകന്റെയും വേദന നിറഞ്ഞ ജീവിതത്തെ ഹൃദ്യമായി വരച്ചുകാട്ടിയിരിക്കുന്ന കാഴ്ചയാണ് നാം കമലമ്മ എന്ന കഥയിൽ കാണുന്നത്..

ആകാശത്തിന് താഴെയുള്ള എന്തിനെക്കുറിച്ചും നമുക്ക് സ്വപ്നം കാണാം കാരണം സ്വപ്നങ്ങൾക്ക് അതിർവരമ്പുകൾ ഇല്ല എന്നത് തന്നെയാണ്.. പക്ഷേ സ്വപ്നങ്ങൾക്ക് നൽകാൻ കഴിയുന്ന ഭംഗിയും സൗന്ദര്യവും യാഥാർത്ഥ്യത്തിന് നൽകാൻ കഴിയില്ലല്ലോ.. സ്വപ്നക്കംബളങ്ങൾ എന്ന കഥയിൽ ഇത്തരത്തിലുള്ള സ്വപ്നങ്ങൾ കൊണ്ട് മനോഹരങ്ങളായ കമ്പളങ്ങൾ നെയ്ത് തീർക്കുകയാണ് നായകൻ.

ബാല്യത്തിൽ തന്റെ അയൽവാസിയും, സഹപാഠിയുമായ പല്ലി എന്ന മിനിയോട് കുട്ടൻ കാട്ടിയ അകൽച്ചയും, പിന്നീട് പല്ലി മരണപ്പെടുമ്പോൾ കുട്ടന് ഉണ്ടാകുന്ന മാനസിക വ്യഥയും, എല്ലാത്തിനും പ്രായശ്ചിത്തമെന്നോണം മിനിയുടെ അനിയത്തി കുട്ടിയെ വിവാഹം ചെയ്യുന്ന കുട്ടന്റെ ബാല്യകൗമാര യൗവ്വന ജീവിതത്തെ സൂക്ഷ്മതയോടു കൂടി അവതരിപ്പിച്ചിരിക്കുകയാണ് പരിക്രിയ്യ എന്ന കഥയിൻ.. വേദനയും സന്തോഷവും ഒരു പോലെ തന്ന രചന...

മാനുഷിക മൂല്യങ്ങളിൽ, കാഴ്ചപ്പാടുകളിൽ, സ്നേഹ ബന്ധങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതി വ്യക്തമാക്കുന്ന കഥയാണ് കറുപ്പും മഞ്ഞയും വരകൾ.
പണത്തിനപ്പുറത്ത് രക്തബന്ധങ്ങൾക്കും യാതൊരു പ്രസക്തിയും ഇല്ല എന്ന സത്യത്തിനോടൊപ്പം സന്തത സഹചാരിയായ മൃഗങ്ങൾ ഒരിക്കലും തന്റെ ചങ്ങാതിയെ ചതിക്കില്ല എന്ന സത്യവും കൂടി മനസിലാക്കിത്തരുകയാണ് കറുപ്പും മഞ്ഞയും വരകളിൽ...

ഉണ്ണിയും, ഓപ്പോളും തമ്മിലുള്ള അനിർവചനീയമായ ആത്മബന്ധത്തിന്റെ തീവ്രത വിളിച്ചോതുന്ന ഹൃദ്യമായ രചനയാണ് ഓപ്പോൾ ..
ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ ആർക്കുമാ രചന വായിച്ചു തീർക്കാനാവില്ല..

ഭൂമിയിലെ മലാഖയായ ജാൻസിയുടെയും ഭർത്താവ് വിനു
വിന്റെയും യും കഥ മെയ് 12 ൽ നാം കാണുമ്പോൾ സമകാലീന സംഭവങ്ങളുമായ് ഒരു പാട് സാമ്യം തോന്നിയേക്കാം..

പ്രശസ്തനായ മനശാസ്ത്രജ്ഞൻ കാൾ ഗുസ്തേവ് ജുങ് ന്റെ അഭിപ്രായത്തിൽ ;

"രണ്ട് വ്യക്തിത്വങ്ങൾ അടുത്തു വരുന്നത് രണ്ട് രാസവസ്തുക്കൾ അടുത്തു വരുന്നത് പോലെയാണ് ഏതെങ്കിലും തരത്തിലുള്ള രാസപ്രവർത്തനങ്ങൾ ഉണ്ടായാൽ രണ്ടും പരിവർത്തിക്കപ്പെടും.. "
അതെ ഇവിടെ വയലോരത്തെ വീട് എന്ന കഥയിൽ അങ്ങനെ ഒരു രാസപരിവർത്തനം പരിവർത്തിക്കപ്പെട്ടിരിയുന്നു 'മിരയുടെ തീവ്ര പ്രണയത്തിൽ .... തന്റെ അച് ഛന്റെ പൂർവകാമുകിയെ കണ്ടെത്തുകയാണ് നന്ദിത മീരയിലൂടെ..

കാടിന്റെ വശ്യത മൊത്തം എഴുത്തുകാരൻ ആവാഹിച്ചെടുത്തിരിക്കുന്ന കാഴ്ചയാണ് ആരണ്യത്തിന്റെ അവകാശികൾ എന്ന കഥയിൽ നാം കാണുന്നത്.. മീയണ്ണൂർ ഗ്രാമത്തിന്റെയും ആ നാട്ടിലിറങ്ങുന്ന ആനയുടെയും നാടിന്റെ രക്ഷകനായ രാമൻ എന്ന ബാലന്റെ ദാരുണാന്ത്യത്തിന്റെയും ഒക്കെ കഥയാണിത്

"സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവെ, നിന്റെ തിരുവിഷ്ടം സ്വർഗത്തിലേതു പോലെ ഭൂമിയും ആകണമേ "

എന്ന ബൈബിൾ വചനത്തോടു കൂടിയാണ് കാവൽ മാലാഖ എന്ന കഥയുടെ ആരംഭം.
കാലമെന്ന മഹാമാന്ത്രികൻ തന്നിൽ കിട്ടിയ ജാലവിദ്യകൾ ജീവിത വേദനകളായി മാറുമ്പോഴും, കാരണമില്ലാതെ ഉപേക്ഷിക്കപ്പെടുമ്പോഴും മനസിലെ സ്ഹനത്തിന്റെ എണ്ണ വിളക്ക് കെടാതെ കാത്തു സൂക്ഷിക്കുകയാണ് ജാൻസി.


ഉത്തരാധുനിക പ്രണയത്തിന്റെ ചേരുവകൾ പാകത്തിന് ചേർത്തെടുന്ന രചനയാണ് പ്രണയം ഡിലീറ്റഡ്.. സ്വന്തം നിലനിൽപ്പ് നോക്കാൻ ഇവിടെ കാമുകനും കാമുകിക്കും നന്നായിട്ടറിയാം എന്ന് കഥയുടെ അവസാനത്തിൽ നാം കാണുന്നു..

പാവപ്പെട്ട വിദ്യാർത്ഥിയായ വിനുവിന്റെ സ്കൂൾ ജീവിതവും, ക്രമേണ സമ്പന്നതയിലേക്ക് പരിവർത്തനം സംഭവിച്ചപ്പോൾ ഭാര്യയുടെ ഇംഗിതത്തിനനുസരിച്ച് ജന്മം നൽകിയ മാതാപിതാക്കളെ പുറത്താക്കേണ്ടി വന്ന വിനുവിന്റെ മാനസിക വസ്ഥയും പച്ചയായ രീതിയിൽ ആവിഷ്ക്കരിച്ചിരിക്കുകയാണ് സ്വപ്ന നിശാന്ത ത്തിൽ..

സമൃദ്ധമായ ഒരു വനത്തിലൂടെ സാഹസിക യാത്ര നടത്തിയ അതേ ഫീലാണ് വേട്ട എന്ന കഥയിലൂടെ എഴുത്തുകാരൻ നമുക്കായ് സമ്മാനിക്കുന്നത്..

പ്രകൃതിദുരന്തത്തിൽ മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന കരടിപ്പാറയിലെ ജനങ്ങൾക്ക് അപ്പോൾ തെക്കരോ വടക്കരോ എന്ന വേർതിരിവ് കാണാനാകാതെ ഭൂമിയുടെ ന് മുന്നിൽ പകച്ച് നിൽക്കുക മാത്രമാണവർ.. അതിരുകൾ മായ്ക്കപ്പെട്ടവരിലെ ദാരുണ കാഴ്ചകളാണിത്.. മഹാപ്രളയത്തിനോട് ഇതിനെ നമുക്ക് കൂട്ടി വായിക്കാം

തനിക്ക് കിട്ടാത്ത പെണ്ണിനെ തന്റെ സുഹൃത്തായ ബിജുവിനും കിട്ടണ്ട എന്ന ഗൂഢലക്ഷ്യത്തോട് കൂടി അവളെ അവനെക്കൊണ്ട് തന്നെ കൊല്ലിക്കുന്ന സതീശൻ എന്ന കുശാഗ്രബുദ്ധിക്കാരനായ മനുഷ്യമൃഗത്തിന്റെ ചേഷ്ടകൾ വരച്ചുകാട്ടുകയാണ് പകഎന്ന രചനയിൽ..

എവിടെപ്പോയ് ഒളിച്ചാലും കർമ്മബന്ധങ്ങളിൽ നിന്ന് ഒരിക്കലും മൻഷ്യൻ മുക്തനാകുന്നില്ല എന്ന പ്രപഞ്ച സത്യത്തെ മോക്ഷത്തിലൂടെ ഒരിക്കൽ കൂടി അടിവരയിട്ടു കൊണ്ട് ജാലക്കാഴ്ചകളുടെ നിറമാർന്ന കാഴ്ചകൾക്ക് വിരാമമിടുകയാണ് അരുൺ.....

കഥകളുടെ സൃഷ്ടി പ്രവൃത്തിയിൽ എഴുത്തുകാരൻ കാട്ടിയിരിക്കുന്ന സൂക്ഷ്മത വളരെ ശ്രദ്ദേയമാണ്.. പാത്ര സൃഷ്ടികൾ ,പശ്ചാത്തലം, പ്രകൃതി വർണ്ണന, ഭാഷയുടെ ഭംഗി നിലനിർത്തുന്നതിന് വേണ്ടി തിരഞ്ഞെടുത്ത ബിംബ കല്പനകൾ ഒക്കെ പ്രശംസനീയമാണ്...

മലയാള സാഹിത്യത്തി'ലെ ചെറുകഥാ ശാഖയിലേക്ക് ഒന്ന് എത്തി നോക്കുകയാണെങ്കിൽ ; മാധവിക്കുട്ടിയുടേയും, ബഷീറിന്റെയും, SKപൊറ്റക്കാടിന്റെയും, ഒ വി വിജയന്റേയും ഒക്കെ ചെറുകഥകൾ ആഴത്തിലുള്ള ജീവിതാവബോധത്തിന്റെ ദാർശനീയ മാനങ്ങളുള്ള അനശ്വര കലാസൃഷ്ടികളാണെന്ന് മനസിലാക്കാൻ സാധിക്കും..
അതുപോലെ
കാലത്തിന്റെ കണ്ണാടികൾ പോലെയുള്ള പതിനെട്ട് കഥകളിലൂടെ നമ്മുടെയൊക്കെ ജീവിത്തിന്റെ ഓരോ ഘട്ടങ്ങൾ തന്നെയാണ് അരുൺ വരച്ച് കാട്ടുന്നത്..

എഴുത്തുകാരന്റെ
അനുപമമായ കഥാരചന പാടവത്തിലൂടെ സ്വായത്തമാക്കിയെടുത്ത സൂക്ഷ്മമായ ജീവിത നീരീക്ഷണവും സാമൂഹികവബോധവും നിറഞ്ഞ ഈ രചനകൾ വായനക്കാർക്ക് ഒരിക്കലും ആവർത്തന വിരസതയോ മടുപ്പോ നൽകുകയില്ല എന്ന് നമുക്ക് നിസംശയം പറയാൻ സാധിക്കും...

കഥാകാരനിൽ നിന്നും സിനിമാ തിരക്കഥാകൃത്തിലേക്കു കൂടി ഉയർന്ന അരുൺ ആദ്യം തിരക്കഥ എഴുതിയ ചിത്രമാണ് ആലീസ് മേരി പാപ്പച്ചൻ ഫ്രം പഞ്ചാലി നാട്. ചിത്രം ഉടൻ തന്നെ റിലീസ് ചെയ്യുന്നതാണ്..
ഇനിയും ഒരുപാടുയരങ്ങൾ കീഴടക്കാൻ ശ്രീ അരുൺ സജീവിന് കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു...

സജിത അനിൽ

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo