നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അംബാ മിൽസ് - Part 7

(കഥ ഇഷ്ടമാകുന്നുണ്ടോ കൂട്ടുകാരെ?)
----------------------------
ആദ്യം രാഖിയാണ് ഇറങ്ങിയത്.
പിന്നീട് സത്യരാജും  ദേവിയും അവളുടെ പിന്നാലെ കുറച്ച് അകലം പാലിച്ച് അവളെ ഫോളോ  ചെയ്തു. .
ഹർത്താൽ ആയത്കൊണ്ട് കടകൾ മിക്കതും പൂട്ടികിടക്കുകയായിരുന്നു.പരിസരത്തെങ്ങും ആളുകൾ ഉണ്ടായിരുന്നില്ല.രാഖി അംബാ മിൽസിന്റെ ഗേറ്റ് തുറന്ന് ആ കെട്ടിടത്തിലേക്ക് ഭീതിയോടെ നോക്കി. എന്തോ തൊഴിലാളി പ്രശ്നത്തിന്റെ പേരിൽ വർഷങ്ങളായി  പൂട്ടിക്കിടക്കുന്ന ഫാക്ടറി ആണത്. അകത്ത് എവിടെയോ ഇരുന്ന് ഉദയൻ തന്നെ വാച്ച് ചെയ്യുന്നുണ്ടെന്ന് രാഖിക്കറിയാമായിരുന്നു.അതുകൊണ്ട്‌ തന്നെ ദേവിയും സത്യരാജും പിറകെ ഉണ്ടോ എന്ന് ഉറപ്പുവരുത്താൻ അവൾ തിരിഞ്ഞ് നോക്കിയില്ല.അവൾ രണ്ടും കൽപ്പിച്ച് ആ കെട്ടിടത്തിന്റെ മുകൾ നിലയിലേക്കുള്ള സ്റ്റെയർകേസ് കയറി.മൂന്നാം നിലയിലെ ഒരു മുറിയിലേക്ക് ചെല്ലാൻ  ആയിരുന്നു ഉദയൻ പറഞ്ഞത്. മുറിയിൽ ഉദയൻ  ഉണ്ടെങ്കിൽ രാഖിയുടെ കൈയിലിരുന്ന കർച്ചീഫ് മുകളിൽ നിന്നും  താഴേക്ക് എറിയാനായിരുന്നു സത്യരാജ് രാഖിയോട് അടയാളമായി പറഞ്ഞിരുന്നത്. സത്യരാജും ദേവിയും അംബാ മിൽസിന്റെ ബാക് ഗേറ്റ്  വഴി അകത്ത് കയറി കെട്ടിടത്തിന് താഴെ ആയി നിന്നു.പെട്ടെന്ന് സത്യരാജിന് ഒരു കാൾ വരുന്നതും അയാളുടെ മുഖം മാറുന്നതും ദേവി ശ്രദ്ധിച്ചു.കാര്യം ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് അയാൾ പറഞ്ഞു.പെട്ടെന്ന് രാഖിയുടെ കർച്ചീഫ് നിലത്തേക്ക് വീണു.മുറിയിൽ ഉദയൻ ഉണ്ടെന്ന് അവർക്ക് മനസ്സിലായി.
"സാർ അങ്ങോട്ട് പോവണ്ടേ?അയാൾ അവളെ എന്തെങ്കിലും ചെയ്താലോ?"ദേവി പേടിയോടെ ചോദിച്ചു.
സത്യരാജ് സ്റ്റെയർകേസ് കയറാൻ തുടങ്ങിയതും അവരെ എല്ലാം ഞെട്ടിച്ചുകൊണ്ട് രാഖി ഓടിപ്പാഞ്ഞ് താഴേക്കിറങ്ങി വന്നു.രാഖിയുടെ  മുഖം പ്രേതത്തെ കണ്ടതുപോലെ വിളറി വെളുത്തിരുന്നു.
"എന്താടി?എന്ത് പറ്റി?"ദേവി ചോദിച്ചു.
"അവര് അവര് പ്ലാൻ മാറ്റി..എന്നോട് എത്രയും പെട്ടെന്ന് തിരികെ പൊക്കോളാൻ പറഞ്ഞു.നീ വാ.നമുക്ക് തിരികെ പോവാം.ഇനി ഇവിടെ നിൽക്കണ്ട.സാറും പൊക്കൊളു.അവര് തൽക്കാലം  സാറിനെ കാണണ്ട."രാഖി വെപ്രാളത്തോടെ പറഞ്ഞു.
"ആ ഫോട്ടോസ് അത് കിട്ടിയോ?"ദേവി ചോദിച്ചു.
"ഇല്ല.അതുകൊണ്ടാ സത്യരാജ് സാറിനെ അവർ  ഇപ്പൊ കാണണ്ട എന്ന് ഞാൻ പറഞ്ഞത്.അവർ  ആ ഫോട്ടോസ് ഇപ്പൊ കൊണ്ടുവന്നിട്ടുണ്ടോ ഇല്ലയോ എന്ന് അറിയില്ല.അവര് പുതിയ സ്ഥലവും തീയതിയും അറിയിക്കാമെന്ന് പറഞ്ഞു.എനിക്കൊന്നും മനസ്സിലായില്ല.കിട്ടിയ തക്കത്തിന് ഞാൻ ഇങ്ങ് പോന്നു."രാഖി കിതച്ചുകൊണ്ട് പറഞ്ഞു.
"ശരിയാണ്.ഉദയൻ ആ ഫോട്ടോസ് കൊണ്ടുവന്നിട്ടുണ്ടോ ഇല്ലയോ എന്നറിയാതെ തൽക്കാലം നമ്മൾ എടുത്തുചാടി ഒന്നും ചെയ്യണ്ട . നിങ്ങൾ ഇവിടെ നിൽക്കണ്ട.തിരികെ ഹോസ്റ്റലിലേക്ക് പൊക്കൊളു.ഞാനും തിരികെ പോവുകയാണ്.ഇനി എന്തെങ്കിലും അപ്ഡേറ്റ്സ് അറിയുകയാണെങ്കിൽ എന്നെ വിവരം അറിയിക്കണം."സത്യരാജ് പറഞ്ഞു.ദേവിയും രാഖിയും തിരികെ ഹോസ്റ്റലിലേക്ക് നടന്നു.
"എന്താ ശരിക്കും അവിടെ നടന്നത്..നീ അവര് എന്ന് പറയുന്നുണ്ടായിരുന്നല്ലോ..അവിടെ ഉദയനെ കൂടാതെ വേറെ  ആരെങ്കിലും ഉണ്ടായിരുന്നോ?" ദേവി ചോദിച്ചു.രാഖി പെട്ടെന്ന് മുഖം പൊത്തി കരഞ്ഞു..**********
"ദേവി..ദേവി.."അലക്സ് വിളിച്ചത് കേട്ടപ്പോൾ ദേവി പെട്ടന്ന് സ്വബോധത്തിലേക്ക് തിരികെ  വന്നു.
"താൻ എന്താ ഈ ആലോചിച്ച് കൂട്ടുന്നത്?"അലക്സ് ചോദിച്ചു.
"ഇവിടുന്ന് രക്ഷപെടാൻ എന്തെങ്കിലും വഴിയുണ്ടോ അലക്സ്?"ദേവി ചോദിച്ചു.
"ഇതേതാ സ്ഥലം  എന്ന് പോലും എനിക്കിതുവരെ മനസ്സിലായിട്ടില്ല.ഞാനും ഇതേ പോലൊരു റൂമിലാ ആദ്യം കിടന്നിരുന്നത്.അവിടെയും വിൻഡോസ് എല്ലാം വെളിയിൽ നിന്നും ലോക്ക് ചെയ്തിരിക്കുകയായിരുന്നു.പിന്നെ വിൻഡോസ് എല്ലാം ബ്ലാക്ക് ഔട്ട് ചെയ്തിരുന്നത് കൊണ്ട്  വെളിയിൽ എന്താണെന്നൊന്നും കാണാനും  പറ്റിയില്ല ."അലക്സ് നിരാശയോടെ പറഞ്ഞു.
"അപ്പൊ ഇവിടുന്നൊരു   രക്ഷപെടൽ   ഇല്ല അല്ലെ?"ദേവി ചോദിച്ചു.അലക്സ് ഒന്നും മിണ്ടിയില്ല.
"നീ എന്തിനാ ദേവി മെക്സിക്കോയിൽ പോയത്?നേരത്തെ പറയുന്നത് കേട്ടല്ലോ മെക്സിക്കോയിൽ നിന്നാണ് ഇവർ  നിന്നെ കിഡ്നാപ് ചെയ്തതെന്ന്..അവിടെ എങ്ങനെയാ നീ എത്തിപ്പെട്ടത്?"അലക്സ് ചോദിച്ചു.ദേവി എന്ത് പറയണമെന്നറിയാതെ ഇരുന്നു.അവളുടെ ഇരിപ്പ് കണ്ട് പെട്ടെന്ന് അലക്സ് വിഷയം മാറ്റി.
"നീ  ആഹാരം ഒന്നും കഴിക്കുന്നില്ലേ  ദേവി ?ഇവിടെ ബ്രഡിന്റെ കുറെ പാക്കറ്റ് തൊടാതെ വെച്ചിട്ടുണ്ടല്ലോ."അലക്സ് താഴെ കിടക്കുന്ന കവറിലേക്ക് നോക്കി പറഞ്ഞു.
"തീരുന്നെങ്കിൽ  തീരട്ടെ അലക്സ്..എന്ത് പ്രതീക്ഷിച്ചാ ജീവിക്കുന്നത്.."ദേവിയുടെ തൊണ്ട ഇടറി.
"എനിക്ക് വാരി തന്നിട്ട് നീ പട്ടിണി ഇരിക്കാതെ.നിരാഹാരം കിടന്ന് പ്രതിഷേധിച്ചത് കൊണ്ടൊന്നും കാര്യമില്ല ദേവി.എന്തെങ്കിലും എടുത്ത് കഴിക്ക്.ജീവൻ നിലനിർത്താനെങ്കിലും.."അലക്സ് പറഞ്ഞു.
ദേവി ഒന്നും മിണ്ടാതെ അലക്സ് പറഞ്ഞതിനും മാത്രം ഒരു ബ്രഡ് എടുത്ത് കഴിച്ചു.
"അലക്സിനെ അവർ ഒരുപാട് ഉപദ്രവിച്ചു അല്ലെ.."ദേവി സങ്കടത്തോടെ ചോദിച്ചു.അലസ്‌കിന്റെ ശരീരത്തിലേക്ക് നോക്കിയപ്പോൾ  ദേവിയുടെ കണ്ണുകൾ നിറഞ്ഞു.
" ആദ്യം  ഞാനുമോർത്തത് അവർക്ക് ആള് മാറിയതാണെന്നാണ്.പിന്നീട് തോന്നി എന്റെ പപ്പ ആരാണെന്നറിഞ്ഞിട്ട് ചിലപ്പോ റാൻസം ഡിമാൻഡ് ചെയ്യാനാവുമെന്ന്.കുറച്ച് ദിവസം അതാവും ഇതാവും  കാരണം എന്ന്  ആലോചിച്ച് ഞാൻ ഇരുന്നു.പക്ഷെ പിന്നീടാണ് എബി  രാഖിയുടെ കാര്യം എന്നോട് പറഞ്ഞത്.ഞാൻ ജീവന് തുല്യം സ്നേഹിച്ച എന്റെ പെണ്ണിന്റെ മരണത്തിന് ഉത്തരവാദി ഞാൻ തന്നെ അല്ലെ എന്ന് ചോദ്യം കേട്ടപ്പോൾ എനിക്ക് പിടിച്ച് നിൽക്കാനായില്ല.പ്രതികരിച്ചു.പക്ഷെ അയാളുടെ കൂടെ വേറെയും ആളുകൾ ഉണ്ടായിരുന്നു.ഇങ്ങോട്ട് ശരിക്കും കിട്ടി.എന്റെ ബോധം മറയുന്നത് വരെ അവരെന്നെ തല്ലി ചതച്ചു. കുറെ ദിവസം പട്ടിണിയായിരുന്നു."അലക്സ് പറഞ്ഞതുകേട്ട് ദേവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
"നിനക്കറിയാമോ ദേവി?എന്റെ രാഖിക്കെന്താ സംഭവിച്ചതെന്ന് നിനക്ക് അറിയാമോ?"അലക്സിന്റെ ചോദ്യം കേട്ട് ദേവി ഒന്നും മിണ്ടിയില്ല.
"ഞാൻ നാട്ടിലേക്ക് പോവുന്നതിന് മുൻപാ അവളെ അവസാനമായി കണ്ടത് .അന്ന് അവള്..അവള്  എന്നോടെന്തോ ഒളിക്കുന്നത് പോലെ തോന്നി.കുറെ ചോദിച്ചപ്പോ അവള് പറഞ്ഞു എന്തോ പ്രശ്നം ഉണ്ട് പിന്നീട് ഒരു ദിവസം എല്ലാം വിശദമായി പറയാം ഇപ്പൊ ഒന്നും ചോദിക്കരുതെന്ന്.അവള്..അവള് വേറൊരു കാര്യം കൂടി പറഞ്ഞു."അലക്സ് പറഞ്ഞ് നിർത്തി.
എന്താണെന്ന അർത്ഥത്തിൽ ദേവി അലക്സിനെ നോക്കി.
പെട്ടെന്ന് ഗ്ലാസ് ടാങ്കിൽ എന്തോ അനക്കം കേട്ടു.
അലക്സ് അങ്ങോട്ടേക്ക് നോക്കി.ദേവി ആ ഭാഗത്തേക്ക് നോക്കിയതേയില്ല.
"ഞാൻ വരുന്നതിന് മുൻപ് നിനക്ക് ഇവനായിരുന്നു കൂട്ട് അല്ലെ.."അലക്സ് ചെറിയൊരു ചിരിയോടെ ചോദിച്ചു.
"ഞാൻ ആ ഭാഗത്തേക്ക് നോക്കാറേ ഇല്ല.ആദ്യമൊക്കെ ഭയങ്കര പേടിയായിരുന്നു.ഇപ്പൊ ഒരു തരം മരവിപ്പാ.."ദേവി പറഞ്ഞു.
"രാഖി എന്ത് പറഞ്ഞെന്നാ അലക്സ് പറയാൻ വന്നത്?"ദേവി ചോദിച്ചു.
"അവൾക്കെന്തെങ്കിലും സംഭവിച്ചാൽ ഞാൻ..ഞാൻ നിന്നെ കെട്ടിക്കോണമെന്ന്.."അലക്സ് പറഞ്ഞതുകേട്ട് ദേവി കണ്ണ് മിഴിച്ചിരുന്നു.പിന്നെ ഒന്നും മിണ്ടാതെ ഭിത്തിയിൽ ചാരി   ഇരുന്ന് ശബ്ദമടക്കിപ്പിടിച്ച് കരഞ്ഞു.
"രാഖി  എന്താ അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല.അന്ന് കുറെ പ്രാവശ്യം എന്നോട് ഇതേ കാര്യം പറഞ്ഞു.ഞാൻ കുറെ വഴക്ക് പറഞ്ഞു.ഞാൻ അവളോട് അവസാനമായി സംസാരിച്ചത് അവളെ വഴക്ക് പറയാനായിരുന്നു എന്നോർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ."പറഞ്ഞതും അലക്സ് വിതുമ്പി.
പിന്നീട് അലക്സ് ഉറങ്ങിയെന്ന്  മനസ്സിലായപ്പോൾ ദേവി അവന്റെ അടുത്ത് ചെന്നിരുന്നു.അവന്റെ മുടിയിഴകളിൽ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ തലോടി.കൈകാലുകൾ കെട്ടിയിട്ടിരുന്നത് കൊണ്ട് അവന് നിവർന്ന്  കിടക്കാൻ പറ്റുന്നില്ലായിരുന്നു.അവൾ അവന്റെ വലത്ത് കൈയിലെ ബാൻഡേജിൽ തൊട്ടപ്പോൾ അവൻ പെട്ടെന്ന് കണ്ണുകൾ തുറന്നു.
"സോറി വേദനയെടുത്തോ?"ദേവി ചമ്മലോടെ ചോദിച്ചു.
"അതെ.കൈ എന്തിലോ തട്ടിയെന്ന് വിചാരിച്ചു."ദേവി അലക്സിനെ ഭിത്തിയിലേക്ക് ചാരി ഇരുത്തി.
"ടോർച്ച് ഓഫ് ചെയ്ത്  വെച്ചേക്കാം.ഇപ്പൊ തന്നെ ശരിക്ക്  കത്തുന്നില്ല.ഉള്ളതും കൂടി കെട്ട് പോവണ്ട.."ദേവി തന്റെ കൈയിലിരുന്ന ടോർച്ച് നോക്കി പറഞ്ഞു.
"നിനക്കിതെങ്കിലും അവര് തന്നല്ലോ.ഞാൻ അവിടെ രാത്രി ഫുൾ ഇരുട്ടിലായിരുന്നു.അല്ലെങ്കിലും അവൾ പോയതിൽ പിന്നെ എന്റെ ജീവിതോം  ഇരുട്ടിലായിരുന്നല്ലോ.."അലക്സ് ഒരു നെടുവീർപ്പോടെ പറഞ്ഞു.
"രാഖിക്ക്  നിന്നെ ഒരുപാട്  ഇഷ്ടമായിരുന്നു ദേവി.അവൾ എപ്പഴും പറയും അവൾക്ക് അവളുടെ ബ്രദറിനെ  പോലെ തന്നെ നിന്നെ ജീവനാണെന്ന്.സ്വന്തം അമ്മയോട് തോന്നാത്ത അടുപ്പവും സ്നേഹവും നിന്നോടുണ്ടെന്ന്.അവൾക്ക് നീ കഴിഞ്ഞേ മറ്റെന്തും ഉണ്ടായിരുന്നുള്ളു.ഈ ഞാൻ പോലും.കെട്ട്  കഴിഞ്ഞ് നിന്നെ കൂടെ ഞങ്ങളുടെ കൂടെ കൊണ്ടുപോകണം എന്ന് നേരത്തെ തന്നെ എന്നോട് പറഞ്ഞ് സമ്മതം  മേടിച്ച്  വെച്ചിട്ടുണ്ടായിരുന്നു."അലക്സ് പറഞ്ഞു.ഇരുട്ടിൽ ദേവി ഏങ്ങലടിക്കുന്ന ശബ്ദം അവൻ കേട്ടു.
പെട്ടെന്ന് ആ മുറിയുടെ വാതിൽ തുറന്നു.ഒരു ടോർച്ചുമായി എബി അകത്തേക്ക് കയറി വന്നു.
"ദേവിക്ക് മനസ്സിലായി കാണുമല്ലോ അല്ലെ നിന്നെ എന്തിനാ ഇവിടെ കൊണ്ടുവന്നിരിക്കുന്നതെന്ന്?അലക്സിനും കാര്യം അറിയാം.അവൻ നിന്നോട് പറഞ്ഞ് കാണുമല്ലോ.."എബി പറഞ്ഞു.
"രാഖിക്ക് എന്താ സംഭവിച്ചതെന്ന് നിങ്ങൾ പറയണം.നിങ്ങൾക്ക് രണ്ടുപേർക്കും അറിയാത്ത രഹസ്യങ്ങളൊന്നും അവളുടെ ജീവിതത്തിൽ ഇല്ലായിരുന്നു.നിങ്ങളിൽ ആർക്കെങ്കിലും ഒരാൾക്ക്  സത്യം അറിയാമായിരിക്കണം. അത് എത്രയും പെട്ടെന്ന് തുറന്ന് പറയുന്നോ അത്ര വേഗം നിങ്ങൾക്കിവിടെ നിന്നും രക്ഷപെടാം."എബി അവരോട് രണ്ടുപേരോടുമായി പറഞ്ഞു.
"ഞാൻ എത്ര പ്രാവശ്യം പറഞ്ഞേടോ പുല്ലേ എനിക്ക് ഒന്നുമറിയില്ല എന്ന്.തനിക്കെന്താ മലയാളം പറഞ്ഞാൽ മനസ്സിലാവില്ലേ ?"അലക്സ് ചൂടായി.
"ചൂടാവാതെ കൊച്ചനെ.നിനക്ക് കിട്ടിയതൊന്നും പോരാ അല്ലെ.ദേവി എന്ത് പറയുന്നു?"എബി ദേവിയെ നോക്കി.അവൾ ഒന്നും മിണ്ടാതെ മുഖം താഴ്ത്തി ഇരിക്കുകയാണ്.
"എനിക്കൊന്നും അറിയില്ല.എനിക്കൊന്നും പറയാനില്ല. "ദേവി മുഖം ഉയർത്താതെ പറഞ്ഞു.
"സമ്മതിച്ചു.പക്ഷെ എന്റെ ഒരു ചോദ്യത്തിനുത്തരം ദേവി തരണം.ഒന്നുമറിയില്ലെങ്കിൽ പിന്നെ രാഖി മരിച്ച് കഴിഞ്ഞ്  നീ  ഈ രാജ്യം വിട്ടതെന്തിന് ?ആരാ ഇതിന്റെയൊക്കെ പിന്നിൽ ?എന്തായിരുന്നു അവർക്കിതിൽ നിന്നുള്ള ലാഭം?"എബി ചോദിച്ചത്  കേട്ട് ദേവി  ഒന്നും മിണ്ടിയില്ല.
"എന്താ ഉത്തരം മുട്ടിപ്പോയോ?" എബി ചിരിച്ചുകൊണ്ട് ചോദിച്ചു.
"നിങ്ങൾ രാഖിയുടെ ആരാ?ഇങ്ങനൊരാളെ കുറിച്ച് അവൾ ഒരിക്കൽ പോലും എന്നോട് സൂചിപ്പിച്ചിരുന്നില്ല. "അലക്സ് എബിയോട് ചോദിച്ചു.
"രാഖി നിന്നോട് പറയാത്ത പല കാര്യങ്ങളുമുണ്ട് അലക്സ്.പക്ഷെ അതെന്തൊക്കെയാണെന്ന് ദേവിക്കറിയാം.അല്ലെ ദേവി?"എബി ദേവിയെ നോക്കി ചോദിച്ചു. അവൾ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്.
"ഞാൻ ഒരവസരം കൂടി തരാം.രാഖി എന്തിന് അംബാ മിൽസിന്റെ മുകളിൽ നിന്നും ചാടി  ആത്മഹത്യ  ചെയ്തു എന്ന് ദേവി പറയണം! "എബി ദേവിയെ നോക്കി.
"നിനക്ക് വാ തുറക്കാൻ ഉദ്ദേശം ഇല്ല അല്ലെ?ഓക്കെ.എങ്കിൽ നിന്നെക്കൊണ്ട് പറയിപ്പിക്കാമോ എന്ന് ഞാൻ നോക്കട്ടെ."അയാൾ ടോർച്ച് താഴെ വെച്ച് അവരുടെ അടുത്തേക്ക് പാഞ്ഞു.
"അവളെ ഒന്നും ചെയ്യരുത്!" അലക്സ് വിളിച്ചുപറഞ്ഞു.

തുടരും.......
Click here to read all published parts -
https://www.nallezhuth.com/search/label/AmbaMills

By: Anjana Ravi USA

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot