Slider

ഗോപന്റെ സംജ്ഞപ്രക്രിയ

0


ഗോപന്റെ സംജ്ഞ പ്രക്രിയ

സന്തോഷ് ഗംഗാധരൻ

ഉദ്ഘാടനച്ചടങ്ങ് തുടങ്ങാൻ മുഖ്യാതിഥിയായ മന്ത്രി എത്താറാകുന്നതേയുള്ളു. പറവൂർ ടൗൺ ഹാളിൽ നിറഞ്ഞിരിക്കുന്ന ജനക്കൂട്ടം. വേദിയിലേയ്ക്ക് ആനയിക്കപ്പെടാനുള്ള ക്ഷണവും കാത്ത് ഗോപൻ മുൻനിരയിൽ നടവഴിയ്ക്ക് അരികിലുള്ള സീറ്റിലിരുന്നു.

 

ജനം നെഞ്ചിലേറ്റിയ ഒരു സംരഭത്തിനാണ് വിളക്ക് തെളിക്കാൻ പോകുന്നത്. എത്ര നാൾ കാത്തിരുന്നു ഇതിനായി. വർഷങ്ങളുടെ കഠിനാദ്ധ്വാനം!

 

മന്ത്രി എത്താൻ വൈകുന്തോറും ഗോപന്റെ മനസ്സ് കാറ്റത്തഴിച്ച് വിട്ട പട്ടം പോലെ ഇന്നലെകളുടെ ആകാശപരപ്പിൽ ഒഴുകി നടന്നു. 

          

ഗോപൻ ധൃതിയിൽ മുന്നോട്ട് നടന്നു. വീട്ടിലാരെങ്കിലും തന്റെ അഭാവം മനസ്സിലാക്കുന്നതിന് മുമ്പ് മെയിൻ റോഡിൽ എത്തണം. ഇന്നത്തെ രാത്രി പ്രദർശനം കാണാതെ വയ്യ. സിനിമ ഇന്ന് അവസാന ദിവസമാണ്. കൂട്ടുകാരാരും വന്നില്ലെങ്കിലും തനിയ്ക്ക് കാണാൻ താല്പര്യമുള്ള സിനിമ ഗോപൻ ഒറ്റയ്ക്കാണെങ്കിലും കണ്ടിരിക്കും. അതൊരു വാശി പോലെയാണ്.

 

         മുന്നിൽ വരുന്ന ആളുടെ രൂപം ഇരുട്ടത്ത് അവൻ കണ്ടു. അച്ഛൻ! തന്നെ തിരിച്ചറിഞ്ഞാൽ കേമമാവും. എത്ര ഇരുട്ടാണെങ്കിലും തനിയ്ക്ക് അച്ഛനെ മനസ്സിലായ പോലെ അച്ഛന് തന്നേയും മനസ്സിലാവാതിരിക്കുമോ?

 

         പെട്ടെന്ന് മനസ്സിലുദിച്ച ഒരു ബുദ്ധി - ഗോപൻ ഒരു കാല് വളച്ചു വച്ച് ഞൊണ്ടാൻ തുടങ്ങി. സ്കൂളിൽ പണ്ട് പ്രഛന്നവേഷമത്സരത്തിൽ കളിച്ച അതേ വേഷം പോലെ അവൻ ഞൊണ്ടി നടന്നു.

 

         അച്ഛൻ ഏതാണ്ട് അടുത്തെത്തിയപ്പോൾ ഭയപ്പെട്ടിരുന്ന പോലെ ഒരു ചോദ്യം "ഗോപനാണോടാ?"

 

         "അല്ല." അവൻ അമർത്തി പറഞ്ഞു. എന്നിട്ട് പതിവില്ലാത്ത പോലെ തല വെട്ടിച്ച് അപ്പുറത്തേയ്ക്ക് നോക്കി ഞൊണ്ടി. അച്ഛൻ പിന്നൊന്നും പറയാതെ നടന്നുപോയി.

 

         അവൻ കുറച്ചു നേരം കൂടി ഞൊണ്ടി നടന്നു. ഇനി അച്ഛൻ കാണില്ലെന്ന് ഉറപ്പായപ്പോൾ നേരെ നടക്കാൻ തുടങ്ങി.

 

         ഗോപൻ പോക്കറ്റ് തപ്പി നോക്കി. താക്കോൽ സുക്ഷിതമായി അവിടെ തന്നെയുണ്ട്. വീടിന്റെ മുൻവശത്ത് കിഴക്കേ വരാന്തയോട് ചേർന്നുള്ള ഒറ്റമുറിയാണ് അവന്റെ വാസസ്ഥലം. അമ്മയും അച്ഛനും അനുജത്തിയും മുമ്പിലെ വാതിൽ വഴി അകത്ത് കടക്കുന്ന മുറികളിലാണ്. അവന്റെ മുറി പുറത്ത് നിന്നും പൂട്ടിയാൽ പിന്നെ അവരാർക്കും മനസ്സിലാവില്ല അതിനകത്ത് എന്താണ് നടക്കുന്നതെന്ന്. രാത്രി സഞ്ചാരത്തിന് പറ്റിയ മുറി. അവന്റെ ഭാഗ്യം. ഈ മുറി കാരണം എത്ര സിനിമകൾ കാണാൻ സാധിച്ചിരിക്കുന്നു.

 

         മോണോആക്റ്റായിരുന്നു ഗോപന്റെ ഇഷ്ടവിനോദം. അത് കൊണ്ടാണ് ഈ സിനിമ കാണാനുള്ള ആവേശം കൂടിയത്. നല്ല ഹാസ്യനടന്മാരുടെ ചിത്രങ്ങൾ കണ്ടാൽ പുതിയ ആശയങ്ങൾ മനസ്സിലുദിക്കാതിരിക്കില്ല. അനുകരണത്തിനോട് അവന് താല്പര്യമില്ലായിരുന്നു. സ്റ്റേജിൽ അവതരിപ്പിക്കുമ്പോൾ പുതുമയുള്ളതായിരിക്കണം.

 

         ഹാസ്യചിത്രങ്ങൾക്കുള്ള ഒരു ഗുണം അവ മനസ്സിന് ആനന്ദം പകർന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കും എന്നുള്ളതാണ്. അതാണവന് ആവശ്യം. കൂടുതൽ ഉയർന്ന പ്രതലങ്ങളിലേയ്ക്ക് തന്റെ മനസ്സിനെ വ്യാപിപ്പിക്കാൻ സാധിക്കും. അപ്പോഴാണ് നവ്യവും അനവദ്യവുമായ കൃതികൾ മനസ്സിന്റെ ഉൾക്കോണുകളിൽ നിന്നും പ്രവഹിക്കുന്നത്.

 

         വളരെ ലളിതമായ കാര്യങ്ങൾ ആലോചിക്കുമ്പോൾ പോലും, പുതിയതും കഠിനവുമായ വാക്കുകളിൽ അതിനെ മനസ്സിൽ നിന്നും പുറത്തുകൊണ്ടുവരാനാണ് ഗോപന് താല്പര്യം. തന്റെ പദസമ്പത്തിനെ വളർത്താനുള്ള ഒരു തന്ത്രമായി അവനതിനെ കണക്കാക്കി.

 

         അത് മാത്രമല്ല ഗോപന്റെ വിനോദം. മനസ്സിൽ ആലോചിച്ചെടുക്കുന്ന വാക്യങ്ങളെ ഉടനെ തന്നെ ആംഗ്യഭാഷയിൽ അവതരിപ്പിക്കാനും അവൻ ശ്രമിയ്ക്കും. തന്റെ ഏകാഭിനയപ്രക്രിയക്കുള്ള ഒരു അഭിനയാഭ്യാസം കൂടിയായി അവനതിനെ കണ്ടു. സ്വന്തം സർഗ്ഗശേഷി വളർത്താൻ അവൻ തന്നെ കണ്ടുപിടിച്ച ഒരു പദ്ധതി.

 

         നൈറ്റ് ഷോവിന് വീട്ടിൽ നിന്നിറങ്ങാനെ സ്വല്പം വകതിരിവില്ലായ്മ കാണിക്കേണ്ട ആവശ്യമുള്ളു. സിനിമ കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേയ്ക്കും വീട്ടുകാരെല്ലാം നല്ല ഉറക്കമായിട്ടുണ്ടാകും. ആരും അറിയാതെ തന്റെ താവളത്തിലേയ്ക്ക് വലിയാം.

 

പിറ്റേന്ന് കാലത്ത് കാപ്പി കുടിയ്ക്കാൻ ഇരിക്കുമ്പോഴായിരുന്നു, അച്ഛന്റെ ചോദ്യം, "നിന്റെ മോണോആക്റ്റിന്റെ പരിശീലനം എങ്ങനെ പോണു?"

 

"കുഴപ്പമില്ലാതെ നടക്കുന്നുണ്ട്, അച്ഛാ." എന്തോ വലുത് വരാനുള്ള ഒരുക്കമാണെന്ന് ഗോപന് മനസ്സിലായി. സാധാരണ ചോദിക്കാത്ത ഒരു കാര്യമാണ് ഇന്ന് അച്ഛൻ ചോദിച്ചത്.

 

"കഴിഞ്ഞ തവണ നീ എന്തോ ഒരു ഞൊണ്ടിയെ മറ്റോ ആണ് അവതരിപ്പിച്ചതെന്ന് കേട്ടു. ശരിയാണോ?"

 

"അതെ. അച്ഛനെങ്ങനെയറിഞ്ഞു?" ഗോപന് സംശയമായി.

 

"അമ്മ പറഞ്ഞിരുന്നു. പക്ഷേ, നിന്റെ അഭിനയം പോരാന്നാണ് എന്റെ അഭിപ്രായം. നീ ഇന്നലെ ഞൊണ്ടിയത് ഒട്ടും ശരിയായില്ല. ഒരു കാല് വളഞ്ഞാൽ പിന്നെ, മറ്റേക്കാല് വലിച്ച് വച്ച് വേണം നടക്കാൻ." അതും പറഞ്ഞ് അച്ഛൻ എഴുന്നേറ്റ് കൈ കഴുകാൻ പോയി.

 

തന്റെ അഭിനയപാടവത്തിനേറ്റ ക്ഷതം കാര്യമാക്കാതെ ഗോപൻ ആഹാരം കഴിച്ചെണീറ്റു. പല നാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും!

 

ആയിടയ്ക്കാണ് ഗോപന്റെ ആത്മസുഹൃത്ത് സോമന്റെ വീട്ടിലെ പട്ടി പെറ്റത്. അഞ്ച് കുട്ടികളിൽ ഒന്നിനെ ഗോപൻ തന്റെ അനിയത്തി സുജാതയ്ക്ക് വേണ്ടി എടുത്തുകൊണ്ടു വന്നു. പിന്നെ കുറേ നാളുകൾ ആ പട്ടിക്കുട്ടിയെ ഇണക്കാനുള്ള ശ്രമത്തിലായിരുന്നു വീട്ടുകാർ. എല്ലാവർക്കും പട്ടിക്കുട്ടിയെ കൊഞ്ചിക്കാനെ നേരമുള്ളു. അമ്മയും അച്ഛനും തന്നെ ഒരിക്കലും കൊഞ്ചിച്ചതായി ഗോപന് ഓർമ്മ വന്നതേയില്ല. ആ പട്ടിക്കുട്ടിയുടെ ഒരു രാജയോഗം!

 

കിട്ടുന്ന അവസരങ്ങൾ പാഴാക്കരുതല്ലോ. പലതരം സംജ്ഞകൾ പരിശീലിക്കാൻ, സുജാത കുട്ടൂസ് എന്ന് പേരിട്ട് വിളിച്ച ആ പട്ടിക്കുട്ടിയെ ഗോപൻ ഉപയോഗിച്ചു. കുട്ടൂസിനെ പല കാര്യങ്ങളും കൈകലാശങ്ങളിലൂടെ പഠിപ്പിച്ചെടുത്തു. അങ്ങനെ ഗോപന്റെ മൂകാഭിനയ പ്രക്രിയ പുരോഗമിച്ചു.

 

സുജാത ഭരതനാട്യം കളിക്കുന്നത് കണ്ടപ്പോഴാണ് രസകരമായ കൈമുദ്രകളിലൂടെയും മുഖത്തെ ഭാവമാറ്റങ്ങളിലൂടെയും ആശയവിനിമയം സാധിക്കുമെന്ന് ഗോപൻ മനസ്സിലാക്കിയത്. അന്ന് മുതൽ ഗോപൻ സുജാതയുടെ നൃത്തപരിശീലനത്തിന്റെ പ്രധാന കാണിയായി മാറി. സംജ്ഞകൾ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോഴാണ് അനിയത്തിക്കുട്ടിയുടെ നൃത്തപാടവം ഗോപന് മനസ്സിലായത്.

 

കൂട്ടുകാരുടെ കൂടെ കൂടുമ്പോൾ ഗോപന്റെ യാഥാർത്ഥ കഴിവുകൾ പുറത്തുവരും. വൈകുന്നേരങ്ങളിലെ ലക്ഷ്യമില്ലാതെയുള്ള നടത്തം മനസ്സിനെ ഉദ്ബോധിപ്പിക്കാനുള്ള അവസരങ്ങളായിരുന്നു. ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന വർത്തമാനങ്ങൾ കൂട്ടുകാരുമായി പങ്ക് വയ്ക്കുമ്പോൾ ജീവിതത്തിൽ മുന്നേറാനുള്ള ഉത്സാഹവും വർദ്ധിച്ചു.

 

നടത്തം കൂടുതൽ ഉല്ലാസമാക്കാൻ കൂട്ടുകാർ തമ്മിൽ മത്സരിച്ച് മൂകാഭിനയം നടത്തി. സിനിമ പേരുകൾ അഭിനയിച്ച് കാണിച്ച് അതെന്താണെന്ന് ഊഹിച്ചെടുക്കുന്നൊരു കളി. ഗോപന്റെ ഏകാഭിനയപാടവത്തിന്റെ മാറ്റ് കൂട്ടുന്ന വിദ്യയായി മൂകാഭിനയം പരിണമിച്ചു.

 

അന്നൊരുദിവസം എറണാകുളത്ത് ടൗൺ ഹാളിൽ ഏകാങ്കമത്സരം നടക്കുന്നുണ്ടായിരുന്നു. കൂട്ടുകാരിൽ ഒരാളെങ്കിലും കൂടെയുണ്ടെങ്കിൽ, സന്തതസഹചാരിയായ യെസ്ഡി ബൈക്കിൽ പോകാനായിരുന്നു ഗോപന് താല്പര്യം. പ്രത്യേകം പറഞ്ഞ് ചെയ്യിച്ച, രണ്ടടിയോളം പൊങ്ങി പിന്നോട്ട് വളഞ്ഞിരിക്കുന്ന ഹാൻഡിൽ. അതിൽ കയറി കൂളിംഗ് ഗ്ലാസ്സും വച്ച് ഓടിച്ച് പോകുന്ന ഗമ വേറൊന്നിനും കിട്ടുകയില്ല.

 

പക്ഷേ, അന്നത്തെ എറണാകുളം യാത്രയിൽ കൂടെ കൂടാൻ സോമനോ ബാലനോ മറ്റാർക്കുമോ താല്പര്യമില്ല. എല്ലാവരും ഓരോ ഒഴിവുകഴിവുകൾ വിളമ്പി. 'മാങ്ങാത്തൊലി, ഇവന്റെയൊക്കെ ഒരു ഗമ!' ദേഷ്യം വരുമ്പോൾ സ്ഥിരം മനസ്സിൽ പറയുന്നത് അന്നും ഗോപന്റെ മനസ്സിൽ ഒഴുകിയെത്തി.

 

സാധാരണ എവിടെ ചെണ്ടപ്പുറത്ത് കോല് വയ്ക്കുന്നുണ്ടെന്ന് കേട്ടാലും തന്നെ വിളിക്കാൻ ഓടിയെത്തുന്നവരാണ്. എന്നിട്ടാണിപ്പോൾ ...! ഒറ്റയ്ക്ക് ബൈക്കിൽ യാത്ര ചെയ്യാനും മൂഡില്ലാത്ത അവസ്ഥ. പക്ഷേ, നല്ല കുറേ ചെറു നാടകങ്ങൾ കാണാനുള്ള അവസരം പാഴാക്കാനും മനസ്സ് സമ്മതിയ്ക്കുന്നില്ല. എങ്കിൽ പിന്നെ സർക്കാറിന്റെ ആനവണ്ടിയിൽ പോകാൻ തന്നെ ഗോപൻ തീരുമാനിച്ചു.

 

നമ്പൂരിയച്ചന്റെ ആലിനടുത്തേയ്ക്ക് നടന്നു. പറവൂർ നിന്നും ആലുവയ്ക്ക് എപ്പോഴും ബസ് കിട്ടും. ആലുവ ബസ് സ്റ്റാൻഡിൽ നിന്നും എറണാകുളത്തേയ്ക്ക് ബസ് സുലഭം.

 

ബസിൽ രണ്ട് പേർക്കിരിക്കാവുന്ന ഇടത് വശത്തെ സീറ്റിൽ ഇരിക്കാൻ നോക്കുമ്പോഴാണ് പുറകിൽ നിന്നും ആരോ തള്ളിയത്. പുറകിലെ വാതിൽ വഴി കയറി വരുന്ന ആളുകൾ അനാവശ്യമായി തിരക്ക് കൂട്ടുന്നതിന്റെ പരിണിതഫലം. ഗോപൻ ഇരിക്കാൻ ലക്ഷ്യമിട്ട സീറ്റിൽ രണ്ട് ചെറുപ്പക്കാർ കേറിയിരുന്നു.

 

"മാങ്ങാത്തൊലി! എവിടന്ന് കുറ്റിയൂരി വരുന്നു ഇവനൊക്കെ?" പറയാൻ ചിന്തിച്ചത് അതായിരുന്നെങ്കിലും ഉറക്കെയുള്ള ഒരു 'മാങ്ങാത്തൊലി'യിൽ ഗോപൻ ഉള്ളിൽ നുരഞ്ഞ് പൊങ്ങിയ അരിശം അവസാനിപ്പിച്ചു. അവരുടെ വലത് വശത്തുള്ള മൂന്ന് സീറ്റിൽ ജനലരികെയുള്ള സീറ്റിൽ കയറി അവനിരുന്നു. ഇനിയിപ്പോൾ മുക്കാൽ മണിക്കൂർ ചിന്തയ്ക്കും മയക്കത്തിനും ഉപയോഗിക്കാം.

 

കണ്ടക്റ്റർ ടിക്കറ്റ് തരാൻ അടുത്ത് വന്നപ്പോഴാണ് ഗോപൻ തന്നെ തള്ളിമാറ്റി താൻ ഉദ്ദേശിച്ച സീറ്റുകൾ തട്ടിയെടുത്തവരെ ശ്രദ്ധിച്ചത്. അതിലൊരാൾ കണ്ടക്റ്ററുടെ നേരെ രണ്ട് വിരലുകൾ പൊക്കി കാണിച്ചു. എന്നിട്ട് കൈ പുറകിലേയ്ക്കാഞ്ഞ് നേരെ മുന്നോട്ട് നീട്ടി. അതനുസരിച്ച് കണ്ടക്റ്റർ ടിക്കറ്റ് കൊടുക്കുന്നതും കണ്ടു. 'മാങ്ങാത്തൊലി, ഇവനൊക്കെ വാ തുറന്ന് സംസാരിച്ചലെന്താ?' ഗോപന്റെ മനസ്സിൽ അവരോടുള്ള വിദ്വേഷം തിളച്ചു.

 

കണ്ടക്റ്റർ മുന്നോട്ട് നീങ്ങിയപ്പോൾ അവരെ വീണ്ടും ശ്രദ്ധിക്കാൻ ഗോപന് തോന്നി. രണ്ട് പേരും തമ്മിൽ കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ടേയിരുന്നു. അതും വളരെ വേഗത്തിൽ. ഒരാൾ കാണിക്കുന്നതിന് മറുപടിയെന്നോണം മറ്റെയാൾ ഉടനെ തന്നെ ആംഗ്യം കാണിക്കുന്നു. താൻ പഠിച്ച് വച്ചിരിക്കുന്ന സംജ്ഞകൾ വെറും ഒന്നാം ക്ലാസ്സിലെ 'തറ പറ' മാത്രമാണെന്ന് ഗോപന് മനസ്സിലായി.

 

ആ രണ്ട് പേരും ബധിരരും മൂകരും ആണെന്നുള്ള തിരിച്ചറിവ് അപ്പോഴാണ് ഗോപന്റെ തലയിലോടിയത്. അവരോട് മനസ്സിൽ അകാരണമായി തോന്നിയ ദേഷ്യത്തിൽ അവന് തന്നോട് തന്നെ ഈർഷ്യ തോന്നി. അപരനെ പൂർണ്ണമായും മനസ്സിലാക്കാതെ അവനെ അളക്കാൻ പാടില്ലെന്ന അടിസ്ഥാനതത്വം അവൻ മനസ്സിൽ ഉറപ്പിച്ച് പറഞ്ഞു.

 

പിന്നെയുള്ള ബസ് യാത്ര വളരെ രസകരമായി. കൂട്ടിനാരും വരാഞ്ഞത് ഭാഗ്യമായിയെന്ന് ഗോപന് തോന്നി. അപ്പുറത്തിരിക്കുന്ന മിണ്ടാൻ നിർവ്വാഹമില്ലാത്ത രണ്ട് പേർ എത്ര അനായാസമായാണ് തമ്മിൽ തമ്മിലുള്ള ആശയവിനിമയം നടത്തുന്നത്. അവർ കാണിക്കുന്ന സംജ്ഞകളിൽ ചിലത് ഗോപന് പിടികിട്ടി. പക്ഷേ, പകുതിയിൽ കൂടുതലും അവന് മനസ്സിലാക്കിയെടുക്കാൻ കഴിയുന്നതിലും വേഗതയിലായിരുന്നു.

 

ബസ് ആലുവയിലെത്തിയതറിഞ്ഞില്ല. എല്ലാവരും പുറത്തിറങ്ങി. ഗോപന്റെ ജിജ്ഞാസ അവനെ ആ ബധിരരും മൂകരുമായ രണ്ട് പേരെ പിൻതുടരുവാൻ പ്രേരിതനാക്കി. അവർ ഏത് ബസിലാണ് കയറുന്നതെന്ന് നോക്കി അവൻ കാത്തു നിന്നു.

 

അവർ ഫോർട്ട് കൊച്ചിയിലേയ്ക്കുള്ള ബസിലാണ് കയറിയത്. ഗോപനും ഒപ്പം കയറി അവരെ കാണാൻ പാകത്തിന് അടുത്തുള്ള സീറ്റിൽ ഇരുപ്പുറപ്പിച്ചു. അവരുടെ ശബ്ദമില്ലാത്ത സംഭാഷണം കണ്ടിരുന്നപ്പോൾ ഗോപൻ തന്റെ യാത്രയുടെ ഉദ്ദേശ്യമെല്ലാം മറന്നു. അവനെ ആകർഷിച്ചത് ഈ പുതിയ മൂകാഭിനയ പ്രക്രിയ ആയിരുന്നു.

 

അവർ കൊച്ചിയ്ക്കടുത്തുള്ള തോപ്പുംപടിയിൽ ഇറങ്ങി. അവരുടെ പുറകെ ഗോപനും. ബധിരർക്കും മൂകർക്കുമുള്ള അസീസ്സി സ്ക്കൂളിലേയ്ക്കാണ് അവർ പോയത്. ഗേറ്റിൽ നിന്നിരുന്ന കാവൽക്കാരൻ തടഞ്ഞപ്പോഴാണ് ഗോപന് സ്ഥലകാലബോധം ഉണ്ടായത്. കാവൽക്കാരൻ കൈകൊണ്ട് ആരെ കാണാൻ എന്ന് ചോദിച്ചപ്പോൾ, 'ഒന്നുമില്ല' എന്ന് തോളുകുലുക്കി കാണിച്ചിട്ട് ഗോപൻ തിരിച്ച് നടന്നു.

 

പറവൂർക്കുള്ള ബസിൽ ഇരിക്കുമ്പോൾ ഗോപന്റെ മനസ്സ് നിറയെ താൻ അന്ന് കണ്ട രംഗങ്ങളായിരുന്നു. ഇന്നത്തെ യാത്ര പകർന്നു തന്ന പുത്തനറിവ് എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന ചിന്തയായിരുന്നു അവന്. താൻ ചെയ്യാൻ ശ്രമിച്ചിരുന്ന കാര്യങ്ങൾക്ക് അതുവരെ ഒരർത്ഥവുമില്ലായിരുന്നു. പക്ഷേ, അതിനൊരു മൂല്യം ഉണ്ടാക്കിയെടുക്കാൻ തനിയ്ക്ക് കഴിയുകയില്ലേ?

 

മൂകാഭിനയത്തിന് കൂടുതൽ പ്രചാരമുണ്ടാക്കിയെടുക്കണം. അതിന് സ്വയം അതിൽ കാര്യപ്രാപ്തി നേടേണ്ടിയിക്കുന്നു. ഇന്ന് കണ്ട രണ്ട് പേർ ആശയവിനിമയം നടത്തുന്നത് പോലെ സംജ്ഞകൾ വഴി സംസാരിക്കാൻ തനിയ്ക്കും സാധിക്കണം. എങ്കിലേ മൂകർക്കും ബധിരർക്കും വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുകയുള്ളു.

 

ആയിടയ്ക്ക് ദൂരദർശനിൽ ഉച്ചയ്ക്ക് രണ്ട് മണി വാർത്തയിൽ സ്ക്രീനിന്റെ താഴെ ഇടത് മൂലയിലായി വാർത്തകൾ ആംഗ്യഭാഷയിൽ അവതരിപ്പിക്കുന്ന ഒരു സ്ത്രീ പ്രത്യക്ഷപ്പെടാൻ തുടങ്ങി. സർക്കാർ വക മൂകർക്കും ബധിരർക്കും വേണ്ടി ഒരു ചെറിയ ഉപഹാരം. ഒരു ദിവസം മുഴുവൻ ടിവിയുടെ മുന്നിലിരുന്നാൽ അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ പത്ത് മിനിട്ട് ന്യൂസ് മാത്രം. അത് പോരല്ലോ.

 

ചിരിപ്പിക്കാൻ വേണ്ടി മാത്രം ആംഗികാഭിനയം ചെയ്തവതരിപ്പിക്കുന്ന അവന്റെ മോണോആക്റ്റുകളോട് അവന് തന്നെ പുച്ഛം തോന്നി. നമ്മളറിയാത്ത എത്രയോ പേരുടെ ജീവിതമാണ് ആ മൂകാഭിനയത്തിലൂടെ കടന്ന് പോകുന്നത്. നമുക്ക് അത് ഹാസ്യരസപ്രദായകം മാത്രം!

 

ഗോപന്റെ മനസ്സിൽ ഒരു മുഴുനീള മൂകാഭിനയനാടകമാണ് ഉരുത്തിരിഞ്ഞത്. അതിനാദ്യം സ്വയം ആംഗ്യഭാഷ ആശയവിനിമയ മാദ്ധ്യമമാക്കിയെടുക്കണം. പഠിച്ചേ തീരു.

 

പിറ്റേന്ന് ഗോപൻ തോപ്പുംപടിയിലെ അസീസ്സി സ്ക്കൂളിൽ എത്തി. പ്രിൻസിപ്പലിനെ കാണാൻ വന്നതാണെന്ന് തനിയ്ക്കറിയാവുന്ന ആംഗ്യങ്ങൾ കാട്ടി കാവൽക്കാരനെ മനസ്സിലാക്കിച്ചു. "മുകളിലെ നിലയിൽ ഇടത് ഭാഗത്ത് ആദ്യത്തെ മുറി" എന്ന് പറഞ്ഞിട്ട് അതുതന്നെ ആംഗ്യഭാഷയിൽ കാവൽക്കാരൻ കാണിച്ചു. അപ്പോഴാണ് അതുവരെ ബുദ്ധിമുട്ടിയത് വെറുതെയായിരുന്നെന്ന് ഗോപന് വെളിവുണ്ടായത്. 'മാങ്ങാത്തൊലി' എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവൻ അകത്തേയ്ക്ക് കടന്നു.

 

പിന്നെയുള്ള ഒരു മണിക്കൂർ നേരം പ്രിൻസിപ്പൽ റാഫേലച്ചനുമായി സംസാരിച്ചിരുന്നത് ഗോപന് മറക്കാനാകാത്തൊരു അനുഭവമായി മാറി. ഗോപന്റെ ഉദ്ദേശ്യം മനസ്സിലായപ്പോൾ അച്ചൻ ആ സ്ക്കൂളിന്റെ ഉത്ഭവം മുതൽ ഇന്നത്തെ പ്രവർത്തനരീതിയും അവിടത്തെ അന്തേവാസികളുടെ വിവരങ്ങളും വരെ വിസ്തരിച്ച് പറഞ്ഞു. അന്ന്  മുതൽ ഗോപൻ ആ സ്ക്കൂളിലെ ഒരു വിദ്യാർത്ഥിയായി.

 

ഒരു വർഷത്തിനൊടുവിൽ ഗോപന്റെ സ്വപ്നം യാഥാർത്ഥ്യമായി. സ്ക്കൂളിന്റെ വാർഷികാഘോഷച്ചടങ്ങിനോടൊപ്പം ഗോപൻ എഴുതി സംവിധാനം നിർവ്വഹിച്ച മഴുനീള മൂകാഭിനയനാടകം അവതരിപ്പിക്കപ്പെട്ടു. പ്രധാന വേഷങ്ങളിൽ ഗോപനോടൊപ്പം ഗോപന് പ്രചോദനമായി തീർന്ന അന്നത്തെ ബസ് യാത്രക്കാരായ രാജനും മജീദും തകർത്തഭിനയിച്ചു.

 

അവിടന്നങ്ങോട്ട് മൂകാഭിനയ പ്രക്രിയയുടെ ജൈത്രയാത്ര തന്നെയായിരുന്നു. തർജ്ജമ ആവശ്യമില്ലാത്ത ഭാഷ എന്ന് നിലയിൽ ഗോപന്റെ നാടകങ്ങൾ രാജ്യത്തുടനീളം പുനരാവിഷ്ക്കരിക്കപ്പെട്ടു. വഴികാട്ടികളായ ഗോപന്റെ നാടകസംഘത്തിലെ പലരും വിശിഷ്ടാതിഥികളായി ക്ഷണിക്കപ്പെടുകയും ചെയ്തു.

 

ആരോ തോളിൽ തൊട്ട് വിളിച്ചപ്പോഴാണ് ഗോപൻ ചിന്തകളിൽ നിന്നുണർന്നത്. സുന്ദരിയായ ഒരു സ്ത്രീ മുന്നിൽ നിൽക്കുന്നു. വേദിയിലേയ്ക്ക് ചെല്ലാൻ അയാളെ ആംഗ്യഭാഷയിൽ ക്ഷണിക്കുകയാണ്. അവളുടെ കൂടെ വേദിയിലേയ്ക്ക് നടക്കുമ്പോൾ ഗോപൻ താനറിയാതെ ആ സ്ത്രീയുടെ സൗന്ദര്യം ആസ്വദിച്ചു. ലക്ഷ്യത്തിലെത്താൻ പ്രയത്നിക്കുന്നതിനിടയിൽ മറന്ന് പോയതെന്തോ ഓർമ്മിപ്പിക്കാൻ എത്തിയ തരുണീമണി.

 

നടക്കുന്നതിനിടയിൽ ഗോപൻ അവളുടെ പേരെന്താണെന്ന് ആംഗ്യത്തിൽ ചോദിച്ചു. അവൾ ചിരിക്കാൻ തുടങ്ങി. മുഖത്ത് വിരിഞ്ഞ ചിരിയിൽ വിടർന്ന ചുവന്ന അധരങ്ങൾക്കിടയിൽ കണ്ട വെളുത്ത ദന്തനിര നോക്കി അമ്പരന്നു നിൽക്കുന്ന ഗോപനോട് ആംഗ്യഭാഷയിൽ തന്നെ 'ശൈലജ' എന്ന് അവൾ ഉത്തരം നൽകി.

 

വേദിയിൽ നിൽക്കുന്ന അന്നത്തെ ചടങ്ങുകളുടെ അവതാരിക ഗോപനെ വേദിയിലേയ്ക്ക് ക്ഷണിക്കുന്നതായി ആംഗ്യം കാണിച്ചു. അത് കഴിഞ്ഞ് ആംഗ്യഭാഷ മനസ്സിലാകാത്തവർക്കായി പ്രസ്താവിച്ചു, "പുതിയ ടെലിവിഷൻ ചാനലിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്ക് കൊള്ളാനായി, അതിന്റെ ഉപജ്ഞാതാവ് ശ്രീ ഗോപകുമാറിനെ സദയം വേദിയിലേയ്ക്ക് ക്ഷണിച്ചു കൊള്ളുന്നു. അതിരുകളില്ലാത്ത ഭാഷയായ ആംഗ്യഭാഷയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ചാനൽ "സംജ്ഞ പ്രക്രിയ" ഇന്നിവിടെ രാഷ്ട്രത്തിന് മുന്നിൽ സമർപ്പിക്കപ്പെടും."

 

അവതാരിക പറയുന്നത് ശ്രദ്ധിക്കാൻ ശ്രമിക്കുന്നതിനിടയിൽ കൂടെ നടന്നിരുന്ന സുന്ദരി ചെവിയിൽ അടക്കം പറഞ്ഞു, "പേര് ചോദിച്ചില്ലേ, ശൈലജ! യെസ്ഡിയിൽ കൂളിംഗ് ഗ്ലാസ്സും വച്ച് ചെത്തി നടക്കുമ്പോൾ മുതലെ ഞാൻ നോക്കി നിൽക്കാറുണ്ട്!"

 

വർഷങ്ങളായുള്ള കാത്തിരിപ്പിന്റെ മധുരം നുണഞ്ഞ പ്രതീതിയായിരുന്നു ഗോപന്. മുന്നിലെ വേദിയിൽ തന്റെ ചിരകാലസ്വപ്നമായ 'സംജ്ഞ പ്രക്രിയ' അനാച്ഛാദനം ചെയ്യപ്പെടുന്നതിനോടൊപ്പം തിരക്കിനിടയിൽ ഓർമ്മിക്കാൻ സമയം കിട്ടാതെ പോയ ജീവിതം ഇനി ആസ്വദിക്കാമെന്നുള്ള സംജ്ഞ അരികിലും!

Written by Santhosh Gangadharan


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo