നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കൊറോണക്കാലത്തെ നാഗപൂജ (നർമ്മഭാവന)

Image may contain: 2 people, including Giri B Warrier, beard

"അമ്മേ, എന്റെ പെരെന്തുവാ ?"

"കുന്തം. വെളുപ്പാൻ കാലത്ത് ഇത് ചോദിക്കാനാണോടി ഫോൺ ചെയ്തത് .."

"പറയമ്മേ.. എന്റെ പേരെന്തുവാ.."

"സിന്ദു...എന്തുപറ്റി.."

"സത്യമാണേ. സിന്ദു രാജൻ എന്ന് തന്നെയല്ലേ. "

"എടീ, നീയ്യെന്താ കഞ്ചാവടിച്ചോ, മേരിച്ചേട്ടത്തിയുടെ പൂവ്വൻകോഴി പോലും കൊക്ക് കാക്കൂട്ടിൽ തിരുകി ഉറക്കമാവും. വെളുപ്പാൻ കാലത്ത് മറ്റുള്ളോരുടെ ഒറക്കം കളയാതെ ഫോൺ വെച്ച് കിടന്നുറങ്ങാൻ നോക്ക് "

"എന്നാ ശരി കാലത്ത് വിളിക്കാം അമ്മ കിടന്നോ "

ഉറക്കച്ചടവിൽ അമ്മ ഫോൺ റിസീവറിൽ ശരിക്കും വെച്ചില്ല എന്നുതോന്നുന്നു, ഫോണിന്റെ മറുതലയിൽ അച്ഛന്റെ ശബ്ദം കേട്ടു.

"എന്തുവാടീ പ്രശ്നം? "

"എന്തുണ്ടാവാൻ... നിങ്ങടെ മോൾക്ക് നിങ്ങള് തന്നാണോ അവളുടെ അച്ഛൻ എന്നൊരു സംശയം. "

"എന്നിട്ട് നീ എന്തു പറഞ്ഞു. "

"തെങ്ങ് കയറാൻ വരുന്ന ചന്ദ്രൻ ആണെന്ന്. "

"ആണോടി.."

"ദേ മനുഷ്യാ, എന്റെ വായിലുള്ളത് കേൾക്കാതെ മിണ്ടാതെ കിടന്നുറങ്ങ് .. ഈശ്വരാ... തന്തക്കും മോൾക്കും പ്രാന്താണല്ലോ... എന്റെ തലവിധി" അമ്മ പിറുപിറുക്കുന്നത് കേൾക്കാം.

ഞാൻ ഫോൺ സിസ്കണക്റ്റ് ചെയ്ത് കിടന്നു.

പക്ഷെ ഉറക്കം വരുന്നില്ല. എൽസിയോട് ചോദിക്കാം, ഇതുപോലുള്ള അവസരങ്ങളിൽ അവളാണ് നല്ലത്. അഞ്ചാം ക്ലാസ്സ് മുതലുള്ള ചങ്കാണ്. അവളുടെ വിവാഹം നേരത്തെ കഴിഞ്ഞു. അതുകൊണ്ടുതന്നെ അവൾക്ക് പിള്ളേർ രണ്ടായി.

ഫോണെടുത്ത് എൽസിയെ വിളിച്ചു. കുറെ നേരം റിങ്ങ് ചെയ്ത ശേഷമാണ് അവൾ ഫോണെടുത്തത്.

"എന്തുവാടി. അച്ഛന് കുഴപ്പമൊന്നുമില്ലല്ലോ." വെപ്രാളത്തോടെ മറുതലക്കൽ എൽസിയുടെ ശബ്ദം.

"അച്ഛന് വിശേഷം ഒന്നുമില്ല. "

"പിന്നെന്താ ഈ നേരത്ത്. "

"എടീ എന്റെ ഹ്യദയം വിങ്ങിയിട്ടുവയ്യ, അതാ നിന്നെ വിളിച്ചത്.."

"അയ്യോ.. എന്നാ പറ്റിയെടി.. പെട്ടെന്ന് ഡോക്ടറുടെ അടുത്ത പോ.. വല്ല ഹാർട്ട് അറ്റാക്കും ആവും..."

"അതല്ലെടി.. ഓരോന്ന് ഓർത്ത് മനസ്സ് വിങ്ങുന്നെന്ന്..നിനക്കറിയോ.. എന്നെ അനിലേട്ടൻ സ്വീറ്റി എന്ന് വിളിച്ചു."

"അത്രേ ഉള്ളു.. അത് സാരമില്ല, ഉറക്കത്തിൽ അറിയാതെ വിളിച്ചതാവും.."

"അത് തന്നെയാടി.. പ്രശ്നം.. നിനക്കതിന്റെ സീരിയസ്നെസ്സ് മനസ്സിലാവുന്നില്ല..അതോണ്ടാ.."

"ഇത് പറയാനാണോടി ഈ ഒന്നുമല്ലാത്ത സമയത്ത് വിളിച്ചത്. നാളെ നേരം വെളുക്കുമ്പോഴേക്കും നിന്റെ അനിലേട്ടൻ ഉഗാണ്ടയിലേക്കൊന്നും പോകില്ലല്ലോ.."

"ഇല്ല.. "

"എന്നാൽ എന്റെ പൊന്നുമോള് ഉച്ചയ്ക്ക് നാട്ടിലെ സമയം പന്ത്രണ്ടുമണിക്ക് വിളിക്ക്. അപ്പോഴേക്കും ഇവിടെ ദുബായിൽ പത്തരയാവും .."

"അവിടെ ഇപ്പൊ എത്ര സമയമായി.. "

"പാതിരാത്രി രണ്ടര ...എന്റെ പൊന്നുമോളൊന്ന് ഫോൺ വെയ്ക്ക്, ഇപ്പൊ കൊറോണക്കാലം ആയതിനാൽ നേരത്തെ എഴുന്നേറ്റ് പിള്ളാര് ഉണരുന്നതിന് മുൻപ് പണികൾ തീർക്കാനുള്ളതാ.."

"എന്നാ നീ ഉറങ്ങിക്കോ.. ഞാൻ ഉച്ചയ്ക്ക് വിളിക്കാം.."

കാലത്ത് കുളിക്കുമ്പോഴും അടുക്കളപ്പണി ചെയ്യുമ്പോഴും എല്ലാം സ്വീറ്റിയെപ്പറ്റിയുള്ള ചിന്തകൾ ആയിരുന്നു മനസ്സിൽ നിറയെ. ഇടയ്ക്കിടെ അനിലേട്ടൻ ആരെയോ സ്വീറ്റി എന്ന് ഫോണിൽ വിളിക്കുന്നത് കേട്ടിട്ടുണ്ട്.

ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് അനിലേട്ടൻ ഒൻപതരയ്ക്ക് തന്നെ വർക്ക് ഫ്രം ഹോം എന്നുപറഞ്ഞ് സ്റ്റഡി റൂമിൽ പോയി കമ്പ്യൂട്ടർ ഓൺ ചെയ്തു. . ഇനി ഒന്നരക്കേ പുറത്ത് വരൂ. അതിനിടയിൽ ടോയ്‌ലെറ്റിൽ പോകാനോ, വെള്ളം കുടിക്കാനോ വന്നെങ്കിൽ ആയി. പതിനൊന്ന് മണിക്ക് ഒരു ചായ കൊടുക്കണം.

പന്ത്രണ്ടരക്കുമുൻപേ പണിയെല്ലാം തീർത്തു. ഉച്ചക്കലേക്കുള്ള ഊണും ഒരുക്കി. ക്യത്യം സമയത്തുതന്നെ എൽസിയെ വിളിച്ചു.

"എടി സിന്ദുവേ, ഞാനങ്ങു മറന്നിരിക്കുവായിരുന്നു. എന്തുവാടി നിന്റെ പ്രശ്‌നം .."

"എൽസൂ . എന്തെങ്കിലും ഒരുപായം പറഞ്ഞതാ.. ഇപ്പൊ ഒന്നുരണ്ട് തവണയായി, അനിലേട്ടൻ എന്നെ സ്വീറ്റി എന്ന് വിളിക്കുന്നു. "

"എടീ സിന്ദു, നിന്നോടുള്ള സ്നേഹം കൊണ്ടായിരിക്കും.."

"ഓ.. സ്നേഹം.. ഞാനിപ്പോ പൊട്ടിമുളച്ചതൊന്നും അല്ലല്ലോ, കല്ല്യാണം കഴിഞ്ഞിട്ട് കൊല്ലം നാലായി. എടീ അനിലേട്ടന്റെ ഓഫീസിൽ ഏതോ ഒരു സ്വീറ്റി ഉണ്ട്. എനിക്കെന്തോ ഒരു വശപ്പിശക് തോന്നുന്നു. അനിലേട്ടന് വല്ല ചിന്നവീട് പരിപാടിയും ഉണ്ടാവുമോടീ.."

"നീയ്യെന്താടി കാലത്ത് തന്നെ കള്ള് മോന്തിയോ? .. അവൾടെ ഒരു ചിന്നവീട്. .

"വാട്ട് .. കള്ളുമോന്തിയൊന്നോ ..എൽസൂ .. എനിക്കൊരു ബുദ്ധി തോന്നുന്നു.. അനിലേട്ടനെ ഒന്ന് കുടിപ്പിച്ച് കിടത്തിയാലോ. "

"പിന്നെ ഈ കൊറോണക്കാലത്ത് നിനക്കെവിടുന്നാടി അതിന് കള്ളു കിട്ടുന്നത്."

"അതൊക്കെയുണ്ട്... അനിലേട്ടൻ കഴിഞ്ഞ തവണ യൂറോപ്പ് ടൂർ കഴിഞ്ഞുവന്നപ്പോൾ കൊണ്ടുവന്ന കുപ്പിയിരിപ്പുണ്ട്, എപ്പോഴെങ്കിലും കൂട്ടുകാരൊത്ത് കൂടാൻ മാറ്റിവെച്ചിരുന്നതാണ്.'

"അതിന് നീ പറഞ്ഞാൽ അനിലേട്ടൻ കുടിക്കുമോ..

"ഒരു കാരണം കാത്തിരിക്കയാണ് അനിലേട്ടൻ അടിച്ചുഫിറ്റാവാൻ.. ഇന്നുതന്നെ ഒരു കൈ നോക്കാം. എന്തേ.."

"കാര്യം നല്ല ഐഡിയയാണ്, പക്ഷേ നീയത് ചളമാക്കുമോ എന്നതാ പേടി..."

"ഞാനാരാ മോള് ..ജസ്റ്റ് വെയ്റ്റ് എന്റ് സീ."

ഫോൺ കട്ട് ചെയ്ത് കഴിഞ്ഞപ്പോഴേക്കും അനിലേട്ടൻ ഊണുകഴിക്കാൻ വന്നു.

"സ്വീറ്റി.. ആരോടായിരുന്നു കത്തി.. കുറെ നേരമായല്ലോ.."

"അത് എൽസിയോട്.. എനിക്കും സമയം പോവണ്ടേ.... നിങ്ങൾക്ക് ജോലിയുണ്ട്, ഞാൻ ഇവിടെ ഒറ്റയ്ക്ക് ഇരുന്ന് മുഷിയുന്നു, വീട്ടിൽ പോകാനും പറ്റില്ല.."

"എൽസിയുടെ കെട്ട്യോൻ ജോർജ്ജ് നല്ല മനുഷ്യനാ, കഴിഞ്ഞ തവണ ദുബായിൽ പോയപ്പോൾ എന്തൊരു സ്വീകരണമായിരുന്നു. സ്കോച്ചും വിസ്കിയും ഒക്കെ നിരത്തിവെച്ചിരിക്കുകയായിരുന്നല്ലോ. ഓർക്കുമ്പോ രോമാഞ്ചം വരുന്നു.."

"ഇത്ര കൊതിയാണെങ്കിൽ അലമാരിയിൽ ഒരു കുപ്പിയുണ്ടാല്ലോ, എടുത്ത് കമത്തിക്കൂടേ .." വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാല് എന്നുപറഞ്ഞതുപോലെ, കിട്ടിയ സന്ദർഭം ഭംഗിയായി ഉപയോഗിച്ചു.

"ഓ... ഈ കൊറോണക്കാലത്ത് അതിന് ആര് കമ്പനി തരും ..ഒറ്റയ്ക്ക് മോന്തിയാൽ ആ സുഖം കിട്ടില്ല. ."

"ഞാൻ കൂടിയാൽ മതിയോ. എന്തൊക്കെയായാലും പത്തുനാല്പത് ദിവസമായി നല്ലപിള്ളയായി വീട്ടിലിരുപ്പല്ലേ. "

"എടീ, ഇതിലെന്തോ ചതി മണക്കുന്നുണ്ടല്ലോ.. കഴിഞ്ഞ ഓഫീസ് പാർട്ടിയിൽ നിന്റെ സമ്മതത്തോടെ രണ്ട് പെഗ്ഗടിച്ചതിന് പ്രതിഫലമായി എന്റെ ഒരു വർഷത്തെ മുഴുവൻ ബോണസ്സാണ് ആവിയായിപ്പോയത്. അങ്ങിനെ വല്ല വകുപ്പും ആണോ.."

"ഓഹോ.. കാലത്ത് തൊട്ട് ഓഫീസിലെ ടെൻഷൻ കണ്ട് നിങ്ങൾക്ക് സന്തോഷമായിക്കോട്ടെ എന്ന് കരുതിയപ്പോൾ തുളസിക്കതിർ പോലെ പരിശുദ്ധയായ എന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നോ. ഹേ മാധവീപുത്രാ, ആ പരിപ്പങ്ങോട്ട് വാങ്ങിവെച്ചേര് . ഞാനൊന്നും പറഞ്ഞിട്ടില്ല.."

"വെറുതെയെന്റെ അമ്മയ്ക്ക് വിളിക്കല്ലെടി കൊച്ചേ.. നിനക്ക് വേണ്ടി ഞാനിന്ന് ഒരു "സിപ്പ്" എടുക്കാം.. പോരെ..

"വേണ്ട.. എന്റെ പേരും പറഞ്ഞ് ഇനി വെട്ടിവിഴുങ്ങണ്ട.."

"എന്തായാലും നിന്റെ ആഗ്രഹമില്ലേ, ഇന്ന് വൈകീട്ട് ആവാം. നീ ഉച്ചതിരിഞ്ഞ് ജംഗ്ഷൻ വരെ ഒന്ന്പോയി വല്ല പെപ്സിയോ, ചിപ്സോ മറ്റോ വാങ്ങി വാ.. ഞാൻ പോയാൽ, ആ കുരുത്തംകെട്ട ജെയിംസും, രാജുവും ഒക്കെ മണത്തറിയും."

അങ്ങിനെ ആറ്റുനോറ്റിരുന്ന വൈകുന്നേരമായി. രാത്രിക്കുള്ള ഭക്ഷണം ഒക്കെ ശരിയാക്കി. ഒന്പതുമണിയായപ്പോഴേക്കും അനിലേട്ടൻ കുളിയെല്ലാം കഴിഞ്ഞുവന്നു. ഇന്ന് ഞാൻ അനിലേട്ടനെ മണിച്ചിത്രത്താഴിട്ട് പൂട്ടും. രണ്ടു കൈയ്യിലും ചങ്ങലയിട്ട് പൂട്ടി എന്റെ കാൽക്കൽ കിടക്കുന്ന അനിലേട്ടനെ മനസ്സിൽ ഓർത്ത് ഊറിച്ചിരിച്ചു

അനിലേട്ടൻ അലമാരിയിൽ നിന്നും ബോട്ടിലെടുത്ത് വന്നു. ബോട്ടിലിന്റെ മൂട്ടിലും ക്യാപിലും ഒക്കെ കുറെ തട്ടലും മുട്ടലും കഴിഞ്ഞ് എനിക്ക് പെപ്സിയും അനിലേട്ടന് ഒരു ഡ്രിങ്കും ഉണ്ടാക്കി. കക്ഷി ഒരു റൌണ്ട് കഴിഞ്ഞു.

"എടീ, നീയും ഒന്ന് കൂട്, ആരും അറിയത്തില്ല. എന്തായാലും കുപ്പി പൊട്ടിച്ചു. ഇനി ഇതുപോലൊരവസം വരില്ല."

"വേണ്ട.. എനിക്കൊന്നും വേണ്ട.. ഒറ്റക്കങ്ങ് കുടിച്ചാൽ മതി.."

"നിനക്കറിയാവോ. എൽസിക്ക് എന്നാ കപ്പാസിറ്റി ആണെന്ന്. ഞാൻ ദുബായിൽ ചെന്നപ്പോൾ അവള് പച്ചവെള്ളം കുടിക്കുന്ന പോലെ അല്ലെ കുടിച്ചിരുന്നത്. ഹോ..എന്റെ കണ്ണ് തള്ളിപ്പോയി"

" ആര് എൽസിയോ? ഒന്ന് മിണ്ടാതിരി അനിലേട്ടാ...

"എടി.. സംശയമുണ്ടേൽ നീ വിളിച്ച് ചോദീര് .. അല്ലെങ്കിലും ഇതിനൊക്കെ ഒരു ചങ്കൂറ്റം വേണം, ജീരക വെള്ളം കുടിച്ചാൽ ഫിറ്റാവുന്ന നിന്നോട് എന്ത് പറയാൻ "

"അനിലേട്ടാ.. എന്നെ ഒരു മാതിരി കൊച്ചാക്കല്ലേ.. എനിക്കാണോ അവൾക്കാണോ കപ്പാസിറ്റി എന്ന് ഞാനിപ്പോൾ കാട്ടിത്തരാം, എടുക്ക് .. ഒരു ഗ്ലാസ് നിറച്ച് എടുക്ക് ... ഹും.. എന്നോടാ കളി മോനെ ദിനേശാ .."

പിന്നെയൊരു വാശിയായിരുന്നു. പണ്ട് കഷായം കുടിച്ചിരുന്നതുപോലെ ഒരൊറ്റ വലിക്ക് അകത്താക്കി, വീണ്ടും ഒഴിപ്പിച്ചു.

അപ്പോഴാണ് ചോദിക്കേണ്ട കാര്യം ഓർമ്മ വന്നത്. പക്ഷേ വായിൽ നിന്നും വാക്കുകൾക്ക് പുറത്തേക്ക് വരാൻ ഒരു മടി..എങ്കിലും കുഴഞ്ഞുകുഴഞ്ഞ് ചോദിച്ചു..

"അനിലേട്ടാ സത്യം പറ.. നിങ്ങൾക്ക് ഓഫീസിലെ സീറ്റിയുമായി എന്താണ് ഇടപാട്.. എനിക്കെല്ലാം അറിയാം. "

അനിലേട്ടൻ മറുപടി പറഞ്ഞപ്പോൾ പണ്ടത്തെ ടേപ്പ് റെക്കോർഡറിൽ കാസറ്റ് ചുറ്റിവരിയുമ്പോൾ വരുന്നതുപോലെ എന്തോ ശബ്ദം മാത്രം വന്നു... അനിലേട്ടന് ബോധം പോയിരിക്കുന്നു, അടിച്ച് പാമ്പായിരിക്കുന്നു. കഷ്ടം എന്നോട് മത്സരിക്കാൻ വന്നതാ.. ചിരിച്ചുകൊണ്ട് സോഫയിലേക്ക് മറിഞ്ഞത് മാത്രം ഓർമ്മയുണ്ട്..

കണ്ണുതുറക്കുമ്പോൾ മുൻപിൽ ചിരിച്ചുകൊണ്ട് അനിലേട്ടൻ..

"ഹലോ.. ഗുഡ് മോർണിംഗ്.. കിക്ക് ഇറങ്ങിയോ.. എഴുന്നേൽക്ക് സമയം എട്ടുമണിയായി.."

"ദൈവമേ.. എട്ടുമണിയോ .. ഇന്നലെ രാത്രി ഞാൻ കിറുങ്ങിപ്പോയോ അനിലേട്ടാ ."

"ഓ. അത് സാരമില്ല.. ആദ്യമായിട്ടല്ലേ, അടുത്ത പ്രാവശ്യം അതുണ്ടാവില്ല.."

"സോറി അനിലേട്ടാ. കമ്പനി തരാൻ പറ്റിയില്ല..അതിനു മുൻപേ അനിലേട്ടൻ ഫിറ്റായിട്ടുണ്ടായിരുന്നു. "

"ഹഹഹ..നീ തന്ന കമ്പനി തന്നെ ധാരാളം, എന്റെ ജീവിതത്തിൽ ആരും ഇതുപോലൊരു കമ്പനി തന്നിട്ടില്ല" ആർത്തലച്ച് ചിരിച്ചുകൊണ്ടായിരുന്നു മറുപടി..

"എന്തായാലും നീ ഈ കട്ടൻ കാപ്പി കുടിക്ക്. ആ തലക്കനം പോയിക്കിട്ടും. എന്നിട്ട്പോയി കുളിച്ച് ഫ്രഷ് ആയിവാ.."

"എന്തുപറ്റി അനിലേട്ടാ ... ഞാൻ എന്തെങ്കിലും ചോദിച്ചാരുന്നോ..സത്യം പറ.."

"ചോദിച്ചിരുന്നു, ഞാനും സ്വീറ്റിയുമായുള്ള അവിഹിതബന്ധത്തെക്കുറിച്ച് ..."

ഏത് സ്വീറ്റി ? തികച്ചും നിഷ്ക്കളങ്കഭാവം മുഖത്ത് വരുത്തിക്കൊണ്ട് ചോദിച്ചു.

"എടി മണ്ടുസേ, ഇക്കൊല്ലം റിട്ടയർ ചെയ്യുന്ന മാർഗരീറ്റ മാഡം ഇല്ലേ, അവരെയാണ് സ്വീറ്റി എന്ന് വിളിക്കാറുള്ളത്. ഇതെന്നോട് നേരിട്ട് ചോദിച്ചിരുന്നെങ്കിൽ ഞാൻ പറഞ്ഞേനില്ലേ."

"സോറി അനിലേട്ടാ."

പിന്നെ ചമ്മൽ അധികം പുറത്തുകാണിക്കാതെ നേരെ കുളിക്കാൻ പോയി. കുളികഴിഞ്ഞ് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി അനിലേട്ടന്റെ കൂടെ കഴിക്കാൻ ഇരുന്നപ്പോഴും ചമ്മൽ മുഴുവൻ മാറിയിട്ടുണ്ടായിരുന്നില്ല. അനിലേട്ടന്റെ മുഖത്ത് അപ്പോഴും പരിഹാസച്ചിരി മായാതെ നിൽക്കുന്നുണ്ടായിരുന്നു.

"സ്വീറ്റി, സോറി സിന്ദു .. എനിക്ക് പണിയുണ്ട്. ഞാൻ ഓൺലൈൻ പോകുന്നു.. പിന്നെ, ഇന്നലെ രാത്രി നടന്നത് അറിയണമെങ്കിൽ നിന്റെ ഫോണിൽ ഞാൻ റെക്കോർഡ് ചെയ്ത് വെച്ചിട്ടുണ്ട്. ഇരുന്ന് കണ്ടോ .. ഞാനായിട്ടൊന്നും പറയുന്നില്ല.."

ഞാൻ വലിയ ജിജ്ഞാസയൊന്നും കാട്ടാതെ ഇരുന്നു. അനിലേട്ടൻ ജോലിയിൽ കയറി ചാറ്റിൽ സംസാരം തുടങ്ങിയപ്പോൾ ഫോണെടുത്ത് ഞാൻ ബാൽക്കണിയിലേക്ക് ഓടുകയായിരുന്നു.

റെക്കോർഡിങ് കണ്ട് തരിച്ചിരുന്നു. ഒട്ടും വൈകിച്ചില്ല, ഫോണെടുത്ത് വാട്സപ്പ് കാൾ ചെയ്തു, എൽസിക്ക്...

ഫോൺ എടുത്തയുടനെ എൽസി ചോദിച്ചു..

"എന്തായെടി സിഐഡി മൂസേ, കള്ളനെ പിടിച്ചാ ..."

"എൽസൂ, ആകെ കൊളമായെടി.. അനിലേട്ടന് കമ്പനിക്ക് ഞാനും കുടിച്ചു.. എന്നിട്ട് ബോധം പോയപ്പോൾ നമ്മടെ ഭൂതകാലം മുഴുവൻ ശർദ്ദിച്ചു. നമ്മടെ എട്ടാംക്ലാസ്സിലെ മതിലുചാട്ടവും, പത്തിലെ അന്തോണിയുമായുള്ള പ്രണയവും, പ്രീഡിഗ്രിക്ക് പ്രിൻസിന്റെ കൂടെ പോയി കഞ്ചാവടിച്ചതും, "എ" പടം കാണാൻ ആരും കാണാതെ പോയതും എല്ലാം.. എല്ലാം കേട്ടിട്ട് അനിലേട്ടന്റെ മൊകത്തെ ആ പരിഹാസച്ചിരി, ഹാവൂ, ആലോചിക്കുമ്പോ ഈ പത്താം നിലയിൽ നിന്നും ചാടിചാവാൻ തോന്നുണു"

"അപ്പോഴേ എനിക്കറിയാരുന്നൂ നീ കൊളമാക്കുമെന്ന്. അന്ന് നിന്റെ അമ്മമ്മയുടെ പൊകയിലയെടുത്ത് തട്ടിൻമോളിൽ ഇരുന്ന് വലിച്ച്, നീ സൽമാൻഖാൻ ആണെന്ന് പറഞ്ഞ് ചുരിദാർ വലിച്ചു കീറാൻ നോക്കിയപ്പോൾ എത്ര കഷ്ടപ്പെട്ടിട്ടാണെന്നോ നിന്നെയൊന്ന് അടക്കിയത്.. പിന്നെ നിന്റെ ഒടുക്കത്തെ പാട്ടും. ഇത്രയല്ലേ ഉണ്ടായുള്ളൂ.. ഭാഗ്യം..."

"എടി എൽസൂ ... പിന്നേയ്.. ഒരു ചെറ്യേ കാര്യം കൂടി ഞാൻ ബോധം പോയപ്പോൾ പറഞ്ഞു.. "

"ഓഹ്. ഇനി നിന്നെക്കുറിച്ച് എന്തുണ്ട് ബാക്കി പറയാൻ."

"എന്നെക്കുറിച്ചല്ലടി, നീയ്യെന്നോട് ദേഷ്യപ്പെടരുത്, നീയ്യും പാട്ടുകാരൻ ബാബുച്ചേട്ടനും തമ്മിലുണ്ടായിരുന്ന കേസുകെട്ടും ഞാൻ പറഞ്ഞുപോയെടി.."

"കർത്താവേ നശിപ്പിച്ച് ... എടി പിശാചേ. നീയ്യെങ്ങാനും ഇനി കള്ള് കൈകൊണ്ട് തൊട്ടാൽ, അന്തോണീസ് പുണ്ണ്യാളനാണെ.. ഫ്ലൈറ്റ് എടുത്ത് വന്ന് നിന്നെ കൊല്ലും.. വെക്കടി ഫോൺ..." എൽസി ദേഷ്യം കൊണ്ട് ചാടിത്തുള്ളുന്നുണ്ടായിരുന്നു.

ഫോൺ വെച്ച് തിരിഞ്ഞു നോക്കുമ്പോൾ അനിലേട്ടൻ തൊട്ടുപിറകിൽ, ചിരിച്ചുകൊണ്ട് നിൽക്കുന്നു.

"നീ റെക്കോർഡിങ് കണ്ടില്ലേ, ഇനി അതങ്ങ് ഡിലീറ്റ് ചെയ്തേര്.. ഇന്നലത്തെ രാത്രി ഓർത്ത് ചിരിക്കാൻ നമുക്കാ റെക്കോർഡിങ് വേണ്ട." അനിലേട്ടൻ പുറത്ത് കൈകൊണ്ട് തട്ടി എന്റെ ചമ്മൽ മാറ്റാൻ ശ്രമിച്ചു.

"ങാ.. പിന്നെ, ഇന്നലെ രാത്രി നിന്റെ അമ്മ വിളിച്ചിരുന്നു, നിന്റെ പേര് നിനക്ക് ഓർമ്മ വന്നുവോ എന്നറിയാൻ. . എന്തായാലും നീ അമ്മയെ ഒന്ന് വിളിച്ചോ.." ചിരിച്ചുകൊണ്ട് അനിലേട്ടൻ സ്റ്റഡി റൂമിലേക്ക് തിരിച്ചുപോയി.

ഫോൺ എടുത്ത് അമ്മയുടെ നമ്പർ ഡയൽ ചെയ്തു...

"എന്താടീ, കൊറോണ വരാതിരിക്കാൻ വീട്ടിൽ നാഗപൂജ ഉണ്ടായിരുന്നോ. നീ ഇന്നലെ രാത്രി നല്ല പാമ്പായിരുന്നു എന്ന് കേട്ടു." അമ്മയുടെ വാക്കുകളിൽ പരിഹാസം നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.

അനിലേട്ടന്റെ വായിൽ ഒന്നും നിൽക്കില്ല, അമ്മയോടെല്ലാം പറഞ്ഞുകാണും.. അമ്മ അച്ഛനോടും, അച്ഛൻ തറവാട്ടിലും. അധികം വൈകാതെ അനിലേട്ടന്റെ വീട്ടിലും... ദൈവമേ... ഇതിലും ഭേദം അങ്ങാടിയിൽ പോയിരുന്ന് കുടിക്കുന്നതായിരുന്നു.

****

ഗിരി ബി വാരിയർ
30 ഏപ്രിൽ 2020

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot