നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മക്കിളി (കഥ )

അമ്മക്കിളി 

"അമ്മയോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ഞാൻ കോളേജിൽ ആയിരിക്കുമ്പോൾ ഇങ്ങനെ വിളിച്ചോണ്ടിരിക്കരുത് എന്ന് ..ഞാനെന്താ ചെറിയ കുട്ടിയാണോ?കൂട്ടുകാരൊക്കെ എന്നെ കളിയാക്കുകയാ. അമ്മയ്‌ക്കെന്താ മനസിലാകാതെ ?കഴിച്ചോ ?എത്തിയോ ?എപ്പോ ഇറങ്ങും ?ലേറ്റ് ആയി വണ്ടി ഓടിക്കുമ്പോൾ മെല്ലെ ഓടിക്കണേ..അമ്മയ്ക്ക് നാണമാവില്ലേ? എന്റെ ക്ലാസ്സിൽ വേറെയുമുണ്ട് കുട്ടികൾ. അവരുടെ അമ്മമാരൊന്നും ഇത് പോലെയല്ലല്ലോ ?"

"അതെന്റെ വിഷയമല്ല അപ്പു  ..ഞാൻ ഇങ്ങനെയാ. എനിക്ക് അതിൽ നാണക്കേടുമില്ല .നീയെ എന്റെ മോനാ. ഞാൻ പ്രസവിച്ച എന്റെ മോൻ ..ഞാൻ വിളിക്കും ..ഓരോ അപകടങ്ങളുടെ വാർത്ത കേൾക്കുമ്പോൾ കയ്യും കാലും വിറയ്ക്കുകയാ .രാവിലെ പോയിട്ടു വൈകുന്നേരം  വരും വരെ ഉള്ളിൽ തീയാണ് ."

'ദേ അമ്മെ ഞാൻ മൊബൈൽ ഓഫ് ചെയ്തു വെയ്ക്കും കേട്ടോ അല്ലെങ്കിൽ അമ്മയുടെ നമ്പർ ബ്ളോക് ചെയ്തു വെയ്ക്കും നോക്കിക്കോ "

മീര അവന്റെ ചുമലിൽ ഒറ്റ അടി കൊടുത്തു 

"ധൈര്യമുണ്ടെങ്കിൽ ചെയ്യടാ കാണട്ടെ ..എന്റെ മോനത്ര മിടുക്കൻ ആണെങ്കിൽ ചെയ്തു കാണിക്ക്  .ഇനി ഇവനെ ആശുപത്രിയിൽ വെച്ച് മാറിപ്പോയ്ക്കാണുവോ മനുവേട്ടാ ?"മീര മനുവിനെ നോക്കി 

മനു ചിരിച്ചു അയാൾ പ്ലേറ്റിലിരുന്ന ഇഡലി ഒരു കഷ്ണം മുറിച്ചു സാമ്പാറിൽ മുക്കി ..

"അതിനു വഴിയില്ല മീര. അന്ന് നീ മാത്രേ അവിടെ പ്രസവിച്ചുള്ളു "അയാൾ ചിരിച്ചു 

"കേട്ടല്ലോ ..നീ എന്റെ മോൻ തന്നെ. അപ്പൊ ഞാൻ ഫോൺ  വിളിക്കും ..എനിക്ക് പേടിയാണ് "

"അപ്പൊ ഞാൻ ഗോവക്ക് പോകുമ്പോളും 'അമ്മ ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കുമോ ?"

"ഗോവയ്ക്കാര് പോകുന്നു ?നീ വല്ല മൂന്നാറിലോ പൊന്മുടിയിലോ പോ "

"അച്ഛാ ഇത് കേട്ടോ ഞാൻ എത്ര തവണ പറഞ്ഞതാണ് ..ഞങ്ങൾകൂട്ടുകാർ  ഗോവയ്ക്ക് ഒരു ത്രീ ഡേ ടൂർ പ്ലാൻ ചെയ്ത കാര്യം ?

"അത് നടക്കില്ല അപ്പു "മീരയുടെ മുഖം ചുവന്നു 

"അതിനു അമ്മയുടെ  സമ്മതമൊന്നും വേണ്ട എന്റെ അച്ഛൻ സമ്മതിച്ചാൽ മതി "
അവനും വിട്ടുകൊടുത്തില്ല. 
മനു ധർമ്മസങ്കടത്തിലായി
 മീര അയാളെ ഒന്ന്  രൂക്ഷമായി നോക്കി. പിന്നെ അടുക്കളയിലേക്കു പോയി 

അപ്പു ബൈക്കെടുക്കുമ്പോൾ മനുവും ഒപ്പം വന്നു .

."എന്നെ ഒന്ന് ബസ് സ്റ്റോപ്പിൽ വിട്ടേക്ക് അപ്പു "

വഴിയിലൊരിടത്തു എത്തിയപ്പോൾ മനു ആ ചുമലിൽ  ഒന്ന് കൈ അമർത്തി. 

"ഇവിടെ ഒന്ന് നിർത്തിക്കെ ഒരു കാര്യം പറയാൻ ഉണ്ട് "
അപ്പു ബൈക്ക് നിർത്തി 

"നിനക്ക് തിരക്ക് ഉണ്ടോ? "
"ഇല്ല അച്ഛാ
 എന്താ പറഞ്ഞോ.  "

"പഴയ ഒരു കാര്യമാണ് 'നിനക്ക് ഒരു രണ്ടു വയസ്സൊക്കെ ഉള്ളപ്പോളാണ്. ഒരു ദിവസം  ഞാൻ  കടയിൽ പോയപ്പോ ഒപ്പം നീയും വന്നു .കൂട്ടുകാർക്കൊപ്പം സംസാരിച്ചു സംസാരിച്ചു നീ  എന്റെ പിടി വിട്ടു പോയ കാര്യം അറിഞ്ഞില്ല ..നാട്ടുകാരും പോലീസും ഒക്കെ തിരച്ചിൽ തുടങ്ങി ..അന്ന് നിന്റെ 'അമ്മ എന്റെ നെഞ്ചിലും മുഖത്തും ഒക്കെ ആഞ്ഞഞ്ഞടിച്ചു ഭ്രാന്തിയെപ്പോലെ അലറി കരഞ്ഞു  പറഞ്ഞു  നിന്നെ കിട്ടിയില്ലെങ്കിൽ എന്റെ മുന്നിൽ തലയടിച്ചു അവള് മരിച്ചു  
കളയുമെന്ന് "അയാൾ കണ്ണ് നിറഞ്ഞതു തുടച്ചു 

"മൂന്നു രാത്രിയും പകലും അവൾ ഒരിറ്റു വെള്ളം പോലും കുടിക്കാതെ ദൈവങ്ങളുട മുന്നിൽ  കരഞ്ഞു കൊണ്ടേയിരുന്നു .എനിക്ക് അവളുടെ മുന്നിൽ ചെല്ലാൻ പേടിയായിരുന്നു .നാലാം ദിവസം തമിഴ്‌നാട്ടിലെ ഒരു നാടോടിക്കൂട്ടത്തിൽ നിന്ന് നിന്നെ പോലീസിന് കിട്ടി . മൊട്ടയടിച് അകെ പ്രാകൃതമായി ...പക്ഷെ അപ്പോളേക്കും നിന്റെ അമ്മ ഐസിയുവിൽ ആയി കഴിഞ്ഞിരുന്നു .രക്തസമ്മർദ്ദമൊക്കെ താഴ്ന്നു ഹൃദയമിടിപ്പിന്റെ തളം തെറ്റി അങ്ങനെ ..നിന്നെ കണ്ട മാത്രയിൽ ട്യൂബൊക്കെ വലിച്ചെറിഞ്ഞു  കളഞ്ഞു ഒരു മുഴുഭ്രാന്തിയെ പോലെ നിന്നെ കെട്ടിപിടിച്ചുമ്മ വെയ്ക്കുന്ന അവളുടെ ചിത്രമുണ്ട് ഇപ്പോളും നെഞ്ചില് ".അയാളുടെ ശബ്ദം ഇടറി. 

"പിന്നെ ഞങ്ങൾ ആ നാടുപേക്ഷിച്ചു ..അവളുടെ പേടി മാറി അവൾ നോർമൽ ആകാൻ  പിന്നെയും ഏറെ നാളെടുത്തു.ഒരിക്കലും ആ കാര്യം ഓർമിപ്പിക്കരുത് എന്ന് ഡോക്ടറും പറഞ്ഞു ..അല്ലെങ്കിൽ ഇത് ഞാൻ നിന്നോട് നേരെത്തെ പറഞ്ഞേനെ  "

"എന്ത് കൊണ്ടാണ്  നിന്റെ അമ്മ ഒരു സാധാരണ അമ്മയല്ലാത്തത് എന്ന് നിനക്കിപ്പോൾ മനസ്സിലായില്ലേ ?സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട ആധി അറിഞ്ഞു പോയ ഒരു അമ്മയാണ്  മോനെ അവൾ ..ഒരിക്കൽ നീറി നീറി ഉരുകിപ്പോയ ഒരു 'അമ്മ .മുഴുവൻ ശ്രദ്ധയും സ്നേഹവും കരുതലും നിനക്ക് തരാൻ ഇനിയൊരു കുഞ്ഞിനെ പോലും വേണ്ടെന്നു വെച്ച ഒരു അമ്മ .അങ്ങനെ ഒരു അമ്മ പുണ്യമാ അപ്പു ..നീ ഗോവയ്ക്ക് പോകണ്ട എന്ന് ഞാൻ പറയില്ല, വലിയ കുട്ടിയായി നീ.  അവൾക്കു പക്ഷെ അത് മനസിലാവില്ല. പാവം പേടിയാ അതിന്. നീ പൊയ്ക്കോ. അമ്മയെ ഇടയ്ക്കു വിളിച്ചാൽ മതി "

അപ്പു ഒഴുകുന്ന  തന്റെ കണ്ണുകൾ തുടയ്ക്കാൻ മറന്നു അനങ്ങാതെ നിന്ന് പോയി. 

കോളേജിൽ ഇരിക്കുമ്പോളും അവന്റ മനസിൽ അമ്മയായിരുന്നു .അമ്മ എന്നും തന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു. ഓവർ കോൺഷ്യസ് ആകുന്നത് കാണുമ്പോൾ ഓരോന്ന് പറഞ്ഞു പോകുന്നതാണ്. അവൻ  ഫോൺ എടുത്തു. അമ്മയെ വിളിച്ചു 
 ഫോൺ ഓഫ് ..ഇതെന്താ  പതിവില്ലാതെ? ഇങ്ങോട്ട് വിളിച്ചുമില്ലല്ലോ 

ഉച്ചക്കും നോക്കി വീണ്ടും  ഫോൺ ഓഫ് എന്ന് കണ്ടപ്പോൾ സമാധാനം ഇല്ലാതെ  അവൻ കോളേജിൽ നിന്നിറങ്ങി.

 വീട്ടിലെത്തുമ്പോൾ അമ്മ തുണി കഴുകിക്കൊണ്ടിരിക്കുന്നു  അവൻ ഒന്ന് ദീർഘനിശ്വാസം വിട്ടു 

"അമ്മയെന്തിനാ ഫോൺ ഓഫ് ചെയ്തു വെച്ചേക്കുന്നേ ?പേടിച്ചു പോയല്ലോ "

"എന്തോ.. 
കേട്ടില്ല?  "മീര അടുത്തക്കു വന്നു 

"അല്ല പിന്നെ പേടിക്കില്ലേ?"

"മകനായ നിനക്ക് പേടി വന്നു അല്ലെ ?അപ്പൊ നിന്നെ പ്രസവിച്ച അമ്മയ്ക്ക് എന്ത് മാത്രം പേടി വരും ?നീ എന്താ പറഞ്ഞെ എന്നെ ബ്ളോക് ചെയ്യും ന്നു അല്ലെ ?"

അവൻ ആ കവിളിലൊന്നു നുള്ളി 
 
"ഞാൻ അങ്ങനെ ചെയ്യുവോ എന്റെ പൊന്നിനെ ?'അവൻ ഒരു കള്ളച്ചിരി ചിരിച്ചു 

"അയ്യടാ പഞ്ചാര. മേലിൽ പറഞ്ഞാലുണ്ടല്ലോ "

"പറയില്ല സോറി .."അവൻ മെല്ലെ അവളെ ഒന്ന് ചുറ്റിപ്പിടിച്ചു .

"എന്നാൽ  ഈ തുണി ഒക്കെ വിരിച്ചിട്ട്  വാ. ചോറ് തരാം "

"ങേ തുണി വിരിക്കാനോ ഞാനോ? അമ്മെ......"

"വിരിച്ചിട്ടു വാടാ ചെക്കാ പുഴമീൻ ഉണ്ട്. ചോറ് തരാം ന്നു "

"ആണോ ?എന്ന ദേ വിരിച്ചു തീർന്നു "അവൻ  ബാഗു മാറ്റി വെച്ച്  തുണികൾ വിരിച്ചു തുടങ്ങി. 

"നന്നായിട്ടുണ്ടോ ?"അവൻ കഴിക്കുന്നത്  നോക്കി മീര ചോദിച്ചു 

"പിന്നില്ലാതെ ? എന്റെ 'അമ്മ എന്തുണ്ടാക്കിയാലും ഉഗ്രനല്ലേ ?""ദേ നോക്കിക്കേ " ഒരു ഉരുള ചോറ് അവൻ അവളുടെ വായിൽ വെച്ച് കൊടുത്തു. 

മീരയുട കണ്ണുകൾ ഒന്ന് നിറഞ്ഞു 

"നീ എപ്പോളാ ഗോവയ്ക്ക് പോണെ?"

"അതെ അമ്മെ, എന്റെ കൂട്ടുകാരൻ ഗോകുലില്ലേ ?അവന്റ  വീട്ടിലെന്തോ പ്രശനം. ഞങ്ങൾ ആ ട്രിപ്പ് ക്യാൻസൽ ചെയ്തു "അവൻ അമ്മയുടെ മുഖത്തു   നോക്കാതെ പറഞ്ഞു .

"കള്ളം പറയാൻ  അമ്മേടെ മോൻ ഇത് വരെ പഠിച്ചിട്ടില്ല "മീര ആ മുടിയിൽ തലോടി ..പിന്നെ നെറ്റിയിൽ പതിയെ ചുണ്ടമർത്തി. 

"'അമ്മ തൈര് എടുത്തു കൊണ്ട് വരാം കേട്ടോ "

'അമ്മ അടുക്കളയിലേക്കു പോകുന്നത്  നോക്കിയിരിക്കെ അവന്റെ കണ്ണ് നിറഞ്ഞു 

തന്നെ  ഓർത്ത്  എത്ര നീറിയിട്ടുണ്ടാകും പാവം 
എത്ര ഉരുകിയിട്ടുണ്ടാകും ..എത്ര  കരഞ്ഞിട്ടുണ്ടാകും.ഈ ജന്മത്തിൽ   ഇതിനൊക്കെ എന്ത് പകരം കൊടുത്താൽ മതിയാകും !

അവൻ വേഗം കണ്ണ് തുടച്ചു .തന്റെ .കണ്ണീർ അമ്മ കാണരുത്. ആ കണ്ണും നിറയും. 

അമ്മ കരയാതിരിക്കട്ടെ.

എന്നും അമ്മ സന്തോഷം ആയിരിക്കട്ടെ ..

 അമ്മയുടെ സന്തോഷത്തിൽ കൂടുതൽ തനിക്ക്  എന്താ വേണ്ടേ ?

തന്നെ  ഓർത്തു മാത്രം ജീവിക്കുന്ന  പാവം അമ്മക്കിളിയല്ലേ അത് ?

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot