
കഥ : ലിൻസി വർക്കി
മെറീനയുടെ തലവേദന പതിവായി രാത്രികളെ നിർജ്ജീവമാക്കിത്തുടങ്ങിയപ്പോഴാണ് അലക്സിനും അതൊരു തലവേദനയായി പരിണമിച്ചത്. സ്വതവേ ശാന്തസ്വരൂപിണിയായ മെറീന രാത്രികളിൽ ഉഗ്രസ്വരൂപിണിയാവുകയും പുന്നാരിക്കാൻ ചെല്ലുന്ന അലക്സിന്റെ കൈകൾ തട്ടിയെറിഞ്ഞ് ഒരു തലയിണയുമായി തറയിൽ കിടന്ന് ഉറക്കം ആരംഭിക്കുകയും ചെയ്തതോടെ അയാൾ ഇതികർത്തവ്യതാമൂഢനായി.
മുടങ്ങാതെ കണ്ടുകൊണ്ടിരുന്ന സീരിയലുകളിൽ നിന്നും ബ്രേക്ക് എടുത്ത് വീട്ടുപണികൾ ചെയ്യേണ്ടിവന്ന നിർഗുണപരബ്രഹ്മമായ സൂസമ്മ, അതായത് മെറീനയുടെ അമ്മായിയമ്മ, അവൾ കേൾക്കെ 'എന്തുപറ്റി മോളെ' എന്ന് തേൻപുരട്ടിയ ശബ്ദത്തിൽ ചോദിക്കുകയും 'കള്ളി, പണിചെയ്യാതിരിക്കാനുള്ള അടവാണ്' എന്ന് സ്വന്തം കെട്ടിയവനോട് കുറ്റം പറയുകയും ചെയ്തുവരവെയാണ് അയൽവീട്ടിലെ മറിയാമ്മച്ചേടത്തി മെറീനക്കൊരുപക്ഷേ പിശാചുകൂടിയതാവാം എന്നു 'സജസ്റ്റ്' ചെയ്തത്. അതുകേട്ടു പേടിച്ചുപോയ സൂസമ്മയോട് പിശാചിനെ ഓടിക്കാൻ ഇന്നത്തെക്കാലത്ത് ഒരു പ്രയാസവുമില്ലെന്നും ഭക്തചാനലുകൾ ഉറക്കെവച്ചാൽ മതിയെന്നും ചേടത്തി പറഞ്ഞു കൊടുത്തു.
തലവേദനയാണെന്നു പറഞ്ഞ് അടച്ചിട്ട മുറിക്കുള്ളിൽ ചുരുണ്ടുകൂടി കിടന്നിരുന്നവൾ ഉറക്കെയുള്ള സ്തുതിപ്പുകളും പ്രസംഗങ്ങളും കേട്ട് തലയിട്ടിടിക്കാനും ഉറക്കെകരയാനും ആരംഭിച്ചതോടെ അതു പിശാചുബാധ തന്നെ എന്ന് സൂസമ്മ ഉറപ്പിച്ചു. എങ്കിൽ ഈ പിശാചിനെ ഒഴിപ്പിച്ചിട്ടുതന്നെ കാര്യം എന്നു തീരുമാനിച്ച് ഭക്തചാനലുകൾ കൂടുതൽ കൂടുതൽ ഉച്ചത്തിൽ വച്ചുതുടങ്ങി.
പക്ഷെ ഓരോ തവണയും മെറീനയിലെ പിശാച് അഴിച്ചിട്ട മുടിയുമായി വന്ന് ശബ്ദം കുറയ്ക്കുകയോ ടി വി നിർത്തുകയോ ചെയ്തുകൊണ്ടിരുന്നു. പിശാച് തൊടാതിരിക്കാൻ ടി വി യിലും റിമോട്ടിലും ഹന്നാൻ വെള്ളം തളിച്ചുവച്ചിട്ടും, മെറീനയിലെ പിശാച് റിമോട് കൺട്രോളർ അടുപ്പിലിടുകയും റിമോട് ഇല്ലാതെ ഓൺ ചെയ്ത ടി വി തല്ലിപ്പൊട്ടിക്കുകയും ചെയ്തതോടെ സൂസമ്മ പരാതിയുമായി അലക്സിന്റെ അടുത്തെത്തി.
മെറീനക്ക് പിശാചു കൂടിയതല്ലെന്നും മൈഗ്രേയ്ൻ ആണെന്നും അലക്സിൽ നിന്നും മനസ്സിലാക്കിയ സൂസമ്മ അവളെ ഒന്നുരണ്ട് ഒറ്റമൂലിക്കാരുടെ അടുത്തു കൊണ്ടുപോയി. ഏത് ഒറ്റമൂലിയാണ് ഫലിച്ചതെന്നറിയില്ലെങ്കിലും ആറുമാസത്തേക്ക് ആർക്കും തലവേദന ഉണ്ടായതേയില്ല. പക്ഷെ ജോലി ചെയ്തിരുന്ന പ്രൈവറ്റ് സ്കൂളിൽ എസ് എസ് എൽ സി പരീക്ഷയ്ക്ക് കോപ്പിയടിച്ച ഒരു കുട്ടിയെ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ അവൾക്കു ജോലി നഷ്ടമാവുകയും തലവേദന പഴയതിലും ശക്തിയിൽ തിരിച്ചുവരികയും ചെയ്തു.
അങ്ങനെയിരിക്കെയാണ് ഒരു കല്യാണ റിസപ്ഷന് ബന്ധുക്കളിലാരോ പൊതുസമക്ഷം മെറീനയുടെ മൈഗ്രേയ്നിനെ കുറിച്ച് തിരക്കിയത്. 'പാവം പെണ്ണ്, അയാൾ സമാധാനം കൊടുക്കാഞ്ഞിട്ടാണ്' എന്നു തുടങ്ങി 'മൈഗ്രേയ്ൻ ഉള്ളവർക്കു കുട്ടികളുണ്ടാവില്ല' എന്നുവരെ ബന്ധുക്കളും നാട്ടുകാരും കൂടി പറഞ്ഞു വച്ചു. അതുകേട്ടു നടുങ്ങിയ അലക്സ് അതിലൊരു അഭ്യുദയകാംക്ഷി നൽകിയ അഡ്രെസ്സുമായി മെറീനയെ മെഡിക്കൽ കോളേജിലെ റിട്ടയേർഡ് ന്യൂറോളജിസ്റിനെ കൊണ്ടുപോയി കാണിച്ചു.
ഒരുവർഷം അവിടുത്തെ മരുന്നുകഴിച്ചിട്ടും ഫലമൊന്നും കാണാതിരുന്നപ്പോഴാണ് മറിയാമ്മച്ചേടത്തിയുടെ അഭിപ്രായപ്രകാരം മെറീനയെ ഒരു ധ്യാനത്തിന് വിട്ടാലോ എന്ന് സൂസമ്മ അലക്സിനോട് ചോദിച്ചത്. ഒപ്പം അച്ചന്മാർ നടത്തുന്ന ആ ധ്യാനകേന്ദ്രത്തിൽ നടക്കുന്ന അത്ഭുതങ്ങളെക്കുറിച്ചുള്ള മറിയാമ്മച്ചേടത്തിയുടെ വർണ്ണനകൾ കൂടിയായപ്പോൾ അലക്സിനു പ്രതീക്ഷയായി.
അലക്സ് തന്നെയാണ് ധ്യാനം ബുക്ക് ചെയ്തതും മെറീനയെ അവിടെകൊണ്ടാക്കിയതും. മൈഗ്രേയ്ൻ ഇല്ലാത്ത മെറീനയെ സ്വപ്നം കണ്ടാണ് അലക്സ് അന്നുറങ്ങിയത്. മുറ്റത്തുകൂടി തത്തിക്കളിക്കുന്ന രണ്ടുകുഞ്ഞു കൊലുസുകളുടെ ശബ്ദം ഉറക്കത്തിലുടനീളം അയാൾ കേട്ടുകൊണ്ടിരുന്നു.
ആ ചെറിയ ധ്യാനകേന്ദ്രത്തിലേക്ക് വളരെ പ്രതീക്ഷയോടെയാണ് മെറീനയും കാലുകുത്തിയതെങ്കിലും അഞ്ചുദിവസം എങ്ങനെ തള്ളിനീക്കും എന്ന ചിന്ത ചുള്ളനായ അച്ചൻ സ്റ്റേജിലെത്തുന്നതുവരെ അവളെ അലട്ടിക്കൊണ്ടിരുന്നു. അതിമനോഹരമായി പാടുന്ന ഗായകസംഗത്തിന്റെ പാട്ടിലലിഞ്ഞ് ഷാരൂക്ഖാൻറെ ഛായയുള്ള അച്ചന്റെ മുഖത്തുനിന്നും വളരെ കഷ്ടപ്പെട്ട് പുറകിൽ കുരിശിൽ കിടക്കുന്ന യേശുവിലേക്ക് കണ്ണുമാറ്റി എത്രയും പെട്ടെന്ന് രോഗശാന്തികിട്ടി വീട്ടിൽ ചെന്ന് അലക്സിന്റെ പരിഭവവും സൂസമ്മയുടെ പരാതിയും മാറ്റുന്നതാലോചിച്ചുനിന്ന മെറീന പെട്ടെന്നുണ്ടായ ഇടിമുഴക്കത്തിൽ രണ്ടടി മുകളിലേക്കുചാടി ഇരുകരങ്ങളാലും കാതുകൾ പൊത്തി.
പാട്ടിലലിഞ്ഞുപോയ തലവേദന പോയതിലും വേഗത്തിൽ മടങ്ങിവന്ന് നെറ്റിയുടെ ഇടതുവശത്ത് അള്ളിപ്പിടിച്ച് കൂർത്തനഖങ്ങളാഴ്ത്തി. ആർക്കാണു മിന്നലേറ്റതെന്നറിയാൻ ചുറ്റും നോക്കിയ മെറീന കണ്ടത് എല്ലാവരും കൈകളുയർത്തിപ്പിടിച്ചു നിൽക്കുന്നതാണ്. അതു ഭീകരാക്രമണമാണെന്നും ആരോ പുറകിൽ തോക്കുചൂണ്ടി നിൽപ്പുണ്ടെന്നും കരുതി അവളും പെട്ടെന്ന് കൈകളുയർത്തി കീഴടങ്ങി എന്ന് പ്രഖ്യാപിച്ചു. പക്ഷെ അതേശബ്ദം വീണ്ടും സ്റ്റേജിൽനിന്നും ഉയർന്നപ്പോഴാണ് അത് അച്ചൻ ഹല്ലേലൂയാ പറഞ്ഞതാണെന്ന് വലിയ ആശ്വാസത്തോടെ അവൾ മനസ്സിലാക്കിയത്.
തലപൊളിഞ്ഞു പോകുന്ന വേദനയോടെയും അടഞ്ഞുപോകാത്ത ഒറ്റച്ചെവിയോടെയും അവൾ പ്രാർത്ഥനകളും പ്രഘോഷണങ്ങളും ശ്രദ്ധിക്കാൻ ശ്രമിച്ചു. ഒരുപക്ഷെ പാട്ടുവരുമ്പോൾ ശബ്ദം കുറയുമായിരിക്കും എന്നും അടുത്ത പ്രാസംഗികന് ഇത്ര ശബ്ദമുണ്ടാവില്ല എന്നും വിശ്വാസികൾക്ക് കൂടുതൽ അനുഭവമുണ്ടാകുവാൻ വേണ്ടി അച്ചൻ മൈക്ക് സെറ്റിന്റെ വോളിയം ഫുള്ളിലേക്കു മാറ്റിയിട്ടു എന്നറിയാതിരുന്ന മെറീന വെറുതെ ആശിച്ചുകൊണ്ടിരുന്നു.
പാട്ടുവന്നിട്ടും പ്രാസംഗികന്മാർ മാറിമാറി വന്നിട്ടും ശബ്ദം കുറയാതിരുന്നപ്പോൾ മെറീന അടുത്തിരുന്നവരെ നോക്കി. ഇതൊന്നും ഒരു ശബ്ദമല്ല എന്ന മട്ടിൽ പ്രാസംഗികരെ ഉറ്റുനോക്കി ഇരിക്കുകയായിരുന്നു അവർ.
"ഒച്ച കൂടുതലല്ലേ ചേച്ചി?" അവൾ ശബ്ദം താഴ്ത്തി അടുത്തിരുന്ന മധ്യവയസ്‌കയോട് ചോദിച്ചു.
"ഉം...തല മരച്ചിരിക്കുവാ" അവർ സ്റ്റേജിൽ നിന്നും കണ്ണ് മാറ്റാതെ പതിയെ പറഞ്ഞു.
"അച്ചനോട് പറഞ്ഞാലോ?" അവൾ വീണ്ടും ചോദിച്ചു.
എന്തോ വിശ്വസിക്കാനാവാത്ത കാര്യം കേട്ടമട്ടിൽ അവർ അവളെ തുറിച്ചു നോക്കി. വീണ്ടും സ്റ്റേജിലേക്കു നോട്ടം മാറ്റി തലമാത്രം അവളുടെ നേർക്കു ചെരിച്ച് മെല്ലെ പറഞ്ഞു.
"വെറുതെ അച്ചന്മാരുടെ പ്രാക്ക് മേടിക്കാൻ നിക്കണ്ട, അവര് ശപിച്ചാലേറ്റതാ. ഒരഞ്ചു ദിവസത്തെ കാര്യവല്ലേ ഉള്ളു. അങ്ങ് സഹിച്ചിരിക്കാം."
പക്ഷെ ഒട്ടും സഹിക്കാനാവാതെ മെറീന മൂന്നുപ്രാസംഗികരോടും രണ്ട് വോളണ്ടീറുമാരോടും ശബ്ദം കുറക്കാമോ എന്ന് ചോദിച്ചെങ്കിലും അവരൊക്കെ മറിയാമ്മച്ചേടത്തിമാരായി മാറി 'അസ്വസ്ഥതകൾ മാറാൻ നന്നായി പ്രാർത്ഥിച്ചോ 'എന്ന് ഉപദേശിക്കുകയാണ് ചെയ്തത്. അപ്പോൾ മുതൽ അവളുടെ ഒരേയൊരു പ്രാർത്ഥന 'കർത്താവേ ഈ മൈക്ക് സെറ്റിന്റെ വോളിയം എങ്ങനെയെങ്കിലും കുറയ്ക്കണേ' എന്നു മാത്രമായി മാറി.
ഒടുവിൽ ഗത്യന്തരമില്ലാതെയാണ് അവൾ പ്രധാനപ്രഭാഷകനായ ചുള്ളനച്ചനെ സമീപിക്കുന്നത്. ദൂരെ നിന്നു കാണുന്നത്ര ചെറുപ്പവും ഭംഗിയും അടുത്തുകാണുമ്പോൾ ഇല്ലെങ്കിലും എന്തോ ഒരാനച്ചന്തം അച്ചനുണ്ടായിരുന്നു. ഒരു വെറും പെണ്ണ് തന്റെ ധ്യാനകേന്ദ്രത്തെ കുറ്റം പറയുന്നോ എന്ന മുഖഭാവത്തോടെ തല വലത്തേക്കു വെട്ടിച്ച്, നെറ്റിയിലേക്കു വീണുകിടക്കുന്ന മുടി ഇടംകൈകൊണ്ട് മാടിയൊതുക്കി അച്ചൻ സംസാരിച്ചു തുടങ്ങി.
" ചേച്ചീ...തൊണ്ണൂറ്റൊമ്പത് പേരെ വിട്ട് ഒരാളെ തേടി പോകാനൊക്കെ ഈശോ പറഞ്ഞു കാണും. പക്ഷെ ചേച്ചിക്കൊരാൾക്കു വേണ്ടി ഞാൻ ഈ ശബ്ദം കുറച്ചാല് മറ്റു തൊണ്ണൂറ്റൊമ്പതുപേരുടേം അനുഭവം പോകും. അതു ചേച്ചിക്കറിയാവോ? ചേച്ചിക്ക് വേണേൽ ഏറ്റവും പുറകിൽ പോയിരുന്നോ."
പത്തുപന്ത്രണ്ടു വയസ്സ് മൂപ്പുകൂടുതലുള്ള അച്ചൻ ചേച്ചി എന്നു വിളിച്ചത് അത്ര സുഖിച്ചില്ലെങ്കിലും മൈഗ്രേയ്ൻ മാറ്റാൻ പോകുന്ന ആളാണല്ലോ എന്ന് കരുതി അച്ചനെ അനിയനായികണ്ട് മെറീന ഏറ്റവും പുറകിൽ പോയിരുന്നുതുടങ്ങി.
ആനവാതിലിനു സമീപം ഇളം കാറ്റൊക്കെ അടിച്ച് ചെടികളും പൂക്കളും മരങ്ങളുമൊക്കെ പ്രഭാഷണങ്ങളെക്കാൾ ശ്രദ്ധിച്ച് തലവേദനക്കൊരു ശമനം കിട്ടിയ ആശ്വാസത്തിലിരിക്കുമ്പോഴാണ് മുറ്റത്തുകൂടി ഉലാത്തുന്ന ആ ചെറുപ്പക്കാരനെ അവൾ വീണ്ടും കാണുന്നത്. തലേന്ന് പ്രാസംഗികന്റെ ശബ്ദത്തിൽ നിന്നും ഒരാശ്വാസം കിട്ടാൻ ഇടക്കിടയ്ക്ക് ടോയ്‌ലറ്റിൽ പോയപ്പോഴൊക്കെ അയാൾ മുറ്റത്തുണ്ടായിരുന്നു എന്നവൾ ഓർത്തു.
പിറ്റേന്നും കുർബാനയുടെയും ചില ഗാനശുശ്രൂഷകളുടെയും സമയത്തല്ലാതെ മിക്ക സമയത്തും അയാൾ മുറ്റത്തുണ്ടായിരുന്നു. നാലാം ദിവസവും ഇതുതന്നെ ആവർത്തിച്ചപ്പോൾ നാലുമണി കാപ്പി കഴിഞ്ഞുള്ള സെഷനിൽ നിന്നും മൂത്രമൊഴിക്കാനെന്ന വ്യാജേന മെറീന വെളിയിലിറങ്ങി. നടന്നു മടുത്തിട്ടാവണം ഒരു വലിയ തൂണിൽ ചാരി പുറം തിരിഞ്ഞിരിക്കുകയായിരുന്നു അയാൾ. ഓഫീസിലുള്ള ചാരന്മാരാരും ശ്രദ്ധിക്കുന്നില്ല എന്നുറപ്പുവരുത്തി അവൾ അയാളുടെ അടുത്തെത്തി മുരടനക്കി. അന്നുവരെ അവൾ കണ്ടിട്ടില്ലാത്ത അത്ര മനോഹരമായ പുഞ്ചിരിയോടെ അയാൾ തിരിഞ്ഞു നോക്കി.
"ചേട്ടനും മൈഗ്രേയ്ൻ ആണോ?"
മെറീന സഹതാപത്തോടെ പതിയെ ചോദിച്ചു. അവളെ നോക്കി പുഞ്ചിരി മായാത്ത മുഖത്തോടെ അയാൾ പറഞ്ഞു.
"അതെ"
"എനിക്ക് ഡിഗ്രി പഠിച്ചോണ്ടിരിക്കുമ്പോൾ തുടങ്ങിയതാ...ചേട്ടന് എത്ര വർഷമായി?" തന്നെപ്പോലെ ഒരാളെ കണ്ടുമുട്ടിയതിന്റെ സന്തോഷത്തിൽ അവൾ അൽപ്പം ഉറക്കെ ചോദിച്ചു.
"ഒരുപാടു വർഷങ്ങളായി...1960 ൽ ആണ് ആദ്യം തുടങ്ങിയത്."
അടുത്ത ചോദ്യം ചോദിക്കാനൊരുങ്ങിയ മെറീന പകപ്പോടെ അയാളെ നോക്കി. മുപ്പത്തഞ്ചു വയസ്സുപോലും ആകാത്ത ഇയാളെന്തിനാണ് ആ വർഷം പറഞ്ഞതെന്നോർത്ത് അത്ഭുതപ്പെട്ടു. പിന്നെ 'വട്ടാണല്ലേ' എന്നു മനസ്സിൽപറഞ്ഞ് വേഗം തിരിഞ്ഞുനടക്കാനൊരുങ്ങി. അപ്പോൾ അയാൾ തുടർന്നു.
"പേടിക്കണ്ട...ഞാൻ ഉപദ്രവകാരിയല്ല. ചോദിച്ചതുകൊണ്ടു പറഞ്ഞെന്നേ ഉള്ളൂ. ഈ കോലാഹലങ്ങൾ കേട്ടുകേട്ട് എന്റെയും തല മരച്ചിരിക്കുകയാണ്. പണ്ടൊക്കെ അമേരിക്കയിൽ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ ഒരിടത്തും രക്ഷയില്ല. ലോകം മുഴുവൻ ഇതല്ലേ..."
'ഇത് കൂടിയ വട്ടു തന്നെ, ഇന്റർനാഷണൽ കാര്യങ്ങളാണല്ലോ സംസാരിക്കുന്നത് 'എന്നു ചിന്തിച്ചു കൊണ്ട് അവൾ എല്ലാം മനസ്സിലായതു പോലെ തലകുലുക്കി. അയാൾ വ്യസനത്തോടെ തുടർന്നു.
"ദൈവം വരുന്നതു കൊടുങ്കാറ്റിലൂടെയാണെന്ന് അവർ മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നു...അവൻ വരുന്ന ഇളംകാറ്റുകളെ അവഗണിച്ചു കൊണ്ട്!. "
അയാൾ നെടുവീർപ്പിട്ടു കൊണ്ട് ആകാശത്തിലേക്കു മിഴികളുയർത്തി എന്തൊക്കെയോ പിറുപിറുത്തു. അവളും മുകളിലേക്ക് നോക്കിയെങ്കിലും ഇരുവശങ്ങളിലൂടെയും വെള്ളപ്പുക ചീറ്റിപ്പോകുന്ന ഒരു വിമാനവും കൂട്ടമായി പറക്കുന്ന ഒരുപറ്റം പക്ഷികളെയും മാത്രം കണ്ട് സഹതാപത്തോടെ വീണ്ടും അയാളെ നോക്കി. അയാൾ തുടർന്നു.
"നീ രോഗംമാറാൻ ഒരുപാട് ആഗ്രഹിച്ചു വന്നതല്ലേ? നിന്റെ മൈഗ്രേയ്ൻ കൂടി ഇങ്ങുതന്നേയ്ക്കൂ. എന്റെ പണി ഇതൊക്കെത്തന്നെയാണ്. പക്ഷെ നിനക്കൊരുപാട് പണികളുള്ളതല്ലേ?"
സംശയിച്ചു നിന്ന മെറീനയുടെ നെറ്റിയിൽ അയാൾ കൈകൾ വച്ചു. ഓടാനൊരുങ്ങിയ അവൾ തലകുനിച്ച് ഒരു ശിലപോലെ നിന്നുപോയി. വർഷങ്ങൾ കൂടി അന്നവൾ തലവേദനയില്ലാതെ സുഖമായി ഉറങ്ങി.
പിറ്റേന്നു രാവിലെ വലിയ സന്തോഷത്തോടെ കൈവേദനകളും കാൽവേദനകളും മാറിയവർക്കൊപ്പം മെറീനയും സാക്ഷ്യം പറയാനായി ക്യു നിന്നു. തലേന്ന് വാതിലിൽ കൈമുട്ടിടിച്ച വേദന നന്നായി മാറിയെന്ന് ഒരു ചേച്ചിയും ധ്യാനത്തിനു വരുന്നവഴിക്ക് റോഡിലെ കുഴിയിൽ ചവിട്ടി കാൽ ഇടറിയതിന്റെ വേദന നിശ്ശേഷം മാറിയെന്ന് ഒരു ചേട്ടനും സാക്ഷ്യം പറഞ്ഞപ്പോൾ സദസ്സ് കയ്യടിച്ച് ദൈവത്തെ സ്തുതിച്ചു. താൻ പറയാൻ പോകുന്ന സാക്ഷ്യം കേട്ട് അത്ഭുതപ്പെടുന്ന സദസ്സിനെ അവൾ മനക്കണ്ണിൽ കണ്ടു.
പക്ഷെ, പറഞ്ഞു പകുതിയായപ്പോൾ തന്നെ അവളുടെ മൈക്കിന്റെ ശബ്ദം നിലയ്ക്കുകയും സ്റ്റേജിലേക്കോടിക്കയറിവന്ന ചുള്ളനച്ചൻ ബാക്കി തുടരുകയും ചെയ്തു....
അച്ചന്റെ കഴിവിനെ സദസ്സ് നിർത്താതെ കയ്യടിച്ചനുമോദിച്ചമ്പോൾ മെറീന മെല്ലെ ഇറങ്ങി നടന്നു. തല കയ്യിൽതാങ്ങിയിരിക്കുന്ന ആ താടിക്കാരനു നന്ദി പറയാൻ....
ലിൻസി വർക്കി
*1960: Charismatic Movement
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക