നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എട്ടിൻ്റെ ഒരു മുട്ടൻ പണി.


എടാ സലീമേ
ഈ ചീട്ടുകളി കൊണ്ടുള്ള ദോഷങ്ങൾ എന്തെല്ലാമാണെന്നറിയാമോ?
മാനനഷ്ടം,ധനനഷ്ടം, സമയനഷ്ടം, ജീവഹാനി അങ്ങിനെ എല്ലാം ദോഷങ്ങൾ തന്നേയാണ്.
അത് ശരിയാണ് നീ പറഞ്ഞത്, കളിച്ചു ജയിച്ചാലും, തോറ്റാലും നഷ്ടം തന്നേയാണ്.
അതെങ്ങിനെയാടാ ജയിച്ചാൽ ലാഭമല്ലേ ഉണ്ടാകുന്നത്, തോറ്റാൽ അല്ലേ നഷ്ടം ഉണ്ടാകുന്നത്.
അതു പണ്ട് ഇപ്പോൾ അങ്ങിനെയല്ല. നീയൊരു അനുഭവസ്ഥൻ്റെ കഥ കേട്ടിട്ട്
തീരുമാനിയ്ക്ക്, ജയിച്ചതിൻ്റെ കൂടെ വരുന്ന എട്ടിൻ്റെ പണി എങ്ങിനെയാണെന്ന്.
പ്രവാസികൾക്ക് സ്വന്തമായി നാട്ടിൽ പോകുന്നതു പോലെ തന്നേ സന്തോഷമുള്ള കാര്യമാണ് അവരുടെ കൂട്ടുകാരുടെ നാട്ടിൽ പോക്കിനു സംബന്ധിക്കുന്നതും. വീടിൻ്റെ അടുത്തുള്ളവർ ആരെങ്കിലും ആണെങ്കിൽ എന്തെങ്കിലും കൊടുത്തു വിടാനും, തിരിച്ചു വരുമ്പോൾ നാട്ടിൽ നിന്ന് വീട്ടുകാർ കൊടുത്തുവിടുന്ന സാധനങ്ങൾ സ്നേഹത്തോടെ സ്വീകരിക്കാനും നാട്ടുവിശേഷ ങ്ങൾ കേൾക്കുന്നതിൻ്റെയും എല്ലാം ഒരു സുഖം ഒന്നു വേറെ തന്നെയാണ്. പണ്ട് പിന്നെ കത്തുകൾ കൂടെ കൊടുത്തുവിട്ടിരുന്നു, ഇപ്പോൾ പിന്നെ കത്തെഴുത്തില്ലല്ലോ. അതുപോലുള്ള
ഒരു വെള്ളിയാഴ്ചയാണ് ഈ സംഭവം അരങ്ങേറുന്നത്. ഏറ്റവും അടുത്ത കൂട്ടുകാരനും കുടുംബവും നാട്ടിൽ പോകുന്ന കാര്യം പറഞ്ഞിരുന്നു, അതിന് ശുഭയാത്ര പറയാൻ ചെന്നതായിരുന്നു സുഹൃത്തുക്കൾ എല്ലാവരും. രാത്രിയാണ് ഫ്ലൈറ്റ്. ഒഴിവു ദിവസമായതിനാൽ എല്ലാവരും രാവിലെ എത്തി. പെട്ടികെട്ട് മഹോത്സവം എല്ലാം ഭംഗിയായി കഴിഞ്ഞു. കുഞ്ഞുകുട്ടികൾ മുതൽ വലിയ കുട്ടികൾ വരേ അവർക്ക് ഇഷ്ടമുള്ള കളികളിലേയ്ക്ക് ആണ്ടിറങ്ങി. പിള്ളേരുടെ കാര്യത്തിൽ തീരുമാനം ആയ ഉടനെ സ്ത്രീജനങ്ങൾ അവരുടെ കൂലങ്കുഷമായ അന്താരാഷ്ട്ര ചർച്ചകളിൽ മുഴുകി. ഇനി ആകാശം ഇടിഞ്ഞു വീണാലും അവർ അവിടെ നിന്നനങ്ങുകയില്ല എന്നത് നൂറ്റൊന്ന് തരം.
പിന്നെ പാവം ഞങ്ങൾ പുരുഷകേസരികൾ സ്ഥിരം കലാപരിപാടികളുടെ ഭാഗമായുള്ള ചീട്ടുകളി മഹോത്സവത്തിന് കൊടികയറി. മൂന്നു കുത്ത് ചീട്ട്, പത്തു പേർ ഒരു മുന്നൂറ്റി ഇരുപത് പോയിൻ്റിൻ്റെ റമ്മികളി. കളിയെല്ലാം ഗംഭീരമായി മുന്നേറികൊണ്ടിരിക്കുന്നു. ഒച്ചയും ബഹളവും ആയി ചീട്ടുകളി നടന്നുകൊണ്ടിരിക്കുന്ന സമയത്താണ്, കുറെ നേരമായിട്ടും നല്ല പതികളെ കാണുന്നില്ലല്ലോ ഇനി എന്തു കുരുത്തക്കേടായിരിക്കും ഞങ്ങൾ ചെയ്യുന്നത് എന്നു നോക്കാൻ നല്ല പാതികൾ വന്നു നോക്കിപ്പോൾ കളിയുടെ മൂർദ്ധധ്യമാണ്.
കുറെ നേരമായല്ലോ, കളിയെല്ലാം തീർന്നോ?
പിള്ളേർക്കെല്ലാം വിശന്നു തുടങ്ങി, ഭക്ഷണം കഴിയ്ക്കണ്ടേ?
അതിനെന്താ കളി ഇപ്പോൾ തീരും നിങ്ങളുടെ കഥ പറച്ചിലെല്ലാം തീർന്നോ?ഉച്ചയായല്ലോ ഭക്ഷണമെല്ലാം
റെഡി ആയോ?
ഇന്ന് ഇവർ നാട്ടിൽ പോകുന്നതു കൊണ്ട് ഞങ്ങൾ പറഞ്ഞു ഭക്ഷണം ഒന്നും ഉണ്ടാക്കണ്ട, ഉച്ചഭക്ഷണം ഹോട്ടലിൽ നിന്ന്
ഇന്നാരാണോ ചീട്ടുകളിയിൽ ജയിക്കുന്നത് അങ്ങേരുടെ വകയാണ് ഇന്നത്തെ ഭക്ഷണത്തിൻ്റെ ചിലവെല്ലാം, സ്ത്രീജനങ്ങൾ കോറസ്സായി പറഞ്ഞപ്പോൾ പുരുഷ കേസരികൾക്ക് സമ്മതിക്കാനേ തരമുണ്ടായിരുന്നുള്ളു. വേറെ വഴി ഇല്ലാത്തതിനാൽ എല്ലാവരും കൈയ്യടിച്ച് സമ്മതം അറിയിച്ചു.
അങ്ങിനെ കളി തീർന്നു, ജയിച്ച ആളിൻ്റെ വകയായിരുന്നു ഉച്ചത്തെ ബിരിയാണിയുടെ ചിലവ്, പക്ഷെ ജയിച്ചു കിട്ടിയ തുകയുടെ നേരെ ഇരട്ടി പൈസ ചിലവാക്കേണ്ടി വന്നു, ആ ജയിച്ച ഹതഭാഗ്യന്.
പാവം ജയിച്ചവനു കിട്ടിയ എട്ടിൻ്റെ പണി അടിപൊളി.
ഒരു കാര്യം ചോദിയ്ക്കാൻ മറന്നു, ആരാണീ ജയിച്ചവനെ കൊണ്ട് എല്ലാവർക്കും ബിരിയാണി വാങ്ങിപ്പിക്കാം എന്ന നിർദ്ദേശം ആദ്യം വച്ചത്.
അതു മറ്റാരുമായിരുന്നില്ല, എൻ്റെ സ്വന്തം ഭാര്യയായിരുന്നു ആ നിർദ്ദേശം ആദ്യം വച്ചത്.
എന്നിട്ട് ആരായിരുന്നു ചീട്ടിൻ്റെ കളിയിൽ എട്ടിൻ്റെ പണി കിട്ടിയ ആ വിജയിയായ ഹതഭാഗ്യൻ.
അതു മറ്റാരുമായിരുന്നില്ല
അനുഭവസ്ഥൻ കഥ പറയുന്നു എന്നു പറഞ്ഞില്ലെ, അതീ പാവപ്പെട്ടവൻ തന്നെ ആയിരുന്നു.
ഇതിനാണല്ലേ പണി പാലും വെള്ളത്തിൽ കിട്ടി എന്നു പറയുന്നത്.
ഉം അങ്ങിനേയും പറയാം.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot