നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആ വിളി കേൾക്കാൻ -കഥ

Image may contain: 1 person
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
വരികൾ മറന്നു തുടങ്ങിയ താരാട്ടുപാട്ടിന്റെ ഈണങ്ങളാൽ വാക്കുകൾ തേടുകയായിരുന്നു അപർണ്ണ.
ആശുപത്രിവരാന്തയിൽ തനിയെ നില്ക്കുമ്പോൾ ആദ്യം ഓടിയെത്തുന്നത് പലപ്പോഴും അമേയയെക്കുറിച്ചുള്ള ചിന്തകളായിരുന്നു.
വർഷം പത്തു കഴിഞ്ഞുവെങ്കിലും ഇപ്പോഴും എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു.
അപർണ്ണയുടെ ഏക മകളായിരുന്നു അമേയ. അവൾക്ക് മൂന്നു വയസ്സുള്ളപ്പോഴായിരുന്നു ആ വേർപാട്.
അന്ന് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് സ്വീപ്പറുടെ തസ്തികയിലേക്കുള്ള ഇന്റർവ്യൂവിന് എത്തിയതായിരുന്നു അപർണ്ണയും ഭർത്താവ് ലതീഷും, കൂടെ അവരുടെ മകൾ മൂന്നു വയസ്സുള്ള അമേയയും.
കേവലം നാലോ അഞ്ചോ ഒഴിവുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും നൂറിലധികം ഉദ്യോഗാർത്ഥികൾ എത്തിയിരുന്നു. എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരുന്നു ഇന്റർവ്യൂവിന് സെലക്ട് ചെയ്തത്. പ്ലസ് ടൂ മാത്രം വിദ്യാഭ്യാസയോഗ്യതയുള്ള തനിക്ക് മറ്റെന്ത് ജോലി ലഭിക്കുവാനാണ് എന്നായിരുന്നു അവളുടെ ചോദ്യം.
ഈ ജോലിയോട് ലതീഷിന് താല്പര്യമില്ലായിരുന്നുവെങ്കിലും അവിടെ ഇന്റർവ്യൂവിന് എത്തിച്ചേർന്നവരെ കണ്ടതോടെ അയാളുടെ ഭാവം മാറി.
"ഇതെന്താ, ജോലിക്കുള്ള കൂടിക്കാഴ്ചയാണോ അതോ വല്ല വിവാഹവുമാണോ ഇവിടെ? "
അയാൾ അപർണ്ണ കേൾക്കുവാൻ പാകത്തിന് ശബ്ദം കുറച്ചുകൊണ്ട് ചോദിച്ചു.
"അതെന്താ ഏട്ടാ അങ്ങനെ ചോദിച്ചത്? "
കാര്യമെന്താണെന്നറിയാതെ അവൾ ചോദിച്ചു.
"നീ കണ്ടില്ലേ ഓരോരുത്തരും വന്നിരിക്കുന്ന വേഷം. ഇവർക്കൊക്കെ ഇതുപോലുള്ള എന്തെങ്കിലും ജോലിയുടെ ആവശ്യമുണ്ടോ?"
അവൾ ക്യൂവിന് പിറകിലേക്കും മുന്നിലേക്കും മാറിമാറി നോക്കി. മിക്കവാറും എല്ലാവരും ഏതോ വിവാഹത്തിന് വരുന്നതുപോലെയാണ് വസ്ത്രധാരണവും മേക്കപ്പും. വിലകൂടിയ പട്ടുസാരികളും ചുഡിദാറുകളും കൂടാതെ ഓരോരുത്തരുടേയും കഴുത്തിലും കാതിലും കൈകളിലും നിറയെ ആഭരണങ്ങൾ അണിഞ്ഞിട്ടുണ്ട്. ചിലരുടെ താലിമാല ഒരു ചങ്ങലപോലെ കിടക്കുന്നു.
അവൾ തന്റെ ഒന്നരപവന്റെ കുഞ്ഞുമാല ആരും കാണാതിരിക്കുവാൻ സാരിയുടെ ഉള്ളിലേക്കിട്ടു. വിലകുറഞ്ഞ ഷിഫോൺ സാരിയുടെ അടിഭാഗത്ത് ചെരിപ്പുതട്ടി കീറിയഭാഗം കാണാതിരിക്കുവാൻ ഞൊറി ഒന്നുകൂടി ഒതുക്കിയിട്ടു.
സാരമില്ല. തന്റെ ഭർത്താവ് ഓട്ടോ ഡ്രൈവറാണ്. അദ്ദേഹത്തിന്റെ ഒരാളുടെ വരുമാനത്താൽ ആറുപേരുടെ ജീവിതമാണ് കഴിയേണ്ടത്. ഈ ജോലി തനിക്ക് ലഭിച്ചാൽ ആ വീട്ടിലെ ദാരിദ്യത്തിന് അല്പം ശമനം ലഭിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു അവൾ.
വയസ്സായ അമ്മയേയും അച്ഛനേയും തനിച്ചാക്കി അവൾ ജോലിക്ക് പോകുന്നതിനോട് ലതീഷിന് വിയോജിപ്പായിരുന്നു. ബുദ്ധി അല്പം കുറവുള്ള ഒരു സഹോദരികൂടി ഉണ്ടായിരുന്നു ആ വീട്ടിൽ. ഇവരുടെയൊക്കെ കാര്യങ്ങൾ നോക്കുവാൻ ആരാണ് എന്നതായിരുന്നു അയാളുടെ വിഷമം. ഒരു വിധത്തിൽ എല്ലാം പറഞ്ഞു സമ്മതിച്ചാണ് അവൾ കൂടിക്കാഴ്ചയ്ക്കായി എത്തിയത്.
"ഏട്ടൻ പറഞ്ഞത് ശരിയാണ്. ഇവരെയൊക്കെ കണ്ടാലറിയാം ഉള്ള കുടുംബത്തിലേതാണെന്ന്. എന്നാലും സർക്കാരുദ്യോഗം എന്ന് കേൾക്കുമ്പൊ എല്ലാവരും വരും. "
അപർണ്ണയുടെ ശോകഭാവം കണ്ട് അയാൾ അവളെ ആശ്വസിപ്പിച്ചു.
"സാരമില്ലെടോ. നമുക്ക് വിധിച്ചിട്ടുണ്ടെങ്കിൽ ഇവിടെ നിനക്ക് സെലക്ഷൻ കിട്ടും. ഇല്ലെങ്കിൽ അത് വിധിച്ചതല്ലെന്ന് കരുതുക."
തന്നെ ആശ്വസിപ്പിക്കുവാൻ പറഞ്ഞതാണെങ്കിലും ഇപ്പോൾ അയാളുടെ മനസ്സും പ്രാർത്ഥിക്കുന്നത് തനിക്കുവേണ്ടിയായിരിക്കുമെന്ന് അവൾക്ക് അറിയാമായിരുന്നു.
ക്യൃ വളരെ പതുക്കെ ഇഴയുന്നതായി തോന്നി. എന്തൊക്കെയായിരിക്കും ചോദിക്കുക? പണം കൊടുക്കേണ്ടിവരുമോ? അതോ ഇനി ആരെങ്കിലും റെക്കമന്റ് ചെയ്യേണ്ടതുണ്ടോ? ആരൊക്കെയോ അങ്ങനെ പറയുന്നത് അവൾ കേട്ടു.
അമേയ അമ്മയുടെ സാരിയിൽ പിടിച്ചു വട്ടം തിരിഞ്ഞു കളിക്കുകയായിരുന്നു. ഇടയ്ക്ക് അവൾ പിടിവിട്ട് ക്യൂവിന് മുന്നിലേക്ക് ഓടും. ഓരോരുത്തരോടും എന്തെങ്കിലുമൊക്കെ വെറുതെ പറഞ്ഞു നടക്കും. ഇടയ്ക്കിടെ വെറുതെ ചിലരുമായി തൊട്ടും തമാശപറഞ്ഞും കൊഞ്ചിക്കുഴയും. ചില സമയത്ത് അവരുടെ സാരിയിലോ മറ്റോ തൊട്ടുനോക്കും. എന്നിട്ട് ചിരിച്ചുകൊണ്ട് ഓടി അമ്മയുടെ അടുത്തെത്തും. അല്പം കഴിഞ്ഞ് വീണ്ടും ആവർത്തിക്കും.
കുറച്ചു സമയം കഴിഞ്ഞ് അപർണ്ണ പറഞ്ഞു;
"മോള് ഇവിടെ നിന്നാമതി കേട്ടോ. ആ ആന്റിമാരുടെ സാരിയിലൊന്നും പോയി പിടിക്കരുത്. അവര് വഴക്ക് പറയും."
അവൾ അനുസരണയോടെ അമ്മയോട് ചേർന്നുനില്ക്കും. അല്പം കഴിയുമ്പോൾ വീണ്ടും പോകും.
കുറെ സമയം കഴിഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞിട്ടും പത്തുപേരാണ് ഇന്റർവ്യൂ കഴിഞ്ഞ് മടങ്ങിയത്. അപർണ്ണ അവരുടെ മുഖഭാവം ശ്രദ്ധിച്ചു. തിരിച്ചു പോകുന്നവരുടെ മുഖത്തെ സന്തോഷഭാവം അവളുടെ ഉള്ളിൽ ഒരു തീനാളമെറിഞ്ഞു.
"ഏട്ടൻ മോളെക്കൂട്ടി ആ കാന്റീനിൽ പോയി അവൾക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്ക്. പാവം രാവിലെ കുറച്ചു പാലുമാത്രേ കഴിച്ചിട്ടുള്ളൂ."
"ആ.. ഞാൻ പോവാം. നിനക്ക് എന്തെങ്കിലും വേണോ?"
"എനിക്ക് ഇപ്പോൾ ഒന്നും വേണ്ട. എനിക്ക് ഇത് കഴിയാതെ ഒന്നും ഇറങ്ങില്ല."
"ഞാൻ പറഞ്ഞില്ലേ... നീ പേടിക്കേണ്ട."
"ഉം..."
അച്ഛന്റെ കൈപിടിച്ച് അവൾ പോകുന്നത് അപർണ്ണ നോക്കിനിന്നു.
ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ട് അവളുടെ മനസ്സിൽ. മകളുടെ ഭാവി, നല്ല വിദ്യാഭ്യാസം, രാപകലില്ലാതെയുള്ള ഭർത്താവിന്റെ അധ്വാനം*.
വരാന്തയിലൂടെ പലരും കടന്നുപോയി. രോഗികളും അവരുടെ കൂടെ വന്നവരും ഡോക്ടർമാരും മറ്റുള്ളവരും. ഇടയ്ക്കിടെ അത്യാഹിത വിഭാഗത്തിനടുത്തുനിന്നും ആംബുലൻസ് പോകുന്നതും വരുന്നതും കാണാമായിരുന്നു. ഓരോ തവണയും ആംബുലൻസിന്റെ ശബ്ദം കേൾക്കുമ്പോൾ ഹോസ്പിറ്റലിന്റെ ഓരോ നിലയിലേയും വരാന്തകളിൽനിന്നും ആകാംക്ഷയോടെ പലരും നോക്കുന്നതുകാണാം.
ക്യാന്റീനിലേക്ക് ഫ്ലാസ്ക്കും ചോറ്റുപാത്രവൂമായി പോകുന്നവർ സ്ഥിരമായിരുന്നു. രോഗീസന്ദർശനത്തിനെത്തിയവരുടടെ ദിക്കറിയാതുള്ള തിരച്ചിലും മരുന്നു വാങ്ങുവാനുള്ളവരുടെ തിരക്കിട്ട യാത്രയും അതിനിടയിൽ വെളുത്ത സാരിയിൽ കറുത്ത കരയുമായി വെളുത്ത ബ്ലൗസുമായി ധൃതിയിൽ പോകുന്ന ജോലിക്കാരും നീലസാരിയുടുത്ത സ്വീപ്പർമാരും ക്യൂ നില്ക്കുന്നവരെനോക്കി എന്തോ അടക്കം പറഞ്ഞു ചിരിക്കുന്നതും അപർണ്ണ കണ്ടു.
ലതീഷും അമേയയും കാന്റ്റീനിലേക്ക് പോയിട്ട് ഏകദേശം അരമണിക്കൂർ കഴിഞ്ഞു. അവരെന്താ വരാതിരിക്കുന്നത് എന്ന് അവൾ ഇടയ്ക്ക് ചിന്തിച്ചു. ചിലപ്പോൾ തിരക്കായിരിക്കും അവിടെ. സമയം നീങ്ങുന്തോറും ക്യൂ അല്പംകൂടി മുന്നിലായി. അപർണ്ണയുടെ പരിഭ്രമം കൂടിവന്നു.
അവര് വിളിക്കുന്ന സമയമാകുമ്പോഴേക്കും വന്നാൽ മതിയായിരുന്നു. അവൾ പ്രാർത്ഥിച്ചു. കുറച്ചു സമയം കഴിഞ്ഞ് ദൂരെനിന്ന് ലതീഷ് വരുന്നത് അവൾ കണ്ടു. അവളുടെ മനസ്സിൽ നേരിയ ആശ്വാസം തോന്നി. പക്ഷേ, മോളെവിടെ? കൂടെ കാണുന്നില്ലല്ലോ?
അവൾക്ക് ആധിയായി. ഒരു നിമിഷംകൊണ്ട് ഒരായിരം ചിന്തകൾ അവളുടെ മനസ്സിലൂടെ കടന്നുപോയി. അയാൾ വരാന്തയിലേക്ക് എത്തിയതോടെ അവൾ അരികിലേക്ക് ഓടിയെത്തി ചോദിച്ചു;
"മോളെന്തേ..?"
ഉള്ളിലെ പരിഭ്രമം പുറത്ത് കാണിക്കാതിരിക്കുവാൻ പാടുപെട്ട് പരാചയമടഞ്ഞവനേപ്പോലെ ഇടറുന്ന സ്വരത്തോടെ അയാൾ പറഞ്ഞു;
"മോളെ കാണുന്നില്ല. ഞാൻ കുറെ സമയമായി തിരയുന്നു. ഇനി നിന്റെ അടുത്തേക്ക് ഓടിപ്പോന്നോ എന്ന സംശയത്തിൽ ഇങ്ങോട്ട് പോന്നതാ."
പെറുക്കിയെടുത്ത ചില വാക്കുകൾ കൂട്ടിച്ചേർക്കുംപോലെ അവൾ ഒരുവിധം ചോദിച്ചു;
"അപ്പൊ നിങ്ങൾ ഒരുമിച്ചല്ലേ ക്യാറ്റീനിലേക്ക് പോയത്?:പിന്നെ എങ്ങനെ. .."
"അതെ.. ഞാൻ അവൾക്ക് കഴിക്കാൻ വാങ്ങിക്കൊടുത്ത് അതുകഴിഞ്ഞ് പുറത്ത് വന്നതാണ്. പോരുന്നതിനിടയിൽ ഞാൻ ഒന്ന് മൂത്രമൊഴിക്കാൻ ടോയ്ലറ്റിലേക്ക് പോയി. മോളെ അതിന് പുറത്ത് നിർത്തിയാണ് പോയത്. പക്ഷേ, ഞാൻ പുറത്തുവന്നപ്പോ......."
അയാൾക്ക് വാക്കുകൾ പൂർത്തിയാക്കാനായില്ല. എന്തുചെയ്യണമെന്നറിയാതെ അയാൾ പരിഭ്രമത്തോടെ ചുറ്റും നോക്കി.
അപർണ്ണ അയാളുടെ ഷർട്ടിൽ ഇരുകൈകളും കൂട്ടിപ്പിടിച്ച് നിലവിളിയോടെ ചോദിച്ചു;
"അയ്യോ... ഏട്ടാ.... മ്മടെ മോളന്ത്യേ ഏട്ടാ... അവളെവിടെ ഏട്ടാ.... "
അവൾ ഒരു ഭ്രാന്തിയേപ്പോലെ തന്റെ മുടിയിഴകളിൽ കൂട്ടിപ്പിടിച്ച് അലറിക്കരഞ്ഞു. അവരുടെ ശബ്ദം കേട്ട് പലരും ഓടിയെത്തി കാര്യം തിരക്കി.
വന്നവരിൽ ചിലരോട് ലതീഷ് ഒരു വിധം കാര്യങ്ങൾ പറഞ്ഞു. അമേയയുടെ ഉടുപ്പിന്റെ നിറം തിരഞ്ഞ് പലരും പലവഴിയേ അന്വേഷിച്ചുപോയി. ചിലർ ഇതിനോടകം അധികൃതരെ വിവരമറിയിച്ച് മൈക്കിലൂടെ അനൗൺസ്മെന്റും ഉണ്ടായി. പോലീസും നാട്ടുകാരും വന്നവരുമെല്ലാം അന്വേഷിച്ചെങ്കിലും ആർക്കും ഉത്തരം ലഭിച്ചില്ല.
ആരെല്ലാമോ ചേർന്ന് അബോധാവസ്ഥയിലായ അപർണ്ണയെ അവിടെ അഡ്മിറ്റ് ചെയ്തു. ഓർമ്മ വരുമ്പോഴെല്ലാം അവൾ മകളെ തിരക്കി അലറിക്കരയും. അവസാനം മയക്കത്തിനുള്ള മരുന്നു കുത്തിവെച്ച് വൈകുന്നേരത്തോടെ ആംബുലൻസിൽ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. പിറ്റേന്ന് പത്രത്തിലും ചാനലുകളിലും അമേയയുടെ മിസ്സിങ്ങിന്റെ വാർത്ത വന്നു. പോലീസ് അന്വേഷണം ഊർജിതമാക്കി. പക്ഷേ, നിരാശയായിരുന്നു ഫലം.
തന്റെ അശ്രദ്ധമൂലമാണ് മകൾ നഷ്ടപ്പെട്ടതെന്ന കുറ്റബോധം ലതീഷിനെ ഒരു മദ്യപാനിയാക്കിത്തീർത്തു. എന്നാൽ എല്ലാറ്റിനും കാരണം തന്റെ ജോലിയ്ക്കുള്ള മോഹമാണെന്ന് വീട്ടിൽ കുശലാന്വേഷണത്തിനെത്തുന്നവരുടെ അടക്കിപ്പിടിച്ച സംസാരം പലതവണ കാതുകളിൽ എത്തിയതോടെ അതു ശരിവെച്ച് അപർണ്ണ ഒരു നിത്യരോഗിയായി മാറി.
പതിയെ പതിയെ അവൾ ആരോടും സംസാരിക്കാതായി. ആരുടേയും മുഖത്തേക്ക് നോക്കുകയില്ല. ഏതെങ്കിലും കൊച്ചു കുട്ടികളുടെ ശബ്ദം കേട്ടാൽ ഉടനെ "മോളേ.." എന്നു വിളിച്ച് കരഞ്ഞുകൊണ്ട് ഓടിയെത്തും. പക്ഷേ, അത് തന്റെ മകളല്ല എന്ന് മനസ്സിലാകുന്നതോടെ വീണ്ടും തലതല്ലി കരയും.
ഒരു കുടുംബം അവിടെ ശിഥിലമാവുകയായിരുന്നു. ഈ നില തുടർന്നാൽ അപർണ്ണയുടെ മാനസികാവസ്ഥ അനിയന്ത്രിതമായി തകരാറിലാവുമെന്നതിനാൽ അയൽവാസികളെല്ലാം ചേർന്ന് അവളെ പടിഞ്ഞാറെ കോട്ടയിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിലാക്കി.
വീട്ടിൽ ഭക്ഷണം പാചകം ചെയ്യുന്നത് വല്ലപ്പോഴുമായി. ലതീഷിന് ഡ്രൈവിംഗ് ചെയ്യുവാൻ കഴിയാത്ത അവസ്ഥയായി. ഡ്രൈവിംഗിനിടയിൽ പലപ്പോഴും അയാളുടെ ചിന്ത മകളിലേക്ക് മാറുന്നതോടെ ചെറിയ ചെറിയ അപകടങ്ങൾ പലതവണ ഉണ്ടായി. അതോടെ ആരും അയാളെ വാടകയ്ക്ക് വിളിക്കാതെയായി.
ഏറെ താമസിയാതെ ഒരു ദിവസം രാവിലെ പത്രം പുറത്തിറങ്ങിയത് ആ ഹൃദയം നടുങ്ങുന്ന വാർത്തയുമായിട്ടായിരുന്നു. ഒരു കുടുംബത്തിലെ നാലുപേർ വിഷം കലർന്ന ഭക്ഷണം ഉള്ളിൽചെന്ന് മരണമടഞ്ഞു എന്ന വാർത്ത.
വർഷങ്ങൾ പിന്നേയും കടന്നുപോയി. നാലഞ്ചു വർഷത്തെ ചികിത്സയുടെ ഫലമായി അപർണ്ണ പൂർവ്വസ്ഥിതിയിലായി. അവളുടെ ദുരന്തകഥ അറിയാത്തവരായി ആരുംതന്നെ ഉണ്ടായിരുന്നില്ല. സർക്കാർ ഇടപെട്ട് അവൾക്ക് അതേ മെഡിക്കൽ കോളേജിൽ സ്വീപ്പറായി ജോലി നൽകി.
അവളുടെ കഥകൾ അറിയുന്നതിനാൽ ആരും അവളോട് പഴയ കാര്യങ്ങളെക്കുറിച്ച് ചോദിച്ചിരുന്നില്ല. ആരോടും അധികം സംസാരിക്കാതെ തന്റെ ജോലിയിൽ മാത്രം ശ്രദ്ധിച്ച് അവൾ അവിടെ തുടർന്നു.
ഡ്യൂട്ടി കഴിഞ്ഞാൽ കുറെ സമയം കുട്ടികളുടെ വാർഡിൽ പോയി ആർക്കെങ്കിലും എന്തെങ്കിലും സഹായം വേണമോ എന്ന് കണ്ടറിഞ്ഞ് അവരോടൊത്ത് ചിലവഴിക്കും.
അവിടെ വരുന്ന ഓരോ കുഞ്ഞും തന്റെ മകളാണെന്നതുപോലെ അവരെ ശുശ്രൂഷിക്കുവാൻ കൂടെ നില്ക്കും. പാവപ്പെട്ടവർക്ക് അവളുടെ ശമ്പളത്തിൽനിന്ന് കഴിയാവുന്ന സഹായം സന്തോഷത്തോടെ ചെയ്തു കൊടുക്കുന്നു.
ഇന്ന് ആ ദിവസമാണ്. പത്തുവർഷം മുമ്പ് ഇതുപോലൊരു ദിവസമാണ് അവൾക്ക് മകളെ നഷ്ടപ്പെട്ടത്. ഇവിടെ വന്നതിനുശേഷമുള്ള ഓരോ വർഷവും ഇതേ ദിവസം പകൽ മുഴുവൻ അവൾ ആ വരാന്തയിൽ ദൂരേക്കുനോക്കി നില്ക്കും.
ഓരോ രാത്രികളും തന്റെ മകൾക്കുവേണ്ടി കാതോർത്ത് കിടക്കുന്നു.
എന്നെങ്കിലും തന്റെ മകൾ "അമ്മേ" എന്നുവിളിച്ച് തിരികെ വരുമെന്ന പ്രതീക്ഷയോടെ. ഈ ഭൂമിയിൽ മേലിൽ ഒരമ്മയ്ക്കും തന്റെ ഗതി വരാതിരിക്കട്ടേയെന്ന മനമുരുകി പ്രാർത്ഥിച്ചുകൊണ്ട്.... ഒരമ്മയുടെ കാത്തിരിപ്പ്!
***മണികണ്ഠൻ അണക്കത്തിൽ***
Copyright Reserved
01/05/2019.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot